ഹൈന്ദവ സമാജത്തെ സംബന്ധിച്ച് സാംസ്‌കാരിക നവോത്ഥാനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകമായ ആറ്റുകാല്‍ പൊങ്കാല, ഇത്തവണ പതിവിലും ഭംഗിയായി പരിസമാപിച്ചിരിക്കുന്നു. പവിഴമല്ലിത്തൈയുടെ ചുവട്ടില്‍ കിള്ളിയാറിന്റെ തീരത്ത് ദേവി ബാലികാ രൂപത്തില്‍ മുല്ലവീട്ടിലെ കാരണവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. കാവേരിപ്പൂമ്പട്ടണത്തിലെ കണ്ണകി തന്റെ ഭര്‍ത്താവിനെ കള്ളനെന്നു ചാപ്പയടിച്ച് അന്യായമായി വിചാരണ ചെയ്തു വിധിച്ചു കൊന്ന മധുരയിലെ പാണ്ഡ്യരാജാവിനോട് പ്രതികാരം ചെയ്യാന്‍ തന്റെ മുലപറിച്ചെറിഞ്ഞ് ശപിക്കുകയും തന്റെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ മധുരാനഗരം ചുട്ടു വെണ്ണീറാക്കിയെന്നുമാണ് പഴംതമിഴ് പാട്ടായ ചിലപ്പതികാരം പാടിയത്.
ഇന്നത്തെ അതിരുകള്‍ രൂപപ്പെടുന്നതിനു മുന്നേ കേരളവും തമിഴ്‌നാടും ഒറ്റ രാജ്യമായിരുന്നു. ചേര രാജാവായ ചേരന്‍ ചെങ്കുട്ടവന്റെ അനുജനും കേരളീയനുമായ ഇളങ്കോവടികള്‍ ഇരിങ്ങാലക്കുടയിലെ തൃക്കണാമതിലകത്തിരുന്നാണ് ചിലപ്പതികാരം രചിച്ചത്. മധുരാനഗരി ചുട്ടെരിച്ച ശേഷം കണ്ണകി അന്ന് ചേര തലസ്ഥാനമായ കൊടുങ്ങല്ലൂര്‍ക്കുള്ള യാത്രയില്‍ ദേവിയായി ആറ്റുകാലില്‍ കുടിയിരുന്നു. നൂറ്റാണ്ടുകളായി അമ്മയ്ക്ക് മുന്നില്‍ സ്ത്രീജനങ്ങള്‍ പഞ്ചശുദ്ധിയാചരിച്ചു വ്രതം നോറ്റ് പൊങ്കാലയിടുന്നു. പഞ്ചഭൂതാത്മകമായ അഞ്ചു വിഭവങ്ങളില്‍ പുത്തന്‍ കലത്തില്‍ പൊങ്കാല തിളച്ചു തൂവുമ്പോള്‍ അവരുടെ വ്രതസമര്‍പ്പണത്തിന് പൂര്‍ണതയാവുന്നു. ആഴിയില്‍ നെയ്‌തേങ്ങായെരിയുന്നതുപോലെ ഇവിടെയും ദേഹിയും ദേഹവും തമ്മിലുള്ള പരസ്പര പൂരകതയാണ് സര്‍വസാധാരണക്കാരന്റെ ജീവിതത്തിലെ സ്വാഭാവികമായ ആചാരണത്തിലൂടെ നമ്മുടെ പൂര്‍വികര്‍ അനുഭവവേദ്യമാക്കി തന്നത്. ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് കേവലം ഒരു പ്രാദേശിക അനുഷ്ഠാനമല്ല. തൃശൂര്‍ പൂരവും മണ്ഡല കാലവും രാമായണ മാസവും ശിവഗിരി തീര്‍ത്ഥാടനവും ശിവാലയ ഓട്ടവും നാലമ്പല ദര്‍ശനവും ഏറ്റവുമൊടുവില്‍ മാഘമക മഹാമേളയും എങ്ങനെ കേരളീയ ഹൈന്ദവ സമൂഹത്തിന്റെ ഒരു ഏകീകൃത തീര്‍ത്ഥാടന പ്രോജക്റ്റായി മാറിയോ, അതേ നിലയിലേക്ക് ആറ്റുകാല്‍ പൊങ്കാലയും വളര്‍ന്നിരിക്കുന്നു. ‘സ്ത്രീകളുടെ ശബരിമല’എന്ന വിശേഷണം ഭക്തിക്കപ്പുറം ഹൈന്ദവമായ ഒരു സ്വാഭിമാന പ്രഖ്യാപനമായി മാറിയിരിക്കുകയാണ്. ജാതി, വര്‍ണ്ണ ഭേദമെന്യേ ലക്ഷക്കണക്കിന് സ്ത്രീകള്‍ ഒരേ സമയം നിരത്തിലിറങ്ങി പൊങ്കാല അര്‍പ്പിക്കുമ്പോള്‍ അത് സമുദായത്തിന്റെ കാര്യശേഷിയുടെയും ഐക്യത്തിന്റെയും പ്രകടനമായി മാറുന്നു.
ഒരുഭാഗത്ത് പൊങ്കാലയെ തകര്‍ക്കാനും വിശ്വാസികളെ തളര്‍ത്താനും നിഗൂഢമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സിപിഎമ്മിന്റെ തുടര്‍ച്ചയായ ഹിന്ദുവിരുദ്ധ നിലപാടുകള്‍ ഇത്തവണയും ദൃശ്യമായി. പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശാനുസരണം അമ്പലക്കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ ഇറങ്ങിത്തിരിച്ച സഖാക്കള്‍ ഒടുവില്‍ ഹൈന്ദവ പാരമ്പര്യത്തിന്റെ ആഴം തിരിച്ചറിഞ്ഞ് മാഘമഹാമേളയ്ക്ക് വണ്ടി ബുക്ക് ചെയ്തു പോകുന്നതാണ് നാം കണ്ടത്. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് പൊങ്കാലയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ വളരെ ആസൂത്രിതമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം നടപ്പാക്കാനായി ചില കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പൊങ്കാലയ്ക്ക് തൊട്ടുമുന്നേ കൂട്ട അവധി എടുത്തത് ഭക്തരെ ബുദ്ധിമുട്ടിക്കാനായിരുന്നു. കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പൊങ്കാല ഇഷ്ടികകള്‍ മോഷ്ടിച്ച സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന ഭരണകൂട നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയായി.
പൊങ്കാലയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ, ജനലക്ഷങ്ങള്‍ എത്തുന്ന മണക്കാട് പ്രദേശത്ത് കുടിവെള്ളം മുടങ്ങിയത് യാദൃച്ഛികമായിരുന്നില്ല. മൂന്നു മാസമായി തുടരുന്ന കുടിവെള്ള പ്രശ്‌നം പൊങ്കാലാ വേളയില്‍ രൂക്ഷമായത് ഭക്തരെ വലച്ചു. ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലും ഇതില്‍ ഇടപെടേണ്ടി വന്നു. ബിജെപി ജനപ്രതിനിധികള്‍ പരിശീലനത്തിനായി യാത്ര തിരിച്ച ദിവസം നോക്കി വാട്ടര്‍ അതോറിറ്റിയിലെ യൂണിയന്‍ നേതാക്കളെ ഉപയോഗിച്ച് ജലവിതരണം തടസ്സപ്പെടുത്തിയത് കൃത്യമായ ഒരു രാഷ്ട്രീയ തിരക്കഥയായിരുന്നു. ജനകീയ പ്രതിരോധം തീര്‍ത്തുകൊണ്ട്, സമരങ്ങള്‍ സംഘടിപ്പിക്കുക മാത്രമല്ല, സ്വന്തം സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭക്തര്‍ക്ക് വെള്ളമെത്തിക്കുകയും ചെയ്തതിലൂടെ ബിജെപി ജനങ്ങളുമായി അടിത്തട്ടില്‍ ബന്ധമുള്ള ഒരു പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞു എന്ന് തെളിയിച്ചു.
സംസ്ഥാന ഭരണകൂടം നിസ്സംഗത പാലിച്ചപ്പോള്‍ ഭക്തര്‍ക്ക് തുണയായത് ഹൈന്ദവ സന്നദ്ധ സംഘടനകളാണ്. പൊങ്കാലവീഥികള്‍ ശുദ്ധീകരിക്കാന്‍ അണിനിരന്നത് 2000 വനിതകള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ്. ഫെബ്രുവരി 28ന് വൈകിട്ട് 100 കേന്ദ്രങ്ങളിലായി ഒരേസമയത്ത് നടന്ന ഈ ശുചീകരണ യജ്ഞം നഗരത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍വ്വസ്ഥിതിയിലാക്കി. മാലിന്യങ്ങള്‍ മാറ്റുന്നതിനൊപ്പം ലക്ഷക്കണക്കിന് ഭക്തര്‍ക്ക് കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നതിലും സേവാഭാരതി വലിയ പങ്ക് വഹിച്ചു. ഭക്തിയുടെയും വ്രതശുദ്ധിയുടെയും പ്രതീകമായ ആറ്റുകാല്‍ പൊങ്കാല കേരളത്തിലെ ഹൈന്ദവ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ വരുത്തിയ മാറ്റം വിപ്ലവകരമാണ്. പൊങ്കാല അടുപ്പുകളില്‍ തിളച്ചു തൂവുന്നത് ഭക്തരുടെ സമര്‍പ്പണം മാത്രമല്ല, അത് വരാനിരിക്കുന്ന ഒരു വലിയ മാറ്റത്തിന്റെ സൂചന കൂടിയാണ്. ഹിന്ദു സമാജം സ്വന്തം കാര്യശേഷി തിരിച്ചറിയുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന കാലമാണിത്. ഇനിയാണ് യഥാര്‍ത്ഥ പടയോട്ടം.





















