പ്രതിച്ഛായയില്‍
മനസ്സിന്റെ നിറമുണ്ടോ?
വര്‍ണാഭമെങ്കിലും
ചിതറിയ രക്തവര്‍ണത്തില്‍
കടും വേദനയുടെ
പാടുകള്‍ കെട്ടുപിണഞ്ഞിട്ടുണ്ട്.
പച്ചപ്പിന്റെ പ്രതീക്ഷ വെറുതെ.
ആസക്തിയുടെ
പിടിയില്‍ നിന്ന്
കുതറിമാറാന്‍
ശ്രമിക്കുമ്പോഴൊക്കെ
പെയ്‌തൊഴിഞ്ഞ
പകയില്‍
നനഞ്ഞു കുതിര്‍ന്ന
ആത്മാക്കള്‍ സാന്ത്വനിപ്പിക്കാന്‍
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
ഓര്‍മകള്‍ ഒടുവിലത്തെ
പാലവും കടന്ന്
തിരിഞ്ഞു നോക്കുമ്പോള്‍
വിറയാര്‍ന്ന കൈകള്‍
ആകാശത്തേക്ക്
നീണ്ടുപോകുമ്പോലെ!
കണക്കുതീര്‍ത്ത്
സന്ധ്യ കൂടണയുകയാണ്.
പ്രതിച്ഛായ പിന്നെയും
ആരെയോ കാത്ത്
നിഴലിനോട് കൂട്ടുകൂടി
വഴിയില്‍ നില്‍ക്കുകയാണ്,
ആരും അരികത്തേക്ക്
ചെല്ലുന്നില്ല.
അതുകണ്ട് കിളികള്‍
പരിഹസിച്ച് പറന്നുപോകുന്നു.






















