മൃത്യുവിനധീനനാണ് മനുഷ്യന്‍ എന്നത് വാസ്തവമാണ്. മനുഷ്യരാശിയുടെ ചരിത്രമാകട്ടെ, പലപ്പോഴും ആ അധീനതതയില്‍ നിന്നുള്ള പോരാട്ടത്തിന്റെ ചരിത്രമായിരുന്നു. വിദൂര ഭൂതകാലത്തിലേക്ക് തിരോഭവിച്ച മായന്‍സംസ്‌കാരത്തിന്റെ ശേഷിപ്പുകളോ, ഈജിപ്തിലെ മമ്മികളോ, കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന ഏതെങ്കിലും കലാസൃഷ്ടികളോ ആകട്ടെ, അതെല്ലാം വാസ്തവത്തില്‍ നിത്യതക്കായുള്ള വാഞ്ഛയുടെ സാക്ഷ്യമത്രെ. ആധുനിക കാലത്തും നിത്യതക്കായുള്ള ആ പോരാട്ടം മനുഷ്യന്‍ തുടരുന്നുണ്ട്. 2039 ആകുന്നതോടെ അമരത്വം കൈവരിക്കും; അതായത് മരണത്തേയും അതിജീവിക്കുമെന്ന ബ്രയാന്‍ ജോണ്‍സന്റെ അവകാശം അതിന്റെ സാക്ഷ്യമാകുന്നു. പ്രായം കൂടുന്നത് തടയാനും യുവത്വം കാത്തുസൂക്ഷിക്കാനുമായി കോടികള്‍ ചെലവിട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ശതകോടീശ്വരനാണ് ബ്രയാന്‍ ജോണ്‍സണ്‍.
മൃതുവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ജീവിതവിരുന്നില്‍ സദാ മൗനമായി നില്‍ക്കുന്ന അതിഥിയാണത് എന്നാണ് തോന്നുക. ആതിഥേയനെ സദാ ഭയപ്പെടുത്തുന്ന സാന്നിധ്യം. സദാ അരികിലുണ്ടെങ്കിലും ആരും ശ്രദ്ധിക്കാന്‍ താല്പര്യപ്പെടാത്ത ഒന്ന്. അതിനാല്‍ തന്നെ ബ്രയാന്‍ ജോണ്‍സന്റെ പരീക്ഷണത്തെ തമാശയായി കാണുക വയ്യ. വാസ്തവത്തില്‍, മൃത്യു എന്ന അനിവാര്യതയോട് മുഖാമുഖം നില്‍ക്കാന്‍ മനുഷ്യന് രണ്ടേ രണ്ടു മാര്‍ഗങ്ങളേയുള്ളു. അതിലൊന്നാണ് ബ്രയാന്‍ ജോണ്‍സന്‍ പിന്തുടരുന്ന, മരണത്തെ ശാസ്ത്രീയ പ്രശ്‌നമായി കണ്ട്, അതിന്റെ അല്‍ഗോരിതം തിരുത്തി ജൈവികനിത്യതയിലേക്കു നീങ്ങാനുള്ള ആധുനിക സാങ്കേതികതയുടെ മാര്‍ഗം.
കൗതുകകരമെന്നു പറയട്ടെ, രണ്ടാമത്തെ മാര്‍ഗത്തെ സംഭാവന ചെയ്തത് കിഴക്കിന്റെ മണ്ണാണ്. മൃത്യുവിനെ ഗുരുവായി സ്വീകരിച്ച്, അതില്‍ നിന്ന് ജീവിതസത്യം കടഞ്ഞെടുക്കാനുള്ള ദാര്‍ശനിക അന്വേഷണമാണത്. ബ്രയാന്‍ ജോണ്‍സണെ പോലെ തീവ്രമായാണ് കഠോപനിഷത്തിലെ നചികേതസ്സും മൃത്യുരഹസ്യം ചികയുന്നത്. ജനിമൃതികളുടെ രഹസ്യത്തിനു പകരമായി ദീര്‍ഘായുഷ്മാന്മാരായ മക്കളെയോ, പേരക്കിടാങ്ങളെയോ, സ്വര്‍ണ്ണത്തെയോ, അശ്വങ്ങളെയോ, സമ്പദ് സമൃദ്ധമായ രാജ്യത്തെയോ, നിത്യം സേവിക്കുന്ന സുന്ദരിമാരെയോ ആവശ്യപ്പെടാന്‍ യമന്‍ നചികേതസ്സിനെ പിന്നെയും നിര്‍ബ്ബന്ധിക്കുന്നുണ്ട്. ധര്‍മ്മാധര്‍മ്മങ്ങളേയും, സ്രഷ്ടാസൃഷ്ടങ്ങളേയും, കാലങ്ങളേയും അതിലംഘിച്ചു നില്‍ക്കുന്നതെന്താണെന്ന ചോദ്യത്തില്‍ നിന്ന് പക്ഷേ, നചികേതസ്സ് പിന്നോട്ട് പോകുന്നതേയില്ല.
വിരുദ്ധമെന്ന് തോന്നാമെങ്കിലും, ലക്ഷ്യത്തിലൊന്ന് തന്നെയായ രണ്ടു പാതകളുടെ പ്രതിനിധികളാണ് കഠോപനിഷത്തിലെ നചികേതസ്സും, ബയോടെക് യുഗത്തിലെ ബ്രയാന്‍ ജോണ്‍സണും. അവരുടെ അന്വേഷണം രണ്ടു വ്യക്തികളുടെ കഥകളല്ല, മനുഷ്യരാശിയിലെ രണ്ടു വിഭാഗങ്ങളുടെ, രണ്ടു സംസ്‌കാരങ്ങളുടെ, രണ്ടു കാലങ്ങളുടെ ദാര്‍ശനിക പ്രതികരണത്തിന്റെ തലമാണത്. മൃത്യുവെന്ന അനിവാര്യതയോടുള്ള രണ്ടു വ്യത്യസ്ത പ്രതികരണങ്ങള്‍!
നചികേതസ്സിന്റെ കഥ തുടങ്ങുന്നത് തന്നെ ദാര്‍ശനിക പ്രശ്‌നമായാണ്. പിതൃശാപം പരീക്ഷയായി മാറുകയാണവിടെ. ബാലനായ നചികേതസ്, പ്രപഞ്ചത്തിലെ പ്രബലമായ ദാര്‍ശനിക നിയമത്തെ അനുസരിക്കുകയാണ്. ഏതൊരു സത്യത്തെ നേരിട്ടുകൊണ്ടാണോ, അതിന്റെ അപരവല്‍ക്കരണത്തെ മറികടക്കാനാകുക എന്ന പരീക്ഷയാണത്. മൃത്യുഭവനത്തിലേക്കുള്ള നചികേതസിന്റെ യാത്ര, ജിജ്ഞാസാനിര്‍ഭരമായ നിഷ്‌കളങ്കതയോടെയാണ്. യമന്റെ സന്നിധിയില്‍, ലഭിക്കുന്ന മൂന്ന് വരങ്ങളില്‍ അയാള്‍ വേള്‍ക്കുന്നതാകട്ടെ, ‘മനുഷ്യന്‍ മരിച്ചുപോയാല്‍, ചിലര്‍ പറയുന്നതുപോലെ അവന്‍ ഇനിയും ഉണ്ടാകുമോ, ഇല്ലയോ’ എന്ന രഹസ്യത്തെക്കുറിച്ചറിയണം എന്നതിനെയാണ്. വീണയുടെ തന്ത്രികളുടെ കമ്പനം നിലക്കുമ്പോള്‍ സംഗീതം എവിടെപ്പോയി മറയുന്നു? ശബ്ദരഹിതമായ ഒരു സ്വരത്തിലേക്കത് മാറുമോ? ആധുനിക കാലത്ത് ബ്രയാന്‍ ജോണ്‍സണും മറ്റൊരു വഴിയിലൂടെ അന്വേഷിക്കുന്നത്, മനുഷ്യനില്‍ ഏറ്റവും മൂലഭൂതമായ, ഏറ്റവും ആതുരമായ ഈ പ്രഹേളികയെ തന്നെയല്ലേ?. ‘എന്താണ് നാം? മരണാനന്തരം നമ്മുടെ അസ്തിത്വത്തിന്റെ സ്വഭാവമെന്താണ്?’
ഔപനിഷദ് ദര്‍ശനത്തിന്റെ സാരാംശമാകുന്നു യമന്റെ ഉത്തരം. മരണം ദാര്‍ശനികമായൊരു പരിണാമമാണന്നും, യഥാര്‍ത്ഥ മൃത്യുവെന്നത് ആത്മാവിന്റെ നിത്യസത്തയെ അറിയാതിരിക്കുക എന്നത് കൂടിയാണെന്നും യമന്‍ സ്ഥാപിക്കുന്നു. ആത്മാവാകട്ടെ ജനിക്കാത്തതും മരിക്കാത്തതുമാണ്. ഗീത പറയുംപോലെ ‘ന ഹന്യതേ ഹന്യമാനേ ശരീരേ’ കൊല്ലലും, കൊല്ലപ്പെടാത്തതും എന്നൊരു അവസ്ഥയില്ലാത്തത്. മൃത്യുവില്‍ ഹതമാകുന്ന ശരീരമാകട്ടെ കേവലമൊരു വസ്ത്രം മാത്രം. നചികേതസിന്റെ യാത്ര സാക്ഷാത്കാരത്തിലവസാനിക്കുന്നു. മരണഭയത്തിന്റെ മൂലമിരിക്കുന്നത് ശരീരനശ്വരതയെക്കുറിച്ചുള്ള ബോധത്തിലല്ല, താന്‍ ശരീരമാണെന്ന തെറ്റിദ്ധാരണയിലാണ്. ആ ദ്വൈതബോധത്തിന്റെ മരണത്തിലൂടെയേ അമരത്വമുള്ളൂ. ജ്ഞാനപരമായ അമരത്വമാണത്, ജൈവീകമായതല്ല. നിത്യതയെ കാംക്ഷിക്കുന്ന ബ്രയാന്‍ ജോണ്‍സണ്‍, തന്റെ അമരത്വമെന്നത്, ഭൗതികശാസ്ത്രസംബന്ധമായ വിഷയമല്ലെന്നു വ്യക്തമാക്കുന്നുണ്ട്. പരിണാമത്തിലൂടെ പലതവണ കൈവരിച്ച ബയോളജിക്കല്‍ എഞ്ചിനീയറിങ് സംബന്ധമായ പ്രശ്‌നമാണെന്നു ബ്രയാന്‍ കുറിക്കുകയും ചെയ്യുന്നു.
മരണഭയത്തിനുള്ള പരിഹാരം സാക്ഷാത്കാരമാണെന്നാണ് ഉപനിഷദ് ദര്‍ശനം. ശരീരത്തെ അമര്‍ത്യതയിലേക്ക് നീട്ടുന്നത് ഭയത്തെ താല്‍ക്കാലികമായി മാറ്റിവെച്ചേക്കും. പക്ഷേ, മരണമില്ലാത്ത ജീവിതം, അതിന്റെ അര്‍ത്ഥത്തെ തന്നെ ഇല്ലാതാക്കില്ലേ? ഏത് പ്രവര്‍ത്തിക്കും ആഴം നല്‍കുന്നത് അവയുടെ ക്ഷണികതയാണ്. അവസാനിക്കാമെന്ന സാധ്യതയുമാണതിനെ മനോഹരമാക്കുന്നത്. മാത്രമല്ല, അമരത്വമെന്നതൊരു സാങ്കേതിക സേവനമായി മാറിയാല്‍ അത് നിലവിലുള്ള സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെ ശതഗുണീഭവിപ്പിക്കും. ഒപ്പം അമരന്മാരുടെയും നശ്വരന്മാരുടെയും പുതിയ ജാതിവ്യവസ്ഥ തുടക്കമാകുകയും ചെയ്യും.
ബ്രയാന്‍ ജോണ്‍സണിന്റെ വഴി, മൃതുവിനെ സംബന്ധിച്ച കിഴക്കിന്റെ ഔപനിഷദിക ധാരണയെ തലകീഴായി മാറ്റുന്നുണ്ട് എന്നതും വാസ്തവം. കിഴക്കിന്റെ വീക്ഷണത്തില്‍ ബ്രയാന്‍ ജോണ്‍സണിന്റെ പരീക്ഷണങ്ങള്‍ പ്രസക്തമാകുന്നതവിടെയാണ്. ആ പരീക്ഷണങ്ങള്‍, നചികേതസ്സിന്റെ ‘മൃത്യുവിനെ അറിയുക’ എന്നതില്‍ നിന്നും ‘മരണത്തെ കീഴടക്കുക’ എന്നതിലേക്ക് പരിവര്‍ത്തനം ചെയ്ത ഒന്നാണ്. ബ്രയാന് മരണം ജൈവശാസ്ത്രപരമായ തടസ്സമാണ്. മനുഷ്യശരീരമെന്ന യന്ത്രത്തില്‍, ജനിതകം, ഉപാപചയം തുടങ്ങിയ ‘സോഫ്റ്റ് വെയറുകള്‍’ ക്രമേണ തകരാറിലാകുമ്പോള്‍ അതിനെ തിരുത്തുകയെന്നതാണ് ബ്രയാന്‍ ജോണ്‍സണിന്റെ ലക്ഷ്യം. നചികേതസ്സിന് അമരത്വം സാക്ഷാത്കാരമാകുമ്പോള്‍ ജോണ്‍സണ് അതൊരു ഉല്‍പ്പന്നമാകുന്നു. നചികേതസ്സിന്റെ പാത, സമയത്തെ ഇല്ലാതാക്കി നിത്യതയിലേക്കുള്ള ലയനമെന്നതാണ്. ജോണ്‍സണിന്റെ പാത രേഖീയസമയത്തെ അനന്തതയിലേക്ക് നീട്ടാനുള്ള സാങ്കേതിക പ്രക്രിയയും. നചികേതസ്സിന്റെയും ബ്രയാന്റെയും വഴികള്‍, മനുഷ്യാനുഭവത്തിന്റെ രണ്ട് അടിസ്ഥാന മാനങ്ങളെ പ്രസക്തമാക്കുന്നു. ജീവിതത്തിന്റെ അളവ് തേടുന്ന ജൈവിക മനുഷ്യനും, അതിന്റെ ആഴം തേടുന്ന ആത്മീയ മനുഷ്യനും എന്ന നിലയില്‍ അവര്‍ക്ക് ഒരു ഏകതാനതയുണ്ട്. അതിനാല്‍ തന്നെ ഒരു സമന്വിത വിചാരത്താലാണ് രണ്ടിനെയും തിരിച്ചറിയേണ്ടത്.
ജൈവശാസ്ത്രപരമായി ആയുസ്സിനെ ദീര്‍ഘിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ രോഗചികിത്സക്കും രോഗപീഢകള്‍ കുറയ്ക്കാനുമുള്ള മാര്‍ഗമായേക്കാം. അതിനാല്‍ തന്നെ അത് നൈതികമായതും, മൂല്യവത്തായതുമാണ്. അവയെ ‘അമരത്വ’ത്തിന്റെ മാന്ത്രികവിദ്യയായി ആരാധിക്കാതിരിക്കാനും, മരണത്തെക്കുറിച്ചുള്ള ദാര്‍ശനിക ചര്‍ച്ചകളെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കാനുമുള്ള കരുതല്‍ കൂടി വേണമെന്നു മാത്രം. അതിനു കഴിയുന്നത് സാങ്കേതികവിദ്യയ്ക്കല്ല, ദര്‍ശനത്തിനാണ്.
രണ്ടുപേരുടെയും വഴികള്‍, മനുഷ്യരാശി ഇന്നോളം നേടിയ മൃത്യുജ്ഞാനത്തിന്റെ ദ്വൈതശാസ്ത്രങ്ങളെ പ്രതിനിധീകരിക്കുന്നു. ഒന്ന്, ആന്തരിക പരിശോധനയുടെ ശാസ്ത്രം, ജീവിതത്തിന്റെ അര്‍ത്ഥത്തിലേക്കുള്ള കവാടമായി മാറ്റുന്നതാണത്. മറ്റൊന്ന്, ബാഹ്യമായ സംഹാരത്തിന്റെ ശാസ്ത്രം, അത് മരണത്തെ യാന്ത്രിക തകരാറായി പരിഗണിക്കുകയും അതിനെ ഭൗതികമായി കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആദ്യത്തേത്, നദി സമുദ്രത്തില്‍ ചേരുമ്പോള്‍ അത് നശിക്കുകയല്ല സമുദ്രമായി മാറുന്നു എന്നുദ്‌ഘോഷിക്കുന്നു. രണ്ടാമത്തേത്, നദിയുടെ പ്രവാഹത്വരയെ തടയുകയും, അതിനെ നിശ്ചലതടാകമാക്കി മാറ്റുകയും ചെയ്യുന്നു. ആരോഗ്യകരമായ സംസ്‌കാരം, രണ്ട് ശാസ്ത്രങ്ങളെയും മനസ്സിലാക്കും: ജീവിതത്തെ അമരത്വമാകാനുള്ള സാങ്കേതികവിദ്യയുടെ ആവശ്യവും, അതിന് ആഴം നല്‍കാനുള്ള ജ്ഞാനാന്വേഷണവും വേണം. കാരണം, അമരത്വമെന്നത് സത്യത്തില്‍ ചിത്താവസ്ഥയാണ്. നചികേതസ് അതിലേക്കുള്ള യാത്രികനാണ്. ബ്രയാന്‍ ജോണ്‍സണാകട്ടെ അതിനു പകരം വയ്ക്കാനുള്ള ഉപകരണം നിര്‍മ്മിക്കാനുള്ള ഉദ്യമത്തിലും. ആ രണ്ടു യാത്രകളെ രണ്ടു ചോദ്യങ്ങളും അനുരണനം ചെയ്യുന്നുണ്ട്. മനുഷ്യന്‍ എന്തിനായി ജീവിക്കുന്നു? എന്തിനായാണ് മനുഷ്യന്‍ മരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തുന്നതിലൂടെയേ അമരത്വം സാധ്യമാവൂ. ജൈവികമായ ഉത്തരമല്ല, ദാര്‍ശനികമായ ഉത്തരം.





















