ഭാഷാപോഷിണി ഫെബ്രുവരി ലക്കത്തില്‍ ഡോക്ടര്‍ കെ.എസ്. ശ്രീനാഥ് അരങ്ങും ലോകവും എന്ന പേരില്‍ നാടകത്തെക്കുറിച്ച്, പ്രത്യേകിച്ചും പാശ്ചാത്യനാടകത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയിരിക്കുന്നു. ലേഖനത്തിന്റെ ഒന്നാംഭാഗം മാത്രമാണ് ഈ ലക്കത്തില്‍ ഉള്ളത്. അടുത്ത ലക്കങ്ങളില്‍ എന്താണ് എഴുതാന്‍ പോകുന്നത് എന്നു നിശ്ചയമില്ല. അരങ്ങിനെക്കുറിച്ച് പൊതുവെ പറയുന്നെങ്കിലും തൊണ്ണൂറുശതമാനവും ഷേക്‌സ്പിയര്‍ നാടകങ്ങളെക്കുറിച്ചാണ് പറയുന്നത്. പാശ്ചാത്യനാടകം എന്നു പറയുമ്പോള്‍ ഷേക്‌സ്പിയറിനെക്കൂടാതെ നോര്‍വീജിയന്‍ നാടകകൃത്തായ ഇബ്‌സണ്‍, ബര്‍ണാഡ്ഷാ, ജര്‍മ്മന്‍ നാടകക്കാരനായ ബര്‍തോള്‍ഡ് ബ്രക്ത്, അമേരിക്കന്‍ നാടകകൃത്തായ യൂജിന്‍ ഓനീം ആര്‍തര്‍മില്ലര്‍ ഇങ്ങനെ ചിലരുടെ നാടകങ്ങള്‍ നമുക്ക് അടുത്തു പരിചയമുള്ളതാണ്. ഇവരെക്കൂടാതെ ഹരോള്‍ജ് പിന്റര്‍ ജേഴ്‌സിഗ്രോട്ടോവ്‌സ്‌കി, അന്റോയിന്‍ ആര്‍ത്താഡ് തുടങ്ങി കുറേ പേരുകള്‍ നാടകനിരൂപകര്‍ പറഞ്ഞു നടക്കാറുണ്ടെങ്കിലും അവരുടെ നാടകസംഭാവനകളെക്കുറിച്ച് സമഗ്രമായ അറിവ് നാടകനിരൂപകര്‍ക്കില്ല. അത് നിരൂപകരുടെ കുറ്റമല്ല. ഇവരുടെയൊക്കെ പരീക്ഷണങ്ങള്‍ തീമാറ്റിക് (Thematic) എന്നതിനെക്കാളുപരി തീയട്രിക്കല്‍ (Theatrical) ആണ്.
പാശ്ചാത്യ നാടകത്തിന്റെ പ്രത്യേകിച്ചും ആംഗല നാടകവേദിയുടെ പ്രമേയപരമായ ചര്‍ച്ച എപ്പോഴും ഷേക്‌സ്പിയറിലേയ്‌ക്കേ എത്തുകയുള്ളൂ. കാരണം ഷേക്‌സ്പിയറുടെ പ്രതിഭാ വിലാസം മറ്റൊരു നാടകകൃത്തിലും ഇല്ല. ബര്‍ണാഡ്ഷായേ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ കൊണ്ടാടിയെങ്കിലും ഇന്ന് തികച്ചും അപ്രസക്തനായിക്കഴിഞ്ഞിരിക്കുന്നു. അക്കാലത്തെ സദാചാര സങ്കല്പങ്ങളെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം അവതരിപ്പിച്ച പലതും ആ കാലഘട്ടത്തിനുമാത്രം പ്രസക്തമായിരുന്നു. ക്രിയാംശം തീരെക്കുറഞ്ഞ ഷായുടെ നാടകങ്ങള്‍ക്ക് ഇന്നു പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഇംഗ്ലീഷ് എഴുത്തുകാര്‍ പലരും ഇവിടെ എടുത്തെഴുന്നള്ളിക്കുന്നതുപോലെ പ്രതിഭയുള്ളവരല്ല. പലരേയും അടുത്തറിയുമ്പോള്‍ പിഗ്മികളാണെന്നു തിരിച്ചറിയാനാവും. എന്നാല്‍ അടുത്തറിയുന്തോറും മഹത്വം കൂടിവരുന്നതായി നമുക്ക് അനുഭവപ്പെടുന്ന ഒരേയൊരു എഴുത്തുകാരനാണ് ഷേക്‌സ്പിയര്‍. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കു പകരം വയ്ക്കാന്‍ ലോകസാഹിത്യത്തിലെങ്ങും മറ്റൊരാളില്ല.
ഷേക്‌സ്പിയര്‍ എന്ന മഹാ ഇതിഹാസത്തെ ഇംഗ്ലീഷുകാര്‍ തിരിച്ചറിയുന്നു. അവരുടെ സംസ്‌കാരാഭിമാനമായി അവര്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കാണിക്കുന്നു. ആവോണ്‍ നദിക്കരയിലെ അദ്ദേഹത്തിന്റെ ഭവനം നാടകങ്ങള്‍ അവതരിപ്പിക്കുന്ന ഗ്ലോബ് തിയറ്റര്‍ എന്നിവയെല്ലാം അവര്‍ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നു. വിശ്വനാടകകൃത്തിനെപ്പോലെ മലയാളത്തിന് എക്കാലത്തേയ്ക്കുമായി കരുതിവയ്ക്കാവുന്ന ഒരു മൂലധനമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. അതു കിളിക്കുറിശ്ശി മംഗലത്തു കലക്കത്തു ഭവനത്തില്‍ ജനിച്ച കുഞ്ചന്‍ നമ്പ്യാരാണ്. വിവര്‍ത്തനത്തിലൂടെ മറ്റു ഭാഷകളിലേക്ക് നമ്പ്യാരെ എത്തിക്കുക എളുപ്പമല്ല. എന്നിരിക്കിലും വലിയ പരിശ്രമം നടത്തിയാല്‍ സാധ്യമായേക്കും. അത്തരം പരിശ്രമങ്ങളെന്തെങ്കിലും ഗൗരവമായി മലയാളത്തില്‍ ഇതുവരെ നടന്നതായി അറിവില്ല. കുട്ടികൃഷ്ണമാരാരെപ്പോലുള്ള നിരൂപകര്‍ സദാചാരത്തിന്റെ കുറുവടികള്‍ വച്ച് അളന്ന് നമ്പ്യാരെ മോശം കവിയെന്ന് വിലയിരുത്തിയതു കാരണം പ്രതിഭയുടെ ആ മഹോത്സവത്തെ ആരും തിരിച്ചറിയാതെപോയി. കിള്ളിക്കുറിശ്ശിമംഗലത്തെ കവിയുടെ ജന്മഗൃഹം പോലും അവഗണന അനുഭവിക്കുന്നതായി പറഞ്ഞു കേള്‍ക്കുന്നു.
നാടകം എന്ന എല്ലാക്കാലത്തേക്കും പ്രസക്തമായ സമഗ്രമായ ഒരു ദൃശ്യകലയ്ക്ക് പകരം വയ്ക്കാന്‍ തുള്ളല്‍ എന്ന ഏകാംഗ കല കൊണ്ടു സാധിക്കില്ല. എന്നാല്‍ രണ്ടിനും ഉപയോഗിച്ച സാഹിത്യത്തിലെ കാവ്യാംശത്തെ പരിശോധിക്കുന്നതില്‍ തെറ്റൊന്നുമില്ല. അതിന്റെ താരതമ്യത്തില്‍ നമ്പ്യാര്‍ ഷേക്‌സ്പിയറിന് ഒപ്പമെത്തില്ല എന്ന് തറപ്പിച്ചു പറയാനാവില്ല. ഷേക്‌സ്പിയറില്‍ ഉള്ളതു പോലെ സൂക്ഷ്മമായ ജീവിത നിരീക്ഷണവും ജീവിതവിമര്‍ശനവുമെല്ലാം നമ്പ്യാരിലും കാണാം. രണ്ടു പേരും പദസമൃദ്ധിയില്‍ പരസ്പരം മത്സരിക്കുന്നതു കാണാം. കാവ്യാംശം നമ്പ്യാരില്‍ ഏറി നില്‍ക്കുന്നെങ്കിലേയുള്ളൂ. വിശ്വനാടകകൃത്ത് അദ്ദേഹത്തിന്റെ നാടകരചനാ വൈദഗ്ദ്ധ്യംകൊണ്ടു മാത്രമല്ല ഇന്നും സ്വീകരിക്കപ്പെടുന്നത്. അങ്ങനെയായിരുന്നെങ്കില്‍ മാര്‍ലോയും ബെന്‍ജോണ്‍സനുമെല്ലാം ലോകപ്രശസ്തരാകേണ്ടതായിരുന്നു. നാടകസാഹിത്യവുമായി അദ്ദേഹം ചേര്‍ത്തുവച്ച കവിതയാണ് ഷേക്‌സ്പിയറിന്റെ ഏറ്റവും വലിയ സവിശേഷത. സംഭാഷണങ്ങളിലെ കാവ്യാംശമാണ് ഈ ഇംഗ്ലീഷ് നാടകകൃത്തിനെ ഇന്നും ലോകത്തിന് പ്രിയകരനാക്കുന്നത്.
‘Shall I compare thee to a summer’s day Thou art more lovely and more temperate (sonnet 18) (are എന്നതിന്റെ പഴയരൂപമാണ് art).
My bounty is as boundless as the sea
My love as deep the more I give to thee (Romeo and Juliet)
We are such stuff As dreams are made on and our little life is rounded with a sleep. (The tempest)
How far that little candle throws his beams so shines a good deed in a naughty world. (Antony and Cleopatra)
പ്രണയത്തെക്കുറിച്ച് ഷേക്‌സ്പിയറിന്റെ കാലത്തെ ഇംഗ്ലണ്ടില്‍ പ്രസരിച്ചിരുന്ന കാല്പനികഭാവമൊന്നും നമ്പ്യാരുടെ കാലത്തെ കേരളത്തിലുണ്ടായിരുന്നില്ല. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മറ്റൊന്നായിരുന്നു. അതുകൊണ്ടുതന്നെ നമ്പ്യാര്‍ കാല്പനിക പ്രണയത്തെക്കുറിച്ച് ഒന്നുമെഴുതിയിട്ടില്ല. എങ്കിലും സ്ത്രീപുരുഷബന്ധത്തിന്റെ സൂക്ഷ്മതലങ്ങളിലേയ്ക്ക് നമ്പ്യാര്‍ എത്തിനോക്കുന്നുണ്ട്. ‘കപികളുമംഗനമാരും സമമെന്നുപമിക്കുന്നതു സൂക്ഷ്മമതോര്‍ത്താല്‍’ (അഹല്യമോക്ഷം) എന്ന് നമ്പ്യാര്‍ എഴുതുന്നത് Fraility thy name is woman എന്ന ഷേക്‌സ്പിയര്‍ വചനത്തിനുതുല്യം തന്നെയാണെന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാവും.
”അംഗനമാരുടെ സംസാരത്തിനുസംഗതിചേരണമെന്നില്ലല്ലോ” (പ്രദോഷമാഹാത്മ്യം)
ഈ വരികളും അതേ ആശയം തന്നെയാണല്ലോ വഹിക്കുന്നത്.
പണമുള്ളവനേ പെണ്ണിനു വേണ്ടൂ
ഗുണമുള്ളവനിലൊരാദമില്ല
പണവും കൊണ്ടിഹ ചെല്ലാത്തവനും
തൃണവുമവള്‍ക്കൊരുഭേദവുമില്ല (പ്രദോഷ മാഹാത്മ്യം)
ഇതൊക്കെ ഇന്നത്തെക്കാലത്ത് സ്ത്രീവിരുദ്ധമാണെങ്കിലും അക്കാലത്തെ സാമൂഹ്യസ്ഥിതിയെ സത്യസന്ധമായി അവതരിപ്പിക്കുന്നതാണ്. കണ്ണിണകൊണ്ടു കടുകുവറുക്കുന്ന പെണ്ണിനെക്കണ്ടാലടങ്ങുമോ പൂരുഷന്‍’ (സുന്ദോപ സുന്ദോപാഖ്യാനം) എന്നത് എക്കാലത്തേയ്ക്കും പ്രസക്തമാണല്ലോ. ഇത്തരത്തില്‍ സനാതനത്വമവകാശപ്പെടാവുന്ന എത്രയോ വരികള്‍ നമ്പ്യാര്‍ക്കുമുണ്ട്. കേരള സംസ്‌കാരത്തിന്റെ പ്രാതിനിധ്യം നമ്പ്യാരിലുള്ളതുപോലെ മറ്റെവിടെയുമില്ല. നമ്മുടെ ദൃശ്യകലാപാരമ്പര്യത്തിന്റെ നേരവകാശി കഥകളിയാണെങ്കിലും തുള്ളലും സംരക്ഷിക്കപ്പെടേണ്ട കല തന്നെ. രാമപാണിവാദന്‍ എന്ന പേരില്‍ സംസ്‌കൃതത്തിലും നമ്പ്യാര്‍ തന്റെ അമേയമായ കാവ്യസിദ്ധി പ്രകടിപ്പിച്ചിട്ടുണ്ട്. അതൊക്കെ സംരക്ഷിക്കേണ്ടതും ആവര്‍ത്തിച്ചുവിശകലനം ചെയ്യേണ്ടതും നമ്മുടെ സംസ്‌കാരത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കുമാവശ്യമാണ്.
ഷേക്‌സ്പിയറും നമ്പ്യാരും തമ്മില്‍ ഒരു താരതമ്യവുമില്ല എന്നു പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ ചിലതുണ്ട്. രണ്ടുപേരും അനന്യമായ കാവ്യസിദ്ധിയാല്‍ അനുഗൃഹീതരാണ്. രണ്ടാളും കവിതയെ അവതരിപ്പിച്ചത് ഒരു ദൃശ്യകലയുടെ ഭാഗമായാണ്; ഷേക്‌സ്പിയര്‍ നാടകം നമ്പ്യാര്‍ തുള്ളല്‍. ജീവിച്ചിരുന്ന കാലഘട്ടത്തിലെ അറിവിനെ മുഴുവന്‍ സ്വാംശീകരിച്ചവരാണ് രണ്ടുപേരും. ഷേക്‌സ്പിയറിന്റെ ഈ ജ്ഞാനധാരാളിത്തത്തെ റോബോര്‍ട്ട് ഗ്രീന്‍ (Robert Greene) Jack of all Trades എന്നു വിളിച്ചു പരിഹസിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഷേക്‌സ്പിയറിനെക്കാള്‍ ബഹുദൂരം മുന്നിലാണ് നമ്പ്യാര്‍. കടലോളം അറിവുണ്ടായിരുന്നു നമ്പ്യാര്‍ക്ക്. ഷേക്‌സ്പിയറിന്റെ വരികള്‍ പലതും ഇംഗ്ലീഷിലെ പഴഞ്ചൊല്ലുകളായി. നമ്പ്യാരുടേതിനെക്കുറിച്ചു പറയേണ്ടതില്ലല്ലോ. പദധാരാളിത്തത്തിലും രണ്ടുപേരും ഒപ്പത്തിനൊപ്പമോ നമ്പ്യാര്‍ കുറച്ചു മുന്‍പിലോ നില്‍ക്കും. അതുപോലെ ജീവിത നിരീക്ഷണത്തിലും മാനസികാപഗ്രഥനത്തിലും രണ്ടുപേര്‍ക്കും ഒരേ പോലെ താല്പര്യമുണ്ട്. അതൊക്കെ എക്കാലത്തേയ്ക്കും പ്രസക്തവുമാണ്. ഷേക്‌സ്പിയറിനില്ലാത്ത ധാരാളം കഴിവുകള്‍ നമ്പ്യാര്‍ക്കുണ്ട്. അദ്ദേഹം നാടന്‍ താളങ്ങള്‍ പലതും കണ്ടെത്തി അതിനൊക്കെ ചേര്‍ന്ന രീതിയില്‍ കവിതയെത്തന്നെ ചിട്ടപ്പെടുത്തി തുള്ളലില്‍ അവതരിപ്പിച്ചു. ആ വിഷയത്തില്‍ അപാരജ്ഞാനമായിരുന്നു നമ്പ്യാര്‍ക്ക്. ഷേക്‌സ്പിയറിന് അക്കാലത്തെ ഇംഗ്ലീഷ് എഴുത്തുകാര്‍ക്ക് അവശ്യം വേണ്ടിയിരുന്ന ക്ലാസിക് ഭാഷാജ്ഞാനം തീരെ കമ്മിയായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ വലിയ നാടകകൃത്തായിരുന്ന ബെന്‍ജോണ്‍ (Ben Johnson) അദ്ദേഹത്തെ Small Latin and Less Greek എന്നിങ്ങനെ കളിയാക്കിയിരുന്നു (Little Latin and Less Greek) എന്നാല്‍ നമ്പ്യാരാകട്ടെ സംസ്‌കൃതത്തില്‍ അഗാധജ്ഞാനമുള്ള വ്യക്തിയായിരുന്നു. സംസ്‌കൃതജ്ഞാനമുണ്ടായിരിക്കേ തന്നെ അദ്ദേഹം ”കടുകടേപടുകഠിന സംസ്‌കൃത വികട കടുകവി കേറിയാല്‍ ഭടജനങ്ങള്‍ ധരിക്കയില്ല തിരിക്കുമൊക്കയുമേറ്റുടന്‍” എന്ന ബോധ്യം കൊണ്ടു അതിലളിത മലയാളത്തില്‍ എഴുതുകയായിരുന്നു. തുള്ളല്‍ കൂടാതെ അനേകം സംസ്‌കൃത കൃതികളും പ്രാകൃതകൃതികളും ആട്ടക്കഥകളും ഒക്കെ നമ്പ്യാര്‍ രചിച്ചിട്ടുള്ളതായി കേരള സാഹിത്യ ചരിത്രത്തില്‍ ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്‌കൃതത്തിലെഴുതാന്‍ അദ്ദേഹം സ്വീകരിച്ച പേരാണ് രാമപാണി വാദന്‍ എന്ന് മഹാകവി തറപ്പിച്ചു പറയുന്നു. അയത്‌നലളിതമായ ആ എഴുത്ത് പരിശോധിച്ചാല്‍ അതു നമ്പ്യാര്‍ തന്നെയെന്ന് ആര്‍ക്കും മനസ്സിലാകും. ചുരുക്കത്തില്‍ പ്രതിഭയുടെ ഒരു പാരാവാരമായ നമ്പ്യാരെ വീണ്ടെടുത്ത് കേരള സംസ്‌കൃതിയുടെ തലപ്പത്തു പ്രതിഷ്ഠിക്കാനായി ഓരോ മലയാളിയും സമരസജ്ജരാകേണ്ടിയിരിക്കുന്നു.
മലയാളം വാരികയില്‍ സച്ചിദാനന്ദന്‍ എഴുതിയിരിക്കുന്ന കവിത (ഫെബ്രു. 9) ‘ചാരുമജൂംദാര്‍ സ്വര്‍ഗത്തില്‍’ കവിയുടെ വ്യക്തി ജീവിതത്തിലേയ്ക്കും രാഷ്ട്രീയ നിലപാടുകളിലേയ്ക്കും വെളിച്ചം വീശുന്ന ഒന്നാണ്. ഇപ്പോഴത്തെ വിവാദവും അതിനോടു ചേര്‍ത്തുവയ്ക്കാവുന്നതാണ്. കവികള്‍ക്കു ഒരു റേറ്റിങ്ങ് കൊടുക്കാമെങ്കില്‍ മലയാളത്തിലെ ഇന്നു ജീവിച്ചിരിക്കുന്ന കവികളില്‍ ഒന്നാം സ്ഥാനക്കാരന്‍ സച്ചിദാനന്ദന്‍ തന്നെയാണ്. കവിതയെക്കുറിച്ചും ലോകസാഹിത്യത്തെക്കുറിച്ചുമുള്ള അറിവുകൊണ്ടും കാവ്യരചനാസിദ്ധികൊണ്ടും ഈ കവിക്ക് ഒപ്പം നില്‍ക്കാന്‍ പോന്ന ആരും ഇന്നത്തെ മലയാളത്തിലില്ല. എന്നാല്‍ നമ്മളെ അത്ഭുതപ്പെടുത്തുന്നവിധം കഴമ്പില്ലാത്ത നികൃഷ്ടമായ രാഷ്ട്രീയ നിലപാടുകള്‍ വഴി എല്ലാവരുടേയും വെറുപ്പ് കവി സമ്പാദിച്ചു കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ഒരു ബന്ധു ജമാഅത്ത് ഇസ്ലാമിയുടെ വലിയ പ്രവര്‍ത്തകനായതുകൊണ്ടാണെന്നു ചിലര്‍ പറയുന്നു. കവി എന്നും ആ ഭീകരവാദസംഘടനയുടെ നിലപാടിനൊപ്പമാണ് നിലകൊള്ളുന്നത്. സ്വന്തം കുടുംബത്തില്‍ വിവാഹബന്ധം വഴിയോ മറ്റോ ഒരു മതഭീകരവാദിയെത്തിച്ചേര്‍ന്നാല്‍ ലോകപ്രശസ്തനായ ഒരു കവി മതഭീകരതയ്ക്കു ചൂട്ടുപിടിക്കേണ്ടതുണ്ടോ? അത്രയ്ക്ക് ഭീരുവാണോ അദ്ദേഹം. അത്ഭുതം തോന്നുന്നു.
ഇപ്പോഴത്തെ രാഷ്ട്രീയനിലപാടിന്റെ പിറകിലും ജമാഅത്ത് ഇസ്ലാമിയുടെ താല്പര്യമുള്ളതായി പറഞ്ഞു കേള്‍ക്കുന്നു. ഇത്രയും കാലം എല്‍ഡിഎഫിനോടൊപ്പം നിന്ന ആ ഭീകരവാദി പ്രസ്ഥാനം ഇപ്പോള്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതിനാല്‍ കവിയും അങ്ങോട്ടു നീങ്ങിയതാണെന്ന് പരക്കേ വിശ്വസിക്കപ്പെടുന്നുണ്ട്. ഒരു കാലത്ത് നക്‌സലൈറ്റായിരുന്ന ഈ കവിയ്ക്ക് എങ്ങനെ ജമാഅത്ത് ഇസ്ലാമിയുടെ കുഴലൂത്തുകാരനാവാന്‍ കഴിയുന്നു. മലയാള കവികളില്‍ കവിത, ഭാഷാ സാഹിത്യം എന്നിവയെക്കുറിച്ച് അടിസ്ഥാന ധാരണയുള്ള കവികള്‍ ഏറിയാല്‍ ഒരു പത്തുപേരില്‍ താഴെ മാത്രമേ ഉണ്ടാവൂ. അതില്‍ ഒന്നാമനായി നില്‍ക്കുന്നയാള്‍ ഇത്രയും തരംതാഴ്ന്നാല്‍ പിന്നെ മറ്റുള്ളവര്‍ എങ്ങനെ ആയിത്തീരും?
ദേശീയ നിലപാടും രാജ്യസ്‌നേ ഹവുമുള്ള കവികളെ ആരേയും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം നല്‍കുന്നില്ല എന്നതിനാല്‍ അത്തരം കവികളെ നമ്മളിപ്പോള്‍ കാണുന്നതേയില്ല. കേരളം ഭാരതവിരുദ്ധതയുടെ വിളഭൂമിയാണിപ്പോള്‍. അത്തരം നിലപാടുമായി ഇനി അധികകാലം മുന്നോട്ടു പോകാന്‍ കേരളത്തിനു കഴിയില്ല എന്നത് യാഥാര്‍ത്ഥ്യം.
‘ചാരുമജൂംദാര്‍ സ്വര്‍ഗത്തില്‍’ എന്ന കവിത സച്ചിദാനന്ദന്റെ കുമ്പസാരമെന്ന് വേണമെങ്കില്‍ പറയാം. ചാരുമജൂംദാറെ ഇന്നത്തെ തലമുറ മിക്കവാറും മറന്നു കഴിഞ്ഞു. 60കളുടെ അവസാനവും 70കളുടെ ആദ്യവും ഭീകരമായ കൊലപാതകങ്ങള്‍ വഴി ഇന്ത്യന്‍ ഗ്രാമങ്ങളെ ഞെട്ടിച്ച ചുവപ്പു ഭീകര പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന മജൂംദാറെ കുറിച്ചോര്‍ ക്കുമ്പോള്‍ തന്നെ രക്തം തണുത്തുറഞ്ഞു പോകുന്നു. കവി ഒരു കാര്യം സമ്മതിക്കുന്നുണ്ട് ”നാം ഉയര്‍ത്തിപ്പിടിച്ച എല്ലാ മാതൃകകളും മ്യൂസിയത്തിലോ മുസോളിയത്തിലോ ആയി” എന്ന്. ”ഞാനിപ്പോള്‍ സമ്മതിക്കുന്നു ജനാധിപത്യത്തിനും സമഗ്രാധിപത്യത്തിനും ഒന്നിച്ചു ജയിക്കാനാവില്ല” എന്നും. അത്രയെങ്കിലും യാഥാര്‍ത്ഥ്യബോധം കവിക്കുണ്ടായല്ലോ!
കമ്മ്യൂണിസ്റ്റ് താടി വച്ചു നടക്കുന്ന മതഭീകരവാദി പി.കെ. പോക്കര്‍ മലയാളത്തില്‍ നല്‍കിയിരിക്കുന്ന അഭിമുഖത്തിന്റെ തലക്കെട്ട് ”കീഴാളവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ ഒന്നിലേയ്ക്ക്” എന്നാണ്. മതഭീകരതയുടെ കുരുട്ടു തന്ത്രങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. ദളിതരോട് അവര്‍ കാണിക്കുന്ന സഹാനുഭൂതി അവരെ മതം മാറ്റാന്‍ വേണ്ടിയുള്ള കാപട്യം മാത്രമാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ കപടതന്ത്രം ഇനി വിലപ്പോകുമെന്നു തോന്നുന്നില്ല. താങ്കള്‍ പറയുന്ന ന്യൂനപക്ഷം കേരളമുള്‍പ്പെടെ പലയിടത്തും ഇപ്പോള്‍ ഭൂരിപക്ഷമാണ്. കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്നത് ഭൂരിപക്ഷം മാത്രമാണ്.






















