Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കാവ്യകർമ്മവും ധർമ്മമാർഗവും

എം.ശ്രീഹര്‍ഷൻഎം.ശ്രീഹര്‍ഷൻ
27 March 2026

അക്കിത്തത്തിന്റെ കാവ്യവൃത്തിയെയും അദ്ദേഹം നടത്തിയ മറ്റു സാംസ്‌കാരികപ്രവര്‍ത്തനത്തെയും ചിലര്‍ രണ്ടായി കാണുകയും പലപ്പോഴും രണ്ടാമത്തേതിനെ തള്ളിപ്പറഞ്ഞ് ആദ്യത്തേതിനെ സ്വീകരിക്കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. മാനവപുരോഗതിക്കുവേണ്ടി ഭാരതീയമായ സനാതനധര്‍മ്മം നിലനിര്‍ത്താനും വളര്‍ത്താനുമായി കാവ്യമാര്‍ഗത്തോടൊപ്പം മറ്റ് കര്‍മ്മമേഖലകള്‍കൂടി സ്വയം തെരഞ്ഞെടുക്കുകയും ജീവിതാവസാനംവരെ അതിന്റെ ഭാഗമായി നില്ക്കുകയുമായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

കാവ്യദേവതയെയും ധര്‍മ്മദേവതയെയും ഒരുപോലെ മനസ്സില്‍വച്ചാരാധിച്ച ഒരു മഹാകവി. കാവ്യവൃത്തിയും സാംസ്‌കാരികപ്രവര്‍ത്തനവും സമാന്തരരേഖകളായിരുന്നില്ല, പരസ്പരപൂരകങ്ങളായിരുന്നവെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുകയും അദ്ദേഹത്തിന്റെ സാംസ്‌കാരികപ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്ന ആര്‍ക്കും തിരിച്ചറിയാം.

തന്റെ എല്ലാ സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെയും വേര് തന്റെ കവിതകളിലാണുള്ളതെന്ന് അക്കിത്തം പറയുമായിരുന്നു. ജീവിതത്തില്‍ നേര്‍വഴിമാത്രം നടന്നുശീലിച്ച വിനയവാനായ ഒരു സാധാരണമനുഷ്യന്‍. വിഹ്വലതകളെയും ആഹ്ലാദങ്ങളെയും നിര്‍മമമായ മനഃശുദ്ധിയോടെ സ്വീകരിച്ച ലളിതജീവിതം. ചെയ്ത കര്‍മ്മങ്ങളിലെല്ലാം പുലര്‍ത്തിയ സത്യസന്ധത. അടുത്തെത്തുന്നവരുമായി ഹൃദയൈക്യം സാധിക്കുന്ന മനുഷ്യസ്‌നേഹി.

ADVERTISEMENT

”നമ്മുടെ പൂര്‍വികര്‍ ധര്‍മ്മം, ധര്‍മ്മം എന്ന് ഉരുവിട്ടുകൊണ്ട് ജീവിച്ചവരാണ്. ‘ധര്‍മ്മാദര്‍ഥശ്ച കാമശ്ച’ എന്ന് മഹാഭാരതം പറയുന്നു. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലേ ആഗ്രഹങ്ങളുണ്ടാകാവൂ. എന്താണ് അവനവന്റെ കര്‍മ്മം എന്നാലോചിച്ച് ഭംഗിയായി ചെയ്യുക. പൂര്‍ണമായ അര്‍പ്പണബോധത്തോടുകൂടി ചെയ്യുക. അതിന്റെ ഫലത്തെക്കുറിച്ചാലോചിക്കാതിരിക്കുക. അതാണ് ധര്‍മ്മം.” അക്കിത്തം എപ്പോഴും ആവര്‍ത്തിക്കാറുള്ളതാണിത്. ധര്‍മ്മമാണ് എല്ലാറ്റിനും അടിസ്ഥാനം. ലോകജീവിതത്തെ പൂര്‍ണതയിലേക്ക് നയിക്കാനുതകുന്ന ധര്‍മ്മസംഹിതയടങ്ങിയതാണ് സനാതനമായ ഭാരതീയസംസ്‌കാരമെന്ന ബോധമാണ് തന്നെ എപ്പോഴും നയിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം എടുത്തുപറയാറുണ്ടായിരുന്നു. താന്‍ ആരാണെന്നും തന്റെ നിയോഗമെന്താണെന്നും കൃത്യമായ നിശ്ചയമുള്ള സാധാരണക്കാരനായ ഒരസാധാരണ മനുഷ്യനായിരുന്നു അക്കിത്തം. താനെന്തൊക്കെ ചെയ്യണമെന്നതും എന്തൊക്കെ ചെയ്യില്ലയെന്നും അദ്ദേഹത്തിനു പൂര്‍ണനിശ്ചയമുണ്ടായിരുന്നു.

”വി.ടി ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാനുണ്ടാവുമായിരുന്നില്ല”
വി.ടി. ഭട്ടതിരിപ്പാടിന്റെ അനുയായിയായി സാംസ്‌കാരികനവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. ഉന്മൂലനത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ കവിതയുടെ തീജ്വാല ജ്വലിപ്പിച്ചത്. ആധുനികജീവിതഘടനയില്‍ യജ്ഞസംസ്‌കാരത്തിന്റെ പ്രചാരകനായത്, സാംസ്‌കാരികമണ്ഡലത്തില്‍ ഭാരതീയസംസ്‌കാരത്തിന്റെ ചൈതന്യത്തെ കെടാതെ സൂക്ഷിക്കുന്ന തപസ്യ കലാ-സാഹിത്യവേദിയെ ജീവിതാവസാനം വരെ നയിച്ചത്, എല്ലാം കാലം തന്നിലേല്പിച്ച നിയോഗമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു.

ചെറുപ്പത്തില്‍ വി.ടി. ഭട്ടതിരിപ്പാട്, എം.ആര്‍. ഭട്ടതിരിപ്പാട് തുടങ്ങിയവരോടൊപ്പം യോഗക്ഷേമസഭയുടെ പ്രവര്‍ത്തകനെന്ന നിലയില്‍ സാമൂഹ്യപരിഷ്‌രണപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടാണ് അക്കിത്തം തന്റെ സാമൂഹ്യപ്രതിബന്ധത പ്രകടിപ്പിച്ചു തുടങ്ങിയത്. അക്കാലത്തെ ഒരനുഭവം അദ്ദേഹംതന്നെ പറയുന്നത് ഇങ്ങനെയാണ്:

”ഈ സംസാരിക്കുന്ന ഞാന്‍, ഗാന്ധിജിയെ വെടിവച്ച ദിവസം നാലുമണിക്ക് പാലിയത്തുവച്ച്, പാലിയംറോഡ് ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം എന്നു സംസാരിച്ച വി.ടി. ഭട്ടതിരിപ്പാടിനും എം.ആര്‍. ഭട്ടതിരിപ്പാടിനും ഒപ്പം സത്യഗ്രഹമിരിക്കയായിരുന്നു. ഞാനും സംസാരിച്ചിരുന്നു. ചെറിയ വാക്കുകളായിരുന്നു. എനിക്ക് ചെറിയ വാക്കേ പറയാന്‍ കഴിയൂ. പക്ഷേ, പറഞ്ഞിരുന്നു.” 1987 എറണാകുളത്ത് നടന്ന തപസ്യ പതിനൊന്നാം വാര്‍ഷികോത്സവത്തില്‍ ചെയ്ത അധ്യക്ഷപ്രസംഗത്തിലെ വാക്കുകളാണിവ. ആ പരിപാടിയില്‍ ഉദ്ഘാടകനായി എത്തിയ പ്രശസ്ത കന്നഡ നോവലിസ്റ്റ് ശ്രീകൃഷ്ണ ആലഹനഹള്ളി, കര്‍ണാടകത്തില്‍ ബ്രാഹ്മണമേധാവിത്തവും അയിത്തവും ഇന്നും നിലകൊള്ളുന്നു, ‘തപസ്യ’ക്ക് ഇവിടെ അത്തരത്തിലുള്ള സാമൂഹ്യാനീതിയെ നേരിടാന്‍ കഴിയണമെന്ന അര്‍ഥത്തില്‍ പ്രസംഗിച്ചതിന് മറുപടിയായാണ് അക്കിത്തം ഇതു പറഞ്ഞത്. സാമൂഹ്യമായ ദുരാചരങ്ങളെ പാടെ നുള്ളിക്കളയാന്‍ ചെറുപ്പത്തിലേ പ്രവര്‍ത്തിച്ച താന്‍ അധ്യക്ഷനായ ഒരു സംഘടന തീര്‍ച്ചയായും എപ്പോഴും അതില്‍ പ്രതിജ്ഞാബദ്ധമായിരിക്കും എന്നു സൂചിപ്പിക്കാന്‍ വേണ്ടി.

വി.ടി ഭട്ടതിരിപ്പാട് തന്റെ വ്യക്തിത്വത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായി അക്കിത്തം നിരന്തരം പറയുമായിരുന്നു. സമുദായത്തിന്റെ അടച്ചിട്ട കൂട്ടില്‍നിന്ന് പുറത്തു കടന്ന് മനുഷ്യസാഹോദര്യത്തിന്റെ വിശാലതയിലേക്ക് മനസ്സിനെയും ജീവിതത്തെയും നയിക്കാനുള്ള പ്രേരണ ആ സഹവര്‍ത്തിത്വത്തില്‍നിന്നാണുണ്ടായതെന്ന് എപ്പോഴും സ്മരിക്കുമായിരുന്നു. സമുദായപരിഷ്‌കരണത്തിന്റെ നായകത്വം വഹിച്ച വി.ടി.യും വിധവാവിവാഹത്തിലൂടെ പരിഷ്‌കരണശ്രമങ്ങളെ സഫലമാക്കിയ എം.ആര്‍.ബിയും ആരാധനാമൂര്‍ത്തികളായിരുന്നു അക്കിത്തത്തിന് എന്നും.

”വി.ടി. ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തെ ഞാനാവുമായിരുന്നില്ല” എന്നാണ് അക്കിത്തം പറയാറ്. വളരെ ചെറുപ്പം മുതലേ തന്റെ ഭാഗധേയത്തെ മാറ്റിമറിച്ച ആ വിപ്ലവകാരിയെക്കുറിച്ചു പറയുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ പരിവര്‍ത്തനത്തെയാണ് അക്കിത്തം ചൂണ്ടിക്കാട്ടാറ്. യോഗക്ഷേമസഭയില്‍ പ്രവര്‍ത്തിച്ച കാലത്തെ ആ അനുധാവനമാണ് തന്നെ പുതിയ വഴിയിലേക്ക് നയിച്ചത്. വി.ടി.യോടും ഇടശ്ശേരിയോടും ഉണ്ടായിരുന്ന അടുപ്പം കേന്ദ്രകലാസമിതിയില്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കിയെന്ന് അദ്ദേഹം ഇടയ്ക്കിടെ അനുസ്മരിക്കാറുണ്ടായിരുന്നു.

‘ശ്രീശങ്കരനു ശേഷം കേരളം കണ്ട ഏറ്റവും ശ്രദ്ധേയനായ മനുഷ്യന്‍’ എന്നാണ് ‘വി.ടി. വിപ്ലവകാരിയോ ഋഷിയോ’ എന്ന ലേഖനത്തില്‍ (സമാവര്‍ത്തനം) അക്കിത്തം വിശേഷിപ്പിക്കുന്നത്. തന്റെ വ്യക്തിപ്രഭാവംകൊണ്ട് ഒരു സമുദായത്തിന്റെ ജീവിതഗതിയെ ഭാവാത്മകമായി മാറ്റിമറിക്കാന്‍ കഴിഞ്ഞയാള്‍ എന്ന നിലയിലുള്ള ആദരവാണ് ആ വാക്കുകളിലുള്ളത്. തന്റെ മകളെ മറ്റൊരു സമുദായത്തിലുള്ള ആള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തപ്പോള്‍ വി.ടി. അതിന്റെ കാര്‍മ്മികത്വം വഹിച്ചുവെന്ന കാര്യം അഭിമാനത്തോടെയാണദ്ദേഹം ഓര്‍ക്കാറുണ്ടായിരുന്നത്.

”ഭഗവദ്ഗീത’യും വി.ടി.യുടെ ‘അടുക്കളയില്‍നിന്ന് അരങ്ങത്തേ’ക്കും അച്ഛന്റെ കിടപ്പുമുറിയില്‍ തൊട്ടടുത്തിരിക്കുന്ന പുസ്തകങ്ങളായിരുന്നു. അവ രണ്ടും എന്നെ സ്വാധീനിക്കുകയും രണ്ടിലെയും മൗലികതത്വം ഒന്നാണ് എന്ന ധാരണയിലേക്ക് നയിക്കുകയും ചെയ്തു.” എന്ന് ഡോ.ജി. പ്രഭ സംവിധാനം ചെയ്ത അക്കിത്തത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫിലിമില്‍ മഹാകവി പറയുന്നുണ്ട്.

എം.ആര്‍.ബിയെ കേരളീയസമൂഹം മറന്നുതുടങ്ങിയപ്പോള്‍ അദ്ദേഹത്തെ ആദരിക്കാനായി 1992 ല്‍ തൃശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ ‘തപസ്യ’യുടെ നേതൃത്വത്തില്‍ ഒരു വലിയ പരിപാടി സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുത്തത് അക്കിത്തമായിരുന്നു. ആ സമ്മേളനത്തില്‍ നടത്തിയ അതിഗംഭീരമായ പ്രസംഗത്തില്‍ അക്കിത്തം പറഞ്ഞു: ”ജീവിതത്തിന്റെ ഓരോ മുള്ളില്‍നിന്നും തേന്‍പൂ വിടര്‍ത്തിക്കാട്ടിത്തന്ന അല്ലയോ എം.ആര്‍.ബി, അങ്ങയുടെ അശ്വത്ഥസദൃശമായ ആത്മോന്നതിക്കു മുമ്പില്‍ എന്നും നമസ്‌കരിച്ചിട്ടുള്ള എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്നത്, അങ്ങയെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ ജീവിതത്തിന്റെ മാധുര്യപൂര്‍ണത ഒരുപക്ഷെ ഞാന്‍ അറിയാതിരുന്നേനെയെന്നാണ്. തന്റെ ജീവിതാവബോധത്തെയും സൗന്ദര്യസങ്കല്പത്തെയും എം.ആര്‍.ബി അത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

തപസ്യ ഭാഗവതോത്സവത്തില്‍ അക്കിത്തം

യുവത്വത്തിന്റെ ആദ്യഘട്ടത്തില്‍ യോഗക്ഷേമസഭയുടെ സജീവപ്രവര്‍ത്തകനായി മാറുകയും അതിന്റെ പ്രസിദ്ധീകരണമായ ‘ഉണ്ണിനമ്പൂതിരി’ മാസികയുടെ പത്രാധിപരാവുകയും ചെയ്തപ്പോള്‍ പരമ്പരയായി അനുവര്‍ത്തിച്ചുവന്ന ശീലങ്ങളുടെ തടവറയില്‍നിന്ന് പുറത്തുകടക്കുകയായിരുന്നു അക്കിത്തം. തനിക്കു മാത്രമല്ല, ഒരു സമുദായത്തിനാകെ പുതുലോകത്തേക്കുള്ള കിളിവാതില്‍ തുറന്നുകൊടുക്കുന്നതില്‍ വലിയൊരു പങ്കുവഹിക്കാനായി എന്നത് തന്റെ നിയോഗമായിരുന്നുവെന്ന് സ്വകാര്യസംഭാഷണങ്ങളില്‍ അദ്ദേഹം അഭിമാനംകൊള്ളാറുണ്ടായിരുന്നു.

സാംസ്‌കാരികപ്രവര്‍ത്തനങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാടിനെയും കാവ്യരചനയില്‍ ഇടശ്ശേരി ഗോവിന്ദന്‍നായരെയുമാണ് അക്കിത്തം ഗുരുവായി സ്വീകരിച്ചിരുന്നത്. ആദ്യകാലത്ത് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി അതിന്റെ സഹയാത്രികനായി പ്രവര്‍ത്തിച്ച അദ്ദേഹം, ലോകജീവിതത്തെ സമഗ്രമായി മുന്നോട്ടു നയിക്കാന്‍ ആ പ്രത്യയശാസ്ത്രം അനുഗുണമല്ല എന്നു തിരിച്ചറിഞ്ഞ് അതില്‍നിന്ന് സ്വയം മാറിപ്പോരുകയായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പം വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്നെങ്കിലും വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചോ ഇടശ്ശേരിയെക്കുറിച്ചോ എപ്പോഴും അനുസ്മരിച്ച് സംസാരിക്കാറുണ്ടായിരുന്ന അക്കിത്തം ഇ.എം.എസ്സിനെ ഓര്‍ക്കാന്‍ അങ്ങനെ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് എന്റെ അനുഭവം.

അനൗപചാരികമായ സംഭാഷണങ്ങളിലോ പ്രസംഗങ്ങളിലോ ഇ.എം.എസ്സിനെ പരാമര്‍ശിക്കുക വളരെ കുറവായിരുന്നു. അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ചെറുതായെന്തെങ്കിലും സൂചിപ്പിക്കുകയോ ഒഴിഞ്ഞുമാറുകയോ ആയിരുന്നു ചെയ്യാറ്. അവര്‍ തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമായിരുന്നില്ല എന്ന് ഊഹിക്കാനേ തരമുള്ളൂ.

എന്റെയുള്ളിലുള്ള കമ്മ്യൂണിസം മാര്‍ക്‌സിന്റേതല്ല, വേദങ്ങളിലേതാണ്
”കമ്മ്യൂണിസം മനുഷ്യജീവിതത്തെ മുഴുവന്‍ ബാധിക്കുന്ന തത്വമായി ഞാന്‍ കാണുന്നില്ല. റഷ്യയിലും ചൈനയിലും മതം വീണ്ടുമെത്തിയല്ലോ. കമ്മ്യൂണിസം മൗലികാര്‍ഥത്തില്‍ ഭൗതികസംതുലനം മാത്രമാണ്”(പ്രഗതി ത്രൈമാസിക- 1988 ഡിസംബര്‍) എന്നാണ് ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
”തീസിസ്സിനോടേല്പതാന്റി-
ത്തീസീസെന്നാരു സാധനം,
അതില്‍നിന്നു ജനിപ്പൂ സി-
ന്തെസിസ്സാം നാദമുര്‍വിയില്‍.” എന്ന് പരിഹാസരൂപേണ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തില്‍ പ്രത്യയശാസ്ത്രവിചാരത്തെ സൂചിപ്പിച്ചതിനു തൊട്ടുതാഴെ അതിന്റെ പ്രയോഗവിധിയുടെ അടയാളങ്ങളായി അദ്ദേഹം ഇങ്ങനെകൂടി എടുത്തുകാണിക്കുന്നു.
”അസത്യം, ചതി, തീവെപ്പും
കൊള്ള, വഞ്ചന, ചോരണം
ചാരവൃത്തി, വധംപോലും
പാവനം ജനസേവനം”

സിദ്ധാന്തവും പ്രയോഗവും രണ്ടായിത്തീര്‍ന്നത് സിദ്ധാന്തത്തിന്റെ പരിമിതികൊണ്ടു മാത്രമാണെന്നാണ് അക്കിത്തം ചൂണ്ടിക്കാട്ടുന്നത്. 1990ല്‍ കണ്ണൂരില്‍ നടന്ന തപസ്യയുടെ പതിനാലാം വാര്‍ഷികോത്സവത്തിന്റെ പ്രധാനവിഷയം ‘ഇരുപതാം നൂറ്റാണ്ട്-ഒരു വിലയിരുത്തല്‍’ എന്നായിരുന്നു. അതില്‍ ചെയ്ത അധ്യക്ഷപ്രസംഗത്തില്‍ അക്കിത്തം പറയുന്നുണ്ട്: ”ഭൗതികവസ്തുവാണ് ഏറ്റവും വലിയ സത്യമെന്നു കരുതിയ ഇരുപതാം നൂറ്റാണ്ടില്‍ തൊള്ളായിരത്തി പതിനേഴു മുതല്‍ എണ്‍പത്തിയേഴു വരെ എഴുപത്തിമൂന്നു കൊല്ലം ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ‘ഡയലറ്റിക്കല്‍ മെറ്റീരിയലിസം’ എന്ന ആയുധത്തിന് മൂര്‍ച്ചയില്ല എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു എന്ന വസ്തുത നാം ഏവര്‍ക്കും ബോധ്യമായിരിക്കുകയാണ്” ലോകത്ത് പരാജയപ്പെട്ട സിദ്ധാന്തമാണ് കമ്യൂണിസമെന്ന തന്റെ കാഴ്ചപ്പാട് പലപ്പോഴായി അദ്ദേഹം ഊന്നിപ്പറയാറുണ്ടായിരുന്നു. ഭൗതികതയുടെയും ആത്മീയതയുടെയും സമന്വയമാണ് പ്രകൃതിയും മനുഷ്യജീവിതമെന്നും സത്യത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്യൂണിസം എന്നുമായിരുന്നു അക്കിത്തത്തിന്റെ നിലപാട്.

”എന്റെയുള്ളിലുള്ള കമ്മ്യൂണിസവും സോഷ്യലിസവും മാര്‍ക്‌സില്‍നിന്നല്ല, വേദങ്ങളില്‍നിന്ന് ലഭിച്ചതാണ്. ‘സമാനോ മന്ത്രഃ സമിതിഃ സമാനീ’ (ഋഗ്വേദത്തിലെ സമ്പാദസൂക്തത്തിലെ ഋക്ക്) എന്ന മന്ത്രം എട്ടാമത്തെ വയസ്സുമുതല്‍ ചൊല്ലാന്‍ തുടങ്ങിയവനാണ് ഞാന്‍” എന്ന് 1995 ല്‍ തിരുവന്തപുരത്തു നടന്ന തപസ്യ പതിനഞ്ചാം വാര്‍ഷികോത്സവത്തില്‍ ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു.

1997 ല്‍ കവി പി.എം.നാരായണനുമായി നടത്തിയ അഭിമുഖത്തിലും, ”വര്‍ഗസമരക്കാരുടെ കൂടെ നടന്നപ്പോഴും ഞാനവരോട് പൂര്‍ണയോജിപ്പിലായിരുന്നില്ല” എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ”ലക്ഷ്യവും മാര്‍ഗവും ശുദ്ധമായിരിക്കണം എന്നാണ് എന്റെ വിശ്വാസം. കാരണം മാര്‍ഗം ശുദ്ധമായാല്‍ അത്രത്തോളം ലക്ഷ്യത്തോടടുത്തുവെന്നു പറയാം. ഭൗതികവാദികള്‍ ജീവിതത്തെ ഭൗതികമെന്നും ആത്മീയമെന്നും വേര്‍തിരിക്കുന്നതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല” എന്നും അക്കിത്തം പി.എം. നാരായണനോട് പറയുന്നുണ്ട്.

അക്കിത്തവും മാടമ്പ് കുഞ്ഞുകുട്ടനും

‘സ്വയം സംവാദം’ എന്ന കവിതയിലും വേദത്തില്‍നിന്നു ലഭിച്ച ആ ദര്‍ശനം ലളിതമായി അദ്ദേഹം അടയാളപ്പെടുത്തുന്നു.
”സമാനമാവട്ടെ മനുഷ്യമന്ത്രം,
സമാനമാവട്ടെ മനുഷ്യതന്ത്രം,
സമാനമാവട്ടെ മനുഷ്യയന്ത്രം,
സമാനമൊന്നേ പരമസ്വതന്ത്രം.”

യജ്ഞങ്ങളുടെ കാലത്ത് വര്‍ണവിവേചനം ഉണ്ടായിരുന്നില്ല
വേദത്തില്‍നിന്നു തുടങ്ങുന്ന യജ്ഞസംസ്‌കാരത്തിന് ആധുനികകാലത്തും പ്രസക്തിയുണ്ട് എന്നും പ്രകൃതിയെയും മനുഷ്യമനസ്സിനേയും നിര്‍മലമാക്കാനും സമര്‍പ്പണത്തിന്റെയും ധര്‍മ്മത്തിന്റെയും വഴികളിലേക്ക് സമൂഹത്തെ നയിക്കാനും അതിനു കഴിയുമെന്നുമുള്ള ഉറച്ച വിശ്വാസം അക്കിത്തം വച്ചുപുലര്‍ത്തിയിരുന്നു.

പാരമ്പര്യമായി യാഗങ്ങളനുഷ്ഠിച്ചുവന്ന തന്റെ വംശത്തെക്കുറിച്ചുള്ള അഭിമാനത്തില്‍നിന്നുണ്ടായ വെറുമൊരാവേശമായിരുന്നില്ല അത്. തന്റെ അനുഭവങ്ങളും അറിവുകളും ജീവിതാവബോധവും ചിന്തകളും ഒന്നുചേര്‍ന്ന വിശകലനത്തിന്റെ ഫലമായുണ്ടായ ഉള്‍ക്കാഴ്ചയില്‍നിന്നുരുത്തിരിഞ്ഞ തിരിച്ചറിവായിരന്നു.

ശ്രൗതശാസ്ത്രപാരമ്പര്യം നിലനിര്‍ത്തുന്നതിനു വേണ്ടി പാഞ്ഞാളിലും തിരുവനന്തപുരത്തും കുണ്ടൂരിലും യാഗങ്ങള്‍ നടത്തുന്നതിന് മുകൈയെടുക്കുകയും അതിന്റെ പ്രചാരത്തിലും നടത്തിപ്പിലും സജീവപങ്കാളിയായി മുന്നില്‍നില്‍ക്കുകയും ചെയ്തു അദ്ദേഹം.

”മനുഷ്യസംസ്‌കാരത്തിന്റെ ഏറ്റവും പൗരാണികമായ നാടകീയാവിഷ്‌കരണം എന്ന നിലയിലും സംഗീതം, സാഹിത്യം, വാദ്യം മുതലായ ഇതരകലകളുടെ അവതരണം എന്ന നിലയിലും യജ്ഞത്തിന് പ്രാധാന്യമുണ്ട്.” (1989 ല്‍ തിരുവന്തപുരത്തു നടന്ന തപസ്യ പതിമൂന്നാം വാര്‍ഷികോത്സവത്തില്‍ ചെയ്ത അധ്യക്ഷപ്രസംഗത്തില്‍നിന്ന്) എന്നാണ് യജ്ഞത്തെക്കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണം.

”യജ്ഞം നിലനിന്നില്ലെങ്കിലെന്ത് എന്ന് ചോദിക്കുകയാണെങ്കില്‍ മറ്റൊരു ചോദ്യത്തിനുകൂടി ഉത്തരം പറയേണ്ടി വരും. വേദം നിലനിന്നില്ലെങ്കിലെന്ത് എന്നതിന്. പുസ്തകങ്ങളിലൂടെ വേദം നിലനില്‍ക്കുമല്ലോ എന്ന് മറുപടി പറഞ്ഞിട്ടു കാര്യമില്ല. മൗലികവിശകലനത്തില്‍ വേദം കുറേ അക്ഷരങ്ങളുടെ സമാഹാരമല്ല. ശബ്ദങ്ങളുടെ ഉദാത്ത, അനുദാത്ത, സ്വരിതപ്രജയങ്ങളുടെ സമാഹാരമാണ്. ശബ്ദരൂപത്തില്‍ മാത്രമേ അതിന് നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും കഴിയുകയുള്ളൂ. പ്രപഞ്ചത്തെ രൂപഭേദപ്പെടുത്താന്‍ കഴിയുകയുള്ളൂ. ആ ശബ്ദസംസ്‌കാരം നിലനില്‍ക്കണമെങ്കില്‍ അതിനൊരു പ്രകടനോപാധി അത്യാവശ്യമാണ്. ഈ പ്രകടനോപാധിയാണ് യജ്ഞം. ആ സ്ഥിതിക്ക് യജ്ഞത്തിന്റെ തിരോഭാവം വേദത്തിന്റെ തിരോഭാവമാണ് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.” എന്നും ആ പ്രസംഗത്തില്‍ അദ്ദേഹം വിശദമാക്കുകയുണ്ടായി.

പുരോഗമനവാദികളില്‍നിന്ന് യാഗത്തെക്കുറിച്ചുണ്ടായിക്കൊണ്ടിരുന്ന എതിര്‍പ്പിനെ തനിക്ക് ബോധ്യമായ തെളിവുകളും യുക്തികളും വച്ച് ഖണ്ഡിക്കുകയും യജ്ഞസംസ്‌കാരത്തിലടങ്ങിയ സര്‍വസമഭാവത്തെയും ഉദാത്തതയെയും ഇതേ പ്രസംഗത്തില്‍ത്തന്നെ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ”യജ്ഞങ്ങളുടെ കാലത്ത് വര്‍ണവിവേചനമുണ്ടായിരുന്നില്ല. ‘സമാനോ മന്ത്രഃ സമിതി സമാനീഃ സമാനീ വ ആകൂതിഃ സമാനാ ഹൃദയാനിവഃ’ എന്ന വേദമന്ത്രത്തില്‍ കാണുന്ന സാഹോദര്യമായിരുന്നു യജ്ഞസംസ്‌കാരത്തിന്റെ അടിത്തറ. ‘ഇദം നഃ മമഃ’, ഇത് എനിക്കുവേണ്ടിയല്ല എന്ന സ്വാര്‍ഥത്യാഗമായിരുന്നു യജ്ഞത്തിന്റെ പരമലക്ഷ്യം. സ്ത്രീപുരുഷഭേദവും വൈദികകാലത്ത് പ്രസക്തമായിരുന്നില്ല. അപൂര്‍ണനായ ഓരോ മനുഷ്യനും സാമൂഹ്യസമത്വത്തിലൂടെയും സ്വാര്‍ഥത്യാഗത്തിലൂടെയും പൂര്‍ണമായ പരബ്രഹ്മവുമായി സാമ്യം പ്രാപിക്കാനുള്ള സംവിധാനമായിരുന്നു യജ്ഞം.”

ആധുനികമനുഷ്യന്റെ ഭൂതദയയുമായി പൊരുത്തപ്പെടാതെ വന്ന ചില ആചാരങ്ങള്‍ യാഗങ്ങളിലുണ്ടായിരുന്നതായി അക്കിത്തം സമ്മതിക്കുന്നു. പക്ഷേ പല ആചാര്യന്മാരും അവയെ ഇല്ലായ്മ ചെയ്ത് യജ്ഞാചാരങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ‘പശ്വാലംഭം’ (യാഗത്തിന് പശുക്കുട്ടിയെ ബലികൊടുത്ത് അതിന്റെ വപ-ശരീരത്തിലെ കൊഴുപ്പ് എടുക്കുന്ന ചടങ്ങ്) എന്നത് ഉപേക്ഷണീയമാണെന്ന് മഹാഭാരതത്തില്‍പ്പോലും പറഞ്ഞിട്ടുണ്ട്. അരിമാവുപയോഗിച്ച് പശ്വാലംഭം ചെയ്യുന്ന രീതി മാധ്വാചാര്യര്‍ നടപ്പില്‍ വരുത്തിയതിനെ ഉദാഹരണമായി അദ്ദേഹം എടുത്തുപറയുന്നു. ഏന്നേ എടുത്തു മാറ്റപ്പെട്ട ഈ ചടങ്ങിനെച്ചൊല്ലിയാണ് പലരും യാഗത്തെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1975 ഏപ്രില്‍ 12 മുതല്‍ 23 വരെ തൃശൂര്‍ജില്ലയിലെ പാഞ്ഞാളില്‍ നടന്ന അതിരാത്രയജ്ഞം സംഘടിപ്പിച്ച വിദേശീയര്‍ക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. യജ്ഞത്തിന് പുരാതനകാലത്തുണ്ടായിരുന്ന ചടങ്ങുകളെല്ലാം അതുപോലെ വേണം. പശ്വാലംഭം എത്രയോ കാലങ്ങള്‍ക്കു മുമ്പുതന്നെ ഒഴിവാക്കിയിരുന്നത് കണക്കിലെടുക്കാതെ പാഞ്ഞാളിലെ അതിരാത്രത്തില്‍ ഈ ചടങ്ങ് ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഉള്‍പ്പെടുത്തിയാല്‍ ഇപ്പോഴും മൃഗബലി നടക്കുന്ന പ്രാകൃതമായ ഒന്നാണ് യാഗം എന്ന സന്ദേശമായിരിക്കും ലോകത്തിനു മുന്നിലെത്തുക. അതിലെ അപകടം മുന്‍കൂട്ടിക്കണ്ട് അക്കാര്യം അക്കിത്തത്തെ ബോധ്യപ്പെടുത്തിയത് അന്ന് കേസരി പത്രാധിപരായിരുന്ന എം.എ. കൃഷ്ണനായിരുന്നു. യജ്ഞം നടത്തുന്ന വൈദികരുമായി അക്കിത്തം കാര്യം സംസാരിച്ചു. എന്നാല്‍ ചില യാഥാസ്ഥിതികര്‍ അദ്ദേഹത്തോട് യോജിച്ചില്ല.

എം.എ. കൃഷ്ണനും അക്കിത്തവും

പാഞ്ഞാളിലെ യാഗത്തില്‍ പശ്വാലംഭം നടത്തിയാല്‍ അത് തടയേണ്ടിവരുമെന്ന് എം.എ.കൃഷ്ണനും അക്കിത്തവും കര്‍ശനമായി പറഞ്ഞതോടെ യജ്ഞത്തിന് നേതൃത്വം നല്കിയ ഏര്‍ക്കര രാമന്‍ നമ്പൂതിരിപ്പാട് ഇടപെട്ട് അത് ഒഴിവാക്കി. അരിമാവുകൊണ്ടുള്ള പശ്വാലംഭമാണ് അവിടെ നടന്നത്.
ആത്മീയാചാര്യരുടെ നേതൃത്വത്തില്‍ ഓരോ കാലങ്ങളായി ഭാരതസംസ്‌കൃതിയില്‍ ഉണ്ടായ എല്ലാ നവീകരണങ്ങളും നിലനില്ക്കണമെന്നതില്‍ അക്കിത്തത്തിന് വളരെ നിഷ്‌കര്‍ഷയുണ്ടായിരുന്നു.

പുരാതനകാലം മുതല്‍ തുടങ്ങുകയും കഴിഞ്ഞ നൂറ്റാണ്ടുവരെ നിലനിന്നുപോരുകയും ചെയ്ത യാഗമെന്ന കര്‍മ്മത്തിന് ഇന്നത്തെ ലോകത്തിലുള്ള പ്രസക്തി ഊന്നിപ്പറഞ്ഞുകൊണ്ട്, എതിര്‍ക്കുന്നവരോട് അക്കിത്തത്തിന് ചോദിക്കാനുള്ളത് ഇതായിരുന്നു: ”ഇത് നടന്നുപോയാല്‍ എന്തു കുഴപ്പമാണ് സംഭവിക്കാന്‍ പോവുന്നത്? നമ്മുടെ സംസ്‌കാരത്തിന്റെ ചരിത്രവഴികളില്‍ ദുരാചാരങ്ങളുടെ പുള്ളിക്കുത്തുകള്‍ വീഴുന്നതിന് എത്രയോ കാലംമുമ്പ് ഉണ്ടായതാണ് ഈ യജ്ഞസംസ്‌കാരം. അതില്‍ എല്ലാവര്‍ക്കും തുല്യസ്ഥാനമാണ് നല്‍കിയിട്ടുള്ളത്. മനുഷ്യനെയും പ്രകൃതിയെയും മനുഷ്യന് ഇനിയും പൂര്‍ണമായി മനസ്സിലായിട്ടില്ലാത്ത മറ്റു പ്രപഞ്ചശക്തികളെയും ഉദാത്തമായ രീതിയില്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള വീക്ഷണമാണതിലുള്ളത്. ലോകനന്മക്കായി ഒരു സമൂഹത്തിന്റെ ഒന്നിച്ചുള്ള സമര്‍പ്പണത്തിന്റെ കര്‍മ്മമാണത്. അത് നടക്കുന്നതിലൂടെ ഒരുപാട് വിശുദ്ധി നമ്മുടെ ചിന്തകള്‍ക്കും ജീവിതത്തിനും പ്രകൃതിക്കും വന്നുഭവിക്കുന്നു. എന്തിനാണ് ഇതിനെ എതിര്‍ക്കുന്നത്?”

ലോകകല്യാണത്തിനുവേണ്ടി ആയിരക്കണക്കിന് സംവത്സരങ്ങളായി നിലനില്‍ക്കുന്ന വിശുദ്ധമായ ഒരു സംസ്‌കാരത്തെ സംരക്ഷിക്കേണ്ടത് തന്റെ ജന്മദൗത്യങ്ങളിലൊന്നാണെന്ന ബോധത്തില്‍നിന്നാണ് യാഗങ്ങള്‍ക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചത്. അക്കിത്തത്തെപ്പോലെ പുരോഗമനപരമായി ചിന്തിക്കുകയും പുതിയ വിജ്ഞാനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരാള്‍ മുന്നില്‍നിന്നുവെന്നത്, യാഗത്തെ വെറും യാഥാസ്ഥിതികലോകത്തിന്റെ നടപടി മാത്രമായി കരുതിയിരുന്ന വലിയൊരു വിഭാഗം ആളുകളെ, അതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിലേക്ക് നയിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
(തുടരും)

Tags: അക്കിത്തംകാവ്യകർമ്മവും ധർമ്മമാർഗവും
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies