മഴ ഊക്കോടെ പെയ്ത്താരംഭിക്കുന്നതിനു മുന്നേ തൊടിയിലെ മാവും പ്ലാവും കാഫലമെല്ലാം ഇറക്കിവെച്ചിട്ടുണ്ടാവും. മാവും പ്ലാവും പെറ്റ നൂറുകണക്കിന് മാങ്ങയും ചക്കയും കുറെയൊക്കെ അയല്‍പക്കക്കാര്‍ ഇതിനിടെ കൊണ്ടുപോയിരിക്കും. ഒടുവില്‍ മാമ്പഴക്കാലവും ചക്കക്കാലവും കഴിയുമ്പോഴാവും കൊതിമൂക്കുന്നത്. അത് മനസ്സിലാക്കി ഇലക്കൂട്ടങ്ങള്‍ക്കിടയില്‍ കുറച്ചു ഫലങ്ങള്‍ മാവും പ്ലാവും ദയാപൂര്‍വ്വം ഒളിപ്പിച്ചു വെച്ചിരിക്കും. രാത്രി ഇടി കുടുങ്ങുന്നതിനിടയിലും ശേഷിച്ച ചക്ക വീഴുമ്പോഴത്തെ ഒച്ച വേറിട്ടു കേള്‍ക്കാം.
പുരപ്പുറത്ത് രാത്രിമഴ ചെണ്ടകൊട്ടുന്നതിന്റെ താളത്തില്‍ രസിച്ച് മൂടിപ്പുതച്ചു കിടക്കുമ്പോള്‍ ഉറക്കം വരില്ല. കാറ്റിലുലയുന്ന പ്ലാവിന്റെ നനഞ്ഞ കൊമ്പുകള്‍ തൊട്ടടുത്ത മാവിന്റെ ചില്ലകളിലുരഞ്ഞ് കിന്നരിക്കുന്നത് മഴയത്തും കേള്‍ക്കാനാവും.
മുട്ടു കൊടുക്കാതെ നിര്‍ത്തിയ, വളപ്പിലെ പാവം വാഴ ഒരു പുലര്‍ച്ചെ നടുവൊടിഞ്ഞു വീണു. തൈ ആയിരുന്നപ്പോള്‍ അതിന്റെ ഇലകള്‍ പശു തിന്നാതെ നോക്കാന്‍ അമ്മ കുറെ പാടുപെട്ടതാണ്. ഒടുക്കം അമ്മതന്നെ അതിന്റെ ഇലകള്‍ വെട്ടി പശുവിന് ഇട്ടു കൊടുത്തപ്പോള്‍ ആ സാധുമൃഗം നന്ദിപൂര്‍വ്വം അമ്മയുടെ കൈ ഒന്നു നക്കുകയുണ്ടായി.
അന്ന് പശു പതിവിലധികം പാല്‍ ചുരത്തി. പാല്‍ കുറച്ചധികം ചേര്‍ത്തതിന്റെ കൊഴുപ്പുണ്ടായിരുന്നു അന്നത്തെ കാപ്പിക്ക്. മഴക്കാലത്തെ ഏറ്റവും സുഖകരമായ രാത്രികളാണ് വെള്ളിയും ശനിയും. ശനിയും ഞായറും സ്‌കൂളില്ലാത്തതിനാല്‍ അതിരാവിലെ എഴുന്നേല്‍ക്കേണ്ടതില്ല. കുറച്ചധികം സമയം കിടന്നാലും വീട്ടുകാര്‍ വഴക്കു പറയില്ല. രാത്രി അവസാനിക്കരുതേ എന്നാവും ഞായറാഴ്ചത്തെ പ്രാര്‍ത്ഥന. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് സ്‌കൂളില്‍ പോവാന്‍ ഒരുങ്ങേണ്ടതോര്‍ത്തുള്ള മടി.
ചില ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നല്ല മഴയായിരിക്കും. കുടയില്ലല്ലോ എന്ന ചിന്ത അപ്പോഴാവും അലട്ടാന്‍ തുടങ്ങുന്നത്. ഉണ്ടായിരുന്ന കുടയെല്ലാം കളഞ്ഞുപോയത് എന്റെ പക്കല്‍നിന്നുതന്നെയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയി കുട അവിടെ മറന്നു വെച്ചിട്ടു വരും. തിരിച്ചെടുക്കാന്‍ ചെല്ലുമ്പോള്‍ ആരെങ്കിലും അത് കൈക്കലാക്കി സ്ഥലം വിട്ടിരിക്കും.
മോഷ്ടിക്കുന്ന സ്വഭാവം നല്ലതല്ലെന്നറിയാമായിരുന്നിട്ടും ഒരിക്കല്‍ ഞാന്‍ അന്യന്റെ ഒരു കുട സ്വന്തമാക്കി. കൊണ്ടുനടക്കുമ്പോള്‍ ഉടമസ്ഥന്‍ അറിയാതിരിക്കാന്‍ അതിന്റെ ഉരുണ്ട മരപ്പിടി കുട നന്നാക്കുകാരനെക്കൊണ്ട് മാറ്റിയിടീച്ചു. പക്ഷേ, അതും എവിടെയോ ഞാന്‍ മറന്നു വെച്ചു.
മഴക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് ആനകള്‍ ആകാശച്ചെരുവിലെത്തി പതിവുള്ള ചിന്നംവിളി തുടങ്ങുമ്പോഴേ അമ്മയ്ക്ക് വേവലാതി തുടങ്ങും. മഴ കൂട്ടിപ്പിടിക്കുമ്പോള്‍ എങ്ങനെ പുറത്തിറങ്ങുമെന്നായിരിക്കും അമ്മയുടെ ആലോചന. കടയിലേയ്ക്കു പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ ആഴ്ചയിലൊരിക്കല്‍ പാലക്കാട് വലിയങ്ങാടിയില്‍ പോയിവരാറുള്ള മരയ്ക്കാരുടെ കയ്യില്‍ ആറു ഉറുപ്പിക കൊടുത്ത് അക്കൊല്ലം അമ്മ കുപ്പിപ്പിടിയോടുകൂടിയ ഒരു കുട മേടിപ്പിച്ചു. സ്ഫടികപ്പിടിയുടെ താഴത്തെ ദ്വാരത്തില്‍നിന്ന് സില്‍ക്കിന്റെ ഒരു കട്ടിച്ചരട് മോടിയോടെ തൂങ്ങിക്കിടന്നു. ചരടിന്റെ ഭംഗി ഇപ്പോഴുമുണ്ട് ഓര്‍മ്മയില്‍.
കുട നിവര്‍ത്തിയും മടക്കിയും അമ്മ അതിന്റെ ഭംഗി ആസ്വദിച്ചു. പിന്നെ താക്കീതെന്നപോലെ എന്നെ നോക്കി പറഞ്ഞു:
‘ഈ കുടയും കളഞ്ഞിട്ടുവന്നാല്‍ വീട്ടില്‍ കേറ്റില്ല നിന്നെ. നോക്കിക്കോ.’
ആ കുടയും കളഞ്ഞുപോയി. അത് അമ്മയുടെ കയ്യില്‍ നിന്നായത് ഒരു കണക്കിന് ഭാഗ്യമായി. പുതിയ കുടയുമായി അമ്മ അടുത്തൊരു വീട്ടില്‍ കണ്ണോക്കിനു പോയതായിരുന്നു. കണ്ണോക്കിന്റെ ബഹളം കഴിഞ്ഞ് നോക്കുമ്പോള്‍ കുട സൂക്ഷിച്ചിടത്ത് അത് കണ്ടില്ലത്രേ. അവിടെ കൂടിയവര്‍ പിരിഞ്ഞു പോകും മുന്‍പ് അമ്മ അവരോട് കുട കണ്ടുവോ എന്ന് ചോദിച്ചെങ്കിലും സകലരും കൈമലര്‍ത്തി എന്ന് പറഞ്ഞ് അമ്മ സങ്കടപ്പെട്ടു. അതെടുത്തുവെന്ന് സംശയിച്ച സ്ത്രീയെ അമ്മ പ്രാകിക്കൊണ്ടിരുന്നു.
പ്രാകാന്‍തക്ക വേറൊരു കാരണംകൂടി ഉണ്ടായിരുന്നു. ഒരിക്കല്‍ അമ്മ കുളക്കടവില്‍ സോപ്പുപെട്ടി മറന്നുവെച്ചു. കുളിച്ചു കയറിയപ്പോള്‍ കടവില്‍ ആ സ്ത്രീയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. പിറ്റേന്ന് അവരെ കണ്ടപ്പോള്‍ എടുക്കാന്‍ മറന്നുപോയ സോപ്പുപെട്ടി കിട്ടിയോ എന്ന് അന്വേഷിച്ചതിന് ഇല്ല എന്നായിരുന്നത്രേ നിസ്സാരമട്ടിലുള്ള മറുപടി. സോപ്പുപെട്ടി കിട്ടിയത് അവര്‍ക്കു തന്നെയാണെന്ന് അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. അന്നുമുതല്‍ അമ്മയുടെ കണ്ണില്‍ അവര്‍ കള്ളിയായി.
അന്നൊരു രാത്രി തുടങ്ങിയ മഴ രാവിലെയും തുടര്‍ന്നു. സ്‌കൂളില്‍ പോകാന്‍ മടിച്ച് നില്‍ക്കുമ്പോള്‍ തട്ടിന്‍പുറത്തു നിന്ന് അമ്മ രണ്ടുമൂന്നു പഴയ കുടകളെടുത്ത് താഴെയിട്ടു. കമ്പി പൊട്ടിയും ശീല കീറിയും അവ ഉപയോഗിക്കാന്‍ പറ്റാതായിരുന്നു.
രണ്ടു പേര്‍ക്ക് നനയാതെ പിടിച്ചു നടക്കാന്‍ പറ്റിയ വളഞ്ഞ കാലോടുകൂടിയ ഒരു കുട അമ്മ ബലം പ്രയോഗിച്ച് നിവര്‍ത്തി. പഴകി നരച്ച അതിന്റെ ശീലയില്‍ അരിപ്പയിലെന്നപോലെ നിറയെ തുളകളായിരുന്നു. അതു പിടിച്ച് നടക്കുന്നതില്‍ ഭേദം വെറും കയ്യോടെ മഴയത്ത് നടക്കുന്നതാണെന്നു തോന്നി.
നിവര്‍ത്താന്‍ വേണ്ടിവന്നതില്‍ കൂടുതല്‍ ബലം പ്രയോഗിച്ച് കുട മടക്കി വെച്ചിട്ട് അമ്മ സമാധാനിപ്പിച്ചു:
‘ഇന്ന് ആരുടെയെങ്കിലും കൂടെ പോ. സ്‌കൂള്‍ വിട്ടു വരുമ്പോഴേയ്ക്ക് പഴയ കുട നന്നാക്കിച്ചു വെക്കാം.’
മഴക്കാലമായതോടെ കുട നന്നാക്കുന്ന ഒരാള്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മരയ്ക്കാരുടെ പലചരക്കു കടയുടെ മുന്നിലെ ഇത്തിരിപ്പോന്ന സ്ഥലത്താണ് കുട നന്നാക്കുകാരന്‍ ഇരിന്നിരുന്നത്. പലരും നന്നാക്കാന്‍ കൊടുത്ത കുടകള്‍ ചത്ത വവ്വാലുകളെപ്പോലെ അയാള്‍ക്കരികെ കൂടിക്കിടക്കുന്നത് സ്‌കൂളിലേയ്ക്കു പോകുമ്പോള്‍ കണ്ടതാണ്.
സ്‌കൂള്‍ വിട്ട് എത്തിയപ്പോള്‍ കാപ്പി തന്ന് അമ്മ കുട നന്നാക്കുകാരനെ ഏല്പിച്ച കുട വാങ്ങാനായി പോയി. അയാള്‍ കുടകള്‍ നന്നാക്കിയിരുന്നില്ല. പിറ്റേന്ന് തരാമെന്ന് പറഞ്ഞതുകേട്ട് അമ്മ തിരിച്ചു വരികയായിരുന്നു.
പിറ്റേന്ന് സ്‌കൂളില്‍ പോകാന്‍ നേരമാകുമ്പോഴേക്ക് മഴ കനത്തു. ബെല്ലടിക്കുന്ന സമയമായിട്ടും ശമനമുണ്ടായില്ല. മഴ തോരാതെ പെയ്യുകയാണ്. ക്ലോക്കില്‍ മണി പത്തടിക്കുന്ന ശബ്ദം മുഴങ്ങി.
അന്ന് സ്‌കൂളില്‍ പോയില്ല.
ഉച്ചയോടെ മഴ അല്പം ശമിച്ചപ്പോള്‍ അമ്മ കുട നന്നാക്കുകാരനെ തേടിപ്പോയി. പോയ വേഗത്തില്‍ തിരിച്ചെത്തുകയും ചെയ്തു. അമ്മയുടെ കൈ ശുന്യമായിരുന്നു. കുട നന്നാക്കുകാരനെ കണ്ടില്ലെന്ന് പറഞ്ഞു. മഴയായതുകൊണ്ട് വരാന്‍ താമസിച്ചതാവും എന്നു സമാധാനിച്ചു. നാലുമണിയോടെ വീണ്ടും പോയി നോക്കിയിട്ടു വന്നു.
കുട നന്നാക്കുകാരന്‍ കുടകള്‍ വാങ്ങി നന്നാക്കിക്കൊടുക്കാതെ കടന്നുകളഞ്ഞതായി പലരുടെയും പരാതികള്‍ പിന്നീട് കേട്ടു.
എത്രയോ വര്‍ഷങ്ങളായിരിക്കുന്നു. കുട മറന്നുവെയ്ക്കുന്ന എന്റെ ശീലത്തിന് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. കുട എടുത്തിട്ടും അതുമറന്ന് മഴ തോരാനായി കാത്തുനിന്നിട്ടുണ്ട്. ഈയിടെ കുടയുടെ പൊട്ടിയ കമ്പി മാറ്റിയിടാന്‍ കൊടുത്തപ്പോള്‍ കുടനന്നാക്കുകാരന്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് വരാന്‍ പറഞ്ഞു. നാട്ടിലെ ആ കുട നന്നാക്കുകാരനെയാണ് അന്നേരം ഓര്‍മ്മ വന്നത്. അവിടെത്തന്നെ നിന്ന് കുട നന്നാക്കിച്ച് കയ്യോടെ വാങ്ങിയിട്ടേ ഞാന്‍ വീട്ടിലേയ്ക്ക് മടങ്ങിയുള്ളൂ.