ആര്.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
നൂറ് വര്‍ഷങ്ങള്‍ക്കുശേഷം, അന്താരാഷ്ട്ര പ്രവര്‍ത്തനത്തെപ്പറ്റി സംഘം എന്താണ് ചിന്തിക്കുന്നത്? വിദേശരാജ്യങ്ങളില്‍ സംഘപ്രവര്‍ത്തനം എങ്ങനെയാണ് നടത്തുന്നത്.
♠വിദേശങ്ങളില്‍ സംഘപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നുണ്ട്. സംഘകാര്യമല്ല; മറിച്ച് അവിടെയുള്ള സംഘടനാ പ്രവര്‍ത്തനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവിടെയുള്ള പ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന പദ്ധതിയനുസരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഹിന്ദു സ്വയംസേവക സംഘം എന്ന പേരില്‍, വിദേശരാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനയാണ് പ്രവര്‍ത്തനം നടത്തുന്നത്. ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനപദ്ധതി തന്നെയാണ് അവരും സ്വീകരിച്ചിരിക്കുന്നത്. ഭാരതത്തിലെ രാഷ്ട്രീയ സ്വയംസേവക സംഘം ഭാരതത്തിനുള്ളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പുറത്തുള്ള സ്വയംസേവകര്‍, ഹിന്ദു സ്വയംസേവക സംഘം എന്ന പേരില്‍, വിദേശ രാജ്യങ്ങളിലെ നിയമമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ശാഖകളും വ്യക്തിനിര്‍മ്മാണവുമൊക്കെ അവരുടെ പ്രവര്‍ത്തനപദ്ധതിയിലും ഉണ്ട്. അവര്‍ വിദേശങ്ങളിലെ അതത് സമാജങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുമായി സമ്പര്‍ക്കം നടത്തുകയും ചെയ്യുന്നു. ലോകം മുഴുവനുമുള്ള ജനങ്ങള്‍ തങ്ങളുടെ സ്വാര്‍ത്ഥത വെടിഞ്ഞ്, സ്വന്തം രാജ്യത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കണം. ഓരോ രാജ്യവും തങ്ങളുടെ വൈശിഷ്ട്യവും അതിരുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വാര്‍ത്ഥതയില്ലാതെ ഉദാരമനസ്‌ക്കരായി പ്രവര്‍ത്തിക്കണം. ഇത് സര്‍ക്കാരിന്റെ ജോലിയല്ല, ജനങ്ങളുമായി സമ്പര്‍ക്കം നടത്തി ഉണ്ടാക്കേണ്ടതാണ്. ജനങ്ങളിലേക്ക് നേരിട്ടെത്തി അവര്‍ക്ക് സേവനവും അവബോധവും നല്‍കുക എന്ന പ്രവര്‍ത്തനമാണ് ഹിന്ദു സ്വയംസേവക സംഘം നടത്തുന്നത്.
ഭരണഘടനാ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മതവിഭാഗങ്ങളുടെ പ്രചാരണത്തിനുവേണ്ടി വിദേശധനം സ്വീകരിക്കുന്നത് ഉചിതമാണോ? ലവ് ജിഹാദ് തുടങ്ങിയ സമസ്യകള്‍ക്കെതിരെ സംഘം എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടോ? ഹിന്ദുക്ഷേത്രങ്ങളെ എങ്ങനെ വീണ്ടെടുക്കും? മതത്തെ ഭക്ഷണവുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്ന് ഭാഗവത്ജി പറഞ്ഞിട്ടുണ്ട്. പക്ഷേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്സവ സമയങ്ങളില്‍ മാംസഭക്ഷണം നിരോധിക്കുന്നു. ആര്‍എസ്എസ് ഈ നിരോധനങ്ങളെ പിന്തുണക്കുന്നുണ്ടോ? രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ആഗ്രഹം ഞങ്ങളുടേതായിരുന്നുവെന്നും ഞങ്ങള്‍ ക്ഷേത്രനിര്‍മ്മാണത്തെ പിന്തുണച്ചുവെന്നും താങ്കള്‍ പറഞ്ഞു. കാശി, മഥുര ക്ഷേത്രങ്ങള്‍ക്കുവേണ്ടി അങ്ങനെ എന്തെങ്കിലും പദ്ധതികളുണ്ടോ? സംഘത്തിന്റെ പ്രമുഖ് എന്ന നിലയില്‍ താങ്കള്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ? ഇതില്‍ എന്തെങ്കിലും മാറ്റം വരുമോ? ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അന്ധവിശ്വാസത്തെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി സംഘം എന്ത് പ്രവര്‍ത്തനമാണ് നടത്താന്‍ പോകുന്നത്? ‘ഓപ്പറേഷന്‍ സിന്ദൂറി’ നെപ്പറ്റി പ്രതിപക്ഷം ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രതിപക്ഷം തുറന്ന മനസ്സോടെ ഭാരതത്തിന്റെ കൂടെ നില്‍ക്കുന്നതായി തോന്നുന്നില്ല. ഇതിനെപ്പറ്റി സംഘത്തിന്റെ അഭിപ്രായമെന്താണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാ മേഖലകളിലും അക്രമം വര്‍ദ്ധിച്ചുവരികയാണ്. യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ എന്നതുപോലെ, സമരങ്ങള്‍ അക്രമാസക്തമാവുന്നു. ഭാവിയില്‍ ഹിംസ വര്‍ദ്ധിക്കുമെന്നാണ് തോന്നുന്നത്. ഇതിനെപ്പറ്റി സംഘത്തിന്റെ അഭിപ്രായമെന്താണ്?
♠സേവന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിദേശധനം വരുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ ഏത് ആവശ്യത്തിനുവേണ്ടിയാണോ ധനം വരുന്നത് ആ ആവശ്യത്തിനുതന്നെ അത് ഉപയോഗിക്കണം. എന്നാല്‍ ഈ പണം മതപരിവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നമുണ്ടാവുന്നത്. അപ്പോള്‍ ഈ പണത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുന്നു. എന്ത് ആവശ്യത്തിനും പ്രവര്‍ത്തനത്തിനും ആയാലും പുറത്തുനിന്നും വരുന്ന ധനത്തെപ്പറ്റി സൂക്ഷ്മപരിശോധന നടത്തേണ്ടതും ആവശ്യമെങ്കില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതും സര്‍ക്കാരിന്റെ ജോലിയാണ്.
എല്ലാ ഹിന്ദുക്ഷേത്രങ്ങളും സര്‍ക്കാരിന്റെ കൈവശമല്ല. അനേകം ക്ഷേത്രങ്ങള്‍ സ്വകാര്യ ഉടമസ്ഥതയിലും ട്രസ്റ്റുകളുടെ കീഴിലും ഉണ്ട്. ഈ ക്ഷേത്രങ്ങളെല്ലാം നല്ല നിലയിലാകണം. ഭക്തര്‍ക്ക് ക്ഷേത്രങ്ങള്‍ നല്‍കിയാല്‍ അവര്‍ അത് നല്ല രീതിയില്‍ തന്നെ പരിപാലിക്കണം. ചില സ്വകാര്യ ക്ഷേത്രങ്ങളും ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും നന്നായി പരിപാലിക്കപ്പടുന്നുണ്ട്. സര്‍ക്കാരിനുകീഴിലുള്ള ചില ക്ഷേത്രങ്ങളും നല്ല രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് അപവാദമായ ക്ഷേത്രങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുണ്ട്. ചിലയിടങ്ങളില്‍ നിര്‍ബാധം കൊള്ള നടക്കുന്നു. ചില സ്വകാര്യ ക്ഷേത്രങ്ങളിലും ട്രസ്റ്റ് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും ഇതുപോലെ കൊള്ള നടക്കുന്നുണ്ട്. അതുകൊണ്ട് ആദ്യം ഇത്തരം കൊള്ളകള്‍ അവസാനിപ്പിക്കണം. ക്ഷേത്രങ്ങള്‍ വിട്ടുനല്‍കുമ്പോള്‍ അത് ഏറ്റെടുക്കുന്ന മതവിഭാഗം, പൂജാ വ്യവസ്ഥകളും ഭഗവാനുവേണ്ടി ലഭിക്കുന്ന ധനത്തിന്റെ വിനിയോഗവും നടത്തുന്നതിനുവേണ്ടി, ആ മതവിഭാഗത്തിലെ ധര്‍മ്മാചാര്യന്മാരുമായി ഒത്തുചേര്‍ന്ന് പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും പ്രാന്തതലത്തിലും അഖിലഭാരതീയ തലത്തിലും കൂടിയാലോചനകള്‍ നടത്തണം. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് നല്‍കാന്‍ കോടതിവിധിയുണ്ടാകുമ്പോള്‍ അത് ഏറ്റെടുക്കാന്‍ ജനങ്ങളും തയ്യാറായി നില്‍ക്കണം. ഈ തയ്യാറെടുപ്പുകളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. സാവധാനം എല്ലാം ശരിയാകുമെന്നു തോന്നുന്നു.
ഭക്ഷണത്തെ മതവുമായി ബന്ധപ്പെടുത്തിയിട്ടില്ല. എന്നാല്‍ വ്രതദിനങ്ങളില്‍ ആളുകള്‍ മാംസ ഭക്ഷണം കഴിക്കുന്നില്ല; ഉത്സവസമയങ്ങളില്‍ സസ്യാഹാരം മാത്രം കഴിക്കുന്നു. ആ സമയത്ത് നമ്മുടെ വീടുകള്‍ക്ക് മുന്നില്‍ ആരെങ്കിലും ഇതിന് വിരുദ്ധമായി ചെയ്താല്‍ വികാരങ്ങള്‍ക്ക് മുറിവേല്‍ക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് രണ്ടോ മുന്നോ ദിവസത്തെ കാര്യമായതുകൊണ്ട് ഇവ വര്‍ജ്ജിക്കുന്നതാണ് നല്ലത്. ആര്, എന്ത് കഴിക്കുന്നു എന്നത് എന്റെ വികാരങ്ങള്‍ വ്രണപ്പെടാനുള്ള കാരണങ്ങളല്ല. എങ്കിലും ചില പ്രത്യേകാവസരങ്ങളില്‍ നമുക്ക് മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാം. ‘ഇന്ന് അവരുടെ ഉത്സവമാണ്’ എന്ന് കരുതി അന്ന് മാംസാഹാരം വില്പന നടത്താതിരിക്കാം. ഇങ്ങനെ വിവേകപൂര്‍വ്വം പെരുമാറാത്തതുകൊണ്ടാണ് നിയമം മൂലം നിരോധിക്കേണ്ടി വരുന്നത്. ഈ നിയമങ്ങളില്‍ ഒന്നും തന്നെ ഒരു ഭക്ഷണത്തിനും നിരോധനം ഏര്‍പ്പെടുത്തുന്നില്ല. മറിച്ച് മറ്റുള്ളവരുടെ വികാരങ്ങള്‍ വ്രണപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയാണ് ചെയ്യുന്നത്. ആ കാഴ്ചപ്പാടില്‍ ഇത് ശരിയാണ്. എന്നാല്‍ രണ്ടുവിഭാഗവും വിവേകപൂര്‍വ്വം പെരുമാറിയാല്‍ ഇതിന്റെയൊന്നും ആവശ്യമില്ല. മാംസം കഴിക്കുന്നവര്‍ ദിവസവും മാംസം കഴിക്കണമെന്നില്ല. സസ്യാഹാരം കഴിക്കുന്നവര്‍ ദിവസവും മാംസാഹാരം കഴിക്കുന്നവരെ കാണുന്നുമില്ല. ഇത് പരിമിതമായ കാലയളവില്‍ മാത്രമുള്ള കാര്യമാണ്. ആ സമയത്ത് സംയമനത്തോടെ പെരുമാറിയാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.
പ്രക്ഷോഭങ്ങളില്‍ സംഘം പങ്കെടുക്കാറില്ല. സംഘം പങ്കെടുത്ത ഒരേയൊരു പ്രക്ഷോഭം രാമജന്മഭൂമിയാണ്. അവസാനം വരെ എത്തിക്കേണ്ടതുകൊണ്ടാണ് ഈ പ്രക്ഷോഭം സംഘം ഏറ്റെടുത്തത്. മറ്റ് പ്രക്ഷോഭങ്ങളിലൊന്നും സംഘം പങ്കെടുക്കില്ല. കാശി, മഥുര, അയോദ്ധ്യ എന്നീ ക്ഷേത്രങ്ങള്‍ക്ക് ഹൈന്ദവരുടെ മനസ്സില്‍ പ്രത്യേക മഹത്വമുണ്ട്. രണ്ടെണ്ണം ജന്മഭൂമിയും ഒന്ന് നിവാസസ്ഥാനവുമാണ്. അതുകൊണ്ടുതന്നെ ഹൈന്ദവസമാജം ഇവ വീണ്ടെടുക്കണമെന്ന് ആഗ്രഹിക്കും. സംഘം നേരിട്ട് പങ്കെടുക്കില്ലെങ്കിലും സ്വയംസേവകര്‍ക്ക് ഈ പ്രക്ഷോഭങ്ങളില്‍ പങ്കാളികളാവാം. കാരണം അവര്‍ ഹിന്ദുക്കളാണ്. ഈ മൂന്ന് സ്ഥലവും ഒഴിച്ച് മറ്റെല്ലായിടത്തും അമ്പലമോ, ശിവലിംഗമോ തിരയേണ്ടതില്ല. ഹിന്ദു സംഘടനയുടെ പ്രമുഖ് എന്ന നിലയില്‍ ഇത്രയെങ്കിലും വേണമെന്ന് ഞാന്‍ പറയും. വെറും മൂന്ന് സ്ഥലങ്ങളുടെ കാര്യമല്ലേ അത് ഹിന്ദുക്കള്‍ക്ക് നല്‍കാമല്ലോ എന്ന് ചിന്തിക്കാം. ഇത് സാഹോദര്യത്തിലേക്കുള്ള വളരെ വലിയ കാല്‍വെയ്പ്പായിരിക്കും.
സംഘത്തില്‍ അന്ധവിശ്വാസമില്ല. ശാസ്ത്രീയമായ കാഴ്ചപ്പാടാണ് സംഘം സ്വയംസേവകര്‍ക്ക് നല്‍കുന്നത്. എന്തെങ്കിലും പ്രവര്‍ത്തനപദ്ധതികള്‍ സംഘത്തിന്റെ ശാഖയുടെ ഭാഗമല്ല. ഈ പരിപാടിയില്‍ പുഷ്പാഞ്ജലി നടത്തിയത് താങ്കള്‍ കണ്ടിട്ടുണ്ടാവും. അങ്ങനെ മന്ത്രങ്ങളൊന്നുമില്ലാതെ തന്നെ ഭാരത്മാതാ പൂജ കഴിഞ്ഞു. സംഘം പൂജിക്കുന്നത് ഭാരതമാതാവിനെയാണ്. സംഘപ്രാര്‍ത്ഥനയില്‍ ആദ്യം വരുന്നതും ഭാരതമാതാവാണ്. അതിനുശേഷം പ്രഭുവിനെ പൂജിക്കുന്നു. രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍ എന്നൊന്നും പറയാതെ പ്രഭു എന്നാണ് പറയുന്നത്. സര്‍വ്വശ്രേഷ്ഠനായ പ്രഭുവിനെ എല്ലായിടത്തും അംഗീകരിക്കുന്നു. മനുഷ്യത്വം എന്ന വികാരത്തെ സംഘം ആദരിക്കുന്നു. ലോകത്തിലും ഭാരതത്തിലും, കലഹം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ നമ്മള്‍ അമിതമായി പ്രതികരിക്കുന്നതുകൊണ്ട് കാര്യമില്ല. പ്രശ്‌നത്തെ വിശകലനം ചെയ്ത് എങ്ങിനെ നേരിടണമെന്ന് ചിന്തിക്കണം. എന്നാല്‍ മനസ്സിലെ ഭയം കാരണം വിദ്വേഷം, വെറുപ്പ്, ശത്രുത ഇവയൊന്നും ഉണ്ടാകാന്‍ പാടില്ല. സംഘത്തിനുമേല്‍ നിരവധി തടസ്സങ്ങള്‍ വന്നു. അപ്പോഴൊക്കെ സര്‍സംഘചാലകും ഗുരുജിയും പറഞ്ഞത്, ആദ്യം തടസ്സങ്ങളെ നമ്മള്‍ തന്നെ സ്വയം നീക്കണമെന്നാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം മറക്കാനും പൊറുക്കാനുമാണ് ബാളാസാഹബ് ദേവറസ്ജി പറഞ്ഞത്. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ എല്ലാം ശരിയാകും.
(തുടരും)





















