ഐഐടിയില്‍ അവസാന സെമസ്റ്ററില്‍ പഠിക്കുമ്പോള്‍ ഒരു സീനിയറുമായി ഞാന്‍ വഴക്കിടാനിടയായി. ‘പണമാണ് പരമപ്രധാനം’ എന്നു ഞാന്‍ അവനോട് വാദിച്ചു. അവന്‍ എന്നോട് തിരിച്ചു ചോദിച്ചു..’പണം…അത് നിങ്ങള്‍ക്ക് ഗുജ്‌റന്‍വാലയില്‍ ഉണ്ടായിരുന്നില്ലേ? എന്നിട്ട് നിങ്ങള്‍ എന്തിനാണ് അവിടെ നിന്നും ഓടിപ്പോന്നത്. ഇനി അമൃത്സറില്‍ നിന്നും നിങ്ങള്‍ക്ക് ഓടിപ്പോകേണ്ടിവരില്ലെന്നുള്ളതിനു വല്ല ഗ്യാരണ്ടിയും ഉണ്ടോ’. ഞാന്‍ ആകെ വല്ലാതായി. അവന്‍ എന്താണുദ്ദേശിച്ചതെന്ന് എനിക്കു ഒട്ടും മനസ്സിലായില്ല.
സെമസ്റ്ററിന്റെ ഇടവേളകളില്‍ ഞാന്‍ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം സ്റ്റേഷനില്‍ അമൃത്‌സറിലേക്കുള്ള ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ അവന്‍ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു. ‘നിങ്ങള്‍ക്ക് ജീവിതത്തില്‍ എല്ലാം ലഭിച്ചു. പക്ഷേ .. നിങ്ങളുടെ മുത്തച്ഛനോട് ചോദിക്കൂ.. പണത്തിന് അദ്ദേഹത്തിന്റെ കുടുംബത്തെ രക്ഷിക്കാന്‍ സാധിച്ചോ എന്ന്?
ഇത്രമാത്രം പറഞ്ഞ് അവന്‍ തിരിച്ചു പോയി. ഞാന്‍ സ്തബ്ധനായി. അപ്പോഴേക്കും ട്രെയിന്‍ വന്നു. എന്റെ മുത്തച്ഛനെക്കുറിച്ച് അവന് എങ്ങനെയറിയാം? ട്രെയിന്‍ നീങ്ങിത്തുടങ്ങി. കടിഞ്ഞാണില്ലാത്ത ചിന്തകള്‍ക്കു പിറകെ ഞാനും ഓടാന്‍ തുടങ്ങി.
അടുത്ത ദിവസം ഞാന്‍ വീട്ടിലെത്തി. വലിയ മനോഹരമായ വീടാണെന്റേത്. എല്ലായ്പ്പോഴും ബിസ്സിനസിന്റെ സമ്മര്‍ദ്ദത്തിലാണെങ്കിലും മാതാപിതാക്കള്‍ക്ക് എന്നോട് വലിയ ഇഷ്ടമാണ്. നാളെ ഞാന്‍ നാനാജിയെ കാണാന്‍ പോകുന്നു എന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. ‘എന്താ കാര്യം? കുറച്ച് ദിവസം ഞങ്ങളോടൊപ്പം ഇവിടെ നില്‍ക്കൂ. നാനാജിക്ക് നല്ല സുഖമില്ലത്രെ…..അദ്ദേഹത്തെ കാണാന്‍ നമുക്കൊരുമിച്ച് പോകാം. അമ്മ പറഞ്ഞു.
പക്ഷേ അടുത്ത ദിവസം തന്നെ ഞാന്‍ ജലന്ധറില്‍ എത്തി.
‘നാനാജി, 1947 ല്‍ എന്താണ് സംഭവിച്ചത്?’ സംഭാഷണമദ്ധ്യേ ഞാന്‍ ചോദിച്ചു.
‘ഒന്നുമില്ല മോനേ. എന്താ ഇപ്പോള്‍ അത് ചോദിക്കാന്‍ കാര്യം?’ അദ്ദേഹം എന്റെ മുഖത്തേക്കു ആകാംക്ഷയോടെ നോക്കി.
‘നാനാജിയുടെ സഹോദരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്?’ വീണ്ടും ഞാന്‍ ചോദിച്ചു.
‘എനിക്ക് സഹോദരങ്ങള്‍ ആരുമില്ല. ഞാന്‍ എന്റെ മാതാപിതാക്കളുടെ ഏകമകനായിരുന്നു.’ അദ്ദേഹം നിര്‍വികാരനായിട്ടാണ് അത് പറഞ്ഞത്.
‘അങ്ങനെ വരാന്‍ സാധ്യതയില്ല? നാനാജിയുടെ കാലത്ത്് മാതാപിതാക്കള്‍ക്ക് ശരാശരി പത്തു പന്ത്രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നിരിക്കില്ലേ. എന്തുകൊണ്ടാണ് അങ്ങയുടെ മാതാപിതാക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഇല്ലാതെ പോയത്’. ഞാന്‍ വിട്ടില്ല.
‘ഹ..ഹ..! നീ ഇപ്പോ വിശ്രമിക്കൂ..യാത്രാക്ഷീണം മാറട്ടെ’ നാനാജി പറഞ്ഞു.
അടുത്ത ദിവസം, ഞാന്‍ എന്റെ മുറിയില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. അപ്പോള്‍ നാനാജി വന്നെന്റെ അരികില്‍ ഇരുന്നു.
‘കോണ്‍ട്രാ കളിക്കുകയാണോ?’ നാനാജി ചോദിച്ചു.
‘ആ’. ഞാന്‍ മറുപടി നല്‍കി.
‘മോനേ…സൂര്യകിരണങ്ങളുടെ ഏഴു നിറങ്ങള്‍ നീ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’
വിചിത്രമായ ചോദ്യം കേട്ട്് ഞാന്‍ ആ മുഖത്തേക്കു നോക്കി.
‘വരൂ…ഞാന്‍ കാണിച്ചുതരാം, ടെറസിലേക്ക് വരൂ.’
ഞങ്ങള്‍ രണ്ടുപേരും ടെറസിലേക്കു കയറി. സൂര്യന്‍ തന്റെ അതിമനോഹരമായ ദൃശ്യം കാഴ്ച വെച്ച് അസ്തമിക്കാന്‍ പോകുകയായിരുന്നു.
‘മോനേ നീ കുങ്കുമനിറം കാണുന്നുണ്ടോ?’
ഞാന്‍ നിഷ്‌കളങ്കനായ കുട്ടിയെ പോലെ പറഞ്ഞു.
‘ഉവ്വ്…ആകാശം മുഴുവന്‍ കുങ്കുമനിറമാണ്!’
‘ഈ കുങ്കുമത്തില്‍ ഏഴ് നിറങ്ങളുണ്ട്. എന്നാല്‍ അവ ഉടന്‍ തന്നെ ഇല്ലാതാകും. എല്ലായിടത്തും ഇരുട്ട് പരക്കും’. ഒരു ദീര്‍ഘനിശ്വാസ ത്തോടെ നാനാജി പറഞ്ഞു.
‘അത് സ്വാഭാവികമല്ലേ നാനാജീ. എല്ലാ വൈകുന്നേരവും അത് തുടരുന്നു…’ അതിലൊരത്ഭുതവുമില്ലെന്ന മട്ടില്‍ ഞാന്‍ പറഞ്ഞു.
‘ഉം…. നൂറ്റാണ്ടുകളില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കാറുണ്ട്. സൂര്യരശ്മികള്‍ക്ക് ലജ്ജോ, രാജ്ജോ, ഭാഗോ, പരോ, ഗായോ, ഇഷോ, ഉര്‍മി എന്നിങ്ങനെ ഞാന്‍ പേരിട്ടുണ്ടെന്ന് നിനക്കറിയാമോ?’
അറിയില്ലെന്ന് എന്റെ ഭാവം വ്യക്തമാക്കിയിരുന്നു.
അദ്ദേഹം തുടര്‍ന്നു.
ഒരു ബല്‍വന്ത് ഖത്രി ഉണ്ടായിരുന്നു ഗുജ്‌റന്‍വാലയില്‍. വലിയ സമ്പന്നനായ ഭൂവുടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിനും ഭാര്യക്കും ഏഴ് പെണ്‍മക്കളും ഒരു മകനും ഉണ്ടായിരുന്നു.
മൂത്തത് ഇരുപത് വയസ്സുള്ള ബല്‍ദേവ്. അവനു താഴെ ഏഴു പെണ്‍മക്കള്‍. ലജ്വന്തി, രാജവതി, ഭാഗവതി, പാര്‍വതി, ഗായത്രി, ഈശ്വരി. ഏറ്റവും ഇളയവള്‍ ഒന്‍പതു വയസ്സുകാരി ഊര്‍മിളയും.
ഒരു സന്തുഷ്ട കുടുംബ മായിരുന്നു അവരുടേത്. സമ്പന്നമായ പഞ്ചാബി ഹിന്ദു ഖത്രി കുടുംബം. ലജ്ജോയ്ക്കും രാജ്ജോയ്ക്കും കല്യാണപ്രായമായിരുന്നു. അനുയോജ്യരായ വരന്മാരെ തിരയാന്‍ തുടങ്ങിയിരുന്നു. എന്നിരുന്നാലും, പഞ്ചാബില്‍ എന്തോ കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല.
ബാരിസ്റ്റര്‍ ജിന്ന ഡയറക്ട് ആക്ഷന്‍ ഡേ പ്രഖ്യാപിച്ചിരുന്നു. ഗാന്ധിജിയുടെ ആശയങ്ങള്‍ അജയ്യമാണെന്ന് ഹിന്ദുക്കളും സിഖുകാരും ഉറച്ചു വിശ്വസിച്ചിരുന്നു. എല്ലാ ഹിന്ദുക്കളും സിഖുകാരും ‘അവ്വല്‍ അല്ലാ നൂര്‍ ഉപായ’ ആലപിക്കാറുണ്ടായിരുന്നു. അവര്‍ ബാബ ബുള്ളെ ഷായുടെയും, ബാബ ഫരീദിന്റെയും കവിതകള്‍ പാടുകയും സൂഫി ദര്‍ഗകള്‍ സന്ദര്‍ശിക്കുകയും ചെയ്തുപോന്നു. എല്ലാറ്റിനുമുപരി ഗുജ്‌റന്‍വാലയില്‍ ജാട്ട്, ഗുജ്ജാര്‍, രജപുത്ര മുസ്ലിങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ജിന്നയുടെ ആള്‍ക്കാര്‍ സ്വന്തം രക്തത്തെ ഒരിക്കലും ദ്രോഹിക്കില്ല എന്നവര്‍ കരുതി.
അധികം താമസിച്ചില്ല… നൂറുകണക്കിന് ഹിന്ദുക്കളും സിഖുകാരും കൂട്ടക്കൊല ചെയ്യപ്പെട്ട വാര്‍ത്തകള്‍ അടുത്തുള്ള സ്ഥലങ്ങളില്‍ നിന്ന് വന്നുതുടങ്ങി. ‘അല്ലാഹു അക്ബര്‍’ എന്നും ‘പാകിസ്ഥാന്‍ കാ മത്‌ലബ് ക്യാ.. ലാ ഇലാഹ ഇല്ലള്ള’ എന്നും ചൊല്ലുന്ന ആള്‍ക്കൂട്ടം ‘ഒരു കാഫിര്‍ സ്ത്രീയും ഇന്ത്യയിലേക്ക് പോകില്ല, ഞങ്ങള്‍ അവരെ സ്വന്തമാക്കും’ എന്ന് ആക്രോശിക്കുന്നതും കേള്‍ക്കാന്‍ തുടങ്ങി.
1947 സപ്തംബര്‍ 18 പ്രഭാതത്തില്‍ ഒരു സിഖ് പോസ്റ്റ്മാന്‍ കിതച്ചുകൊണ്ട് അവിടേക്ക് ഓടിയെത്തി. ‘ലാലാജി, എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടൂ. അവര്‍ നിങ്ങളുടെ പെണ്‍മക്കളെ തട്ടിക്കൊണ്ടു പോകാനായി ഇങ്ങോട്ട് വരുന്നുണ്ട്. സലീം ലജ്ജോവിനേയും ശൈഖ് മുഹമ്മദ് രാജവതിയെയും എടുക്കും. ഭാഗവതിയെ…..’. ലാല ബല്‍വന്തിന് നല്ല ദേഷ്യം വന്നു. എന്ത് ജല്‍പ്പനമാണിവന്‍ പുലമ്പുന്നത്.. മുക്താര്‍ ഭായിയുടെ മകനാണ് സലിം. മുക്താര്‍ ഭായ് ഞങ്ങളുടെ കുടുംബത്തിലെ അംഗത്തെപ്പോലെയാണ്. ലാല അവനു നല്ല തല്ലു കൊടുത്തു.
‘ലാലാജി…..ഈ പറഞ്ഞ മുക്താര്‍ ഭായ് തന്നെയാണ് ആള്‍ക്കൂട്ടത്തെ നയിക്കുന്നത്…..എല്ലാ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നു. ഒരു മണിക്കൂറിനുള്ളില്‍ നാന്നുറിലധികം ആളുകള്‍ നഗരത്തിലെ ഗുരുദ്വാരയിലേക്ക് ഇവിടെ നിന്നും പോകും. എത്രയും വേഗം കുടുംബത്തെ അവിടെ എത്തിക്കുക’… അലറികൊണ്ട് അവന്‍ ഓടിപ്പോയി.
ഏഴു മാസം ഗര്‍ഭിണിയായ പ്രഭാവതിയുടെ അടുത്തേക്ക് ലാലാജി ഓടി. അവള്‍ എല്ലാം കേട്ട് കരഞ്ഞു തളര്‍ന്ന് താഴെയിരുന്നു.
‘നമുക്കു പോകാം ലാലാജി’. പ്രഭാവതി പറഞ്ഞു.
‘നമ്മള്‍ എങ്ങും പോകുന്നില്ല. അവന്‍ കള്ളം പറയുകയാണ്. മുക്താര്‍ ഭായ്ക്ക് അത് ചെയ്യാന്‍ കഴിയില്ല. ഗാന്ധിജിയുടെ ആശയങ്ങള്‍ അജയ്യമാണ്.’
അദ്ദേഹം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
‘ആശയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള സമയമല്ല ഇത് ലാലാജീ. നമുക്ക് ഇവിടെ നിന്നും രക്ഷപ്പെടാം ..ആഭരണങ്ങളും പേപ്പറുകളും പായ്ക്ക് ചെയ്യാന്‍ ഞാന്‍ പെണ്‍മക്കളോട് പറഞ്ഞിട്ടുണ്ട്.’
‘പക്ഷേ മുക്താര്‍ ഭായ്… എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം.’ ലാലാജി പുലമ്പി.
‘ലാലാജീ….അയാള്‍ ഇവിടെ വന്നിരുന്നു… കഴിഞ്ഞ മാസം. നിങ്ങള്‍ വീട്ടിലില്ലാത്ത സമയത്താണ് വന്നത്. സലിമിന് ലജ്ജോയെ ഇഷ്ടമാണെന്നും അവളെ അവന് നിക്കാഹ് ചെയ്തു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തുക്കളോടൊപ്പം സലിം തന്നെ പുറകെ നടന്ന് ശല്യപ്പെടുത്താറുണ്ടെന്ന് ലജ്ജോ നേരത്തെ തന്നെ പറഞ്ഞിരുന്നു. അവന്‍ കാരണം അവള്‍ പുറത്തു പോകുന്നത് തന്നെ നിര്‍ത്തി.’
‘എന്തുകൊണ്ടാണ് നീ ഇത് നേരത്തെ പറയാതിരുന്നത്? ഞാന്‍ അദ്ദേഹത്തേട് സംസാരിക്കുമായിരുന്നു’. ബല്‍വന്ത് പ്രഭാവതിയോടു കയര്‍ത്തു.
‘ലാലാജീ…നിങ്ങള്‍ എന്തു നിഷ്‌കളങ്കനാണ്. സലീമിനായി ലജ്ജോയെ എടുത്തുകൊണ്ടുപോകാനാണ് അയാള്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ അവളെ ബലമായി പിടിച്ചു കൊണ്ടു പോകാന്‍ സലീം തന്നെ വരുന്നു. വരൂ നമുക്ക് ഇവിടെ നിന്നും വേഗം രക്ഷപ്പെടാം…’
പ്രഭാവതി ധൃതി കൂട്ടി.
നഗരത്തിലെ ഗുരുദ്വാരയില്‍ ഹിന്ദുക്കളും സിഖുകാരും നിറഞ്ഞിരുന്നു. വാളും കുന്തവുമേന്തിയ പുരുഷന്മാര്‍ ഗുരുദ്വാരയുടെ ചുറ്റും കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഗുസ്തിക്കാര്‍ക്ക് പേരുകേട്ട ഗുജ്‌റന്‍വാലയില്‍ പല ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും അഖാഡകള്‍ ഉണ്ടായിരുന്നു. പ്രധാന കവാടത്തില്‍ സശക്തരായ ഹിന്ദു-സിഖ് പുരുഷന്മാരെ വിന്യസിച്ചിരുന്നു. പലരും ടെറസില്‍ കാവല്‍ നില്‍ക്കുകയായിരുന്നു. കിണറിനടുത്തുള്ള കല്ലില്‍ പലരും വാള്‍ മൂര്‍ച്ച കൂട്ടുന്നുണ്ടായിരുന്നു. സ്ത്രീകളും യുവതികളും കുട്ടികളും പരിഭ്രാന്തരായിരുന്നു. അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് പിടിച്ചിരുന്നു.
പെട്ടെന്ന് ഒരു വലിയ ആക്രോശം നിശബ്ദതയെ തകര്‍ത്തു. റോഡിനു അപ്പുറത്തുള്ള വലിയ മസ്ജിദില്‍ നിന്നാണ് അത് വന്നത്. ആയിരക്കണക്കിന് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കുകയായിരുന്നു.
‘പാകിസ്ഥാന്‍ കാ മത്‌ലബ് ക്യാ… ലാ ഇലാഹ ഇല്ലള്ള’ (പാകിസ്ഥാന്‍ എന്നാല്‍ അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്നാണ്)
ചിരിച്ചു കൊണ്ട് ഞങ്ങള്‍ പാകിസ്ഥാന്‍ നേടി എടുത്തു…ഇനി ഹിന്ദുസ്ഥാനെ ഞങ്ങള്‍ ചോരയില്‍ മുക്കും…
കാഫിര്‍കളേ… ഞങ്ങള്‍ നിങ്ങളെ എങ്ങനെ കശാപ്പുചെയ്യുന്നുവെന്ന് കണ്ടോളൂ..
ഒരു ക്ഷേത്രവും ഞങ്ങള്‍ വച്ചേക്കില്ല…..ഇനി ഒരു ക്ഷേത്രത്തിലും മണി മുഴങ്ങില്ല…
ഹിന്ദു സ്ത്രീകള്‍ ഞങ്ങളുടെ കിടപ്പറയിലേക്കുള്ളതാണ്…പുരുഷന്മാര്‍ ശ്മശാനത്തിലേക്കും…
– എന്നെല്ലാം ആക്രോശങ്ങളുയര്‍ന്നു.
പ്രഭാവതി ജനാലയ്ക്കരികില്‍ ഇരിക്കുകയായിരുന്നു. ഏഴു പെണ്‍മക്കളേയും അവര്‍ ചേര്‍ത്തു പിടിച്ചിരുന്നു. അവരുടെ ഏക മകന്‍ മെയിന്‍ ഗേറ്റിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് പള്ളിയിലെ ജനക്കൂട്ടം നിശ്ശബ്ദരായി. ഒരു മിനിറ്റിനുള്ളില്‍ ലാ ഇലാഹ ഇല്ലള്ളാ എന്ന മുദ്രാവാക്യം വിളി വീണ്ടും ഉയര്‍ന്നു. ഇത്തവണ ശബ്ദം കൂടുതല്‍ ഉച്ചത്തിലായിരുന്നു.
വാളും കത്തിയും കുന്തവും ചങ്ങലകളുമേന്തിയ ആ ആള്‍ക്കൂട്ടം ഗുരുദ്വാരയെ ലക്ഷ്യമാക്കി പാഞ്ഞു വരുന്നത് ജനാലയിലൂടെ പ്രഭാവതി കണ്ടു.. ‘അതാ അവര്‍ വരുന്നൂ’… പ്രഭാവതി അലറി.. തന്റെ എല്ലാ കുട്ടികളെയും ഭയത്തോടെ അവര്‍ മുറുകെ പിടിച്ചു.
ഗുരുദ്വാരയുടെ കവാടങ്ങള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു. എല്ലാ പുരുഷന്മാരും മതിലുകള്‍ക്കും കവാടങ്ങള്‍ക്കും സമീപം തയ്യാറെടുത്തു നിന്നു. എല്ലാ ഹിന്ദു-സിഖ് പുരുഷന്മാരോടും അറിയിപ്പ് ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. ഗുസ്തിക്കാരനും പുരോഹിതനുമായ സുഖ്ദേവ് ശര്‍മ എഴുന്നേറ്റു നിന്ന് ഉറച്ച ശബ്ദത്തോടെ ഇങ്ങനെ പറഞ്ഞു
‘അവര്‍ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും ഭാര്യമാരെയും പെണ്‍മക്കളെയും ലക്ഷ്യമിട്ടു വരികയാണ്. അവരുടെ വാളുകളുടെ ലക്ഷ്യം നമ്മുടെ കഴുത്താണ്. അവരുടെ മതത്തിലേക്ക് ചേരാനും കീഴടങ്ങാനും അവര്‍ നമ്മോട് ആവശ്യപ്പെടും. അവര്‍ക്കു കീഴടങ്ങില്ലെന്നു ഞാന്‍ തീരുമാനിച്ചു. മതപരിവര്‍ത്തനവും ഞാന്‍ ചെയ്യില്ല. നമ്മുടെ സ്ത്രീകളെ തൊടാന്‍ നമ്മള്‍ അവരെ അനുവദിക്കില്ല.
കുറച്ച് നിമിഷനേരത്തേ നിശീഥനിശബ്ദതയെ ഭേദിച്ച് അവിടെ കൂടിയ ഹിന്ദുക്കളും സിഖുകാരും അലറി….
‘ജോ ബോലെ സോ നിഹാല്‍ സത് ശ്രീ അകാല്‍! വാഹെ ഗുരു ജി ദാ ഖല്‍സ വാഹെ ഗുരു ജി ദി ഫത്തേ… നമ്മുടെ പൂര്‍വ്വികരുടെ ധര്‍മ്മം ആരും ഉപേക്ഷിക്കുകയില്ല. നമ്മുടെ വാളുകളുടെ ശക്തി ശത്രുക്കളിന്നറിയും’
അക്രമിക്കൂട്ടം ഗുരുദ്വാരയില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. സിഖുകാരും ഹിന്ദുക്കളും ചേര്‍ന്ന് അന്‍പതോ അറുപതോ വരുന്ന ആ ആക്രമികളെ അറുത്തു കാലപുരിക്കയച്ചു. ആ ചെറിയ അക്രമിക്കൂട്ടത്തെ നേരിടാന്‍ അവര്‍ മതിയായിരുന്നു. ഗുരുദ്വാരക്കുള്ളിലുള്ളവര്‍ക്ക് കാര്യമായ അപകടമൊന്നും സംഭവിച്ചില്ല. സ്ത്രീകളും കുട്ടികളും നിന്നിരുന്ന ഹാള്‍ അകത്തു നിന്ന് പൂട്ടി.
മുദ്രാവാക്യം വിളിക്കുന്ന നൂറുകണക്കിന് അക്രമികള്‍ ഗുരുദ്വാരയില്‍ നിന്ന് അല്‍പം അകലെ കുറച്ചു നേരം നിന്നു. അവര്‍ എന്തിനോ കാത്തിരിക്കുകയായിരുന്നു. അവര്‍ വീണ്ടും ആക്രോശിച്ചുകൊണ്ട് ഗുരുദ്വാരക്ക് നേരെ പാഞ്ഞടുത്തു. ഇത്തവണ അവര്‍ ആയിരക്കണക്കിനു പേരുണ്ടായിരുന്നു. ഗുരുദ്വാരയിലെ ഹിന്ദു-സിഖുകാര്‍ നാന്നുറോളം പേര്‍ മാത്രമായിരുന്നു. പുരുഷന്മാര്‍ കേവലം അറുപതില്‍ താഴെ മാത്രം. ബാക്കിയുള്ളവര്‍ വൃദ്ധരും സ്ത്രീകളും കുട്ടികളും ആയിരുന്നു.
ഇത് അവസാന യുദ്ധമായിരിക്കണം.
തട്ടിക്കൊണ്ടുപോയ ഒരു സിഖ് സ്ത്രീയെ അക്രമികള്‍ എല്ലാവരുടെയും മുന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു. അവളുടെ വസ്ത്രങ്ങള്‍ അവര്‍ കീറിഎറിഞ്ഞിരുന്നു. അവളുടെ അവയവങ്ങളെ ആക്രമിക്കാന്‍ പുരുഷന്മാര്‍ തിരക്കു കൂട്ടുന്നതിനിടയിലേക്കാണ് അവളെ നഗ്നയാക്കി പിടിച്ചു വലിച്ചു കൊണ്ടുവന്നത്. അവള്‍ ബോധരഹിതയായി വീണു. എന്നിട്ടും ആ ചെന്നായകള്‍ അവളുടെ ശരീരമെടുത്ത് കളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരുത്തന്‍ അവളുടെ മുലകള്‍ മുറിച്ച് ഗുരുദ്വാരയുടെ നേരെ എറിഞ്ഞു.
ഗുജ്‌റന്‍വാലയിലെ ഹിന്ദുക്കളും സിഖുകാരും ഇത്തരം ക്രൂരതകളെക്കുറിച്ച് വാര്‍ത്തകളില്‍ മാത്രം കേട്ടിരുന്നു. അവര്‍ ആദ്യമായി ഇത് കണ്‍മുന്നില്‍ കാണുകയായിരുന്നു. പെട്ടെന്ന് എല്ലാവരും അവരവരുടെ സ്ത്രീകളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. നാം മരിച്ചതിനുശേഷം നമ്മുടെ സ്ത്രീകള്‍ അവരുടെ കൈകളില്‍ വീണാലോ? എല്ലാവരും മരണത്തെ മുന്നില്‍ കാണാന്‍ തുടങ്ങി.
അക്രമികള്‍ വാതിലുകള്‍ തകര്‍ക്കാന്‍ തുടങ്ങിയിരുന്നു.
ലജ്ജോ ബല്‍വന്തിനോട് പറഞ്ഞു. ‘അച്ഛാ ……അതു തന്നെ ചെയ്യുക……ഞാന്‍ ഒരു മുസ്ലീമിന്റെ കൂടെയും പോകാനൊരുക്കമല്ല…’
ബല്‍വന്ത് കരഞ്ഞു….അദ്ദേഹത്തിനു ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല…
‘കരോ ബാപ്പുജി….കരോ…..അച്ഛന്‍ അത് ചെയ്യൂ…എന്നിട്ടിവിടെ നിന്നും ഓടിപ്പോകൂ…’
‘എനിക്ക് സാധിക്കില്ല, എന്റെ മകള്‍. ഞാന്‍ എങ്ങനെ…?
‘അച്ഛന്‍ അത് ചെയ്തില്ലെ ങ്കില്‍, അവര്‍ എന്റെ മാറിടം മുറിക്കും… കരോ ബാപ്പുജീ..
കരോ…..
ബല്‍വന്തിന്റെ വാള്‍ ലജ്ജോയുടെ കഴുത്തില്‍ തട്ടി….
ലജ്ജോയുടെ തല കിണറ്റിലേക്ക് ഉരുട്ടിയിട്ടു.
അവളുടെ തലയില്ലാത്ത ശരീരവും കിണറ്റിന്റെ ആഴങ്ങളിലേക്ക് എടുത്തിട്ടു. ഇനി ആ ചെന്നായക്കൂട്ടത്തിന് അവളെ ഒന്നു തൊടാന്‍ പോലും സാധിക്കില്ല. അവള്‍ എന്നെന്നേക്കുമായി സ്വതന്ത്രയായി.
അടുത്തത് രാജ്ജോയുടെ ഊഴമായിരുന്നു.
പിന്നെ ഭാഗോ.
പിന്നെ പരോ.
പിന്നെ ഗായോ.
പിന്നെ ഇഷോ.
ഒടുവില്‍, ഉര്‍മിയും
ആ അച്ഛന്‍ ഓരോരുത്തരുടെയും നെറ്റിയില്‍ ചുംബിക്കുകയും അടുത്ത തല എടുക്കുകയും ചെയ്്തു.
1947 സപ്തംബര്‍ 18 ന് ബല്‍വന്ത് തന്റെ ഏഴു പെണ്‍മക്കളെ മോചിപ്പിച്ചു. മതമുദ്രാവാക്യം വിളിക്കുന്ന ജനക്കൂട്ടം സപ്തസഹോദരികള്‍ക്ക് വളരെ അടുത്തെത്തിയിരുന്നു. പക്ഷേ, അവരെ രക്ഷിക്കാന്‍ അവരുടെ പിതാവിന് സാധിച്ചു. ആ സഹോദരിമാര്‍ക്ക് മാനം നഷ്ടപ്പെട്ടില്ല..അവരുടെ മാറിടത്തിനു കേടു പറ്റിയില്ല…അവര്‍ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കിട്ടി.
പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോലും സുരക്ഷിതമല്ലാത്തതിനാല്‍ ചേതനയറ്റ അവരുടെ ഉടലുകള്‍ കിണറ്റിനടിയിലേക്ക് വലിച്ചെറിഞ്ഞു ആ അച്ഛന്‍…
ഗുരുദ്വാരയുടെ കവാടങ്ങള്‍ തകര്‍ന്നിരുന്നു. ഹിന്ദു-സിഖുകാരുടെ വാളുകള്‍ നിരവധി തവണ ഉയര്‍ന്നുതാണു..ഒരു പാട് അക്രമികളെ അവര്‍ തുണ്ടം തുണ്ടമാക്കി. നിരവധി ഹിന്ദു-സിഖുകാരും കൊല്ലപ്പെട്ടു. ഒരു വലിയ പ്രതിരോധം ഉയര്‍ന്നു. ഈ ഭൂമി ഇപ്പോഴും സര്‍ദാര്‍ ഹരി സിംഗ് നാല്‍വയ്ക്കും റാമിനും അവകാശപ്പെട്ടതാണെന്ന് ഗുജ്‌റന്‍വാല സ്വദേശികള്‍ അവസാനമായി കാണിച്ചു കൊടുത്തു.
‘പ്രഭാവതീ, ലാല ജഗ്ജീവന്റെ വാഹനം ഗുരുദ്വാരയുടെ പിന്‍ഗേറ്റില്‍ കാത്തിരിക്കുന്നു. കഴിയുന്നത്ര സ്ത്രീകളെയും കുട്ടികളെയും അദ്ദേഹത്തോടൊപ്പം അയക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നു. എല്ലാ സ്ത്രീകളെയും കുട്ടികളെയും അവിടെക്ക് കൊണ്ടുപോകുക. ബല്‍വന്ത് ഭാര്യയോടു പറഞ്ഞു.
ബല്‍ദേവ്! നിങ്ങള്‍ അമ്മയോടൊപ്പം പോകണം’.
ബല്‍ദേവ് നിശബ്ദമായി തലയാട്ടി…..
‘പക്ഷേ ലാലാജീ…നിങ്ങള്‍? ഞാന്‍ നിങ്ങളില്ലാതെ പോകില്ല….’പ്രഭാവതി ദയനീയമായി ഭര്‍ത്താവിനെ നോക്കി..
‘ബല്‍ദേവും നിങ്ങളും ഇന്ത്യയിലെത്തണം. ഞാനും വരും.’
‘എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളോടൊപ്പം വരാത്തത്?’
‘പ്രഭാവതീ…നീ ബല്‍ദേവിനോടു കൂടെ പോകുന്നു….ഞാന്‍ അടുത്ത ഊഴത്തില്‍ വരും. കുറച്ചു പേര്‍ നിങ്ങളെ സ്റ്റേഷനിലേക്ക് അനുഗമിക്കും…..’
ബല്‍വന്ത് പ്രഭാവതിയുടെ നെറ്റിയില്‍ ചുംബിച്ചു.. അവളുടെ നിറവയറില്‍ സ്നേഹത്തോടെ തലോടി….ബല്‍ദേവിനെ കെട്ടിപ്പിടിച്ചു….
‘ഉം…..വേഗം പുറപ്പെടൂ….’
പ്രഭാവതിയും ബല്‍ദേവും കയറിയ വാഹനം സ്റ്റേഷനിലേക്ക് കുതിച്ചു..
ബല്‍വന്തിന് സമനില നഷ്ടപ്പെട്ടു. കൂടുതല്‍ ഭീകരമായ കാര്യങ്ങളില്‍ നിന്ന് രക്ഷിക്കാനായി ഏഴുപേരെ…സ്വന്തം മക്കളെ … കൊന്ന ഒരേയൊരു പിതാവായിരിക്കാം അദ്ദേഹം. വിറയ്ക്കുന്ന കാലുകളുമായി അദ്ദേഹം കിണറ്റിനരികിലേക്ക് ചെന്നു….എന്നിട്ടലറി: ”രണ്ട് കുട്ടികള്‍ക്ക് അവരുടെ അമ്മ കൂടെ ഉണ്ട്. ഇവിടെ ഈ ഏഴു കുട്ടികള്‍ക്ക് അച്ഛന്‍ കൂടെ ഉണ്ടായിരിക്കണം. ജയ് ശ്രീകൃഷ്ണ.. ‘
ബല്‍വന്ത് വാളു കൊണ്ട് സ്വയം ആഞ്ഞുകുത്തിക്കൊണ്ട് കിണറ്റിലേക്ക് എടുത്തു ചാടി.
ആ മനുഷ്യന്‍ ഏഴു പദ്മിനിമാരെ സമൂഹത്തിന് നല്‍കി.
നാനാജിക്ക്് കരച്ചില്‍ നിര്‍ത്താന്‍ സാധിച്ചില്ല. എനിക്കും…
‘ഇതെല്ലാം നാനാജിക്ക് എങ്ങനെ അറിയാം?’ ഞാന്‍ ചോദിച്ചു.
‘ബല്‍ദേവ് കോളേജില്‍ എന്റെ സുഹൃത്തായിരുന്നു’. നാനാജി മറുപടി പറഞ്ഞു.
‘അദ്ദേഹം ഇപ്പോള്‍ എവിടെയാണ്? എനിക്ക് അദ്ദേഹത്തെ കാണണം.’
‘അദ്ദേഹം മരിച്ചു.’
അന്ന് രാത്രി ഞാന്‍ ഒരുപാട് കരഞ്ഞു. എന്നാല്‍ പെട്ടെന്ന്, എന്റെ സീനിയറുടെ വാക്കുകള്‍ ഞാന്‍ ഓര്‍ത്തു ‘നിങ്ങളുടെ മുത്തച്ഛനോട് ചോദിക്കൂ, പണത്തിന് അദ്ദേഹത്തിന്റെ കുടുംബത്തെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നോ എന്ന്?’.
ഞാന്‍ നേരെ നാനാജിയുടെ മുറിയിലേക്ക് ചെന്നു. അവിടെ അദ്ദേഹത്തിന്റെ രേഖകളും വസ്തുക്കളും സൂക്ഷിച്ചിരുന്നു. ഞാന്‍ പതുക്കെ നിശബ്ദമായി ലോക്കര്‍ തുറന്നു.
ഒരു കൗമാരക്കാരന്റെ ഫോട്ടോ അതില്‍ ഉണ്ടായിരുന്നു. പുഞ്ചിരിക്കുന്ന ഏഴു സഹോദരിമാരും മാതാപിതാക്കളും അവന്റെ കൂടെ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. സൂര്യന്റെ ഏഴ് കിരണങ്ങള്‍ പോലെ…
—–
പാകിസ്ഥാന്‍ രൂപീകരണത്തോടെ ഞങ്ങള്‍ക്ക് 28 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. എന്റെ മുത്തച്ഛനും അദ്ദേഹത്തിന്റെ സഹോദരന്മാരും സഹോദരിമാരും അവരുടെ കുടുംബങ്ങളും കൊല്ലപ്പെട്ടു. എല്ലാവരും പാകിസ്ഥാനിലെ ഗുജ്‌റന്‍വാലയില്‍ നിന്നുള്ളവരായിരുന്നു. ഇതെല്ലാം നടന്നത് ലാ ഇലാഹ് ഇല്ലള്ളയുടെ പേരിലാണ്. അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല എന്നു പറഞ്ഞ്…
ദില്ലിയിലെ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരല്ല ഇരകള്‍. ഞാനാണ് ഇര. അഫ്ഗാനിസ്ഥാനിലെ, പാകിസ്ഥാനിലെ, ബംഗ്ളാദേശിലെ മതഭ്രാന്തന്‍ പ്രദേശങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്…അവര്‍ ഏറ്റവും ക്രൂരമായ മത പീഡനങ്ങള്‍ക്ക് ഇരയാകുന്നു. അവരാണ് ഇരകള്‍.. അവരെ രക്ഷിക്കേണ്ടതുണ്ട്.
നമ്മള്‍ ഒരുപാട് മുന്നോട്ട് പോയി. എന്നാല്‍ ഇന്ത്യയിലെ പാക് പ്രേമികള്‍ അങ്ങനെയല്ല. ചരിത്രത്തില്‍ നിന്ന് ഏകപക്ഷീയമായി മുന്നേറുന്നത് അപകടകരമാണെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു. ഇതിന് അക്രമികളെ ഇരകളാക്കാനും തിരിച്ചും സാധിക്കും. അതിനാല്‍ എല്ലാവരും മുന്നോട്ട് പോകുന്നത് വരെ ഇപ്പോള്‍ മുതല്‍ മുന്നോട്ട് പോകരുത്.
യുഎസിലെ ഒരു ശാസ്ത്രജ്ഞനായ എന്റെ ഉറ്റ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത് എഴുതിയത്. ഇത് അദ്ദേഹത്തിന്റെ കഥയാണ്. ഇത് സാധാരണക്കാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കുറച്ച് സൃഷ്ടിപരമായ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുണ്ട്.. പക്ഷേ… യാഥാര്‍ത്ഥ്യം ഇതിനേക്കാള്‍ ഭീകരമാണ്.
ലേഖകന്‍ ബോംബെ ഐ.ഐ.ടിയില്‍ പഠിച്ചു. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ പഠിപ്പിക്കുന്നു.
(വിവര്‍ത്തനം : മനു)