കേരളത്തിലെ രാഷ്ട്രീയ-ഭരണ-വാണിജ്യ, വ്യവസായ-സാമ്പത്തിക രംഗങ്ങള്‍ ന്യൂനപക്ഷങ്ങള്‍ ആസൂത്രിതമായി കയ്യടക്കുന്നു എന്ന വസ്തുത നേരത്തെ പലതവണ ഹൈന്ദവ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ചപ്പോള്‍ അത് മനസ്സിലാക്കാതെ, പറയുന്നവര്‍ വര്‍ഗീയവാദികള്‍ ആണെന്ന ആരോപണമുയര്‍ത്തി ഒറ്റപ്പെടുത്താന്‍ ശ്രമിച്ച, ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഒരിക്കലും ഒന്നിച്ചു നില്‍ക്കാതെ ഭിന്നിച്ചു നില്‍ക്കുന്ന ഹൈന്ദവ സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. കേരളം രൂപം കൊണ്ടതിനുശേഷം ന്യൂനപക്ഷ ധ്രുവീകരണത്തിലൂടെ 140 അംഗ നിയമസഭയില്‍ ചരിത്രത്തില്‍ ആദ്യമായി ഹിന്ദുക്കള്‍ ന്യൂനപക്ഷമായി. 71 നിയമസഭാംഗങ്ങള്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഹിന്ദു ന്യൂനപക്ഷമായ നിയമസഭയാണ് ഇത്തവണത്തേത്. 140 അംഗ നിയമസഭയില്‍ 102 സീറ്റ് നേടിയ യുഡിഎഫില്‍ 39 ഹിന്ദുക്കളും 33 ക്രൈസ്തവരും 30 മുസ്ലീങ്ങളും വിജയിച്ചപ്പോള്‍ 35 അംഗങ്ങളെ വിജയിപ്പിച്ച ഇടതുമുന്നണിയില്‍ 27 ഹൈന്ദവരും 3 ക്രൈസ്തവരും 5 മുസ്ലീങ്ങളും വിജയിച്ചു. 140 അംഗ നിയമസഭയില്‍ ചരിത്രത്തില്‍ ആദ്യമായി ഹൈന്ദവര്‍ 69 ആയി കുറഞ്ഞപ്പോള്‍ ക്രൈസ്തവര്‍ 36 ഉം മുസ്ലീങ്ങള്‍ 35 മായി 71 ഓടെ ഭൂരിപക്ഷത്തില്‍ എത്തി. ജനാധിപത്യ സംവിധാനത്തില്‍ മതത്തിന് പ്രസക്തിയുണ്ടോ എന്ന് ഹൈന്ദവ സമൂഹം ചോദിക്കുമ്പോള്‍ മതം മാത്രമാണ് തങ്ങള്‍ക്ക് പ്രശ്‌നമെന്ന മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്രസ്താവനയാണ് അവര്‍ക്കുള്ള മറുപടി. ജനാധിപത്യ സംവിധാനത്തില്‍ മതപരമായ പ്രാമുഖ്യത്തിനപ്പുറത്തേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ നേടുന്ന സ്ഥാനങ്ങളുടെയും പദവികളുടെയും സാമ്പത്തിക ശക്തിയുടെയും വലിപ്പവും പ്രാധാന്യവും ഇനിയെങ്കിലും ഹൈന്ദവ സമൂഹം മനസ്സിലാക്കിയേ കഴിയൂ. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട സീറ്റുകളെക്കാള്‍ കൂടുതല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ കയ്യടക്കി എന്നത് തന്നെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സൂചന.
കേരളത്തിലെ കോണ്‍ഗ്രസ് രൂപീകരണകാലം മുതല്‍ തന്നെ ക്രൈസ്തവ കോണ്‍ഗ്രസ് ആണെന്നും അവര്‍ സംരക്ഷിക്കുന്നത് ക്രൈസ്തവ താല്‍പര്യങ്ങള്‍ ആണെന്നും ഉള്ള ആരോപണം ഉയര്‍ത്തിയത് അന്നത്തെ ഭാരതീയ ജനസംഘമോ ആര്‍എസ്എസ്സോ ഒന്നുമല്ല. കേരളത്തിലെ രാഷ്ട്രീയ അതികായനായ പട്ടം താണു പിള്ളയും കോണ്‍ഗ്രസ് നേതാക്കള്‍ ആയിരുന്ന ആര്‍. ശങ്കറും ഒക്കെയാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന മന്നത്ത് പത്മനാഭന്‍ ഇത് കണ്ടറിഞ്ഞിട്ടാണ് ആര്‍. ശങ്കറിനൊപ്പം ചേര്‍ന്ന് ഹിന്ദു മഹാ മണ്ഡലം രൂപീകരിച്ചത്. ജനസംഖ്യ അനുസരിച്ച് ലഭിക്കേണ്ട വിഹിതത്തേക്കാള്‍ 11 നിയമസഭാംഗങ്ങളെ എങ്കിലും കരസ്ഥമാക്കാന്‍ ക്രൈസ്തവ വിഭാഗത്തിന് കഴിഞ്ഞു എന്നത് വ്യക്തമായ സൂചനയാണ്. സംഘടിത ന്യൂനപക്ഷ വിഭാഗങ്ങള്‍ ആസൂത്രിതമായി ഈ രംഗങ്ങളില്‍ നടത്തുന്ന കടന്നുകയറ്റത്തിന്റെ സൂചന കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.
മുസ്ലീം ലീഗിന്റെ 22 അംഗങ്ങളാണ് വിജയിച്ചു വന്നത്. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ 15 എണ്ണവും പിടിച്ച മുസ്ലീം ലീഗ് ഉത്തരകേരളത്തിലെ ജില്ലകളില്‍ നിന്ന് തന്നെയാണ് ബാക്കി 6 സീറ്റുകള്‍ കരസ്ഥമാക്കിയത്. മലപ്പുറം ജില്ലയില്‍ പട്ടികജാതി സംവരണ സീറ്റായ വണ്ടൂരില്‍ നിന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.പി. അനില്‍കുമാര്‍ മാത്രമാണ് മുസ്ലീം ലീഗ് അല്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 16 സീറ്റും യുഡിഎഫ് നേടി. ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലീം ലീഗ് വനിതാ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിന്ന് ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണനെ അട്ടിമറിച്ച് വിജയിച്ച ഫാത്തിമ തഹ്‌ലീയ യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. എംഎസ്എഫിന്റെ അഖിലേന്ത്യാ കമ്മിറ്റിയിലെ ഏക വനിതാ അംഗമായ അവര്‍ ചരിത്രം തിരുത്തിക്കുറിക്കുമ്പോള്‍ മുസ്ലീം ലീഗില്‍ അംഗത്വം എടുത്ത ഹൈന്ദവരായ പ്രമുഖ നേതാക്കളെ കൂടി നോക്കേണ്ടത് ഉണ്ട്. ജയന്തി രാജന്‍ എന്ന വനിതാ നേതാവിന് കൂടി മുസ്ലീം ലീഗ് സീറ്റ് നല്‍കിയിരുന്നു. ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ കൂത്തുപറമ്പില്‍ ആണ് അവര്‍ക്ക് മത്സരിക്കാന്‍ ഇടം നല്‍കിയത്. യുഡിഎഫ് കൈവരിച്ച സുനാമി തരംഗത്തില്‍ പോലും 1286 വോട്ടിന് അവര്‍ അവിടെ തോല്‍വി ഏറ്റുവാങ്ങി. അവരെ ജയിക്കുന്ന സീറ്റില്‍ നിര്‍ത്താന്‍ ഉള്ള ഔദാര്യം ലീഗ് കാട്ടാതിരുന്നത് ലീഗിന്റെ സ്ത്രീവിരുദ്ധതയുടെയും അന്യമത വൈരത്തിന്റെയും സൂചനയാണ്.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ശക്തി പ്രകടനവും ആണ് ഈ തിരഞ്ഞെടുപ്പില്‍ കേരളം കണ്ടത്. 2006 ല്‍ മത്തായി മാഞ്ഞൂരാന്‍ സ്മാരക പ്രഭാഷണത്തിലും കാരൂര്‍ സ്മാരക പ്രഭാഷണത്തിലും ന്യൂനപക്ഷ സമൂഹങ്ങള്‍ കൈവരിക്കുന്ന അനര്‍ഹമായ നേട്ടങ്ങളെക്കുറിച്ചും ആവശ്യങ്ങളെ കുറിച്ചും അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി തുറന്നടിച്ചതാണ് ക്രൈസ്തവസഭകള്‍ക്ക് യുഡിഎഫിനോട് അതൃപ്തി ഉണ്ടാകാന്‍ കാരണം. എ.കെ. ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കി ദല്‍ഹിയിലേക്ക് വണ്ടി കയറ്റിയതില്‍ മുസ്ലീം ലീഗിനും ക്രൈസ്തവസഭകള്‍ക്കും അവരെ പിന്തുണച്ചിരുന്ന കേരള കോണ്‍ഗ്രസ്സുകള്‍ക്കും വ്യക്തമായ പങ്കുണ്ടായിരുന്നു. ആന്റണി പോയി ഉമ്മന്‍ചാണ്ടി വന്നെങ്കിലും പൂര്‍ണ്ണമായും മുറിവുണങ്ങിയില്ല. പക്ഷേ ക്രൈസ്തവ താല്പര്യങ്ങള്‍ക്ക് മറ്റെന്തിനെക്കാളും വില കൊടുത്തിരുന്ന, എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന ഉമ്മന്‍ചാണ്ടി കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ചെയ്യാത്തത്ര വഴിവിട്ട സഹായങ്ങള്‍ ആണ് ക്രൈസ്തവസഭകള്‍ക്ക് വേണ്ടി ചെയ്തത്. ക്രൈസ്തവസഭകളും ക്രൈസ്തവ കോളേജുകളും കൈയ്യടക്കി വെച്ചിരുന്ന സര്‍ക്കാര്‍ ഭൂമികളും പാട്ടഭൂമികളും പള്ളികള്‍ക്കും കോളേജുകള്‍ക്കും കൈമാറി കേരളത്തിലെ ഏറ്റവും കണ്ണായ തന്ത്രപ്രധാന സ്ഥലങ്ങളില്‍ കോടികളുടെ സ്വത്താണ് അവര്‍ക്ക് നല്‍കിയത്. പക്ഷേ എന്നിട്ടും 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പൂര്‍ണ്ണ മനസ്സോടെ യുഡിഎഫിനെ അവര്‍ പിന്തുണച്ചില്ല. ഇസ്ലാമിക ജിഹാദി ഭീകര സംഘടനകളുടെ പിന്തുണയോടെ പിണറായി വിജയന്‍ അനായാസ വിജയം കൈവരിച്ചു. പക്ഷേ പിന്നീട് ക്രൈസ്തവരെ ഒരുപരിധിവരെ കൈവിട്ട പിണറായി വിജയന്‍ ഭരണസംവിധാനം പൂര്‍ണമായും ജിഹാദികള്‍ക്ക് അടിയറവെക്കുകയായിരുന്നു. വഖഫ് കമ്മിറ്റിയിലെ പിഎസ്‌സി നിയമനം അടക്കം പല മന്ത്രിസഭാ തീരുമാനങ്ങളും ഇസ്ലാമിക ജിഹാദി സംഘടനകളുടെ ആവശ്യത്തിനനുസരിച്ച് പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്തു. ഹജ്ജിനു പോകുന്നവര്‍ക്കുള്ള പ്രത്യേക കിറ്റുകളും യാത്ര സൗജന്യവും അടക്കം സംസ്ഥാന സര്‍ക്കാരിന്റെ ഭരണസംവിധാനം മുഴുവനായി ഇസ്ലാമിക വോട്ട് ബാങ്കിന് വേണ്ടി ദുരുപയോഗം ചെയ്തു. തര്‍ക്ക പ്രശ്‌നങ്ങളില്‍ പോലും ഒരുഭാഗത്ത് ഇസ്ലാം ആണെങ്കില്‍ അവര്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാനും ഭരണസംവിധാനം ദുരുപയോഗം ചെയ്യാനും പിണറായിക്ക് മടിയുണ്ടായില്ല. മാങ്കാവ് കോവിലകവുമായി കേസുള്ള കാന്തപുരത്തിന്റെ നോളജ് സിറ്റിക്ക് അനുമതി കൊടുത്തതും ഈ തരത്തില്‍ വിവാദമായിരുന്നു. അതേസമയം ക്രൈസ്തവസഭകള്‍ പൂര്‍ണമായും യുഡിഎഫിന് കൈകൊടുത്തതും ഇല്ല. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട പി.ടി. തോമസിന്റെ ശവമഞ്ചവുമായി പ്രകടനം നടത്തിയ ക്രൈസ്തവസഭകള്‍ ആ നിലപാടില്‍ പൊരുത്തപ്പെടാന്‍ തയ്യാറായില്ല. അന്ന് പി.ടി. തോമസിന് അനുകൂലമായ നിലപാടെടുത്ത വി.ഡി. സതീശനെ സ്വീകരിക്കാനും അവര്‍ തയ്യാറായിരുന്നില്ല.
2019ലെ പാര്‍ലമെന്റ്തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നത്തെ തുടര്‍ന്ന് ഇടതുമുന്നണിക്ക് തിരിച്ചടി കിട്ടിയപ്പോള്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗണ്യമായ നേട്ടമുണ്ടാക്കാം എന്ന് യുഡിഎഫ് കരുതിയെങ്കിലും വീണ്ടും ഇസ്ലാമിക ക്രൈസ്തവ സംഘടനകളുടെ പിന്തുണ ആര്‍ജ്ജിച്ച പിണറായി വിജയന്‍ ഭരണത്തില്‍ എത്തി. ഹൈന്ദവ സമൂഹം ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഭിന്നിച്ചപ്പോള്‍ അതു മുതലെടുത്തത് ഇടതുമുന്നണിയായിരുന്നു. ചെന്നിത്തലയെ വെട്ടി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി. സതീശന്‍ എത്തിയത് 2026 ലെ തിരഞ്ഞെടുപ്പില്‍ ഭരണം നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പിണറായിയും ഇടതുമുന്നണിയും ഉപയോഗിച്ച അതേ വര്‍ഗീയ ധ്രുവീകരണത്തിന് തന്നെയാണ് യുഡിഎഫും സതീശനും ലക്ഷ്യമിട്ടത്. സാമാന്യ മുസ്ലീം ജനവിഭാഗത്തിന്റെ ബഹുഭൂരിപക്ഷവും മുസ്ലീം ലീഗില്‍ ഉള്ളതുകൊണ്ട് ന്യൂനപക്ഷ ഇസ്ലാമിക വോട്ട് ബാങ്കിന്റെ ധ്രുവീകരണം ആ വഴിക്ക് ഉറപ്പാക്കാം എന്നായിരുന്നു പദ്ധതി. മുസ്ലീം ലീഗിന് ഒപ്പം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ പോറ്റി വളര്‍ത്താനും ന്യായീകരിക്കാനും കിട്ടിയ അവസരങ്ങളില്‍ ഒക്കെ വി.ഡി. സതീശന്‍ ശ്രമിച്ചു. ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കുകയും ഖിലാഫത്ത് ഭരണം കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ അവരുടെ ലക്ഷ്യം അതല്ല എന്നു പറഞ്ഞ് ന്യായീകരിക്കാന്‍ പോലും സതീശന്‍ ശ്രമിച്ചു. സതീശന്റെ പ്രസ്താവന വന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ അങ്ങനെ വിചാരിച്ചാല്‍ എന്താണ് പ്രശ്‌നം എന്നും ഞങ്ങളുടെ പദ്ധതി അതു തന്നെയാണെന്നും ജമാഅത്തെ ഇസ്ലാമി തുറന്നടിച്ചതോടെ അക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാന്‍ പോലും സതീശന്‍ തയ്യാറായില്ല. മുസ്ലീം ലീഗിന് ഒപ്പം ജമാഅത്തെ ഇസ്ലാമിയെയും കൂടി പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്തുകയും ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ വോട്ട് പോലും ചോര്‍ന്നു പോകാതിരിക്കാനുള്ള തന്ത്രവും സതീശന്‍ ഒരുക്കി. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയത്തില്‍ പലപ്പോഴും ഘടകകക്ഷി എന്ന നിലയില്‍ നിര്‍ണായക നിലപാട് മുസ്ലീം ലീഗില്‍ നിന്ന് ഉണ്ടാകും എന്നുള്ളത് കൊണ്ട് മുസ്ലീം ലീഗ് നേതൃത്വവുമായി ധാരണ ഉണ്ടാക്കുകയും താനാണ് അവരുടെ അടിമ എന്നും അവര്‍ പറയുന്നത് എന്തും താന്‍ ചെയ്യാന്‍ തയ്യാറാണെന്നും വ്യക്തമാക്കി അവരുടെ വിനീതവിധേയനായി മാറാന്‍ സതീശന് കഴിയുകയും ചെയ്തു. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലുള്ള മികച്ച വര്‍ഗീയ സാമൂഹിക എഞ്ചിനീയറിങ് ആണ് സതീശനില്‍ നിന്ന് ഉണ്ടായത്.
പ്രതിപക്ഷ നേതാവായതിനു ശേഷം ക്രൈസ്തവ സഭകളുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനും അവരുടെ വിനീതവിധേയനായി മാറാനുമുള്ള ആസൂത്രിതമായ ശ്രമവും സതീശന്‍ നടത്തി. 2022 മുതല്‍ തന്നെ ക്രൈസ്തവ സഭകളുമായുള്ള അകല്‍ച്ച ഒഴിവാക്കാന്‍ ശ്രമം ആരംഭിച്ചു. 2023 ജനുവരി 18ന് പെന്തക്കോസ്ത് സഭയുടെ കുമ്പനാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് സതീശന്‍ ആയിരുന്നു. തുടര്‍ന്ന് ക്രൈസ്തവസഭകളുടെയും ബൈബിള്‍ കണ്‍വെന്‍ഷനുകളുടെയും ഉദ്ഘാടകനായും മുഖ്യപ്രഭാഷകനായും എത്തിയ സതീശന്‍ തന്റെ ഹിന്ദു നാമം പ്രേക്ഷിത പ്രവര്‍ത്തനത്തിനായി നന്നായി വിറ്റഴിച്ചു. ബൈബിള്‍ വാക്യങ്ങളും ഉദ്ധരണികളും ഉള്ള പ്രസംഗങ്ങളും സമകാലീന സംഭവങ്ങളെ ബൈബിള്‍ വചനങ്ങളുമായി കോര്‍ത്തിണക്കി ഉള്ള പ്രഭാഷണങ്ങളും പള്ളിക്കാരെയും മെത്രാന്മാരെയും കാര്യമായി ആകര്‍ഷിച്ചു. മലങ്കര സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് മൂന്നാമന്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ അധിപന്‍ മലയില്‍ സാബു കോശി ചെറിയാന്‍, സീറോ മലബാര്‍ സഭ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ ബസ് ഏലിയോസ് ക്ലിമിസ് ബാവ എന്നിവരടക്കമുള്ളവര്‍ ഇത് മാധ്യമങ്ങളിലും പൊതുവേദികളിലും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ഒരേസമയം മുസ്ലീം – ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളുടെ ധ്രുവീകരണം യുഡിഎഫിന് ഉറപ്പാക്കുന്നതില്‍ വി.ഡി. സതീശന്‍ കാര്യമായ പങ്കു വഹിക്കുകയും ചെയ്തു. വ്യക്തമായ കത്തോലിക്കാ പക്ഷപാതമുള്ള സോണിയ, പ്രിയങ്ക, രാഹുല്‍ നേതൃത്വത്തിന്റെ അനുഗ്രഹങ്ങളും സ്വാഭാവികമായും വയനാട്ടിലെ മത്സരത്തിലൂടെ ഉറപ്പിക്കാന്‍ കഴിഞ്ഞു. ഈ സാമൂഹിക എഞ്ചിനീയറിങ്ങിലൂടെ ഉരുത്തിരിഞ്ഞ ന്യൂനപക്ഷ ധ്രുവീകരണം തന്നെയാണ് യുഡിഎഫിന് ഈ വന്‍ വിജയം നേടാന്‍ ഇടയാക്കിയത്.
അതേസമയം ഇടതുമുന്നണി ആകട്ടെ നേരത്തെ ഉണ്ടായിരുന്ന അവരുടെ ഹൈന്ദവ അടിത്തറ തകര്‍ത്തെറിയുകയും ചെയ്തു. ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച ആചാരവിരുദ്ധ നിലപാടും ശബരിമലയെ തകര്‍ക്കാന്‍ ഉള്ള ശ്രമവും സ്വര്‍ണക്കൊള്ളയും എല്ലാം തന്നെ ഹൈന്ദവ സമൂഹത്തെ അകറ്റി. അകന്ന ഹൈന്ദവ സമൂഹമാകട്ടെ ഇടതുമുന്നണിക്ക് എതിരായ പ്രതിഷേധത്താല്‍ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. വെള്ളാപ്പള്ളി നടേശനേയും സുകുമാരന്‍ നായരെയും കൊണ്ട് രണ്ടു സമുദായങ്ങളിലും സ്വാധീനം ഉറപ്പിക്കാനും അതുവഴി വോട്ട് നേടാനും കഴിയുമെന്ന സ്വപ്‌നവും പൊലിഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ ആഗോള ശബരിമല സംഗമം ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുകയും ശബരിമല സ്വര്‍ണ്ണക്കൊള്ള പൂര്‍ണ്ണമായും പുറത്തുവരുന്നതില്‍ എത്തുകയും ചെയ്തു. ബിജെപിയുമായി ഡീല്‍ ഉണ്ടെന്നുള്ള ആരോപണം ഇടതുമുന്നണിയും വലതുമുന്നണിയും ഉയര്‍ത്തിയിരുന്നെങ്കിലും ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണികളും തമ്മില്‍ ഡീല്‍ ഉണ്ടായിരുന്നു എന്നത് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ഇരുപതിനായിരത്തോളം വോട്ടുകള്‍ മറിച്ച ഇടതുമുന്നണിക്ക് കെട്ടിവെച്ച കാശു പോയി മാനം കപ്പല്‍ കയറിയത് മിച്ചം. കാസര്‍ഗോഡ് എം.എല്‍. അശ്വിനിക്കെതിരെയും പാലക്കാട്ട് ശോഭാ സുരേന്ദ്രന് എതിരെയും ഈ ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടായി എന്നുള്ളതും കാണണം. ബിജെപി വിജയിച്ച മണ്ഡലങ്ങളില്‍ ഈ നീക്കം വിലപ്പോയില്ല എന്ന് വേണം മനസ്സിലാക്കാന്‍.
അതിശക്തമായ ന്യൂനപക്ഷ ധ്രുവീകരണത്തിന് മുന്നില്‍ പരാജയപ്പെട്ടു പോകുന്ന ഭിന്നിച്ച ഹൈന്ദവ സമൂഹത്തിന്റെ ദുരന്ത ചിത്രമാണ് കേരളത്തില്‍ കാണുന്നത്. കേരളത്തിലെ ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ആരോടും പ്രീണനമില്ലാത്ത എല്ലാവരോടും തുല്യത എന്ന നിലപാട് ആണ്. ഹൈന്ദവ വോട്ട് ബാങ്കിന്റെ ആവശ്യകതയും ഹൈന്ദവ ഏകീകരണത്തിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ന്യൂനപക്ഷ ധ്രുവീകരണത്തെ മാത്രം ആശ്രയിച്ച് ഓരോ തവണയും വിജയം കൈവരിക്കുന്ന ഇടതു വലത് മുന്നണികളെ പരാജയപ്പെടുത്താന്‍ കഴിയൂ. വാണിജ്യ വ്യാപാര വ്യാവസായിക മേഖലകളില്‍ പിന്നാക്കം പോയിക്കഴിഞ്ഞിരിക്കുന്ന ഹിന്ദു സമൂഹത്തിന്റെ ഭൂമിയും സ്വത്തും പോലും ഇന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കയ്യടക്കാനുള്ള സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. നഷ്ടമായ ക്ഷേത്ര സ്വത്തുക്കള്‍ കണ്ടെത്താനും തിരിച്ചുപിടിക്കാനും ശക്തമായ ഹിന്ദു അടിത്തറയില്‍ തന്നെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞാല്‍ മാത്രമേ ഇന്നത്തെ വര്‍ഗീയ ധ്രുവീകരണത്തിന് തടയിടാനും മുന്നോട്ടുപോകാനും കഴിയുകയുള്ളൂ. നിയമസഭയില്‍ ഹൈന്ദവര്‍ക്ക് ന്യൂനപക്ഷമായത് അധികാരത്തിന്റെയും സ്വാധീനത്തിന്റെയും മാത്രമല്ല എംഎല്‍എമാരുടെ പണം ചെലവഴിക്കുന്നതില്‍ പോലും പ്രതിഫലിക്കും എന്ന കാര്യം ഹൈന്ദവ സമൂഹവും തിരിച്ചറിയണം.






















