അക്രമാസക്തമായ പോരാട്ടങ്ങളുടെയും ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങളുടെയും ആശങ്കാജനകമായ വര്‍ദ്ധനവാണ് ഇന്നത്തെ ആഗോള സാഹചര്യം സാക്ഷ്യപ്പെടുത്തുന്നത്. കിഴക്കന്‍ യൂറോപ്പ് മുതല്‍ പശ്ചിമേഷ്യ വരെയുള്ള വിവിധ മേഖലകളില്‍ നീണ്ടുനില്‍ക്കുന്ന ശത്രുതയും സംഘര്‍ഷങ്ങളും സമാധാനത്തിന്റെ സുരക്ഷിതത്വമില്ലായ്മയെ വീണ്ടും അടിവരയിട്ട് ഉറപ്പിക്കുന്നു. ഇന്ത്യ നേരിട്ട് ഇത്തരം പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ പോലും യുദ്ധക്കളങ്ങള്‍ക്ക് അപ്പുറത്തേക്ക് ഇതിന്റെ ആഘാതങ്ങള്‍ വ്യാപിക്കുന്നുണ്ട്. ഏറെ ആഗോളവല്‍ക്കരിക്കപ്പെട്ട സമകാലീന ലോകത്ത് അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുന്ന അസ്ഥിരത വാണിജ്യം, ഊര്‍ജ്ജ സംബന്ധമായ ചെലവുകള്‍, വ്യോമഗതാഗതം, അതിര്‍ത്തി കടന്നുള്ള സഞ്ചാരം എന്നിവയെയെല്ലാം ബാധിക്കുന്നു. അന്താരാഷ്ട്രതലത്തിലും മറ്റും ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും വിനോദസഞ്ചാര മേഖലയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കും. സുരക്ഷയും സാമ്പത്തിക-സാമൂഹിക- ആരോഗ്യ മേഖലകളിലെ സ്ഥിരതയും വിനോദസഞ്ചാരത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമായി സ്വയം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങ ള്‍ രാജ്യത്തിന്റെ വിനോദസഞ്ചാര ലക്ഷ്യത്തെയും വളര്‍ച്ചാ നിരക്കിനെയും ഗൗരവമായി ബാധിച്ചേക്കാം.

ഏതു രാജ്യത്തെ സംബന്ധിച്ചിടത്തോളവും ആ രാജ്യത്തിലെ സഞ്ചാരികളുടെ സുരക്ഷ, സേവന സാധന ലഭ്യത, വിശ്വാസ്യത എന്നിവയെ ആശ്രയിച്ചിരിക്കും ആ രാജ്യത്തിന്റെ വിനോദസഞ്ചാര വികസനം. ഇന്നത്തെ സങ്കീര്‍ണമായ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പലപ്പോഴും യാത്രാ വിലക്കുകള്‍ക്കും സേവന- ഇന്‍ഷുറന്‍സ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനും വിമാന പാതകളില്‍ ഇടയ്ക്കിടെ മാറ്റം വരുന്നതിനും കാരണമാകുന്നു. ഇതൊക്കെ വിനോദസഞ്ചാരികളുടെ കാഴ്ചപ്പാടുകളെയും തീരുമാനങ്ങളെയും സ്വാധീനിക്കും. അന്താരാഷ്ട്ര സഞ്ചാരികള്‍ പലപ്പോഴും സ്ഥലങ്ങളെ വിലയിരുത്തുന്നത് പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ വിഷയങ്ങളേക്കാള്‍ കൂടുതലായി ആ മേഖലയെ കുറിച്ചുള്ള പൊതുവായ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. തല്‍ഫലമായി സംഘര്‍ഷമേഖലകളില്‍ നിന്ന് ദൂരെയുള്ള രാജ്യങ്ങളില്‍ പോലും വിനോദസഞ്ചാരികളുടെ വരവില്‍ കുറവുണ്ടായേക്കാം. കേവലം അടിസ്ഥാനസൗകര്യങ്ങളിലോ കാഴ്ചകളിലോ മാത്രമല്ല മറിച്ച് സുരക്ഷിതത്വബോധത്തിലും വിശ്വാസത്തിലും ആണ് ആഗോള വിനോദസഞ്ചാരമേഖല നിലകൊള്ളുന്നത്.
ഭാരതത്തെ സംബന്ധിച്ചിടത്തോളം വിനോദസഞ്ചാരം എന്നത് വെറുമൊരു വിനോദോപാധി മാത്രമല്ല, അത് സാമ്പത്തിക സാമൂഹിക വളര്‍ച്ചയുടെ തന്ത്രപ്രധാനമായ ഒരു ചാലകശക്തിയുമാണ്. ഹോസ്പിറ്റാലിറ്റി, ഗതാഗതം, കരകൗശലവസ്തുക്കള്‍, സാംസ്‌കാരിക സേവനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഈ വ്യവസായം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് വിദേശ നാണ്യശേഖരവും സമൂഹത്തിന്റെ അടിത്തട്ടിലുള്ള തൊഴിലിന്റെ എണ്ണവും വരുമാനവും ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ഗ്രാമീണവും സാംസ്‌കാരിക പ്രാധാന്യമുള്ളതുമായ പ്രദേശങ്ങളുടെ വികസനത്തിന് സഹായിക്കുകയും ചെയ്യുന്നു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത തരത്തിലുള്ള ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും സാംസ്‌കാരിക വൈവിധ്യവും പ്രകൃതി സമ്പത്ത്, ആത്മീയ പൈതൃകം എന്നിവയും രാജ്യത്തിന്റെ വിനോദസഞ്ചാര വികസനത്തിന് വളരയേറെ സഹായിക്കുന്നുണ്ട്. സ്വദേശി ദര്‍ശന്‍, പ്രാസാദ് പദ്ധതികളിലൂടെ ഭാരതത്തിലെ സര്‍ക്കാര്‍ വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങള്‍ക്കും പൈതൃക സംരക്ഷണത്തിനും ബ്രാന്‍ഡിങ്ങിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ഒരു ടൂറിസം നയവും സ്വീകരിച്ചിട്ടുണ്ട്. ഭാരതത്തിന്റെ സാമ്പത്തിക വികാസത്തിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരം സാമ്പത്തിക അവസരങ്ങളും സാംസ്‌കാരിക നയതന്ത്രവും ഒരേപോലെ വാഗ്ദാനം ചെയ്യുന്ന ഒരു മേഖലയാണ്.

എങ്കിലും, ഒരു രാജ്യം സന്ദര്‍ശിക്കണമോ വേണ്ടയോ എന്ന തീരുമാനം എടുക്കുന്നതില്‍ രാജ്യത്തിന്റെ മൊത്തം സാഹചര്യം പരിഗണിക്കപ്പെടും എന്നതുകൊണ്ടുതന്നെ അന്താരാഷ്ട്രതലത്തില്‍ മൊത്തത്തില്‍ ഭാരതം സുരക്ഷിതമാണ് എന്ന ഒരു പ്രതീതി സൃഷ്ടിക്കേണ്ടതുണ്ട്. വ്യോമയാന, റെയില്‍വേ, ദേശീയപാതകള്‍, നാടന്‍ ജലപാതകള്‍ എന്നിവയിലൂടെയുള്ള സുഗമമായ സഞ്ചാരം ഉറപ്പാക്കുന്ന ഗതാഗത സംവിധാനമാണ് ഇതിന്റെ നട്ടെല്ല്. വ്യോമയാന മേഖലയിലെ തടസ്സങ്ങള്‍- വിമാനങ്ങള്‍ റദ്ദാക്കല്‍ സമയമാറ്റങ്ങള്‍ എന്നിവ സഞ്ചാരികളുടെ നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ആധുനിക ലോകത്ത് ജനങ്ങള്‍ കൂടുതലായി വ്യോമ മേഖലയെ ആശ്രയിക്കുന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ആഡംബര ഹോട്ടലുകള്‍ മുതല്‍ ഹോംസ്റ്റേകള്‍ വരെയുള്ള താമസസൗകര്യങ്ങളില്‍ സഞ്ചാരികളുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കണം. ശുചിത്വം, ആരോഗ്യ സേവനങ്ങള്‍, ഡിജിറ്റല്‍ കണക്ടിവിറ്റി, സുരക്ഷ സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കണം. സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള സമഗ്ര വിവരങ്ങളും സാംസ്‌കാരിക ഉത്സവങ്ങളെ പറ്റിയും, സാഹസിക – കായിക വിനോദങ്ങള്‍, സുരക്ഷാസംബന്ധിയായ സാഹചര്യങ്ങള്‍ എന്നിവ വിനോദസഞ്ചാരത്തെ എങ്ങനെ ബാധിക്കുന്നു എന്നത് 2008ലെ മുംബൈ ഭീകരാക്രമണവും കാശ്മീരിലെ പഹല്‍ഗാം വിഷയവും കോവിഡ് കാലത്തെ തിക്താനുഭവങ്ങളും നമുക്ക് കാണിച്ചു തരുന്നുണ്ട്. പക്ഷേ എല്ലാ പ്രശ്‌നങ്ങളെയും ഒരു ശക്തമായ രാജ്യം എന്ന നിലയില്‍ ഭാരതത്തിന് മറികടക്കാന്‍ സാധിച്ചിട്ടുണ്ട് എന്നുള്ളതാണ് അനുഭവം. മെച്ചപ്പെട്ട സുരക്ഷാക്രമീകരണങ്ങളിലൂടെയും അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും വിനോദസഞ്ചാരമേഖല തകര്‍ച്ചകളില്‍ നിന്ന് കരകയറുന്നത് നാം കണ്ടു.
നിലവിലെ ആഗോള സാഹചര്യത്തില്‍ നയരൂപകര്‍ത്താക്കളും വിനോദസഞ്ചാര മേഖലയിലെ പങ്കാളികളും ചേര്‍ന്നിരുന്ന് ജാഗ്രതയോടു കൂടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതുമുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൃത്യമായി വിവരങ്ങള്‍ കൈമാറുന്നതിനും മുന്‍ഗണന നല്‍കണം. പ്രതിസന്ധി പരിപാലന സംവിധാനങ്ങളും സുരക്ഷാ ഏജന്‍സികളും വിനോദസഞ്ചാരവും തമ്മിലുള്ള ഏകോപനം അത്യാവശ്യമാണ്. ആഗോള അസ്ഥിരത നീണ്ടുപോകുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിനോദസഞ്ചാരത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുള്ള ഒരു നയം സ്വീകരിക്കുന്നത് ഗുണകരമാകും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭാരതത്തില്‍ ഉണ്ടായ ആഭ്യന്തര വിനോദസഞ്ചാരത്തിന്റെ വളര്‍ച്ച ഈ മേഖലയുടെ കരുത്ത് തെളിയിക്കുന്നതാണ്. വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സുസ്ഥിരവികസനം എന്നിവയിലുള്ള നിക്ഷേപം ത്വരിതപ്പെടുത്തണം. പ്രകൃതിക്ക് ഇണങ്ങുന്നതും പ്രാദേശിക സമൂഹത്തിനു മുന്‍ഗണന നല്‍കുന്നതും ആയ പദ്ധതികള്‍ ടൂറിസം വളര്‍ച്ചയെ കൂടുതല്‍ മികവുറ്റതും ഉള്‍ക്കൊള്ളുന്നതും ആക്കും.
ഏതൊരു വെല്ലുവിളിയില്‍ നിന്നും തിരിച്ചു വരാന്‍ വിനോദസഞ്ചാരത്തിന് പ്രത്യേക കഴിവുണ്ടെന്ന് ചരിത്രം തെളിയിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളും മഹാമാരികളും ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങളും യാത്രകളെ താല്‍ക്കാലികമായി തടഞ്ഞേക്കാം, എന്നാല്‍ ലോകത്തെ അറിയുവാനും സഞ്ചരിക്കുവാനുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ ആഗ്രഹത്തെ ഇല്ലാതാക്കാന്‍ അവയ്ക്ക് ആയിട്ടില്ല. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ആത്മീയ പാരമ്പര്യവും ലോകത്തെ എക്കാലവും ആകര്‍ഷിച്ചുകൊണ്ടിരിക്കും. അതിന് കൃത്യമായ ആസൂത്രണവും നിശ്ചയദാര്‍ഢ്യവും കരുതലോടും ഉത്തരവാദിത്തത്തോടും കൂടെയുള്ള നടപടികളും അത്യാവശ്യമാണ്.
പ്രക്ഷുബ്ധമായ ഒരു ലോകത്ത് വിനോദസഞ്ചാരത്തിന് താല്‍ക്കാലികമായി തടസ്സങ്ങള്‍ നേരിട്ടേക്കാം. പക്ഷേ അത് ഒരിക്കലും ഇല്ലാതാവില്ല. പ്രതിസന്ധികളില്‍ വ്യവസായത്തെ സംരക്ഷിക്കുക മാത്രമല്ല ഭാവിയിലേക്കായി അതിന്റെ അടിത്തറ ഉറപ്പിക്കുക കൂടിയാണ് ഭാരതം ചെയ്യേണ്ടത്. ദീര്‍ഘവീക്ഷണത്തോടെയും കരുത്തോടെയും മുന്നോട്ടു പോയാല്‍ സാമ്പത്തിക വികസനത്തിന്റെയും സാംസ്‌കാരികമുന്നേറ്റത്തിന്റെയും പ്രധാന ചാലക ശക്തിയായി വിനോദസഞ്ചാരം നിലകൊള്ളും. ഒരു വികസിത രാജ്യം- വിശ്വഗുരു ആയി മാറാനുള്ള ഭാരതത്തിന്റെ ലക്ഷ്യത്തിന് കരുത്തേകുകയും ചെയ്യും.





















