കോളനിവിരുദ്ധ സമരത്തിന്റെയും ദേശീയതയുടെയും കാലം, വ്യാപ്തി, പരിണിതഫലങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന വിവിധ നിലപാടുകളാണ് അക്കാദമിക ലോകത്തുള്ളത്. ദേശീയതയുടെ തുടക്കം എന്നുമുതലാണ് എന്ന സമസ്യയില്‍ തുടങ്ങി അതിന്റെ രൂപവും ഘടകങ്ങളും വരെ ഗൗരവതരമായ പഠനങ്ങള്‍ക്കും വ്യത്യസ്ത വിശകലനങ്ങള്‍ക്കും വിധേയവുമാണ്. ഈ പഠനങ്ങളുടെ ഒരു പൊതു ന്യൂനത ഔദ്യോഗികവും അംഗീകൃതവുമായിട്ടുള്ള ‘അനുയായി/നേതാവ്, സംഘടന/അംഗങ്ങള്‍’ എന്നീ ദ്വന്ദം ഉപയോഗിക്കുന്നതില്‍ അവ പുലര്‍ത്തുന്ന ജാഗ്രതയാണ്. അതായത്. കോളനിവിരുദ്ധ സമരങ്ങളില്‍ ഭാഗമായിരുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ത്യാഗങ്ങളെ തിരസ്‌ക്കരിക്കുകയും ഔദ്യോഗിക നേതാക്കള്‍/സംഘടനകള്‍/അനുയായികള്‍ എന്നിവരെ മാത്രം ‘കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന’, ഭരണകൂടത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ആധുനിക ചരിത്രരചനയുടെ ശീലങ്ങളാണ് ഇന്ത്യന്‍ ദേശീയതയുടെ ചരിത്രവും പിന്തുടരുന്നത്. തന്മൂലം ‘ഔദ്യോഗികവും അംഗീകരിക്കപ്പെട്ടതുമായ’ ചരിത്രസത്യങ്ങള്‍ മാത്രം കണ്ടെത്തുന്നതിനൊപ്പം ഔദ്യോഗിക ആഖ്യായികകള്‍ക്ക് ചേരാത്തവരെ തിരസ്‌ക്കരിക്കുകയും ചെയ്യുന്ന രീതിശാസ്ത്രമാണ് പോസ്റ്റ്-കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ടത്. ഇത്തരം ഔദ്യോഗിക അന്വേഷണങ്ങള്‍ക്ക് പുറത്തുകടക്കാനും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ കണ്ടെത്താനുമുള്ള ശ്രമമാണ് സബാള്‍ട്ടണ്‍ പഠനങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെങ്കിലും മാര്‍ക്‌സിസ്റ്റ് സോഷ്യല്‍ ഡൈനാമിക്‌സിന്റെ ഇരുമ്പുമറകള്‍ക്ക് പുറത്തേക്ക് വ്യാപരിക്കുവാന്‍ അതിനു കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ വരേണ്യവര്‍ഗ്ഗചരിത്രത്തിനുപകരമുള്ള ബദല്‍ ചരിത്രമായി സബാള്‍ട്ടണ്‍ പഠനങ്ങള്‍ അവശേഷിച്ചു.
ഈ സാഹചര്യത്തിലാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ Unsung Heros of India’s Freedom Struggle എന്ന പേരില്‍ വിസ്മരിക്കപ്പെട്ട ചരിത്രപുരുഷന്മാര്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വര്‍ഷത്തില്‍ ‘ആസാദി കാ അമൃത് മഹോത്സവ’ ത്തിന്റെ ഭാഗമായി നടന്ന ഈ അന്വേഷണം ചരിത്രകാരന്മാര്‍ വിസ്മൃതിയുടെ അഗാധഗര്‍ത്തത്തിലേക്ക് തള്ളിയിട്ടിരുന്ന നൂറുകണക്കിന് ധീരദേശാഭിമാനികളുടെ മുഖമാണ് വെളിച്ചത്തിലെത്തിച്ചത്. ഒറ്റനോട്ടത്തില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഈ പരിശ്രമം ഒരു ലളിത ബൗദ്ധികവ്യായാമമാണ് എന്ന തോന്നലുണ്ടാക്കാം. കാരണം, അധികമാര്‍ക്കുമറിയാത്ത ആയിരക്കണക്കിന് സ്വാതന്ത്ര്യസമരസേനാനികളുടെ ലഘുജീവിതചരിത്രം അവതരിപ്പിക്കുന്നതിനപ്പുറം ഇതൊന്നും ചെയ്യുന്നില്ല. എന്നാല്‍, സൂക്ഷ്മമായി മനസ്സിലാക്കുമ്പോള്‍, ഓരോ വ്യക്തിയുടെയും ത്യാഗം അംഗീകരിക്കപ്പെടാതെ പോയതിന്റെയും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നമ്മുടെ ദേശീയസ്വാതന്ത്ര്യസമരത്തിലെ ചില ഏടുകള്‍ മാത്രം ആഘോഷിക്കപ്പെട്ടതിന്റെയും അന്വേഷണംകൂടിയാണ് ഈ പ്രൊജക്റ്റ് മുന്നോട്ട് വയ്ക്കുന്നതെന്ന് തിരിച്ചറിയാം. അതായത്, ദേശീയസ്വാതന്ത്ര്യസമരത്തിലെ ആഘോഷിക്കപ്പെടുന്ന ആശയങ്ങളും ബിംബങ്ങളും മാത്രമല്ല സ്വതന്ത്രഭാരതത്തിന്റെ അസ്തിത്വത്തെ നിര്‍ണ്ണയിച്ചിരുന്ന ഘടകങ്ങളെന്നും ചരിത്രത്തിലേക്കുള്ള ഓരോ അന്വേഷണവും നമ്മെ പുതിയ ധാരണകളിലേക്ക് കൊണ്ടുചെല്ലുമെന്നും തിരിയിച്ചറിയേണ്ടതുണ്ട്. അത്തരമൊരു തിരിച്ചറിവിന്റെ ബാക്കിപത്രമാണ് അഡ്വ. ബി. ജഗന്നാഥ് എഴുതിയ The First Native Voice of Madras: Gazulu Laksh minarasu Chettyഎന്ന പുസ്തകം. 2024 ല്‍ സംവിത് പ്രകാശന്‍ & മീഡിയ പുറത്തിറക്കിയ ഈ പുസ്തകം ഏറെ നാളത്തെ ഗവേഷണത്തിന്റെ ബാക്കിപത്രം കൂടിയാണ്. ആധുനിക ഇന്ത്യ തിരസ്‌ക്കരിച്ച ഒരു രാഷ്ട്രനിര്‍മ്മാതാവിന്റെ ത്യാഗോജ്ജ്വല ചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ അഡ്വ. ജഗന്നാഥ് അന്വേഷിക്കുന്നത്.
ബാല്യവും ആശയരൂപീകരണവും
ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ചൂഷണത്തില്‍ വിഷമിച്ചിരുന്ന മദ്രാസിലെ ഒരു കച്ചവട കുടുംബത്തിലാണ് 1806 ല്‍ ഗസലു ജനിക്കുന്നത്. കാര്യമായ ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിലും സാമൂഹിക പുരോഗതിയെക്കുറിച്ചും ഹിന്ദുസമുദായത്തിന്റെ ദൗര്‍ബല്യത്തെക്കുറിച്ചും ഗസലു ആശങ്കാകുലനായിരുന്നു. മദ്രാസിലെ തദ്ദേശീയ ജനവിഭാഗത്തിന് ഔദ്യോഗിക വിദ്യാഭ്യാസം നല്‍കുന്നതിനായി സംസ്‌കൃത പാഠശാലകള്‍ തുടങ്ങിയും ഹിന്ദു സാഹിത്യം പരിചയപ്പെടുത്തിയും മുന്നേറിയ അദ്ദേഹം മദ്രാസ് നേറ്റീവ് എഡ്യൂക്കേഷന്‍ പെറ്റീഷന്‍ പ്രസ്ഥാനത്തിലും പച്ചയപ്പന്‍ വിദ്യാലയ പ്രക്ഷോഭത്തിലും ഇടപെട്ടു. തദ്ദേശീയര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നിഷേധിക്കുന്നത് സാംസ്‌കാരിക അധിനിവേശത്തിനായുള്ള തന്ത്രമാണെന്ന് മനസ്സിലാക്കിയ ഗസലു വിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതിനുള്ള പരിശ്രമങ്ങളിലും സജീവമായിരുന്നു. ഗസലുവിന്റെ പരിശ്രമങ്ങളുടെ അടിസ്ഥാനശില മതനയത്തില്‍ ഒരു നിക്ഷ്പക്ഷ നിലപാട് ബ്രിട്ടീഷ് സര്‍ക്കാരിനെക്കൊണ്ട് എടുപ്പിക്കുകയും അതുവഴി തദ്ദേശീയ സ്വത്വത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു.

ബ്രിട്ടീഷ് അധികാരികളുടെ ആശീര്‍വാദത്തോടെ അരങ്ങേറിക്കൊണ്ടിരുന്ന മതപരിവര്‍ത്തനശ്രമങ്ങള്‍ മദ്രാസിലെ ഹിന്ദുക്കള്‍ക്കിടയില്‍ ആശങ്കകള്‍ ഇക്കാലത്തു വളര്‍ത്തിയിരുന്നു. കോളനിഭരണത്തിന് ഒരു ക്രിസ്ത്യന്‍ മുഖമുണ്ടെന്നു മനസ്സിലാക്കിയ ഗസലുവിന്റെ നേതൃത്വത്തിലുള്ള ഹിന്ദുക്കള്‍ 1846 ല്‍ കമ്പനി അധികാരികള്‍ക്ക് മിഷനറിമാരുമായി അതിരുവിട്ട ബന്ധമുണ്ടന്നും ആ ബന്ധം ഹിന്ദുക്കള്‍ക്കെതിരായി ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമാക്കി ലണ്ടനിലെ കോര്‍ട്ട് ഓഫ് ഡിറക്ടര്‍സിനു പരാതി അയക്കുകയുണ്ടായി. പ്രസ്തുത പരാതിയുടെ അലയൊലികള്‍ കെട്ടടങ്ങുന്നതിനുമുന്‍പ് 1846 ല്‍ തയാറാക്കിയ മറ്റൊരു കത്തില്‍ മദ്രാസിലെ ഹിന്ദുക്കള്‍ വിദ്യാഭ്യാസമേഖലയില്‍ വിവേചനം നേരിടുന്നുവെന്നും മിഷനറി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നരസുചെട്ടി ആവശ്യപ്പെട്ടു. മാത്രമല്ല, വിദ്യാലയങ്ങളില്‍ ബൈബിള്‍ ഒരു പാഠ്യവിഷയമാക്കിയതിനെതിരെ 1847 ല്‍ നിരവധി കത്തുകളാണ് ബ്രിട്ടീഷ് അധികാരികള്‍ക്ക് അദ്ദേഹം അയച്ചത്. ഗസലുവിന്റെ പ്രക്ഷോഭത്തിന്റെ വിജയമായിട്ടായിരുന്നു മദ്രാസ് സര്‍വ്വകലാശാലയുടെ പാഠ്യപദ്ധതിയില്‍നിന്നും ദൈവശാസ്ത്ര-ബൈബിള്‍ പഠനം ഒഴിവാക്കിയത്.
അന്വേഷണാത്മക പത്രപ്രവര്‍ത്തനം
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗം നിയന്ത്രിച്ചിരുന്നത് ബ്രിട്ടീഷ് താല്പര്യങ്ങള്‍ മാത്രമായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തെ ന്യായീകരിക്കുകയും വെള്ളക്കാരുടെ പുകഴ്ത്തലുകള്‍ നടത്തുകയും മാത്രം ചെയ്തിരുന്ന ആ ലോകത്തേക്കാണ് ഗസലു മദ്രാസ് ക്രസന്റ് എന്ന പത്രവുമായി രംഗപ്രവേശം ചെയ്തത്. അധികം വൈകാതെ പതിനായിരത്തില്‍പരം വായനക്കാരുമായി മുന്നേറാന്‍ സാധിച്ച മദ്രാസ് ക്രസന്റ്, ഹിന്ദു സമുദായത്തിന്റെ താല്പര്യത്തിനും കൊളോണിയല്‍ അഴിമതിക്കുമെതിരായി തുടര്‍ച്ചയായി നിലപാടുകളെടുത്തു. എന്നാല്‍, കേവലം ഹിന്ദു സമുദായ പ്രവര്‍ത്തനം മാത്രമായിരുന്നില്ല മദ്രാസ് ക്രസന്റ് ലക്ഷ്യം വച്ചിരുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രാഷ്ട്രീയ സാധ്യതകളെ ഉപയോഗപ്പെടുത്തി തദ്ദേശീയ വിഭാഗങ്ങളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളോടും ഗസലു വിയോജിച്ചിരുന്നു. ഇതിനു ഒരു ഉദാഹരണമായിരുന്നു രാംനാടിലെ കീഴകരയിലെ സൂഫി ദര്‍ഗ്ഗയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നം. അനധികൃതമായി മതപരിവര്‍ത്തന ലക്ഷ്യങ്ങളോടെ ദര്‍ഗ്ഗയില്‍ പ്രവേശിച്ച ഒരു യൂറോപ്യന്‍ മിഷനറിയെ മുസ്ലീങ്ങള്‍ തടവില്‍ വെക്കുകയുണ്ടായി. യൂറോപ്യന്‍ മിഷനറിമാരുടെ ഗൂഡോദ്ദേശങ്ങള്‍ അറിയാമായിരുന്ന ഗസലു, തദ്ദേശീയരുടെ ഭാഗത്തു ചേര്‍ന്നുകൊണ്ടുള്ള നിലപാടുകളാണെടുത്തത്.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍
അന്വേഷണാത്മകപത്രപ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമെന്നോണം ഗസുലുവിന്റെ ബ്രിട്ടീഷ് വിരോധം പില്‍ക്കാലത്തു കൂടുതല്‍ ശക്തമായി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ മതപരവും-വംശീയവുമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കൂടുതല്‍ ജനകീയ നടപടികളിലേക്ക് കടക്കുന്നതിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. 1852ല്‍ മദ്രാസ് നേറ്റീവ് അസോസിയേഷന്‍ സ്ഥാപിച്ചതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം കൊളോണിയല്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുകയായിരുന്നു. ഇതിന്റെ ഫലമായിട്ടായിരുന്നു റവന്യൂ അധികാരികളുടെ നേതൃത്വത്തില്‍ സാധാരണ കര്‍ഷകര്‍ നേരിട്ടിരുന്ന ക്രൂരമായ അടിച്ചമര്‍ത്തലിനെതിരെ ഗസലു ശബ്ദമുയര്‍ത്തിയതും 1854 ലെ ”Torture Commission’ രൂപീകരിച്ചതും. മാത്രമല്ല, കൂടുതല്‍ ജനകീയമായ ഉത്തരവാദിത്ത ഭരണം ഭാരതത്തിനു വേണമെന്നും കമ്പനി ഭരണത്തിന് അന്ത്യം കുറിക്കണമെന്നുമൊക്കെ ഗസലു നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കോളനിവിരുദ്ധ പോരാട്ടങ്ങളിലും തദ്ദേശീയരുടെ മത-സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുന്നതിനും വേണ്ടി നിരന്തരം കലഹിക്കുകയും പോരടിക്കുകയും ചെയ്ത ഗസലു ലക്ഷ്മിനരസു ചെട്ടിയെന്ന ദേശാഭിമാനി 1868 ല്‍ ദാരിദ്ര്യത്തോട് പടവെട്ടി അന്തരിക്കുകയുണ്ടായി. ഇതിനകം തന്നെ തന്റെ സമ്പാദ്യമെല്ലാം ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്കും ഹിന്ദു സമുദായത്തിന്റെ വളര്‍ച്ചക്കുമായി അദ്ദേഹം ചെലവഴിച്ചിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് ഭാരതീയ സംസ്‌കാരത്തിനായി നിലപാടുകളെടുക്കുകയും തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്ത ഗസലു ഇന്ന് ഏറെക്കുറെ വിസ്മൃതനായി തുടരുന്നു. നമ്മുടെ ദേശീയതയുടെ ചരിത്രം ആ ഭൂതകാലത്തിന്റെ സമഗ്രചിത്രമാണെന്ന അബദ്ധധാരണപോലെ അപകടംപിടിച്ച മറ്റൊരു വൈജ്ഞാനിക നിലപാടില്ലെന്നാണ് അഡ്വ. ജഗന്നാഥിനെപ്പോലെയുള്ള ധിഷണാശാലികളുടെ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്. വിസ്മൃതരായിപ്പോയ കൂടുതല്‍പ്പേരെ നമ്മളിലേക്ക് എത്തിക്കാന്‍ പുതിയ പഠനങ്ങള്‍ക്ക് ഈ ഗ്രന്ഥം മാതൃകയാകും.
റഫറന്‍സ്
1. രണ്ജിത് ഗുഹ (1982) സബാള്‍ട്ടണ്‍ സ്റ്റഡീസ് വോള്യം 1
2.https://amritkaal.nic.in/unsungheroes
(കാലടി സംസ്‌കൃത സര്‍വ്വകലാശാല സിന്‍ഡിക്കറ്റ് അംഗമാണ് ലേഖകന്‍)





















