കേരളത്തില്‍ യുഡിഎഫ് 102 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ശേഷം 22 സീറ്റ് മാത്രമുള്ള മുസ്ലീം ലീഗ് മുന്നണി ഭരണം കയ്യിലെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം ഏറ്റവും വലിയ ഘടകകക്ഷിയായ കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നം എന്നതിനേക്കാള്‍ ഉപരി മുസ്ലിം ലീഗ് ഏറ്റെടുത്തു.
മുസ്ലീം ലീഗ് ഒരു മതേതര ജനാധിപത്യ പാര്‍ട്ടിയാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആണയിടുമ്പോഴും അതല്ലെന്ന് മുസ്ലിംലീഗിന്റെ തന്നെ സെക്രട്ടറിയായ കെ.എം. ഷാജി എംഎല്‍എ വ്യക്തമാക്കുകയുണ്ടായി. ”മതമാണ് മതമാണ് മതമാണ് പ്രശ്‌നം” എന്ന കെ.എം. ഷാജിയുടെ പ്രസംഗത്തെ മുസ്ലീംലീഗില്‍ ആരും തന്നെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. കോണ്‍ഗ്രസും മറ്റ് ഘടകകക്ഷികളും എല്ലാം ആ അവകാശവാദത്തെ അതേപടി സ്വീകരിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ഒന്‍പതര വര്‍ഷക്കാലം മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം പിടിച്ചുപറ്റി ആ സമുദായത്തിന് നല്‍കുക എന്നുള്ളതാണ് മുസ്ലീംലീഗിന്റെ ആത്യന്തിക ലക്ഷ്യം. ഞങ്ങളുടെ പാര്‍ട്ടിയുടെ പേര് മുസ്ലിം ലീഗ് എന്ന് തന്നെയാണ്, അല്ലാതെ ഒളിച്ചു വച്ചുകൊണ്ട് ഡെമോക്രാറ്റിക് എന്നോ മറ്റു പേരുകളോ ഒന്നും ഞങ്ങള്‍ നല്‍കിയിട്ടില്ല എന്നും ഷാജി ആവര്‍ത്തിച്ചു തന്നെ പറഞ്ഞു. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം മറ്റാരാണ് തട്ടിപ്പറിച്ചു കൊണ്ടുപോയത് എന്ന് കെ.എം. ഷാജി വ്യക്തമാക്കിയിട്ടില്ല.
പാണക്കാട്ട് തങ്ങള്‍മാരും സമസ്തയുടെ ജെഫ്രി മുത്തുക്കോയ തങ്ങളും സുന്നി താല്പര്യങ്ങള്‍ സംരക്ഷിക്കുന്നയാള്‍ മുഖ്യമന്ത്രിയാകണമെന്ന ഉറച്ച നിലപാടില്‍ ആയിരുന്നു. ജമാഅത്തെ ഇസ്ലാമി മതേതര പാര്‍ട്ടിയാണ് എന്ന് വി.ഡി. സതീശന്‍ ആവര്‍ത്തിച്ചു പറഞ്ഞപ്പോഴും ജമാഅത്തെ ഇസ്ലാമി അതു സമ്മതിച്ചിട്ടില്ല. ബംഗ്ലാദേശിലെ ഭരണകക്ഷിയായ ജമാഅത്തെ ഇസ്ലാമി മുസ്ലിം ലീഗിന്റെ എംഎല്‍എ ജയിച്ചപ്പോള്‍ ഔദ്യോഗികമായി ആശംസ അറിയിക്കുക വരെയുണ്ടായി. മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടാകുന്നതിന് മുമ്പ് തന്നെ തങ്ങളുടെ വകുപ്പുകളില്‍ മാറ്റമൊന്നുമില്ല എന്നും മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. 102 സീറ്റുകള്‍ ലഭിച്ച ഒരു മുന്നണിയില്‍ കേവലം 22 സീറ്റ് മാത്രമുള്ള മുസ്ലീംലീഗിന് ഇത്തരമൊരു ധൈര്യം ഉണ്ടാകാന്‍ കാരണമുണ്ട്. തങ്ങള്‍ ഒറ്റയ്ക്ക് ജയിച്ച 22 സീറ്റുകള്‍ കൂടാതെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയിച്ച 28 മണ്ഡലങ്ങളില്‍ മുസ്ലീംലീഗിന്റെ വോട്ടുകൊണ്ടാണ് അവര്‍ ജയിച്ചത് എന്ന് ലീഗിന് കൃത്യമായി അറിയാം.
1977 ല്‍ കേരള അസംബ്ലിയില്‍ കേവലം 13 സീറ്റ് മാത്രം ഉണ്ടായിരുന്ന മുസ്ലിം ലീഗിന് ഇപ്പോള്‍ 22 സീറ്റുകള്‍ ഉണ്ട്. അന്ന് നിയമസഭയില്‍ 22 സീറ്റുകള്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസുകള്‍ ഇപ്പോള്‍ എട്ടു സീറ്റിലേക്ക് മാത്രമായി ചുരുങ്ങി. അതോടെ കോണ്‍ഗ്രസ് ഹൈക്കമാന്റ് കേരള കോണ്‍ഗ്രസിനെ തഴയുകയും ചെയ്തു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ തര്‍ക്കം ഉണ്ടായപ്പോഴും കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ ഓരോരുത്തരും വിജയിച്ചു കയറുമ്പോഴും പാണക്കാട് തങ്ങള്‍മാരുടെ ആശീര്‍വാദവും അഭിപ്രായവും നിര്‍ദ്ദേശവും കോണ്‍ഗ്രസ് അങ്ങേയറ്റം ശ്രദ്ധയോടുകൂടിയാണ് പരിഗണിച്ചത്. അതേസമയം കേരള കോണ്‍ഗ്രസുകളെ ഈ പരിഗണന നല്‍കാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാറ്റിനിര്‍ത്തി എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും മാമോദിസ മുങ്ങിയ ഹൈക്കമാന്‍ഡ് നയിക്കുന്ന കോണ്‍ഗ്രസിനെ അങ്ങോട്ട് ചെന്ന് പിന്തുണയ്‌ക്കേണ്ട ഗതികേടിലാണ് ഇന്നത്തെ കേരള കോണ്‍ഗ്രസുകള്‍.
ഒരുകാലത്ത് കേരള മന്ത്രിസഭയില്‍ ആഭ്യന്തരം, ധനകാര്യം, റവന്യൂ, വൈദ്യുതി, കൃഷി, വിദ്യാഭ്യാസം, ഭക്ഷ്യം, പൊതുമരാമത്ത് എന്നീ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഏറെക്കാലമായി ജലസേചനം, ഗതാഗതം, വനം, നിയമം, ഭവനനിര്‍മ്മാണം തുടങ്ങിയ ചെറിയ വകുപ്പുകളിലേക്ക് ചുരുങ്ങി എന്ന് കാണാം. എന്നാല്‍ മുസ്ലീം ലീഗ് ആവട്ടെ ആഭ്യന്തരം, ധനകാര്യം, റവന്യൂ, വിദ്യാഭ്യാസം, വൈദ്യുതി, കൃഷി, പൊതുമരാമത്ത്, വാണിജ്യം, ഐടി, തദ്ദേശഭരണം, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകള്‍ ഒക്കെ കൈയാളിയിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ മുസ്ലീംലീഗിന്റെ കുത്തക പോലെയാണ് അവര്‍ കൈവശം വെച്ചിരുന്നത്.
സംഘപരിവാര്‍ എന്ന ഒരു പ്രയോഗം കേരളത്തിലെ മാധ്യമ രംഗത്തും പൊതുരംഗത്തും ഇന്ന് വളരെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്നാല്‍ മുസ്ലീം പരിവാര്‍ എന്നോ ക്രിസ്ത്യന്‍ പരിവാര്‍ എന്നോ പറയാന്‍ ആരും ധൈര്യപ്പെടുന്നില്ല. പിഡിപി, എസ്ഡിപിഐ, ഐഎന്‍എല്‍, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ രാഷ്ട്രീയ പാര്‍ട്ടികളും, സമസ്ത, മുജാഹിദ്, മര്‍ക്കസ്, എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ്, എംഎസ്എഫ്, കെഎന്‍എം, ഐഎസ്എം, എംജിഎം, എസ്‌ഐഒ, ജിഐഒ, എംഎസ്എസ്, എംഇഎസ്, കെഎംസിസി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്നിവയെല്ലാം അടങ്ങുന്നതാണ് മുസ്ലീം പരിവാര്‍. ഇവരെല്ലാവരും ഒറ്റക്കെട്ടായി ആണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് എന്ന് വ്യക്തമാണ്. ക്രിസ്ത്യന്‍ പരിവാര്‍ സംഘടനകള്‍ ആകട്ടെ ഇതിനേക്കാള്‍ വിപുലമാണ്.
സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ കത്തോലിക്കാ സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാര്‍ത്തോമാ സുറിയാനി സഭ, സിഎസ്‌ഐ, ഐപിസി, സാല്‍വേഷന്‍ ആര്‍മി എന്നിങ്ങനെയുള്ള നിരവധി സഭകളും, കെഎല്‍വൈഎം, എസ്എംവൈഎം, എംജിഒ സിഎസ്എം, എംസിവൈഎം, കെഎല്‍സിവൈഎം, കെസിഎസ്എല്‍, എഐസിയുഎഫ്, കെഎല്‍ഡബ്യുഎ, എസ്എസ്‌വിപി, കെഎസ്എസ്എസ്, ജീസസ് യൂത്ത് എന്നിങ്ങനെയുള്ള നിരവധി സംഘടനകള്‍ അടങ്ങുന്നതാണ് ക്രിസ്ത്യന്‍ പരിവാര്‍. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ക്രിസ്ത്യന്‍ പരിവാര്‍ സംഘടനകളും, മുസ്ലിം പരിവാര്‍ സംഘടനകളെ പോലെ തന്നെ ഏറിയ തോതില്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത് എന്ന് കാണാം. വകുപ്പ് വിഭജനം വരുമ്പോള്‍ ഭരണ രംഗത്ത്, കുറുക്കനും കുരങ്ങനും വാഴ പങ്കുവെച്ചത് പോലെ ചുവടുഭാഗം മുസ്ലീംലീഗിനും വാഴയിലകള്‍ കേരള കോണ്‍ഗ്രസിനും ലഭിക്കുന്ന പതിവ് ഇനിയും തുടരും. ഇസ്ലാമിക വോട്ട് ബാങ്കിന് മുന്നില്‍ മത്സരിച്ചു മത്സരിച്ച് കീഴടങ്ങുന്ന എല്‍ഡിഎഫും യുഡിഎഫും കേരളത്തെ ഇസ്ലാമിക ഭരണത്തിലേക്ക് നയിക്കുകയാണ് എന്ന് വ്യക്തം.





















