നാട്ടില്‍ കൃഷി എന്നു പറഞ്ഞാല്‍ നെല്‍ക്കൃഷിയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് അങ്ങിങ്ങ് ചില കണ്ടങ്ങളില്‍ പച്ചയായും വിളഞ്ഞും നില്‍ക്കുന്ന നെല്ല് കണ്ടിരുന്നു. ഇപ്പോള്‍ ഒരു പിടി നെല്ലു കിട്ടണമെങ്കില്‍ എവിടെ പോകണം എന്നറിയില്ല.
ഞാറ് പാകിയോ?
നടീല് കഴിഞ്ഞോ?
കൊയ്യാറായോ?
ഇക്കുറി വിള എങ്ങനെ ഉണ്ട്?
എന്നെല്ലാമായിരുന്നു പഴയ ലോഹ്യം.
എടവപ്പാതിയായാല്‍ കന്നി വിളയ്ക്ക് പാകത്തില്‍ കണ്ടങ്ങള്‍ ഒരുക്കാറായി. ജീവിതം തികഞ്ഞുവരുന്നത് തുടര്‍ച്ചയായ കൃഷിപ്പണികളിലൂടെ ആയിരുന്നു. സര്‍ക്കാര്‍ കൃഷി ആപ്പീസില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് ആയിരുന്നില്ല പണികളൊന്നും. നാടാകെ ‘കൃഷി ഭവന’ങ്ങളായിരുന്നു. വിഷു കഴിഞ്ഞ് പാകിയ വിത്ത് ഞാറ്റുകണ്ടത്തില്‍ പച്ചപ്പട്ട് വിരിച്ചിട്ടുണ്ടാകും.
മഴ പെയ്ത് വെള്ളം കൂടിയാല്‍ മുച്ചാലോ നാലുചാലോ (തവണ) പൂട്ടി, പച്ചിലവളം ചിക്കിപ്പരത്തി, ചാണകവളമിട്ട് പിന്നേയും കന്നുകളെ കൂട്ടി ചളിപ്പൂട്ടും വരമ്പു പണിയും കണ്ടം നിരത്തുന്ന ഊര്‍ച്ചയും കഴിഞ്ഞുവേണം ഞാറുപറിയും നടലും. മാസം കഴിഞ്ഞാല്‍ കളപറിയും രാസവളപ്രയോഗവുമായി. കതിരില്‍ പാലുറയ്ക്കും മുമ്പ് ചാഴി (കീട) ബാധ ഉണ്ടാകും. വല വീശി പിടിക്കലൊന്നും ഫലമില്ലാതെ അതിനെതിരെ മരുന്നടിക്കേണ്ടി വരും.
രാസവളവും കീടനാശിനിയും നാട്ടില്‍ വന്നത് 1970 കളിലാകും. രണ്ടാംവിള നെല്ല് വിളഞ്ഞ് കൊയ്യാറായാല്‍ കളമുറ്റം വിശാലമായി കിളച്ചടിച്ച് ചാണകം മെഴുകി വെടിപ്പാക്കിയിട്ടുണ്ടാകും. കൊയ്ത്തും കറ്റ കെട്ടലും മെതിക്കലും ചേറലും വടിക്കലുമായി ഇരുട്ടായാലും മകരമഞ്ഞത്ത് പെട്രൊമെക്‌സു വെളിച്ചത്തില്‍ പാതിര കഴിഞ്ഞും തീരാപ്പണകളായിരുന്നു. നീലാണ്ടന്‍, രാമന്‍, കടുങ്ങന്‍, മുണ്ടന്‍, നാടി, കണ്ടന്‍, ചക്കി, കാളി, നീലി, മുണ്ടിച്ചി എന്നിവരോടൊപ്പം ഒരു കാലമങ്ങനെ കടന്നുപോയി. മകരക്കൊയ്ത്തിനു കണക്കാക്കിയാണ് തുലാംപണി. മുണ്ടകന്‍ പണിക്കാണ് വലിയ കാളപൂട്ടും ഊര്‍ച്ചയും ഉണ്ടാവുക. വമ്പന്‍ കൃഷിക്കാരുടെ തുലാമ്പണിക്ക് ആളുകൂടും. ഇരുപതേര് കന്ന് സാധാരണം. കാളക്കമ്പക്കാര്‍ നാഴികകള്‍ക്കപ്പുറം ദൂരദിക്കില്‍ നിന്ന് വന്നു കൂടും. വലിയ ആഘോഷം തന്നെ ആയിരുന്നു.
തുലാമാസത്തില്‍ നടുമ്പോഴാണ് പെണ്ണുങ്ങള്‍ ഞാറ്റുപാട്ടുകള്‍ പാടിയിരുന്നത്. പെരുമഴയിലൂടെ അതങ്ങനെ നാടാകെ അലയടിക്കും. പരക്കെ ഏവര്‍ക്കും കഞ്ഞി, കപ്പ, കട്ടന്‍ എന്നിവ കിട്ടും. അത്രപരസ്യമല്ലാതെ മദ്യവും. മുടിങ്കോലുമായി നില്‍ക്കുന്ന ഊര്‍ച്ചക്കാരന് മാന്യസ്ഥാനമുണ്ടായിരുന്നു. കന്നുകളെ അറിഞ്ഞ് ഊര്‍ച്ചമരത്തില്‍ ബാലന്‍സ് തെറ്റാതെ കേറി മുട്ടിന്നാഴമുള്ള ചെളിയില്‍ കണ്ടം നിരത്തിയെടുക്കാന്‍ പ്രത്യേക കഴിവുതന്നെ വേണം. ഓണത്തിന് പാകത്തില്‍ കൊയ്യാനുള്ളതാണ് ഓണാട്ടനും പറമ്പുവട്ടനും. നെന്മണിക്ക് സൂചി പോലുള്ള കൊമ്പുണ്ട്. ഈ നെല്ല് കുത്തിയ അരികൊണ്ടുള്ള കഞ്ഞി കുടിക്കുന്നത് സുകൃതമാണ്. അത്ര സ്വാദായിരുന്നു.
മുഖ്യഭക്ഷണം തന്നെ കഞ്ഞിയായിരുന്നു. കര്‍ക്കടകത്തിലെ നിറ പുത്തരി ചടങ്ങുകള്‍ക്ക് ഈ നെല്‍ക്കതിരാണ് എഴുന്നള്ളിച്ചിരുന്നത്. വിഷു അടുപ്പിച്ച് ഈ വിത്തുകള്‍ തന്നെയാണ് വിതച്ചിരുന്നതും. ഒന്നാം (വിരിപ്പ്) വിള ഞാറു പാകി പറിച്ചു നടുന്നതാണ് പ്രധാനം. ആര്യന്‍, കുമ്പളന്‍, മുണ്ടകന്‍ എന്നീ പഴയ വിത്തുകളെല്ലാം മാറി മൂപ്പുകുറഞ്ഞ പുതുവിത്തുകള്‍ വന്നു. പലയിടത്തും ട്രാക്ടറുകള്‍ പാടത്തിറങ്ങി.
കുംഭം, മീനം ചൂടുകാലത്ത് കണ്ടങ്ങളാകെ ആറേഴുചാല് (തവണ) പൂട്ടിമറിക്കും. കട്ടപ്പൂട്ട് എന്നാണ് പറയുക. വരമ്പോരമെല്ലാം പുല്ലുചെത്തി വെടിപ്പാക്കും. പിന്നെ പെണ്ണുങ്ങള്‍ നിരന്ന് കട്ട ഉടയ്ക്കലായി. പ്രത്യേക കട്ടമുട്ടികള്‍ ഉണ്ടായിരുന്നു. വിശാലമായ വളപ്പിലെ ഉണക്കില മുഴുവന്‍ പെണ്ണുങ്ങള്‍ അടിച്ചുവാരി വലിയ ചമ്മലക്കൊട്ടകളില്‍ നിറച്ചുകൊണ്ടുവന്ന് പൊടി വിതക്കണ്ടളിലാകെ പരത്തിയിടും. അന്തിയ്ക്ക് കാറ്റടങ്ങിയാല്‍ ചമ്മലയ്ക്ക് തീകൊടുക്കും. ആ കാഴ്ചയും മണവും മറക്കില്ല. ആ പൊടിക്കണ്ടങ്ങളിലാണ് വിത പതിവ്. വിതച്ചു കളയുക എന്നും നട്ടുണ്ടാക്കുക എന്നും പറയലുണ്ടെങ്കിലും വിതക്കൃഷിയിലും അത്യാവശ്യം മേനി വിളയും. കളകേറാതെ നോക്കണമെന്നേ ഉള്ളൂ. ഒഴിഞ്ഞ പറമ്പുകളും പൂട്ടിയൊരുക്കി ചമ്മല പരത്തി തീയിടും. പിന്നെ ചാണകപ്പൊടി വിതറി വിത്തെറിയും. ഇതിന് മോടന്‍വിത എന്നാണ് പറയുക. പുതുമഴയ്ക്ക് പറമ്പാകെ പച്ചപ്പ് പടരുകയായി. മോശമില്ലാത്ത വിള കിട്ടും. കൊടും വേനലില്‍ വെള്ളം കിട്ടുന്ന ദുര്‍ലഭം ചിലയിടത്ത് പുഞ്ചക്കൃഷി പതിവുണ്ട്. പുഞ്ചക്കണ്ടമുള്ളവര്‍ ഭാഗ്യവാന്മാര്‍!
ആദ്യമൊക്കെ കൂലി നെല്ല് (വല്ലി) ആയിരുന്നു. പിന്നെ പണം തന്നെ വേണമെന്നായി. പണമുണ്ടാക്കാനുള്ള പാട് ചില്ലറയല്ല! കടം തന്നെ ആയിരുന്നു. പണിക്കാര്‍ക്ക് ഉച്ചക്കഞ്ഞിയല്ലാതെ ചോറും ചായയും പലഹാരവും പതിവായി. എങ്ങനെയൊക്കെ ആഞ്ഞുപിടിച്ചിട്ടും നെല്‍ക്കൃഷി നഷ്ടത്തില്‍ നിന്നും കഷ്ടത്തിലേക്ക് പോയി. വിളയാണെങ്കില്‍ കുറഞ്ഞുവന്നു. ഭക്ഷണത്തിനുള്ള അരി വാങ്ങുന്നതായി ലാഭം. ദുര്‍ഘടം പിടിച്ച നെല്‍കൃഷി നിര്‍ത്തിയതു (അതോ നിന്നതോ?) കൊണ്ടാണ് പിന്നീട് ജീവിച്ചു പോന്നത് എന്നതാവും വാസ്തവം! ചളിക്കണ്ടത്തിലിറങ്ങി വേല ചെയ്യാനാളില്ലാതായതും കാരണമായി.
പത്തായവും പത്തായപ്പുരയും ഉരല്‍പ്പുരയും കളപ്പുരയുമെല്ലാം കൃഷിയോടനുബന്ധിച്ചുള്ളവയായിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞാല്‍ കളമുറ്റങ്ങളില്‍ വൈക്കോലുണ്ടകള്‍ (കൂന) വലുതും ചെറുതുമായി കാണാം. കന്നുകാലികളുടെ പള്ള നിറയ്ക്കാനും കളപ്പുരയും തൊഴുത്തുമെല്ലാം മേയാനും വൈക്കോല്‍ തികയണമല്ലോ. കൊട്ട, മുറ, പറ, ഇടങ്ങഴി, നാഴി, തൊപ്പിക്കുട, പതിര് കളയുന്ന വീശിക്കുട, മഴയത്ത് പെണ്ണുങ്ങള്‍ തലയില്‍ ചൂടിയിരുന്ന കുണ്ടന്‍കുട, നെല്ല് ഉണക്കാനുള്ള പരമ്പ്, അത് സൂക്ഷിക്കാനുള്ള വല്ലക്കൊട്ട, കരി, നുകം, മുടിങ്കോല്, പാളത്തൊപ്പി, ഊര്‍ച്ചപ്പലക, കൈക്കോട്ട്, അരിവാള്‍ ഇവയൊക്കെ കൃഷിയോട് ചേര്‍ന്നതായിരുന്നു. കണ്ടം മാടി ചവിട്ടാനും ഞാറിന്റെ തലയരിഞ്ഞ് പരത്തിയിടാനുമെല്ലാം ശീലിക്കാം. കൈക്കോട്ടു പണിചെയ്യാം കന്നുകളെ നുകം വെച്ച് കരിയ്ക്ക് പൂട്ടലും ഒപ്പിക്കാം. ഊര്‍ച്ച മരത്തിലേറി കണ്ടം നിരത്താന്‍ കഴിഞ്ഞെന്നു വരില്ല. ചപ്പിളിക്കണ്ടത്തില്‍ വീണുരുണ്ട് ശീലിക്കേണ്ടതുണ്ട്.
ആരെങ്കിലും ഒരു പറ നെല്ലു തന്നാല്‍ വേണ്ടെന്നു പറയുന്നതാണ് എളുപ്പം. അത് പുഴുങ്ങലും കുത്തലമായി അരിയാക്കാനുള്ള ക്ലേശം തന്നെ. പണ്ട് പഞ്ഞക്കാലത്ത് കുറച്ചു നെല്ലുകിട്ടിയിരുന്നെങ്കില്‍, എന്ന് ആശിച്ചിരുന്നു. വല്ലാതെ വിഷമിച്ചും ഇല്ലായ്മ സഹിച്ചുമുള്ള കാലം.
നെല്‍കൃഷി നടക്കാതായപ്പോള്‍ കണ്ടങ്ങളാകെ നേന്ത്രവാഴ നിറഞ്ഞു. ഇടയിലെല്ലാം തെങ്ങും കഴുങ്ങുമായി. കാലം കൊണ്ട് വാഴ, കപ്പക്കൃഷിയ്ക്കു വഴിമാറി. ഇതില്‍ നിന്നെല്ലാം ലാഭമെടുത്തത് കച്ചവടക്കാരായിരുന്നു. അവര്‍ വില്‍ക്കുന്ന വിലയുടെ മുക്കാല്‍ പങ്കെങ്കിലും കൃഷിക്കാര്‍ക്ക് കൊടുക്കണ്ടേ? കണ്ടങ്ങള്‍ തോട്ടങ്ങളായപ്പോള്‍ ഇവിടെയെല്ലാം പരക്കെ നെല്‍ക്കൃഷി ആയിരുന്നു എന്ന് വിശ്വസിക്കാനേ പറ്റാതായി. നോക്കെത്തദൂരം നെല്ല് പച്ചപ്പരവതാനി വിരിച്ചിരുന്നതെല്ലാം മാറിമറഞ്ഞു. ചില കണ്ടങ്ങളില്‍ വീടുകളും മറ്റു കെട്ടിടങ്ങളും വന്നു. തലങ്ങും വിലങ്ങും റോഡുകളും വണ്ടികളും.
അടുത്തുള്ള നഗരത്തില്‍ വലിയ തിയേറ്ററുകളും ഷോപ്പിങ്ങ് സെന്റുകളും ബൈപ്പാസ് റോഡുകളും ഹോസ്പിറ്റലും ബസ്സ്റ്റാന്റും നില്‍ക്കുന്നിടത്തെല്ലാം ചളിപ്പൂട്ടും ഞാറ്റു പണിയും ഉണ്ടായിരുന്ന കാലത്തെക്കുറിച്ചു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. എത്രവേഗമാണ് എല്ലാം അട്ടിമറിഞ്ഞത്?






















