കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരി ഉള്‍ക്കൊള്ളുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ട ബിജെപി സംസ്ഥാന നേതാവ് അഡ്വ: ബി.ഗോപാലകൃഷ്ണന്‍ പൊതുജനസമക്ഷം ചൂണ്ടിക്കാട്ടിയ ചില വസ്തുതകളെ ചൊല്ലി തല്പരകക്ഷികള്‍ ഉണ്ടാക്കിയെടുത്ത വിവാദങ്ങള്‍ കേരളത്തില്‍ മറച്ചുവെക്കപ്പെട്ട മതപ്രീണനങ്ങളെ തുറന്നുകാട്ടുന്നതായി. ‘വസ്തുതകള്‍’ ഒരിക്കലും വിവാദങ്ങളാകേണ്ട സാഹചര്യമില്ല. അഥവാ അങ്ങനെ ഉണ്ടായാല്‍, ആ വസ്തുതകള്‍ ആരെയോ അലോസരപ്പെടുത്തുന്നു എന്നത് തീര്‍ച്ചയാണ്.
കേരളത്തിലെയെന്നല്ല ഭാരതത്തിലെ തന്നെ ഹൈന്ദവ വിശ്വാസികള്‍ക്ക് ആശ്രയമായി നിലകൊള്ളുന്ന പുണ്യസ്ഥാനമായ ഗുരുവായൂര്‍ ക്ഷേത്രം ഉള്‍ക്കൊള്ളുന്ന, ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്ന് 1977 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഇസ്ലാമിക സമുദായത്തില്‍ നിന്ന് മാത്രമാണ് എന്ന വസ്തുതയാണ് ബി. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചത്. ഗുരുവായൂരില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച വീഡിയോയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍.
48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ‘അന്തര്‍ദ്ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ല? കൊടുങ്ങല്ലൂരമ്മയുടെ നടയില്‍ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാന്‍ ഗുരുവായൂരപ്പന്‍ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ല. തൊട്ടു ചേര്‍ന്ന് കിടക്കുന്ന മലപ്പുറം ജില്ലയില്‍ ആവട്ടെ സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതന് ഹിന്ദു വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇല്ല. എന്താല്ലേ മതേതര കേരളം. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയില്‍ നിന്ന് അമ്പലം കൊള്ളക്കാരെയും വര്‍ഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്. ‘ഈ മണ്ണില്‍ നമ്മള്‍ ജയിക്കും. നമ്മളേ ജയിക്കൂ’, എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
അഡ്വ: ബി. ഗോപാലകൃഷ്ണന്‍ നടത്തിയ ഈ വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ അനിതര സാധാരണമായ ചലനങ്ങളാണ് സൃഷ്ടിച്ചത്. അദ്ദേഹം പറഞ്ഞ വസ്തുത ആര്‍ക്കും ബോധ്യപ്പെടുന്ന രീതിയില്‍ പൊതുമണ്ഡലത്തില്‍ ലഭ്യവുമാണ്. ഇത് വെളിച്ചത്ത് വന്നതോടുകൂടി പൊള്ളലേറ്റ ഒരു സംഘമാളുകള്‍ അദ്ദേഹത്തിനെതിരെ വാളെടുക്കുകയാണുണ്ടായത്. എല്‍ഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്‌ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. എന്നാല്‍ ബി. ഗോപാലകൃഷ്ണന്‍ അതുകൊണ്ടൊന്നും കുലുങ്ങിയില്ലെന്ന് മാത്രമല്ല ഈ വിഷയത്തില്‍ തന്നോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട്, ‘മുസ്‌ലീം ലീഗ് മതേതര പാര്‍ട്ടിയാണെങ്കില്‍ താനും ഒരു മതേതരവാദിയാണ്. ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന വി.ഡി. സതീശനും കോണ്‍ഗ്രസും മതേതരവാദികളാണെങ്കില്‍ താനും മതേതരവാദിയാണ്. പോപ്പുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എല്‍.ഡി.എഫ് മതേതരമാണെങ്കില്‍ താനും മതേതരവാദിയാണ്’ എന്ന കുറിക്ക് കൊള്ളുന്ന മറുപടിയും പറഞ്ഞു. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി മുന്‍പ് നടത്തിയ അങ്ങേയറ്റം വര്‍ഗീയ പരമായ പരാമര്‍ശത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നു. ലീഗ് നേതാക്കളെ ക്കുറിച്ച് പറയുമ്പോള്‍, മതേതരത്വത്തിന്റെ ആട്ടിന്‍തോല്‍ എടുത്തണിഞ്ഞ ഒന്നാംതരം കുറുക്കന്‍ ഇടയ്ക്കിടെ കൂവിപ്പോകുന്ന സാഹചര്യം പലപ്പോഴും ഓര്‍മ്മ വരും. ‘മതമാണ് മതമാണ് മതമാണ് പ്രശ്‌നം’ എന്ന ഭാഗം ഉള്‍പ്പെടുന്ന ഷാജിയുടെ പ്രസംഗം, മതം ഞങ്ങളുടെ ഐഡന്റിറ്റി ആണ് എന്ന് ആക്രാമകമായ ശൈലിയില്‍ മലയാളിയുടെ മനസ്സാക്ഷിയുടെ നേരെ ആ ക്രോശിക്കുന്ന ഷാജിയുടെ വേദിയിലെ പെര്‍ഫോമന്‍സ് ആരെയും ഭയപ്പെടുത്തുന്നതാണ്.
അതിനുശേഷവും മതവര്‍ഗീയ പ്രസംഗവുമായി കെ.എം.ഷാജി രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണമെന്നും മന്ത്രിമാരുടെ എണ്ണം കൂട്ടലല്ല ലീഗിന്റെ ലക്ഷ്യമെന്നും കെഎം ഷാജി പറഞ്ഞു. 2025 ഒക്ടോബര്‍ മാസത്തില്‍ ദുബൈ കെഎംസിസി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ പരാമര്‍ശം.
‘ഒന്‍പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ എത്ര കോഴ്‌സുകള്‍, എത്ര ബാച്ചുകള്‍ മുസ്ലിം മാനേജ്‌മെന്റുകള്‍ക്ക് കിട്ടി. ഭരണം വേണമല്ലോ കിട്ടണമെങ്കില്‍? ഭരണം തിരിച്ചിപിടിക്കുക തന്നെ ചെയ്യും. ഭരിക്കുന്നത് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടാന്‍ മാത്രമായിരിക്കില്ല, നഷ്ടപ്പെട്ടുപോയ ഒന്‍പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം’ – ഷാജി പറഞ്ഞു.
ഇത്രയും കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ കെ.എം. ഷാജിക്കെതിരെ ഒരു കേസും എവിടെയും വന്നില്ല. ആരും പരാതി പറഞ്ഞില്ല. എന്നാല്‍ പൊതു മണ്ഡലത്തില്‍ ലഭ്യമായ വസ്തുത ക്രോഡീകരിച്ച് ചൂണ്ടിക്കാട്ടിയ ഗോപാലകൃഷ്ണനെ സംവിധാനവും മതപ്രീണനക്കാരും വേട്ടയാടുകയാണ്.
കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ ഹൈന്ദവമായ ഒന്നും ചൂണ്ടിക്കാണിക്കുവാന്‍ പോലും പറ്റില്ലെന്നും അതിനു തുനിയുന്നവരെ വേട്ടയാടും എന്നുമുള്ള സന്ദേശമാണ് ഗോപാലകൃഷ്ണന്റെ അനുഭവം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഈ സാഹചര്യം മാറി തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും ഉറക്കെ പ്രഖ്യാപിക്കാനും ഉന്നയിക്കാനും കഴിയുന്ന സാഹചര്യം ഉണ്ടാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഹൈന്ദവ സമൂഹം പ്രകടിപ്പിക്കേണ്ടതാണ്. ഇല്ലെങ്കില്‍ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്ന ഗോപാലകൃഷ്ണന്മാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സാഹചര്യം ഇനിയുമുണ്ടാകും. അത് എന്ത് വിലകൊടുത്തും തടയേണ്ടതുണ്ട്.





















