പലകാലം മറിഞ്ഞ് പല ഭാഷകള്‍ കടന്ന് തലമുറകളെ പുളകം കൊള്ളിച്ച ശബ്ദസൗന്ദര്യം പതിറ്റാണ്ടുകളായി മലയാളിയുടെ മനസ്സിലും ആത്മാവിലും പാടിക്കൊണ്ടേയിരിക്കുന്നു. പ്രണയത്തിലും വേദനയിലും സാന്ത്വനത്തിലും ഭക്തിയിലുമെല്ലാം കേള്‍ക്കുന്ന സ്വരത്തിന്റെ ഉടമ കെ.എസ്. ചിത്ര. ഈ ശബ്ദം ഒരു തവണയെങ്കിലും കേള്‍ക്കാതെ മലയാളിയുടെ ഒരു ദിനം പൂര്‍ണ്ണമാവില്ല. അത്രമേല്‍ ആ സ്വരം നമ്മുടെ നിത്യജീവിതത്തിലും ബോധാബോധങ്ങളിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അദ്ധ്യാപകനും സംഗീതജ്ഞനുമായിരുന്ന കരമന കൃഷ്ണന്‍നായര്‍ തലസ്ഥാന നഗരിയിലെ സംസ്‌കാരിക സായാഹ്നങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. സംഗീതത്തോടൊപ്പം ജീവിച്ച അച്ഛന്‍, വീണവായനയില്‍ ഏറെ കമ്പമുള്ള അദ്ധ്യാപികയായ അമ്മ, പാട്ട് പഠിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ചേച്ചി, വാദ്യോപകരണങ്ങളില്‍ വിരലോടിച്ച് സന്തോഷം കണ്ടെത്തിയ സഹോദരന്‍. കുട്ടിക്കാലത്തെ സാഹചര്യം സംഗീതാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. അദ്ധ്യാപക ദമ്പതികളുടെ മകളായതിനാല്‍ സ്‌കൂളില്‍ വളരെ അടുക്കും ചിട്ടയുമുള്ള കുട്ടിയായിരുന്നു. 1977 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം കേരള സര്‍വകലാശാലയുടെ ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ സഹോദരി കെ.എസ്. ബീന തകിലുകൊട്ടാമ്പുറത്തില്‍ ദര്‍ശന്‍ രാമന്റെ സംഗീത സംവിധാനത്തില്‍ രംഗത്തു വന്നിരുന്നു. ബീനയ്ക്ക് തൊട്ടുപിന്നാലെ അട്ടഹാസത്തില്‍ (1982)ല്‍ എം.ജി. രാധാകൃഷ്ണന്റെ ഈണത്തില്‍ ഗാനം പാടി സിനിമയിലെത്തി (ആദ്യം പുറത്തു വന്നത് നവംബറിന്റെ നഷ്ടത്തിലെ ഗാനം). ചിത്രയെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബീന പതുക്കെ സിനിമയില്‍ നിന്നകന്നപ്പോള്‍ ചിത്ര കൂടുതല്‍ കൂടുതല്‍ പിന്നണി ഗാനരംഗത്ത് സജീവമാകുകയായിരുന്നു. ഹൃദയത്തിന്റെ ഏതോ ആര്‍ദ്രമായ കോണില്‍ മലയാളി ഇന്നും ചിത്രയുടെ ശബ്ദവും പുഞ്ചിരിക്കുന്ന മുഖവും വത്സല്യത്തോടെ കാത്തുസൂക്ഷിക്കുന്നു.
എം.ജി. രാധാകൃഷ്ണനാണ് ചലച്ചിത്ര പിന്നണി രംഗത്തേക്കുള്ള വഴി തുറന്നു കൊടുത്തത്. ഏഴുവര്‍ഷത്തിലധികം ഡോ. ഓമനക്കുട്ടിയില്‍ നിന്നും കര്‍ണ്ണാടക സംഗീതത്തില്‍ പരിശീലനം നേടി. ചിത്രയുടെ ആലാപനത്തില്‍ എപ്പോഴും കാണുന്ന മുഗ്ധമായ ലാളിത്യവും സംവേദനക്ഷമതയും ആ പാട്ടുകളുടെ ട്രേഡ് മാര്‍ക്ക് ആയിരുന്നു. ബിച്ചുതിരുമല – ജറി അമല്‍ദേവ് ടീമിന്റെ ‘ആയിരം കണ്ണുമായി കാത്തിരുന്നു’ എന്ന ഗാനവും നിറക്കൂട്ടിലെ ‘പൂമാനമേ’ എന്ന ശ്യാമിന്റെ ഗാനവും എന്റെ കാണാക്കുയിലിലെ ഒരേസ്വരം എന്ന ഗാനവും ചിത്രയുടെ നാദത്തിന്റെ വൈവിധ്യം നിറഞ്ഞ റേഞ്ചുകളെ സ്പര്‍ശിക്കുന്ന ഗാനങ്ങളാണ്. ഇവിടെ നിന്നാണ് ചിത്ര ഒരു ഇന്ത്യന്‍ ഗായികയായി വളരുന്നത്. കേരളത്തിന്റെ ആലാപന ചരിത്രത്തില്‍ സുശീലയും ജാനകിയും വസന്തയും മാധുരിയും വാണി ജയറാമും, ജിക്കിയും മറുനാടില്‍ നിന്ന് വന്ന് മലയാളത്തില്‍ ആരുഢം ഉറപ്പിച്ചവരാണ്. എന്നാല്‍ എണ്‍പതുകളുടെ മധ്യത്തില്‍ ചിത്രയോടൊപ്പം സുജാതയും ലതികയും അരുന്ധതിയുമുള്‍പ്പെടെ ഗായികമാരുടെ നിരതന്നെ കടന്നുവന്നു. പക്ഷേ ചിത്രയാണ് ആദ്യമായി തമിഴകവും പിന്നീട് തെലുങ്ക്, കന്നഡ ലോകവും കീഴടക്കിയത്. അധികം വൈകാതെ ഹിന്ദി ഹൃദയഭൂമികയിലും ചിത്രയുടെ നാദം കടന്നുവന്നതോടെ ചിത്ര ഏറ്റവും അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ ഗായികയായി മാറുകയായി. മറ്റൊരു ഗായികയ്ക്കും ലഭിക്കാത്ത അംഗീകാരമാണിത്.

മുന്‍കാലത്ത് ഒരു സിനിമയ്ക്കുവേണ്ടി പാട്ടുകള്‍ തയ്യാറാക്കുന്നത് തന്നെ ദിവസങ്ങള്‍ എടുത്തായിരുന്നു. ഗാനരചയിതാവും സംഗീത സംവിധായകനും പാട്ടുകാരും നിര്‍മ്മാതാക്കളും സംവിധായകരും ഒത്തുചേര്‍ന്ന് ചര്‍ച്ച ചെയ്യുമായിരുന്നു. പാട്ടിലെ ഭാഷാശുദ്ധി, വാക്കുകളുടെ ഉപയോഗം, വാക്കുകള്‍ക്കിടയിലെ അകലം, അടുപ്പം, ഭാവം, ശബ്ദത്തിന്റെ ഉയര്‍ച്ചയും താഴ്ചയും ഒക്കെ അഭിപ്രായം പറയാനും സൗകര്യമുണ്ടായിരുന്നു. ഇന്ന് സ്ഥിതിപൂര്‍ണ്ണമായി മാറിയിരിക്കുന്നു. ഓരോരുത്തരും ഓരോ ലോകത്തിലിരുന്നു പാട്ടിന്റെ പങ്കാളിയാകുന്നു. എന്നിരുന്നാലും കാലത്തെ അതിജീവിക്കുന്ന ഗാനങ്ങള്‍ പിറക്കുന്നു. സംസ്ഥാന യുവജനോത്സവത്തില്‍ രണ്ടു തവണ ഒന്നാം സ്ഥാനം നേടി പ്രശസ്തി നേടിയ ചിത്ര ലളിതഗാന മത്സരത്തില്‍ എം.ജി. രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ‘ഓടക്കുഴലേ ഓടക്കുഴലേ’ എന്ന ഗാനം പാടിയായിരുന്നു ആദ്യ വിജയം നേടിയത്.
‘ഹൃദയരേഖപോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍’ എന്ന വരി കൈതപ്രം എഴുതി ജോണ്‍സണ്‍ സംഗീതം നല്‍കിയ ഗാനം ചിത്ര ആലപിക്കുമ്പോള്‍ ലിറിക്കും സംഗീതവും ചേര്‍ന്നൊരു ഗാഢാലിംഗനത്തിലമരുകയാണ്. തന്റെ സംഗീത ജീവിതത്തിലെ ഗാഢസുന്ദരമായ ശില്‍പങ്ങള്‍ കൊണ്ടലങ്കരിച്ച ഈസത്തെ പോലെ എം.ജി. രാധാകൃഷ്ണനും രവീന്ദ്രനും ജറി അല്‍ദേവും ഇളയരാജയും വെങ്കിടേഷും വിദ്യാസാഗറുമൊക്കെ ചിത്രയ്ക്ക് അപൂര്‍വ്വ ചിന്തുകളൊരുക്കിയിട്ടുണ്ട്. ചിത്ര അവരുടെ വിശ്വാസമായിരുന്നു. ചിത്രയ്ക്ക് ആ ഈണങ്ങള്‍ ആത്മാവിഷ്‌കാരത്തിന്റേതായിരുന്നു. ഗാനങ്ങള്‍ കാല്‍പനികമായൊരു യാത്രയാണ്. ഓരോ ആസ്വാദകനും അതിനെ സമീപിക്കുന്നത് വിഭിന്നമായ കാരണങ്ങളാലാണ്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക് നാമറിയാതെ തന്നെ അപൂര്‍വ്വമായൊരു ഭാവ വിനിമയം സംഭവിക്കുന്നുണ്ട്. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് പോകുമ്പോള്‍ ഈ വിനിമയത്തിന് രാസപരിണാമം സംഭവിക്കും. കണ്ടുമുട്ടുമ്പോള്‍, വഴിപിരിയുമ്പോള്‍ മരണത്തിന്റെയും ജനനത്തിന്റെയും നിമിഷം, ഒരു പ്രണയമിടിപ്പില്‍, ഏകാന്തതയില്‍, വിഷാദനേരങ്ങളില്‍ അങ്ങനെ പാട്ടുകളെ നമ്മുടെ സ്വകര്യനിമിഷങ്ങളിലേക്ക് കയറ്റിവിടുന്നു.
ആലാപനത്തിലും ശബ്ദനിയന്ത്രണത്തിലും ജാനകി പിന്‍തുടര്‍ന്ന പാതയിലൂടെ തന്നെയാണ് ചിത്രയുടെയും കടന്നുവരവ്. വാക്കുകളുടെ ഉച്ചാരണരീതി മാത്രമല്ല അര്‍ത്ഥവും പൂര്‍ണ്ണമായി ഗ്രഹിച്ചശേഷമേ റെക്കോഡ് ചെയ്യൂ എന്ന് നിര്‍ബന്ധം പിടിച്ച ഗായികയാണ് ജാനകി. ‘രവീന്ദ്രന്‍ മാസ്റ്ററുടെ റെക്കോഡിങ്ങിന് പുറപ്പെടുമ്പോള്‍ ഞാന്‍ അകമേ പ്രാര്‍ത്ഥിക്കാറുണ്ട്, എനിക്ക് അദ്ദേഹത്തിന്റെ ഈണത്തോട് പരമാവധി നീതിപുലര്‍ത്താന്‍ സാധിക്കേണമേ എന്ന്. തികച്ചും പ്രവചനാതീതമായിരുന്നു ആ ട്യൂണുകളുടെ സഞ്ചാരപഥങ്ങള്‍.’ അദ്ദേഹത്തിനു വേണ്ടി കാര്‍മുകില്‍ വര്‍ണന്റെ, മൗലിയില്‍ മയില്‍പ്പീലി (നന്ദനം), പാടീ… തൊടിയിലേതോ… (ആറാം തമ്പുരാന്‍) ചീരപ്പൂവുകള്‍ (ധനം) എന്തിനായി (മിഴിരണ്ടിലും) വാര്‍മുകിലേ (മഴ) പൂലര്‍കാല സുന്ദരസ്വപ്‌നത്തില്‍ (മെയ് മാസപ്പുലരിയില്‍) വടക്കുംനാഥന്‍ തുടങ്ങി എണ്ണമറ്റ ഗാനങ്ങള്‍. ഈണവും ഗാനത്തിന്റെ ഭാവവും അനായാസമായി ഒപ്പിയെടുക്കാനുള്ള കഴിവാണ് ചിത്രയുടെ പ്രത്യേകയിലൊന്നായി ഇളയരാജ ചൂണ്ടിക്കാണിക്കുന്നത്. സിന്ധുഭൈരവിയിലെ നാനൊരുസിന്ത് എന്ന പാട്ട് ചിത്രയ്ക്കായ് മാറ്റിവച്ചു. അതിനുശേഷം അതിലെ രണ്ടാമത്തെ ഗാനവും ചിത്രയെക്കൊണ്ട് പാടിപ്പിച്ചു.
മലയാളത്തിലൂടെ ആദ്യം ദേശീയപുരസ്‌കാരം ലഭിക്കുന്നത് നഖക്ഷതങ്ങളിലെ ഒ.എന്‍.വി, ബോംബെ രവി ഒരുക്കിയ ‘മഞ്ഞള്‍പ്രസാദവും’ എന്ന ഗാനത്തിനാണ്. ജെമിനി സ്റ്റുഡിയോയില്‍ ആയിരുന്നു റിക്കോഡിംഗ്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു മഞ്ഞള്‍പ്രസാദവും പഞ്ചാഗ്നിയിലെ ‘ആ രാത്രി മാഞ്ഞുപോയി’ യും റിക്കോര്‍ഡ് ചെയ്തത്. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും സ്റ്റേജില്‍ പാടാന്‍ പോയാല്‍ ഒരാളെങ്കിലും ഈ പാട്ട് ആവശ്യപ്പെടും.” മലയാളിയുടെ മനസ്സില്‍ ഗായിക എന്ന നിലയില്‍ സ്ഥാനം നല്‍കിയ ഗാനം ഇതുതന്നെ. ഇന്ദു പുഷ്പം ചൂടി നില്‍ക്കും..’വൈശാലി’യിലെ ഗാനം സമ്മാനിച്ചത് ഭരതന്‍സാര്‍ ആണ്. ദേശീയ പുരസ്‌കാരം പോലെ ആഹ്ലാദം നല്‍കുന്ന മറ്റൊരുകാര്യമാണ് തമിഴ്‌നാട്ടിലെ ചില വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥന രൂപത്തില്‍ ചിത്രയുടെ പാട്ട് മാറി എന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ‘ഞാന്‍ ഏകനാണ്’ എന്ന ചിത്രത്തില്‍ എം.ജിയുടെ സംഗീതത്തിലെ ‘രജനീ പറയൂ’ എന്ന ഗാനം രചിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഗാനങ്ങളിലധികവും പാടിയത് ചിത്രയാണ്. ഏറ്റവും കൂടുതല്‍ യുഗ്മ ഗാനങ്ങള്‍ പാടിയത് യേശുദാസിനൊടൊപ്പം, ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ എഴുതിയത്. ഇന്ത്യയിലെ ധാരാളം ഭാഷകളില്‍ പാടിയിട്ടുള്ള ഗായികയ്ക്ക് ഏറെ വിശേഷണങ്ങള്‍ ആണ്. കേരളത്തിലെ വാനമ്പാടി, തമിഴ്‌നാട്ടില്‍ ചിന്നക്കുയില്‍, കര്‍ണാടകയില്‍ കന്നട കോകില, തെലുങ്കിലും ആന്ധ്രയിലും സംഗീത സരസ്വതി: ദക്ഷിണേന്ത്യയില്‍ നൈറ്റിംഗ് ഗേള്‍, ഉത്തരേന്ത്യയില്‍ പിയബസന്തി, ഇന്ത്യയിലെ സുവര്‍ണ്ണ ശബ്ദം… ഇങ്ങനെ ഏറെ…
ഭര്‍ത്താവ് വിജയശങ്കര്‍ ബിസിനസുമായി ചിത്രയ്ക്ക് താങ്ങായി നില്‍ക്കുന്നു. ഏക മകളുടെ വിയോഗം അകാലത്തില്‍ പൊലിഞ്ഞത് കാലത്തിനുപോലും ഉണക്കാന്‍ കഴിയില്ല. സംഗീത ജീവിതം ദൈവത്തിനു വേണ്ടിയുള്ള ജീവിതം കൂടിയാണ് ചിത്രയ്ക്ക്. മലയാളത്തില്‍ മാത്രമല്ല, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട, ഒറിയ, ബംഗാളി, ആസാമിസ് തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ചലച്ചിത്രഗാനങ്ങള്‍, ലളിതഗാനങ്ങള്‍.
മികച്ച ഗായികയ്ക്കുള്ള ആറ് ദേശീയ പുരസ്‌കാരങ്ങള്‍, 16 കേരള സംസ്ഥാന പുരസ്‌കാരങ്ങള്‍, പതിനൊന്ന് ആന്ധ്രസര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍. നാല് തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ 2005ല്‍ പത്മശ്രീ 2021ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം അങ്ങനെ ഏറെ അംഗീകാരങ്ങള്‍ മലയാളത്തിന്റെ വാനമ്പാടിക്ക് സ്വന്തമാണ്.
‘താരം വാല്‍ കണ്ണാടി…’, ‘കളരി വിളക്ക് തെളിഞ്ഞതാണോ…’, പാര്‍ണേന്ദുമുഖീ…., മധുരംജീവാമൃതബിന്ദു, കളബംതരാം…, പാലപ്പൂവേ…., സായന്തനം…., അറിവിന്‍ നിലാവേ.., പത്തുവെളുവിന്…, പുടമുറികല്യാണം…, അങ്ങനെ എത്രയോ ഗാനങ്ങള്‍ മികവോടെ ഭാവാര്‍ത്ഥ ദീപ്തിയോടെയും രാഗശുദ്ധിയോടെയും ചിത്ര ആലപിച്ചത് ചലച്ചിത്ര സംഗീതത്തിന്റെ അപൂര്‍വ്വസിദ്ധി തന്നെ. അതുപോലെ യേശുദാസ്, ജയചന്ദ്രന്‍, എസ്.പി., എം.ജി. ശ്രീകുമാര്‍ എന്നിവരോടൊപ്പം പാടി ഡ്യൂയറ്റുകളിലും ചിത്രയുടെ ആലാപനത്തിന്റെ ഭാവസൗന്ദര്യമുണ്ട്. താന്‍ ജീവിച്ച കാലത്തിന്റെ സുഗന്ധവും ചേതനയും സ്പന്ദനങ്ങളും ആ ഗാനങ്ങളിലുണ്ട്. ഓരോ ദിനം പുലരുമ്പോഴും നാം ചിത്രയുടെ സ്വരം കേള്‍ക്കുന്നു. അത് മധുരമായി നമ്മെ പാടി വിളിക്കുന്നു…. മകളായും അമ്മയായും…!





















