ശബ്ദതാരാവലിയില്‍ തത്വം എന്ന വാക്ക് ‘തത്വം’ എന്നും ‘തത്ത്വം’ എന്നും ചേര്‍ത്തു കാണുന്നു. രണ്ടും ശരിയാണെന്നു സാരം. സംസ്‌കൃതത്തില്‍ ‘തത്ത്വം’ എന്നേ കണ്ടിട്ടുള്ളൂ. തത് + ത്വം എന്നു ചേര്‍ക്കുമ്പോള്‍ അതു തത്ത്വമായാല്‍ അവിടെ വര്‍ണ്ണവികാരം ഒന്നുമില്ല. എന്നാല്‍ തത്വമായാല്‍ ഒരു തകാരം നഷ്ടമാകുന്നു; ലോപസന്ധി. വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായാലല്ലേ ആ ചേര്‍പ്പിനു പ്രസക്തിയുള്ളൂ. ഒരു മാറ്റവും ഇല്ലെങ്കില്‍ പിന്നെന്തു സന്ധി? മലയാള രീതിയനുസരിച്ച്, തത്വം എന്നു തന്നെയാണെഴുതേണ്ടത് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. മറിച്ചായാല്‍ സന്ധിയെ പരിഹസിക്കലാവും. അനാവശ്യമായ ഇരട്ടിപ്പുകളെ കളിയാക്കുന്ന കൂട്ടത്തില്‍ തത്ത്വത്തേയും കുഞ്ഞുണ്ണിമാഷ് പരിഹസിക്കുന്നതു കണ്ടിട്ടുണ്ട്. സംവൃതോകാരം യഥാര്‍ത്ഥത്തില്‍ വിവൃതോകാരമായിപ്പോയതുപോലെയാണ് ഈ തത്ത്വവും. ശരി തത്വം തന്നെ. കെ.സി. നാരായണന്‍ മാതൃഭൂമിയിലെ അക്ഷരം പ്രതി പംക്തിയില്‍ ‘തത്ത്വം’ എന്നുതന്നെ എഴുതണമെന്നു ശഠിക്കുന്നു. അതു സംസ്‌കൃതത്തിന്റെ രീതിയാണ്. മലയാളത്തില്‍ ‘തത്വം’ മതിയാകും.
പഴയകാലത്ത് മലബാര്‍ ചരിത്രകാരനും തിരുവിതാംകൂര്‍ ചരിത്രകാരനും കൊച്ചി രാജ്യചരിത്രകാരനും ബ്രിട്ടീഷ് ചരിത്രകാരനുമൊക്കെയുണ്ടായിരുന്നു. പക്ഷേ ഇടതുപക്ഷ ചരിത്രകാരനും മതേതര ചരിത്രകാരനും മാര്‍ക്‌സിയന്‍ ചരിത്രകാരനും ലോകചരിത്രകാരനുമൊന്നുമുണ്ടായിരുന്നില്ല. ഇളങ്കുളത്തിനും കെ.പി. പത്മനാഭമേനോനും കേസരി ബാലകൃഷ്ണപിള്ളയ്ക്കുമൊന്നും പ്രത്യേകിച്ചു നിലപാടുതറകള്‍ ഉണ്ടായിരുന്നില്ല. അവര്‍ വായിച്ചും ഗവേഷണം നടത്തിയും കണ്ടറിഞ്ഞ വസ്തുതകളെ പ്രത്യേകിച്ച് ഒരു നിലപാടും സ്ഥാപിക്കാന്‍ ശ്രമിക്കാതെ സത്യസന്ധമായി അവതരിപ്പിക്കാന്‍ പരിശ്രമിച്ചു. അവരുടെ പഠനവും ഗവേഷണവുമൊന്നും പൂര്‍ണ്ണമായിരുന്നില്ല. ഒരു ചരിത്രകാരനും ചരിത്രത്തെ സമ്പൂര്‍ണ്ണമായി മനസ്സിലാക്കാനാവില്ലല്ലോ! അറിഞ്ഞിടത്തോളം വസ്തുതകള്‍ പരമാവധി നിഷ്പക്ഷതയോടെ അവര്‍ അവതരിപ്പിച്ചു.
ഇന്നങ്ങനെയൊരു ചരിത്ര സമീപനമേയില്ല. മുന്‍കൂട്ടി ചില ചരിത്രവസ്തുതകള്‍ നിര്‍മ്മിച്ചെടുക്കാന്‍ ചിലര്‍ പരിശ്രമിക്കുന്നു. ടിപ്പു മതേതര വാദിയാണ് എന്നു സ്ഥാപിക്കാന്‍ എന്തൊക്കെ ചരിത്രത്തില്‍ നിന്നു കണ്ടെത്താമെന്ന് ചിലര്‍ നിരന്തര ഗവേഷണത്തിലാണ്. മറ്റു ചിലര്‍ തിരിച്ചും. ടിപ്പുവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള ചരിത്രവസ്തുതകള്‍ നിഷ്പക്ഷമായി പഠിച്ച് ഒരു നിഗമനത്തിലെത്താന്‍ എന്തുകൊണ്ടു കഴിയുന്നില്ല. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്തിയാലേ ചരിത്ര കൗണ്‍സിലിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇടം കിട്ടുകയുള്ളൂ എന്നതിനാല്‍ ചരിത്രത്തെ ബോധപൂര്‍വ്വം വക്രീകരിക്കുന്നു. ഇന്നത്തെ ഈ രാഷ്ട്രീയ ചരിത്രകാരന്മാര്‍ ഇളങ്കുളത്തെ ആത്മാര്‍ത്ഥമായി വായിച്ചു നോക്കണം. അദ്ദേഹത്തിന്റെ ചരിത്രരചനയില്‍ പോരായ്മകള്‍ കണ്ടേക്കാം. പക്ഷേ അദ്ദേഹത്തിന്റെ സത്യസന്ധതയെ ആര്‍ക്കും വിസ്മരിക്കാനാവില്ല. അത്തരം ചരിത്രകാരന്മാരാണ് പുതിയകാലത്തു വേണ്ടത്.
ചരിത്രകാരനായ കെ. എന്‍.പണിക്കര്‍ അന്തരിച്ചപ്പോള്‍ മാതൃഭൂമിയില്‍ കെ.ഇ. എന്‍. കുഞ്ഞുമുഹമ്മദ് എന്നയാള്‍ എഴുതിയിരിക്കുന്ന ലേഖനത്തിന്റെ തലക്കെട്ട് മതനിരപേക്ഷതയുടെ ചരിത്രസാക്ഷ്യം എന്നാണ്. അടിമുടി മതവര്‍ഗീയ വാദിയായ കെ.ഇ. എന്‍ ആണ് പണിക്കര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ചരിത്രത്തില്‍ മതനിരപേക്ഷ ചരിത്രവും വര്‍ഗീയ ചരിത്രവുമില്ല. സത്യസന്ധമായ ചരിത്രം മാത്രമേയുള്ളൂ. അതു മുഹമ്മദ് ഗസ്‌നിയെക്കുറിച്ചും ഔറംഗസേബിനെക്കുറിച്ചുമെഴുതുമ്പോള്‍ വര്‍ഗീയമാകും. തിരുവിതാംകൂര്‍ രാജാക്കന്മാരെ കുറിച്ചെഴുതുമ്പോള്‍ മതനിരപേക്ഷമാകും. കാരണം ആദ്യത്തെ പേരുകാര്‍ രണ്ടും കടുത്ത വര്‍ഗീയ വാദികളായിരുന്നു. ഇതര മതസ്ഥരോട് കടുത്ത അനീതികള്‍ പ്രവര്‍ത്തിച്ചവരാണ്. അവരെ മതേതരവാദികളായി ചരിത്രത്തില്‍ അവതരിപ്പിച്ചാല്‍ അതു നുണയാണ്. കേരളത്തിലെ രാജാക്കന്മാര്‍ പൊതുവേ ഈശ്വരഭക്തന്മാരായിരുന്നെങ്കിലും മത താല്പര്യമുള്ളവരായിരുന്നില്ല. മറ്റു മതങ്ങളെ കണക്കറ്റു പ്രോത്സാഹിപ്പിച്ചിരുന്നു. ഇക്കൂട്ടരെ വര്‍ഗീയ വാദികളെന്നു വിലയിരുത്താന്‍ ശ്രമിച്ചാല്‍ അതും ചരിത്രമല്ല; വെറും നുണയാണ്. കേരള രാജാക്കന്മാരെക്കുറിച്ചെഴുതുന്നതു പക്ഷേ മതേതരചരിത്രമല്ല. വെറും ചരിത്രം മാത്രം. ഗസ്‌നി, ഗോറി, ഔറംഗസീബ് എന്നിവരെ കുറിച്ചെഴുതുന്നവര്‍ ദേശീയ ചരിത്രകാരന്മാരോ ഹൈന്ദവ ചരിത്രകാരന്മാരോ അല്ല വെറും ചരിത്രകാരന്മാര്‍ തന്നെ.
കെ.എന്‍.പണിക്കര്‍, വായിക്കാന്‍ കഴിഞ്ഞിടത്തോളം, ചരിത്രത്തെ തന്റെ രാഷ്ട്രീയതാല്പര്യത്തിനനുസരിച്ചു ബോധപൂര്‍വ്വം വികൃതമാക്കിയ എഴുത്തുകാരനാണ്. ചരിത്രത്തോട് ഒരുവിധത്തിലുള്ള സത്യസന്ധതയും പുലര്‍ത്താത്ത പണിക്കരെ ചരിത്രകാരന്‍ എന്നു വിളിക്കുന്നതുതന്നെ അന്യായമാണ്. ചരിത്രത്തില്‍, സംവാദം എന്ന പദത്തിന് ഇത്രമാത്രം പ്രസക്തിയുണ്ടാവാന്‍ കാരണം സത്യത്തില്‍ നിന്നും അത് അത്രമാത്രം അകന്നിരിക്കുന്നു എന്നതിനാലാണ്. സ്വയം മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍ എന്ന് അടയാളപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍തന്നെ അദ്ദേഹം ചരിത്രകാരനല്ലാതായിക്കഴിഞ്ഞിരുന്നു. ഇത്തരം വക്രീകരണങ്ങള്‍ മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. സ്വയം സത്യസന്ധനായിരിക്കുകയും അടുത്ത തലമുറയെ സത്യത്തിലേയ്ക്കു നീങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനുപകരം ബോധപൂര്‍വ്വം നുണകള്‍ എഴുതി പ്രചരിപ്പിച്ച പണിക്കര്‍ക്ക് ചരിത്രത്തില്‍ ഇടം കിട്ടാനിടയില്ല.
‘കര്‍ണാടകസംഗീതം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന അവസ്ഥ വരണം’ എന്ന തലക്കെട്ട് മാധ്യമത്തില്‍ കണ്ടപ്പോള്‍ ഞാനാകെ തെറ്റിദ്ധരിച്ചു. ടി.എം. കൃഷ്ണ എന്ന മഗ്‌സസെ അവാര്‍ഡുജേതാവും ബ്രാഹ്മണസമുദായാംഗവുമായ ഗായകന്‍ പറഞ്ഞു നടക്കുന്നതുപോലെ കര്‍ണ്ണാടകസംഗീതം ബ്രാഹ്മണര്‍ കൈയടക്കിവച്ചിരിക്കുന്നു, അതിനെ മോചിപ്പിക്കണം എന്നൊക്കെയാവും ഉദ്ദേശിക്കുന്നത് എന്നാണ് കരുതിയത്. മാധ്യമം (മാര്‍ച്ച് 30) വാരികയാവുമ്പോള്‍ അങ്ങനെയാവും പറയുക എന്നേ കരുതാന്‍ പറ്റൂ. പക്ഷേ അഭിമുഖത്തിന്റെ ഉള്ളിലേയ്ക്കു ചെന്നപ്പോള്‍ അങ്ങനെയൊന്നുമില്ല. ഡി.കെ. പട്ടമ്മാളിന്റെ പൗത്രി നിത്യശ്രീമഹാദേവനെ (ലേഖനത്തില്‍ ബികെ. പട്ടമ്മാള്‍ എന്നാണു കൊടുത്തിരിക്കുന്നത്. കര്‍ണാടകസംഗീതത്തില്‍ അങ്ങനെയൊരാള്‍ ഉള്ളതായി അറിവില്ല) എന്‍. കെ. നിസാര്‍ ഇന്റര്‍വ്യൂ ചെയ്തിരിക്കുന്നു.
കര്‍ണാടകസംഗീതം അഭ്യസിക്കുന്നതിനും കഥകളി പഠിക്കുന്നതിനും ഒക്കെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നവര്‍ നടത്തുന്ന പ്രസിദ്ധീകരണത്തില്‍ എല്ലാവര്‍ക്കും അത് ആസ്വദിക്കാന്‍ ഉളള അവസരമുണ്ടാക്കണം എന്നു പറയുന്നതു നല്ലതുതന്നെ. എന്റെ അനുഭവത്തില്‍ കര്‍ണാടക സംഗീതം ഇപ്പോള്‍ ആര്‍ക്കും കുത്തകയാക്കി വയ്ക്കാനാവില്ല. ആരുടേയും സഹായമില്ലാതെ തന്നെ യു.ട്യൂബ് വീഡിയോകളില്‍ നിന്ന് ആര്‍ക്കുവേണെങ്കിലും ഇപ്പോള്‍ ശാസ്ത്രീയസംഗീതം അഭ്യസിക്കാം. ശ്രേഷ്ഠനായ ഒരു ഗുരുവിന്റെ അടുത്തു പോയി തെറ്റുകള്‍ ശരിയാക്കിയെടുക്കുകയുമാവാം. കലാമണ്ഡലത്തിലും മ്യൂസിക് കോളേജൂകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത്. ആര്‍ക്കും അഭ്യസിക്കാം ആര്‍ക്കും നൈപുണ്യം നേടുകയുമാവാം. അവസ്ഥ അതാണെന്നിരിക്കേ ആരെങ്കിലും കുത്തകയാക്കി വയ്ക്കുന്നു എന്നൊക്കെയുള്ള പ്രചരണങ്ങളെന്തിന്? അതൊക്കെ വില കുറഞ്ഞ രാഷ്ട്രീയ താല്‍പര്യം കൊണ്ടു തട്ടിവിടുന്നതാണ്. കലയ്ക്ക് ജാതിഭേദമൊന്നുമില്ല. കഴിവാണു വേണ്ടത്; കഴിവും ബുദ്ധിയുമുണ്ടെങ്കില്‍ ആര്‍ക്കും ഉയര്‍ന്നുവരാനാവും. സിനിമാസംഗീതം ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍ പാട്ടുകാര്‍ക്കു പഴയതുപോലെ അവസരം ഇന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഇറാനിലെ മതഭരണകൂടം മനുഷ്യത്വരഹിതമായി സ്ത്രീകളെ കൊന്നൊടുക്കി എന്നതു നിഷേധിക്കാനാവാത്തതാണ്. പുരോഗമനപരമായ ഒന്നും അവിടെ അനുവദിക്കപ്പെടുന്നില്ല. എങ്കിലും ആ ഭരണകൂടത്തിന്റെ പിന്തുണ ഇപ്പോഴും കുറച്ചൊക്കെ നിലനില്‍ക്കുന്നുണ്ട്. ഐആര്‍ജിസി മാത്രമല്ല സാധാരണ ജനങ്ങളിലൂം ഒരു മുപ്പതു ശതമാനം പേരെങ്കിലും ആ കിരാത ഭരണത്തോടൊപ്പം നില്‍ക്കുന്നുണ്ട്. സൈന്യത്തിന്റെ പിന്തുണയും 30% ജനപിന്തുണയുമുണ്ടെങ്കില്‍ ആ ഭരണകൂടത്തെ അട്ടിമറിക്കുക സാധ്യമല്ല. ഭരണകൂടത്തെ പിന്തുണയ്ക്കാത്ത 70% പക്ഷേ അഭിപ്രായം പറയാന്‍ ധൈര്യമുള്ളവരുമല്ല. മുപ്പതു ശതമാനമാകട്ടേ അഗ്രസീവ് മൈനോരിറ്റിയാണ്. കേരളത്തിലും ഇപ്പോള്‍ ഏതാണ്ടിതിനു സമമായ അവസ്ഥയാണ്. 30% അഗ്രസീവ് മൈനോറിറ്റിയെ ഭയന്നാണ് 70% ജീവിക്കുന്നത്. ഇറാനിലും സമാനമായ അവസ്ഥയാണ്. അതുകൊണ്ടുതന്നെ അമേരിക്ക കരുതുന്നതുപോലെ ഒരു ഭരണകൂട അട്ടിമറിക്കു വിദൂര സാധ്യത പോലുമില്ല. സൈനിക ബലംകൊണ്ട് അമേരിക്ക അതു സാധ്യമാക്കിയാല്‍ തന്നെ ആ ഭരണകൂടത്തിനു നിലനില്‍പുണ്ടാവില്ല. അഫ്ഗാനിസ്ഥാനിലെപ്പോലെ വീണ്ടും മതഭരണം മടങ്ങിവരും. അക്കാര്യത്തില്‍ സംശയമേയില്ല. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെല്ലം പൊതുവെ കാണുന്ന മതാഭിമുഖ്യവും ജനാധിപത്യത്തോടുള്ള വിപ്രതിപത്തിയും സവിശേഷമായ ഒന്നാണ്. തീരെ ചെറുപ്രായത്തിലേ ആരംഭിക്കുന്ന മദ്രസ വിദ്യാഭ്യാസമാകാം ഈ പ്രവണതയ്ക്കു കാരണം.
എണ്ണ സമ്പത്തിനാല്‍ അനുഗൃഹീതമായ ഇറാനില്‍ ശക്തമായ ഒരു ജനാധിപത്യ സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ ആ രാജ്യം ഇന്നു ലോകത്തിലേയ്ക്കും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാകുമായിരുന്നു. മതഭരണകൂടത്തിന്റെ ഭ്രാന്തുപിടിച്ച ജൂതവിരോധമാണവര്‍ക്കു വിനയായിത്തീരുന്നത്. ഇറാന്റെ കൈയില്‍ ആണവായുധമെത്തിയാല്‍ അതവര്‍ ഇസ്രായേലിനു മുകളില്‍ പ്രയോഗിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയുണ്ടായാല്‍ കേരളത്തിന്റെ വലിപ്പംപോലുമില്ലാത്ത ആ കൊച്ചുരാജ്യം പിന്നെ ശേഷിക്കില്ല. അതുകൊണ്ട് ഇസ്രായേലിന് ഇത് ജീവന്മരണ സമരമാണ്. ജൂതന്മാരെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കേണ്ടത് മതപരമായ അനിവാര്യതയാണെന്നു കേരളത്തിലെ മതവിശ്വാസികള്‍ പോലും പറഞ്ഞു നടക്കുന്നുണ്ട്. ഇറാന്‍ വലിയ ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള രാജ്യമാണ്. ഏകദേശം 17 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആ രാജ്യം ഇന്ത്യയുടെ പകുതിയോളം വലിപ്പുമുള്ളതാണ്. ഒരാണവാക്രമണം കൊണ്ട് ആ രാജ്യത്തെ നശിപ്പിക്കാനാവില്ല ടെഹ്‌റാന്‍ പോലുള്ള വലിയ നഗരങ്ങളെ ഇല്ലാതാക്കാനേ കഴിയൂ. എന്നാല്‍ ഇസ്രായേലിന്റെ കാര്യം അങ്ങനെയല്ല. തീരെ ചെറിയ ആ രാജ്യത്തിനുനേരേ ആണവാക്രമണമുണ്ടായാല്‍ പിന്നൊന്നും ബാക്കിയുണ്ടാവാനിടയില്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ലോകത്തെ ആണവായുധത്തെ അവര്‍ ഭയക്കുന്നതു സ്വാഭാവികം.
ഇറാന്റെ ഭരണാധികാരികള്‍ ജൂതപ്പക ഉപേക്ഷിച്ചാല്‍ അവസാനിക്കുന്നതേയുള്ളൂ പശ്ചിമേഷ്യയിലെ എല്ലാപ്രശ്‌നങ്ങളും. പക്ഷേ അവരുടെ മതബോധത്തിന്റെ ഭാഗമാണ് ആ പകയെന്ന് അക്കൂട്ടര്‍ വിശ്വസിക്കുന്നു. ലോകത്തിനു വലിയ ശാസ്ത്ര സാംസ്‌കാരിക സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന തുലോം ചെറിയ ആ ജൂത സമൂഹത്തോട് വലിയ നന്ദിയും കടപ്പാടും വേണം നമ്മളൊക്ക കാണിക്കാന്‍. കാരണം ആധുനിക ലോകം ഇന്നനുഭവിക്കുന്ന എല്ലാ ശാസ്ത്രനേട്ടങ്ങളും ജൂതന്റെ തലച്ചോറില്‍ നിന്നും പിറവിയെടുത്തതാണ്. ദേശാഭിമാനിയിലെ പി.ബി. പരമേശ്വരന്റെ ലേഖനം (മാര്‍ച്ച് 29) സത്യത്തിനു നിരക്കുന്നതല്ല.
കല്ലറ അജയന്‍





















