പഴയ തലമുറയ്ക്കുള്ള ഫുട്‌ബോള്‍ ഭ്രാന്ത് ഇപ്പോള്‍ കേരളത്തിലില്ല. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ജയിച്ചപ്പോള്‍ കേരള ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് അവധി കൊടുത്തത് തീരെ ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ ഓര്‍മ്മയിലുണ്ട്. അന്നത്തെ ആകാശവാണി കമന്ററിയില്‍ നാഗവള്ളി ആര്‍.എസ്. കുറുപ്പ് ക്യാപ്റ്റന്‍ ടി.കെ.എസ് മണിയേയും ഗോളി വിക്ടര്‍ മഞ്ഞിലയേയും നജിമുദീനേയുമൊക്കെ വാനോളം പുകഴ്ത്തിയത് ഓര്‍മയുടെ ഒരറ്റത്തുണ്ട്. ജി.വി. രാജ ട്രോഫി കാണാന്‍ തിങ്ങിക്കൂടിയ ആളുകളുടെ ഭാരം കൊണ്ട് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ താല്‍ക്കാലിക പവലിയന്‍ തകര്‍ന്നതും കാണികളില്‍ ചിലര്‍ മരിച്ചതും കുറച്ചു പേര്‍ക്കു പരുക്കേറ്റതുമൊക്കെ ഇപ്പോഴും മനസ്സില്‍ പച്ച പിടിച്ചുനില്‍ക്കുന്നു. 2012 ഓടുകൂടി നിലച്ചുപോയ ഇന്ത്യയുടെ ഒരേ ഒരു ഇന്റര്‍ നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായിരുന്ന നെഹ്‌റു ട്രോഫി ഫുട്‌ബോളും ചിലപ്പോഴൊക്കെ കേരളത്തിലേക്ക് എത്തിനോക്കിയ സന്ദര്‍ഭങ്ങളില്‍ നമ്മുടെ നാട്ടില്‍ വലിയ ഫുട്‌ബോള്‍ ഭ്രമം പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഐ.എസ്.എല്ലും കേരള ബ്ലാസ്റ്റേഴ്‌സുമൊക്കെയുണ്ടെങ്കിലും പഴയ കളിഭ്രാന്ത് കാണാനില്ല. മലപ്പുറം ജില്ലയില്‍ മാത്രമാണിപ്പോള്‍ കുറച്ചെങ്കിലും ആവേശം കാണുന്നത്.
ക്രിക്കറ്റിന്റെ അമിത പ്രചാരവും മാധ്യമങ്ങള്‍ അതിനു നല്‍കുന്ന വലിയ പ്രചാരവുമാണ് ഒരുകാലത്ത് കേരളത്തിന്റെ നാട്ടിന്‍പ്പുറങ്ങളെ ആവശേഭരിതമാക്കിയിരുന്ന വോളിബോള്‍, ഫുട്‌ബോള്‍, ഗുസ്തി എന്നിവ അപ്രസക്തമാകാന്‍ കാരണം. ഗുസ്തിയിലെ വലിയ താരമായിരുന്ന കേരള ഗാമ മണക്കാട്ടു നാരായണ പിള്ളയുടെ വീരചരിതങ്ങള്‍ പഴയ തലമുറ പറഞ്ഞാസ്വദിക്കുന്നതു മാത്രമേ ഞങ്ങളുടെ തലമുറയ്ക്ക് അറിയാമായിരുന്നുള്ളൂ. വോളിബോളില്‍ അത്ഭുതം വിരിയിച്ച സുലൈമാന്‍ (ഇദ്ദേഹം ജനിച്ചത് പണ്ടു കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയില്‍ ആയിരുന്നു. ഇന്റര്‍ നാഷണല്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള വോളി ബോളിലെ ഈ അതുല്യ പ്രതിഭയെക്കുറിച്ച് നമുക്കിപ്പോള്‍ കേട്ടറിവു മാത്രമേയുള്ളൂ. ഇന്റര്‍നെറ്റിലും ഒന്നും ലഭ്യമല്ല). പപ്പന്‍ (ടി.ഡി. ജോസഫ്), ജിമ്മി ജോര്‍ജ്ജ് എന്നിവരെല്ലാം പുതിയ തലമുറയ്ക്ക് അപരിചിതരായിക്കഴിഞ്ഞിരിക്കുന്നു. കളി എന്നാല്‍ ക്രിക്കറ്റ് മാത്രമായിത്തീര്‍ന്നിരിക്കുന്നു.
കേരളത്തിലേയ്ക്ക് ടെലിവിഷന്‍ കടന്നുവന്ന എണ്‍പതുകളില്‍ ലോകം ഫുട്‌ബോളില്‍ നിന്നു പെലേ എന്ന എഡ്‌സണ്‍ അരാന്റസ് ഡോ. നാസിമെന്റൊ വിരമിച്ചു കഴിഞ്ഞിരുന്നു. അന്നു ഫുട്‌ബോള്‍ ടെലിവിഷനില്‍ കണ്ടു ശീലിച്ച തലമുറയ്ക്ക് പ്രിയങ്കരന്‍ മറഡോണ ആണ്. അതിനു കാരണം ആ തലമുറ കണ്ടുതുടങ്ങിയത് മറഡോണയുടെ തകര്‍പ്പന്‍ കളിയായിരുന്നു. അതുകൊണ്ടുതന്നെ ലോകത്തിനു പെലേയെക്കാള്‍ പ്രിയങ്കരനായി മറഡോണ മാറി. എന്നാല്‍ ലോകം ഇന്നു കളിക്കുന്ന ഫുട്‌ബോളിലെ പല തന്ത്രങ്ങളും ആദ്യമായി ആവിഷ്‌ക്കരിച്ച പ്രതിഭ എന്ന നിലയില്‍ പെലേയുടെ പ്രസക്തി ഒരിക്കലും കുറയുന്നില്ല. എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍ എന്ന സ്ഥാനം വോട്ടെടുപ്പുകളില്‍ നേടിയത് മറഡോണയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അര്‍ഹന്‍ പെലേ തന്നെയാണ് അക്കാര്യത്തില്‍ സംശയമേതുമില്ല.
മാതൃഭൂമിയുടെ വിഷുക്കഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ പ്രവാചകന്റെ മരണം (രചന: ഷാഫി പൂവത്തിങ്കല്‍) പറയുന്നത് ഒരു പഴയ ഫുട്‌ബോള്‍ മത്സര പ്രവാചകന്റെ കഥയാണ്. എന്റെ വായനയെ കഥ തെല്ലും സന്തോഷിപ്പിച്ചില്ലയെങ്കിലും ഈ തലമുറയിലെ ഒരു കുട്ടി പെലേയെക്കുറിച്ചും അന്നത്തെ കളികളെക്കുറിച്ചുമെല്ലാം എഴുതുന്നു എന്നാലോചിച്ചപ്പോള്‍ സന്തോഷം തോന്നി. കഥയുടെ വിധികര്‍ത്താക്കളായ അംബികാസുതന്‍ മങ്ങാടും പ്രിയ എ.എസും സന്തോഷ് ഏച്ചിക്കാനവുമൊക്കെ ഏകദേശം എന്റെ തലമുറയോട് പ്രായം കൊണ്ടുചേര്‍ന്നു നില്‍ക്കുന്നവരാകയാല്‍ എനിക്കു തോന്നിയ അതേ ഗൃഹാതുരത്വമാവണം അവര്‍ക്കും ഈ കഥയോടു തോന്നിയിട്ടുണ്ടാവുക. അതാവണം സമ്മാനം നല്‍കാന്‍ അവരെ പ്രേരിപ്പിച്ചത്. എന്നാല്‍ സമ്മാനാര്‍ഹമാകാനുള്ള പ്രത്യേകതയൊന്നും ഈ കഥയ്ക്കില്ല എന്നു പറയാതെ വയ്യ. വിധികര്‍ത്താക്കളുടെ കൂട്ടത്തില്‍ സന്തോഷ് എനിക്കു പ്രിയപ്പെട്ട ചെറുകഥാകൃത്താണെങ്കിലും മൂവരും നല്ല വിലയിരുത്തലല്ല നടത്തിയിരിക്കുന്നത് എന്നു നിസ്സംശയം പറയാം. ബാഹ്യ ഇടപെടലുകള്‍ ഉറപ്പായും അവരുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഗുജറാത്തിലെ വിവാദപുരുഷനും രാജ്യവിരുദ്ധശക്തികളുമായി ചങ്ങാത്തത്തിലുമായിരുന്ന പോലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ഒരിക്കല്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരു മുസ്ലീംപോലുമില്ല എന്നതില്‍ എനിക്കു ലജ്ജ തോന്നുന്നുവെന്ന്. അതിനു മറുപടി നല്‍കിയ ഹര്‍ഭജന്‍സിംഗ് കളിക്കാര്‍ നന്നായി കളിക്കാറുണ്ടോ എന്നല്ലാതെ അവരുടെ മതമോ ജാതിയോ പരിഗണിക്കാറില്ല എന്നാണ് പറഞ്ഞത്. അതുതന്നെയാണു വേണ്ടത്, കളികളില്‍ ഇന്ത്യ ജയിക്കാന്‍ തക്കരീതിയില്‍ മിടുക്കന്മാരെ തെരഞ്ഞെടുക്കണം എന്നല്ലാതെ അവരുടെ ജാതിയോ മതമോ ഒരിക്കലും പരിഗണനാ വിഷയമാകാന്‍ പാടില്ല. സെയ്ദ് കിര്‍മാനി, പട്ടൗഡി, അഷറുദീന്‍ തുടങ്ങി ആവിഭാഗത്തില്‍ നിന്നുള്ള പലരും ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്. ക്യാപ്റ്റന്റെ ചുമതല പോലും വഹിച്ചിട്ടുണ്ട്. ഒരു മതേതര രാജ്യമായ ഇന്ത്യയില്‍ അത്തരം വിഭാഗീയതകള്‍ ഒരിക്കലും ഉണ്ടാകാറില്ല. എന്നാല്‍ പാക് ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന രണ്ടാമത്തെ ഹിന്ദു കളിക്കാരനായിരുന്ന ഡാനിഷ് കനേരിയ തനിക്കു നേരിടേണ്ടി വന്ന വിവേചനങ്ങളെക്കുറിച്ച് വേദനയോടെ പലപ്പോഴും എഴുതിയിട്ടുണ്ട്. ഒടുവില്‍ വിവേചനം താങ്ങാനാവാതെ അദ്ദേഹത്തിന് അമേരിക്കയിലേക്ക് കുടിയേറേണ്ടിയും വന്നു.
സഞ്ജീവ് ഭട്ട് നമ്മുടെ രാഹുല്‍ ഈശ്വറിനെപ്പോലെ പണം കിട്ടിയാല്‍ ആര്‍ക്കെതിരേയും എന്തും പറയാന്‍ മടിക്കാത്ത ഒരു ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം മുകളില്‍ നടത്തിയ പ്രസ്താവനയില്‍ നിന്നു തന്നെ എത്രമാത്രം അപകടകരമായ രാജ്യവിരുദ്ധത പേറുന്ന വ്യക്തിയാണദ്ദേഹം എന്നു മനസ്സിലാകും. കലയിലോ സാഹിത്യത്തിലോ കായിക വിനോദങ്ങളിലോ ഒന്നും സംവരണം നടപ്പാക്കാന്‍ കഴിയില്ല. അവിടെ കഴിവാണ് മാനദണ്ഡം. എതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ നിന്ന് കലാകാരന്മാരെ അല്ലെങ്കില്‍ കായിക താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരണം എന്നു പറയുന്നതെല്ലാം വര്‍ഗീയതയാണ്. സ്വതന്ത്രമായി ഒരുതരത്തിലുമുള്ള വിഭാഗീയതകളില്ലാതെ എല്ലാവര്‍ക്കും അവസരങ്ങളുണ്ടാവുക എന്നല്ലാതെ ആരെയും പ്രത്യേകം പ്രോത്സാഹിപ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍ തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ ഏതെങ്കിലും വിഭാഗം പിന്നാക്കം പോയാല്‍ അവര്‍ക്ക് ആ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കഴിയുന്നതുവരെ സംവരണം നല്‍കുന്നതില്‍ തെറ്റില്ല. കാരണം വിശപ്പിനു മതമില്ല. ആര്‍ക്കും വിശപ്പില്ലാത്ത സമൂഹ സൃഷ്ടിയാവണം രാജ്യത്തിന്റെ ലക്ഷ്യം.
കേരളത്തില്‍ കുറച്ചുകാലമായി കാണുന്ന കലാസാഹിത്യമേഖലയിലെ സംവരണത്തെ എതിര്‍ത്ത് ഇല്ലാതാക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷമാണ് ഈ സംവരണം കൊണ്ടു നടക്കുന്നതെങ്കിലും ഇതു തുടങ്ങിവച്ചത് പഴയകാല നിരൂപകനും അധ്യാപകനുമായിരുന്ന എം.പി. പോളാണ്. കേരളത്തിലെ സാഹിത്യമെല്ലാം ഹൈന്ദവ പശ്ചാത്തലത്തിലുള്ളതാണെന്നും അതിനെ മാറ്റിമറിക്കണമെന്നും ആദ്യം അഭിപ്രായപ്പെട്ടത് പോള്‍ ആയിരുന്നു. അതിനായി അദ്ദേഹം ഉയര്‍ത്തിക്കൊണ്ടു വന്ന എഴുത്തുകാരനായിരുന്നു ബഷീര്‍. കാര്യമായ സാഹിത്യ ഗുണമൊന്നുമില്ലാതിരുന്ന ബഷീറിന്റെ രചനകളെ ‘ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേട് വക്കില്‍ രക്തം പൊടിഞ്ഞിരുന്നു’ എന്നൊക്കെ വളരെ ആലങ്കാരികമായി അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ; സാഹിത്യത്തിലെ ന്യൂനപക്ഷ സംവരണം. ഹൈന്ദവമെന്ന് പോള്‍ തെറ്റിദ്ധരിച്ച സംഗതികള്‍ വാസ്തവത്തില്‍ മതപരമല്ലായിരുന്നു. അതിവിടെ നിലനിന്ന പൊതുജീവിതരീതിയും സംസ്‌കാരവുമായിരുന്നു. ആ സംസ്‌കാരത്തിന് ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും പാഴ്‌സിക്കുമൊക്കെ തുല്യാവകാശമുണ്ട്.
പോള്‍ അവതരിപ്പിച്ച ആ തെറ്റിദ്ധാരണ കേരളത്തില്‍ ഇന്നും തുടരുന്നുണ്ട്. മാതൃഭൂമിയുടെ വിഷുക്കഥാ മത്സരത്തില്‍ ആ സംവരണതത്വം പാലിച്ചിരിക്കുന്നത് സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാകും. എല്ലാ മതവിഭാഗങ്ങളേയും തൃപ്തിപ്പെടുത്തിയാലേ വാരിക വിറ്റു പോവുകയുള്ളൂ എന്ന് അതിന്റെ ഉടമകള്‍ കരുതുന്നുണ്ടാവും. ആദ്യ സമ്മാനം തീരെ സാഹിത്യഗുണമില്ലാത്ത ഷാഫി പൂവത്തിങ്കലിന്റെ കഥയ്ക്ക്. പിന്നെ ശ്രീകണ്‌ഠേശ്വര പദ്മനാഭപിള്ളയെക്കുറിച്ചെഴുതിയ ‘ശബ്ദതാരാവലിയിലെ അരണ’ എന്ന കഥയ്ക്ക് (രചന അദ്വൈത് പി.ആര്‍). മൂന്നാം സ്ഥാനം ക്രൈസ്തവ പശ്ചാത്തലത്തിലെഴുതിയ ‘ശോശായുടെ പെഴപ്പു’കള്‍ക്ക് (രചന: ആദര്‍ശ് ഇ.) മൂന്നു കഥയ്ക്കും വലിയ മേന്മയൊന്നുമില്ല. കൂട്ടത്തില്‍ ശ്രീകണ്‌ഠേശ്വരത്തെ കൂടി ഓര്‍മ്മിച്ചതിനു നന്ദി പറയണം. സ്വന്തം ജീവിതം തന്നെ വലിച്ചെറിഞ്ഞ് ഒരു മനുഷ്യന്‍ നടത്തിയ പരിശ്രമമാണ്. നമ്മുടെ ജീവഭാഷയെ ഇന്നു നിലനിര്‍ത്തുന്നതു തന്നെ. ഇങ്ങനെ സംവരണപ്പട്ടികയിലെങ്കിലും ആ ധന്യാത്മാവിനു ഇടം കിട്ടിയത് നല്ല കാര്യം.
ഏപ്രില്‍ 23 ലോകപുസ്തകദിനമാണ്. ഷേക്‌സ്പിയര്‍ തുടങ്ങി ഒരു കൂട്ടം എഴുത്തുകാരുടെ ജന്മദിനവും ചരമദിനവുമാണ് ഏപ്രില്‍ 23. എല്ലാവരുടേയും പേരുകള്‍ ഇവിടെ എഴുതുന്നില്ല. കലാകൗമുദിയില്‍ (ഏപ്രില്‍ 12-19) എസ്. വിഷൈന്‍ ലാല്‍ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ‘പുസ്തകം ഏറ്റവും മികച്ച യന്ത്രം’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരിക്കുന്നു. വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് നൂറുകണക്കിന് ഉദ്ധരണികള്‍ നമ്മള്‍ കാണുന്നുണ്ട്. ലോകത്തെ മാറ്റിത്തീര്‍ത്ത വ്യക്തികളെല്ലാം വായനക്കാരായിരുന്നു എന്നു കരുതി അവരൊക്കെ നിരന്തരം വായിച്ചവരൊന്നുമല്ല. നിരന്തരം വായിച്ചവര്‍ പലപ്പോഴും കര്‍മവിമുഖരായിത്തീരുകയാണ് പതിവ്. എങ്കിലും അത്തരക്കാര്‍ വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി കണ്ടിട്ടില്ല. നിരന്തരം വായിക്കുന്നവര്‍ പൊതുവെ സംയമനമുള്ളവരായാണ് കണ്ടിട്ടുള്ളത്.
വായിക്കുന്നവരും വായിക്കാത്തവരും കാണുന്നത് രണ്ടുതരം ജീവിതമാണെന്നു പറയാം. വായിക്കാത്തവര്‍ ജീവിതത്തെ വികാരങ്ങളുടെ ആഘോഷമായിക്കാണും. വായിക്കുന്നവര്‍ ജീവിതത്തെ മാറിനിന്നു നോക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കും. അവര്‍ വികാരങ്ങളുടെ ആഘോഷത്തില്‍ സാധാരണ പങ്കാളികളാകാതെ അതിനെ കുറച്ചൊരു കൗതുകത്തോടെ നോക്കാനുള്ള ശേഷി ആര്‍ജ്ജിച്ചെടുക്കുന്നു. നല്ല പുസ്തകങ്ങള്‍ നിരന്തരം വായിക്കുന്നവര്‍ പൊതുവെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുകയോ ആത്മഹത്യ ചെയ്യുകയോ പതിവില്ല. കാരണം അവര്‍ക്കു എല്ലാകാര്യങ്ങള്‍ക്കും പിറകില്‍ ഉള്ള കാരണത്തെക്കുറിച്ചു കൂടി ചിന്തിക്കാനാവും. മൂല്യങ്ങളെ ഒരിക്കലും വൈകാരികമായി ഇത്തരക്കാര്‍ സമീപിക്കാറില്ല. പ്രായോഗികമായി നോക്കിക്കാണാനായിരിക്കും ഇവര്‍ക്കു താല്പര്യം. വായിക്കാത്തവരോ മൂല്യങ്ങളെക്കുറിച്ച് വൈകാരികമായി സംസാരിക്കുമെങ്കിലും ജീവിതത്തില്‍ അതൊന്നും നടപ്പിലാക്കാന്‍ പ്രാപ്തിയുള്ളവരുമായിരിക്കില്ല. വായിക്കുന്നവര്‍ നേരേ തിരിച്ചായിരിക്കും വലിയവായില്‍ അവര്‍ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടില്ല. എന്നാല്‍ ജീവിതത്തില്‍ അതൊക്കെ കുറച്ചെങ്കിലും പാലിക്കുന്നവരായിരിക്കും.
ജോര്‍ജ്ജ് ആര്‍.ആര്‍. മാര്‍ട്ടിന്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ഒരു പുസ്തകവും ഈ ലേഖകന്‍ വായിച്ചിട്ടില്ല. (George Raymond Richard Martin) അദ്ദേഹം മെച്ചപ്പെട്ട എഴുത്തുകാരനാണോ എന്നും അറിയില്ല. എങ്കിലും ഇന്റര്‍നെറ്റില്‍ കണ്ട വായനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു വിലയിരുത്തല്‍ സമ്പൂര്‍ണ്ണമായും ശരിയാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഏഴുഭാഗങ്ങളുള്ള ഒരു നോവല്‍ പരമ്പരയിലെ അഞ്ചാമത്തെ രചനയായ ‘അ ഉമിരല ംശവേ ഉമൃഴീി’െല്‍ ഉള്ള ഒരു വാക്യം വായനയെക്കുറിച്ച് ഇങ്ങനെ പറയുന്നു. ”A reader lives a thousand lives before he dies. The man who never reads lives only one” ഏറ്റവും കൃത്യതയാര്‍ന്നതാണ് ഈ നിരീക്ഷണം. ഒരു വായനക്കാരന്‍ തന്റെ ജീവിതകാലത്ത് അനേകം ജന്മങ്ങളിലൂടെ കയറിയിറങ്ങിപ്പോകുന്നു. അതുകൊണ്ടുതന്നെ മനുഷ്യരുടെ ചാപല്യങ്ങളെ അവര്‍ക്കു സഹതാപത്തോടെ കാണാനാവും എന്നാല്‍ വായിക്കാത്തവര്‍ തങ്ങളുടെ ഒരേയൊരു ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ തീരെ ചെറിയ ഒരു ലോകത്തെയാണു കാണുന്നത്.





















