പ്രാചീന റോമാനഗരത്തില്‍ കരുത്തന്മാരായ അടിമകളെയോ ഗ്ലാഡിയേറ്റര്‍മാര്‍ എന്നറിയപ്പെടുന്ന ചാവേറുകളെയോ മരണം വരെ പോരാടാനായി കൊളോസിയം എന്നു പേരുള്ള വിനോദ അരങ്ങില്‍ ഇറക്കിയിരുന്നു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഈ മരണക്കളി കാണാന്‍ ജനങ്ങള്‍ ഗാലറിയില്‍ അണിനിരക്കും. പലപ്പോഴും സിംഹം, കരടി, ആന തുടങ്ങിയ വന്യമൃഗങ്ങളോടും ഗ്ലാഡിയേറ്റര്‍മാര്‍ക്കും അടിമകള്‍ക്കും പോരാടേണ്ടി വരും. ഒരുവന്റെ ഭീകര മരണം കണ്ടാസ്വദിക്കുന്നവന്റെ പ്രാകൃത മനോഘടനയും വികാരവും തന്നെയല്ലെ നമ്മുടെ നാട്ടിലെ വെടിക്കെട്ട് കണ്ടാസ്വദിച്ച് ആര്‍ത്തുവിളിക്കുന്നവരുടേതുമെന്ന് തോന്നിപ്പോവുകയാണ്. ഓരോ വര്‍ഷവും കമ്പപ്പുരകളില്‍ എത്ര പേര്‍ കത്തിയെരിഞ്ഞാലും വെടിക്കെട്ട് കൂടാതെ ഉല്‍സവമില്ലെന്നു ശഠിക്കുന്ന മലയാളികളില്‍ എന്നാണ് ഇനി ബോധപരിവര്‍ത്തനമുണ്ടാവുക.
നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരുവും മന്നത്തുപത്മനാഭനുമടക്കം പല പരിഷ്‌ക്കര്‍ത്താക്കളും കരിയും കരിമരുന്നും വേണ്ടെന്നുപറഞ്ഞിട്ടും കേട്ടവരല്ല നമ്മള്‍. അമ്പലപ്പറമ്പില്‍ ഇന്നും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ലോകപ്രശസ്തമായ തൃശ്ശൂര്‍പൂരത്തിന്റെ ഭാഗമായി നടത്താറുള്ള കരിമരുന്നു കലാപ്രകടനത്തിനായി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍പ്പെട്ട് പതിനഞ്ചില്‍പരം മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു പോയിരിക്കുന്നു. അനേകം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. തിരുവമ്പാടി വിഭാഗത്തിനായുള്ള കരിമരുന്നു തയ്യാറാക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശത്തായിരുന്നു പടക്കപ്പുര എന്നതുകൊണ്ടു മാത്രമാണ് മരണസംഖ്യ കുറഞ്ഞത്. ഈ അപകടം ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന തൃശ്ശൂര്‍ പൂരത്തിനിടയിലും സംഭവിക്കാവുന്നതാണ്. കാരണം നമ്മുടെ നാട്ടില്‍ നടക്കുന്ന കമ്പക്കെട്ടുകള്‍ക്ക് തീകൊടുത്തുകഴിഞ്ഞാല്‍ അതില്‍ യാതൊരു നിയന്ത്രണവും പിന്നെ ഉണ്ടാവില്ല. ആയിരക്കണക്കിന് കിലോവരുന്ന വെടിമരുന്ന് ഒരുമിച്ച് കത്തിയമരുമ്പോഴുണ്ടാകുന്ന പ്രകമ്പനം പരിസരത്തുള്ള കെട്ടിടങ്ങളുടെ അടിത്തറയെ വരെ ദുര്‍ബലപ്പെടുത്താന്‍പോന്നതാണ്.
പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുരത്തിലെ ഓടുകള്‍ വരെ പറത്തി കളയാറുള്ള പൂരവെടിക്കെട്ട് സത്യത്തില്‍ പ്രാകൃതമായ ഒരു പരിപാടിയാണ്. വെടിക്കെട്ടിന് ആചാരപരിവേഷം കൈവന്നത് അടുത്ത കാലത്താണ്. ആചാരപരിവേഷം വന്നു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ജീവനും സ്വത്തിനും സാമൂഹ്യ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഒന്നിനേയും എന്ത് ആചാരത്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ പല ആചാരങ്ങളെയും അനുകരിക്കാറുള്ള കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹവും പളളിപ്പെരുന്നാളിന് ആളെ കൂട്ടാനായി വെടിക്കെട്ട് കലാപരിപാടി അനുകരിച്ചു തുടങ്ങി. അതുകൊണ്ട് അമ്പലപ്പറമ്പിലെന്നതു പോലെ പള്ളിപ്പറമ്പിലും എണ്ണംപറഞ്ഞ പല കരിമരുന്ന് ദുരന്തങ്ങളും സംഭവിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെയുണ്ടായ അമ്പതില്‍പരം വെടിക്കെട്ട് ദുരന്തങ്ങളില്‍ അഞ്ഞൂറിനടുത്ത് ജനങ്ങള്‍ മരിച്ചിട്ടുണ്ട്. ഏതാണ്ട് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ എണ്ണത്തിനടുത്തുവരും ഇത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കടുത്ത വേനലില്‍ സാധുക്കളായ തൊഴിലാളികള്‍ കുടുംബം പുലര്‍ത്താനായി ജീവന്‍ പണയംവച്ചു നടത്തുന്ന പടക്കനിര്‍മ്മാണം എന്ത് ദൃശ്യവിസ്മയത്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ല. ലോകപ്രസിദ്ധമായ മൈസൂര്‍ ദസറയോടനുബന്ധിച്ച് നടത്തിയിരുന്ന കരിമരുന്ന് പ്രകടനം അവസാനിപ്പിച്ച് ലേസര്‍ഷോയാക്കി പരിവര്‍ത്തനപ്പെടുത്തിയത് വെടിക്കെട്ടിന്റെ അപകട സാധ്യതയും പരിസ്ഥിതി മലിനീകരണവും പരിഗണിച്ചാണ്.
തൃശ്ശൂരില്‍ മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തം ഉണ്ടായ സ്ഥലത്തേയ്ക്ക് ഫയര്‍എഞ്ചിനും ആംബുലന്‍സിനും എത്തിച്ചേരാന്‍ വഴി വെട്ടി ഉണ്ടാക്കേണ്ടിവന്നു എന്നിടത്താരംഭിക്കുന്നു സുരക്ഷാ വീഴ്ച. രണ്ടു മണിക്കൂര്‍ നേരത്തേയ്ക്ക് ദുരന്തഭൂമിയിലേക്ക് പ്രവേശിക്കാന്‍ പോലും രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല. കമ്പക്കെട്ട് എന്ന പേരില്‍ നടക്കുന്ന ഈ തീക്കളിയ്ക്ക് ആവശ്യത്തിലധികം വാര്‍ത്താപ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍ക്കും ഈ മനുഷ്യക്കുരുതിയില്‍ പങ്കുണ്ട്. ദുരന്തങ്ങള്‍ ഏത് മേഖലയിലും ഉണ്ടാവാം എന്നു പറഞ്ഞ് വെടിക്കെട്ടു ദുരന്തങ്ങളെ സാമാന്യവല്‍ക്കരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന നിരവധി കമ്പപ്രേമികള്‍ ഉണ്ട്. എന്നാല്‍ ഒരേ ആഘോഷത്തിന്റെ ഭാഗമായി തന്നെ ദുരന്തങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട് എന്ന കാര്യം നാം മറക്കാന്‍ പാടില്ല. 1978 ലും 2006ലും പൂരത്തിനിടയില്‍ വെടിക്കെട്ട് ദുരന്തമുണ്ടായിട്ടുണ്ട്. 2006 മെയ് 4ന് പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 7 പേരാണ് മരിച്ചത്. ഈ വര്‍ഷം അത് തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗത്തായി എന്നു മാത്രം. നൂറ്റിപ്പത്ത് പേര്‍ ചിതറിത്തെറിച്ച കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോഴും അമ്പലപ്പറമ്പിലെ അപകടകരമായ കമ്പക്കെട്ടുകളെ കുറിച്ച് ഒരു പുനര്‍വിചിന്തനമാവശ്യമാണെന്ന് ഞങ്ങള്‍ എഴുതിയിരുന്നു. പലരും വിമര്‍ശനം ഭയന്ന് തുറന്നെഴുതാനും പറയാനും ഭയക്കുകയാണ്. വെടിക്കെട്ടിന് ക്ഷേത്രോത്സവങ്ങളില്‍ ആചാരപരമായ യാതൊരു പ്രാധാന്യവുമില്ല എന്ന് മനസ്സിലാക്കണം. വെടിമരുന്ന് കണ്ടുപിടിച്ചിട്ടും അത് നമ്മുടെ നാട്ടിലേയ്ക്ക് കടന്നുവന്നിട്ടും ഏതാനും നൂറ്റാണ്ടുകളെ ആയിട്ടുള്ളു. അതിനു മുമ്പും ഈ നാട്ടില്‍ ക്ഷേത്രങ്ങളും ഉത്സവങ്ങളും ഉണ്ടായിരുന്നു എന്ന് നാം മനസ്സിലാക്കണം.
ഉത്സവത്തിന്റെ പുറംമോടിയ്ക്കു വേണ്ടി ചെയ്യുന്ന പലതും സാധാരണക്കാരെ ആകര്‍ഷിക്കാനും ആനന്ദിപ്പിക്കാനും വേണ്ടിയുള്ളവയാണ്. ജീവഹാനി ഉണ്ടാക്കാന്‍ ഇടയുള്ള കാര്യങ്ങള്‍ അതില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്.ഇനി ഇത്തരം ആകാശവിസ്മയങ്ങള്‍ കൂടിയേതീരു എന്നുള്ളവര്‍ക്ക് പരിസ്ഥിതി മലിനീകരണവും ശബ്ദമലിനീകരണവും ഇല്ലാത്ത ലേസര്‍ഷോയും ഡ്രോണ്‍ഷോയും ഒക്കെ നടത്താവുന്നതേ ഉള്ളു. അയോദ്ധ്യയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട രാമക്ഷേത്രത്തിന്റെ ഭാഗമായി സരയു തീരത്ത് എല്ലാ ദിവസവും നടത്തുന്ന ലേസര്‍ ഷോ ദര്‍ശിക്കാന്‍ ലക്ഷങ്ങളാണ് തടിച്ചുകൂടുന്നത്. സ്വാമി നാരായണ പ്രസ്ഥാനം പടുത്തുയര്‍ത്തിയിരുക്കുന്ന എല്ലാ ആധുനിക ക്ഷേത്രങ്ങളിലും വൈകുന്നേരം ലേസര്‍ പ്രകാശവിസ്മയത്തിലൂടെ ആയിരങ്ങളിലേക്ക് ഭാരതത്തിന്റെ മഹത്തായ ചരിത്രവും പൈതൃകവുമാണ് പകര്‍ന്നു നല്‍കുന്നത്. ചൈനയില്‍ നടന്ന ഒളിമ്പിക്‌സില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത കരിമരുന്ന് പ്രകടനം ലോകം വിസ്മയത്തോടെ കണ്ടു. പൂര്‍ണ്ണ നിയന്ത്രണത്തില്‍ നടക്കുന്ന അപകടരഹിതമായ ഇത്തരം സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ നാം തയ്യാറല്ലെങ്കില്‍ അമ്പലപ്പറമ്പില്‍ വെടിക്കെട്ടുകള്‍ വേണ്ടെന്നു വയ്ക്കുന്നതു തന്നെയാണ് നല്ലത്. പടഹാദി എന്ന ഉത്സവസമ്പ്രദായത്തില്‍ എന്തായാലും ആദ്യകാലത്ത് വെടിക്കെട്ട് ഉണ്ടായിരുന്നില്ലെന്ന് പാരമ്പര്യവാദികളും ആചാരവാദികളും മനസ്സിലാക്കുന്നതും നല്ലതാണ്.




















