ജനാധിപത്യ സംവിധാനത്തില്‍ നീതിപീഠങ്ങളുടെ പരിധി എവിടെ വരെയാണ് എന്ന ചോദ്യം പ്രസക്തമാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ നിയമസഭകളിലൂടെ, ജനാധിപത്യത്തിനും ജനങ്ങള്‍ക്കും അഭികാമ്യമെന്ന് കരുതി നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്കും ഉത്തരവുകള്‍ക്കും കൂച്ചുവിലങ്ങിടാനും അവയെ അസ്ഥിരപ്പെടുത്താനും കോടതികള്‍ക്ക് അധികാരമുണ്ടായാല്‍ ജനാധിപത്യത്തിന് എന്താണ് പ്രസക്തി! ഭരണഘടന രൂപവല്‍ക്കരിക്കുന്ന സമയത്ത് ഒരു ജനാധിപത്യ സംവിധാനത്തില്‍ പരസ്പരപൂരകങ്ങളും പരസ്പരബന്ധിതങ്ങളുമായ നിയമനിര്‍മ്മാണ, ഉദ്യോഗസ്ഥ, നീതിന്യായ വ്യവസ്ഥയാണ് വിഭാവനം ചെയ്തത്. പക്ഷേ, കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ പലപ്പോഴും അവ പരിധി ലംഘിക്കുകയും മറ്റുള്ളവരുടെ അധികാരത്തിന്റെ സീമകളിലേക്ക് കടന്നുകയറി വെട്ടിപ്പിടിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടില്ലേ? നീതിപീഠങ്ങളുടെ അധികാരം കവര്‍ന്നെടുക്കാന്‍ സ്വന്തക്കാരെ ജഡ്ജിമാരും ചീഫ് ജസ്റ്റിസുമാരും ആക്കാന്‍ അടിയന്തരാവസ്ഥയെ ഉപയോഗപ്പെടുത്തിയ ഇന്ദിരാഗാന്ധി ഇതിനുദാഹരണമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുമ്പോള്‍ ഈ അമൃതകാലത്തില്‍ ഇതിനെക്കുറിച്ച് ഒരു കാര്യമായ ചിന്തയും വിശകലനവും ആവശ്യമല്ലേ?
ജുഡീഷ്യറി ജനങ്ങളുടെ വികാരത്തിനും അഭിലാഷത്തിനും ഒപ്പം പോകണമെന്ന് പറയുന്നില്ല. കൊലപാതകം ജഡ്ജി നേരില്‍ കണ്ടാല്‍ പോലും കുറ്റവിചാരണ നടത്തി തെളിവുകള്‍ ശേഖരിച്ച് വാദപ്രതിവാദത്തിനുശേഷം മാത്രമേ ശിക്ഷ വിധിക്കാന്‍ ആവൂ. ഈ നടപടികള്‍ക്കിടയില്‍ പലപ്പോഴും സത്യം അവഗണിക്കപ്പെടുകയും കയ്യൂക്കുള്ളവരും സ്ഥാപിത താല്പര്യക്കാരും കോടതികളെ പോലും തെറ്റിദ്ധരിപ്പിക്കുകയും തങ്ങളുടെ താത്പര്യം അനുസരിച്ച് വഴിതെറ്റിക്കുകയും ചെയ്യുന്നില്ലേ? കോടതികള്‍ വാക്കാല്‍ ആണെങ്കില്‍ പോലും നടത്തുന്ന ചില പരാമര്‍ശങ്ങള്‍ പലപ്പോഴും സാധാരണക്കാരുടെ കോടതിയിലുള്ള വിശ്വാസ്യതയും ആദരവും ഇല്ലാതാക്കുന്നതല്ലേ? ഇതേക്കുറിച്ചുള്ള ശ്ലഥചിന്തകള്‍ ഉരുത്തിരിഞ്ഞത് ശബരിമല സ്വര്‍ണ്ണ കള്ളക്കടത്ത്, എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളിലെ നീതിന്യായ സംവിധാനത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍, ജഡ്ജി നിയമനത്തിലെ സ്വജനപക്ഷപാതം സംബന്ധിച്ച് പൊതുസമൂഹത്തില്‍ ഉയരുന്ന ചര്‍ച്ചകള്‍ എന്നിവ കാരണമാണ്.
ശബരിമല സ്വര്‍ണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മറ്റു ഹൈന്ദവ സംഘടനകളും നല്‍കിയ ഹര്‍ജി ദേവസ്വം ബെഞ്ച് തള്ളി. എസ്‌ഐടി അന്വേഷണം ഊര്‍ജ്ജിതമായിട്ടാണ് പോകുന്നതെന്നും ദേവസ്വം ബെഞ്ച് നേരിട്ട് തന്നെ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും പ്രതികള്‍ ഒരാളും രക്ഷപ്പെടില്ലെന്നും കോടതി ആവര്‍ത്തിച്ചു പറഞ്ഞു. ബഹുമാനപ്പെട്ട ദേവസ്വം ബെഞ്ചിന്റെ സത്യസന്ധതയോ, ആര്‍ജ്ജവമോ, വിശ്വാസതയോ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ 90 ദിവസത്തെ പരിധിക്ക് ശേഷം കേസിലെ പ്രതികള്‍ ഒന്നൊന്നായി ജാമ്യം നേടുകയും പുറത്തിറങ്ങുകയും ചെയ്യുകയും എസ്‌ഐടി അന്വേഷണം വഴിമുട്ടുകയും ചെയ്തതിനെ ശരിയായ അര്‍ത്ഥത്തില്‍ കോടതി കണ്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയവും ആശങ്കയും ഉണ്ട്. സ്വര്‍ണ്ണം മോഷ്ടിച്ചു കഴിഞ്ഞാല്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ യഥാര്‍ത്ഥ തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ കഴിയില്ലെന്നും അഥവാ കിട്ടിയാല്‍ തന്നെ സ്വര്‍ണം ഉരുക്കിയിരിക്കും എന്ന കാര്യത്തിലും സംശയമില്ല. ഭാരതത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ ചില ബന്ധുക്കള്‍ കടത്തിയെന്ന് ആരോപണമുള്ള പ്രമുഖ നേതാക്കളുമായി നില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചിത്രം ഒരു ചോദ്യാവലിയില്‍ കൂടി പോലും എസ്‌ഐടി അന്വേഷിച്ചിട്ടില്ല. ഇവിടെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ല. പക്ഷേ ഇത്രയും വലിയ ഒരു കവര്‍ച്ചയില്‍ സംശയങ്ങളുടെ എല്ലാ സാധ്യതകളും പരിശോധിക്കേണ്ടതല്ലേ?
എസ്.ഐ.ടിയെ നിയോഗിച്ചപ്പോള്‍ തന്നെ അതിന്റെ മേധാവിയുടെ പിണറായി ഭക്തിയെക്കുറിച്ചും അദ്ദേഹത്തോടുള്ള അമിതമായ വിധേയത്വത്തെക്കുറിച്ചും മാധ്യമങ്ങളും സത്യസന്ധരായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോള്‍ അന്വേഷണം വഴിമുട്ടി എന്ന് മാത്രമല്ല, ആരോപണവിധേയരെന്ന് പൊതുജനങ്ങള്‍ സംശയിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ചോദ്യം ചെയ്യപ്പടാത്തതും അറസ്റ്റ് ചെയ്യപ്പെടാത്തതുമായ സാഹചര്യം കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടുമില്ല. തന്ത്രി ആയാലും മന്ത്രി ആയാലും കുറ്റക്കാര്‍ അറസ്റ്റ് ചെയ്യപ്പെടണം, ശിക്ഷിക്കപ്പെടണം. തന്ത്രിയുടെ കാര്യത്തില്‍ വേണ്ടത്ര തെളിവുകളില്ലാതെ മനപ്പൂര്‍വം അറസ്റ്റ് ചെയ്തത് മറ്റു ചിലരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്ന ആരോപണം ശക്തമാണ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്നവരോട് ബഹുമാനപ്പെട്ട കോടതി സിബിഐ തെളിയിച്ച അഞ്ചു കേസുകള്‍ എങ്കിലും പറയാന്‍ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് കേസ് 70000 കോടിയുടെ അഴിമതിയുടേതായിരുന്നു. മുംബൈയിലെ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി കേസ്, കര്‍ണാടകത്തിലെ ഖനന കേസ്, വോട്ടിന് കാശ് നല്‍കിയ കേസ് തുടങ്ങി കുപ്രസിദ്ധമായ നിരവധി കേസുകള്‍ സിബിഐ അന്വേഷിച്ച് തെളിയിച്ചതാണ്. സിബിഐ അന്വേഷിച്ച കേസുകളില്‍ 65 മുതല്‍ 68 ശതമാനം വരെയാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. കട്ടിള പാളികളും സ്വര്‍ണ ഉരുപ്പടികളും വിദേശത്തേക്ക് കടത്തി എന്നുപോലും ആരോപണം ഉയരുന്ന സാഹചര്യത്തില്‍ ഇന്റര്‍പോളിനും ഇന്റര്‍പോളിന്റെ ഭാരതത്തിലെ നോഡല്‍ ഏജന്‍സിയായ സിബിഐക്കും മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളു. ഇത് അറിയാമായിരുന്നിട്ടും സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യത്തിന് കോടതി പ്രാഥമിക പരിഗണന നല്‍കുകയാണെന്ന ആശങ്ക പൊതുസമൂഹത്തില്‍ ഉണ്ട്.
ആസന്നമായ ഒരു തിരഞ്ഞെടുപ്പിന്റെ വേളയില്‍ രാഷ്ട്രീയമായ പ്രത്യാഘാതങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നുണ്ടാകും. പക്ഷേ, മൈനറായ ശബരിമല അയ്യപ്പന്‍ എന്ന നൈഷ്ഠിക ബ്രഹ്മചാരിയായ ദേവന്റെ സ്വത്തും സ്വര്‍ണവും സംരക്ഷിക്കാനുള്ള ബാധ്യത നീതിപീഠത്തിന്റെ ഭാഗമായ ദേവസ്വം ബെഞ്ചിനുണ്ട്. ഇക്കാര്യത്തില്‍ അവസാന വാക്കും ദേവസ്വം ബെഞ്ചിന്റേതാണ്. പക്ഷേ, എതിര്‍കക്ഷികള്‍ പോലും ഉന്നയിക്കാത്ത ഒരു പരാമര്‍ശം സിബിഐക്കെതിരെ, പ്രത്യേകിച്ചും ഒരു സ്വതന്ത്ര നീതിനിര്‍വഹണ അന്വേഷണ ഏജന്‍സിക്കെതിരെ കോടതിയില്‍ നിന്നും ഉണ്ടാകുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് ദഹിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ സംസ്ഥാനത്തുടനീളം തെരുവിലിറങ്ങേണ്ടി വരുന്നത്.
നീതിപീഠം ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടേതുമാണ്. സമൂഹത്തിന്റെ എല്ലാ കോണിലും നടക്കുന്ന എല്ലാ കാര്യങ്ങളും കോടതി അറിഞ്ഞുകൊള്ളണമെന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീംകോടതി വാക്കാല്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ ഇതുപോലെ തന്നെ സാധാരണക്കാരുടെ ചിന്തകളെയും ജീവിതത്തെയും അസ്വസ്ഥമാക്കുന്നതാണ്. ഒരു മുസ്ലീം, ഹിന്ദു പെണ്‍കുട്ടിയെ കല്യാണം കഴിച്ചാല്‍ ഇവിടുത്തെ ഘടന തകരുമോ എന്ന ചോദ്യമാണ് സുപ്രീംകോടതി ചോദിച്ചത്. സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ കാര്യങ്ങള്‍ പഠിക്കുകയും ഓരോ വിഷയത്തിലും വൈദഗ്ദ്ധ്യം ഉള്ളവരെ നിയോഗിക്കണമെന്നുമുള്ള ആവശ്യം സജീവ ചര്‍ച്ചയാകുന്നത് ഇക്കാര്യത്തിലാണ്. ഭാരതത്തില്‍ മാത്രമല്ല, ഇറാനിലും മെസപ്പൊട്ടോമിയയിലും അടക്കം ലോകസംസ്‌കാരങ്ങളില്‍ ഉണ്ടായിട്ടുള്ള അധിനിവേശത്തിനും അതിനുപയോഗിച്ചിട്ടുള്ള ആയുധങ്ങളിലും തന്ത്രങ്ങളിലും നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവും ഒരു ആയുധമായി തന്നെയാണ് ഉപയോഗിക്കുന്നത്. ഇത്തരം സംഭവങ്ങളെ അതിന്റെ വിശദാംശങ്ങള്‍ തേടാതെ മതമൗലവിമാര്‍ തെരുവില്‍ പറയുന്നതുപോലെ ചോദ്യം ചെയ്യുന്നത് നീതിപീഠത്തിന്റെ നിഷ്പക്ഷതയേയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണ്.
അഖില അശോകന്റെ കേസില്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഹാദിയ ആക്കി വിട്ടയച്ച പെണ്‍കുട്ടിക്ക് എന്തുപറ്റിയെന്ന് കോടതി പിന്നീട് അന്വേഷിച്ചിട്ടില്ല. പക്ഷേ, സമൂഹം അത് കാണുന്നു. കോടതിയില്‍ വന്ന ഡോക്ടറായ പെണ്‍കുട്ടിയെ കല്യാണം കഴിച്ച ഓട്ടോറിക്ഷക്കാരന്‍ മാസങ്ങള്‍ക്കകം ഒഴിഞ്ഞ് മറ്റൊരാളെക്കൊണ്ട് കല്യാണം കഴിപ്പിച്ച് ആ ജീവിതം ഉലഞ്ഞും തകര്‍ന്നും മുന്നോട്ടുപോകുമ്പോള്‍ അതിന്റെ പിന്നിലെ മതസ്വാധീനവും ലൗ ജിഹാദ് തന്ത്രങ്ങളും തിരിച്ചറിയുന്നതില്‍ കോടതി പരാജയപ്പെട്ടില്ലേ? അവസാനം അശോകന്റെ ഭാര്യ പൊന്നമ്മ മരിക്കുന്നതിനുമുമ്പ് ഒരിക്കലെങ്കിലും സ്വന്തം മകളെ കാണണമെന്ന് ആവശ്യപ്പെട്ട് പലതവണ ആളെ അയച്ചെങ്കിലും തന്റെ മതത്തില്‍ അല്ലാത്തതുകൊണ്ട് അമ്മയെ കാണാന്‍ വരില്ലെന്ന് ശഠിച്ച ഹാദിയ എന്ന ആതിരയുടെ രക്ഷിതാക്കളുടെ അവസ്ഥ നീതിപൂര്‍വ്വകമായി വിലയിരുത്താനോ പരിഹരിക്കാനോ കോടതിക്ക് കഴിഞ്ഞോ? അലിസിനയും അന്‍വര്‍ ഷെയ്ഖും ആരിഫ് ഹുസൈന്‍ തെരുവത്തും ജാമിത ടീച്ചറും അടക്കമുള്ളവര്‍ ഇസ്ലാമിക തീവ്രവാദവും മദ്രസ പഠനവും ലൗജിഹാദിന്റെ വെല്ലുവിളികളും തുറന്നുപറഞ്ഞിട്ടും അത് നീതിപീഠത്തിന് മനസ്സിലാകുന്നില്ലെങ്കില്‍ പിഴവ് ആരുടേതാണ്. ആയിരം വര്‍ഷത്തെ അധിനിവേശത്തിനിടയില്‍ തകര്‍ക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളെ കുറിച്ച് ‘ഹിന്ദു ടെമ്പിള്‍ വാട്ട് ഹാപ്പെന്‍ഡ് ടു ദെം’ എന്ന പുസ്തകവും മുഗള്‍ ചക്രവര്‍ത്തിമാരുടെ ദര്‍ബാറിലെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതും നമ്മുടെ മുന്നിലുണ്ട്. അമേരിക്കയിലെ മായന്‍ സംസ്‌കാരത്തിനും ഇറാനിലെ സൗരാഷ്ട്രീയര്‍ക്കും മഹത്തായ ഗ്രീക്ക് സംസ്‌കാരത്തിനും ഒക്കെ എങ്ങനെയാണ് തകര്‍ച്ച സംഭവിച്ചതെന്നും മതവും മതപരിവര്‍ത്തനവും അതില്‍ എത്രമാത്രം പ്രസക്തമാണെന്നും ജീവിക്കുന്ന രേഖകള്‍ ഉള്ളപ്പോള്‍ ഇത് കോടതികള്‍ പഠിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതല്ലേ?
സാമൂഹികമായ പ്രശ്‌നങ്ങളെക്കുറിച്ചും മതസംഘര്‍ഷത്തെക്കുറിച്ചും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുമൊക്കെ തന്നെ ഭാവാത്മകമായ കാഴ്ചപ്പാടുകള്‍ കോടതിയില്‍ നിന്നുണ്ടാകുന്നത് നല്ലതുതന്നെയാണ്. 1998 ല്‍ വണ്ടൂര്‍ എംഎല്‍എ ആയിരുന്ന എന്‍. കണ്ണന്‍ കേരള നിയമസഭയില്‍ ഉന്നയിച്ച പ്രശ്‌നമുണ്ട്. റംസാന്‍ നോമ്പുകാലത്ത് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും മലപ്പുറത്ത് ഹോട്ടലുകള്‍ പകല്‍ തുറക്കാത്തതും വെള്ളം പോലും വില്‍ക്കാത്തതും തിയേറ്ററുകള്‍ ഹറാമായതുകൊണ്ട് കത്തിക്കുന്നതും കള്ള് ഷാപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതും ശബരിമലയ്ക്കുള്ള ഇരുമുടിക്കെട്ടും കറുത്ത വസ്ത്രങ്ങളും വില്‍ക്കാന്‍ അനുവദിക്കാത്തതും ഒക്കെ തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മതനിരപേക്ഷ സമൂഹത്തില്‍ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് പകല്‍ യാത്ര ചെയ്യാനും ജീവിക്കാനുമുള്ള അധികാരം, അവകാശം ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ബഹുമാനപ്പെട്ട നീതിപീഠങ്ങള്‍ക്കില്ലേ. ഇക്കാര്യങ്ങള്‍ കാണാതെ അടുത്തദിവസം സുപ്രീംകോടതിയിലെ ജഡ്ജിയായ ഉജ്വല്‍ ഭുയാന്‍ നടത്തിയ ഒരു പരാമര്‍ശം കൂടി ഉദ്ധരിക്കട്ടെ. അദ്ദേഹത്തിന്റെ മകളുടെ സുഹൃത്തിന് മുസ്ലീം ആയതുകൊണ്ട് വാടകയ്ക്ക് വീട് കിട്ടിയില്ല. ഇത് വലിയ പ്രശ്‌നമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തുകൊണ്ടാണ് മുസ്ലീം കുട്ടിക്ക് വീട് കിട്ടാതെ ആയത്. മലപ്പുറത്ത് തന്നെ ഒരു പ്രദേശത്ത് മറ്റു മതസ്ഥര്‍ക്ക് പ്രവേശനം പോലുമില്ലാത്ത ഒരു സ്ഥലമുണ്ട് എന്ന കാര്യം നീതിപീഠത്തിന് അറിയുമോ? പൊന്നാനി മുതല്‍ വെള്ളയില്‍ വരെയുള്ള കടപ്പുറത്തെ പല ഹിന്ദുക്കളും അവിടെ നിന്ന് എങ്ങനെ ഒഴിഞ്ഞു പോയി? മലപ്പുറത്ത് മാത്രമല്ല, മട്ടാഞ്ചേരിയിലും ചില പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല.
ബഹുസ്വരതയുള്ള ഒരു സമൂഹത്തില്‍ എല്ലാവര്‍ക്കും എല്ലായിടത്തും ജീവിക്കാന്‍ അവകാശമുണ്ട്. മുസ്ലീം കുട്ടിക്ക് വീട് കിട്ടിയില്ലെങ്കില്‍ സ്വന്തം വീടിന്റെ ഔട്ട് ഹൗസില്‍ എങ്കിലും ആ കുഞ്ഞിനെ താമസിപ്പിക്കാനുള്ള സാമൂഹികമായ ബാധ്യത ബഹുമാനപ്പെട്ട സുപ്രീംകോടതി ജഡ്ജിക്ക് ഉണ്ടായിരുന്നില്ലേ? ഹലാല്‍ എന്ന പേരില്‍ വ്യാപാര സ്ഥാപനങ്ങളിലെ വ്യാപാരത്തില്‍ നിന്ന് നിശ്ചിത ശതമാനം അടക്കം വാങ്ങുന്ന ജമാഅത്ത് ഉലമ അല്‍ ഹിന്ദ് എന്ന സ്ഥാപനം തങ്ങളുടെ വരുമാനം എന്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്ന് അവരുടെ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളിലും അത് സംബന്ധിച്ച കേസുകളിലും പ്രതിയായവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയാണ് അവര്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിട്ടുള്ളത്. ഭാരതത്തെപ്പോലുള്ള ഒരു ബഹുസ്വര രാഷ്ട്രത്തില്‍ ഹലാല്‍ വിപണി ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും, ഇംഗ്ലണ്ടില്‍ അതെങ്ങനെ പ്രവര്‍ത്തിച്ചു എന്നും പരിശോധിക്കാനും അത് ചെറുക്കാനും ഉള്ള ബാധ്യത ബഹുമാനപ്പെട്ട നീതിപീഠത്തിനില്ലേ. ഈ രാഷ്ട്രത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ബഹുസ്വരതയും പരിരക്ഷിക്കപ്പെടാനും ഭാരതത്തെ ഭാരതമായി നിലനിര്‍ത്താനും ഉള്ള ബാധ്യത സുപ്രീം കോടതി വരെയുള്ള നീതിപീഠങ്ങളില്‍ നിക്ഷിപ്തമല്ലേ എന്ന പൊതുസമൂഹത്തിന്റെ ചോദ്യം നീതിപീഠങ്ങള്‍ കേള്‍ക്കുമോ?
എന്‍.സി.ഇ.ആര്‍.ടി സിലബസില്‍ ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചും വന്ന പരാമര്‍ശം പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നല്ലതുതന്നെ. എന്തായാലും എട്ടാം ക്ലാസുകാര്‍ പഠിക്കേണ്ട വിഷയമല്ല അത്. പക്ഷേ, നിയമനിര്‍മ്മാണ സഭയോ നിയമം പഠിക്കുന്ന വിദ്യാര്‍ത്ഥികളോ അടക്കമുള്ള മുതിര്‍ന്ന സമൂഹം ഇതിനെക്കുറിച്ച് ഭാവാത്മകമായ ചര്‍ച്ച നടത്തേണ്ടതല്ലേ. ജില്ലാ കോടതികളില്‍ 2.68 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. 44 ലക്ഷം കേസുകള്‍ ഹൈക്കോടതിയില്‍ ഉണ്ട്. സിവില്‍ കേസുകളില്‍ തലമുറ തലമുറകളായി കേസ് പറയുന്ന സമ്പ്രദായം ഇന്നും തുടരുന്നു. സമയബന്ധിതമായി കേസുകള്‍ പരിഗണിക്കാനും തീര്‍ക്കാനും ഉള്ള സംവിധാനം ഉണ്ടാകേണ്ടതല്ലേ. 900 ഹൈക്കോടതി ജഡ്ജിമാരില്‍ 250 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. മറ്റു ജഡ്ജിമാരുടെ 3000 ത്തോളം തസ്തികകളാണ് ഒഴിവുള്ളത്. അമേരിക്കയില്‍ 10 ലക്ഷം പേര്‍ക്ക് 130 ജഡ്ജിമാര്‍ ഉള്ളപ്പോള്‍ ഭാരതത്തില്‍ പത്ത് ലക്ഷം പേര്‍ക്ക് 15 ജഡ്ജിമാരാണുള്ളത്. ഓരോ കേസുകളും തീര്‍ക്കാന്‍ ഏറ്റവും കുറഞ്ഞത് മൂന്നര വര്‍ഷം എങ്കിലും എടുക്കുന്നു. വൈകിക്കുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ്.
ദല്‍ഹിയില്‍ തീപിടുത്തം ഉണ്ടായ ജഡ്ജിയുടെ വസതിയില്‍ നിന്ന് കിട്ടിയ ചാക്ക് കെട്ടിലെ നോട്ടുകള്‍ മുതല്‍ ചെന്നൈ ഹൈക്കോടതിയില്‍ ജഡ്ജിക്ക് കൊടുക്കാന്‍ എന്ന പേരില്‍ മുതിര്‍ന്ന അഭിഭാഷകന്‍ 50 ലക്ഷം രൂപ കൈപ്പറ്റിയതുവരെയുള്ള സംഭവങ്ങള്‍ നീതിന്യായ സംവിധാനത്തെ കുറിച്ച് പൊതുജനങ്ങളില്‍ സംശയമുണ്ടാകാന്‍ ഇടയാക്കുന്നതല്ലേ. ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഇതുവരെ ഭാരതത്തിലെ 300, 350 കുടുംബങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടതെന്നും ജഡ്ജിമാരുടെ മക്കള്‍ ജഡ്ജിമാര്‍ ആകുന്നത് തുടര്‍ച്ചയായി സംഭവിക്കുന്നു എന്ന ആരോപണവും പൊതുസമൂഹത്തില്‍ ഉണ്ടാക്കുന്ന ആശങ്ക ചെറുതാണോ? ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുമ്പോള്‍ അവിടെ സുതാര്യത നഷ്ടമാകുന്നു എന്നതുകൊണ്ട് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സുതാര്യമായ ഒരു ബദല്‍ സംവിധാനം കൊണ്ടുവരാന്‍ സുപ്രീംകോടതിക്ക് ബാധ്യത ഉണ്ടായിരുന്നില്ലേ? അഴിമതി ആരോപണങ്ങളും തെളിവ് നശിപ്പിക്കല്‍ ആരോപണങ്ങളും അടക്കം ഉണ്ടാകുമ്പോള്‍ എവിടെയാണ് ജുഡീഷ്യറിയുടെ സ്വയംപ്രതിരോധ സംവിധാനം. ആന്റണി രാജുവിന്റെ കേസ് ഇക്കാര്യത്തില്‍ മികച്ച ഉദാഹരണമാണ്. കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് തെളിവായി നല്‍കിയ അടിവസ്ത്രം പ്രതിഭാഗം അഭിഭാഷകന്‍ കൊണ്ടുപോയി ചെറുതാക്കി തിരിച്ചുകൊണ്ടുവന്ന കേസ് പ്രതി രക്ഷപ്പെട്ടിട്ടും നീതിന്യായ സംവിധാനം കണ്ടില്ല എന്ന് മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ മേലധികാരി ആയ ഐജിയും ഇടപെട്ടതുകൊണ്ട് മാത്രം ആ കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നത് ശരിക്കും ആശങ്ക ഉള്ള സംഭവമല്ലേ. അതുപോലെ ജില്ലാ ജഡ്ജിമാരുടെ നിയമനത്തില്‍ ക്രമക്കേട് നടന്നു എന്ന് കണ്ടെത്തിയിട്ടും അവര്‍ ജോയിന്‍ ചെയ്തത് കൊണ്ട് തുടരട്ടെ എന്ന തീരുമാനം ഹൈക്കോടതിയും സുപ്രീംകോടതിയും എടുത്തത് നീതിന്യായ സംവിധാനത്തിനും ധാര്‍മികതയ്ക്കും നിരക്കുന്നതാണോ?
തീര്‍ച്ചയായും ഒരു ജനാധിപത്യ സംവിധാനത്തില്‍ നീതിപീഠങ്ങളുടെ പരിധി എവിടെ വരെയാണെന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ വിട്ടൊഴിഞ്ഞു പോയിട്ടും അവരുടെ വസ്ത്രധാരണരീതിയും അവരുടെ ജോലിസമ്പ്രദായവും മധ്യവേനല്‍ അവധിയും ഒക്കെ തന്നെ ഇനിയും ഭാരതത്തില്‍ തുടരേണ്ടതുണ്ടോ? ഇക്കാര്യത്തില്‍ ഒക്കെ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. കാരണം ജുഡീഷ്യറിയും ജനാധിപത്യ സംവിധാനത്തില്‍ പരമാധികാരികളായ ജനങ്ങളുടെ ജനവിധിയ്ക്ക് താഴെ തന്നെയാണ് ഉണ്ടാകേണ്ടത്.






















