2024-ല്‍ ഗാസയില്‍ ഇസ്രായേല്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആത്യന്തിക ലക്ഷ്യം ഇറാനായിരിക്കുമെന്ന് ഏറെക്കുറെ ഏവരും ഉറപ്പിച്ചിരുന്നു. പലസ്തീന്‍, സിറിയ, ലബനന്‍ തുങ്ങിയ രാജ്യങ്ങളിലെ ഹമാസ്, ഹിസ്ബുള്ള, ഹൂതി ഭീകരര്‍ക്ക് പണവും ആയുധവും നല്‍കുന്ന ഇറാന്‍ ഭരണകൂടത്തെ നീക്കം ചെയ്യാതെ തങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ സാധിക്കില്ലയെന്ന കണക്കുകൂട്ടലാണ് പ്രധാനമന്ത്രി നെതന്യാഹുവിനുള്ളത്. ആണവായുധം നിര്‍മ്മിക്കുവാന്‍ ഇറാന്‍ നടത്തുന്ന ശ്രമങ്ങളും ഇസ്രായേലിന് മാത്രമല്ല അറബ് രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും ഒരേപോലെയാണ് ഭീഷണിയുയര്‍ത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് 2025-ല്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തത്. ഇപ്പോള്‍ ഇറാന് മേലുള്ള സൈനിക നടപടിയില്‍ അവയെത്തിനില്‍ക്കുന്നു.
പാകിസ്ഥാന്‍ ഒരു ആണവ ഭീഷണി
ഇവിടെയാണ് ഇറാന്റെ അയല്‍ രാജ്യമായ പാകിസ്ഥാന്‍ രംഗത്ത് വരുന്നത്. അടുത്തിടെ പുറത്തുവന്ന ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്‌സ് 2026 പ്രകാരം ഭീകരവാദം ഏറ്റവും ശക്തമായി ബാധിച്ച രാജ്യം പാകിസ്ഥാനാണ്. 2025-ലെ റിപ്പോര്‍ട്ടില്‍ പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തായിരുന്നു. വിവിധ ഭീകര ശക്തികള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയ പാകിസ്ഥാനെതിരെ അവര്‍ തന്നെ ഇപ്പോള്‍ തിരിഞ്ഞു കൊത്തുകയാണ്. ഭീകരത ബാധിച്ചത് പോലെ തന്നെ ആഗോള ഭീകരതയുടെ പ്രധാന ഉറവിടവും പാകിസ്ഥാനാണ്. അതുകൊണ്ട് തന്നെ ആഗോള തലത്തില്‍ നടക്കുന്ന ഭീകരവിരുദ്ധ പോരാട്ടത്തിന്റ ലക്ഷ്യം കാണണമെങ്കില്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ അവസാനിപ്പിക്കണമെന്ന ചിന്ത ഭാരതമുള്‍പ്പെടെയുള്ള പല രാജ്യങ്ങള്‍ക്കുമുണ്ട്. ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര ശക്തികള്‍ക്ക് സഹായം നല്‍കുന്ന പാകിസ്ഥാന്‍ ഗാസയില്‍ ഹമാസുമായി ചേര്‍ന്നുകൊണ്ട് ഇസ്രായേലിനെതിരെയും പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ഒസാമ ബിന്‍ലാദനെ പോലെയുള്ള അമേരിക്കന്‍ ശത്രുക്കകള്‍ക്ക് താവളമൊരുക്കിയ ചരിത്രവും ഇസ്ലാമാബാദിനുണ്ട്.
ഈ പശ്ചാത്തലത്തിലാണ് അടുത്ത ലക്ഷ്യം പാകിസ്ഥാനിലെ ആണവ ശേഖരമാണോയെന്ന ചോദ്യമുയരുന്നത്. അതിന്റെ സാധ്യതകളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതും.
ഇസ്രായേല്‍ ആഗ്രഹിക്കും പ്രകാരം ഇറാനില്‍ ഭരണമാറ്റമുണ്ടായാല്‍ ഒരു ഇസ്രായേല്‍ – അമേരിക്ക അനുകൂല സര്‍ക്കാര്‍ ഇറാനില്‍ നിലവില്‍ വരുകയും പാകിസ്ഥാന്‍ ശത്രുരാജ്യങ്ങളാല്‍ വളയപ്പെടുകയും ചെയ്യും. ഒരു ഭാഗത്ത് ഭാരതവും മറു ഭാഗത്ത് അഫ്ഗാനിസ്ഥാനും പുതിയ ഇറാന്‍ ഭരണകൂടവും പാകിസ്ഥാന്റെ താല്പര്യങ്ങള്‍ക്ക് വലിയ ഭീഷണിയായി മാറും. ഈ ഭയം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ അസിഫ് തുറന്ന് പറയുകയും ചെയ്തു. പാകിസ്ഥാനെ ഒരു സാമന്ത രാജ്യമാക്കി മാറ്റുകയാണ് ഇസ്രായേലിന്റെ ഇറാനിലെ ആത്യന്തിക ലക്ഷ്യമെന്നാണ് അസിഫ് തുറന്നടിച്ചത്. ഈ നീക്കം പാകിസ്ഥാന്‍ സംശയിക്കുന്നുവെന്നതിന്റെ മറ്റൊരു സൂചനയാണ് ഭാരതത്തിലെ മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശം. അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ നമ്മള്‍ക്ക് ഇന്ത്യയിലെ മുംബൈയെയും ന്യൂദല്‍ഹിയെയും രണ്ടാമതൊന്ന് ആലോചിക്കാതെ ആക്രമിക്കേണ്ടിവരും. നമ്മള്‍ അത് ഉപേക്ഷിക്കില്ല, പിന്നീട് എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നാണ് പാകിസ്ഥാനില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ബാസിത് പ്രഖ്യാപിച്ചത്.
അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിക്ക് മുമ്പാകെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് ഒരു ഞെട്ടിപ്പിക്കുന്ന പ്രസ്താവന നടത്തിയതാണ് ബാസിത് അടക്കമുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തിയത്. 2026-ലെ വാര്‍ഷിക ഭീഷണി വിലയിരുത്തലില്‍ അമേരിക്കയ്‌ക്കെതിരെ ആണവ ഭീക്ഷണിയുയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെയും വാഷിംഗ്ടണ്‍ ഉള്‍പ്പെടുത്തി. റഷ്യ, ചൈന, ഉത്തരകൊറിയ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ഈ ഭയമുള്ളത് കൊണ്ടാണ് ഇറാന്‍ പ്രശ്‌നത്തിന് മധ്യസ്ഥത വഹിക്കുവാന്‍ പാകിസ്ഥാന്‍ മുന്നിട്ടിറങ്ങുന്നത്. കാരണം ഇറാനില്‍ ഒരു ഇസ്രായേല്‍ അനുകൂല ഭരണമാറ്റം പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല.
ട്രംപിനെ ഭയക്കുന്ന പാകിസ്ഥാന്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പാകിസ്ഥാന്‍ വിശ്വസിക്കുന്നില്ല. ട്രംപിന്റെ ഭീകര വിരുദ്ധ നിലപാടും മുന്‍കാല ചരിത്രവുമാണ് പാകിസ്സ്ഥാന്റെ ആശങ്കയ്ക്ക് കാരണം. ആദ്യ ഭരണകാലത്ത് (2017-2021) കടുത്ത നിലപാടുകളും ഏറ്റുമുട്ടലുകള്‍ നിറഞ്ഞതുമായ നയമാണ് പാകിസ്ഥാനെതിരെ ട്രംപ് സ്വീകരിച്ചത്.
അഫ്ഗാനിസ്ഥാനില്‍ യുഎസ് സേനയ്‌ക്കെതിരെ പോരാടുന്ന തീവ്രവാദികള്‍ക്ക് ഇസ്ലാമാബാദ് സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നുവെന്ന് ആദ്യകാലത്ത് ട്രംപ് ആരോപിച്ചിരുന്നു. അമേരിക്കയുടെ മുന്‍കാല ഭരണകൂടങ്ങളില്‍ നിന്നുള്ളൊരു പ്രധാന വ്യതിയാനമായിരുന്നു ആ നിലപാട്. പിന്നീട് ആരോപണങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളിലേക്കും ശിക്ഷാ നടപടികളിലേക്കും ഇത് മാറുകയുണ്ടായി. അതില്‍ പ്രധാനം 2018 ല്‍ അദ്ദേഹമെടുത്ത നിലപാടായിരുന്നു. 15 വര്‍ഷത്തിനിടയില്‍ 33 ബില്യണ്‍ ഡോളര്‍ അമേരിക്ക പാകിസ്ഥാന് നല്‍കിയെങ്കിലും ചതിയും വഞ്ചനയുമാണ് തിരികെ കിട്ടിയതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് സുരക്ഷയ്ക്കായി പാകിസ്ഥാന് നല്‍കാമെന്നേറ്റ 70 മില്യണ്‍ ഡോളര്‍ ട്രംപ് പിന്‍വലിച്ചു. ഈ ചരിത്രമുള്ളത് കൊണ്ട് തന്നെ പാകിസ്ഥാന്‍ അമേരിക്കയ്‌ക്കൊരു ആണവ ഭീഷണിയാണെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ പ്രഖ്യാപനം കൂടി കൂട്ടി വായിക്കുമ്പോള്‍ പാകിസ്ഥാന്റെ ആണവ ശേഷി നശിപ്പിക്കുവാന്‍ ട്രംപ് മുതിരുവാനും സാധ്യതയേറെയാണ്.
ഇതിനായി ഇസ്രായേലിന്റെ സമ്മര്‍ദ്ദവും അമേരിക്കയ്ക്ക് മേല്‍ ഉണ്ടാവുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങളെ ഉള്‍പ്പെടുത്തി നാറ്റോയ്ക്ക് സമാനമായി പാകിസ്ഥാന്‍ രൂപം നല്‍കാന്‍ ശ്രമിക്കുന്ന സൈനിക സഖ്യം പ്രധാന ഭീഷണിയായി മാറുന്നത് ഇസ്രായേലിനാണ്. ഇതിന്റെയൊപ്പം പാകിസ്ഥാന്റെ ആണവശേഖരവും ചേരുമ്പോള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
പാകിസ്ഥാന്‍ ട്രംപിനെയും അമേരിക്കയെയും വിശ്വസിക്കുന്നില്ലയെന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന.
അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കായി സേവിച്ചതിന് ശേഷം ഇസ്ലാമാബാദ് ‘ടോയ്‌ലറ്റ് പേപ്പര്‍ പോലെ ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു’ എന്ന് അദ്ദേഹം നാഷണല്‍ അസംബ്ലിയില്‍ വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ ഇറാന് ശേഷം അമേരിക്ക തങ്ങള്‍ക്കെതിരെ തിരിയാമെന്ന് പാകിസ്ഥാന്‍ കരുതുന്നു.
സാമ്പത്തികമായി ഏറെ തകര്‍ന്നിരിക്കുകയാണ് ഇന്നത്തെ പാകിസ്ഥാന്‍. വിലക്കയറ്റവും ഇന്ധനക്ഷാമവും തൊഴിലില്ലായ്മയുമെല്ലാം രാജ്യം അഭിമുഖീകരിക്കുന്നു. ഐഎംഎഫിന്റെ സഹായത്താലാണ് ഇസ്ലാമാബാദ് നിലനില്‍ക്കുന്നത്. അമേരിക്ക-ഇസ്രായേല്‍ നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കുവാനുള്ള ശേഷി അതുകൊണ്ട് തന്നെ പാകിസ്ഥാനില്ല.
മാത്രമല്ല ചൈന വിഷയത്തില്‍ ഇടപെടാനും സാധ്യത വളരെ കുറവാണ്. വെനിസ്വേലയിലും ഇറാനിലും ചൈന കാഴ്ചക്കാരായിരുന്നു. കൂടാതെ ഭാരതം, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ ശത്രു രാജ്യങ്ങളുടെ സാന്നിധ്യവും പാകിസ്ഥാന്റെ ദൗര്‍ബല്യം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പാകിസ്ഥാന് മേലുള്ള ഒരു നടപടിയുടെ സാധ്യത തള്ളിക്കളയാനാവില്ല.





















