തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നശേഷം കേരളത്തിലെ രാഷ്ട്രീയ മുന്നണികളില്‍ മുമ്പില്ലാത്തവിധം പ്രശ്‌നങ്ങള്‍ അരങ്ങേറി. യുഡിഎഫില്‍ പൊട്ടിത്തെറി പതിവായതുകൊണ്ട് അതില്‍ കാര്യമായ പുതുമയില്ല. പക്ഷേ ഇടതുമുന്നണിയില്‍ അങ്ങനെയല്ല. അച്ചടക്കത്തിലും മുന്നണി ബന്ധത്തിലും ശക്തമായ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിലും ഇടതുമുന്നണിയിലും ഉണ്ടായ പൊട്ടിത്തെറി തന്നെയാണ് ഏറ്റവും വലിയ വാര്‍ത്തയായി മാറിയത്. മുന്നണികളുടെ സമവാക്യങ്ങള്‍ മാറിമറിയുകയാണ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഘടകകക്ഷികള്‍ തമ്മില്‍ കാര്യമായ പ്രശ്‌നമോ പ്രതിസന്ധിയോ ഉണ്ടായില്ല. പതിവുപോലെ സിപിഐ ജയിക്കുന്ന ചില സീറ്റുകള്‍ ചോദിച്ചെങ്കിലും സിപിഎം വഴങ്ങിയില്ല എന്ന് മാത്രമല്ല സീറ്റുകള്‍ വെച്ചു മാറാനുള്ള നിര്‍ദ്ദേശം ഏതാണ്ട് പൂര്‍ണ്ണമായും നിരാകരിക്കുകയും ചെയ്തു. മുസ്ലീംലീഗ് മാത്രം ജയിക്കുന്ന ചില മണ്ഡലങ്ങളില്‍ അടക്കം സിപിഐയെ പതിവുപോലെ നേര്‍ച്ചക്കോഴികള്‍ ആക്കിയെങ്കിലും കിട്ടിയ സീറ്റുകളില്‍ എല്ലാം ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പുതുമുഖങ്ങളെയോ ശ്രദ്ധേയരായ യുവനേതാക്കളെയോ കൊണ്ടുവരാന്‍ സിപിഐക്ക് കഴിഞ്ഞില്ലെങ്കിലും തൃശ്ശൂരില്‍ അവര്‍ പതിവുപോലെ മാനദണ്ഡമാക്കിയത് ഹിന്ദുവിരുദ്ധതയാണ്. കഴിഞ്ഞ തവണ വിജയിച്ച പി. ബാലചന്ദ്രന്‍ ശ്രീരാമനും സീതക്കും രാമായണത്തിനും എതിരെ പരാമര്‍ശം നടത്തിയാണ് ശ്രദ്ധേയനായതെങ്കില്‍ ഇത്തവണ ആലങ്കോട് ലീലാകൃഷ്ണനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഭക്തപ്രിയ മാസികയില്‍ രാമനും കൃഷ്ണനും കെട്ടുകഥയാണെന്നും ഖുര്‍ആന്‍ അത്ഭുതപ്പെടുത്തുന്ന പുസ്തകം ആണെന്നും പറഞ്ഞ് ഹിന്ദുത്വത്തെ ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്ത ആളിന് തന്നെ സീറ്റ് സിപിഐ കൊടുത്ത് ആദരിച്ചു.
സിപിഎമ്മിലെ ആദ്യ വെടി പൊട്ടിച്ചത് കെ.കെ. ശൈലജ ടീച്ചര്‍ ആയിരുന്നു. പെണ്ണൊരുത്തി അഭിമാനത്തോടെ തന്നോട് മാത്രം എന്താണ് വേര്‍തിരിവ് കാണിക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ പുരുഷ കേസരികളോട് ചോദിച്ചപ്പോഴാണ് രണ്ടുതവണ മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തി വെട്ടി അരിയാന്‍ നിര്‍ത്തിയിരുന്ന ശൈലജ ടീച്ചര്‍ക്ക് പേരാവൂര്‍ സീറ്റ് നല്‍കിയത്. സ്ഥിരമായി കോണ്‍ഗ്രസുകാര്‍ ജയിക്കുന്ന പേരാവൂരില്‍ ടീച്ചര്‍ എന്ത് അത്ഭുതം സൃഷ്ടിക്കാന്‍ ആണെന്ന് പാര്‍ട്ടിയിലുള്ള ആര്‍ക്കും മനസ്സിലായിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും ശൈലജ ടീച്ചര്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച മട്ടന്നൂരില്‍ വി.കെ. സനോജിനെ സ്ഥാനാര്‍ത്ഥിയാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി ആയതുകൊണ്ട് തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഒഴിഞ്ഞ എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയും ആന്തൂരിലെ വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതില്‍ ആരോപണ വിധേയ ആവുകയും ചെയ്ത പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥി ആക്കുകയും ചെയ്തു. 80 പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മ്മടത്തു തന്നെ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് കാര്യമായ ചര്‍ച്ച ഒന്നുമില്ലാതെയാണ് അനുമതി നല്‍കിയത്. പി.കെ. ശ്യാമളയ്ക്ക് സീറ്റ് കൊടുക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി പരസ്യമായ വെല്ലുവിളി ഉയര്‍ന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ ടി.കെ. ഗോവിന്ദന്‍ ഈ തീരുമാനത്തിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നു. തനിക്ക് ശേഷം ഭാര്യയ്ക്ക് അതേ സീറ്റ് നല്‍കുന്ന സമ്പ്രദായം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാഭാവിക രീതി അല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. നേരത്തെ തന്നെ ആന്തൂരിലെ സാജന്റെ ആത്മഹത്യയിലും കണ്‍വെന്‍ഷന്‍ സെന്ററിന് അനുവാദം നല്‍കാതിരുന്ന സംഭവത്തിലും ഗോവിന്ദന്‍ പ്രതികരിച്ചിരുന്നതാണ്. പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണത്തിനിടെ നഗരസഭ പറഞ്ഞ എല്ലാ കാര്യങ്ങളും പലതവണ മാറ്റി ചെയ്തിട്ടും അനുവാദം കൊടുക്കാതെ ഇരിക്കുകയും താന്‍ നഗരസഭാ അദ്ധ്യക്ഷയുടെ കസേരയിലുണ്ടെങ്കില്‍ അനുവാദം നല്‍കില്ലെന്ന് പറഞ്ഞ് പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉടമസ്ഥനായ സാജന്‍ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ പാര്‍ട്ടി നിര്‍ദേശിച്ച അന്വേഷണ സമിതി ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും ജനങ്ങളില്‍ നിന്നോ പൊതുസമൂഹത്തില്‍ നിന്നോ പാര്‍ട്ടിയിലെ നിഷ്പക്ഷരില്‍ നിന്നോ ശ്യാമളക്ക് ക്ലീന്‍ ചിറ്റ് കിട്ടിയിട്ടില്ല. ശ്യാമളയുടെ പെരുമാറ്റം കാരണമാണ് സാജന്‍ ആത്മഹത്യ ചെയ്തത് എന്നാണ് സാജന്റെ കുടുംബവും ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തീരുമാനം വന്നതിനുശേഷം തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് പരസ്യമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത് ഇത്തവണയാണ്. മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റും സിപിഎം വലയിട്ടു പിടിച്ച പലര്‍ക്കും ഇത്തവണ സീറ്റ് കിട്ടിയതുമില്ല. ഡോ. സരിന്‍ അടക്കം കോണ്‍ഗ്രസില്‍ നിന്ന് വേലി ചാടി വന്ന പലരും നടുക്കയത്തില്‍ ആയി എന്നതാണ് വേറൊരു പ്രശ്‌നം.
കോണ്‍ഗ്രസിലും യുഡിഎഫിലും പ്രശ്‌നം പതിവാണെങ്കിലും ഇക്കുറി അത് കുറച്ചു കൂടി കനത്തു. മുന്‍ കെപിസിസി പ്രസിഡന്റും മുന്‍മന്ത്രിയും ഒക്കെയായ കെ. സുധാകരന്‍ ഹൈക്കമാന്റിനെ വിറപ്പിച്ച് മുട്ടുകുത്തിച്ചാണ് കീഴടങ്ങിയത്. എംപിമാര്‍ക്ക് സീറ്റ് കൊടുക്കേണ്ട എന്ന നിലപാട് കെപിസിസി നേതൃത്വം സ്വീകരിച്ചത് തന്നെ ചിലരെ ലക്ഷ്യം വെച്ചാണ്. ജയിച്ചു കഴിഞ്ഞാല്‍ മന്ത്രിസ്ഥാനത്തിനും മുഖ്യമന്ത്രിസ്ഥാനത്തിനും ഒക്കെ തന്നെ അവകാശവാദവുമായി എത്താന്‍ സാധ്യതയുള്ള ചിലരെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് തന്നെ. എംപിമാരായി ജയിച്ചെങ്കിലും യുഡിഎഫ് വന്നാല്‍ മന്ത്രിയാകാന്‍ കുപ്പായം തുന്നിയിരുന്ന കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ തുടങ്ങിയവരെയും മുഖ്യമന്ത്രിസ്ഥാനത്തിന് പോരാടാന്‍ സാധ്യതയുള്ള കെ.സി. വേണുഗോപാലിനെയും ശശി തരൂരിനെയും ഒഴിവാക്കാന്‍ വേണ്ടിയാണ് എംപിമാരെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വി.ഡി. സതീശന്‍ ലക്ഷ്യമിട്ടത്. ഇപ്പോള്‍ തന്നെ പ്രതിപക്ഷനേതാവായ സതീശന് എതിരെ രമേശ് ചെന്നിത്തല രംഗത്തുണ്ട്. കെ. മുരളീധരനും ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനം തന്നെയാണ്. ചെന്നിത്തലയും സതീശനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ സമവായ സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരാനാണ് കെ.സി. വേണുഗോപാല്‍ ലക്ഷ്യമിടുന്നത്. അതിനുള്ളനീക്കം ഒന്നും കെ.സി. വേണുഗോപാല്‍ ഉപേക്ഷിച്ചിട്ടുമില്ല. എങ്ങാനും യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി ചെന്നിത്തലയും സതീശനും തമ്മിലുള്ള അതിശക്തമായ പോരാട്ടം ഉറപ്പാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തിനുവേണ്ടി ഇരുവരും നടത്തിയ തെരുവ് യുദ്ധത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഹൈക്കമാന്റില്‍ തനിക്കുള്ള നിര്‍ണായക സ്വാധീനം ഉപയോഗിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനും യുഡിഎഫിന്റെ ഏതെങ്കിലും ഒരു ശക്തി കേന്ദ്രത്തില്‍ നിന്ന് നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പിലൂടെ ജയിച്ചു വരാനും കഴിയും എന്നാണ് കെ.സി. വേണുഗോപാലിന്റെ പ്രതീക്ഷ. എംപിമാര്‍ വേണ്ട എന്ന കെപിസിസി നിര്‍ദ്ദേശത്തെ എതിര്‍ത്തു എന്ന അപഖ്യാതി ഒഴിവാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഗോദയില്‍ ചെന്നിത്തലയും സതീശനും വിയര്‍പ്പൊഴുക്കി വിജയം നേടിയാലും അതിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് കെ.സി. ആയിരിക്കും എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ പോലും അഭിപ്രായവ്യത്യാസമില്ല, അടൂര്‍ പ്രകാശിന്റെ മത്സരത്തിനായി പതിവ് തെറ്റിച്ച് ശിവഗിരി മഠം പോലും രംഗത്തിറങ്ങി. ആര്‍. ശങ്കറിന് ശേഷം കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഈഴവ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന പ്രസ്താവനയുമായി അടൂര്‍ പ്രകാശിനുവേണ്ടി ശിവഗിരി മഠം രംഗത്ത് വന്നത് കെ. സുധാകരനും ഗുണം ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. സുധാകരനു പിന്നാലെ അടൂര്‍ പ്രകാശും ബെന്നി ബഹനാനും എല്‍ദോസ് കുന്നപ്പള്ളിയും ഒക്കെ രംഗത്ത് വന്നതോടെ സുധാകരനെ വരുതിയിലാക്കാന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. അതിനുവേണ്ടി നഷ്ടപ്പെട്ട കെപിസിസി പ്രസിഡന്റ് സ്ഥാനം തിരികെ നല്‍കാമെന്ന വാഗ്ദാനം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് സുധാകരന് നല്‍കുകയായിരുന്നു. പ്രായം കടന്ന സുധാകരനെ ഏറ്റെടുക്കാന്‍ ബിജെപിയും തയ്യാറാകാതെ വരുകയും മറ്റൊരു പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം കെ. കരുണാകരന്റെ പഴയ ഡിഐസി അനുഭവമാകുമെന്ന് ഒപ്പമുള്ളവര്‍ തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തപ്പോഴാണ് സുധാകരന്‍ വഴങ്ങിയത്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒരു യുഗമാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്. രമേശ് ചെന്നിത്തലയുടെ ശുപാര്‍ശയില്‍, സുധാകരന്‍ വിട്ടു പോകുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ സ്വാധീനിക്കും എന്ന് മുതിര്‍ന്ന നേതാവായ എ.കെ.ആന്റണി അറിയിച്ചപ്പോഴാണ് സുധാകരനെ എങ്ങനെയും പിടിച്ചുനിര്‍ത്താന്‍ ദേശീയ നേതൃത്വം ശ്രമിച്ചത്. എംപിമാര്‍ വേണ്ട എന്ന വി.ഡി. സതീശന്റെ വാക്കുകള്‍ക്കാണ് നേരത്തെ പ്രാധാന്യം കൊടുത്തിരുന്നത്. വി.എസ്. ശിവകുമാറിനെ അരുവിക്കരയിലും കെ.എസ്. ശബരിനാഥനെ നേമത്തും പരീക്ഷിക്കാനുള്ള തീരുമാനം ഇതേപോലെ തന്നെ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നിലപാട് മാറ്റമുണ്ടായത് സിപിഎമ്മില്‍ തന്നെയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഹൈന്ദവ വോട്ട് ലക്ഷ്യം വെച്ച് അതിശക്തമായ പ്രചാരണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ഹൈന്ദവ വോട്ട് ലക്ഷ്യമിട്ട്, ഹിന്ദുക്കളുടെ മുറിപ്പെട്ട വികാരങ്ങളും വിക്ഷോഭങ്ങളും ഒഴിവാക്കാനും ആശ്വസിപ്പിക്കാനും ഉള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പക്ഷേ വെളുക്കാന്‍ തേച്ചത് പലതും പാണ്ടായി എന്ന് പറയുന്ന അവസ്ഥയാണ് സംജാതമായത്. ശബരിമല പ്രശ്‌നത്തില്‍ സ്വീകരിച്ച ഹിന്ദുവിരുദ്ധ നിലപാടില്‍ നിന്ന് തലയൂരാനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് തന്നെ വിവാദമാവുകയും കണക്കുകളും രേഖകളും കോടതി പരിശോധിക്കുകയും ചെയ്തപ്പോഴാണ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള പുറത്തുവരുന്നത്. പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത പ്രതികളെല്ലാം ജാമ്യത്തില്‍ ആവുകയും സിപിഎം നേതാക്കളായ പത്മകുമാറും വാസുവും അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍ എത്തുകയും ശുപാര്‍ശ കത്ത് നല്‍കിയതിലൂടെ നേരിട്ട് പങ്കുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും സംശയത്തിന്റെ നിഴലില്‍ ആവുകയും ചെയ്ത കടകംപള്ളി സുരേന്ദ്രനും സിപിഎമ്മിന്റെ ഈ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി. അതിനിടെ വിശാല ബഞ്ച് രൂപീകരിച്ച് യുവതി പ്രവേശന വിഷയം വീണ്ടും പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതും തിരഞ്ഞെടുപ്പ്പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ്. അയ്യപ്പഭക്തര്‍ക്ക് എതിരായ നിലപാടിലൂടെ ശബരിമലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം അക്കാര്യം പണ്ഡിതന്മാര്‍ തീരുമാനിക്കട്ടെ എന്ന് പറഞ്ഞ് ഒഴിയാന്‍ തീരുമാനിച്ചത് വീണ്ടും വിവാദത്തില്‍ ആയി. യുവതി പ്രവേശനത്തിനെതിരെ നിലപാട് എടുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചെങ്കിലും സത്യവാങ്മൂലം നല്‍കേണ്ടതും പഴയ സത്യവാങ്മൂലം തിരുത്തേണ്ടതും സംസ്ഥാന സര്‍ക്കാരായതുകൊണ്ട് സിപിഎം വീണ്ടും ഊരാക്കുടുക്കില്‍ എത്തുകയായിരുന്നു. ഭക്തന്മാരുടെ ഹിതത്തിനനുസരിച്ച് ആചാര സംരക്ഷണത്തിന് അനുസൃതമായി യുവതി പ്രവേശനത്തിനെതിരെ നിലപാട് സ്വീകരിക്കുമെന്ന് പരസ്യമായി പറയേണ്ട ഗതികേടിലേക്ക് സിപിഎം എത്തിയതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ വിഷയം. അയ്യപ്പഭക്തരെ തള്ളിപ്പറയുകയും അവിശ്വാസികളെയും അന്യമതസ്ഥരെയും ഉപയോഗിച്ച് വനിതാ മതില്‍ കെട്ടുകയും ഒക്കെ ചെയ്ത സിപിഎം ആ നിലപാടുകള്‍ ഒക്കെ വലിച്ചെറിഞ്ഞ് ഒട്ടകപ്പക്ഷി മണലില്‍ തലപൂഴ്ത്തുന്നത് പോലെ തലതാഴ്ത്തി ഹൈന്ദവവിശ്വാസികള്‍ക്ക് മുന്നില്‍ വോട്ടിനു വേണ്ടി മാറിയ നിലപാടുമായി എത്തുന്നത് കൗതുകകരമാണ്. ഏതാണ്ട് ഇതേ അവസ്ഥയിലൂടെ ആണ് യുഡിഎഫും പോകുന്നത്. കസേരയുടെ പേരില്‍ കസേര തേടി പോയ ആളിനെ സ്വന്തം നാട്ടിലോ ജയ സാധ്യതയുള്ള മണ്ഡലത്തിലോ പരിഗണിക്കാതെ കമ്മ്യൂണിസ്റ്റ് കോട്ടയില്‍ നേര്‍ച്ചക്കോഴിയാക്കി. അതോടൊപ്പം ജിഹാദി സംഘടനകളുമായി ഉറ്റ ബന്ധം പുലര്‍ത്തി ക്രിപ്‌റ്റോ ക്രിസ്ത്യന്‍ ആയി നടക്കുന്ന ഹിന്ദുവിരുദ്ധനെ സ്ഥാനാര്‍ഥി ആക്കുമെന്ന് പറഞ്ഞെങ്കിലും അതില്‍ നിന്ന് പിന്‍വാങ്ങി.
പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി-വര്‍ഗ്ഗ ആനുകൂല്യം നേടിയെടുക്കാനുള്ള കുറുക്കുവഴി ഇതിനിടെ ചിലര്‍ പരീക്ഷിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ഇതിന് അനുകൂലമായ ഉത്തരവ് നേടിയെടുക്കാന്‍ ആണ് ക്രിസ്ത്യന്‍ ഔട്ട് റീച്ചിന്റെ പേരില്‍ ചില സംഘടിത മതവിഭാഗങ്ങള്‍ ശ്രമം നടത്തിയത്. കാര്യം കാണാന്‍ തങ്ങളുടെ മതത്തിന്റെ പേര് ഉപയോഗിക്കുന്നവര്‍ ബിജെപിയെയും എന്‍ഡിഎയെയും ഉപയോഗിക്കാനാണ് ശ്രമിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം എന്നാണ് ഹൈന്ദവ സംഘടനകള്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചത്. ഏതായാലും തീരുമാനം വരുന്നതിനു മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായില്ല.
ഇനി വോട്ടെടുപ്പ് വരെ തിരഞ്ഞെടുപ്പ് രംഗത്ത് എത്ര വിമതര്‍ ഉണ്ടാകും എന്നതാണ് പൊതുസമൂഹം ഉറ്റു നോക്കുന്നത്. ഒമ്പത് രാഷ്ട്രീയകക്ഷികള്‍ ഉള്ള ഇടതുമുന്നണിയും 11 രാഷ്ട്രീയകക്ഷികള്‍ ഉള്ള വലതുമുന്നണിയും ഒരു ഭാഗത്ത്. ഇതുവരെ അപ്രസക്തമെന്നും ശക്തിയില്ലാത്തവരെന്നും എഴുതിത്തള്ളിയ നിലയില്‍ അല്ല ഇപ്പോള്‍ എന്‍ഡിഎയുടെ അവസ്ഥ. സംസ്ഥാനത്തുടനീളം നിരവധി മണ്ഡലങ്ങളില്‍ അതിശക്തമായ ത്രികോണ മത്സരത്തിനും തീപാറുന്ന പോരാട്ടത്തിനും തന്നെയാണ് അങ്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ഇസ്ലാമിക-ക്രൈസ്തവ വോട്ടുബാങ്കുകള്‍ മാത്രമാണ് നിര്‍ണായകം എന്ന അവസ്ഥ ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ മാറിയിരിക്കുന്നു. ശബരിമലയിലെ യുവതീ പ്രവേശനവും ശബരിമല സ്വര്‍ണ്ണക്കൊള്ളയും ഹൈന്ദവ നിലപാടും പരിഗണിക്കാന്‍ ഇക്കുറി മുന്നണികള്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നത്.






















