കേരളത്തില്‍ ബിജെപി അപ്രസക്തമാണെന്നും അവഗണിക്കാവുന്ന ശക്തിയാണെന്നുമൊന്നും പറയാന്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയും തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും പ്രസക്തമായ രാഷ്ട്രീയ വിലയിരുത്തല്‍. രണ്ടാമത്തേത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റേയും മുതിര്‍ന്ന നേതാവ് എ.കെ. ബാലന്റേയും പ്രസ്താവനയാണ്. യുഡിഎഫ് ഇക്കുറി അധികാരത്തില്‍ വന്നാല്‍ ഭരണം നയിക്കുന്നത് ജിഹാദികള്‍ ആയിരിക്കും എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. അത് ശരിയല്ലേ? എന്നാല്‍ മൂന്നാം തവണയും ഭരണം കിട്ടിയാല്‍ ഇതിന് എന്തു മാറ്റം ഉണ്ടാകും?
ഇസ്ലാമിക വര്‍ഗീയതയെ തള്ളിപ്പറയാനോ അവര്‍ക്ക് എതിരെ നടപടിയെടുക്കാനോ ഒരിക്കലും മുതിരാത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ കീഴിലാണ് പോപ്പുലര്‍ഫ്രണ്ട് കേരളത്തില്‍ ആയുധവും പണവും മതപരിവര്‍ത്തനവും ലൗജിഹാദും ഒക്കെയായി അര്‍മാദിച്ചത് എന്ന കാര്യം മറക്കാനാവില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഉടനീളം ആയുധങ്ങള്‍ സംഭരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തിട്ടും അതിനെതിരെ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണ് പിണറായി വിജയന്റേത്. മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവുമായിരുന്ന ഇ.കെ. നായനാരെ വധിക്കാന്‍ ജിഹാദികള്‍ ഗൂഢാലോചന നടത്തിയ കേസില്‍ പോലും ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഇക്കാര്യം പുറത്തു വരുമ്പോഴാണ് സിപിഎമ്മിന്റെ ജിഹാദി ചങ്ങാത്തം വ്യക്തമാകുന്നത്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ നാനാവശങ്ങളിലേക്കും കടന്നുകയറി പാര്‍പ്പ് ഉറപ്പിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കെതിരെ ഒന്നും ചെയ്യാനാകാത്ത പ്രതിസന്ധിയെക്കുറിച്ച് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ ജില്ലാകമ്മിറ്റി അംഗം തുറന്നടിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ജിഹാദികള്‍ക്കെതിരായ പരസ്യമായ പ്രതികരണം സിപിഎം ഏതാണ്ട് മതിയാക്കിയിരിക്കുന്നു. മൂന്നാമൂഴത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ ഇടതുമുന്നണി തയ്യാറായിരിക്കുന്നു എന്നതാണ് വസ്തുത. കഴിഞ്ഞതവണ നേടിയ 99 സീറ്റ് ഇക്കുറി നിലനിര്‍ത്താന്‍ ആവില്ലെന്ന് മുഖ്യമന്ത്രി മുതല്‍ പാര്‍ട്ടി സെക്രട്ടറി വരെ എല്ലാവര്‍ക്കും അറിയാം. കുറഞ്ഞ ഭൂരിപക്ഷത്തില്‍ എങ്കിലും ഭരണം നിലനിര്‍ത്താന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസമാണ് സിപിഎം നേതൃത്വത്തിന് ഉള്ളത്. പക്ഷേ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ശാപഗ്രസ്ഥമായ അശനിപാതം സിപിഎമ്മിനെയും മുന്നണിയെയും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഗ്രസിച്ചിരിക്കുന്നു. പാര്‍ട്ടി ശക്തി കേന്ദ്രമായ കണ്ണൂരില്‍ കുഞ്ഞികൃഷ്ണനും ടികെ. ഗോവിന്ദനും ഉയര്‍ത്തിയിട്ടുള്ള അഴിമതിവിരുദ്ധ സ്വജനപക്ഷപാത വിരുദ്ധ നിലപാട് സിപിഎമ്മിനും ഇടതുമുന്നിക്കും തലവേദന തന്നെയാണ്.
ആലപ്പുഴയില്‍ ജി. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇറങ്ങിയത് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കാര്യമായ സ്വാധീനം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ കോമള പദാവലി കേരള രാഷ്ട്രീയത്തിന് സംഭാവന ചെയ്തു. നികൃഷ്ടജീവി, പരനാറി തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് ശേഷം ഇക്കുറി ജി. സുധാകരനെ ആണ് പുതിയ പദം നല്‍കി ആദരിച്ചത്. ജി. സുധാകരന് നല്‍കിയ പേര് ചെറ്റ എന്നാണ്. കായംകുളത്ത് കെപിഎസി മുതല്‍ ശൂരനാട് വരെ പടര്‍ന്നു കിടക്കുന്ന പ്രദേശത്ത് തന്നെയാണ് ഇതിന്റെ ഉത്തരമുള്ളത്. തോപ്പില്‍ഭാസിയുടെ വിഖ്യാതമായ ഒളിവിലെ ഓര്‍മ്മകള്‍ എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം ഓര്‍മ്മയില്‍ നില്‍ക്കുന്നു. രാത്രിയില്‍ ഒളിവില്‍ താമസിക്കാന്‍ എത്തിയ സഖാക്കള്‍ക്ക് ചെറ്റ മാടത്തിനകത്ത് ചിക്കുപായ (ഒരു തരം തഴപ്പായ) വിരിച്ച് അതിന്റെ മുകളിലാണ് സാധാരണ പായ ഇട്ടിരുന്നത്. രാത്രി കുറച്ച് വൈകുമ്പോഴേക്കും ശരീരത്തിന് പുറത്ത് പൊള്ളുന്ന ചൂട് അനുഭവപ്പെട്ട അവര്‍ എഴുന്നേറ്റ് പായ പൊക്കി നോക്കിയപ്പോള്‍ അടുപ്പുകല്ല് പിഴുതു മാറ്റിയാണ് സഖാക്കള്‍ക്ക് കിടക്കാന്‍ ഇടം ഒരുക്കിയിരുന്നത് എന്ന് മനസ്സിലായി. അത്തരം ചെറ്റ മാടങ്ങളിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂത്തുലഞ്ഞതും വളര്‍ന്നതും വലുതായതും. ഒളിവിലെ ഓര്‍മ്മകളില്‍ തെളിച്ചു പറഞ്ഞില്ലെങ്കിലും ഒളിവില്‍ പാര്‍ത്ത പലയിടങ്ങളിലും നേതാക്കളുടെ മുഖച്ഛായയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടായതും ചിലര്‍ക്കൊക്കെ ജോലി വാങ്ങിക്കൊടുത്തതും രാഷ്ട്രീയത്തിലേക്ക് എത്തിച്ചതും ചരിത്രം. ഇന്ന് ജീവിതം മുഴുവന്‍ പ്രസ്ഥാനത്തിന് വേണ്ടി നല്‍കിയ ജി. സുധാകരനെ അപമാനിക്കാനും അപഹസിക്കാനും പിണറായി വിജയന്‍ ആ പേര് തുല്യം ചാര്‍ത്തി നല്‍കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു യുഗസന്ധ്യയിലേക്ക് അടുക്കുകയാണ്. കേരളത്തില്‍ മാത്രം അവശേഷിക്കുന്ന ഈ കനല്‍ ഇനി ഉണ്ടാകുമോ?
ഇടതുമുന്നണിയില്‍ ഒന്‍പത് രാഷ്ട്രീയപാര്‍ട്ടികളും യുഡിഎഫില്‍ രണ്ട് അസോസിയേറ്റുകള്‍ അടക്കം 11 രാഷ്ട്രീയപാര്‍ട്ടികളും ഉള്ള മുന്നണി സംവിധാനമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഈ രണ്ടു മുന്നണികള്‍ക്കിടയിലും ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും ഒക്കെ വിലയിരുത്തിയിരുന്ന ബിജെപിക്കൊപ്പം ശക്തമായ ഒരു രാഷ്ട്രീയപാര്‍ട്ടികളും മുന്നണിയാകാന്‍ എത്തിയിരുന്നില്ല. ബിഡിജെഎസിന്റെ വരവോടെയാണ് ഇതിന് മാറ്റമുണ്ടായത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടും ഒരു എംപിയെയും നേടിയതോടെ ആര്‍ക്കും എഴുതിത്തള്ളാന്‍ ആകാത്ത ശക്തിയായി എന്‍ഡിഎ മാറി. മാത്രമല്ല പാശ്ചാത്യ രാഷ്ട്രമീമാംസാ പദ്ധതി അനുസരിച്ച് ഏതെങ്കിലും രാഷ്ട്രീയ സംവിധാനത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി 20 ശതമാനം വോട്ട് നേടിയാല്‍ അടുത്ത രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കുള്ളില്‍ അധികാരത്തില്‍ എത്തുമെന്ന് വിദഗ്ദ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആറു നിയമസഭാ മണ്ഡലങ്ങളിലെ ഒന്നാം സ്ഥാനം അടക്കം 18 ഓളം മണ്ഡലങ്ങള്‍ വിജയിക്കാനും 36 മണ്ഡലങ്ങളില്‍ ഇരുപതിനായിരത്തില്‍ ഏറെ വോട്ട് നേടാനും ബിജെപിക്കും എന്‍ഡിഎക്കും കഴിഞ്ഞതോടെ മൂന്നാമത്തെ ശക്തിയും മുന്നണിയുമായി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വളര്‍ന്നു കഴിഞ്ഞു. ഇന്ന് മൂന്ന് മുന്നണികള്‍ തമ്മിലുള്ള അതിശക്തമായ മത്സരത്തിനാണ് കേരളത്തില്‍ കളമൊരുങ്ങിയിട്ടുള്ളത്. എറണാകുളം ജില്ലയിലും പരിസരത്തും ആണെങ്കിലും 20 നിയമസഭാ മണ്ഡലങ്ങളില്‍ എങ്കിലും ശക്തമായ സാന്നിധ്യം ട്വന്റി- 20 നേരത്തെ തന്നെ ഉറപ്പിച്ചു കഴിഞ്ഞതാണ്. ആ വോട്ടുകളും എന്‍ഡിഎ വോട്ടുകളും ചേര്‍ന്നാല്‍ ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ ഒപ്പമല്ല അപ്പുറത്ത് തന്നെ എത്താന്‍ കഴിയും എന്ന കണക്കുകൂട്ടല്‍ ഗണിതശാസ്ത്രപരമായി മാത്രമല്ല രാഷ്ട്രീയപരമായും ശരിയാണ്.
മൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ഇടതുമുന്നണിയില്‍ നിന്ന് രാജിവെച്ച് പുറത്തു വരികയും നാട്ടികയില്‍ മുകുന്ദനും വൈക്കത്ത് അജിത്തും മത്സരിക്കുകയും ചെയ്തതോടെ എന്‍ഡിഎക്ക് വിജയസാധ്യത ഉണ്ടെന്ന് പൊതുജനങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു. ബിജെപിക്കും എന്‍ഡിഎക്കും വോട്ട് ചെയ്താല്‍ തങ്ങളുടെ സമ്മതിദാനം പാഴാകുമോ എന്ന ഭയംമൂലം പലപ്പോഴും ബിജെപിക്ക് വോട്ട് ചെയ്യാതെ മാറിനിന്നിരുന്ന നിഷ്പക്ഷ വിഭാഗം ഇന്ന് ബിജെപിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഈ വിശ്വാസത്തിന്റെ പുറത്താണ് കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ അത്ഭുതം സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ തയ്യാറാണ്. അത് ഒരു മഹാപ്രവാഹം പോലെ മറ്റു മുന്നണികളെ കടപുഴക്കിയാലും അത്ഭുതമില്ല. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബിജെപി നടത്തിയ അഴിമതിരഹിത മുന്നേറ്റം ശ്രദ്ധേയമായി. എന്നും എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമെന്ന മേയര്‍ വി.വി. രാജേഷിന്റെ നിലപാട്, അതിവേഗ നടപടികള്‍, രാഷ്ട്രീയത്തിന് അതീതമായ ഇടപെടല്‍ എന്നിവ പൊതുജനങ്ങളില്‍ സൃഷ്ടിച്ച സ്വീകാര്യതയും വിശ്വാസവും വളരെ വലുതാണ്.
മുന്‍പ് മഞ്ചേശ്വരത്ത് 89 വോട്ടിന് തോറ്റ കെ. സുരേന്ദ്രനെ തോല്‍പ്പിച്ചത് അതേ പേരിലുള്ള അപരന്മാരും തിരശ്ശീലയ്ക്ക് പിന്നിലെ എല്‍ഡിഎഫ് -യുഡിഎഫ് വോട്ട് മറിക്കലും ആയിരുന്നു. ഇന്ന് വോട്ട് മറിച്ചാലും തോല്‍പ്പിക്കാന്‍ കഴിയാത്ത ശക്തിയായി ബിജെപിയും എന്‍ഡിഎയും മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇക്കുറി സ്വന്തം ശക്തി എന്താണെന്ന് കാട്ടാനുള്ള ഒരു ശ്രമം കൂടിയായിരിക്കും തിരഞ്ഞെടുപ്പ് മുഖത്ത് മുന്നണികളില്‍ നിന്ന് ഉണ്ടാവുക. ഇതിനിടെ പാലക്കാടടക്കമുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ബിജെപിയുമായി കരാറുണ്ട് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത് എത്തിയിരുന്നു. പാലക്കാട് യുഡിഎഫ് പരാജയം സമ്മതിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ആ പ്രസ്താവന. പാലക്കാട് മാത്രമല്ല മലമ്പുഴയിലും ബിജെപിയുടെ മുന്നേറ്റം വ്യക്തമാണ്. സി. കൃഷ്ണകുമാറും ശോഭാ സുരേന്ദ്രനും ബഹുദൂരം മുന്നിലാണ്. ഭഗവദ്ഗീത പരാജയം ആണെന്നും രാമനും കൃഷ്ണനും കെട്ടുകഥയാണെന്നും ഖുര്‍ആന്‍ മാത്രമാണ് കണ്ണുതുറപ്പിക്കുന്നത് എന്നും പറഞ്ഞ് സനാതനധര്‍മ്മത്തെ അധിക്ഷേപിച്ച ആലങ്കോട് ലീലാകൃഷ്ണനെയാണ് തൃശ്ശൂരില്‍ പത്മജാ വേണുഗോപാലിന് എതിരെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. നേരത്തെ എംഎല്‍എ ആയിരുന്ന പി.ബാലചന്ദ്രനും ശ്രീരാമനും രാമായണത്തിനും എതിരെ ഇത്തരം പരാമര്‍ശങ്ങളുമായി രംഗത്ത് വന്നതാണ്. തൃശ്ശൂരിലെ ജനങ്ങള്‍ സനാതനധര്‍മ്മത്തെ അധിക്ഷേപിക്കുന്നതിനെ എങ്ങനെ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും അവിടുത്തെ ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുക. ഷൊര്‍ണൂരില്‍ ശങ്കു.ടി. ദാസും മണലൂരില്‍ അനീഷും ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആറന്മുളയുടെ വികാരം ഇത്തവണ കുമ്മനത്തിന് അനുകൂലമാണ്. അഴിമതിയുടെ കറപുരളാത്ത സത്യസന്ധതയുടെ രാഷ്ട്രീയത്തെ അംഗീകരിക്കണം എന്ന വികാരം പൊതുസമൂഹത്തില്‍ ശക്തമായിരിക്കുന്നു.
മദ്ധ്യകേരളത്തില്‍ പി.സി. ജോര്‍ജിന്റെ വരവ് കാര്യമായ മാറ്റമാണ് സൃഷ്ടിച്ചിട്ടുള്ളത്. ക്രൈസ്തവ വോട്ടുകള്‍ എന്‍ഡിഎയിലേക്ക് പ്രവഹിക്കും എന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി കൂടിയായ ജോര്‍ജ് കുര്യനും പാലായില്‍ ഷോണ്‍ ജോര്‍ജും തിരുവല്ലയില്‍ അനൂപ് ആന്റണിയും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നു. അനൂപ് ആന്റണിയുടെ പ്രവര്‍ത്തനം ഇടതുമുന്നണിയെ അലോസരപ്പെടുത്തുന്നു എന്ന് മാത്രമല്ല ഭയപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് പലയിടത്തും അദ്ദേഹത്തിന്റെ പ്രചാരണം തന്നെ തടയാന്‍ ശ്രമിച്ചത്. ചാത്തന്നൂരില്‍ കഴിഞ്ഞതവണ തന്നെ രണ്ടാം സ്ഥാനത്ത് എത്തിയ ഗോപകുമാറിനെയും കഴക്കൂട്ടത്ത് കഴിഞ്ഞ 10 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെയുമാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്ത് എത്തിയ മറ്റൊരു മണ്ഡലമായ നേമത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ മാറ്റുരയ്ക്കുന്നു. അനാരോഗ്യം കൊണ്ട് മത്സരരംഗത്ത് നിന്ന് മാറുകയാണ് എന്നു പറഞ്ഞ വി. ശിവന്‍കുട്ടിയെ നിര്‍ബന്ധിച്ചാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. അരുവിക്കരയില്‍ കഴിഞ്ഞ തവണ തോറ്റ ശബരീനാഥനെ നേമത്തെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ഇപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. യുഡിഎഫിന്റെ വോട്ട് എല്‍ഡിഎഫിന് മറിക്കാന്‍ വേണ്ടിയാണ് ശബരീനാഥനെ നേര്‍ച്ചക്കോഴിയായി കൊണ്ടുവന്നിട്ടുള്ളത് എന്നാണ് ആരോപണം. പക്ഷേ ഒരു കാര്യം വ്യക്തമാണ് സാങ്കേതിക വിദഗ്ധന്‍ എന്ന നിലയിലും മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ എന്ന നിലയിലും മാത്രമല്ല അഴിമതി തൊട്ട് തീണ്ടിയിട്ടില്ലാത്ത പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തില്‍ ഉണ്ടാക്കിയിട്ടുള്ള അതിശക്തമായ സ്വാധീനത്തെ മറികടക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ശിവന്‍കുട്ടിക്കും ശബരീനാഥനും കഴിയില്ല. മാത്രമല്ല ഇതുവരെ ഉയര്‍ത്തിയിരുന്ന ബിജെപി മുസ്ലിം വിരുദ്ധമാണെന്ന കാര്‍ഡും പ്രചാരണവും ഇരുമുന്നണികളും പരസ്യമായി നടത്താന്‍ പോലും തയ്യാറാകുന്നില്ല. പൊതുസമൂഹത്തിലെ വിദ്യാസമ്പന്നരായ മുസ്ലീങ്ങള്‍ ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തതും നേമത്തും കഴക്കൂട്ടത്തും അടക്കം പല മണ്ഡലങ്ങളിലും പരസ്യമായി പ്രചാരണത്തിനിറങ്ങിയതും ഇരു മുന്നണികള്‍ക്കും തലവേദന ആയിരിക്കുകയാണ്. 60 ശതമാനത്തിനടുത്ത് മുസ്ലീങ്ങള്‍ ഉള്ള ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ഹിന്ദുവായ ബിജെപി സ്ഥാനാര്‍ത്ഥി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കാര്യം സാമൂഹ മാധ്യമങ്ങളുടെ യുഗത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളും തിരിച്ചറിയുന്നു. കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും നെടുമങ്ങാട്ട് യുവരാജ് ഗോകുലും വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും തിരുവനന്തപുരം സെന്‍ട്രലില്‍ കരമന ജയനും നെയ്യാറ്റിന്‍കരയില്‍ പ്രമുഖ വ്യവസായി ചെങ്കല്‍ രാജശേഖരന്‍ നായരും ഏറെ മുന്നില്‍ എത്തിയിരിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഒരു സമഗ്രമായ മാറ്റത്തിനാണ് ഈ തിരഞ്ഞെടുപ്പ് തുടക്കമിടുന്നത്.
മോഹത്തിന്റെയും മോഹഭംഗങ്ങളുടെയും തുടര്‍ക്കഥയുമായി തൈപ്പിച്ചു വെച്ച മുഖ്യമന്ത്രി കുപ്പായവുമായി യുഡിഎഫ് നേതൃത്വം ഇക്കുറിയും അര്‍ഹിക്കുന്ന പരാജയം ഏറ്റുവാങ്ങുമെന്ന് തന്നെയാണ് ലഭ്യമാകുന്ന സൂചനകള്‍. കണ്ണൂരില്‍ വെടി പൊട്ടിച്ച കെ. സുധാകരന്‍ പൂര്‍ണ്ണമായും അസംതൃപ്തനാണ്. അദ്ദേഹത്തിന്റെ നിലപാട് എത്ര സീറ്റുകളില്‍ കോണ്‍ഗ്രസിനെ ബാധിക്കുമെന്ന് കണ്ടറിയണം. മാത്രമല്ല കെ. സുധാകരനും മുതിര്‍ന്ന നേതാവായ പി.ജെ. കുര്യനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വരണമെന്ന് പരസ്യമായി നിലപാട് സ്വീകരിച്ചു കഴിഞ്ഞു. പ്രതിപക്ഷ നേതാവാണ് മുഖ്യമന്ത്രി സ്ഥാനത്ത് വരേണ്ടതെന്ന നിലപാടുമായി വി.ഡി. സതീശന്‍ മറുവശത്തുണ്ട്. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയവേളയില്‍ തന്നെ തങ്ങളുടെ പക്ഷത്തുള്ളവരെ തിരുകി കയറ്റാനുള്ള നേതാക്കളുടെ ശ്രമത്തില്‍ അര്‍ഹതയുള്ള പലരും ഒഴിവായി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാമുഖ്യം കെ.സി. വേണുഗോപാലിനു തന്നെയാണ്. ചെന്നിത്തലയും സതീശനും സുധാകരനും കെ. മുരളീധരനും തമ്മിലുള്ള പോരാട്ടത്തില്‍ സമവായ സ്ഥാനാര്‍ത്ഥിയായി വേണുഗോപാല്‍ വരികയും സ്വാധീനമുള്ള ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തുകയും ആണ് ഒരു പദ്ധതി. കെ. സുധാകരന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഖാര്‍ഗെ വാഗ്ദാനം നല്‍കിയിട്ടുണ്ട്. പക്ഷേ പറവൂരില്‍ നിന്ന് വി.ഡി. സതീശനും ഹരിപ്പാടു നിന്ന് ചെന്നിത്തലയും സഭയില്‍ എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഹരിപ്പാട് രമേശിനെ തളച്ചിടുന്ന പ്രചാരണമാണ് യുവനേതാവായ സന്ദീപ് വാചസ്പതി നടത്തുന്നത്.
യുഡിഎഫ് നൂറുകടക്കും എന്നൊക്കെയുള്ള പ്രതീക്ഷയില്‍ നിന്ന് താഴേക്ക് വന്നിരിക്കുന്നു. 99 ല്‍ എത്തില്ലെന്ന് ഇടതുമുന്നണിയും ഉറപ്പിച്ചിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഒരു വന്‍മുന്നേറ്റത്തിന് ആണ് ബിജെപി തയ്യാറെടുക്കുന്നത്. വന്‍ഭൂരിപക്ഷത്തില്‍ അധികാരമേറാനുള്ള സാഹചര്യം ഇന്ന് കേരളത്തിലില്ല. ബി.ജെ.പി – എന്‍.ഡി.എ നിര്‍ണ്ണായക ശക്തിയാകുന്ന, ഉദയസൂര്യന്റെ അരുണ പ്രഭതെളിയുന്ന ഒരു പുതിയ രാഷ്ട്രീയ പ്രഭാതത്തിന് കേരളം ഒരുങ്ങുകയാണ്. ഭാവാത്മകതയുടെ ഒരു പുതിയ രാഷ്ട്രീയ പ്രഭാതത്തിനുവേണ്ടിയുള്ള അതിശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ശ്രമിക്കേണ്ടത്. ബിജെപിക്ക് ഇക്കുറി ഉണ്ടാകാന്‍ പോകുന്നത് വന്‍ നേട്ടം തന്നെയാണ് എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും അഭിപ്രായവ്യത്യാസമില്ല.






















