ഭാരതത്തിന്റെ ചരിത്രപഠനപശ്ചാത്തലത്തില്‍ വിഭാഗീയതയുണ്ടായത് പാശ്ചാത്യപഠിതാക്കളുടെ ഇടപെടലോടെയാണ്. സായിപ്പിന്റെ ഇടുങ്ങിയ മാനസികാവസ്ഥയും മനുഷ്യരാശിയില്‍ അതിരുകള്‍ നിര്‍മ്മിക്കാനുള്ള യൂറോപ്യന്‍ പ്രവണതയും പാശ്ചാത്യര്‍ നടത്തിയ ഭാരതീയ ഗവേഷണങ്ങളില്‍ പ്രകടമായി. തന്നെയുമല്ല തങ്ങള്‍ കടന്നുചെന്നിട്ടുള്ള ഭൂവിഭാഗങ്ങളിലും അവിടത്തെ ജനതയുടെയിടയിലും വ്യത്യാസങ്ങളുണ്ടെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുകയെന്നത് യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന്റെ അനിവാര്യതയായിരുന്നതിനാല്‍ അതിനനുസരിച്ചുള്ള വസ്തുനിഷ്ഠമല്ലാത്ത ചരിത്രരചനാരീതിശാസ്ത്രപദ്ധതിയെ അവര്‍ ചിട്ടപ്പെടുത്തിയെടുത്തു. വിഭജിച്ചു ഭരിച്ച് അന്യന്റെതെല്ലാം വസൂലാക്കുകയെന്ന തന്ത്രം ഭാരതത്തിന്റെ സാംസ്‌ക്കാരിക ഐക്യം എന്ന യാഥാര്‍ത്ഥ്യത്തെ തമസ്‌ക്കരിക്കാനേ സായിപ്പിനെ അനുവദിച്ചിരുന്നുള്ളു. ഇംഗ്ലണ്ടിന്റെ വിഭരിച്ചുഭരിക്കല്‍ നയം തന്നെയാണ് തങ്ങള്‍ക്കും സൗകര്യപ്രദമെന്നു സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയക്കാരനും മനസ്സിലായി. ഭാരതമോ അതിന്റെ അഖണ്ഡതയോ അവരുടെ പ്രശ്‌നമായിരുന്നില്ല. പ്രത്യുത, അധികാരം മാത്രമായിരുന്നു ലക്ഷ്യം. ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധി ഒരുപക്ഷെ ഒരല്‍പ്പം കൂടി താമസിപ്പിച്ചിരുന്നുവെങ്കില്‍ ഭാരതം വിഭജിക്കപ്പെടില്ലായിരുന്നുവെന്നു ചരിത്രകാരനായ ഫിലിപ്പ് മോസ്ലി തന്റെ ‘ബ്രിട്ടീഷ് രാജിന്റെ അവസാനദിനങ്ങളി’ല്‍ പറയുന്നത് ശ്രദ്ധേയമാണ്. പക്ഷേ കാത്തിരിക്കാനുള്ള ക്ഷമ ആര്‍ക്കും തന്നെയില്ലായിരുന്നു. ഏറ്റവും നേരത്തേ പ്രധാനമന്ത്രിമാരാവണ്ടേ? അവര്‍ വെട്ടിമുറിക്കാന്‍ വെമ്പല്‍കൊണ്ടു. ഭാരതത്തിന്റെ സംസ്‌കൃതിയോടോ അതിന്റെ പാരമ്പര്യത്തോടോ പുലബന്ധം പോലുമില്ലാത്ത ദ്വിരാഷ്ട്രവാദത്തിന്റെ വക്താവിനെ സംബന്ധിച്ചിടത്തോളം ഈ ഘട്ടത്തില്‍ മനഃസാക്ഷിയുണ്ടാവേണ്ട പ്രശ്‌നവുമില്ല. പക്ഷേ നവഭാരത ശില്പിയാവാന്‍ വേഷം കെട്ടിയ നാടന്‍ സായിപ്പിന്റെ മനോഭാവവും ഏതാണ്ടു സമം തന്നെയായിരുന്നുവെന്നതാണ് കഷ്ടം. അങ്ങനെ വിഭജിച്ചുഭരിക്കുകയെന്ന ഇരട്ടത്താപ്പുനയം കോണ്‍ഗ്രസ്സുകാരന്റെ വളര്‍ച്ചക്കു വളമായി, ഭാരതത്തിന്റെ തളര്‍ച്ചക്കും. കോണ്‍ഗ്രസ്സിനു മാത്രമല്ല മറിച്ച് പ്രാദേശിക-മതാധിഷ്ഠിത കൂട്ടായ്മകള്‍ക്കെല്ലാം ഇതു മാതൃകയായി. ഈ അരാഷ്ട്രവാദത്തെ ബഹുരാഷ്ട്രവാദത്തിലേക്കു നയിക്കാനിറങ്ങിത്തിരിച്ച സൈദ്ധാന്തികബുദ്ധിജീവികളുടെ എണ്ണവും വര്‍ദ്ധിച്ചു. ഉദരനിമിത്തം ബഹുകൃതവേഷം! ഒരുത്തനു വയറുപിഴപ്പെങ്കില്‍ മറ്റൊരുവന് അധികാരദുര്‍മോഹം. ഇവറ്റകളുടെ കൂട്ടായ്മ ബാഹ്യശത്രുപക്ഷങ്ങള്‍ക്കു സൗകര്യമൊരുക്കിക്കൊടുക്കുന്നതില്‍ നല്ല പങ്കുവഹിച്ചു. അന്തഛിദ്രതയും (Internal Proletariat)- ബാഹ്യാക്രമണവുമാണ് (External Proletariat) ഒരു സംസ്‌കൃതിയുടെ വീഴ്ചക്കു കാരണമെന്ന അര്‍ണോള്‍ഡ് ടോയന്‍ബിയുടെ അഭിപ്രായം ഭാരതചരിത്രപഠനത്തില്‍ തികച്ചും പ്രസക്തമാണ്. ജാതീയതയും പ്രാദേശികതയും ഏതാണ്ടു ബഹുരാഷ്ട്രവാദത്തിലേക്കെത്തിക്കുന്ന മട്ടായി. യൂറോപ്യന്‍ പഠിതാക്കള്‍പോലും നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ അംഗീകരിച്ചുപോന്നു. ഇന്നതിനു പകരം നാനാ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിമാറുന്നതരത്തിലുള്ള സാമൂഹികപഠനങ്ങളാണു നടക്കുന്നത്. ഈ പഠനങ്ങളുടെയെല്ലാം ലക്ഷ്യം ദേശീയജനതയായ ഹിന്ദുക്കളെ തമ്മിലടിപ്പിക്കുകയെന്നതാണ്.
സമീപകാലത്തുണ്ടായ തിരുപ്പറംകുണ്ഡ്രം വിവാദം മതസ്പര്‍ദ്ധയും മതത്തിനകത്തു സ്പര്‍ദ്ധയുമുണ്ടാക്കുവാനുള്ള ഉദ്യമത്തിനുദാഹരണമായിരുന്നു. കോടതിയുടെ മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അവസാനത്തെ അടവു പ്രയോഗിച്ചു. തിരുപ്പറംകുണ്ഡ്രത്തെ ദീപത്തൂണ്‍ ജൈനന്മാരുടേതാണത്രെ! സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ ശപഥം ചെയ്ത തമിഴ്‌നാടുഭരണകക്ഷിയുടെ പ്രകോപനമായിരുന്നു വിവാദത്തിലേക്കു നയിച്ചത്. ഇവരുടെ നേതാവായ ഇ.വി രാമസ്വാമിനായിക്കര്‍ മധുര മീനാക്ഷിക്കു നേരേ ആക്രമണമഴിച്ചുവിട്ടുകൊണ്ടായിരുന്നു തന്റെ വിഘടനവാദ രാഷ്ട്രീയം തുടങ്ങിയതുതന്നെ. ഈ അധര്‍മ്മികളുടെ പുതുതലമുറ ഇപ്പോള്‍ തിരുപ്പറംകുണ്ഡ്രത്തെ ദേവസേനാപതിക്കുനേരേ വെല്ലുവിളി തുടങ്ങിയിരിക്കുകയാണ്. സിക്കന്ദര്‍ദര്‍ഗ്ഗക്കടുത്തുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കാനാവത്തില്ലെന്നുള്ള വാദത്തിലൂടെ ആദ്യമേ ഒന്നു പച്ചയാകാന്‍ ശ്രമിച്ചു. പിടിച്ചുനില്‍ക്കാനാവാതെ നാണംകെട്ടപ്പോള്‍ ഇരട്ടത്തലയുള്ള ഓന്ത് പച്ചവിട്ടു രണ്ടുംകെട്ട നിറം പുറത്തെടുത്തു. ദീപത്തൂണ്‍ ഹിന്ദുക്കളുടേതല്ല മറിച്ച് ജൈനരുടേതാണെന്നു തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രസ്താവിച്ചു (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്, 16-12-2025). ബോധക്കേടും വിവരദോഷവും ഒന്നിച്ചുകൂടിയാല്‍ എന്തു ഭോഷ്‌ക്കും പറയാമല്ലോ. ദീപത്തൂണില്‍ ദീപപ്രോജ്വലനം നടത്താന്‍ തമിഴ്‌നാട് ഹൈക്കോടതി അനുവാദം നല്‍കിയെന്നുള്ള വസ്തുത ഇരിക്കെത്തന്നെ നമ്മുടെ മുമ്പില്‍ ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമുണ്ട്. ഹിന്ദുക്കളും ജൈനന്മാരും രണ്ടു മതത്തില്‍പ്പെട്ടവരാണോ? അവരുടെ സൈദ്ധാന്തിക ഭൂമികകളും വ്യത്യസ്തങ്ങളാണോ? ഈ ചോദ്യങ്ങള്‍ ബാലിശങ്ങളെന്നു തോന്നാം. എന്നാല്‍ ദേശീയോദ്ഗ്രഥനത്തിനു തുരങ്കംവയ്ക്കുന്ന ഈ പ്രശ്‌നങ്ങളെ വളരെ ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട്.

ഔപനിഷദിക വൈജ്ഞാനിക പാരമ്പര്യമായിരുന്നു ജൈനരുടേത്. ഭൗതികതയുടെ നശ്വരതയും കേവലജ്ഞാനത്തില്‍ നിന്നുണ്ടാവുന്ന ആത്മാവിന്റെ സ്ഥായിഭാവവും ആദ്യത്തെ ജൈനതീര്‍ത്ഥങ്കരനായിരുന്ന ഋഷഭദേവന്റെ കാലം മുതല്‍ക്കേ ജൈനവിജ്ഞാനത്തിന്റെ കാതലായിരുന്നു. ജൈനകഥകള്‍ പറയുന്നത് അയോദ്ധ്യയുടെ രാജാവായിരുന്ന ഋഷഭദേവന്റെ സദസ്സില്‍ ദേവന്മാര്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നാണ്. അത്തരം ഒരു സദസ്സില്‍ ദേവേന്ദ്രന്‍ സന്നിഹിതനായിരുന്നു. നീലാഞ്ജനയെന്ന സ്വപ്‌നസുന്ദരിയുടെ നൃത്തത്തില്‍ സദസ്സ് സ്വയം മറന്നു. ഒരു പുതുയുഗപ്പിറവിയുടെ നാന്ദിയെന്നു തോന്നുംവണ്ണം ഒരുനിമിഷം നീലാഞ്ജയുടെ ശ്വാസം നിലച്ചു. എന്നാല്‍ ഇന്ദ്രന്‍ തന്റെ മായാജാലംകൊണ്ടു സദസ്സിന്റെ കണ്ണുകെട്ടി മരിച്ച നര്‍ത്തകിയുടെ സ്ഥാനത്ത് ഒരു പുതിയ നീലാഞ്ജനയെ സൃഷ്ടിച്ചു. നൃത്തം അനുസ്യൂതം തുടര്‍ന്നു. ആര്‍ക്കുമൊന്നും പിടികിട്ടിയില്ല. പക്ഷേ ആത്മജ്ഞാനിയായ ഋഷഭദേവന്‍ നടന്നതെല്ലാം ഉള്‍ക്കണ്ണുകള്‍കൊണ്ടു കാണുന്നുണ്ടായിരുന്നു. ”ലോക്യതേ ഇതി ലോകഃ” – ലോചനങ്ങള്‍ക്കു വിധേയമാവുന്നതു മാത്രമാണ് ലോകം. അതെത്ര സുന്ദരമാണെങ്കിലും അതേതു നിമിഷവും നശ്വരമാണെന്നുള്ള യാഥാര്‍ത്ഥ്യം ഋഷഭനെ ദുഃഖിതനാക്കി. നൈമിഷികമായ ലോകത്തില്‍ പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ വഴി ആത്മജ്ഞാനത്തിന്റേതായി. രാജകീയജീവിതം ത്യജിച്ച ഋഷഭന്‍ ആത്യന്തികമായ യാഥാര്‍ത്ഥ്യത്തെ അന്വേഷിച്ചുള്ള അലച്ചില്‍ തുടങ്ങി. വളരെ നാളുകള്‍ അദ്ദേഹം നിരാഹാരിയായി സത്യാന്വേഷണാര്‍ത്ഥം അലഞ്ഞുനടന്നതായി വര്‍ദ്ധമാനസൂരിയുടെ ആദിനാഥചരിതം പോലെയുള്ള ജൈനഗ്രന്ഥങ്ങള്‍ പറയുന്നു. ദീര്‍ഘകാലത്തേ അലച്ചിലിനുശേഷം അദ്ദേഹം ആഹാരം കഴിച്ച ആ ദിനത്തേയാണ് ലോകമെമ്പാടുമുള്ള ഹൈന്ദവജനത ‘അക്ഷയതൃതീയ’യായിട്ടാഘോഷിക്കുന്നത്. ഈ ആഘോഷത്തെ ജൈന-ബുദ്ധ-ശൈവ-വൈഷ്ണവ ഭേദമെന്യേ എല്ലാ ഹിന്ദുക്കളും ഒരുപോലെ കൊണ്ടാടുന്നു. ഋഷഭപുത്രനായ ബാഹുബലിയും പിതാവിന്റെ പാത പിന്‍തുടര്‍ന്നു. കര്‍ണ്ണാടകത്തിലെ ശ്രാവണബല്‍ഗോളയില്‍ വന്നു ദീര്‍ഘകാല തപസ്സിലൂടെ കേവലജ്ഞാനം സാക്ഷാത്ക്കരിച്ചു. തീര്‍ത്ഥാടനവും തപസ്സും, അല്ലെങ്കില്‍ വാനപ്രസ്ഥവും സന്യാസവും പണ്ടുമുതല്‍ക്കേ ഭാരതത്തില്‍ ആത്മജ്ഞാനാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിതമായ ആശ്രമസംവിധാനം വീണ്ടും നിലവില്‍ വന്നു. ഋഷഭനും ബാഹുബലിയും ചാലുകീറിവിട്ട ആ പുണ്യവാഹിനിയില്‍ തീര്‍ത്ഥമാടാന്‍ കാലാകാലങ്ങളിലായി അനവധി സാധകര്‍ ഒത്തുചേര്‍ന്നു. അവരായിരുന്നു തീര്‍ത്ഥങ്കരന്മാര്‍. അങ്ങനെ സന്യാസികള്‍ക്കും ആശ്രമങ്ങള്‍ക്കും അര്‍പ്പണതര്‍പ്പണങ്ങള്‍ക്കുള്ള ദേവനിര്‍മ്മിതഭൂമിയായ ഭാരതം ഒരിക്കല്‍കൂടെ ഭൗതികതയുടെ മുകളില്‍ ആത്മജ്ഞാനത്തിന്റെ ജയപാഞ്ചജന്യമുദ്‌ഘോഷിച്ച ജിനതേജസ്സുകൊണ്ട് പ്രഭാപ്രശ്രുതമായി. അതിപുരാതനവും വിശാലവുമായ ഹൈന്ദവ ഭാരതത്തില്‍ ഒരു സന്യാസിപരമ്പരകൂടി ജനിച്ചു. ഈ പുണ്യഭൂമിയുടെ ദര്‍ശനങ്ങള്‍ ഒരിക്കല്‍ കൂടെ ചര്‍വ്വിതചര്‍വണം ചെയ്യപ്പെട്ടു. ഭാരതത്തിന്റെ പൂര്‍വ്വദര്‍ശനങ്ങളെപ്പോലെ ജൈനസന്ന്യാസികളുടെയും സാധനാപഥം ലക്ഷ്യമാക്കിയത് കൈവല്യം അല്ലെങ്കില്‍ മോക്ഷം തന്നെയായിരുന്നു. കൈവല്യം എന്നത് വര്‍ദ്ധമാനമഹാവീരന്റെയോ മറ്റു ജൈനഭിക്ഷുക്കളുടെയോ നൂതനാവിഷ്‌ക്കാരമൊന്നുമല്ല. കേവലജ്ഞാനം ഔപനിഷദകാലം മുതല്‍ക്കേ ഭാരതീയര്‍ക്കു പാരമ്പര്യം നല്‍കിയ ഒസ്യത്തായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍തന്നെ സര്‍വ്വകാമനകളോടുള്ള വൈരാഗ്യമാണ് കൈവല്യം. അതു ജീവിതഗന്ധിയായ അറിവിന്റെ പരമകാഷ്ഠയാണ്. അതിഭൗതികതയുടെയും ആദ്ധ്യാത്മികതയുടെയും ഇടയിലൂടെയുള്ള ജീവിതയാത്ര. ഉഭയസേനകളുടെ മദ്ധ്യത്തില്‍ വിഷണ്ണനായിനിന്ന പാര്‍ത്ഥന്‍ സുകൃതദുഷ്‌കൃതയിടയിലൂടെയുള്ള പാതയില്‍ യാനം ചെയ്യുന്നതിനുള്ള ആ പഴയ ഗീതാപ്രബോധനം ‘ധീ’ യെ സമമായി ആധനം ചെയ്തു. സമാധിയിലൂടെ ശീതോഷ്ണങ്ങളോടു സമഭാവന പുലര്‍ത്തുന്നവനാണ് കേവലജ്ഞാനി. ഭാരതത്തിന്റെ സൈദ്ധാന്തികഭൂമികയ്ക്കു നൂതനാവിഷ്‌ക്കാരങ്ങളും നവമാനങ്ങളും നല്‍കുകയല്ലാതെ, അല്ലെങ്കില്‍ ലോകവീക്ഷണത്തിനു സഞ്ചാരീഭാവം നല്‍കുകയല്ലാതെ ഗീതയില്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി യാതൊന്നും ജൈനസന്ന്യാസിമാര്‍ പറഞ്ഞിരുന്നില്ല. പൂരാപിനവങ്ങളായ ദര്‍ശനങ്ങള്‍ക്കു പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുകയെന്നത് പണ്ടുമുതല്‍ക്കേ ഭാരതീയവിജ്ഞാനത്തിന്റെ പ്രത്യേകതയായിരുന്നു. ബോധസത്തയായ ‘ജീവ’ന്‍ അല്ലെങ്കില്‍ ആത്മാവ് സര്‍വ്വജ്ഞവും സര്‍വ്വവ്യാപിയുമായ അഖണ്ഡബോധസത്തയുടെ ആവിഷ്‌ക്കാരമാണെന്നും അതു സകലതിലും അന്തര്യാമിയാണെന്നും മറ്റു ഹിന്ദുക്കളെപ്പോലെ ജൈനരും വിശ്വസിച്ചു. തൃണത്തിലും പശുവിലും മനുഷ്യനിലും കുടികൊള്ളുന്ന ഈ ബോധകണത്തെ മനനത്തിലൂടെയും ആത്മവിജ്ഞാനത്തിന്റെ സ്വായത്തമാക്കലിലൂടെയും ലൗകികകെട്ടുപാടുകളില്‍ നിന്നും മോചിപ്പിച്ചു നിസ്സംഗതയുടെ മൂര്‍ത്തീഭാവമാക്കി സമാധിസ്ഥമാക്കി അതു മൂലപ്രകൃതിയായ അഖണ്ഡബോധസത്തയെ പ്രാപിക്കുന്നതുവരെ മനുഷ്യന്‍ ജീവന്മുക്തനും കര്‍മ്മനിരതനുമായി ജീവിക്കുകയെന്നതായിരുന്നു മറ്റെല്ലാ ഹൈന്ദവചിന്താധാരകളെപ്പോലെ ജൈനദര്‍ശനവും വിവക്ഷിച്ചത്.

ഇനി ജൈനരുടെ ആരാധനാക്രമങ്ങളിലേക്കു പോയാല്‍ അതും ഹൈന്ദവമായിരുന്നു. ശ്രീലക്ഷ്മിയും ഗണേശനും കുബേരനും നവഗ്രഹങ്ങളും ദിക്ക് പാലകന്മാരും വിദ്യാദേവതയായ സരസ്വതിയും ജൈനര്‍ക്ക് ആരാധനാമൂര്‍ത്തികളായിരുന്നു. ജൈനബിംബങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രാമുഖ്യമുള്ളതു ശ്രീവത്സത്തിനായിരുന്നു. ജൈനശില്‍പ്പങ്ങളുടെയിടയില്‍ ശ്രീവത്സം അസംഖ്യമാണ്. തീര്‍ത്ഥങ്കരന്മാരായ നേമിയുടെയും പാര്‍ശ്വനാഥന്റെയും മഹാവീരന്റെയും പ്രതിമകളുടെ വശങ്ങളിലായി സമാധിമുദ്രയോടുകൂടിയിരിക്കുന്ന ധാരാളം യക്ഷന്മാരുടെയും യക്ഷിണികളുടെയും ശില്‍പ്പങ്ങള്‍ കാണാം. ജൈനശില്‍പ്പങ്ങളുടെയിടയില്‍ ഏറ്റവും ശ്രദ്ധേയമാവുന്നത് അറുപത്തിനാലു യോഗിനികളുടെ ബിംബങ്ങളാണ്. തീര്‍ത്ഥങ്കരന്മാരുടെ പ്രതിമകളും യോഗാസനത്തിലാണ് കാണപ്പെടുന്നത്. ഇതെല്ലാം ജൈനപരമ്പരയുടെ ഹൈന്ദവപശ്ചാത്തലത്തെത്തന്നെയാണു കാണിക്കുന്നത്. പല രൂപത്തിലുള്ള സരസ്വതിയെ ജൈനര്‍ ഇന്നും ആരാധിക്കുന്നുണ്ട്. സമീപത്ത് അരയന്നവും മയിലുമുള്ള ചതുര്‍ബാഹുവായ സരസ്വതി ദിഗംബര-ശ്വേതാംബരഭേദമെന്യേ ജൈനര്‍ക്ക് ദേവതയാണ്. വാഗ്‌ദേവിയെ ആരാധിക്കാന്‍ ഇരുകൂട്ടരും ഇന്നും ജ്ഞാന പഞ്ചമി ഉത്സവം ആഘോഷിക്കുന്നുമുണ്ട്. പല ജൈനക്ഷേത്രങ്ങളിലും വിഷ്ണുവിനെ ആരാധിക്കുന്നതും കാണാം. പ്രത്യേകിച്ച് മലയാളികള്‍ക്ക് സുപരിചിതമായ വയനാട്ടിലെ ജൈനക്ഷേത്രങ്ങളില്‍ ചതുര്‍ബാഹുവായ വിഷ്ണുവിന്റെ പ്രതിമകള്‍ ധാരാളമായി കാണുന്നുണ്ട്. പനമരത്തെ ജൈനക്ഷേത്രത്തിലെ അനന്തശായിയായ വിഷ്ണുവിന്റെയും തത്സവിധേ കാണപ്പെടുന്ന കൂര്‍മ്മാവതാരത്തിന്റെയും ശില്‍പ്പങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെതന്നെ മഹാവീരനും മറ്റു ജൈനതീര്‍ത്ഥങ്കരന്മാരും ഹിന്ദുക്കള്‍ക്കെല്ലാം ആരാധനാമൂര്‍ത്തികളാണ്. ചുരുക്കിപ്പറഞ്ഞാല്‍ ജൈന സന്ന്യാസി പരമ്പര വിശാലമായ ഹൈന്ദവഭാരതീയതയുടെ അഭേദ്യമായ ഭാഗമാണ്. ദാര്‍ശനിക തലത്തിലോ സാമാജികതലത്തിലോ ഈ മഹാപാരമ്പര്യത്തില്‍നിന്നും വ്യതിരിക്തമായ അസ്തിത്വം ജൈനര്‍ക്കില്ല. ഇതൊക്കെയാണ് അനിഷേദ്ധ്യങ്ങളായ സത്യങ്ങളെങ്കിലും കുടിലബുദ്ധികള്‍ മറ്റെന്തൊക്കെയോ ആണ് തേടുന്നത്. ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നേ കൊതുകിന്നു കൗതുകം’, വിഘടനവാദികളും അതിന്റെ പ്രയോക്താക്കളും പാരവയ്ക്കാന്‍ പറ്റിയ വിള്ളലുകള്‍ അന്വേഷിച്ചു നടക്കും.





















