ലോര്‍ഡ് ബൈറണ്‍ (George Gorden Byron) ഇംഗ്ലീഷ് കാല്പനിക കവിതാ പ്രസ്ഥാനത്തിലെ രണ്ടാംനിര ത്രിമൂര്‍ത്തികളില്‍ പ്രമുഖനാണ്. നീണ്ടജീവിതകാലം ലഭിച്ചതുകൊണ്ട് വേര്‍ഡ്‌സ് വര്‍ത്ത്, ബൈറണ്‍, ഷെല്ലി, കീറ്റ്‌സ് ത്രിമൂര്‍ത്തികളേക്കാള്‍ മുന്‍പേ ജനിക്കുകയും അവര്‍ക്കുശേഷം മരിക്കുകയും ചെയ്തു. വേര്‍ഡ്‌സ്‌വര്‍ത്തും കോളിറിഡ്ജ്ജും ചേര്‍ന്നു തുടങ്ങിവച്ചു എന്നു കരുതപ്പെടുന്ന കാല്പനിക കവിതാവസന്തത്തെ കൂടുതല്‍ സുരഭിലമാക്കിയത് ഈ ത്രിമൂര്‍ത്തികളാണ്. ബൈറണ്‍ ക്ലബ്ഫുട് എന്ന ശാരീരിക വൈകല്യം മൂലം മൂടന്തനായിരുന്നു. എന്നാല്‍ കവി എന്ന നിലയില്‍ അദ്ദേഹത്തിനു കിട്ടിയ അമിത പ്രശസ്തി മൂലം ബൈറന്റെ മുടന്തുപോലും അക്കാലത്തെ യൂറോപ്യന്‍ യുവാക്കളുടെ ഇടയില്‍ ഒരു ഫാഷനായിത്തീര്‍ന്നു. പല യുവാക്കളും അദ്ദേഹത്തെ അനുകരിച്ചു മുടന്തന്മാരായി നടക്കാന്‍ ശ്രമിച്ചതായി ജീവചരിത്രകാരന്മാര്‍ എഴുതിക്കണ്ടിട്ടുണ്ട്. Childe Harold’s Pilgrimage എന്ന സമാഹാരം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസം കൊണ്ടു വിറ്റുതീര്‍ന്നത്രേ! അതിനുശേഷം ബൈറണ്‍ പറഞ്ഞു ”I woke up one morning and found myself famous” ജീവിച്ചിരുന്നകാലത്ത് ഏറ്റവും പ്രശസ്തനായ രണ്ടാംനിര കാല്പനിക കവി ലോര്‍ഡ് ബൈറനായിരുന്നു.
ഒരു നിയോഗം പോലെയാണ് കീറ്റ്‌സ്, ഷെല്ലി, ബൈറണ്‍ ത്രിമൂര്‍ത്തികളുടെ ജീവിതം. അത്യന്തം ക്ഷണികമായ ഒരത്ഭുതപ്രവാഹമായിരുന്നു ഈ മൂവര്‍സംഘമെന്നു വേണമെങ്കില്‍ പറയാം. കീറ്റ്‌സ് വെറും 25 വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ. ഷെല്ലി 29 ഉം ബൈറണ്‍ 36ഉം വര്‍ഷം മാത്രം. കാല്പനികതയുടെ പ്രോദ്ഘാടകനായി കണക്കാക്കപ്പെട്ടിരുന്ന വേര്‍ഡ്‌സ് വര്‍ത്ത് ഇവര്‍ മൂവര്‍ക്കുംമുന്‍പേ ജനിക്കുകയും മൂന്നുപേരും ചരമഗതിയടഞ്ഞ ശേഷവും ജീവിച്ചിരിക്കുകയും ചെയ്തു (1770-1850, 80-ാം വയസ്സില്‍ അന്തരിച്ചു).
4374 വരികളും 486 സ്റ്റാന്‍സകളും നാല് ഭാഗങ്ങളുമുള്ള ചൈല്‍ഡ് ഹാരോള്‍ഡ്‌സ് പില്‍ഗ്രിമേജ് (Child Harold’s Pilgrimage) ആണ് ബൈറന്റെ മാസ്റ്റര്‍ പീസ് എന്നു പറയാം. അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടി കയറ്റിയത് ഈ ദീര്‍ഘ കവനമാണ്. ഇന്നായിരുന്നെങ്കില്‍ ഇത്രയും നീണ്ട ഒരു കാവ്യം വായിക്കാന്‍ ആരും മിനക്കെടാനിടയില്ല. എന്നാല്‍ അക്കാലത്ത് മലയാളത്തില്‍ ചങ്ങമ്പുഴയുടെ രമണന്‍ വിറ്റുപോയതുപോലെ വളരെ പെട്ടെന്ന് പ്രചരിച്ച ഒന്നായിരുന്നു ഈ കൃതി. ചൈല്‍ഡ് ഹാരോള്‍ഡ് എന്ന നിരാശനും ഏകാകിയുമായ യുവാവ് യൂറോപ്പിലൂടെ നടത്തുന്ന യാത്രയാണ് ഇതിലെ പ്രമേയം. സ്വാതന്ത്ര്യം, പ്രകൃതി ലാവണ്യം, യൂറോപ്പിലെ മഹാ സംസ്‌കൃതികളുടെ തകര്‍ച്ച ഇതെല്ലാം ചര്‍ച്ച ചെയ്യുന്ന ഈ ഇതിഹാസകാവ്യം വാസ്തവത്തില്‍ കവിയുടെ ആത്മകഥനം തന്നെയാണ്.
There is pleasure in the pathless woods
There is rapture on the lonely shore
There is society where none intrudes
By the deep sea and music in its roar
I love not man the less, but nature more…..
എന്നിങ്ങനെ പോകുന്ന വരികള്‍ ഏതു കവിതാപ്രണയിയേയും രസിപ്പിക്കുന്നതുതന്നെ. ഇന്നും ഈ കവിത നമ്മളില്‍ ആനന്ദം ജനിപ്പിക്കുന്നു.
I live not in myself but I become
I live not in myself, but I become.
Portion of that around me and to me.
High mountains are a feeling, but the hum
of human cities torture എന്നെഴുതുന്ന കവി മറ്റേതു കവിയേയും പോലെ യന്ത്രവല്‍കൃത ലോകത്തെ വെറുക്കുകയും പ്രകൃതിയുടെ സൗന്ദര്യത്തില്‍ സ്വയമറിയാതെ മുഴുകിപ്പോവുകയും ചെയ്യുന്നു.
ബൈറന്റെ 30 കവിതകളുടെ ഒരു സമാഹാരമാണ് ഹീബ്രു മെലഡീസ് (Hebrew Melodies). വളരെ പ്രശസ്തമായ ‘ടവല ംമഹസ െീി ആലമൗ്യേ’ എന്ന ചെറുകവിത ഈ സമാഹാരത്തിലാണുള്ളത്. സമാഹാരത്തിലെ ആദ്യ കവിതയായ ‘Magdalen’ ക്രിസ്തുവിന്റെ കുരിശു മരണത്തെക്കുറിച്ചാണ്. Struggling crowds of Israel’s Swarthy race എന്നെഴുതുന്ന കവി ഇസ്രായേലിലെ ജൂതസമൂഹത്തെ Swarthy എന്ന വാക്കുകൊണ്ടാണ് സൂചിപ്പിക്കുന്നത്. ഈ പദത്തിന് ഇരുണ്ട നിറമുള്ള എന്നാണ് അര്‍ത്ഥം. ഇന്നായിരുന്നുവെങ്കില്‍ വംശീയത പറഞ്ഞു എന്ന് ആക്രോശിച്ചുകൊണ്ട് ഒരു കൂട്ടം ഇളകിയേനെ. എന്നാല്‍ ഈ സമാഹാരത്തിലെ കവിതകള്‍ സംഗീതം നല്‍കി ഐസക് നഥാന്‍ എന്ന ജൂത സംഗീതജ്ഞന്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നീളമുള്ള പാട്ടുകളെഴുതി കവിതയെന്ന പേരില്‍ അവതരിപ്പിച്ച് കവികളായി നടക്കുന്ന പാട്ടുകച്ചേരി കവികള്‍ക്ക് ഈ അറിവ് ആശ്വാസം പകര്‍ന്നേക്കാം. ബൈറനെപ്പോലെ വലിയ ഒരു കവിയുടെ കവിതയും സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന അറിവ്.
കവിത സംഗീതാത്മകമായി അവതരിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അത് ആസ്വദിക്കപ്പെടുന്നത് വായനയിലൂടെ തന്നെയാണ്. പാരായണത്തില്‍ കഴമ്പില്ലാത്ത കവിതകള്‍ സംഗീതം നല്‍കി അവതരിപ്പിച്ച് ആസ്വാദകരെ പറ്റിക്കുന്നതിലര്‍ത്ഥമില്ല. കേരളത്തിലെ ചില പാട്ടുകച്ചേരിക്കാരെ തെറ്റിദ്ധരിച്ച് കവികളായി കണക്കാക്കി കുട്ടികള്‍ യുവജനോത്സവങ്ങളിലും മറ്റും വ്യാപകമായി അവതരിപ്പിക്കുന്നുണ്ട്. കഴമ്പില്ലാത്ത അത്തരം കവികളെ ചാനലുകളും കൊണ്ടാടുന്നുണ്ട്. അതു നിരുത്സാഹപ്പെടുത്തേണ്ട പ്രവണതയാണ്. സമൂഹത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍, പീഡനങ്ങള്‍, പ്രണയം എന്നിവയൊക്കെ പാട്ടുപരുവത്തിലാക്കി കവിതയെന്ന പേരില്‍ പ്രചരിപ്പിക്കുന്ന രീതിയെ പൂര്‍ണ്ണമായും നിരുത്സാഹപ്പെടുത്തേണ്ടത് യഥാര്‍ത്ഥ കവിതയെ സ്‌നേഹിക്കുന്നവരുടെ കടമയാണ്. ആഴത്തിലുള്ള ജീവിത നിരീക്ഷണം, ബിംബ സംവിധാനം, ധ്വനി, പുതിയ സമസ്ത പദസൃഷ്ടി, ഏറ്റവും പുതുമയുള്ള ആവിഷ്‌ക്കാരരീതി ഇവയൊക്കെ സമ്മേളിക്കുമ്പോഴേ ഒരു നല്ല കവിത രൂപപ്പെടൂ. ഏറ്റവും നിസ്സാരമായി താളത്തിലെഴുതുന്ന പാട്ടുകളൊക്കെ കവിതയെന്ന പേരില്‍ കൊണ്ടാടപ്പെടുന്നത് നല്ല സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (മാര്‍ച്ച് 1-7) യു.കെ. കുമാരന്‍ എഴുതുന്ന കഥയാണ് ‘നിമിത്തങ്ങള്‍’. The dead man’s wish എന്ന പേരില്‍ മുന്‍പെവിടെയോ വായിച്ച ഒരു കഥ ഓര്‍മവരുന്നു. എഴുതിയ ആളിന്റെ പേര് ഓര്‍മ വരുന്നില്ല. ഭര്‍ത്താവ് മരിച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ എങ്ങനെ ഒറ്റയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യും എന്നതായിരുന്നു ഭര്‍ത്താവിന്റെ ആത്മാവിന്റെ സങ്കടം. ഒറ്റയ്ക്കു കഴിയാന്‍ പ്രയാസമായതുകൊണ്ട് അവര്‍ ഒരുമിച്ചു താമസിച്ച വീട്ടില്‍ നിന്നും അവര്‍ മറ്റെവിടേയ്‌ക്കെങ്കിലും താമസം മാറുമെന്നും ആത്മാവ് കരുതുന്നു. എന്നാല്‍ അയാളുടെ ആത്മാവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സ്ത്രീ ആ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്നു. ഭര്‍ത്താവിന്റെ ഓര്‍മകളില്‍ നിന്നും കരുത്താര്‍ജ്ജിച്ച് അവര്‍ എല്ലാം നന്നായികൊണ്ടുപോകുന്നു. അയാളുടെ അസാന്നിധ്യം കുടുംബത്തെ കൂടുതല്‍ ഒരുമിപ്പിക്കുന്നു. യു.കെ.കുമാരന്റെ കഥയില്‍ മരണപ്പെട്ട വ്യക്തിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെറിയചെറിയ തടസ്സങ്ങളെയെല്ലാം നിമിത്തങ്ങളായി വ്യാഖ്യാനിക്കുന്നു. ആത്മാവിനു ഭൂമി വിട്ടുപോകാനുള്ള വിസമ്മതം കൊണ്ടാണ് ഇത്തരം തടസ്സങ്ങളുണ്ടാകുന്നതെന്ന് മരണവീട്ടില്‍ ഒത്തുകൂടിയവര്‍ തീരുമാനിക്കുന്നു. വളരെ ചെറിയ ചില സങ്കല്പങ്ങളേയും ധാരണകളേയും പാരായണ ക്ഷമതയുള്ള കഥയാക്കി മാറ്റാമെന്ന് യു.കെ.കുമാരന്‍ ഈ കഥയിലൂടെ തെളിയിക്കുന്നു. തക്ഷന്‍കുന്നു സ്വരൂപം പോലുള്ള നോവലുകളും ധാരാളം ചെറുകഥകളും എഴുതിയിട്ടുള്ള യു.കെ. തന്റെ കഴിവു നേരത്തേതന്നെ തെളിയിച്ച എഴുത്തുകാരനാണ്. ഇക്കഥയിലും രചനയുടെ കൈയൊതുക്കം അനുഭവപ്പെടുന്നുണ്ട്.
സുജ. എം.ആര്‍. മാധ്യമത്തിലെഴുതുന്ന കവിത ‘എക്‌സ്‌ക്ലൂസീവ്’ അതിന്റെ പേരിനോട് ഒട്ടും നീതിപുലര്‍ത്തുന്നില്ല. ”നരി ചത്തു നരനായ് പിറക്കുന്നു നാരി ചത്തുടനോരിയായ് പോകുന്നു….” തുടങ്ങിയ പൂന്താനത്തിന്റെ വരികള്‍ ഉപയോഗിക്കുന്നു എന്ന മേന്മ മാത്രമേ കവിതയ്ക്കുള്ളൂ. പിന്നെ സാധാരണ ആളുകള്‍ പറയുന്ന കുറേ പരിഭവങ്ങളും. സുഷമ ബിന്ദു ഒരു കൂട്ടം ചെറു കവിതകളാണ് മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. ധ്വന്യാത്മകമാണ് സുഷമ ബിന്ദുവിന്റെ കവിതകള്‍. അതുകൊണ്ട് ഗദ്യമെങ്കിലും മടുപ്പുണ്ടാകുന്നില്ല. പക്ഷേ വലിയ പുതുമ തോന്നുന്നില്ല. നാടകം എന്ന ലഘുകവിത ഇങ്ങനെ: ”ആടിത്തിമിര്‍ക്കുകയാണയാള്‍ ഏതു സമയത്തും കര്‍ട്ടനുയര്‍ന്നാല്‍ വെളിപ്പെടാന്‍ പാകത്തിലുള്ള ഒരു രഹസ്യ ജീവിതം.” മനുഷ്യജീവിതത്തെ നാടകത്തോടുപമിച്ച് എത്രായിരം കവിതകള്‍ വന്നു കഴിഞ്ഞു. ”All the world is a stage we are merely players” എന്ന് ഷേക്‌സ്പിയറും ഏതാണ്ടക്കാലത്ത് മേല്‍പ്പുത്തൂര്‍ ”യത്കൃത്വാ വിശ്വരംഗം” എന്നും ഏതോ തമിഴ് ഗാനരചയിതാവ് ‘നാടകമേ ഉലകം അതില്‍ നാളെ നടപത് യാരറിവേന്‍’ എന്നുമൊക്കെ പറഞ്ഞത് സുഷമ ബിന്ദു പറഞ്ഞ അതേ സംഗതി തന്നെ. നിയോഗം, ക്ലോക്ക്, സാക്ഷി, നില്പ് എന്നീ കവിതകളും വലിയ പുതുമയൊന്നുമുണര്‍ത്തുന്നില്ല. സുകുമാരന്‍ ചാലിഗദ്ധയുടെ ‘തൂത്തു’ എന്ന കവിത അതിലെ നാടന്‍ ഇമേജറികള്‍കൊണ്ട് സുഖമുള്ളതായി അനുഭവപ്പെടുന്നു.
”ഒരാളില്‍ ഒരു തോന്നലിന് എത്ര കാലം ഞാന്നു കിടന്നാടുവാനാവും?” എന്നു ചോദിക്കുന്ന റബീഹ ഷബീറിന്റെ കവിത ഗദ്യമെങ്കിലും മനോഹരമാണ്. ഇതിനു (തോന്നല്‍) മുന്‍പും ഈ കവിയുടെ ചില കവിതകള്‍ മെച്ചപ്പെട്ടതായി തോന്നിയിട്ടുണ്ട്. റബീഹ ഷബീറിന് അഭിനന്ദനങ്ങള്‍. പി.രാമന്റെ മാധ്യമം കവിത ‘വേറെ’ അദ്ദേഹത്തിന്റെ മറ്റു കവിതകള്‍ പോലെ പ്രത്യേകിച്ചൊന്നും പകരാതെ കടന്നു പോകുന്നു. കവിത എന്നു തലക്കെട്ടില്ലായിരുന്നുവെങ്കില്‍ ആരും താന്‍ വായിച്ചു പോയത് കവിതയാണെന്ന് തിരിച്ചറിയുമായിരുന്നില്ല. ഞാനും തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന്റേത് കവിതാ പരമ്പരയാണത്രേ! ഇനിയുള്ള ലക്കങ്ങളിലും തുടരുമത്രെ! വായനക്കാരുടെ കഷ്ടകാലം! അല്ലാതെന്തു പറയാന്‍.
തിരുവനന്തപുരം വഴുതക്കാടുള്ള ഒരു ഇടറോഡിലൂടെ നടന്നുപോകുമ്പോള്‍ റോസ് കോട്ടുഭവനം കണ്ടിട്ടുണ്ട്. ഇപ്പോള്‍ കുറേക്കാലമായി അതു വഴിയെങ്ങും പോകാത്തതിനാല്‍ അതവിടെ ഉണ്ടോ എന്ന് നിശ്ചയമില്ല. 150 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വീട്ടിലിരുന്നാണ് സി.വി. ധര്‍മ്മരാജയും മാര്‍ത്താണ്ഡവര്‍മ്മയുമൊക്കെ എഴുതിയെതെന്നു കേട്ടിട്ടുണ്ട്. പില്‍ക്കാലത്ത് നോവലിസ്റ്റിന്റെ മകളുടെ മകന്‍ കൃഷ്ണപിള്ള പേരിനോടൊപ്പം ആ പേരു ചേര്‍ത്തതു വഴി പ്രശസ്തനായി. റോസ്‌കോട്ടുകൃഷ്ണ പിള്ള പ്രശസ്തനായ ശാസ്ത്രലേഖകനായിരുന്നു, ആകാശവാണി ജീവനക്കാരനും. അദ്ദേഹത്തിന്റെ ശാസ്ത്രകൃതികള്‍ ആ മേഖലയില്‍ മലയാളത്തിലുണ്ടായ ശ്രദ്ധേയമായ സംരംഭമായിരുന്നു.
സമകാലിക മലയാളം വാരികയില്‍ (ഫെബ്രു. 23) വീണ റോസ്‌കോട്ട് ‘കൊക്ക്’ എന്നൊരു കഥയെഴുതിയിരിക്കുന്നു. കഥാകാരിക്ക് മേല്‍പ്പറഞ്ഞ ആരോടെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. കൊക്ക് മദ്യപാനിയായ അച്ഛന്റെ ദുര്‍നടപടികളില്‍ വലഞ്ഞ നിവേദ് എന്ന കുട്ടി തന്നെയാണ്. ഏകാകിയായിരിക്കുന്ന കൊക്കിന്റെ ജീവിതവും നിവേദിന്റെ ജീവിതവും തമ്മില്‍ അവരറിയാത്ത എന്തോ ഒരു ബന്ധമുണ്ട്. ആ ബന്ധത്തെ ഇഴപിരിച്ചെടുത്തു കാണിക്കുകയാണ് കഥാകാരി. മദ്യപന്മാര്‍ പൊതുവെ മനോരോഗികളാണ്. അവര്‍ വീട്ടില്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ ഭീകരമാണ്. അത്തരത്തില്‍പെട്ട ചിലരുടെ ജീവിതം അടുത്തു നിന്നു കാണാന്‍ അവസരമുണ്ടായിട്ടുണ്ട്. അതൊക്കെ ഈ കഥാകാരിയും പരിചയിച്ചിട്ടുള്ളതുപോലെ എഴുതുന്നു. പഴയ ഒരു ഇതിവൃത്തത്തെ പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് ഇവിടെ കഥാകൃത്ത്. അതില്‍ പരാജയപ്പെടുന്നില്ല.






















