കണ്ണാന്തളിമുറ്റത്തൊരു
തുമ്പ മുളച്ചു
തുമ്പക്കൊണ്ടന്‍പോടു
തോണി ചമച്ചു
തോണിത്തലക്കിലൊ-
രുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും പാടാനും
തുടിയും തുടിക്കോലും
പറയും പറക്കോലും…
പാടിത്തീരും മുമ്പെ എഴുന്നേറ്റ് പടിക്കുപുറത്തുവരണമെന്നാണ് തങ്കപ്പന്റെ കരാറ്. പാട്ട് പടിക്കലെത്തും മുമ്പെ ഞങ്ങള്‍ ഉണര്‍ന്ന് പൂപാട്ടിന് കാതോര്‍ത്തു കിടക്കും. പാട്ടുകേട്ടാല്‍ പൂക്കൂടയുമായി പുറത്തു കടക്കും. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാല്‍ അച്ഛനും അമ്മയും ശാസിക്കും. ”ഈ കുട്ടികളെ വല്ല കുറുക്കന്മാരും കടിക്കും. തിമര്‍ത്തുപെയ്യുന്ന മഴയത്ത് സൂര്യപ്രകാശം എത്തിനോക്കാത്ത കര്‍ക്കിടക പകലുകളില്‍ വീട്ടുവളപ്പില്‍ പോലും കുറുക്കന്മാര്‍ ഓടിനടന്നിരുന്ന കാലം. നേരം പുലരും മുമ്പെ ഞാനും ഏട്ടനും നാരായണനും തങ്കപ്പനും തുമ്പക്കാട്ടുകള്‍ക്കു ചുറ്റും നിരന്നിരിക്കും. മഞ്ഞിന്റെ തിരശ്ശീലക്കപ്പുറത്ത് ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ല. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തുമ്പക്കൂടങ്ങള്‍ മന്ദഹസിച്ചു. ചിങ്ങമാസത്തിന്റെ പൊന്‍പുലരികളില്‍ മുക്കുറ്റിക്കു മുഖം തുടുത്തു. നെല്‍പ്പാടങ്ങള്‍ സ്വര്‍ണ്ണനിറമണിഞ്ഞു.
മഞ്ഞില്‍ നനഞ്ഞ് ചുക്കിച്ചുളിഞ്ഞ കൈവിരലുകളാല്‍ ഞങ്ങള്‍ തുമ്പപ്പൂവറുത്ത് പൂക്കൂടകള്‍ നിറച്ചു. തുമ്പപ്പൂ മാത്രമേ അറുക്കൂ. മൂലത്തിന്‍ നാള്‍ മുക്കുറ്റിമാത്രം. പൂവറുത്തുവരുമ്പോഴേക്കും അമ്മ വീടിനു മുന്നില്‍ മുറ്റത്ത് വൃത്തത്തില്‍ ചാണകം കൊണ്ട് കളം മെഴുകിയിരിക്കും. മൂലത്തിന്‍നാള്‍ മൂലക്കളമാണ്. പൂക്കൂട നിര്‍മ്മിച്ചു തരുന്നത് കുഞ്ഞിലക്ഷ്മിയാണ്. കുരുത്തോലയോ കൈതഓലയോ വെയിലിലിട്ടുണക്കി ചീന്തി നെയ്തുണ്ടാക്കുന്ന പൂക്കൂടകള്‍. കഴുത്തിലിടാന്‍ പാകത്തിന് വാഴനാരു പിരിച്ച് ചരടാക്കി കോര്‍ത്തിണക്കിത്തരാന്‍ കുഞ്ഞിലക്ഷ്മിക്കു നല്ല വിരുതാണ്. ഒരു കൂടക്ക് ഒരു കൂട നെല്ലാണ് പ്രതിഫലം. പണികള്‍ക്കെല്ലാം നെല്ല് കൂലി കൊടുത്തിരുന്ന കാലം. ഏതു വീട്ടിലും നെല്ലു വിളഞ്ഞിരുന്ന കാലം!
ഇന്ന് ഒരു മൈതാനത്ത് പൂവറുത്താല്‍ നാളെ വേറെ ഒരിടം കാണും. എവിടെയും തരിശുഭൂമിയാണ്. തുമ്പക്കാടുകളും കുമ്മാട്ടിപ്പുല്ലും സമൃദ്ധം. തരിശെല്ലാം രണ്ടു ഫ്യൂഡല്‍ കുടുംബക്കാരുടേതാണ്. മുല്ലപ്പിള്ളിയും ചാത്തമ്പത്തും. നാലുകെട്ടും രണ്ടുനില പടിപ്പുര മാളികയും. കുളം, സര്‍പ്പക്കാവ്, നാനൂറ് പറക്ക് നെല്‍കൃഷി മാത്രം. സദ്യയൊരുക്കുന്ന തമിഴ് ബ്രാഹ്മണര്‍ക്ക് താമസിക്കാനുള്ള സ്ഥിരം മഠം. പത്തുപന്ത്രണ്ട് ജോഡി കന്നുകാലികള്‍. സ്ഥിരം പണിക്കാര്‍, ആണുങ്ങളും പെണ്ണുങ്ങളുമായിട്ട്. കാലത്തവിടെ ചെന്നാല്‍ മതി; പണിയുണ്ടോ എന്ന് ചോദിക്കേണ്ട. വൈകുന്നേരം മുണ്ടു വിരിച്ച് നെല്ലളന്നു വാങ്ങി തലയില്‍ ചുമന്നു പോകുന്ന സ്ഥിരം കാഴ്ച. പടിപ്പുര മാളികയില്‍ വിശ്രമിക്കുന്ന മഞ്ചല്‍, മഞ്ചല്‍ ചുമക്കുന്ന അമാലന്മാര്‍. പടിപ്പുരമാളികയുടെ താഴത്തെ നിലയില്‍ കൂട്ടിയിട്ടിരിക്കുന്ന ചെമ്പുകള്‍, ചരക്കുകള്‍, എന്തൊരവസ്ഥ. ഇതാണ് ചാത്തമ്പത്ത് – ഉണ്ണിനായര്‍ വിധിക്കും. അതനുസരിച്ചാല്‍ മതി. അദ്ദേഹം നാട്ടിലെ കോടതിയാണ്. ആപത്തുള്ളേടത്ത് ഓടിയെത്തും ഉണ്ണിനായര്‍, ഒപ്പം സഹായവും. അമ്മക്കസുഖം വന്നപ്പോള്‍ ചാത്തമ്പത്തെ മഞ്ചലിലാണ് ആശുപത്രിയിലെത്തിച്ചത്. വാഹനങ്ങളില്ല.
മണ്ണുവിരിച്ച ചെമ്മണ്‍ പാതയിലൂടെ രണ്ടു ബസ്സുകളാണ് ഓടിയിരുന്നത്. പി.എസ്.എന്‍, മറ്റൊന്ന് നടവരമ്പ് കൃഷ്ണബ്രദേഴ്‌സ്. ഒന്ന് തൃശ്ശിവപേരൂരിലേക്കും മറ്റൊന്ന് വടക്കാഞ്ചേരിയിലേക്കും. രണ്ടിനും ആവി എഞ്ചിനാണ്, വികാസത്തിന്റെ പ്രാരംഭഘട്ടം. ബോയിലറിനു ചുറ്റും കരിയിട്ടു കത്തിച്ച് വെള്ളം തിളപ്പിച്ച് നീരാവിയില്‍ ഓടിയിരുന്ന ബസ്സ്. ഇടക്കിടെ നിര്‍ത്തി വെണ്ണീറു തട്ടിക്കളഞ്ഞ് കരിയിട്ടു ജ്വലിപ്പിച്ച് പുതു ഊര്‍ജ്ജത്തില്‍ കയറ്റം കയറിയിരുന്ന വണ്ടി. കയ്പറമ്പ് കയറ്റം നടന്നാണ് ബസ്സ് കയറിയിരുന്നത്. സ്‌കൂളിന്റെ അടുത്തായിരുന്നു രണ്ടിന്റെയും ഷെഡ്ഡുകള്‍. ഒരു മണി അടിച്ചാല്‍ ഞങ്ങള്‍ കുട്ടികള്‍ ഷെഡ്ഡിലെത്തും. കരിയിട്ട ബസ്സിന്റെ പങ്ക (ഉല) തിരിച്ച് കരി ജ്വലിപ്പിക്കണം. ബോയിലര്‍ പുറകറ്റത്താണ്. വര്‍ഷകാലത്ത് അവിടെ ഇരിക്കാന്‍ സുഖമാണ്. നല്ലചൂടുകിട്ടും. മണ്ണുവിരിച്ച പാതയില്‍ നിറയെ വട്ടക്കുഴികളാണ്. ഒരു വണ്ടി കടന്നുപോയാല്‍ ചെളിവെള്ളത്തില്‍ അഭിഷേകം. ഞങ്ങള്‍ രണ്ടു നാഴിക നടന്നാണ് സ്‌കൂളിലെത്തുക. ആ സമയത്ത് വരുന്ന വണ്ടിയില്‍ ആള്‍ കുറവാണെങ്കില്‍ ഞങ്ങളെ വിളിച്ചുകയറ്റും. ഉല തിരിച്ചതിന്റെ പ്രത്യുപകാരം. സ്‌കൂളിന്റെ പരിസരം ശബ്ദമയമാണ്. ഓട്ട് കാച്ചി അടിച്ചുപരത്തി കിണ്ണമുണ്ടാക്കുന്ന കമ്മാളരുടേയും ഉരുളി വാര്‍ക്കുന്ന മൂശാരിമാരുടെയും പണിശാലകളാണ് ചുറ്റും.
പൂവറുത്ത് കളത്തിലിട്ടാല്‍ കുളി കഴിഞ്ഞ് സ്‌കൂളിലേക്ക് യാത്ര. കര്‍ക്കിടകത്തിലെ ഇടിയും പേമാരിയും. ചിലപ്പോള്‍ നാലാള്‍ക്ക് ഒരു കുടയേ ഉണ്ടാവു. അതും ഓലക്കുട. ഇട്ടി മനോഹരമായി നിര്‍മ്മിച്ചു തരുന്ന പനയോല പൊതിഞ്ഞ കുട. സ്‌കൂള്‍ വിട്ടുവന്നാല്‍ കന്നുകാലികള്‍ക്ക് പുല്ലരിയണം. ഒഴിവുദിവസങ്ങളില്‍ മൈതാനത്ത് അവയെ തീറ്റാന്‍ കൊണ്ടുപോകണം. കളിക്കാന്‍ തീരെ സമയമില്ല. നാട്ടില്‍ ദാരിദ്ര്യം. യുദ്ധമാണത്രെ. അരിയാണെങ്കില്‍ കിട്ടാനില്ല. അമേരിക്കയും ജര്‍മ്മനിയും ജപ്പാനുമാണത്രെ യുദ്ധത്തില്‍. എന്താണ് യുദ്ധം? എന്തിനാണ് യുദ്ധം? ഊഹിച്ചുനോക്കി. ക്ഷേത്രത്തിലെ ഉത്സവത്തിന് കൂത്തുമാടത്തില്‍ തിരശ്ശീലക്കു പിന്നില്‍ നാളികേരമുറികളില്‍ മിന്നിക്കത്തുന്ന തിരിനാളത്തിനു മുന്നില്‍ അണിനിരക്കുന്ന തോല്‍പ്പാവകള്‍. രാമ – രാവണയുദ്ധം. സീതയും പൊന്മാനും ജടായുവുമൊക്കെ തിരശ്ശീലയില്‍ വന്നു മറയുന്നു. പശ്ചാത്തലത്തില്‍ കൃഷ്ണന്‍ കുട്ടി പുലവരുടെ കൂത്തുകവിയും. ഒന്നുതീര്‍ച്ച – നാട്ടില്‍ ക്ഷാമമാണ്. അരിയാണെങ്കില്‍ കിട്ടാനില്ല. റേഷന്‍ കടകളില്‍ നിന്ന് ചോളപ്പൊടിയും ഗോതമ്പും അല്പാല്പം കിട്ടിയിരുന്നു. കത്തിക്കാന്‍ മണ്ണെണ്ണയില്ല. വൈദ്യുതി എത്താത്ത ഗ്രാമപ്രദേശം. നിലവിളക്കില്‍ കടലയെണ്ണ ഒഴിച്ച് തിരിയിട്ടുകത്തിച്ച് അതിനുചുറ്റും എല്ലാവരും ഒരുമിച്ചിരുന്നു പഠിച്ചു. സദ്യകള്‍ നിരോധിച്ചിരുന്നു. മൂത്ത സഹോദരിയുടെ വിവാഹ സദ്യയ്ക്കു കരുതിയിരുന്ന അരി മറ്റൊരു വീട്ടിലാണ് സൂക്ഷിച്ചത്. ചെക്കിങ്ങുണ്ടായാലോ എന്ന ഭയം. മലബാറില്‍ നിന്ന് കൊച്ചിശ്ശീമയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കടത്താന്‍ പാടില്ല. അതിര്‍ത്തിയില്‍ ചെക്കിങ്ങുണ്ട്. ഒന്നര നാഴികക്കപ്പുറം മലബാറാണ്. അതിര്‍ത്തി ഒരു തോട്. അക്കരെ മലബാറും ഇക്കരെ കൊച്ചിയും.
രണ്ടു ബസ്സുകള്‍ കൃത്യമായി ഓടിയിരുന്നു. അവയുടെ പോക്കുവരവിന്റെ ശബ്ദമായിരുന്നു ഞങ്ങളുടെ സമയമറിയിക്കുന്ന നാഴികമണി. മണ്ണിട്ടു ചെളികെട്ടിയ പാതയിലൂടെ മറ്റൊരു വാഹനവും ഓടാനില്ലായിരുന്നു. അബ്ദുള്ളയുടെ കാളവണ്ടി ചിലപ്പോള്‍ ചരക്കെടുത്ത് അതുവഴി വരും. മഞ്ചലിന്റെ വരവറിയിച്ച് ചിലപ്പോള്‍ അമാലന്മാരുടെ മൂളല്‍ കേള്‍ക്കാം. ചുവപ്പുമേലാപ്പുവിരിച്ച മഞ്ചല്‍ കാണുമ്പോള്‍ ഭയമാണ് തോന്നാറ്. എന്നാലും റോഡിലേക്ക് ഓടും, കണ്ണില്‍ നിന്ന് മറയുന്നതുവരെ നോക്കിനില്‍ക്കും. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ്. മഞ്ചല്‍ മൂളുന്നില്ലെങ്കില്‍ ഉള്ളില്‍ മൃതദേഹമാണ്.
ഏട്ടനും തങ്കപ്പനും യോജിച്ചു ഏത്തവാഴകൃഷി ചെയ്യും. ഓണമടുത്താല്‍ രാത്രികാലങ്ങളില്‍ വാഴത്തോട്ടത്തില്‍ മാടം കെട്ടി റാന്തല്‍ വിളക്കുകത്തിച്ചു വച്ച് കാവല്‍ കിടക്കും. ഏത്തക്കുല കള്ളന്മാര്‍ വെട്ടിക്കൊണ്ടുപോകും. ദാരിദ്ര്യവും രോഗവും തോരാത്ത മഴയും. ‘പത്തുപറവര്‍ഷ’മാണെങ്കിലും വീടുകള്‍ മുങ്ങാറില്ല. പാടങ്ങള്‍ കൃഷിസ്ഥലങ്ങള്‍ തന്നെയായിരുന്നു. ഇതിനിടയിലും ഓണക്കാലത്തിന്റെ വരവിനായി ഞങ്ങള്‍ കാത്തിരുന്നു, സമൃദ്ധിയുടെ നാലു നാളുകള്‍ക്കായി. അത്തം മുതല്‍ പൂക്കളമിടും. പഴയ ഓണവില്ലിന്റെ പാത്തികളെല്ലാം പൊടിതട്ടിയെടുത്ത് ആശാരിയെക്കൊണ്ട് ഞാണ്‍ ഇടുവിക്കും. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ കന്നുപൂട്ടിന്റെ തിരക്കാണ്. ഉഴുതുമറിയുന്ന ചേറിനിടയില്‍ മീനുകളെ തിരയുന്ന കൊക്കുകള്‍, ആകാശത്ത് വട്ടമിട്ടു പറക്കുന്ന ഗരുഡന്മാര്‍. കിഴക്കേ റബ്ബര്‍ തോട്ടങ്ങളില്‍ നിന്നടിച്ചുവരുന്ന കാറ്റിന് ചേറിന്റെ ഗന്ധമുണ്ടായിരുന്നു; അഴുകിയ പച്ചിലയുടെയും ചാണകത്തിന്റെയും ഗന്ധം. കന്നുപൂട്ടുപാട്ടിന്റെ ഈരടികള്‍ മുറിഞ്ഞുമുറിഞ്ഞു കാറ്റിനൊപ്പം സഞ്ചരിച്ചു… നേരം പോയെടാ പുല്ലേ…. ചങ്ങന്റെ കന്നുപൂട്ടുപാട്ടിന്റെ ഈരടികള്‍. അത്തത്തിന്‍ നാളിനേ ഏത്തക്കുലകള്‍ വെട്ടി ഇറയത്ത് കഴുക്കോലില്‍ തൂക്കിയിടും.
ഉത്രാടത്തില്‍ നാള്‍ സന്ധ്യക്ക് പൂമുഖത്ത് അരിമാവണിഞ്ഞ് നാക്കില വച്ച് തൃക്കാക്കരയപ്പനെ വെക്കും. പുറ്റുമണ്ണുകൊണ്ട് നേരത്തെ ഉണ്ടാക്കി വച്ചിരിക്കും. അരിമാവ് തങ്ങൊഴുക്കി നെറുകയില്‍ തെച്ചിപ്പൂവും തുളസിക്കതിരും ചാര്‍ത്തിയ തൃക്കാക്കരയപ്പനെ പുഷ്പാര്‍ച്ചന ചെയ്ത് പൂജിക്കും; കോണി അണിയിക്കും, പൂവട നിവേദിക്കും. മൂന്നുവട്ടം പൂവിളിക്കും. തിരുവോണത്തിന് ഉച്ചയ്ക്ക് സദ്യയുണ്ട് മൈതാനങ്ങളില്‍ കളിക്കാനിറങ്ങും. തലമപ്പന്തും കാറകളിയുമാണ് പ്രധാനം. കാല്‍പ്പന്തും കളിക്കും. കാറ ഹോക്കിക്കു സമാനമാണ്. മൂത്ത് വണ്ണംകുറഞ്ഞ മുള ഭൂകാണ്ഡത്തോടെ ഇളക്കിയെടുത്ത് ചെത്തി ഹോക്കി സ്റ്റിക്കിന്റെ ആകൃതിയിലാക്കും. പന്തിന് മുളയുടെത്തന്നെ ഭൂകാണ്ഡം ചെത്തി രൂപപ്പെടുത്തും. ഇതാണ് കാറ. കാരണവന്മാര്‍ മരച്ചുവടുകളില്‍ കൂടിനിന്ന് വില്ലില്‍ തായമ്പക കൊട്ടും. തങ്കപ്പനാണ് കാറയും ചപ്പില വച്ചു നെയ്ത ഫുട്‌ബോളും തയ്യാറാക്കുക. കളിയിലും തങ്കപ്പനാണ് മുമ്പന്‍. ചിന്നന്‍ തങ്കപ്പന്റെ ശത്രുവാണ് എന്നും. ചിന്നന്‍ മാധവന്‍ നായരുടെ മകനാണ്. നായര്‍ക്ക് കുടുമ നിര്‍ബന്ധമല്ലാതായിട്ടും ചിന്നന്‍ കുടുമയെടുത്തിരുന്നില്ല. മുത്തച്ഛന്‍ രാവുണ്ണി നായര്‍ക്കും കുടുമയുണ്ട്. ചിന്നനും തങ്കപ്പനും ഏറ്റുമുട്ടിയാല്‍ കുടുമ ചിന്നനെ പരാജയപ്പെടുത്തും.
മൈതാനങ്ങളില്‍ ആണ്‍കുട്ടികള്‍ കളിച്ചു തിമര്‍ക്കുമ്പോള്‍ ജാനകിചേച്ചിയുടെ വീട്ടുമുറ്റത്ത് പെണ്‍കുട്ടികള്‍ പലയിനം കളികള്‍ തുടങ്ങിയിരിക്കും.
”കാട്ടിലെന്തുണ്ടു മൂളുന്നുകണ്ണാ
കേട്ടിട്ടേറ്റം ഭയമുണ്ടെനിക്ക്…”
തിരുവാതിരക്കളി തകര്‍ക്കുമ്പോള്‍ തന്നെ ‘പെണ്ണുകെട്ടിക്കളിയും’ അരങ്ങേറും. പെണ്‍കുട്ടികള്‍ രണ്ടു ടീമായി മുറ്റത്തിന്റെ മദ്ധ്യരേഖക്കപ്പുറവും തോളിലൂടെ പരസ്പരം കൈകോര്‍ത്ത് നിരയായി ഒന്നിച്ച് മദ്ധ്യരേഖ കടന്ന് അപ്പുറത്തെ ടീമിലെ വധുവിനെ ലക്ഷ്യമാക്കി നീങ്ങുന്നതാണ് ഈ കളി. പാട്ടിന്റെ വായ്ത്താരി ഇങ്ങിനെ-
ഒരു കുടുക്ക പൊന്നും തരാം പുടവേം തരാം
പെണ്ണിനെ തര്വോ മാളോരേ….
വധുവിന്റെ ടീം അതുപോലെ നിഷേധവുമായി മറുപക്ഷത്തേക്ക് നീങ്ങുന്നു.
‘…. ഒരു കുടുക്ക പൊന്നും വേണ്ട പുടവേം വേണ്ട
പെണ്ണിനെ തരീല്ല മാണിയാരെ….’
……… ……….. ………..
പത്തുകുടുക്ക പൊന്നും തരാം പുടവേംതരാം… എന്നു വരെ ആവര്‍ത്തിക്കയും പത്തുവരെ നിഷേധവും കഴിയുന്നതോടെ വരന്റെ പക്ഷം ബല പ്രയോഗത്തിനൊരുങ്ങുകയായി….
പടിക്കലെ കണ്ടം വിറ്റിട്ടെങ്കിലും
ഞങ്ങളാപെണ്ണിനെ കൊണ്ടേപോം..
ബലപ്രയോഗത്തില്‍ പെണ്ണിനെ കിട്ടുകയോ കിട്ടാതിരിക്കയോ ആവാം.
ഉത്രാടരാത്രി മറ്റൊരു പ്രധാന ചടങ്ങിന് കൂടി ഇടമുള്ളതാണ്. പാണ സമുദായത്തില്‍ പെട്ടവരുടെ അവകാശമാണ്. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട സംഘം തുടിയും ഉടുക്കും കൊട്ടി തിരുവോണപ്പുലരിയുടെ തുയിലുണര്‍ത്തുപാട്ടുമായി ഉത്രാടനിലാവില്‍ വീടുകള്‍ കയറിയിറങ്ങും.
നാലോണം കഴിയുമ്പോഴേക്കും കൊയ്ത്തു കഴിഞ്ഞ് പൂട്ടിയിട്ട കണ്ടങ്ങളില്‍ തോലും ചാണകവും അഴുകിച്ചേര്‍ന്നിരിക്കും. ഞൗരികെട്ടി കണ്ടം നിരപ്പാക്കി ഞാറ്റടിയില്‍ നിന്ന് പറിച്ചെടുത്ത ഞാറ് മുടികളായി കെട്ടി കണ്ടത്തിന്റെ വരമ്പത്ത് അട്ടിയിട്ട് സ്ത്രീകള്‍ കണ്ടങ്ങളിലേക്ക് നടാന്‍ ഇറങ്ങുകയായി. ഓണം കഴിയും വരെ മഴപെയ്യരുതേ എന്ന പ്രാര്‍ത്ഥനയില്‍ ഞങ്ങളും. ആറ്റുനോറ്റു കിട്ടിയ ഓണദിനങ്ങള്‍ മഴയില്‍ മുങ്ങരുതേ എന്ന പ്രാര്‍ത്ഥനയോടെ തങ്കപ്പന്‍ ഒരു ഞാറ്റു മുടിയെടുത്ത് തോട്ടിലെ ഒഴുക്കില്‍ ഒഴുക്കിവിടും. ചമ്രവട്ടത്തയ്യപ്പനുള്ള വഴിപാടാണത്രെ! ചമ്രവട്ടത്തയ്യപ്പന് ഞാറ്റുമുടി എന്തിനാണാവോ? അവസാനത്തെ കണ്ടത്തിലെ ഞാറുനടലിന് പ്രത്യേകതയുണ്ട്. കണ്ടം മുഴുവനും ചുരുങ്ങി ചുരുങ്ങി വരുന്ന വൃത്തങ്ങളിലാണ് ഞാറു നടുന്നത്. അവസാനം വൃത്തകേന്ദ്രത്തില്‍ ഒരു നുരി ഞാറും ഒരു തെച്ചിപ്പൂങ്കുലയും നട്ട് സ്ത്രീകള്‍ കരക്കുകയറുന്നു. അടുത്ത വിളവെടുപ്പിന്റെ ഉത്സാഹ പ്രതീക്ഷയുമായി.
വര്‍ഷങ്ങള്‍ക്കിപ്പുറം ഓണാഘോഷത്തിനേറ്റ ഭാവപ്പകര്‍ച്ച കണ്ട് കാലയവനികപ്പുറത്തിരുന്ന് തങ്കപ്പനും ചിന്നനും വ്യാകുലപ്പെടുന്നുണ്ടാവും തീര്‍ച്ച.