ഭാരതത്തിന്റെ ഭരണഘടനയെക്കുറിച്ച് ഇന്നും ആവര്‍ത്തിച്ച് ഉയരുന്ന ഒരു ആരോപണം അത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കടമെടുത്ത ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണെന്നും, ഭാരതീയ സമൂഹത്തിന്റെ ആത്മാവിനോട് അതിന് നേരിട്ടൊരു ബന്ധവുമില്ലെന്നുമുള്ളതാണ്. ഭരണഘടനയെ വെറും നിയമഗ്രന്ഥമായി മാത്രം വായിക്കുന്നവര്‍ക്ക് അത് പാശ്ചാത്യ പകര്‍പ്പായി തോന്നാം. എന്നാല്‍ ഭരണഘടനയെ അതിന്റെ സമ്പൂര്‍ണ്ണ രൂപത്തിലും, ഭാഷയിലും, ദൃശ്യങ്ങളിലുമെല്ലാം ചേര്‍ത്ത് വായിച്ചാല്‍, അത് ഭാരതത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള സാംസ്‌കാരിക തുടര്‍ച്ചയുടെ തുറന്നുവെച്ച ഗ്രന്ഥമാണെന്ന് വ്യക്തമാകും.
ഭരണഘടന ഒരു ദിവസം പിറന്ന ആശയമല്ല. അത് 1947-ലോ 1950-ലോ തുടങ്ങിയ കഥയുമല്ല. സിന്ധു നദീതടത്തില്‍ നിന്ന് തുടങ്ങി, വൈദിക ധ്യാനങ്ങളില്‍ വളര്‍ന്ന്, ബുദ്ധന്റെ കരുണയിലും അശോകന്റെ ധര്‍മ്മവിജയത്തിലും പരിപുഷ്ടമായി, ഗുപ്തകാലത്തിന്റെ സൗന്ദര്യബോധത്തിലും ഭക്തി-സൂഫി പ്രസ്ഥാനങ്ങളുടെ മനുഷ്യസമത്വത്തിലും തെളിഞ്ഞ് ഒടുവില്‍ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയബോധത്തിലൂടെ കടന്ന് വികസിത രാഷ്ട്രമായി പരിണമിക്കുന്ന ഒരു സാംസ്‌ക്കാരിക യാത്രയുടെ ജീവന്‍ തുടിക്കുന്ന രേഖയാണത്. അതിനെ ”കടമെടുത്തത്” എന്ന് പറയുന്നത് ആ യാത്ര മുഴുവന്‍ നിഷേധിക്കുന്നതിനു തുല്യമാണ്.
ഡോ. ബി.ആര്‍. അംബേദ്കറെ പലപ്പോഴും പാശ്ചാത്യ ചിന്തകളുടെ പ്രതിനിധിയായി ചുരുക്കുന്ന പ്രവണതയുണ്ട്. എന്നാല്‍ അംബേദ്കര്‍ ഒരു അനുകരണവാദിയല്ലായിരുന്നു. അദ്ദേഹം താരതമ്യപഠനത്തിന്റെ ഉജ്വല വക്താവായിരുന്നു. അംബേദ്കര്‍ ലോകത്തിലെ ഭരണഘടനകള്‍ പഠിച്ചത് അവയെ പകര്‍ത്താനല്ല, ഭാരതത്തിന് അനുയോജ്യമായത് തിരഞ്ഞെടുത്ത് രൂപാന്തരപ്പെടുത്താനായിരുന്നു. അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞത്, ഭാരതീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചൊരു ഭരണഘടന ഇവിടെ നിലനില്‍ക്കില്ല എന്നതായിരുന്നു. അതുകൊണ്ടാണ് വ്യക്തിസ്വാതന്ത്ര്യത്തിനൊപ്പം സാമൂഹികനീതിയും, സമത്വത്തിനൊപ്പം സംരക്ഷണവും ഭരണഘടനയില്‍ ഇടം പിടിച്ചത്. ഇത് ബ്രിട്ടനില്‍ നിന്നോ അമേരിക്കയില്‍ നിന്നോ കടമെടുത്ത ആശയമല്ല; മനുസ്മൃതിയിലെ അസമത്വത്തെ നിഷേധിച്ചും ബുദ്ധന്റെ മനുഷ്യസമത്വത്തെ ഉള്‍ക്കൊണ്ടും രൂപപ്പെട്ട ഭാരതീയ സ്വത്വമാണ് നമ്മുടെ ഭരണഘടന.
ഡോ. രാജേന്ദ്ര പ്രസാദ്, ഭരണഘടനാ സഭയുടെ അധ്യക്ഷനെന്ന നിലയില്‍, ഭരണഘടന വെറും ഭരണോപകരണമല്ല, ദേശീയതയുടെ ആത്മപ്രഖ്യാപനമാണെന്നു പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്ന ഒരു ആശയം ഇതാണ്. ഭരണഘടന രാഷ്ട്ര ചരിത്രത്തിന് വിരുദ്ധമാകരുത്; അത് അതിന്റെ തുടര്‍ച്ചയായിരിക്കണം. ഇതേ നിലപാടാണ് മൗലാനാ അബുല്‍കലാം ആസാദിനും, കെ. എം. മുന്‍ഷിക്കും, അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍ക്കും ഉണ്ടായിരുന്നത്. ഇവരാരും തന്നെ ഭാരതത്തെ ഒരു ശൂന്യഭൂമിയായി കണ്ടില്ല; മറിച്ച് ഒരു ജീവിച്ചിരിക്കുന്ന സാംസ്‌കാരിക ശരീരമായി തന്നെയാണ് കണ്ടത്. ഈ സാംസ്‌കാരിക ബോധത്തിന്റെ ഏറ്റവും തെളിഞ്ഞ ദൃശ്യാവതരണം ഭരണഘടനയിലെ ചിത്രങ്ങളാണ്. ലോകത്തിലെ എത്ര ഭരണഘടനകള്‍ അവരുടെ ഉള്ളടക്കത്തില്‍ കലയും ദൃശ്യചരിത്രവും ഉള്‍ക്കൊള്ളുന്നുണ്ട്? ഭാരതത്തിന്റെ ഭരണഘടനയില്‍ 22 ഭാഗങ്ങളുടെ തുടക്കത്തില്‍ നല്‍കിയ 22 പൂര്‍ണ്ണപേജ് ചിത്രങ്ങള്‍ നിയമവാചകങ്ങള്‍ക്ക് മുന്‍പേ ഭാരതത്തിന്റെ ആത്മാവിനെ വായനക്കാരിലേ ക്ക് സന്നിവേശിപ്പിക്കുന്നു.
ഭരണഘടനയിലെ ഈ ചിത്രങ്ങള്‍ വെറും അലങ്കാരങ്ങളല്ല; അവ ഭാരതത്തിന്റെ സാംസ്‌കാരികവും നാഗരികതാപരവുമായ (Civilisational) തുടര്‍ച്ചയും ദൃശ്യഭാഷയില്‍ രേഖപ്പെടുത്തിയ ചരിത്രസാക്ഷ്യങ്ങളുമാണ്. ഭരണഘടനയുടെ ഓരോ ഭാഗത്തിന്റെയും തുടക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ചിത്രങ്ങള്‍, ഭാരതം ഒരു രാഷ്ട്രീയ ദേശമായി (Political Nation) (സാംസ്‌കാരികമോ വംശീയമോ ആയ ഏകത്വത്തിലല്ല, ഭരണഘടന, പൗരത്വം, നിയമങ്ങള്‍, രാഷ്ട്രീയ സ്ഥാപനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന രാഷ്ട്രമാണ് രാഷ്ട്രീയ ദേശം) മാത്രമല്ല ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ഒരു സംസ്‌കാരത്തിന്റെ തുടര്‍ച്ചയായിട്ടാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യപ്രസ്താവനകളാണ്.
ആദ്യ ചിത്രങ്ങളില്‍ സിന്ധു നദീതട സംസ്‌കാരത്തിന്റെ അടയാളങ്ങളാണ് കാണുന്നത്. ക്രമബദ്ധമായ നഗരനിര്‍മ്മാണം, കൃഷി, വ്യാപാരം, സാമൂഹികസംഘടന എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ ദൃശ്യങ്ങള്‍, നാടിന്റെ സാമൂഹിക ബോധം കോളണിവല്‍ക്കരണ കാലഘട്ടത്തില്‍ പിറന്നതല്ലെന്ന് വ്യക്തമാക്കുന്നു. ഇത് ഭാരതത്തില്‍ നിയമബോധവും സാമൂഹിക ക്രമചിന്തയും അതിപുരാതനമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
തുടര്‍ന്ന് വരുന്ന ചിത്രങ്ങള്‍ വൈദിക കാലത്തെയും ഉപനിഷദ് ചിന്തയെയും സൂചിപ്പിക്കുന്നു. യജ്ഞങ്ങള്‍, ആശ്രമജീവിതം, ധ്യാനം എന്നിവയിലൂടെ മനുഷ്യനും പ്രകൃതിയും ധര്‍മ്മവും തമ്മിലുള്ള ബന്ധമാണ് ഇവ അവതരിപ്പിക്കുന്നത്. ഭരണഘടനയിലെ അവകാശകര്‍ത്തവ്യ ധാരണകള്‍ ഈ രാഷ്ട്രത്തില്‍ പുറമേ നിന്നു വന്നതല്ല, ധര്‍മ്മചിന്തയില്‍ നിന്നാണ് വളര്‍ന്നതെന്ന ആശയമാണ് ഇതിലൂടെ ഉന്നയിക്കുന്നത്.
ബുദ്ധന്റെയും ജൈന ധാരകളുടെയും പ്രതീകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍, കരുണയും അഹിംസയും സാമൂഹികസമത്വവും ദേശീയ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദുവായിരുന്നുവെന്ന് ഓര്‍മിപ്പിക്കുന്നു. അശോകന്റെ ധര്‍മ്മവിജയം, മതസഹിഷ്ണുത, ന്യായബോധം എന്നിവ ഭരണഘടനയിലെ മനുഷ്യാവകാശ ആശയങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നു.
മൗര്യഗുപ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍, ഭരണസംവിധാനങ്ങളുടെ വികസനവും കലാസാംസ്‌കാരിക സമൃദ്ധിയും സൂചിപ്പിക്കുന്നു. ശില്പകലയും സാഹിത്യവും ശാസ്ത്രവും ഒത്തുചേര്‍ന്ന ഈ കാലഘട്ടം, ശക്തമായ ഭരണവും സാംസ്‌കാരിക സ്വാതന്ത്ര്യവും ഒരുമിച്ച് നിലനില്‍ക്കുന്ന ഉജ്ജ്വല രാഷ്ട്ര മാതൃകയാണ് അവതരിപ്പിക്കുന്നത്.
ദക്ഷിണവടക്കന്‍ ക്ഷേത്രസംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍, നമ്മുടെ ഭൗഗോള വൈവിധ്യത്തിനകത്തെ സാംസ്‌കാരിക ഏകത്വം കാണിക്കുന്നു. ഭാഷയിലും ആചാരങ്ങളിലും വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും, മൂല്യങ്ങളില്‍ ഉണ്ടായിരുന്ന ഏകത്വമാണ് ഫെഡറല്‍ ആശയത്തിന് ചരിത്രപരമായ അടിത്തറ പാകിയത്.
ഭക്തിസൂഫി പ്രസ്ഥാനങ്ങളെ സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍, ജാതിമത ഭേദങ്ങള്‍ക്കപ്പുറം മനുഷ്യസമത്വം ഉയര്‍ത്തിപ്പിടിച്ച ഭാരതീയ സാമൂഹിക പുനരുജ്ജീവനത്തെ പ്രതിനിധീകരിക്കുന്നു. ഇത് ഭരണഘടനയിലെ സമത്വവും സഹോദരത്വവും ശൂന്യവാക്കുകളല്ലെന്ന് വ്യക്തമാക്കുന്നു.
അവസാന ചിത്രങ്ങള്‍ സ്വാതന്ത്ര്യസമരത്തെ പ്രതിനിധീകരിക്കുന്നു. ഗാന്ധിജിയുടെ അഹിംസ, ജനകീയ പ്രക്ഷോഭങ്ങള്‍, ദേശീയ ഐക്യം ഇവയെല്ലാം കോളനിവല്‍ക്കരിക്കപ്പെട്ട ദേശീയ ജനതയുടെ മോചനത്തിനായുള്ള പോരാട്ടങ്ങളെ വരച്ചു വെക്കുന്നു. ഇതിലൂടെ ഭരണഘടന വിദേശാധിപത്യത്തിന്റെ അവസാനവും സാംസ്‌കാരിക സ്വയംബോധത്തിന്റെ പുനരാവിഷ്‌ക്കാരവുമാണെന്ന് വ്യക്തമാക്കുന്നു. ഈ ചിത്രങ്ങള്‍ സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ആരംഭിച്ച് സ്വാതന്ത്ര്യസമരം വരെ നീളുന്ന ഒരു തുടര്‍ച്ചയാണ്. ഇത് യാദൃച്ഛികമല്ല; ഇത് ഭരണഘടനാ സഭയുടെ വ്യക്തമായ തീരുമാനമായിരുന്നു, ഭരണഘടന അനാദിയായ രാഷ്ട്രത്തിന്റെ ചരിത്രബന്ധം വിച്ഛേദിക്കുന്നതാകരുത് എന്നതാണ്.
ഈ മഹത്തായ ദൃശ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് നന്ദലാല്‍ ബോസാണ്. ശാന്തിനികേതനിലെ കലാഭവന്റെ തലവനായിരുന്ന അദ്ദേഹം, രവീന്ദ്രനാഥ ടാഗൂറിന്റെ ശിഷ്യനെന്ന നിലയില്‍, ഭാരതീയ കലയുടെ ആത്മാവിനെ ആഴത്തില്‍ തിരിച്ചറിഞ്ഞ ഒരാളായിരുന്നു. യൂറോപ്യന്‍ റിയലിസത്തിലേക്കോ അക്കാദമിക് നാച്ചുറലിസത്തിലേക്കോ വഴുതാതെ, അജന്ത-എല്ലോറ പാരമ്പര്യത്തിലും ഭാരതീയ കലാശൈലികളിലുമാണ് അദ്ദേഹം ഭരണഘടനക്ക് ദൃശ്യഭാഷ ചമച്ചിരിക്കുന്നത്. ഈ പ്രവര്‍ത്തനം അദ്ദേഹം സാമ്പത്തിക നേട്ടത്തിനുള്ള തൊഴിലായി കണ്ടില്ല; ദേശസേവനമായി മാത്രമാണ് കണ്ടത്. അതിനാലാണ് അദ്ദേഹം പ്രതിഫലം നിരസിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ബിയോഹര്‍ രാമമോഹന്‍ സിന്‍ഹയും ബിനോദ് ബിഹാരി മുഖര്‍ജിയും അടക്കമുള്ളവര്‍ ചെറിയ ഓണറേറിയം മാത്രമാണ് സ്വീകരിച്ചത്. പണം അല്ല, ഉത്തരവാദിത്തമായിരുന്നു ഈ പ്രവര്‍ത്തനത്തിന്റെ പ്രചോദനം.
ഭരണഘടനയുടെ കൈയെഴുത്തും ഒരു സാംസ്‌കാരിക പ്രഖ്യാപനമാണ്. പ്രേം ബിഹാരി നാരായണ്‍ റൈസാദയുടെ കലിഗ്രാഫി ഭരണഘടനയെ ഒരു ജീവനുള്ള ഗ്രന്ഥമാക്കി മാറ്റുന്നു. അദ്ദേഹം പ്രതിഫലം ചോദിച്ചില്ല; പകരം ആവശ്യപ്പെട്ടത് തന്റെ ഗുരുവായ മുത്തശ്ശിയുടെ പേര് ആദ്യ പേജില്‍ രേഖപ്പെടുത്തണമെന്നും, അവസാന പേജില്‍ തന്റെ ഒപ്പ് ഇടണമെന്നും മാത്രമാണ്. ഈ അഭ്യര്‍ത്ഥന അംഗീകരിക്കപ്പെട്ടത് തന്നെ, ഭരണഘടനയെ നിര്‍മ്മിച്ചവര്‍ മനുഷ്യബന്ധങ്ങള്‍ക്കും ഗുരു-ശിഷ്യ പാരമ്പര്യത്തിനും നല്‍കിയ വിലയെ സൂചിപ്പിക്കുന്നു. ഇതിനിടയിലാണ് ”നന്ദലാല്‍ ബോസ് ഭരണഘടനയുടെ ആമുഖത്തില്‍ (ജൃലമായഹല) ‘രാം’ എന്ന് ഒപ്പിട്ടു” എന്ന തെറ്റിദ്ധാരണ ഉദ്ഭവിക്കുന്നത്. ഭരണഘടനയുടെ അസല്‍ പകര്‍പ്പില്‍ അത്തരമൊരു ഒപ്പില്ല. നന്ദലാല്‍ ബോസ് ആമുഖത്തില്‍ എഴുതിയതുമല്ല. എന്നിട്ടും, ശാന്തിനികേതന്‍ ശൈലിയിലെ ചില കലാചിഹ്നങ്ങളെ തെറ്റായി വായിച്ച്, അതിനെ വികാരപരമായ പ്രചാരണത്തിനായി ഉപയോഗിച്ചതാണ് ഈ വാദത്തിന് പിന്നില്‍. ഈ തെറ്റിദ്ധാരണ നിലനില്‍ക്കുന്നതിന്റെ കാരണം തന്നെ, ഭരണഘടനയും ഭാരതീയ സംസ്‌കാരവും തമ്മിലുള്ള ബന്ധം ജനമനസ്സില്‍ എത്ര ശക്തമാണെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ ആ ബന്ധം തെളിയിക്കാന്‍ വ്യാജ അവകാശവാദങ്ങള്‍ ആവശ്യമില്ല. ഭരണഘടന തന്നെ അതിന്റെ തെളിവാണ്.
ഭരണഘടനയിലെ മതനിരപേക്ഷത പോലും പൗരാണിക പാരമ്പര്യത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. അത് മതവിരോധമല്ല; സര്‍വധര്‍മസമഭാവമാണ്. അശോകന്റെ ശിലാശാസനങ്ങളില്‍ കാണുന്ന ധര്‍മ്മബോധം, ഉപനിഷത്തുകളിലെ ”ഏകം സത് വിപ്രാ ബഹുധാ വദന്തി” എന്ന ചിന്ത, ഭക്തി-സൂഫി പ്രസ്ഥാനങ്ങളുടെ മനുഷ്യസമത്വ സന്ദേശം ഇവയെല്ലാം ചേര്‍ന്നതാണ് ‘ഭാരതീയ മതേതരത്വം’. ഇത് ഫ്രഞ്ച്‌ലെയ്‌സിറ്റെയുടെ (French Laïcit) പകര്‍പ്പല്ല; അത് ദേശീയ ചരിത്രാനുഭവത്തിന്റെ നേര്‍സാക്ഷ്യമാണ്. ഫ്രഞ്ച് ലെയ്‌സിറ്റെ മതത്തെയും രാഷ്ട്രത്തെയും പൂര്‍ണ്ണമായി വേര്‍തിരിക്കുന്ന, മതത്തെ പൊതുജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്ന കര്‍ശന മതനിരപേക്ഷതയാണ്. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ‘സഭാ’ അധികാരത്തിനെതിരായ പ്രതികരണമായാണ് ഇത് രൂപപ്പെട്ടത്. എന്നാല്‍ നമ്മുടെ സാഹചര്യത്തില്‍ മതം സാമൂഹിക-സാംസ്‌കാരിക യാഥാര്‍ത്ഥ്യമായതിനാല്‍, ഭരണഘടന മതവിരോധം സ്വീകരിച്ചില്ല. എല്ലാ മതങ്ങള്‍ക്കും സമബഹുമാനം നല്‍കുന്ന സര്‍വധര്‍മസമഭാവം ആണ് ഭാരതീയ കാഴ്ചപ്പാട്. അതുകൊണ്ട് നമ്മുടെ ഭരണഘടന ഫ്രഞ്ച് മാതൃകയുടെ പകര്‍പ്പല്ല; അത് ചരിത്രാനുഭവങ്ങളില്‍ നിന്ന് വളര്‍ന്ന ഭാരതീയ സ്വത്വത്തിന്റെ നിയമാവിഷ്‌കാരമാണ്.
അംബേദ്കറും രാജേന്ദ്ര പ്രസാദും തമ്മിലുള്ള ആശയവ്യത്യാസങ്ങള്‍ പലപ്പോഴും എടുത്തുകാട്ടപ്പെടുന്നു. എന്നാല്‍ ഒരു കാര്യത്തില്‍ ഇരുവരും തമ്മില്‍ ഏകാഭിപ്രായമുണ്ടായിരുന്നു ഭരണഘടന ഭാരതത്തിന്റെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കരുത്. അംബേദ്കര്‍ സാമൂഹികനീതിയുടെ നിയമഭാഷ സൃഷ്ടിച്ചപ്പോള്‍, രാജേന്ദ്ര പ്രസാദ് അതിന്റെ സാംസ്‌കാരിക സമതുലിതാവസ്ഥ ഉറപ്പാക്കി. ഭരണഘടനാ സഭയിലെ ഭൂരിപക്ഷം അംഗങ്ങളും ഈ സമന്വയത്തിനായി നിലകൊണ്ടവരായിരുന്നു. അതിനാല്‍, ഭരണഘടനയിലെ ആശയങ്ങള്‍ ”കടമെടുത്തതാണോ” എന്ന ചോദ്യം അപ്രധാനമാണ്. ചോദിക്കേണ്ടത് ഇതാണ്, അത് എന്തിനെ ഉള്‍ക്കൊണ്ടു, എന്തിനെ നിഷേധിച്ചു, എന്തിനെ പുതുക്കി രൂപപ്പെടുത്തി? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ പഠിച്ചെങ്കിലും, നാം അവയെ സ്വന്തം സാംസ്‌കാരിക മണ്ണില്‍ നട്ടുവളര്‍ത്തി. അതാണ് ഭരണഘടനയുടെ സവിശേഷത. അത് പകര്‍പ്പല്ല; പരിവര്‍ത്തനമാണ്.
ഇന്ന് ഭരണഘടനയെ രാ ഷ്ട്രീയ ആയുധമാക്കി ചുരുക്കാന്‍ ശ്രമിക്കുന്ന കാലത്ത്, അതിന്റെ ദൃശ്യങ്ങളെയും ഭാഷയെയും ചരിത്രത്തെയും ഒരുമിച്ച് വായിക്കേണ്ടത് അനിവാര്യമാണ്. ഭരണഘടന ഒരു നിയമസംഹിത മാത്രമല്ല; അത് ഭാരതത്തിന്റെ ആത്മകഥയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ചിന്തകളുടെയും സംഘര്‍ഷങ്ങളുടെയും സമന്വയങ്ങളുടെയും ഫലമാണ് അത്. അതിനെ നിഷേധിക്കുന്നത്, ഭാരതത്തെ തന്നെ നിഷേധിക്കുന്നതിനു തുല്യമാണ്. ഭരണഘടന പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കടമെടുത്തതല്ല. അത് ഭാരതീയ സാംസ്‌കാരിക തുടര്‍ച്ചയുടെ തുറന്നുവെച്ച പുസ്തകമാണ്. അംബേദ്കറും രാജേന്ദ്ര പ്രസാദും ഉള്‍പ്പെടെയുള്ള ഭരണഘടനാ നിര്‍മ്മാണ സഭയിലെ ഭൂരിപക്ഷം അംഗങ്ങളും ഈ തുടര്‍ച്ച സംരക്ഷിക്കാന്‍ ബോധപൂര്‍വം നിലകൊണ്ടവരാണ്. നിയമഭാഷയില്‍ എഴുതപ്പെട്ടെങ്കിലും, അതിന്റെ ഉള്ളില്‍ ഒഴുകുന്നത് ഒരേ സാംസ്‌കാരികത്തനിമയാണ്. അതാണ് ഭാരത ഭരണഘടനയുടെ യഥാര്‍ത്ഥ മഹത്വം.





















