ഭാരതത്തിന്റെ ദേശീയ കലണ്ടറാണ് ശകവര്‍ഷം. 1957ലാണ് ശകവര്‍ഷത്തെ ഔദ്യോഗിക നാഷണല്‍ സിവില്‍ കലണ്ടറായി അംഗീകരിച്ചത്. സൂര്യവംശരാജാവായ ശ്രീരാമന്റെ വംശപരമ്പരയില്‍പ്പെട്ട കനിഷ്‌കമഹാരാജാവിന്റെ സിംഹാസന സ്ഥാനാരോഹണം എ.ഡി.78ലായിരുന്നു. ഈ സംഭവത്തിന്റെ ഓര്‍മ്മയ്ക്കായാണ് ശകവര്‍ഷം ആരംഭിക്കുന്നത്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാര്‍ത്തികം, മാര്‍ഗ്ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് ദേശീയകലണ്ടറിലെ മാസങ്ങള്‍.
ശകവര്‍ഷകലണ്ടറിലെ ആദ്യമാസമാണ് ചൈത്രം. മലയാളത്തിലെ മേടം പോലെ വേനല്‍ നിറഞ്ഞു കവിയുന്ന മാസം. ചൈത്രമാസം വന്നു നിറയുന്ന ഗാനങ്ങളിലൂടെ കടന്നുപോകുന്നത് ഒരു സുന്ദരമായ സായന്തനപ്പൊന്‍വെയിലിലൂടെയുള്ള സുഖദമായ നടത്തം പൊലെ ഗൃഹാതുരമായിരിക്കും.
ചൈത്രമാസത്തെ ഏറ്റവും കൂടുതല്‍ ഗാനങ്ങളില്‍ കോറിയിട്ടത് മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പാണെന്നു പറയാം. ”ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരക്കുന്നു” എന്നു കാമുകിയോടോതുന്നു പ്രേമാതുരനായ കാമുകന്‍. (ചിത്രം-ചില്ല് ആലാപനം-യേശുദാസ്). ചൈത്രത്തില്‍ വിരിയുന്ന വാകയുടേയോ മാതളത്തിന്റേയോ പൂക്കളില്‍ നിന്നാണോ അതോ പാടിപ്പറന്നു പോകുന്ന തത്തയുടെ പാടലവര്‍ണ്ണത്തിലുള്ള കൊക്കില്‍ നിന്നാണോ കാമുകിയുടെ കവിളില്‍ കുങ്കുമവര്‍ണ്ണം പകര്‍ന്നത് എന്നു ചോദിക്കുന്നു കാമുകന്‍. കാമുകിയുടെ ശരീരത്തിന്റെ സ്വര്‍ണ്ണനിറം ഏതു പ്രഭാതമാണ് പകര്‍ന്നതെന്നും എവിടെ നിന്നാണ് കാമുകിയുടെ നെറ്റിയില്‍ ചന്ദനനിറം വാര്‍ന്നതെന്നും കവി സന്ദേഹിക്കുന്നു. ഇതെല്ലാം ചൈത്രത്തിലെ മേഘസാന്നിധ്യമില്ലാത്ത മനോഹരമായ പുലരിയില്‍ നിന്നാണെന്ന് മനസ്സിലാക്കാം. മറ്റൊരു തരത്തില്‍ ഈ ഗാനത്തെ വ്യാഖ്യാനിക്കാം. അതായത് ചൈത്രമാസമായ പെണ്‍കുട്ടിയെ വര്‍ണ്ണിക്കുകയാണ് കവി എന്ന തരത്തില്‍. ചക്രവാകം എന്ന ഹൃദയഹാരിയായ രാഗംകൊണ്ട് വരികളെ താലോലിക്കുന്നു എം.ബി. ശ്രീനിവാസന്‍.
”ദൂരെ യാത്രാമൊഴിയുമായിപോകുന്ന ചൈത്രദിന വധു”വിനേയും ”മൂകമായ ചൈത്രവിപഞ്ചിക”യെക്കുറിച്ചും ”നൂറു ചൈത്ര സന്ധ്യാരാഗം പൂ തൂകാവു നിന്നാത്മാവില്‍” എന്നും ചൈത്രത്തെ മനോഹരമായി പകര്‍ത്തുന്നു ഒ.എന്‍.വിയിലെ കവി ലാവണ്യം.(സംഗീതം-സലില്‍ ചൗധരി ആലാപനം-യേശുദാസ്)
‘ചിത്രാ പൂര്‍ണ്ണിമ വന്നു പൂ തൂകുന്നിതാ, കുട മുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെ പോരുന്നു?’എന്ന് ചോദിക്കുന്നു വീണ്ടും അദ്ദേഹം (ഗാനം-മോഹിക്കും നീള്‍മിഴിയോടെ ചിത്രം- മാന്ത്രികം ആലാപനം-യേശുദാസ്). സംഗീതജ്ഞന്‍ എസ്.പി.വെങ്കിടേഷ് മോഹനരാഗത്തില്‍ മാന്ത്രികമായി ഈണം ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ചൈത്രമാസത്തിലെ പൗര്‍ണ്ണമി ദിനമാണ് ചിത്രാ പൂര്‍ണ്ണിമ എന്നു വിളിക്കപ്പെടുന്നത്. വേനല്‍ക്കാലത്തെ മേഘശകലങ്ങളില്ലാത്ത ആകാശമായതിനാല്‍ അന്നത്തെ ദിവസം നല്ല നിലാവായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചിത്രാപൗര്‍ണമി നിലാവിന്റെ തൂവെള്ളപ്പൂക്കള്‍ തൂകുന്നു. നക്ഷത്രങ്ങളെ ഭംഗിയായി കാണാന്‍ സാധിക്കുന്നതിനാല്‍ അവയെ കുടമുല്ലപ്പൂവായും ലില്ലിപ്പൂവായും കവി സങ്കല്‍പിച്ചിരിക്കുന്നു. ഇരു പുഷ്പങ്ങള്‍ക്കും തൂവെള്ള നിറമാണ്.
”ചൈത്രമാസ നീലവാനം പൂത്തുലഞ്ഞു നില്‍ക്കവേ, പോവുകയോ നീയകലേ എന്റെ ഏകതാരകേ….”എന്നു വിരഹത്തോടെ യാത്രാമൊഴിയേകുന്നു അദ്ദേഹം. (ഗാനം- ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു ചിത്രം-ഗുല്‍മോഹര്‍ സംഗീതം-ജോണ്‍സണ്‍ ആലാപനം-വിജയ് യേശുദാസ്, ശ്വേതാമോഹന്‍). ചൈത്രമാസത്തിലെ രാത്രിയാകാശം മേഘക്കീറുകളില്ലാതെ വളരെ തെളിമയുള്ളതാണല്ലോ.
പി.ഭാസ്‌കരനാണ് ചൈത്രത്തെ ഗാനങ്ങളിലുള്‍പ്പെടുത്തിയ മറ്റൊരു കവി. ”എന്റെ സ്വപ്‌നത്തിന്‍ താമരപ്പൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ, നീലത്താമര മിഴികള്‍ തുറന്നു നിന്നെ നോക്കി നിന്നൂ ചൈത്രം നിന്റെ നീരാട്ടു കണ്ടു നിന്നു” എന്നെഴുതുന്നു അദ്ദേഹം. കല്യാണി രാഗത്തിന്റെ ആര്‍ദ്രതയില്‍ സംഗീതം പകര്‍ന്നിരിക്കുന്നത് ദേവരാജന്‍. (ചിത്രം-അച്ചാണി ആലാപനം-യേശുദാസ്) ചൈത്രത്തിലെ ആകാശം നല്ല നീല നിറമായിരിക്കും. ആകാശം കമഴ്ത്തിവച്ചിരിക്കുന്ന നീലത്താമരയാണെന്നത് പണ്ടേയുള്ള കവി ഭാവനയാണല്ലോ. നീലത്താമരമിഴികള്‍ തുറന്നു വച്ച് കാമുകിയെ കാണുകയാണ് ചൈത്രം എന്ന് കാമുകന്‍.
‘ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ പൊട്ടിച്ചിരിച്ചപ്പോള്‍ നിന്നെയാദ്യം ഞാന്‍ കണ്ടൊരാ രംഗം നീ മറന്നുവോ സഖീ’ എന്ന് വീണ്ടും അദ്ദേഹം. (സംഗീതം-പുകഴേന്തി ആലാപനം-യേശുദാസ് ചിത്രം-സ്‌നേഹദീപമേ മിഴി തുറക്കൂ) മാഘമാസവും ചൈത്രവും ഉള്‍പ്പെടുന്ന വേനല്‍ക്കാലരാവുകളിലാണ് മുല്ല പൂവിടുന്നത് എന്നതിനാല്‍ ഈ വരികള്‍ക്ക് അര്‍ത്ഥമിഴിവുണ്ടായിരിക്കുന്നു.
വയലാര്‍ രാമവര്‍മ്മയാണ് ചൈത്രത്തെ ഭംഗിയായി ചിത്രീകരിച്ച മറ്റൊരു കവി. ”ഇന്ദ്രനീല യവനിക ഞൊറിഞ്ഞു, ചന്ദ്രലേഖ മണിയറ തുറന്നു, രജനീ, ചൈത്രരജനീ നിന്റെ രഹസ്യകാമുകന്‍ വരുമോ?” എന്നു ചോദിക്കുന്നു വയലാര്‍. (ചിത്രം-കൂട്ടുകുടുംബം സംഗീതം-ദേവരാജന്‍ ആലാപനം-യേശുദാസ്). ചൈത്രരജനി ചൈത്രമാസത്തിലെ രാത്രിയാണ്. ചന്ദ്രന്‍ മണിയറ തുറന്നു കൊടുത്തപ്പോള്‍, വരുന്ന രാത്രിയുടെ രഹസ്യകാമുകന്‍, നക്ഷത്രമാകാം, അല്ലെങ്കില്‍ ഈ മാസത്തില്‍ നേരത്തേ ഉദിച്ചുയരുന്ന സൂര്യനാകാം. ഗാനസന്ദര്‍ഭത്തെയും അതിലെ കഥാപാത്രങ്ങളേയും കാവ്യാത്മകമാക്കി ഉപമകള്‍ കൊണ്ട് അലങ്കരിക്കുന്നു കവി.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ചൈത്രമാസത്തിന്റെ മറ്റൊരു ആസ്വാദകന്‍. മൂന്നു ഗാനങ്ങളിലാണ് അദ്ദേഹം ചൈത്രത്തെ ഹൃദ്യമായി വരച്ചിടുന്നത്. ‘ചൈത്രനിലാവിന്റെ പൊന്‍പീലിയാല്‍ മഴവില്ലിന്‍ നിറമേഴും ചാലിച്ച് ആത്മാനുരാഗ തിരശ്ശീല നീര്‍ത്തി കാമുകിയുടെ രൂപമെന്നും വരക്കുന്നുവെന്ന് അര്‍ത്ഥശങ്കകള്‍ക്കിടയില്ലാതെ അദ്ദേഹം. (ചിത്രം-ഒരാള്‍ മാത്രം സംഗീതം-ജോണ്‍സണ്‍ ആലാപനം-യേശുദാസ്). മേഘക്കീറുകളില്ലാത്ത ചൈത്രമാസത്തില്‍ നല്ല നിലാവായിരിക്കുമല്ലോ. ചൈത്രനിലാവിന്റെ പൊന്‍പീലിയും മഴവില്ലും എല്ലാം സൗന്ദര്യം നിറഞ്ഞവയാണ്. അവ കൊണ്ടു വരക്കുന്ന കാമുകിയുടെ ചിത്രം ഏറ്റവും മനോഹാരിത നിറഞ്ഞതായിരിക്കും. ഈ ഗാനം കേള്‍ക്കുമ്പോള്‍ വയലാര്‍ രാമവര്‍മ്മ എഴുതിയ ”മധുചന്ദ്രികയുടെ ചായത്തളികയില്‍ മഴവില്‍ പൂമ്പൊടി ചാലിച്ചു, മനസ്വിനീ, നിന്‍ മായാ രൂപം മനസ്സില്‍ ഞാന്‍ വരച്ചൂ” (ചിത്രം-അനാച്ഛാദനം സംഗീതം-ദേവരാജന്‍ ആലാപനം-ജയചന്ദ്രന്‍) എന്ന ഗാനം ഓര്‍മ്മയില്‍ തെളിയുന്നതില്‍ അദ്ഭുതപ്പെടാനില്ല.
ഒ.എന്‍.വി ചൈത്രം ചാലിച്ച് എഴുതിയത് സായന്തനത്തിന്റെ ചിത്രമാണെങ്കില്‍ കൈതപ്രം പുലരിയെക്കുറിച്ചാണ് എഴുതുന്നത്. (”ചൈത്രം ചായം ചാലിച്ചെഴുതിയതാണെന്നോ ഉഷസ്സാം പെണ്‍കിടാവേ നിന്റെ ചിത്രം”). പ്രഭാതം ഇവിടെ പെണ്‍കുട്ടിയാകുന്നു. (ചിത്രം-ആഗതന്‍ രചന-കൈതപ്രം സംഗീതം-ഔസേപ്പച്ചന്‍ ആലാപനം-ശ്വേതാ മോഹന്‍)
കൈതപ്രം ചൈത്രത്തെ വരഞ്ഞിടുന്ന മൂന്നാമത്തെ ഗാനം ”വരില്ലേ, നീ വരില്ലേ, ചൈത്രവീണാ വാഹിനീ, വസന്തം പൂത്തൊരുങ്ങിയല്ലോ” (ഗാനം-പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ ചിത്രം-ഹരികൃഷ്ണന്‍സ് സംഗീതം-ഔസേപ്പച്ചന്‍ ആലാപനം-യേശുദാസ്, ചിത്ര). വാഹിനി പുഴയാണ്. പൊന്നാമ്പല്‍ പുഴയരികില്‍ അന്നാദ്യം കണ്ടതിനെക്കുറിച്ചാണ് കവി എഴുതുന്നത്. പുഴയുടെ കളകളാരവത്തെ ചൈത്രവീണയുണ്ടാക്കുന്ന സ്വരമായി ഉപമിക്കാവുന്ന രീതിയില്‍ പുഴയെ ചൈത്രവീണയെ വഹിക്കുന്നവള്‍ എന്നു കൂടി വ്യാഖ്യാനിക്കാവുന്ന രീതിയില്‍ മാറ്റിയെടുത്തിരിക്കുന്നു കവി. ”ചൈത്രവീണാ വാദിനീ” എന്ന രീതിയിലാണ് വരിയെങ്കില്‍ ചൈത്രവീണ വായിക്കുന്നവള്‍ എന്ന രീതിയില്‍ കാമുകിയെ വ്യാഖ്യാനിക്കാവുന്നതാണ്.
ചൈത്രം വിരുന്നു വരുന്ന ഈ ഗാനങ്ങള്‍ അനുപമസുന്ദരമായ മെലഡികളാണെന്നതില്‍ സംശയമില്ല. ഗാനസ്‌നേഹികള്‍ ഈ ഗാനങ്ങളൊക്കെത്തന്നെ വീണ്ടും വീണ്ടും കേ ള്‍ക്കാന്‍ ആഗ്രഹിക്കുന്നതും അതുകൊണ്ടു തന്നെ.





















