വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു രാജ്യത്തിന്റെ ഭാവിയെ വാര്‍ത്തെടുക്കുന്ന അഭ്യാസകേന്ദ്രങ്ങളാണ്. സ്വതന്ത്രചിന്ത, ഗവേഷണം, സംവാദം, ദേശീയ ഉത്തരവാദിത്തബോധം എന്നിവ വളര്‍ത്തുന്ന അക്കാദമിക് വേദികളാണവ. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ അധികാരത്തിന്റെ ഉപകരണങ്ങളായി മാറുമ്പോള്‍ അവയുടെ അടിസ്ഥാന ലക്ഷ്യവും ആത്മാവും നഷ്ടപ്പെടാന്‍ തുടങ്ങുന്നു. കേരളത്തിലെ സര്‍വകലാശാലകള്‍ കഴിഞ്ഞ കുറച്ച് ദശകങ്ങളായി രാഷ്ട്രീയ ഇടപെടലുകളുടെ ദു:സ്വാധീനത്തില്‍ പ്പെട്ട് ഉഴലുകയാണ്. ഭരണനിര്‍വഹണത്തിലുള്ള ഇടപെടലുകള്‍, വൈസ് ചാന്‍സലര്‍ നിയമന വിവാദങ്ങള്‍, പിന്‍വാതില്‍ നിയമനങ്ങള്‍ തുടങ്ങിയ നിരവധി സംഭവങ്ങളിലൂടെ ദൈനംദിനം ഉന്നതവിദ്യാഭ്യാസ മേഖല തകരുകയാണ്.
ക്യാമ്പസുകളെ സ്വതന്ത്ര ബൗദ്ധിക വേദികളാക്കി നിലനിര്‍ത്തുന്നതിനുപകരം അവയെ ഇടതുപക്ഷ ‘ഇക്കോസിസ്റ്റം’ നിര്‍മ്മിക്കാന്‍ ഉപകരണമാക്കുന്ന പ്രവണത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെയും സര്‍വകലാശാലകളുടെ സ്വാതന്ത്ര്യത്തെയും ദോഷകരമായി ബാധിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ ഈ രാഷ്ട്രീയ ഇടപെടലുകള്‍ യോഗ്യതയുടെയും മികവിന്റെയും അടിസ്ഥാനത്തില്‍ വളരേണ്ട അക്കാദമിക സംസ്‌കാരത്തെ ദുര്‍ബലപ്പെടുത്തുകയും സര്‍വകലാശാലകളെ ഭരണ പ്രതിസന്ധിയിലേക്കും വിശ്വാസത്തകര്‍ച്ചയിലേക്കും നയിക്കുകയും ചെയ്യുന്നു.
സര്‍വകലാശാലകളില്‍ ഇടതുപക്ഷ ‘ഇക്കോസിസ്റ്റം’ സൃഷ്ടിക്കാനുള്ള തന്ത്രങ്ങള്‍ മൂന്ന് തലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യം ഭരണകൂട തലത്തില്‍ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍, ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണ്ണറുടെ അധികാരം ഇല്ലാതാക്കല്‍, സര്‍വകലാശാല നിയമങ്ങളിലെ ഭേദഗതി എന്നിവയാണ് നടക്കുന്നതെങ്കില്‍, അടുത്തഘട്ടം ഭരണ-അക്കാദമിക് തലത്തില്‍ സിന്‍ഡിക്കേറ്റ് അല്ലെങ്കില്‍ സെനറ്റ് ആധിപത്യം ദുരുപയോഗം ചെയ്യല്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ കൃത്രിമം കാണിക്കല്‍, പിന്‍വാതിലിലൂടെ ഉദ്യോഗസ്ഥരെയും അധ്യാപകരെയും നിയമിക്കല്‍ എന്നിവയാണ്. ക്യാമ്പസ് തലത്തില്‍ എത്തുമ്പോള്‍ തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയെ ഉപയോഗിച്ച് ക്യാമ്പസുകളെ ഏകാധിപത്യ നിയന്ത്രണത്തിലാക്കുകയും ഭീഷണിയും അക്രമവും കാണിച്ച് എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.
യുജിസി ചട്ടപ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍ച്ച് കമ്മിറ്റി മൂന്ന് മുതല്‍ അഞ്ച് പേരടങ്ങുന്ന ഒരു പാനല്‍ ശുപാര്‍ശ ചെയ്യണം, ചാന്‍സലര്‍ ആ പാനലില്‍ നിന്ന് ഒരാളെ നിയമിക്കണം ഇതാണ് നിയമം. കേരളത്തില്‍ ഇടതുപക്ഷം ഈ നിയമം തുടര്‍ച്ചയായി ലംഘിക്കുകയും, ഒടുവില്‍ സുപ്രീംകോടതി വരെ ഇടപെടേണ്ട നിരവധി അവസ്ഥകള്‍ സംജാതമാകുകയും ചെയ്തു. 2021-ല്‍ സിപിഎം അനുഭാവിയായ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കവെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിസിക്ക് പുനര്‍നിയമന ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍വകലാശാല ഇറക്കിയ വാക്കന്‍സി നോട്ടിഫിക്കേഷന്‍ പിന്‍വലിച്ച് പുനര്‍നിയമനത്തിന് ഉത്തരവിറക്കുകയും ചെയ്തു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുകയും, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച്, ആ പുനര്‍നിയമനം ‘അനാവശ്യ സര്‍ക്കാര്‍ ഇടപെടല്‍’ ആണ് എന്ന് കണ്ടെത്തി. 2023 നവംബറില്‍ നിയമനം റദ്ദ് ചെയ്യുകയുമുണ്ടായി. കേരളത്തില്‍ വൈസ് ചാന്‍സലര്‍ നിയമനം രാഷ്ട്രീയ ഉടമ്പടിയാണെന്ന് സുപ്രീംകോടതിയില്‍ വരെ തെളിഞ്ഞ ഒരു സംഭവമാണ്. സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഗവര്‍ണര്‍ -സര്‍ക്കാര്‍ തര്‍ക്കത്തിന്റെ നേരിട്ടുള്ള ഇര ആരാണ്? കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍. 2024-25 കാലത്ത്, 14 സംസ്ഥാന സര്‍വകലാശാലകളില്‍ 13-ലും സ്ഥിരം വൈസ് ചാന്‍സലര്‍ ഇല്ലാതെ, ഇന്‍ചാര്‍ജ് ക്രമീകരണത്തില്‍ മുന്നോട്ടു പോകേണ്ടി വന്ന ദുരന്ത സ്ഥിതിയാണ് ഉണ്ടായത്.
ആദിശങ്കരന്റെ ജന്മഭൂമിയില്‍ സ്ഥാപിക്കപ്പെട്ട പവിത്രമായ സ്ഥാപനമാണ് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല. എന്നാല്‍ ഇന്ന് ഈ സര്‍വകലാശാല സിപിഎമ്മിന്റെ പാര്‍ട്ടി അജണ്ടക്ക് വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു ദയനീയ ചിത്രമാണ് കാണാന്‍ സാധിക്കുന്നത്. 2022-ല്‍ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സെര്‍ച്ച് കമ്മിറ്റി ഒരേയൊരു പേര് മാത്രം നിര്‍ദേശിക്കുകയും എം.വി. നാരായണനെ വൈസ് ചാന്‍സലറായി നിയമിക്കുകയും ചെയ്തത്. ഇത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈയോടെ പിടിക്കുകയും 2024 ല്‍ നാരായണനെ നീക്കുകയും ചെയ്തു. ഹൈക്കോടതിയും ആ തീരുമാനം ശരിവെച്ചു. പിന്നീടാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ സംസ്‌കൃത വിഭാഗം മേധാവിയായ ഡോ. കെ.കെ. ഗീതാകുമാരിയെ താത്ക്കാലിക വൈസ് ചാന്‍സലറായി നിയമിച്ചത്. എന്നാല്‍ ഗീതാകുമാരിയും സര്‍വകലാശാലയില്‍ കമ്മ്യൂണിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്നതിനുള്ള ചട്ടുകമായി മാറി. 2005-ല്‍ ബിഎഫ്എ പരീക്ഷ തോറ്റ എസ്എഫ്‌ഐ നേതാവിന് 2023-ല്‍ എംഎഫ്എ കോഴ്‌സിന് അഡ്മിഷന്‍ നല്‍കി. ഡിഗ്രി തോറ്റ ഒരു വ്യക്തിക്ക് പിജിക്ക് അഡ്മിഷന്‍ നല്‍കുന്നതിലൂടെ അക്കാദമിക് സത്യസന്ധതയുടെ അടിസ്ഥാനപരമായ ലംഘനമാണ് നടന്നത്. ഇതിനെതിരെ ശക്തമായ സമരവുമായി എബിവിപി രംഗത്തിറങ്ങിയപ്പോള്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ആക്രമിക്കാനാണ് ഗീതകുമാരി എന്ന വൈസ് ചാന്‍സലര്‍ എസ്എഫ്‌ഐക്കാരോട് ആഹ്വാനം ചെയ്തത്. തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച സിന്‍ഡിക്കേറ്റ് തീരുമാനം പിന്നീട് ഗവര്‍ണര്‍ റദ്ദ് ചെയ്‌തെങ്കിലും ഉണ്ട ചോറിന് നന്ദിയെന്നോണം വൈസ് ചാന്‍സലര്‍ അത് നടപ്പിലാക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഗവര്‍ണ്ണര്‍ തന്നെ അവരെ എടുത്ത് പുറത്ത് കളയുകയും ചെയ്തു. ഇതേ ഗീതകുമാരി തന്നെയാണ്, ഈ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്‍പ് അസിസ്റ്റന്റ് പ്രൊഫസമാരുടെ റിക്രൂട്ട്‌മെന്റ് തിരക്കിട്ട് നടത്താന്‍ ശ്രമിച്ചതും ഉത്തരവ് ഗവര്‍ണ്ണര്‍ക്ക് മരവിപ്പിക്കേണ്ടി വന്നതും. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്ന ഉദ്യോഗാര്‍ത്ഥികളെ നിയമിച്ച് ഇടത് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ അത് തടഞ്ഞു.
കേരളത്തില്‍ സിപിഎം ഭരണത്തെ ഏറ്റവും വ്യാപകമായി ദുരുപയോഗം ചെയ്തത് സര്‍വകലാശാല നിയമനങ്ങളിലാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഗവേഷണ ഔട്ട്പുട്ടിനോ, അക്കാദമിക് എക്‌സലന്‍സിനോ അല്ല പ്രാധാന്യം നല്‍കിയത്, പാര്‍ട്ടിക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കുമാണ്. 2022-ല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആക്കിയത് മുതല്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക് കിട്ടിയ ക്യാന്‍ഡിഡേറ്റിന് ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് കിട്ടുന്ന വിചിത്ര മെറിറ്റ് മാനദണ്ഡമാണ് കേരളാ മോഡല്‍.
2025-ല്‍ സംസ്ഥാന സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി ഭേദഗതി ബില്ലിലൂടെ അപകടകരമായ മാറ്റങ്ങളാണ് കൊണ്ടുവരാന്‍ ശ്രമിച്ചത്. പ്രോ -വൈസ് ചാന്‍സലര്‍ പോസ്റ്റിന് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യതയില്‍ ഇളവ് നല്‍കല്‍. യുജിസി ഡ്രാഫ്റ്റ് റെഗുലേഷന്‍ 2025-ല്‍ പ്രോ വൈസ് ചാന്‍സലര്‍ പൊസിഷനെകുറിച്ച് ഒരു പ്രൊവിഷന്‍ ഇല്ല എന്ന് വരുത്തി ആ പൊസിഷനില്‍ യോഗ്യത കുറഞ്ഞതും, എന്നാല്‍ പാര്‍ട്ടിയുമായി ബന്ധമുള്ളതുമായ ഫാക്കല്‍റ്റിയെ നിയമിക്കാനുള്ള ശ്രമം. ഇതായിരുന്നു ഈ ഭേദഗതിയുടെ ഉദ്ദേശ്യം.
കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് യുജിസി, ഐസിഎസ്എസ്ആര്‍, ഡിഎസ്ടി എന്നിവയില്‍ നിന്ന് ലഭിക്കുന്ന റിസര്‍ച്ച് ഫണ്ടും സെമിനാര്‍ ഗ്രാന്റുകളും ഇടത് അധ്യാപകര്‍ മാത്രം കൈക്കലാക്കുന്ന അഴിമതിയും ഒരു ഭാഗത്ത് നടക്കുകയാണ്. ഇടത് അധ്യാപക സംഘടന ലോബിയും സിപിഎം സിന്‍ഡിക്കേറ്റ് ഏകാധിപത്യവും ഉപയോഗിച്ച് ഒരു സമാന്തര ഗവര്‍ണന്‍സ് ഘടന ഉണ്ടാക്കുന്നു.സെമിനാറുകളില്‍’ദേശവിരുദ്ധത’, പ്രത്യയശാസ്ത്ര ചായ്‌വുള്ള ഉള്ളടക്കം എന്നിവ ചേര്‍ക്കപ്പെടുന്നു. ഇടതുപക്ഷം അല്ലാത്ത അധ്യാപകര്‍ അക്കാദമിക് അവസരങ്ങളില്‍ നിന്ന് വ്യവസ്ഥാപിതമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശക്തി അവരുടെ സ്വാതന്ത്ര്യത്തിലും സുതാര്യതയിലുമാണ്. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകള്‍, പിന്‍വാതില്‍ നിയമനങ്ങള്‍, പാര്‍ട്ടി സ്വാധീനമുള്ള ഭരണസമിതി എന്നിവ സര്‍വകലാശാലകളുടെ അക്കാദമിക് അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് തുടരുകയാണെങ്കില്‍ സര്‍വകലാശാലകള്‍ അറിവിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രങ്ങളായിത്തീരാതെ രാഷ്ട്രീയ പരീക്ഷണശാലകളായി മാറും. അതുകൊണ്ട് സര്‍വകലാശാലകളുടെ ഭരണത്തിലും നിയമനങ്ങളിലും യോഗ്യതയും സുതാര്യതയുമുള്ള സംവിധാനം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ സ്വാധീനങ്ങളില്‍ നിന്ന് മോചിതമായി പ്രവര്‍ത്തിക്കുമ്പോഴേ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും മികവും വിശ്വാസ്യതയും വീണ്ടെടുക്കാന്‍ കഴിയൂ.
(എബിവിപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)





















