ഞാന്‍ ഗള്‍ഫില്‍ നിന്നും 1995ല്‍ മടങ്ങിയെത്തിയശേഷം കഥകളി കാണുമ്പോള്‍ അരങ്ങ്, ആനപ്പന്തലില്‍ നിന്നും ഊട്ടുപുരയിലെ രണ്ടാമത്തെ നിലയില്‍ പടിഞ്ഞാറുവശത്തേക്ക് മാറ്റിയിരുന്നു. ദൃശ്യഭംഗിയില്‍ ഏറ്റവും കേമം ആനപ്പന്തലില്‍ ആയിരുന്നു എങ്കിലും ഇടക്ക് പലപ്പോഴും മഴപെയ്തിരുന്നു എന്നതിനാല്‍ കളി പലവട്ടം നിര്‍ത്തിവക്കേണ്ടിവന്നിരുന്നു. ഇത് വലിയ അസൗകര്യം ഉണ്ടാക്കി. പഴയ കാലത്തു തന്നെ കൃഷ്ണന്‍ നായര്‍ ആശാന്‍ ഉള്‍പ്പടെ പലരും ഇതില്‍ ഉത്സവ കമ്മറ്റിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മറ്റൊരു ആക്ഷേപം അണിയറ ഊട്ടുപുരയുടെ താഴത്തെ നിലയിലാണ് എന്നതായിരുന്നു. അവിടെ നിന്നും വേഷം ഒരുങ്ങി ആനപ്പന്തല്‍ വരെ നടന്മാര്‍ നടന്നുപോകേണ്ടിയിരുന്നു. ഈ കാര്യങ്ങള്‍ പരിഗണിച്ച് കഥകളി ഊട്ടുപുരയിലേക്ക് മാറ്റിയത് നന്നായി. ഇപ്പോള്‍ അരങ്ങും, അണിയറയും, ഒരു ഭിത്തിയുടെ ഇരുവശവും ആണ്. രാജഭരണകാലത്തും, കൊച്ചി രാജാക്കന്മാര്‍ക്ക് കാണാനായി ഊട്ടുപുരയില്‍ കഥകളി ഒരുക്കിയിരുന്നു. അതില്‍ ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണന്‍ നായര്‍, ഗുരു ചെങ്ങന്നൂര്‍, വച്ചൂര്‍ രാമന്‍പിള്ളയാശാന്‍, കുറിച്ചികുഞ്ഞന്‍ പണിക്കര്‍ എന്നിവര്‍ 1930 കാലം മുതല്‍ കൊച്ചി തമ്പുരാന്റെ പ്രത്യേക താല്‍പര്യം കാരണം ഊട്ടുപുരയില്‍ വന്നിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. തിരുവിതാംകൂറിലെ കൊട്ടാരം കളിയോഗം പ്രസിദ്ധമാണ്. കൊച്ചിയിലും കൊട്ടാരം കളിയോഗം ഉണ്ടായിരുന്നു, വളരെ മുമ്പുതന്നെ. അതിനെ പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്.
ആധുനിക കാലത്തും നിരവധി കഥകളി പ്രതിഭകള്‍ വളര്‍ന്ന് വന്നിട്ടുണ്ട്. സദനം കൃഷ്ണന്‍ കുട്ടി നായര്‍ കത്തി, വെള്ളത്താടി, ചുവന്നതാടി, കരി എന്നിവയില്‍ അതുല്യമായ അഭിനയ മിഴിവ് പുലര്‍ത്തുന്ന നടനാണ്. ‘പിശപ്പിള്ളി രാജീവന്‍ നമ്പൂതിരി, ആധുനിക കാലത്തെ കഥകളിയിലെ വാഗ്ദാനമാണ്. അദ്ദേഹം സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠനം കഴിഞ്ഞ്, അഭിനയത്തിന്റെ ആധുനിക പഠനങ്ങളെ പറ്റി അറിയുന്ന വ്യക്തിയാണ്. കത്തിയിലും, മിനുക്കിലും സ്ത്രീവേഷങ്ങളിലെ രൗദ്രകഥാപാത്രങ്ങളിലും മിഴിവാര്‍ന്ന അഭിനയം കാഴ്ചവയ്ക്കുന്ന അഭിനയ സാമ്രാട്ടാണ് ‘കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍’. അദ്ദേഹത്തിന്റെ കത്തിവേഷങ്ങളും, മിനുക്കു വേഷമായ പരശുരാമനും, മാഗധേയം എന്ന കഥയില്‍ ജരാസന്ധന്റെ പുത്രിയെ അവതരിപ്പിച്ചു കണ്ടപ്പോള്‍ കൃഷ്ണനോടുള്ള പ്രതികാരവാഞ്ഛയില്‍ കത്തിക്കാളുന്ന അമര്‍ഷത്തിന്റെ പ്രതീകമായി മാറി ആ കഥാപാത്രം നന്ദകുമാരനാശാന്റെ അഭിനയത്തില്‍. ചുവന്ന താടി, കരി അല്ലെങ്കില്‍ നിണം വേഷങ്ങളില്‍ കാണികളെ കലാസ്വാദനത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിക്കുന്ന ‘കോട്ടക്കല്‍ ദേവദാസ്’ ആധുനികകാലത്ത് കഥകളി എന്ന കലയ്ക്ക് സിദ്ധിച്ച വരദാനമാണ്. കൃഷ്ണന്‍കുട്ടി പുതുവാള്‍ എന്ന കഥകളിയിലെ സവ്യസാചി രചിച്ച്, രംഗാവിഷ്‌ക്കാരം നല്‍കിയ ‘ഭീഷ്മ ശപഥം’ എന്ന കഥയിലെ കഥകളിയിലെ ശന്തനുമഹാരാജാവിന്റെ റാണിയാവുന്ന സത്യവതിയുടെ അച്ഛനായ മുക്കുവ പ്രമാണിയെ രംഗത്ത് ഇത്ര മനോഹരമാക്കി തീര്‍ത്ത കോട്ടക്കല്‍ ദേവദാസ് ആശാന്‍ കഥകളിയുടെ അമൂല്യസ്വത്താണ്. സദന്‍ വിജയന്‍ വാര്യര്‍ പച്ച, കത്തി, മിനുക്ക്, സ്ത്രീവേഷങ്ങള്‍ കഥകളിയുടെ സൗന്ദര്യം നിലനിര്‍ത്തി രംഗത്ത് അവതരിപ്പിക്കുന്ന തൃപ്പൂണിത്തുറ നിവാസിയും സുഹൃത്തുമാണ്. ആര്‍.എല്‍.വി. ഗോപിയാശാന്‍ കൊല്ലത്തുകാരനാണ്. അദ്ദേഹം 1966 കാലത്ത് ആര്‍.എല്‍.വിയില്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ ശിഷ്യനായിരുന്നു. നര്‍മ്മ രസപ്രദാനങ്ങളായ രംഗങ്ങള്‍ അഭിനയിച്ച് കാണികളെ കഥകളിയുടെ മാസ്മരികവലയത്തില്‍ ആക്കാന്‍ അദ്ദേഹത്തിന് നിഷ്പ്രയാസം കഴിയും. തൃപ്പുണിത്തുറക്ക് തെക്ക് കിഴക്കായി ആമ്പല്ലൂരില്‍ അദ്ദേഹം നടത്തുന്ന കഥകളി വിദ്യാലയത്തിലും ഡാന്‍സ് അക്കാദമിയിലും പഠിക്കുന്നവരാണ് യുവജനോത്സവവേദികളില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ക്കും പ്രശംസകള്‍ക്കും അര്‍ഹരാവുന്നത്.

വൃശ്ചികോത്സവ കഥകളി വേദികളിലെ ഓര്‍മ്മകള്‍ ധാരാളമുണ്ട്. ഞാന്‍ കണ്ട കഥകളിയരങ്ങുകളില്‍ വിസ്മയിപ്പിച്ച മഹാനടനാണ് കലാമണ്ഡലം ഗോപിയാശാന്‍. അദ്ദേഹത്തിന്റെ നളനും, കോട്ടക്കല്‍ ശിവരാമന്‍ ആശാന്റെ ദമയന്തിയും വളരെക്കാലം കഥകളി അരങ്ങുകളില്‍ നിറസ്സാന്നിധ്യമായിരുന്നു. സിനിമകളില്‍ നായകനും നായികയുമായി ദീര്‍ഘകാലം അഭിനയിച്ച പ്രേംനസീറിനെയും ഷീലയേയും ആണ് ഈ രണ്ടു നടന്മാരും കഥകളി അരങ്ങുകളില്‍ മറി കടന്നതെന്ന് പൊതുവെ പറയാറുണ്ട്. ഗോപിയാശാന്റെ പച്ചവേഷത്തിന്റെ ഭംഗി അപാരമാണ്. ശിവരാമനാശന്റെ ദമയന്തി യഥാര്‍ത്ഥത്തില്‍ കാണികളെ ഹര്‍ഷപുളകിതരാക്കിയിരുന്നു. ഗോപിയാശാന്‍ രുഗ്മിണിയും, ശിവരാമനാശാന്‍ ശ്രീകൃഷ്ണനുമായും ധാരാളം കളികള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ മാത്രം ഗോപിയാശാന്റെ കീചകന്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഉണ്ടായി. കീചകന്റെ അവസാനത്തെ മരണരംഗത്തില്‍ ശ്വാസം പിടിച്ച്, അന്ത്യശ്വാസം വരെയുള്ള രംഗം അനശ്വരമാക്കി. ഇപ്പോള്‍ പ്രായം കൂടിയതിനാല്‍ ഗോപിയാശാന്‍ കുചേലന്‍ പോലുള്ള മിനുക്ക് വേഷങ്ങള്‍ മാത്രമെ കെട്ടുന്നുള്ളൂ. അതും വളരെ ചുരുക്കമായി മാത്രം. മഹാനടനായ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
അടുത്ത കാലത്ത് നിരവധി കഥകളി ആചാര്യന്മാര്‍ അരങ്ങൊഴിഞ്ഞു. മടവൂര്‍ വാസുദേവന്‍ നായര്‍, നെല്ലിയോട് നമ്പൂതിരിപ്പാട്, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, പന്തളം കേരളവര്‍മ്മ എന്നിങ്ങനെ കഥകളി അരങ്ങുകളെ സമ്പുഷ്ടമാക്കിയവരുടെ ഒരു നീണ്ട നിരയുണ്ട്. ചെറുപ്പക്കാരായ പ്രഗത്ഭരുടെ ഒരു നീണ്ട നിര ഉയര്‍ന്നു വന്നിട്ടുമുണ്ട്. ആര്‍.എല്‍.വി. രാധാകൃഷ്ണന്‍, ആര്‍.എല്‍.വി. പ്രമോദ്, ആര്‍.എല്‍.വി. ഗോപിയാശാന്‍, കലാമണ്ഡലം രാധാകൃഷ്ണന്‍, ഗോപികൃഷ്ണന്‍, ഹരിപ്രിയ, തൃപ്പൂണിത്തുറയിലെ വനിതാ കഥകളി സംഘം, താടിവേഷങ്ങള്‍ കെട്ടുന്ന കൊട്ടാരക്കര ഗംഗ, തൃപ്പൂ ണിത്തുറക്കാരനായ സദനം വിജയന്‍ വാര്യര്‍, താടി, കരിവേഷങ്ങളില്‍ കൂടി കഥകളി പ്രേമികളെ ആനന്ദസാഗരത്തില്‍ ആറാടിക്കുന്ന കലാമണ്ഡലം ഹരി ആര്‍. നായര്‍, കത്തി, കരി, പച്ച, മിനുക്ക്, താടി വേഷങ്ങളില്‍ പേരെടുത്ത കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണന്‍, താടി കരിവേഷങ്ങളില്‍ മികവുറ്റ അഭിനയം കാഴ്ചവച്ച ചാത്തന്നൂര്‍ കൊച്ചു നാരായണന്‍ നായര്‍, ഇവരെല്ലാം കഥകളിയെ ഇന്നും, നാളെയും കൂടുതല്‍ ഉയരങ്ങളിലെത്തിക്കും.
കര്‍മ്മമണ്ഡലത്തില്‍ മികവുറ്റ ഒരു ഡോക്ടറും സര്‍ജനുമാണെങ്കിലും, കഥകളി ജീവശ്വാസമായി കരുതുന്ന ഡോ. സഭാപതിയെ കഥകളി പ്രേമികള്‍ക്ക് വിസ്മരിക്കാന്‍ കഴിയില്ല. എറണാകുളത്തെ പ്രശസ്തമായ കൃഷ്ണ നേഴ്‌സിങ്ങ് ഹോമിന്റെ സ്ഥാപകനും, ഉടമയുമായ ഡോ. സഭാപതി, തന്റെ തിരക്കേറിയ സമയം കഴിഞ്ഞ് ഇന്നും കഥകളി ആസ്വാദനം, അഭിനയം, പഠനം എന്നിവക്ക് സമയം കണ്ടെത്തുന്നു. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന് അദ്ദേഹം നല്‍കുന്ന സഹായങ്ങള്‍ നിരവധിയാണ്. അദ്ദേഹം കത്തി, കരി, താടി, മിനുക്ക് എല്ലാം കെട്ടിയിട്ടുണ്ട്. എന്നാല്‍ കുചേല വേഷമാണ് പ്രധാനം. ഗുരുവായൂരില്‍ എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ കുചേലവേഷം പതിവാണ്.
വൃശ്ചികോത്സവത്തിന്റെ കഥകളി അരങ്ങിനെ പറ്റി എഴുതുമ്പോള്‍ തൃപ്പൂണിത്തുറ കഥകളി കേന്ദ്രം, വനിതാ കഥകളി സംഘം ഇവയെ പറ്റിയും എഴുതിയില്ലെങ്കില്‍ അപൂര്‍ണ്ണമാകും. പുതിയ അറിവുകള്‍ക്കായി ഞാന്‍ എന്നും കാത്തിരിക്കുന്ന വ്യക്തിയാണ്. എനിക്ക് അറിയാവുന്നത് സമൂഹത്തിന് പകര്‍ന്നു കൊടുക്കുന്നത് അത്യന്തം സന്തോഷത്തോടെ കടമയായി ഞാന്‍ കാണുന്നു. ലോകത്തിനെ ഉള്ളവരുടെ ലോകം എന്നും ഇല്ലാത്തവരുടെ ലോകം എന്നും പകുത്ത് നല്‍കാന്‍ വെമ്പിയ പ്രത്യയശാസ്ത്രം ഇന്ന് മരണശയ്യയിലാണ്. എല്ലാം മറന്ന് കയ്യിലുള്ളത് ദാനം ചെയ്യുകയും, ആരില്‍ നിന്നും ഒന്നും സ്വീകരിക്കാതിരിക്കാനുമുള്ള മഹത്തായ ആര്‍ഷഭാരത സനാതന സംസ്‌കൃതിയുടെ ഈറ്റില്ലമാണ് ഭാരതം. കഥകളി പ്രേമിയായ ഒരു വ്യക്തിയുടെ മനസ്സ് അവധൂതന്റെ പോലെ അനുനിമിഷം വൈജ്ഞാനികമായ കൂടുതല്‍ മേഖലകളിലേക്ക് വ്യാപരിക്കും.
എനിക്ക് കേരളത്തിലെ കഥകളി പ്രേമികളായ കഥകളി ക്ലബ്ബുകാരോടും, ലോകപ്രശസ്തമായ തൃപ്പൂണിത്തുറ കഥകളികേന്ദ്രം, വനിതാകഥകളി സംഘം എന്നിവരോടും അപേക്ഷിക്കാനുള്ളത് മലയാളക്കരയുടെ ഈ മഹാ കലാവിശേഷത്തിനെ കൂടുതല്‍ പ്രശസ്തിയിലെത്തിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം എന്നാണ്. പുതിയ കഥകള്‍ അവതരിപ്പിക്കാന്‍ പരിശ്രമിക്കണം.
(അവസാനിച്ചു)





















