നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് മലയാളം വാരികയില്‍ (ഏപ്രില്‍ 13) ജോസി ജോസഫ് സി. എന്നൊരാള്‍ ‘എഐ കാലത്തെ മനുഷ്യചിന്താശേഷി’ എന്നൊരു ലേഖനം എഴുതിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രായോഗിക വിനിയോഗത്തിന്റെ തുടക്കം മുതലുള്ള ചരിത്രം മുഴുവന്‍ ലേഖകന്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാലതില്‍ ഒരിടത്തും ഒരിന്ത്യന്‍ പേരുകാണാനില്ല. ഒരു ഭാരതീയന്‍ എന്ന നിലയില്‍ ശാസ്ത്ര സാങ്കേതിക മേഖല ഭാരതീയര്‍ കീഴടക്കുന്നതു കാണാനാണ് ലേഖകനിഷ്ടം. തലച്ചോറിന്റെ വിനോദമായ ചെസ്സില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഭകള്‍ ഉയര്‍ന്നുവരുന്ന രാജ്യം ഭാരത മാണ്. അതൊരു സൂചനയാണ്. വൈകാതെ ശാസ്ത്രസാങ്കേതിക രംഗങ്ങളിലും ഭാരതത്തിന്റെ പേര് എഴുതിച്ചേര്‍ക്കപ്പെടുക തന്നെ ചെയ്യും എന്നു നമുക്കു പ്രത്യാശിക്കാം. ആയുധങ്ങള്‍ ഇറക്കുമതി മാത്രം ചെയ്തിരുന്ന നമ്മുടെ രാജ്യം ഇപ്പോള്‍ അവ കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരായ അമേരിക്ക, റഷ്യ, ചൈന എന്നിവരുടെ അടുത്തെങ്ങുമെത്താന്‍ ഇപ്പോഴും നമുക്കായിട്ടില്ല. എങ്കിലും നമ്മള്‍ ആ മത്സരത്തില്‍ പങ്കാളികളായിക്കഴിഞ്ഞു. ഇനി വൈകാതെ ആ മേഖല നമ്മള്‍ കീഴടക്കുന്ന കാലവും വരുമെന്നു നമുക്കു പ്രത്യാശിക്കാം.
ബി.എസ്. രാജീവ് മലയാളത്തിലെഴുതിയിരിക്കുന്ന കവിതയാണ് കാട്ടുതേന്‍. അന്ന അഖ്മത്തോവ (Anna Akhmotova) ലോക പ്രശസ്തയായ കവിയാണ്. അവര്‍ 15 വരി മാത്രമുള്ള ‘Wild honey Smells like freedom’ എന്നൊരു കവിത എഴുതിയിട്ടുണ്ട് വലിയ ധ്വന്യാത്മകതയുള്ള ആ കവിത ഏതാണ്ടു മുഴുവനും തന്നെ ഉദ്ധരിക്കപ്പെടേണ്ടതാണ്. എങ്കിലും കുറച്ചു മാത്രം ഇവിടെ കൊടുക്കാം.
”But we learned once and for all
That blood smells only like blood
And in vain the vice-regent of Rome
Washed his hands before the people
Urged on by the ominous shouts of the rabble”
അന്നാ അഖ്മത്തോവ ഇപ്പോള്‍ ഉക്രൈനിലായിപ്പോയ ഒഡേസയില്‍ ജനിച്ച റഷ്യന്‍ കവിയാണ്. പാശ്ചാത്യകവിതകളില്‍ പൊതുവെ കാണാത്ത ധ്വനി ഈ കവിതയിലുണ്ട്. ഇവിടെ കവി സൂചിപ്പിക്കുന്ന രക്തം ക്രിസ്തുവിന്റേതും കൈകഴുകിയ റോമന്‍ റീജന്റ് ബൈബിള്‍ കഥാപാത്രമായ പീലാത്തോസുമാണ്. അതൊന്നും നേരിട്ടു പറയാതെ ഗുപ്തമായ രീതിയില്‍ കവി അവതരിപ്പിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ പെണ്‍ കവികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പേരുകളിലൊന്നാണ് അഖ്മത്തോവയുടേത്. സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിലെ ഭീകരമായ അടിച്ചമര്‍ത്തലിന്റെ കഥ പറയുന്ന Requiem (ചരമഗീതം) ലോക പ്രശസ്തമായ കവിതയാണ്. ‘മരിച്ചവര്‍ക്കു മാത്രമേ ചിരിക്കാന്‍ കഴിഞ്ഞിരുന്നുള്ളു തങ്ങളുടെ മോചനത്തിലുള്ള സന്തോഷം കൊണ്ട്’ എന്നെഴുതിയ കവിത സ്റ്റാലിന്റെ കാലത്തെ സോവിയറ്റു യൂണിയന്റെ അവസ്ഥയുടെ ക്രൂരമുഖം വരച്ചു കാണിക്കുന്നതായിരുന്നു.
I have a lot of work to do today
I need to slaughter my memory
Turn my living soul to stone
Then teach myself to live again
എന്നും
Weep not for me mother
I am alive in my grave.
എന്നുമൊക്കെ എഴുതാന്‍ അന്നത്തെ സ്റ്റാലിന്‍ ഭരണത്തിന്റെ ഭീകരത അനുഭവിച്ചവര്‍ക്കേ കഴിയൂ.
അഖ്മത്തോവ സ്റ്റാലിന്‍ ഭരണത്തിന്റെ നൃശംസതയെക്കുറിച്ചാണെഴുതിയതെങ്കില്‍ ഇവിടെ ബി.എസ്. രാജീവെന്ന കവി സ്റ്റാലിന്റെ ഒരു കൊച്ചു പതിപ്പായിരുന്ന കേരളത്തിലെ ഇടതുഭരണത്തിന്റെ മഹത്വത്തെ വാഴ്ത്താനാണ് ശ്രമിക്കുന്നത്.
‘ചുവന്ന പൂവിനെ ചവിട്ടിമെതിക്കാന്‍
കാലുതരിക്കുന്ന കുട്ടീ
കാടുകരിയാത്ത രഹസ്യം നീയറിയുന്നില്ല.’
എന്ന വരിയില്‍ ഇടതു ഭരണത്തിന്റെ അന്ത്യം കാണാന്‍ വ്യഗ്രതപ്പെടുന്നവര്‍ക്കുള്ള താക്കീത് ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ചുവന്ന പൂവ് കമ്മ്യൂണിസ്റ്റു ഭരണവും ചവിട്ടിമെതിക്കാന്‍ വെമ്പുന്ന കുട്ടി ഇന്നത്തെ കേരള ജനതയുമാണ്. കേരളത്തില്‍ ഇന്നു കാണുന്ന ഉയര്‍ന്ന കൂലിയും എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം തുടങ്ങിയ ആശ്വാസ നടപടികളുമെല്ലാം ഇടതുപക്ഷത്തിന്റെ വളര്‍ച്ചകൊണ്ടു നേടിയതാണെന്നും ഈ പക്ഷം ഇല്ലാതായാല്‍ ഇതൊക്കെ അസ്തമിക്കുമെന്നും ഈ കവിയെപ്പോലെ വിശ്വസിക്കുന്ന ധാരാളം പേര്‍ കേരളത്തിലുണ്ട്.
മുപ്പത്തിയഞ്ചു വര്‍ഷം ഇടതുപക്ഷം ബംഗാള്‍ ഭരിച്ചിട്ടും വളരെക്കാലം ത്രിപുര ഭരിച്ചിട്ടും കേരളത്തിലേതു പോലെ ഉയര്‍ന്ന കൂലിയോ തൊഴില്‍ സുരക്ഷിതത്വമോ ഉണ്ടായില്ല എന്നുമാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളായി മാറുകയും ചെയ്തു. ഇതില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുത കേരളത്തില്‍ മാത്രമുണ്ടായ സാമൂഹ്യ പുരോഗതി ഇവിടത്തെ ഇടതുപക്ഷ സാന്നിധ്യം കൊണ്ടുണ്ടായതല്ല എന്നതാണ്. രാജഭരണകാലം മുതല്‍ തന്നെയുണ്ടായ വിദ്യാഭ്യാസ വളര്‍ച്ചയും ജനാധിപത്യ സ്ഥാപനങ്ങളുടെ ഉദയവും കൊണ്ടുണ്ടായ നേട്ടങ്ങളാണിവ. കമ്മ്യൂണിസം ഒരിക്കലും പച്ച പിടിക്കാത്ത യൂറോപ്പിലും അമേരിക്കയിലും കേരളത്തിലേതിനേക്കാള്‍ എത്രയോ മടങ്ങ് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളുണ്ട്. എന്നിട്ടും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ ഇടതു പ്രസ്ഥാനമാണെന്നു പ്രചരിപ്പിക്കുന്നവരും അതു വിശ്വസിക്കുന്നവരുമുണ്ടെന്നുള്ളതു ദയനീയമാണ്. ഈ കവിയും അത്തരത്തിലൊരാളാണെന്നു വ്യക്തം.
കവികള്‍ എന്തിനെക്കുറിച്ച് എഴുതണം എന്നതിന് ഒരു നിയമം പാസ്സാക്കാനാവില്ല. എന്തിനെക്കുറിച്ചുമാവാം. ഗോപാലന്‍ അടാട്ട് എഴുതിയിരിക്കുന്ന കവിത (മലയാളം) ‘ഉടല്‍ പെരുപ്പ്’ ആണ്. പെരുക്കം എന്ന അര്‍ത്ഥത്തിലാണു കവി ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്ന് കവിത വായിക്കുമ്പോള്‍ മനസ്സിലാവും. എന്നാല്‍ ‘പെരുപ്പ്’ എന്നതിന് ‘പെരുക്കം’ എന്നര്‍ത്ഥമില്ലല്ലോ. ‘പെരുക്കുക’ എന്നത് രക്തസമ്മര്‍ദ്ദത്തിനു വ്യതിയാനമുണ്ടാവുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന ഒരവസ്ഥയാണ്. എന്നാല്‍ ‘പെരുക്കം’ എന്നതിന് ഇരട്ടിക്കല്‍ എന്നതല്ലേ അര്‍ത്ഥം. കവിതയില്‍ ആ അര്‍ത്ഥം തന്നെയാണുദ്ദേശിക്കുന്നത്. എന്നാല്‍ തലക്കെട്ട് പെരുപ്പ് ആയിപ്പോയി. കവിയ്ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റേണ്ടതാണ്.
മാതൃഭൂമിയുടെ സാഹിത്യ മത്സരത്തില്‍ സമ്മാനാര്‍ഹമായ അഞ്ച് കവിതകള്‍ ഏപ്രില്‍ 19-25 ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ കാലത്തെ കവിതയുടെ സഞ്ചാര വഴികള്‍ തിരിച്ചറിയാന്‍ ഇവ സഹായിക്കുന്നു. ആദ്യ കവിത ഒന്നാം സ്ഥാനം നേടിയ മെല്‍വിയയുടെ ‘വെള്ളത്താക്ക’ മാണ്. ‘വെള്ളത്താക്കം’ എന്നത് പത്തനംതിട്ട ഭാഗത്തുപയോഗിക്കുന്ന എന്തോ നാടന്‍ പ്രയോഗമാണെന്നു തോന്നുന്നു. കവിതയില്‍ കുറെ അടിക്കുറിപ്പുകള്‍ കൊടുത്തിട്ടുണ്ടെങ്കിലും ‘വെള്ളത്താക്ക’ ത്തിനു മാത്രം വിശദീകരണമൊന്നും കൊടുത്തിട്ടില്ല. ഒരു വെള്ളപ്പൊക്കക്കാലത്ത് കവി ഒലിച്ചുപോയതിനെ വളരെ ഒളിപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ആ ഒളിപ്പിച്ചു പറയലില്‍ മാത്രമാണ് കവിതയുള്ളത്. ബാക്കിയെല്ലാം വെറും പ്രസ്താവനകളാണ്. ആകെ രണ്ടു വാക്യങ്ങളില്‍ മാത്രമേ കവിതയുടെ സ്പര്‍ശമുള്ളൂ. വെള്ളപ്പൊക്കത്തെ ”മുകളിലത്തെ തോടും പൊറകിലത്തെ കണ്ടോം സമ്പാദിക്കുന്ന വെള്ളത്തിന്റെ വലിയ പങ്ക് ഞങ്ങടെ വീട്ടില്‍ തരും” എന്നതു കാവ്യ സ്പര്‍ശമുള്ള ആവിഷ്‌കാരമാണ്. കവിതയുടെ അന്ത്യത്തില്‍ അവനെ കോരിയെടുക്കുന്നേന്റെടേല് അമച്ചി എന്നെ മറന്നുപോയതാണോ?” എന്ന ചോദ്യത്തിലും നോവുണ്ടാക്കുന്ന കാവ്യ ധ്വനിയുണ്ട്. ഇതുരണ്ടുമൊഴിച്ചാല്‍ ബാക്കിയെല്ലാം വെറും ആത്മകഥമാത്രം.
രണ്ടു രണ്ടാം സ്ഥാനക്കാരുള്ളതില്‍ റഹീമ വാളാടിന്റെ കവിത സംവദിക്കാന്‍ മടിച്ചു നില്‍ക്കുന്നതാണ് (”നാനി നാനി യല്ലത് നാം”) ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്നു നടത്തുന്ന ആക്രമണത്തില്‍ എഴുത്തുകാരിക്കുണ്ടായ വേദന, പലസ്തീനിലെ കുട്ടികളെക്കുറിച്ചുള്ള വേദന എന്നിവയൊക്കെ കൂട്ടിച്ചേര്‍ത്താണ് കവിത സൃഷ്ടിച്ചരിക്കുന്നത്. മുപ്പതിനായിരത്തോളം ഇറാനിയന്‍ സ്ത്രീകളെ ശിരോവസ്ത്രം ധരിച്ചില്ല എന്ന കാരണത്താല്‍ അതിദാരുണമായി കൊലപ്പെടുത്തിയ ഇറാനിയന്‍ സര്‍ക്കാരിനോട് ഒരു സ്ത്രീയായിരുന്നിട്ടും ഈ കവിയ്ക്ക് ഒരു പ്രതിഷേധവുമില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഇന്ത്യയിലുണ്ടാകുന്ന സ്ത്രീ വിരുദ്ധമെന്നു തോന്നിപ്പിക്കാവുന്ന ഏറ്റവും ചെറിയ സംഭവങ്ങളില്‍ പോലും വാചാലരാകുന്ന കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ലോകത്തിലെ ഏറ്റവും സ്ത്രീവിരുദ്ധമായ ഭരണകൂടത്തിനെതിരെ ഒന്നും പറയാത്തതില്‍ ആര്‍ക്കും അത്ഭുതം തോന്നാം. ഈ ലേഖകനും അതു തോന്നുന്നുണ്ട്.
രണ്ടാം സമ്മാനം നേടിയ അടുത്ത കവിത ആദിഷ് എ.എസ്സിന്റെ ഇജ്ജത്ത് ആണ്. അതിഥിത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കുന്ന ഈ കവിതയും ഗദ്യത്തിലുള്ള ഒരു കസര്‍ത്തുതന്നെ. കുറച്ചു ഹിന്ദിയും ബംഗാളിയും ഉറുദ്ദുവും എല്ലാം കലര്‍ത്തിയൊരു കഷായം എന്നല്ലാതെ കൂടുതലൊന്നും ഈ കവിതയെക്കുറിച്ചു പറയാനില്ല. പ്രതീക്ഷ നല്‍കുന്ന ഒരു കവിതയുമില്ല. കവിത എന്നെന്നേയ്ക്കുമായി മരിച്ചു പോകുമോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് എല്ലാ കവിതകളും.
മൂന്നാം സ്ഥാനക്കാരി ഋതുപര്‍ണ ജി.എസ്സിന്റെ ‘ഉന്മാദികളുടെ പൂന്തോട്ട’ ത്തിന്റെ പേരിനെങ്കിലും ഒരു മനുഷ്യപ്പറ്റൊക്കെയുണ്ട്. കവിതയ്ക്കും ചില സൗന്ദര്യസങ്കല്പങ്ങളൊക്കെയുണ്ട്. ആദ്യ സ്ഥാനങ്ങള്‍ നേടിയെ കവിതകളേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ടത് ഈ കവിതതന്നെ. ചില ഇംഗ്ലീഷ് കവിതകളോടു സാദൃശ്യം തോന്നുന്നുണ്ടെങ്കിലും മൊത്തത്തില്‍ കാവ്യാത്മകതയുണ്ട്. ”പൂക്കളോട് ചോദിച്ചു നോക്കൂ ജയിലറയെക്കുറിച്ച് ഒന്നുമറിയില്ല. പൂമ്പാറ്റകളോടു അന്വേഷിച്ചു നോക്കൂ കോട്ടകളെക്കുറിച്ചവയ്ക്ക് കേട്ടറിവുപോലുമില്ല….” തുടങ്ങിയ വരികള്‍ക്ക് കവിതയുടെ തൂവല്‍ സ്പര്‍ശമുണ്ട്. മറ്റു കവിതകള്‍ക്കൊന്നും അതില്ല.
മറ്റൊരു മൂന്നാം സ്ഥാനക്കാരന്‍ കൂടിയുണ്ട് ”രണ്ടാം ക്ലാസില്‍ പഠിപ്പുനിര്‍ത്തിയ അമ്മായി അംഗന്‍വാടിയില്‍ ടീച്ചറായി. വിദ്യാഭ്യാസം മതിയായിരുന്നു’ എന്നെഴുതുന്ന ശഫീഖ് കാരക്കാടിന്റെ കവിത ‘അംഗന്‍വാടിയമ്മായി’യും പ്രത്യേകിച്ചൊന്നും നമുക്കു പകര്‍ന്നു തരുന്നില്ല. പക്ഷേ അതിലല്പം സാമൂഹ്യ വിമര്‍ശനമൊക്കെയുണ്ട്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ രീതി അതാണല്ലോ. പാശ്ചാത്യ രാജ്യങ്ങളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മനശ്ശാസ്ത്രധാരണയുമൊക്കെയുള്ളവരാണ് അംഗനവാടികളില്‍ പഠിപ്പിക്കുന്നതെന്ന് ആ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ചിലര്‍ എഴുതിക്കണ്ടിട്ടുണ്ട്. സംഗതി സത്യമാണോ എന്നറിവില്ല. വിദ്യാഭ്യാസത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള വേദിയായി മാ ത്രം കാണുന്ന കേരളത്തില്‍ രണ്ടാം ക്ലാസ്സില്‍ പഠിപ്പുനിര്‍ത്തിയ ആള്‍ അംഗന്‍വാടി ടീച്ചറായാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. നമ്മുടെ വിദ്യാഭ്യാസം പ്രത്യേക ലക്ഷ്യങ്ങള്‍ക്കു വേണ്ടി കരുപ്പിടിപ്പിച്ചതല്ല. പ്രത്യേക താല്പര്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ്.






















