മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമിദേവിയെ സമുദ്രത്തില്‍ ഒളിപ്പിച്ചു. പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും നിലനില്‍പിനും അഭിവൃദ്ധിക്കും സൗരയുഥത്തിന്റെ നിലനില്‍പിനും ഘടനയ്ക്കും ഭൂമിയുടെ ഇപ്പോഴത്തെ സ്ഥാനം ഏറ്റവും പ്രധാനമാണ്. ഭൂമിയെ സര്‍വ്വ ശക്തനായ ഹിരണ്യാക്ഷന്‍ പുരാതന സമുദ്രത്തില്‍ ഒളിപ്പിച്ചു വെച്ചാല്‍ സൗരയുഥത്തിന്റെ നിലനില്‍പുതന്നെ അവതാളത്തിലാകും. നന്മയും തിന്മയും തമ്മിലുള്ള മത്സരം കാലാന്തരങ്ങളോളം ഉണ്ട്. ദുഷ്ടശക്തികള്‍ക്ക് അധികാരം കിട്ടുമ്പോള്‍ അവര്‍ കാടത്തരങ്ങള്‍ ചെയ്ത് ജനജീവിതത്തെ ദുസ്സഹമാക്കുന്നു. അപ്പോള്‍ അക്രമം അല്ലെങ്കില്‍ വ്യവസ്ഥിതി പുന:സ്ഥാപിക്കാനാണ് വിഷ്ണു ഭഗവാന്‍ ശക്തനും സാമര്‍ത്ഥ്യമുള്ളവനുമായ വരാഹമായി അവതരിച്ച് സമുദ്രാന്തരങ്ങളില്‍ പോയി ഹിരണ്യാക്ഷനുമായി യുദ്ധം ചെയ്ത് ഭൂമിയെ തന്റെ കൊമ്പില്‍ പൊക്കിയെടുത്ത് തിരിച്ചു കൊണ്ടുവന്ന് പ്രപഞ്ചത്തിന്റെ തല്‍സ്ഥിതി പുന:ക്രമീകരിച്ചത്. ഹിരണ്യാക്ഷന്റെ സഹോദരനാണ് ഹിരണ്യകശിപു. അച്ഛന്‍ കശ്യപനും അമ്മ ദിതിയുമാണ്.
വരാഹസ്വാമിയുടെ അമ്പലം മധ്യപ്രദേശിലെ ഖജുരാഹോ എന്ന ഗ്രാമത്തില്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ സംരംക്ഷിക്കുന്നുണ്ട്. കൂടാതെ നമ്മുടെ കലിയുഗത്തില്‍ വെങ്കിടേശ്വരന്റെ ആവശ്യപ്രകാരം ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ശ്രീ ഭൂവ രാഹസ്വാമി ക്ഷേത്രം വളരെ മനോഹരമായി നിര്‍മ്മിച്ചിട്ടുണ്ട്. തിരുപ്പതിയിലെ ആദ്യത്തെ മണിയൊച്ചയും ആദ്യത്തെ നിവേദ്യവും വരാഹഭഗവാനുള്ളതാണ്. തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ശ്രീ ഭൂവരാഹസ്വാമി ക്ഷേത്രവും സന്ദര്‍ശിക്കണം.
നരസിംഹാവതാരം: ഹിരണ്യാക്ഷന്റെ ജ്യേഷ്ഠസഹോദരനാണ് ഹിരണ്യകശിപു. ഹിരണ്യായ നമ: എന്ന മന്ത്രം മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ, ദേവന്മാരെ പ്രാര്‍ത്ഥിക്കാനേ പാടില്ല എന്നാണ് അവിടുത്തെ നിയമം. ഭാര്യ കയാതു ഗര്‍ഭിണിയാണ്. കയാതു ഈ നിയമം തെറ്റിച്ചു കൊണ്ട് നാരദ മുനിയില്‍ നിന്ന് നാരായണ നമ: തുടങ്ങിയ മന്ത്രങ്ങള്‍ കേട്ടുപഠിച്ചു. ഗര്‍ഭസ്ഥശിശുവായിരുന്ന പ്രഹ്ലാദന്‍ ഇതു മനസ്സിലാക്കി വിഷ്ണു ഭക്തനായിതീര്‍ന്നു. ഹിരണ്യാക്ഷന്റെ വധത്തില്‍ കോപിഷ്ഠനായ ഹിരണ്യകശിപു ഉഗ്രതപസ്സു ചെയ്തു. വര്‍ഷങ്ങളോളം ഒറ്റക്കാലില്‍ ആകാശം നോക്കി നിശ്ചേതനായി തപസ്സ് ചെയ്ത ഹിരണ്യകശിപുവിന്റെ ശരീരം മുഴുവനും പ്രാണികളും ഉറുമ്പുകളും ഭക്ഷിച്ച് അസ്ഥികൂടം മാത്രം ബാക്കിയായി. എന്നാല്‍ ജീവാത്മാവ് അസ്ഥികളിലൂടെ സഞ്ചരിച്ചു. തുടര്‍ന്ന് അഗ്നിയായി തലയോട്ടിലൂടെ മൂന്നു ലോകങ്ങളിലും വ്യാപിച്ചു. ചൂടുകൊണ്ട് ഇരിക്കപൊറുതി മുട്ടിയ ദേവന്മാര്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. തന്നെ ആരും വധിക്കാന്‍ പാടില്ല എന്ന വരമാണ് ഹിരണ്യകശിപു ആവശ്യപ്പെട്ടത്. അത് ബ്രഹ്മാവ് നിഷേധിച്ചു. അപ്പോള്‍ ഹിരണ്യകശിപു വേറൊരു വരം ആവശ്യപ്പെട്ടു. അതിങ്ങനെയായിരുന്നു. ഭൂമിയിലും സ്വര്‍ഗ്ഗത്തിലും വെച്ച് വധിക്കരുത്. മനുഷ്യനോ മൃഗങ്ങളോ സസ്യങ്ങളോ ഒന്നും തന്നെ വധിക്കാന്‍ പാടില്ല. രാത്രിയിലും പകലും വധം പാടില്ല. ഭൂമിയിലും ആകാശത്തും വെച്ച് മരണം പാടില്ല. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഈ ഉപാധികളോടെ വരം നല്‍കി. അയാള്‍ സര്‍വ്വശക്തനായി ലോകം ഭരിച്ചു. ഹിരണ്യായ നമ: എന്ന മന്ത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ. ദൈവങ്ങളെ പ്രാര്‍ത്ഥിച്ചാല്‍ വധശിക്ഷയാണ് വിധിച്ചത്. മകന്‍ പ്രഹ്ലാദന്‍ വിഷ്ണുഭക്തനായിരുന്നല്ലോ. പ്രഹ്ലാദനെ പല വിധത്തില്‍ കൊല്ലാന്‍ ശ്രമിച്ചപ്പോഴെല്ലാം വിഷ്ണു അയാളെ രക്ഷപ്പെടുത്തി. ഹിരണ്യകശിപുവിന്റെ സഹോദരി ഹോളിക പ്രഹ്ലാദനെ അഗ്നിയില്‍ ഇട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു. അപ്പോഴും വിഷ്ണു ഭഗവാന്‍ അദൃശ്യനായി പ്രഹ്ലാദനെ രക്ഷിച്ചു. കോപിഷ്ഠനായ ഹിരണ്യ കശിപു പ്രഹ്ലാദനോട് എവിടെ നിന്റെ ദൈവം അവന്‍ നിന്നെ രക്ഷിക്കുന്നത് ഞാന്‍ കാണട്ടെ എന്ന് ചോദിച്ചു. അപ്പോള്‍ പ്രഹ്ലാദന്‍ പറഞ്ഞു. തൂണിലും മണ്‍തരിയിലും പൊടിയിലും ദൈവമുണ്ട്. ഇതില്‍ കുപിതനായ അച്ഛന്‍ ഗദ കൊണ്ട് ഒരു തൂണില്‍ അടിക്കുന്നു. ഇടിമുഴക്കത്താല്‍ വിറച്ചു നില്‍ക്കുന്ന ഹിരണ്യകശിപുവിന്റെ മുന്നിലേക്ക് നരസിംഹം തൂണില്‍ നിന്ന് ഇറങ്ങി വരുന്നു. ഹിരണ്യകശിപുവിനെ മടിയിലിരുത്തി (ആകാശവും ഭൂമിയുമല്ല) സന്ധ്യാ സമയത്ത് (രാത്രിയും പകലുമല്ല) വാതില്‍ പടിയില്‍ വെച്ച് (അകത്തും പുറത്തും അല്ല) നഖങ്ങള്‍ കൊണ്ട് (ആയുധമല്ല) നരസിംഹം (മനുഷ്യനും മൃഗവും ചേര്‍ന്ന രൂപം) നെഞ്ച് പിളര്‍ത്തി കൊല്ലുന്നു. ഇതാണ് നരസിംഹമൂര്‍ത്തിയുടെ അവതാര കഥ.

ഗര്‍ഭസ്ഥ ശിശുക്കള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ചില കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. അതുകൊണ്ട് ഗര്‍ഭിണികള്‍ മനസ്സിലും ശരീരത്തിലും നല്ല കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന് ഈ കഥ പഠിപ്പിക്കുന്നു. നരസിംഹ മൂര്‍ത്തിയുടെ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ കേരളത്തിലും ഭാരതത്തിലും എല്ലായിടത്തും ഉണ്ട്.
വാമനാവതാരം: മഹാബലി ദാനധര്‍മ്മപ്രിയനായ അസുര മഹാരാജാവ് ആയിരുന്നു. വിഷ്ണു ഭക്തനുമാണ്. ബലി പാലാഴി മഥനത്തില്‍ നിന്ന് കിട്ടിയ അമൃത് ഭക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് മരണത്തെ അതിജീവിച്ചവനാണ്. ഏഴ് ചിരഞ്ജീവികള്‍ ആണ് ഉള്ളത്. അവര്‍ക്ക് കലിയുഗം കഴിയുന്നതുവരെ മരണമില്ല. ഹനുമാന്‍, അശ്വത്ഥന്മാവ്, മഹാബലി, വ്യാസന്‍, വിഭീഷണന്‍, പരശുരാമന്‍ കൃപാചാര്യര്‍, അങ്ങനെ ഏഴുപേര്‍. മഹാബലി സ്വര്‍ഗ്ഗവും ഭൂമിയും കീഴടക്കി. രാജസൂയ യാഗം ചെയ്യുകയായിരുന്നു. വലിയ അഹങ്കാരിയായിരുന്നു മഹാബലി. ഈ അഹങ്കാരം തീര്‍ക്കാന്‍ വിഷ്ണു ഭഗവാന്‍ വാമനരൂപത്തില്‍ യാഗശാലയിലേക്ക് വരികയുണ്ടായി. യാഗത്തിന്റെ ഭാഗമായി സ്വത്തെല്ലാം ദാനം ചെയ്യുന്ന ഏര്‍പ്പാടുണ്ട്. ആ സമയത്താണ് വാമനന്‍ ബ്രാഹ്മണ ബാലന്റെ രൂപത്തില്‍ വരുന്നത്. ഇതു മനസ്സിലാക്കിയ ഗുരു ശുക്രാചാര്യര്‍ ബലിക്ക് താക്കീത് കൊടുത്തു. വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണുവാണ്, വഞ്ചിക്കും എന്ന്. എന്നാല്‍ അതു വക വെക്കാതെ ബ്രാഹ്മണ വേഷത്തില്‍ വന്ന് വാമനനെ ബലി സ്വീകരിച്ചിരുത്തി. വാമനന്‍ ചോദിക്കുന്നതെന്തും ദാനം ചെയ്യാന്‍ തയ്യാറായി. ബാലന്‍ 3 അടി മണ്ണാണ് ആവശ്യപ്പെട്ടത്. ഇഷ്ടമുള്ളത് അളന്നെടുത്തോളാന്‍ ബലി പറഞ്ഞു. ഉടനെ ബ്രാഹ്മണ ബാലന്‍ രണ്ടടി കൊണ്ട് ഭൂമിയും സ്വര്‍ഗ്ഗവും അളന്നെടുക്കുന്നു. മൂന്നാമത്തെ അടി വെക്കാന്‍ തന്റെ ശിരസ്സ് കുനിച്ചു കൊടുക്കുന്നു. വിഷ്ണു ഭക്തനായ ബലിക്ക് ഭഗവാന്റെ പാദസ്പര്‍ശ്ശം വളരെ അനുഗ്രഹമായിട്ടാണ് തോന്നിയത്. സംപ്രീതനായ വിഷ്ണു ബലിയെ സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ സുതലത്തിലേക്ക് എത്തിക്കുന്നു. അവിടുത്തെ രാജാവായി വാഴിക്കുന്നു. കൂടെ വിഷ്ണുവും അവിടെ താമസിക്കുന്നു. പാതാളത്തിലേക്ക് ചിവിട്ടി താഴ്ത്തി എന്ന് ഒരു പുരാണങ്ങളിലും പറയുന്നില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ രാജ്യം കാണാന്‍ വിഷ്ണുവിനോടൊപ്പം മഹാബലിയും നാട്ടില്‍ വരും. ഇതാണ് ഓണാഘോഷമായി ലോകമെങ്ങുമുള്ള മലയാളികള്‍ ആഘോഷിക്കുന്നത്.

രാജാവ് ഗുരുക്കന്മാരുടെ ഉപദേശം സ്വീകരിക്കണം. രാജാവു മാത്രമല്ല നമ്മളെല്ലാവരും ശത്രുവിനെ നിസ്സാരന്മാരായി കാണാന്‍ പാടില്ല. അഹങ്കാരത്തിന്റെ കൂലി പരാജയമാണ്. ഇതാണ് ഈ കഥ പഠിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ നര്‍മ്മദാ തീരത്ത് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ 600 അടി പൊക്കമുള്ള പ്രതിമയുണ്ടല്ലോ. അതിന്റെ 2 കി. മീ വടക്കോട്ട് പോയാല്‍ മഹബലി രാജസൂയ യാഗം നടത്തിയ തറ ഇപ്പോഴും കാണാം. മഹാബലി കേരളം കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാല്‍ മലയാളികളാണ് ഈ പുരാണകഥ ഇപ്പോഴും പൂര്‍വ്വാധികം ആഘോഷത്തോടെ കൊണ്ടാടുന്നത്.
പരശുരാമാവതാരം: ബ്രാഹ്മണനായ ജമദഗ്നിയുടേയും ക്ഷത്രിയ രാജ്ഞിയായ രേണുകയുടെയും പുത്രനായി ത്രേതായുഗത്തില്‍ പരശുരാമന്‍ ജനിച്ചു. വിശ്വാമിത്രനില്‍ നിന്ന് ആയുധ പരിശീലനം നേടി. ക്ഷത്രിയന്മാര്‍- രാജാക്കന്മാര്‍ സേച്ഛാധിപതികളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാലഘട്ടത്തിലാണ് ഭാര്‍ഗ്ഗവരാമന്‍ എന്നു പേരുള്ള പരശുരാമന്‍ ജനിക്കുന്നത്. പരശു – മഴു വലതു കൈയ്യില്‍ ഉള്ളത് കൊണ്ടാണ് പരശുരാമന്‍ എന്ന പേര് വരുന്നത്. ഇടതു കയ്യില്‍ അമ്പും വില്ലും ഉണ്ട്. ഒരു വീര പോരാളിയായി അധര്‍മ്മത്തിനും അനീതിക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. ബ്രാഹ്മണ-ക്ഷത്രിയ ധര്‍മ്മം കൂടിക്കലര്‍ന്ന ധാര്‍മ്മിക മൂല്യമുള്ള സത്യസന്ധനായ വില്ലാളി വീരനാണ് പരശുരാമന്‍. അദ്ദേഹത്തിന്റെ ഗുരുകുലത്തിലാണ് ഭീഷ്മപിതാമഹന്‍, ദ്രോണര്‍, കര്‍ണ്ണന്‍ എന്നിവര്‍ ആയുധ വിദ്യയില്‍ നിപുണരാകുന്നത്. ചിരഞ്ജീവികളില്‍ ഒരാള്‍ പരശുരാമനാണ്. കേരളം വീണ്ടെടുത്തത് പരശുരാമന്‍ ആണെന്ന് കഥയുണ്ട്. കേരളം മാത്രമല്ല കര്‍ണ്ണാടക ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഈ കഥയുണ്ട്. ഭാരതം മഴുവന്‍ പരശുരാമ ക്ഷേത്രങ്ങളുണ്ട്. അധര്‍മ്മികളായ ക്ഷത്രിയരെ വധിച്ച് ധര്‍മ്മം പുന:സ്ഥാപിക്കാനാണ് വിഷ്ണു ആറാമത്തെ അവതാരമായി ജനിച്ചത്.
ശ്രീരാമന്‍: രാമകഥ രാമായണത്തില്‍ മാത്രമല്ല. 8 പുരാണങ്ങളിലും ഉണ്ട്. സൂര്യ വംശജനായ ദശരഥന്റെ അച്ഛനും അമ്മയും അജനും ഇന്ദുമതിയുമാണ്. ദശരഥന്‍ കോസല രാജ്യത്തെ കൗസല്യയെ കല്യാണം കഴിച്ചു. അവരുടെ തലസ്ഥാനമാണ് അയോദ്ധ്യ. ദശരഥനും കൗസല്യയ്ക്കും ഒരു മകള്‍ ജനിച്ചു ശാന്ത. രാജാവകാശം ഇല്ലാത്തതിനാല്‍ ശാന്തയെ 6 വയസ്സുള്ളപ്പോള്‍ രോമപാദന്‍ എന്ന രാജാവ് ദത്തെടുത്ത് മകളെ പോലെ വളര്‍ത്തി. സന്താനഭാഗ്യം ഇല്ലാതെ ആയപ്പോള്‍ സുമിത്രയെയും കൈകേയിയെയും വിഹാഹം കഴിച്ചു. ഇതുകൂടാതെ 50 ഭാര്യമാര്‍ ദശരഥനുണ്ടായിരുന്നത്രേ. ശാന്തയുടെ ശാപം കൊണ്ടോ എന്തോ പിന്നീട് പുത്രഭാഗ്യം ഉണ്ടായില്ല. ആ സമയത്ത് അംഗരാജ്യത്തിലെ രോമപാദന്റെ നാട്ടില്‍ മഴ പെയ്തില്ല. ഋഷ്യശൃംഗന്‍ എന്ന ചെറുപ്പക്കാരനായ മുനിയെ കൊണ്ടു വന്ന് യാഗം ചെയ്ത് മഴ പെയ്യിച്ചു. അതില്‍ സന്തുഷ്ടനായ രോമപാദന്‍ ശാന്തയെ ഋഷ്യശൃംഗന് വിവാഹം ചെയ്തു കൊടുത്തു. വൈശാലി എന്ന സിനിമയില്‍ ഇതിന്റെ ചില ചരടുകള്‍കാണാം. ദശരഥന് 39 വയസ്സായപ്പോള്‍ മരുമകനായ ഋഷ്യശൃംഗനെ കൊണ്ട് വന്ന് പുത്രകാമേഷ്ടി യാഗം നടത്തി. അങ്ങനെ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ നാല് മക്കളുണ്ടായി. രാമന് 16 വയസ്സുള്ളപ്പോള്‍ വിശ്വാമിത്രന്‍ വന്ന് യാഗസംരക്ഷണത്തിനായി രാമനെയും ലക്ഷ്മണനെയും കൂട്ടിക്കൊണ്ടുപോയി. 2 വര്‍ഷം വനത്തിലൂടെ നടന്ന വിശ്വാമിത്രനില്‍ നിന്ന് ഒരുപാട് ആയുധ വിദ്യകളും വനജീവിതത്തിന്റെ അനുഭവങ്ങളും പഠിച്ചു. പല രാക്ഷസന്മാരെയും വകവരുത്തി. മിഥില രാജ്യത്ത് ചെന്ന് ത്രയമ്പകം എന്ന വില്ലൊടിച്ച് സീതയെ വിവാഹം ചെയ്തു. 18-ാം മത്തെ വയസ്സില്‍ തിരിച്ചെത്തി രാജസൂയത്തിന് ആരംഭം കുറിക്കുമ്പോള്‍ മന്ഥരയുടെ പ്രേരണയാല്‍ കൈകേയി അത് മുടക്കുന്നു. 14 വര്‍ഷം കാട്ടില്‍ പോകാനും തന്റെ മകന്‍ ഭരതനെ രാജാവാക്കാനും ഉള്ള വരം ചോദിച്ച് വാങ്ങുന്നു. 14 വര്‍ഷത്തെ വനവാസത്തിനിടയ്ക്ക് ഒരുപാട് കഥകള്‍ സംഭവിക്കുന്നുണ്ട്. രാമ-രാവണ യുദ്ധത്തിലൂടെ സീതയെ വീണ്ടെടുത്ത് വീണ്ടും അയോധ്യയിലേക്കെത്തുന്നു. ഭരതന്‍ രാജാവാകുന്നില്ല. പകരം ജ്യേഷ്ഠന്റെ പാദരക്ഷകള്‍ സിംഹാസനത്തില്‍ വെച്ച് നന്ദിഗ്രാമില്‍ പോയി. രാജ്യകാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നു. 32-ാം വയസ്സില്‍ രാമന്‍ രാജ്യം ഭരിക്കാന്‍ തുടങ്ങി. സഹോദരങ്ങളെ മന്ത്രിമാര്‍ ആക്കി. വസിഷ്ഠന്‍ രാജഗുരുവായി തുടര്‍ന്നു. രാമായണത്തില്‍ ഈ സംഭവങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്.
അഹല്യാമോക്ഷം: ദേവാസുരയുദ്ധത്തില്‍ അയോദ്ധ്യ കടം കയറി ബുദ്ധിമുട്ടുകയായിരുന്നു. ജനങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക നികുതി കൃഷിയുടെ വലിയൊരു പങ്കായിരുന്നു. കര്‍ഷകര്‍ നികുതി കൊടുക്കാനാവാതെ കൃഷിയും മുടങ്ങിപ്പോയി. ശ്രീരാമന്‍ കൃഷിക്കാരുടെ നികുതി 20% ആയി കുറച്ചു. കൃഷി വീണ്ടും പുനഃ രാരംഭിച്ചു. അയോധ്യവീണ്ടും പുരോഗതിയിലേക്കു വന്നു. ഇതിന് അഹ്യലാമോക്ഷവുമായി ബന്ധമുണ്ട്. ഗൗതമന്റെ ഭാര്യ അഹല്യയെ ദേവേന്ദ്രന്‍ ഗൗതമന്റെ വേഷത്തില്‍ വന്ന് കടന്നുപിടിച്ചു. ഗൗതമന്‍ ഇത് കണ്ട് അഹല്യയെ ശപിച്ചു കല്ലാക്കി. കാലങ്ങള്‍ക്കുശേഷം ശ്രീരാമന്‍ കാലുകൊണ്ട് ചവിട്ടിയപ്പോള്‍ കല്ല് അഹല്യയായി മാറി. ഇതാണ് നമ്മള്‍ കേള്‍ക്കുന്ന കഥ. എന്നാല്‍ അഹല്യ മേഘരൂപിയാണ്. നമുക്ക് കാണാന്‍ പറ്റില്ല. അഹല്യക്ക് അവള്‍ ആഗ്രഹിക്കുന്നവരെ കാണാന്‍ പറ്റും. ശ്രീരാമന്‍ വന്നപ്പോള്‍ അഹല്യക്ക് ശ്രീരാമനെ കാണാന്‍ പറ്റി. ഹലം എന്നാല്‍ കലപ്പ. കലപ്പ കൊണ്ട് ഉഴുതു മറിക്കാത്ത ഭൂമി (അഹല്യ). ഗൗ എന്നാല്‍ പശു എന്നും ഭൂമി എന്നും അര്‍ത്ഥമുണ്ട്. ഭൂമിയുടെ ഉടമസ്ഥര്‍ കര്‍ഷകരായിരുന്നു. ഗൗതമന്‍ ഉഴുതു മറിച്ച് കൃഷി ചെയ്യാത്തതുകൊണ്ട് ഭൂമി അഹല്യയായി അവിടെ കിടന്നു. ദേവേന്ദ്രന്‍ ഇടിയും മഴയും ധാരാളം വര്‍ഷിച്ചെങ്കിലും കൃഷി നടന്നില്ല. ഇതിനെയാണ് കടന്നുപിടിത്തുമായി ചിത്രീകരിച്ചിട്ടുള്ളത്. ശ്രീരാമന്റെ നികുതി പരിഷ്‌കരണം കൊണ്ട് കൃഷി സമ്പല്‍സമൃദ്ധമായി. ചിത്രരാമായണത്തില്‍ ആയിരത്തില്‍ പരം ചിത്രങ്ങള്‍ ഉണ്ട്. അതില്‍ ശ്രീരാമന്‍ അഹല്യയെ ചവിട്ടുന്നില്ല. ശ്രീരാമന്‍ വലതുകാല്‍ പൊക്കുമ്പോള്‍ ചില മണല്‍ തരികള്‍ താഴെ വീഴുന്നു. വിരല്‍ തുമ്പു കൊണ്ടു തൊടുന്നു ഇത്രയേ ഉള്ളു. മുസ്ലീം സുല്‍ത്താന്മാര്‍ 36% വും മുഗളന്മാര്‍ 46% വും ബ്രിട്ടീഷുകാര്‍ 58% വും നികുതിയാണ് ചുമത്തിയിരുന്നത്. 196 വര്‍ഷം ബ്രീട്ടീഷുകാര്‍ ഭാരതം ഭരിച്ചപ്പോള്‍ ഇന്ത്യ ദരിദ്രരാഷ്ട്രമായി മാറി. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ 70% നികുതിയായിരുന്നു. നികുതി കുറച്ചെങ്കിലേ ക്ഷേമരാഷ്ട്രം- രാമരാജ്യം ഉണ്ടാകുകയുള്ളൂ.
ബലരാമന്‍: ബാലഭദ്രന്‍ എന്നറിയപ്പെടുന്ന ബലരാമന്‍ ഭഗവാന്‍ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ്. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠ സഹോദരനാണ്. വിഷ്ണു ഭഗവാന്റെ വേറൊരു ഭാവമായ ആദിശേഷനും ബലരാമനില്‍ കുടികൊള്ളുന്നു. വെളുത്ത നിറവും ഹലായുധവും (കലപ്പ) പിന്നെ ഗദയും ആണ് ആയുധം. ഗദായുദ്ധത്തില്‍ അതി നിപുണനാണ്. കൃഷിയില്‍ അഗ്രഗണ്യനായിരുന്നു. കുശസ്ഥിനി രാജ്യത്തെ കുകുദ്‌വി രാജാവിന്റെ മകള്‍ രേവതിയെ വിവാഹം ചെയ്തു. രാജാവ് രാജ്യം നാലായി വിഭജിച്ചു. 3 ഭാഗം ആണ്‍ മക്കള്‍ക്കും ഒരു ഭാഗം രേവതിക്കും കൊടുത്തു. ആ ഭാഗത്ത് ബലരാമന്‍ ശ്രീകൃഷ്ണനെയും കൂട്ടി ഒരു കോട്ട പണിതു. കോട്ടയ്‌ക്കൊരു വാതില്‍ എന്നാണ് കണക്ക്. ഇവിടെ 8 ദിക്പാലകര്‍ക്കായി 8 ദ്വാരം (വാതില്‍) ഉണ്ടാക്കി. ഈ പട്ടണം ദ്വാരക എന്നറിയപ്പെട്ടു. ദ്വാരകയ്ക്കു ചുറ്റും തരിശ് ഭൂമിയായിരുന്നു. ബലരാമനും കൂട്ടരും കലപ്പ കൊണ്ട് അതൊക്കെ കൃഷിചെയ്ത് സമൃദ്ധമാക്കി. ഇവിടെ രാജഭരണമായിരുന്നില്ല. ജനാധിപത്യ ഭരണമാണ് ഉണ്ടായിരുന്നത്. ഗ്രീസിലെ ഏതന്‍സിലാണ് ജനാധിപത്യം ആദ്യം ഉണ്ടായത് എന്ന തെറ്റാണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ ചരിത്രം നമുക്കു തന്നെ അറിഞ്ഞൂകൂടാത്തതു കൊണ്ടാണ് ഈ പിഴവുകള്‍ പറ്റുന്നത്.
ശ്രീകൃഷ്ണാവതാരം: കൃഷ്ണന്‍ തടവറയില്‍ ജനിച്ചു. 8 വയസ്സു വരെ വൃന്ദാവനത്തില്‍ വളര്‍ന്നു. 8-ാമത്തെ വയസ്സില്‍ വൃന്ദാവനത്തിലേക്കു പോയി. 18-ാം മത്തെ വയസ്സില്‍ അമ്മാവന്‍ കംസനെ വധിച്ച് അച്ഛനെയും മുത്തച്ഛനെയും തടവറയില്‍ നിന്ന് മോചിപ്പിച്ചു. പിന്നീട് ബലരാമനുമായി ദ്വാരകയില്‍ വന്നു ദ്വാരകയില്‍ നിന്ന് ഹസ്തിനപുരത്തേക്ക് പോയ ശ്രീകൃഷ്ണന്‍ കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുത്തു. ബാലവാടിയിലേക്കും മഥുരയിലെ വൃന്ദാവനത്തിലേക്കും ഹസ്തിനപുരത്തേക്കും തിരിച്ചു പോക്ക് ഉണ്ടായിട്ടില്ല. ഇതില്‍ ഒരു വലിയ പാഠം ഉണ്ട്. നമ്മള്‍ ഭൂതകാല മാത്രം ഓര്‍ത്ത് ജീവിച്ചിരുന്നാല്‍ ഒരിക്കലും ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ പറ്റുകയില്ല. ജീവിതത്തില്‍ ഓരോ ദിവസവും പുതിയ പുതിയ വെല്ലുവിളികള്‍ ഉണ്ടാകും. അതിനെ ആത്മധൈര്യത്തോടെ നേരിട്ട് ജീവിത വിജയം കൈവരിക്കണം. 4 തവണ വിശ്വരൂപം കാട്ടിയിട്ടുണ്ട്. ഓരോ വിശ്വരൂപവും ഓരോ സന്ദര്‍ഭം അനുസരിച്ച് വ്യത്യസ്തമായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ യശോദാമ്മയ്ക്ക് പ്രകൃതിദൃശ്യങ്ങളാണ് വായില്‍ കണ്ടത്. മാമലകളും, സമുദ്രങ്ങളും, നദികളും, പക്ഷിമൃഗാദികളും മറ്റും. യശോദ അത് കണ്ട് അത്ഭുതപ്പെടുകയും കുട്ടിയുടെ ദിവ്യത്വം മനസ്സിലാക്കുകയും ചെയ്തു.
രണ്ടാമത് ഹസ്തിനപുരത്തുവെച്ച് യുദ്ധം ഒഴിവാക്കാന്‍ ദൂതനായി ചെന്നപ്പോള്‍ ശകുനിയും ദുര്യാധനനും ചിന്തിച്ചു. ശ്രീകൃഷ്ണന്‍ മറുപക്ഷത്തു നിന്നാല്‍ യുദ്ധം ജയിക്കുകയില്ല. അതുകൊണ്ട് പിടിച്ചു കെട്ടി വധിക്കാം എന്ന് തീരുമാനിച്ചു. അവരെ ഭയപ്പെടുത്തി കൊണ്ട് ദുഷ്ട മൃഗങ്ങളുടെ രൂപത്തില്‍ രൗദ്രഭാവത്തില്‍ പ്രത്യക്ഷപ്പെട്ട് അവരെ ഭയപ്പെടുത്തി.
മൂന്നാമത് കൗരവ പാണ്ഡവ യുദ്ധസമയത്ത് അര്‍ജ്ജുനന് വിശ്വപ്രപഞ്ചത്തിന്റെ വിരാട് രൂപമാണ് കാണിച്ചത്. അര്‍ജ്ജുനന്‍ തന്നില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടാകാനും തേരാളിയായ അച്യുതന്റെ വാക്കുകള്‍ വിശ്വസിച്ച് ധൈര്യം വീണ്ടെടുത്ത് യുദ്ധം ജയിക്കാനും അതുപകരിച്ചു.
4-ാമത് ഭീഷ്മര്‍ക്ക് ശരശയ്യയില്‍ ഉത്തരായണവും കാത്ത് മൃത്യുവിന് വേണ്ടി കഴിയുന്ന സമയത്ത് ശ്രീകൃഷ്ണന്‍ ജീവിതത്തിന്റെ പൂര്‍ണ്ണ രൂപം പ്രദര്‍ശിപ്പിച്ചു. അത് കണ്ട് ശാന്തനായി ഭീഷ്മര്‍ മൃത്യുവിനെ പൂകി.
ധര്‍മ്മം പുന:സ്ഥാപിക്കാനാണ് ശ്രീകൃഷ്ണന്‍ അവതരിച്ചത് എന്നാണ് പറയുന്നത്. പക്ഷേ ശ്രീകൃഷണന്റെ ജീവിതം സൂക്ഷ്മമായി നോക്കിയാല്‍ ജനനം മുതല്‍ മരണം വരെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. അവസാനം തന്റെ യദുകുലം തമ്മില്‍ തല്ലി മരിക്കുന്നതും ബന്ധുക്കളെയും ഭാര്യമാരെയും ശത്രുക്കള്‍ കൊണ്ടുപോകുന്നതും ദ്വാരക സമുദ്രത്തില്‍ താഴ്ന്നു പോകുന്നതും നിസ്സംഗനായി നോക്കി നിന്നു. വേടന്റെ അമ്പേറ്റു മരിക്കുമ്പോഴും ആ നിതാന്ത ശാന്തതയും പുഞ്ചിരിയും മാഞ്ഞിരുന്നില്ല. ജീവിതത്തെ നേരിടേണ്ടത് ഇങ്ങനെയാണ് എന്ന പാഠം ആണ് ശ്രീകൃഷ്ണന്‍ കാണിച്ചു തരുന്നത്.
കല്‍കി: ശ്രീകൃഷ്ണന്‍ ഇഹലോകവാസം വെടിഞ്ഞതോടു കൂടി കലിയുഗം ആരംഭിച്ചു. കലിയുഗത്തിന്റെ അവസാനം അനശ്വരത എന്ന അര്‍ത്ഥമുള്ള കല്‍ക്കി അവതരിക്കുമെന്നാണ് പറയുന്നത്. എന്നാലും കല്‍ക്കിയുടെ ജനനവും സ്ഥലവും അച്ഛനമ്മമാരെ പറ്റിയും പുരാണങ്ങളില്‍ പറയുന്നുണ്ട്. പത്താമത്തെ അവതാരമാണ് കല്‍കി. ഹിമാലയസാനുക്കള്‍ക്ക് ഉള്ളിലുള്ള ശംഭാല എന്ന ഗ്രാമത്തിലാണ് കല്‍കി ജനിക്കുന്നത്. വിഷ്ണു യക്ഷന്റെയും സുമുതിയുടെയും മകനായിട്ടാണ് ജനിച്ചക്കുക. ഹിന്ദി തമിഴ് സംങ്കരമായിട്ടാണ് ഈ ജനനം. കലിയുഗത്തില്‍ മനുഷ്യന്‍ നന്മയും ധര്‍മ്മവും വെടിഞ്ഞ് അസന്മാര്‍ഗ്ഗിക ജിവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം എങ്ങനെയെങ്കിലും ധനം സമ്പാദിക്കുക എന്നതാണ്. ക്ഷാമം, വരള്‍ച്ച, രോഗങ്ങള്‍, മഴ, കൊടുങ്കാറ്റ്, കാട്ടുതീ എന്നിവയാല്‍ ജനങ്ങള്‍ കഷ്ടപ്പെടും. അപ്പോഴായിരിക്കും ദേവദത്തന്‍ എന്ന വെള്ളക്കുതിരയുടെ പുറത്ത് മിന്നിത്തിളങ്ങുന്ന വാളുമായി അതിശക്തനും 4 വേദങ്ങളും അറിയുന്ന കല്‍ക്കിയുടെ വരവ്. ഇരുളടഞ്ഞ, കൊള്ളയും കൊലയും നടത്തുന്ന കലിയെ അമര്‍ച്ച ചെയ്ത് കലിയുഗം അവസാനിപ്പിക്കും.
‘ഉത്തമ വിചാരാ: സര്‍വ്വത: അസ്മാന്‍ പ്രതി ആഗച്ഛന്ദു’
ശ്രേഷ്ഠമായ ചിന്തകള്‍ എല്ലാവരില്‍ നിന്നും നമ്മളിലേക്ക് വന്നു ചേരട്ടെ.
ഓം ശാന്തി: ശാന്തി: ശാന്തി:
(അവസാനിച്ചു)





















