ഹാന്‍ കാങ് (Han-Kang) 2024ല്‍ സാഹിത്യത്തിനു നൊബേല്‍ നേടിയ ദക്ഷിണകൊറിയന്‍ എഴുത്തുകാരിയാണ്. അതിനും വളരെ മുന്‍പുതന്നെ അവര്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. മിക്കവാറും സാഹിത്യ കൃതികള്‍ മലയാളത്തിലെത്തുന്നത് അവയ്ക്ക് നൊബേല്‍ ലഭിച്ചു കഴിഞ്ഞതിനുശേഷമാണ്. എന്നാല്‍ ഹാന്‍-കാങ്ങിന്റെ ‘ദ വെജിറ്റേറിയന്‍’ സമ്മാനം ലഭിക്കുന്നതിനും വളരെ മുന്‍പുതന്നെ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. പ്രശസ്ത നോവലിസ്റ്റായ സി.വി. ബാലകൃഷ്ണനാണ് തര്‍ജ്ജമ നിര്‍വഹിച്ചിരിക്കുന്നത്. അതില്‍ നിന്നു തന്നെ ഹാന്‍ കാങ്ങിന്റെ പുരസ്‌കാരം ഒരു യാദൃച്ഛികതയല്ല എന്നു നമുക്ക് മനസ്സിലാക്കാം.
സൗത്ത് കൊറിയന്‍ സിനിമകള്‍ മലയാളികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. പല മലയാള ചലച്ചിത്രങ്ങളുടേയും തിരക്കഥ സൗത്ത് കൊറിയയില്‍ നിന്നും കവര്‍ന്നെടുത്തതാണെന്ന് പലപ്പോഴും ആക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്. മലയാളത്തിലെ വലിയ പ്രദര്‍ശന വിജയം നേടിയ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം കൊറിയന്‍ ഭാഷയില്‍ പുനര്‍ നിര്‍മ്മിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ഉത്തര കൊറിയയിലെ സാഹിത്യം, കല എന്നിവയെല്ലാം ഇരുമ്പുമറയ്ക്കുള്ളിലാകയാല്‍ ആര്‍ക്കും അതിനെക്കുറിച്ചൊന്നും അറിയില്ല. എന്നാല്‍ തുറന്ന ജനാധിപത്യ സംവിധാനമാകയാല്‍ ദക്ഷിണ കൊറിയയിലെ കല, സാഹിത്യം, വ്യവസായം എല്ലാം ലോകത്തോടു പങ്കു വയ്ക്കാറുണ്ട്. വലിയ പൈതൃകമുള്ള രാജ്യമാണെങ്കിലും അവരുടെ എഴുത്തിന് അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേരത്തേ കിട്ടിയിട്ടില്ല. ഏഷ്യയിലെ ആദ്യത്തെ വനിതാ നൊബേല്‍ കിട്ടിയത് ഈ രാജ്യത്തിനാണെന്നത് കൊറിയക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാന്‍ കഴിയുന്നതാണ്.
വലിയ കാവ്യാത്മകതയുള്ള എഴുത്തെന്നൊക്കെയാണ് നൊബേല്‍ അധികൃതര്‍ പറയുന്നതെങ്കിലും രണ്ടു ഭാഷ കടന്നെത്തിയപ്പോള്‍ അതൊക്കെ ചോര്‍ന്നു പോയിരിക്കുന്നു. നോവലിന്റെ ഉള്ളടക്കം വളരെ വ്യത്യസ്തമായ ഒന്നാണ്. കൊറിയയ്ക്ക് ഭാരതസംസ്‌കാരവുമായി പൗരാണികകാലം മുതലേ ബന്ധമുണ്ട്. അയോധ്യയിലെ സൂര്യരത്‌ന എന്ന കുമാരിയെ എഡി 48-ല്‍ കിം സുരോ എന്ന കരാക് രാജവംശത്തിലെ ഒരു രാജാവ് വിവാഹം കഴിച്ചിരുന്നുവത്രേ! അതുവഴി ഭാരതത്തിലെ വേദിക് വാസ്തുവിദ്യയും ആരാധനാമൂര്‍ത്തികളുമെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. സസ്യാഹാര രീതികളെക്കുറിച്ചുള്ള സങ്കല്പങ്ങളെല്ലാം ഇങ്ങനെ എത്തിച്ചേര്‍ന്നതാവാം. ബുദ്ധമതവിശ്വാസികളാണെങ്കിലും പൊതുവെ കൊറിയന്‍ ജനത മാംസഭക്ഷണശീലക്കാരാണ്. ആ ശീലത്തില്‍ നിന്നും മാറി സഞ്ചരിക്കാനാണ് ഹാന്‍കാങ്ങിന്റെ നോവല്‍ ‘സസ്യാഹാരി’യിലെ നായിക ശ്രമിക്കുന്നത്.
‘ദ വെജിറ്റേറിയന്‍’ മൂന്ന് ഭാഗങ്ങളുള്ള നോവലാണ്. ഈ നോവല്‍ കൂടാതെ ഹാന്‍ കാങ് Greek Lessons, Human Acts, The White Book, We do not Part എന്നീ നോവലുകളും ചില കവിതാസമാഹാരങ്ങളും ചെറുകഥാസമാഹാരങ്ങളും ലേഖനങ്ങളുമൊക്കെ എഴുതിയിട്ടുണ്ട്. മറ്റു നോവലുകള്‍ക്കും സസ്യാഹാരിയുമായി ചില സാദൃശ്യങ്ങളൊക്കെയുണ്ടെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാവും. വെജിറ്റേറിയന്‍ 2015ല്‍ ഇംഗ്ലണ്ടിലും 16-ല്‍ അമേരിക്കയിലും പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍തന്നെ മാന്‍ബുക്കര്‍ പ്രൈസ് നേടുകയുണ്ടായി. തുടര്‍ന്നു നൊബേലും.
യോങ്-ഹൈ (Yeong-hye) എന്ന ഗ്രാഫിക് ഡിസൈനറായ സ്ത്രീയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. ദ വെജിറ്റേറിയന്‍, മംഗോളിയന്‍ മാര്‍ക്, ഫ്‌ളൈമിങ് ട്രീസ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് നോവലിനുള്ളത്. ഭര്‍ത്താവുമായി വിവാഹം മുതല്‍ തന്നെ അവള്‍ അകന്നു തുടങ്ങുന്നു. അവളുടെ രീതികള്‍ അയാള്‍ക്കൊരിക്കലും അംഗീകരിക്കാനാവുന്നതായിരുന്നില്ല. അവള്‍ തുടര്‍ച്ചയായി മൃഗഹിംസയെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണുന്നതിനെ തുടര്‍ന്ന് മാംസാഹാരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. അയാള്‍ അവളോടു കാരണമന്വേഷിക്കുന്നു. താനൊരു സ്വപ്‌നം കണ്ടു എന്നു മാത്രമാണവളുടെ വിശദീകരണം. അയാള്‍ അവളുടെ വിചിത്രമായ തീരുമാനത്തില്‍ നിന്നും അവളെ പിന്‍വലിപ്പിക്കാനായി വീട്ടുകാരുടെ സഹായം തേടുന്നു. അയാളെ മാംസം മണക്കുന്നുവെന്നതിനാല്‍ ശാരീരികമായിപ്പോലും അവള്‍ അയാളില്‍ നിന്നകലുന്നു. അച്ഛന്‍ യോങ് ഹൈയെ നിര്‍ബ്ബന്ധിച്ചു മാംസം കഴിപ്പിക്കാന്‍ നോക്കുന്നു. മാംസം അവളുടെ വായില്‍ക്കുത്തിക്കയറ്റാന്‍ വരെ സഹോദരനും മറ്റും ചേര്‍ന്നു ശ്രമിക്കുന്നു. അവള്‍ ഒന്നിനും വഴങ്ങുന്നില്ല. തുടര്‍ന്ന് മാനസികരോഗാശുപത്രിയിലേയ്ക്കുവരെ അവള്‍ നയിക്കപ്പെടുന്നു.
അടുത്ത ഭാഗത്ത് അവളുടെ സഹോദരിയുടെ ഭര്‍ത്താവും യോങ്-ഹൈയും തമ്മിലുള്ള വിചിത്രമായ അടുപ്പമാണു പറയുന്നത്. അവളുടെ ശരീരത്തില്‍ പൂക്കളും ഇലകളും വരച്ചുവച്ച് അവളെ തന്നിലേയ്ക്ക് അടുപ്പിച്ച അയാള്‍ അവളുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നു. ഇക്കാര്യം മനസ്സിലാക്കിയ സഹോദരി ഭര്‍ത്താവുമായി അകലുന്നു. മൂന്നാം ഭാഗത്ത് യോങ് ഏതാണ്ട് അനോറെക്‌സിയ നെര്‍വോസ, സ്‌കിസോഫ്രേനിയ മുതലായ മനോരോഗങ്ങള്‍ക്കു ചികിത്സിക്കപ്പെടുന്ന ഒരു മനോരോഗിതന്നെ ആവുന്നു. ഇടയ്ക്കു സാനിറ്റേറിയത്തില്‍ നിന്നും രക്ഷപ്പെട്ട് വനത്തിലേക്കു പോയി ഒരു സസ്യമായി മാറാന്‍ അവള്‍ ആഗ്രഹിക്കുന്നു. ഇങ്ങനെ അത്യന്തം വിചിത്രമെന്നു തോന്നിപ്പിക്കാവുന്ന സംഭവങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ സങ്കീര്‍ണ്ണവും പുരുഷാധിപത്യത്തിലധിഷ്ഠിതവുമായ ഒരു സമൂഹത്തില്‍ നിന്നു മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീ മനസ്സാണ് ആവിഷ്‌കരിക്കുന്നത്. ഹിംസയേയും ആധിപത്യത്തേയും വെറുക്കുന്ന വനവന്യതയില്‍ ഒരു ചെടിയായിത്തീരാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ഹൃദയം അനന്യമാണ്. സാധാരണ മാനദണ്ഡങ്ങള്‍ വച്ച് ഈ നോവലിനെ വിലയിരുത്തുക സാധ്യമല്ല. വളരെ വര്‍ഷം മുന്‍പുതന്നെ മലയാളത്തിലെത്തിയ ഈ കൃതി വായിക്കാന്‍ ഇത്രയും വൈകിയതില്‍ എനിക്കു കുറ്റബോധം തോന്നി. ‘ആയുസ്സിന്റെ പുസ്തകം’ എഴുതി മലയാളിയെ ആനന്ദിപ്പിച്ച സി.വി. ബാലകൃഷ്ണന് നോവലിന്റെ മര്‍മ്മം മനസ്സിലായതില്‍ അതിശയപ്പെടാനില്ല.
ഭാഷാപോഷിണി ഏപ്രില്‍ ലക്കത്തില്‍ ‘വായനയുടെ ലോകയാത്ര’ എന്ന തലക്കെട്ടില്‍ ബഷീര്‍ പോങ്ങാട്ടിരി എഴുതിയ ലേഖനം വായിച്ചപ്പോള്‍ യൂറോ സെന്‍ട്രിക് (Euro centric) എഴുത്തിന്റെ വികൃതമുഖം കാണാനായി. എഴുത്ത്, വായന, ഓര്‍മ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം പറയുമ്പോള്‍ സിന്ധുതട സംസ്‌കാരത്തെക്കുറിച്ചോ വേദങ്ങളിലൂടെ മനുഷ്യരാശിക്കു പകര്‍ന്നു കിട്ടിയ അറിവിനെക്കുറിച്ചോ ഒരു വാക്കുപോലുമില്ല. എല്ലാം മെസൊപൊട്ടേമിയന്‍ ഈജിപ്ഷ്യന്‍ സംസ്‌കൃതിയെക്കുറിച്ചുമാത്രം. ഏതോ എന്‍സൈക്ലോ പീഡിയയില്‍ നിന്നും പകര്‍ത്തിയതാണു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളെല്ലാമെന്നു വ്യക്തം. അതില്‍ ആകെ പഴയകാല ഭാരതത്തിന്റെ സംഭാവനയായി സൂചിപ്പിക്കുന്നതു ഒരേ ഒരു കാര്യം മാത്രം. കൊരുത്തുകെട്ടിയ താളിയോല ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നു അവ്യക്തമായ ഒരു വാക്യം മാത്രം. പണ്ട് 1973 ആഗസ്റ്റ് 15ന് ഇന്ദിരാഗാന്ധി ചുവപ്പു കോട്ടയില്‍ ‘കാലപത്ര’ എന്ന പേരില്‍ ഒരു ടൈം ക്യാപ്‌സൂള്‍ കുഴിച്ചിട്ടതിനെക്കുറിച്ചാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്. ഇന്ത്യയുടെ ചരിത്രം മുഴുവന്‍ നെഹ്‌റുകുടുംബത്തിന്റെ കീഴില്‍ രേഖപ്പെടുത്തിയ ആ ചരിത്രപേടകം 1977ല്‍ ജനത സര്‍ക്കാര്‍ പുറത്തെടുത്തെങ്കിലും അതിലെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടില്ല. എങ്കിലും നേതാജിയുടെ പേരുപോലും സൂചിപ്പിക്കാത്ത ആ ചരിത്രപേടകത്തില്‍ ഗാന്ധിയെക്കുറിച്ചും ആകെ ഒരുപരാമര്‍ശമേയുള്ളൂ എന്നു പറഞ്ഞു കേട്ടിരുന്നു. ഇനിയും ഇന്ദിരാഗാന്ധിയുടെ അന്നത്തെ ആ വികൃതിയുടെ യാഥാര്‍ത്ഥ ചിത്രം ജനങ്ങളെ അറിയിക്കാത്തത് അന്യായമാണ്. ഇന്ദിരാ ഗാന്ധിയുടെ ചരിത്രപേടകം പോലെയാണ് ബഷീര്‍ പോങ്ങാട്ടിരിയുടെ ലേഖനവും. സായിപ്പു നല്‍കിയ വിജ്ഞാനത്തെ അതുപോലെ പകര്‍ത്തുന്ന ലേഖനം ഒട്ടും സത്യസന്ധമല്ല.
മക്കള്‍ പ്രണയിക്കുന്നതു കാണുമ്പോള്‍ കയര്‍ക്കുന്ന മാതാപിതാക്കള്‍ അവരുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്. തങ്ങള്‍ക്കു കഴിയാതെ പോയ ആനന്ദം മക്കള്‍ അനുഭവിക്കുന്നതിലുള്ള അസൂയയും അവരുടെ ഉല്‍ക്കണ്ഠയ്ക്കടിയിലുണ്ട് എന്നു പറഞ്ഞാല്‍ ചിലരെങ്കിലും തര്‍ക്കിച്ചേയ്ക്കും. ‘വടിയുടെ വളവിലും ആശാരിയുടെ നോട്ടത്തിലുമുണ്ട്’ എന്ന് സാധാരണ പറയാറുള്ളതുപോലെ മനുഷ്യ വികാരങ്ങളും വ്യവഹാരങ്ങളുമൊന്നും ഒരിക്കലും എവിടെയും പരിപൂര്‍ണ്ണ നിര്‍മലമല്ല. മക്കളുടെ ഉയര്‍ച്ചയില്‍ ആത്മാര്‍ത്ഥമായി ആനന്ദിക്കുന്നവരാണ് 99 ശതമാനം മാതാപിതാക്കളും. എന്നാല്‍ അതില്‍ അസൂയപ്പെടുന്ന മാതാപിതാക്കളേയും അപൂര്‍വ്വമായെങ്കിലും കണ്ടിട്ടുണ്ട്. കാമുകനുവേണ്ടി മക്കളെ കൊല്ലുന്ന അമ്മമാരുടെ കഥകള്‍ ഇപ്പോള്‍ പതിവായി നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാലത് മാതൃത്വത്തിന്റെ പൊതുഭാവമല്ല. അത്തരം അപൂര്‍വ്വതകള്‍ (exceptions)- എവിടേയുമുണ്ട്.
ഇങ്ങനെയുള്ള അപൂര്‍വ്വതകളിലേയ്ക്ക് സത്യസന്ധമായി കടക്കാനുള്ള ശ്രമമാണ് കല്പറ്റ നാരായണന്‍ ‘മറ്റുള്ളവര്‍’ എന്ന കഥയിലൂടെ (ഭാഷാപോഷിണി) നടത്തുന്നത്. കവിയായ കല്പറ്റയ്ക്ക് കഥയും വഴങ്ങുമെന്ന് ഇത് തെളിയിക്കുന്നു. തുടക്കത്തില്‍ ഒരു സാധാരണ അനുഭവകഥനമായി തോന്നുന്ന കഥ ക്രമേണ മനുഷ്യാനുഭവങ്ങളുടേയും വ്യവഹാരങ്ങളുടേയും സങ്കീര്‍ണതകളിലേക്കു പോകുന്നു. മാതൃത്വം, പിതൃത്വം, ഭ്രാതൃത്വം എന്നിവയെല്ലാം പരിപാവനമായ ബന്ധങ്ങളാണെന്ന ധാരണകള്‍ ചോദ്യം ചെയ്യപ്പെടുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ക്ക് എല്ലാ മനുഷ്യരും സാക്ഷ്യം വഹിച്ചിട്ടുണ്ടാവും. എങ്കിലും അതൊക്കെ പരിപാവനമെന്നു പ്രചരിപ്പിക്കുന്നതാണു പൊതുരീതി. ധനത്തിനായി അച്ഛനമ്മമാരെ കൊല്ലുന്ന മക്കളും മക്കളെ കൊല്ലുന്ന മാതാപിതാക്കളും ഒക്കെ യാഥാര്‍ത്ഥ്യങ്ങളാണ്. എങ്കിലും അങ്ങനെയില്ലെന്നു ഭാവിക്കലിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്.
അച്ഛനമ്മമാരുടെ കാര്‍ക്കശ്യം കൊണ്ട് മക്കള്‍ ആത്മഹത്യ ചെയ്ത പല അനുഭവങ്ങളുമുണ്ട്. അതില്‍ തരിമ്പും ദുഃഖിക്കാത്ത മാതാപിതാക്കളെക്കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. എല്ലാത്തിനേയും സംശയക്കണ്ണോടെ കാണുന്ന കല്പറ്റയുടെ കഥയിലെ അമ്മ മക്കള്‍ തമ്മിലുള്ള സ്‌നേഹത്തേയും സംശയത്തോടെയാണ് കാണുന്നത്. സഹോദരന് സഹോദരിയോടുള്ള അടുപ്പവും അവര്‍ക്ക് തെറ്റായ രീതിയിലാണ് തോന്നുന്നത്. സഹോദരന്‍ സഹോദരിയെ പീഡിപ്പിക്കുന്നതായി ബഷീര്‍ ഒരു കഥയില്‍ എഴുതിയിട്ടുണ്ട്. ഇത്തരം സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളെ അവതരിപ്പിക്കുന്ന കഥ കല്പറ്റയുടെ കവിതകള്‍ പോലെ തന്നെ പാരായണ ക്ഷമതയുള്ളതാണ്.
‘ലൈംഗിക ന്യൂനപക്ഷത്തെ കുറ്റവാളികളാക്കുന്ന ഇന്ത്യ’ എന്നതാണ് മാതൃഭൂമിയുടെ (ഏപ്രില്‍ 25 – മെയ് 2) കവര്‍ സ്റ്റോറി. ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അവര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നല്‍കേണ്ടതു തന്നെ. എന്നാല്‍ അത്തരം അവസ്ഥകളെ ഭരണകൂടം ആഘോഷിക്കേണ്ടതില്ല. ലെസ്ബിയന്‍ – ഗേ കൂട്ടാളികള്‍ക്ക് ഒരുമിച്ചു കഴിയാന്‍ താല്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അതു അനുവദിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ പാശ്ചാത്യ മാതൃകയില്‍ അത്തരം ആള്‍ക്കാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ? കൂടുതല്‍ ചര്‍ച്ച ചെയ്തു സമൂഹം തീരുമാനമെടുക്കേണ്ട ഒരു വിഷയമാണത്. ട്രാന്‍സ്‌ജെന്ററുകളുടെ അവകാശവും പ്രധാനമാണ്. അവര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള അവകാശം നല്‍കുന്ന തരത്തിലാവണം നിയമം. പുരുഷപക്ഷത്തോ സ്ത്രീപക്ഷത്തോ രണ്ടിലും ഉള്‍പ്പെടാതെയോ സ്വതന്ത്രമായി ജീവിക്കാന്‍ അവര്‍ക്ക് അവസരം ഉണ്ടാവണം.





















