ഇഷ്ടപ്പെട്ട വരികള്‍ക്കു താഴെ
അടിവരയിട്ടുകൊണ്ടിരിക്കെ
കൈയില്‍ കിടന്നാണ് മരിച്ചത്
തെളിച്ചം മങ്ങി മങ്ങി
വാക്കുകള്‍ പൂര്‍ണ്ണമാക്കാതെ
അവസാന തുള്ളി മഷിയും
വെടിയുകയാണ് എന്റെ പേന
ഏറെക്കാലമെന്നോടൊപ്പമിരുന്ന്
കവിതകളില്‍ നിറം പൂശിയും
കഥകള്‍ക്ക് മുഖം വരച്ചും
ഇഷ്ടപ്പെട്ട വരികള്‍ക്കു താഴെ
അടിവരയിട്ടും
അക്ഷരങ്ങളുടെ നെഞ്ചു പിളര്‍ന്ന്
അവയെ ഒന്നുമല്ലാതാക്കുന്ന
കണ്‍കെട്ട് കാട്ടിത്തന്നു.
അകാലത്തില്‍
മരണം
അതിനെ കൊണ്ടുപോയി
ഒരിക്കല്‍
വാക്കുകള്‍ നീന്തിയിരുന്ന ആ നീലപ്പുഴ
ഇന്ന്
ഉണങ്ങിയ നദീതടം മാത്രം
എഴുത്തിന്റെ ശ്വാസം നിലച്ച
നിശബ്ദമായ വേളയില്‍
മെഴുകുതിരിയുടെ തീപോലെ
തീരുംവരെ കത്തിനിന്നു
എന്റെ നീല പേന
പേനയ്ക്കൊക്കെ എന്തു ജീവന്‍ എന്തു മരണം
എന്നൊക്കെ തോന്നിയേക്കാം
പ്രിയപ്പെട്ടവരുടെ വിയോഗം
ജീവിതത്തിന്റെ താളം തെറ്റിക്കുമെന്നിരിക്കെ
ഒരിക്കല്‍ എഴുതപ്പെട്ടവയുടെ
ചൂട് മാത്രം അവശേഷിക്കുന്ന ആ ശരീരം
കൈവെള്ളയില്‍ കിടത്തി,
വിരലുകള്‍ വിറയ്ക്കുന്നു,
ഇനി എഴുതേണ്ടത് ഞാന്‍ മാത്രം എന്ന ബോധത്തില്‍.
എന്നിരുന്നാലും
വിരലുകള്‍ അതിനെ തൊടുമ്പോള്‍
അത് പറയുന്നു
ഞാന്‍ മരിച്ചിട്ടില്ല
നീ എഴുതാത്ത കഥകളുടെ വാതിക്കല്‍
ഞാന്‍ കാവലിരിക്കുകയാണ്.






















