ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ.മോഹൻ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
മികച്ച വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും എല്ലായിടത്തും കുറഞ്ഞ ചെലവില്‍ ലഭിക്കുന്നുണ്ട്. അതുപോലെ ധര്‍മ്മത്തെപ്പറ്റിയുള്ള അറിവും മൂല്യങ്ങളും എങ്ങനെ ലഭ്യമാക്കാന്‍ കഴിയും? നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ പരിഷ്‌ക്കരണം ആവശ്യമുണ്ടോ.
♠സാങ്കേതിക വിദ്യയിലെ ഭാഷയെ വികസിപ്പിക്കുന്നതിനുവേണ്ടി, പുതിയ സാങ്കേതിക വിദ്യയില്‍ ഭാഷയുടെ വികസനം നടത്തുന്ന ഭാഷാപണ്ഡിതരുടെയടുത്തേക്ക് പോകേണ്ടി വരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഭാഷയുടെ ജോലി ചെയ്യുന്ന അശോക് ചക്രധര്‍ജി ഇങ്ങനെ പറഞ്ഞിരുന്നു: ”ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കുട്ടികളെപ്പോലെയാണ്. അതിനെ പഠിപ്പിക്കണം. ഞാന്‍ അതിനെ സംസ്‌കൃതത്തിലെ കാരികകളും വ്യാകരണ നിയമങ്ങളും മറ്റും പഠിപ്പിച്ചു. അപ്പോള്‍ എഐ കവിത എഴുതാനും തുടങ്ങി. ഈ ജോലി ചെയ്യാന്‍ പുത്തന്‍ സാങ്കേതിക വിദ്യയില്‍ എന്തൊക്കെയാണ് നല്‍കേണ്ടത്? അറിവുകള്‍ നല്‍കിയാല്‍ നമ്മുടെ ജോലി അതിനെക്കൊണ്ട് ചെയ്യിക്കാം. ഇത് എന്റെ മനസ്സില്‍ തോന്നിയതാണ്. താങ്കള്‍ക്ക് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ശരിയാണെന്ന് പറയാം. അതിന് ഉത്തരവും നല്‍കാം. എഐയില്‍ വാക്കുകള്‍ വരും. എന്നാല്‍ അതിന്റെ ഭാവം വരില്ല. താങ്കള്‍ വലിയ പണ്ഡിതനാണ് എന്ന് രണ്ടര്‍ത്ഥത്തിലും പറയാം. ഇവിടെ വാക്കുകള്‍ ഒന്നുതന്നെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഭാവം വാക്കുകളില്‍ കൊണ്ടുവരാന്‍ പറ്റുമോ ഇല്ലയോ എന്ന് എനിക്കറിയില്ല.
ചിലര്‍ ആര്‍.എസ്.എസ്. ഒരു സൈനിക സംഘടനയാണെന്ന ആരോപണം ഉന്നയിക്കുന്നു. സംഘം അക്രമത്തിന്റെ പാത സ്വീകരിക്കുന്നു എന്നു പറയുന്നു. ഇതില്‍ താങ്കളുടെ അഭിപ്രായമെന്താണ്? സ്വാതന്ത്ര്യസമരത്തില്‍ സംഘത്തിന്റെ പങ്കെന്താണ്? സമാജത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളിലും മറ്റ് നേട്ടങ്ങളിലും സംഘം എന്ത് പങ്കാളിത്തമാണ് നല്‍കിയത്? സമാജത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക്, സംഘത്തിന്റെ ഏകത എന്ന സന്ദേശം എത്തിക്കാന്‍ എത്ര കാലം വേണ്ടിവരും? സാമ്പത്തികവും സാമാജികവും രാഷ്ട്രീയവുമായ ചട്ടക്കൂടിനെ മാറ്റുന്നതിനുവേണ്ടി എന്ത് പദ്ധതിയാണുള്ളത്? താങ്കളുടെ കണക്കനുസരിച്ച്, സംഘം രാജ്യത്തിന്റെ ഏതൊക്കെ മേഖലകളിലാണ് ഇനിയും സ്വാധീനമുറപ്പിക്കാത്തത്? അതിനായി എന്താണ് ചെയ്യേണ്ടത്?
♠ആരോപണം ഉന്നയിക്കുന്നവര്‍ ഉന്നയിച്ചുകൊള്ളട്ടെ. സംഘത്തെപ്പറ്റിയുള്ള കള്ള ആരോപണങ്ങള്‍ മറനീക്കി സത്യം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അക്രമം നടത്തുന്ന ഒരു സംഘടനയ്ക്കും ഭാരതത്തിന്റെ 75 ലക്ഷം സ്ഥലങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല ആ സംഘടനയ്ക്ക് ജനപിന്തുണ ലഭിക്കുകയുമില്ല. ഇത് ആര്‍ക്കും മനസ്സിലാവുന്ന കാര്യമാണ്. ഇനി ഞങ്ങള്‍ അക്രമം നടത്തുന്ന സംഘടനയാണെങ്കില്‍ ഇങ്ങനെ ഒരു പരിപാടി നടത്തില്ല. പകരം ഒളിത്താവളങ്ങളില്‍ ഒളിച്ചിരുന്ന് നിങ്ങളുടെ വീടുകളില്‍ പത്രികകളും മറ്റും ഇടുമായിരുന്നു. അതുകൊണ്ട് സംഘം അക്രമ സംഘടനയാണെന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്. വളരെയധികം സഞ്ചരിച്ചതിനുശേഷമാണ് ഒരു നാണയം തിളക്കമുള്ളതും മിനുസമുള്ളതുമായിത്തീരുന്നത്. അതുകൊണ്ട് നിങ്ങള്‍ ഇത്തരം ആശയക്കുഴപ്പങ്ങളില്‍ ചെന്നുചാടരുത്. ഹിംസയെ കൂട്ടുപിടിച്ച്, മനുഷ്യരെ ഒന്നിപ്പിക്കുക എന്ന കര്‍മ്മം ചെയ്യാനാവില്ല. ശുദ്ധമായ സാത്വിക പ്രേമമാണ് നമ്മുടെ പ്രവര്‍ത്തനത്തിന് അടിസ്ഥാനം. ഡോ. ഹെഡ്‌ഗേവാര്‍, സ്വയം ഒരു വിപ്ലവകാരിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് അദ്ദേഹം രണ്ടു പ്രാവശ്യം കാരാഗൃഹവാസം അനുഭവിച്ചിട്ടുണ്ട്. 1942ലെ അഷ്ടി, ചിമൂര്‍ പ്രക്ഷോഭങ്ങളില്‍ ബലിദാനികളായവരില്‍ സ്വയംസേവകരുമുണ്ട്. ഈ പ്രക്ഷോഭത്തില്‍ പിടിക്കപ്പെട്ട് വധശിക്ഷ വിധിച്ച ചിലര്‍ക്ക്, രണ്ടാം ലോകമഹായുദ്ധാനന്തരം മോചനം ലഭിച്ചു. ഇതില്‍ പതിനൊന്ന് പേര്‍ സംഘ സ്വയംസേവകരായിരുന്നു. തുക്കഡ് മഹാരാജിന്റെ കൂടെ ജനജാഗരണവും പ്രക്ഷോഭങ്ങളും നടത്തുന്നതിലും സ്വയംസേവകര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇവര്‍ സംഘശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുത്ത് രാത്രി ഭജനകള്‍ ചൊല്ലുമായിരുന്നു. കല്ലുകളെല്ലാം ബോംബാകും, പുല്‍ക്കൊടികള്‍ ആയുധങ്ങളാകും എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഭജനകളാണ് അവര്‍ ചൊല്ലിയിരുന്നത്. വസന്ത് ദാദാ പാട്ടീല്‍, സാംഗലിയിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് വന്നപ്പോള്‍, എല്ലായിടത്തും ശക്തമായ പോലീസ് കാവല്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ചുമതല പ്രാന്ത സംഘചാലക്, ഒരു സ്വയംസേവകന് നല്‍കി. അദ്ദേഹത്തെ സ്വന്തം ചുമലില്‍ എടുത്ത് 15 കി.മീറ്റര്‍ ഓടിയാണ് ആ സ്വയംസേവകന്‍ രക്ഷപ്പെടുത്തിയത്. ലാല ഹംസരാജ് ഗുപ്താജിയുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു അരുണാ ആസിഫലിജി. അതുകൊണ്ട് സ്വാതന്ത്ര്യസമരത്തില്‍ നമ്മുടെ പങ്കാളിത്തം തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ, ഹിന്ദുരാഷ്ട്രത്തെ സ്വതന്ത്രമാക്കുന്നതിനുവേണ്ടി എന്നീ വാക്കുകള്‍ സംഘത്തിന്റെ പ്രതിജ്ഞയില്‍ തന്നെ ഉണ്ടായിരുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോള്‍ ‘സര്‍വ്വാംഗീണ’ മായുള്ള എന്ന വാക്കാണ് സംഘപ്രതിജ്ഞയില്‍. ഓരോ സ്ഥലത്തും സ്വയംസേവകര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത് സംഘടനയുടെ പേരില്‍ തന്നെയാണ്. സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ഒളിവില്‍ കഴിയുമ്പോള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍, സംഘപ്രവര്‍ത്തനം ഉള്ള സ്ഥലങ്ങളിലെല്ലാം സ്വയംസേവകര്‍ മുന്നോട്ടുവന്നിരുന്നു. വളരെയധികം സ്വയംസേവകര്‍ക്ക്, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു എന്നതിനുള്ള സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളൊക്കെ താങ്കള്‍ക്ക് രാകേശ് ജി സിന്‍ഹയുടെ ‘ഡോ. ഹെഡ്‌ഗേവാര്‍ ചരിത്ര്’ എന്ന പുസ്തകത്തില്‍ നിന്നും ലഭിക്കും. നാഷണല്‍ ബുക്ക് ട്രസ്റ്റാണ് ഇത് പ്രസിദ്ധീകരിച്ചത്. സചീന്ദ്ര് സിയാല്‍ജിയുടെ പേരക്കുട്ടിയായ സഞ്ജീവ് സാല്‍ജിയുടെ പുസ്തകത്തിലും ഇതിനെപ്പറ്റി പറയുന്നുണ്ട്. സുരുചി പ്രകാശന്‍ പ്രസിദ്ധീകരിച്ച ‘സ്വതന്ത്രതാ സംഗ്രഹ്’ എന്ന എന്റെ പുസ്തകത്തിലും ഈ വിവരങ്ങള്‍ ഉണ്ട്. ഈ പുസ്തകം താങ്കള്‍ക്ക് ദല്‍ഹിയില്‍ നിന്ന് ലഭിക്കും. സമാജത്തിനുവേണ്ടി എല്ലാം ചെയ്യണമെന്നതാണ് സംഘത്തിന്റെ ആഗ്രഹം. അതുകൊണ്ട് നമ്മള്‍ ഒരിക്കലും വേറെ പതാക ഉയര്‍ത്താറില്ല. എല്ലാ നല്ല പരിശ്രമങ്ങളെയും സംഘം പിന്തുണക്കുകയും അതില്‍ ഭാഗഭാക്കാവുകയും ചെയ്തിട്ടുണ്ട്. സമാജത്തിനുവേണ്ടി ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം നല്‍കാനുള്ള സ്വാതന്ത്ര്യം എല്ലാ സ്വയംസേവകര്‍ക്കുമുണ്ട്. ഇത്തരം നല്ല പ്രവര്‍ത്തനങ്ങളില്‍ സ്വയംസേവകര്‍ പങ്കെടുക്കണമെന്നാണ് സംഘം ആഗ്രഹിക്കുന്നത്. സ്വയംസേവകര്‍, ആവശ്യപ്പെടാതെ തന്നെ സമാജ നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. നിസ്വാര്‍ത്ഥ ബുദ്ധിയോടെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിവുളള കാര്യകര്‍ത്താക്കളെയാണ് സംഘം സൃഷ്ടിച്ചത്. ഇതാണ് പ്രധാനപ്പെട്ട കാര്യം. സ്വയംസേവകര്‍ ഏത് സംഘടനകളിലാണോ പ്രവര്‍ത്തിക്കുന്നത്, ആ സംഘടനകള്‍ക്ക് തന്നെയാണ് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ബഹുമതിയും കൊടുക്കേണ്ടത്. സേവനസന്നദ്ധരായ കാര്യകര്‍ത്താക്കളെ വാര്‍ത്തെടുത്തു എന്ന ബഹുമതി മാത്രമേ സംഘം അവകാശപ്പെടുന്നുള്ളൂ. സംഘം ഈ പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും. എത്ര കാലം ഇത് തുടരും എന്ന് എനിക്ക് പറയാന്‍ കഴിയില്ല. താങ്കള്‍ക്ക് ഒരു ജ്യോതിഷിയെ സമീപിക്കാവുന്നതാണ്. നമ്മുടെ പ്രവര്‍ത്തനം ലക്ഷ്യം കാണുന്നതുവരെ, നാം വിശ്രമിക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.
സംഘത്തിന് പദ്ധതികളൊന്നുമില്ല. സംഘം ശാഖ നടത്തുക മാത്രമാണ് ചെയ്യുന്നത്. സ്വയം സേവകരെ തയ്യാറാക്കുന്നു. സ്വയംസേവകര്‍ക്കാണ് പദ്ധതികളുള്ളത്. സാമ്പത്തിക, സാമാജിക, രാജനൈതിക മേഖലകളിലെല്ലാം തന്നെ സംഘത്തിന്റെ ഒന്നോ അതില്‍ കൂടുതലോ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെയൊക്കെ പ്രവര്‍ത്തനഫലമായി സാവധാനം വ്യവസ്ഥാ പരിവര്‍ത്തനം ഉണ്ടാവുന്നുണ്ട്. മസ്ദൂര്‍ സംഘ്, തൊഴിലാളി മേഖലയില്‍ പുതിയ ഒരു ദര്‍ശനം അവതരിപ്പിച്ചു. ഇന്റര്‍നാഷണല്‍ തൊഴിലാളി സംഘടനകള്‍ പോലും ഇന്ന് ഈ ദര്‍ശനത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യവസ്ഥകള്‍ മാറാനുള്ള പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മാതൃകാ വ്യക്തിത്വങ്ങളെ ഓരോ മേഖലയിലും സൃഷ്ടിക്കാനാണ് സംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാവധാനം നമ്മുടെ പ്രവര്‍ത്തനം വിജയത്തിലെത്തും. സംഘം ഇനിയും സ്വാധീനമുറപ്പിക്കാത്ത മേഖലകളിലേക്കും നമ്മുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഈ ശതാബ്ദിവര്‍ഷത്തില്‍ ഈ ലക്ഷ്യം നാം കൈവരിക്കും. അങ്ങനെ ശതാബ്ദി വര്‍ഷാവസാനത്തോടെ എല്ലാ മേഖലകളിലും നമ്മുടെ പ്രവര്‍ത്തനം എത്തിക്കുകയും തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യും.
(തുടരും)
വിവര്‍ത്തനം:
ഡോ.പി.വി. സിന്ധു രവി





















