പണ്ടു പണ്ട്, എന്നുപറഞ്ഞാലൊരമ്പതുകൊല്ലം മുമ്പുവരെ, ഒറ്റപ്പാലത്തുനിന്ന് പട്ടാമ്പിയിലെത്തുവോളം മൂന്നോ നാലോ മിലിട്ടറി ഹോട്ടലുകള്‍ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. നോണ്‍വെജിറ്റേറിയന്‍ ഹോട്ടലിനെ ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ മിലിട്ടറി ഹോട്ടലെന്ന് ഓമനപ്പേരിട്ടു വിളിച്ചു.
പൊറോട്ടയും മട്ടന്‍ ചാപ്‌സും, ചപ്പാത്തിയും മുട്ടക്കറിയും. വല്ലാതെ കൊതിമൂക്കുമ്പോഴൊരു കോഴിബിരിയാണി. ബിരിയാണിച്ചോറിനകത്തുനിന്ന് പുഴുങ്ങിയ മുട്ടകിട്ടാം, ഭാഗ്യമുള്ള ദിവസമാണെങ്കില്‍. എന്നെപ്പോലുള്ള മിടുക്കന്മാരോ, സപ്ലയര്‍കാണാതെ സൂത്രത്തില്‍ ആ മുട്ട അകത്താക്കി. ഹോട്ടലുകാര്‍ക്ക് കയ്യബദ്ധംപറ്റിയതായിരിക്കുമെന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടല്‍. കോഴിബിരിയാണിയുടെ ഭാഗമാണ് പുഴുങ്ങിയ മുട്ടയെന്ന് വളരെ പിന്നീടാണ് ഞങ്ങള്‍ക്കു തിരിച്ചറിവുണ്ടായത്.
എന്നാല്‍ മിലിട്ടറി ഹോട്ടലില്‍ കയറുന്നത് ഏറിയാല്‍ കൊല്ലത്തിലൊന്നോ രണ്ടാ പ്രാവശ്യം മാത്രം.
മലബാറിലെ മുസ്ലീങ്ങളും തിരുവിതാംകൂറില്‍നിന്നുവന്ന ക്രിസ്ത്യാനികളും ആടും മാടും കോഴിയും മീനും നിത്യേനയെന്നോണം വീടുകളിലുണ്ടാക്കി.
അക്കാലത്ത് ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ക്ക് ഉണക്കമീനാണ് പത്ഥ്യം. പാല്‍സ്രാവ്, തലമുറിയന്‍ മത്തി, അയില, മാന്തള്‍, ചെമ്മീന്‍ – അങ്ങനെയങ്ങനെ. ‘മീന്‍കണ്ട നായരുടെ ചിറിപോലെ’, ‘അയിലത്തല അളിയനും കൊടുക്കില്ല’ എന്നൊക്കെ പഴഞ്ചൊല്ലുകള്‍ പറയുന്നതു കേള്‍ക്കാം മുമ്പുകാലത്ത് നാട്ടുമ്പുറങ്ങളില്‍.
മഴക്കാലത്ത് പാടങ്ങളില്‍ വെള്ളം നിറയുമ്പോഴും, അറ്റ വേനലില്‍ കുളങ്ങള്‍ വറ്റിക്കുമ്പോഴും, കണ്ണമ്മീനും (വരാല്‍) കൊമ്പുള്ള മൊയ്യും (മുഷി) ധാരാളമായിക്കിട്ടും. കണ്ണമ്മീനിനെ കഷ്ണംവെട്ടി, ഉള്ളിയും മുളകും അരച്ചുപുരട്ടി വെളിച്ചെണ്ണയില്‍ വറുത്തെടുത്താല്‍, ‘ചോറു കൊണ്ടുവാ കൊണ്ടുവാ’ എന്നു പറയും.
ചാകരക്കാലത്ത് പൊന്നാനിയില്‍നിന്നും ചാവക്കാട്ടുനിന്നും അയിലയുടേയും മത്തിയുടേയും ഒരു വരവുണ്ടാവും. ആ ദിവസങ്ങളില്‍ ചന്തകളില്‍ ഉത്സവമാണ്. മീന്‍കുട്ട ചുമന്നുകൊണ്ട് നാട്ടുവഴികളില്‍ മീന്‍കാരുടെ ബഹളമായിരിക്കും. കടല്‍മത്സ്യം ഞങ്ങള്‍ക്കിഷ്ടമാണ്. അറബിക്കടലില്‍നിന്ന് അകലെക്കിടക്കുന്നതിനാല്‍ വല്ലപ്പോഴുമേ ആ സൗഭാഗ്യം ഞങ്ങള്‍ക്കു കിട്ടാറുള്ളൂ.
ഒറ്റപ്പാലത്തുനിന്ന് പട്ടാമ്പിയിലേക്ക് ഒരിരുപതു കിലോമീറ്റര്‍ ദൂരം കാണും. മിലിട്ടറി ഹോട്ടലുകള്‍ കൂടാതെ കാക്കത്തൊള്ളായിരം കൊച്ചുചായക്കടകളും വഴിയോരത്ത് അക്കാലങ്ങളില്‍ സ്ഥിരം കാഴ്ചയായിരുന്നു. തട്ടിക്കൂട്ടുകടകള്‍. വേണമെങ്കിലങ്ങനേയും പറയാം.
ചെറിയൊരോലപ്പുര. പരിപ്പുവടയും ബോണ്ടയും സുഖിയനും മറ്റ് എണ്ണക്കടികളും പ്രദര്‍ശിപ്പിക്കുന്ന ചെറിയ കണ്ണാടിയലമാറ (സമോസയോ പഫ്‌സോ ഒന്നും അന്ന് ഈ ചായക്കടകളുടെ പരിധിയില്‍ വന്നിരുന്നില്ല). കുപ്പിഗ്ലാസുകള്‍ കമിഴ്ത്തിവെച്ച, തകരം പതിച്ച ചായമേശ. തൊട്ടരികേ സമോവറില്‍ വെള്ളം തിളച്ചുകിടക്കുന്നുണ്ടാവും. സമോവറിലെ വെള്ളത്തിലിട്ടുവെക്കുന്ന നാണയത്തുട്ട് കലപിലകൂട്ടുമ്പോഴാണ് വെള്ളം തിളയ്ക്കാന്‍ തുടങ്ങിയെന്ന് ചായ അടിക്കുന്നയാള്‍ മനസ്സിലാക്കുന്നത്.
രണ്ടോ മുന്നോ സെറ്റ് ഡസ്‌ക്കും ബെഞ്ചും. കാലിളകുന്ന ബെഞ്ചുകളില്‍ നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കുന്നവര്‍. അല്ലെങ്കില്‍ ‘അ’ മുതല്‍ ‘ക്ഷ’ വരെ വര്‍ത്തമാനപത്രം അരിച്ചുപെറുക്കുന്നവര്‍.
പിന്നീടെപ്പോഴാണ് കാറ്റു മാറിവീശിത്തുടങ്ങിയത്! റോഡുവക്കില്‍ പുത്തന്‍ നോണ്‍വെജിറ്റേറിയന്‍ ഹോട്ടലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. മേനിയഴകുള്ള ഹോട്ടലുകള്‍. വെറുതെയൊന്നു കയറാന്‍ തോന്നും.
തിളങ്ങുന്ന ടൈലുകള്‍ വിരിച്ച ഹാളില്‍ നിരനിരയായിട്ട വൃത്തിയുള്ള ടേബിളുകള്‍. കുഷ്യന്‍ പതിച്ച കസേരകള്‍. ആതിഥ്യമര്യാദരാമന്മാരായ സപ്ലയര്‍മാര്‍. ഏതു വിഭവം വേണമെന്നു പറഞ്ഞാല്‍ മതി, കാത്തിരുന്നു മുഷിയുന്നതിനുമുമ്പേ കൊതിയൂറും ഭക്ഷ്യവിഭവങ്ങള്‍ ചൂടോടെ മേശപ്പുറത്തെത്തിയിരിക്കും.
ചിക്കന്‍ബിരിയാണി, മട്ടന്‍ബിരിയാണി, ചിക്കന്‍ഫ്രൈ, മട്ടന്‍ ഫ്രൈ, ചിക്കന്‍ റോസ്റ്റ്, മട്ടന്‍ റോസ്റ്റ്, എഗ്ഗ് ഐറ്റംസ്, മീന്‍വിഭവങ്ങള്‍ എന്തുവേണമെങ്കിലും റെഡി.
പിന്നീടു പിന്നീട് ഇത്തരം ഹോട്ടലുകളില്‍നിന്ന് ഭക്ഷണംകഴിച്ചിറങ്ങുന്നവര്‍ കുടുംബത്തേക്ക് പാര്‍സലുകള്‍ വാങ്ങിക്കൊണ്ടുപോകുന്നതൊരു ശീലമാക്കി. മലയാളികളുടെ ആഹാരവിപ്ലവം ആരംഭിച്ചത് ഈ പാര്‍സലുകളില്‍നിന്നാണെന്ന് പറയപ്പെടുന്നു.
കന്നിനെ കയംകാണിക്കരുതെന്നു പറയും പണ്ടുള്ളവര്‍. കുളമായാലും പുഴയായാലും പോത്ത് വെള്ളത്തില്‍ നിന്നു കയറാന്‍ കൂട്ടാക്കില്ല.
‘നിങ്ങള്‍ക്കുവേണ്ട വിഭവങ്ങള്‍, എത്രയാളുകള്‍ക്കു വേണമെങ്കില്‍ അത്രയാളുകള്‍ക്ക്, ഞങ്ങളുടെ ബോയിമാര്‍ വീടുകളിലെത്തിച്ചുതരുന്നതാണ്’ (ബോയിമാരെന്നാല്‍ ചെക്കന്മാര്‍ എന്ന് പഴയ മലയാളം). വര്‍ത്തമാനപത്രങ്ങളുടെ ഉള്‍മടക്കുകളില്‍ നോട്ടീസിന്റെ രൂപത്തിലാണ് മെസ്സേജുകള്‍ ആദ്യമാദ്യം വന്നുതുടങ്ങിയത്. പിന്നീട് ലോക്കല്‍ ടി.വി. ചാനലിലും മൊബൈലിലും മെസ്സേജുകള്‍ വന്നുകൊണ്ടേയിരുന്നു.
നോണ്‍വെജിറ്റേറിയന്‍ ഹോട്ടലുകളോടു മത്സരിക്കാന്‍ വെജിറ്റേറിയന്‍ ഹോട്ടലുകളും ഒറ്റപ്പാലം-പട്ടാമ്പി റോഡിനോരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
വിഭവസമൃദ്ധമായ സദ്യ – കാളന്‍, ഓലന്‍, അവിയല്‍, സാമ്പാര്‍, എരിശ്ശേരി, കൂട്ടുകറി, നാരങ്ങയും പുളിയിഞ്ചിയും, നാലുകൂട്ടം വറവുകള്‍, നെയ്യ്, പരിപ്പ് – രണ്ടുകൂട്ടം ചുവപ്പും വെളുപ്പും പായസങ്ങളുടെ അകമ്പടിയോടെ ഇലയില്‍ മേശപ്പുറത്തെത്തി.
പിന്നീട്, ഓര്‍ഡറുകള്‍ വരുന്ന മുറയ്ക്ക് സദ്യ വീടുകളിലുമെത്തിച്ചുതുടങ്ങി. തുടക്കത്തില്‍, ഇരുപത്തഞ്ചുപേര്‍ക്കെങ്കിലും സദ്യ പറയണം, സദ്യ വീട്ടിലെത്തണമെങ്കില്‍. സദ്യക്ക് ആവശ്യക്കാരേറിയപ്പോള്‍, അഞ്ചുപേര്‍ക്കായാലും ഭക്ഷണം വീട്ടിലെത്തിക്കാമെന്നായി. അപ്രതീക്ഷിതമായി വിരുന്നുകാര്‍ കേറിവന്നുവെന്നിരിക്കട്ടെ, ഒരു ഫോണ്‍കാള്‍ മതി, വീട്ടില്‍ സദ്യ വരും, നമ്മുടെ അലാവുദ്ദീന്റെ അത്ഭുതവിളക്കുപോലെ.
ഹോട്ടലിന്റെ ലിസ്റ്റിലുള്ള എല്ലാ ഐറ്റവും വാങ്ങണമെന്നില്ല. വേണമെങ്കില്‍ ചോറ് ഒഴിവാക്കാം. പപ്പടവും ഉപേക്ഷിക്കാം. ഉപദംശങ്ങളുടെ എണ്ണം കുറയ്ക്കാം. ഒരു പായസം മതിയോ. നിര്‍ബന്ധമില്ല. അതനുസരിച്ച് ബില്ലില്‍ കുറവുണ്ടാവും. ഓരോ വിഭവത്തിനും പ്രത്യേക റേറ്റുണ്ട്.
പൊന്നി അരിയുടെ ചോറാണെങ്കില്‍ പോരട്ടേ എന്നാണ് വീട്ടുകാരികളുടെ നിലപാട്. അരി കഴുകി അടുപ്പത്തിടണം, പാകം നോക്കണം, ഊറ്റണം, പാത്രം കഴുകണം. എന്തിനീ പൊല്ലാപ്പ്. ഹോട്ടലുകാര്‍ കൊടുത്തുവിടുന്ന പാത്രങ്ങള്‍ കഴുകാതെത്തന്നെ അവരെടുത്തുകൊണ്ടുപൊയ്‌ക്കോളും.
വിരുന്നുകാരോട് നാട്ടുവിശേഷങ്ങളും പരദൂഷണങ്ങളും പറഞ്ഞിരിക്കാന്‍ ധാരാളം സമയം. വീടുകളിലിപ്പോള്‍ ഗ്യാസടുപ്പായതിനാല്‍ ഒരു മെച്ചമുണ്ട്. അടുപ്പില്‍ പൂച്ച പെറ്റുകിടക്കില്ല.
പാതയോരത്തെ ഹോട്ടലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. പുതിയ നക്ഷത്രങ്ങള്‍ കണ്ണുമിഴിക്കുന്നു. വീട്ടമ്മമാര്‍ പാചകം മറന്നു തുടങ്ങുന്നു.
ഇപ്പോള്‍ ഒറ്റപ്പാലം-പട്ടാമ്പി ദേശീയപാതയില്‍ എഴുപത്തഞ്ചിലധികം നോണ്‍വെജിറ്റേറിയന്‍-വെജിറ്റേറിയന്‍ ഹോട്ടലുകളുണ്ട്. കൂടുതലും നോണ്‍വെജിറ്റേറിയനാണ്. സസ്യഭോജനശാലകള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഹോട്ടലേതായാലും തിരക്കിനു കുറവില്ല. പുറത്തുപോകുന്ന പുരുഷന്മാര്‍ പാര്‍സലുമായി ഗേറ്റുകടന്നുവരുന്നതും കാത്ത് വീട്ടമ്മമാരുടെ കണ്ണു കഴയ്ക്കുന്നു. കുടുംബസമേതം ഹോട്ടലില്‍ചെന്നു കഴിക്കാമെന്നു ചിന്തിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.
തൃശ്ശൂരും എറണാകുളത്തും, ചെറുതും വലുതുമായ മറ്റു നഗരങ്ങളിലും, പാചകമെന്ന പ്രക്രിയ ഫ്‌ളാറ്റുനിവാസികള്‍ക്ക് ഓര്‍മ്മ മാത്രമാകുന്നു. ഭര്‍ത്താവും ഭാര്യയും ജോലിക്കാരാണെങ്കില്‍ പ്രത്യേകിച്ചും.
ഇനിവരുന്ന കാലത്ത് മലയാളികള്‍ വീടുകളും ഫ്‌ളാറ്റുകളും പണിയുമ്പോള്‍ അടുക്കള ഒഴിവാക്കില്ലെന്നാരു കണ്ടു!
മുമ്പേ പറക്കുന്ന പക്ഷികളാണ് നമ്മള്‍ മലയാളികള്‍. അത് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു, ഞങ്ങള്‍ വള്ളുവനാട്ടുകാരടക്കം!






















