Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

വിശ്രാന്തി വേദം

ഡോ. കൂമുള്ളി ശിവരാമൻഡോ. കൂമുള്ളി ശിവരാമൻ
20 February 2026

ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ മനംകവര്‍ന്ന കവിയുമാണ് മഹാകവി അക്കിത്തം. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണ് 2026. അക്കിത്തത്തിന്റെ ദര്‍ശനഗരിമയെ വെളിവാക്കുന്ന ലേഖനം.

മൃത്യോര്‍മാ

Google NewsAdd Kesari Weekly as a preferred source on Google

ബോധാബോധത്തില്‍ ഉദിച്ചു നില്‍ക്കുന്ന പൂര്‍ണ്ണതയാണ് പ്രകൃതി. പൂര്‍ണ്ണതയിലേക്കുള്ള പഥസഞ്ചലനത്തില്‍ കവിത ജ്ഞാന ബോധിയായിത്തീരുന്നു. ധര്‍മ്മ സങ്കല്‍പ്പത്തിന്റെ അതീതവെളിച്ചമായി അക്കിത്തം കവിതയില്‍ യോഗാത്മകത വിടരുന്നു. ഋഷിയുടെ അഗ്നിവചനമായും ജ്ഞാനാനന്ദ സരസ്വതിയായും ആ കവിത സത്യശിവസൗന്ദര്യത്തില്‍ വിലയം കൊള്ളുകയാണ്. ‘ധര്‍മ്മ ക്ഷേത്രത്തിലെ കെടാവിളക്കാ’യും ‘യാഗാഗ്നിയുടെ വെളിച്ച’മായും അക്കിത്തം കവിത ഭാരതീയ സംസ്‌കൃതി ബിംബമായി പ്രത്യക്ഷീകരിക്കുന്നത് സമഗ്ര പ്രകൃതിയുടെ സങ്കീര്‍ണ്ണമായ പ്രത്യയഘടകങ്ങളെയാണ്. ‘മൃത്യുപ്രകൃതി’യുടെ നിര്‍ധാരണമായ് അതീതവും അപൂര്‍വ്വവും ദാര്‍ശനികവുമായ അമരസന്ദേശമാണ് അക്കിത്തം സത്യാത്മകമായി ആലേഖനം ചെയ്യുന്നത്.

കുഞ്ഞുമകള്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ശ്മശാനത്തിലെത്തുന്ന അച്ഛന്റെ മാനസികാപഗ്രഥനവും അനുഭവസാരവുമാണ് ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’ എന്ന അസാധാരണ കവിത. ശ്മശാന മൂകതയില്‍ കുഞ്ഞിന്റെ ഭസ്മാവശിഷ്ടം പോലും ആറടി മണ്ണില്‍ ലയിച്ചു പോയിരിക്കുന്നു. പക്ഷേ അനിര്‍വചനീയവും അനശ്വരവുമായ സര്‍ഗ്ഗ സൗഭാഗ്യം പോലെ ഒരോണപ്പൂച്ചെടി ആ പട്ടടയില്‍ വളര്‍ന്നു നില്‍ക്കുന്നതായി അയാള്‍ക്കിപ്പോള്‍ കാണാം. ‘അല്ലയോ കുഞ്ഞേ, നിന്റെ മാംസളാകാരം ഞാന്‍ ചെടിയില്‍ കാണുന്നു. നിന്റെ മധുരസ്വരവും അതിലൂടെ എനിക്ക് കേള്‍ക്കാം.’ എന്ന ആത്മഗതത്തില്‍ അയാള്‍ ആ ചിതാഭൂവിലെ ഓണപ്പൂച്ചെടിയെ സമീപിക്കുന്നു. ആ ചെടിയുടെ മന്ദമായ ചാഞ്ചാട്ടത്തില്‍ തന്റെ ഓമനയുടെ മൃദുപദന്യാസമാണ് അച്ഛന്‍ ആസ്വദിക്കുന്നത്.

ADVERTISEMENT

”ഈ മകളെനിക്കുള്ള മകളാണി, വളാലി-
ഭൂമിയിലെന്നെന്നേയ്ക്കും നിലനില്‍ക്കുമെന്‍ വംശം” എന്ന് സ്വപ്‌നംകണ്ട നിമിഷത്തില്‍-
”ഉടന്നൂറിയ ബാഷ്പ, മന്നു നീ നുണച്ചുണ്ട
മധുപര്‍ക്കത്തില്‍ത്തന്നെ വീണതില്ലെന്നാര്‍ കണ്ടു”
എന്ന ഭാവമധുരിമയില്‍ അച്ഛന്‍ നിസ്വനാവുകയാണ്. ജാതക കര്‍മ്മത്തിന് കയ്യേറ്റ മുഹൂര്‍ത്തത്തില്‍ കുഞ്ഞിക്കവിളില്‍ മുത്തം നല്‍കാന്‍ തോന്നിയെങ്കിലും കുഞ്ഞിന് നോവുമെന്ന് കരുതി പിന്‍വലിഞ്ഞു. മരിച്ചപ്പോഴും ഉമ്മ വെച്ചില്ല. പിണത്തെ ചുംബിച്ചിട്ടെന്തെന്ന ചിന്തയായിരുന്നു.
എന്നാലിന്ന് പട്ടടയില്‍ വിരിഞ്ഞു നില്‍ക്കുന്ന ഓണപ്പൂവിന്റെ സൗരഭം നുകരുമ്പോള്‍ ആ ചുംബനാഭിലാഷം പിതാവിലുണരുന്നു.

”പതിഞ്ഞീടുന്നു മെല്ലെ-
മെല്ലെയിപ്പുഷ്പത്തില്‍ പ-
ട്ടിതളിലധരം; ഞാന്‍
മറ്റെന്തും മറക്കുന്നു.”
മരിച്ചുപോയ പൊന്നോമനയുടെ പട്ടടയില്‍ വിരിയുന്ന ഓണപ്പൂവ് അവള്‍ തന്നെ; അതിന്റെ പട്ടിതള്‍ അവളുടെ പൂങ്കവിളാണ്. അച്ഛന്‍ കാത്തുവെച്ച ചുംബനം മകള്‍ പൊന്നോമല്‍ പൂവിന്റെ പുനര്‍ജന്മത്തില്‍ ഏറ്റുവാങ്ങുന്നു. നല്‍കിയ ചുംബനച്ചൂടിന്റെ വാത്സല്യസ്പര്‍ശത്തില്‍ അച്ഛന്‍ ആത്മവിസ്മൃതിയിലലിയുന്നു. നേടിയ മുത്തം ചൂടി പിതൃസ്‌നേഹത്തില്‍ തരളിതമാകുകയാവാം ഓണപ്പൂവും. സ്‌നേഹലയത്തില്‍ മരണവും ജീവിതവും ഒന്നാകുന്ന ജീവിതഗന്ധിയുള്ള മരണദര്‍ശനത്തിലേക്കാണ് ഇത് അച്ഛനെ നയിക്കുന്നത്. സര്‍വ്വം മറന്നാഹ്ലാദിക്കുന്നവനായി മാത്രമല്ല മരണമെന്ന ‘സത്യ’ത്തെ ‘അസത്യ’ മായി സ്വാംശീകരിച്ചെടുക്കാന്‍ പാകത്തില്‍ അനുഭവസാക്ഷ്യമായി നിര്‍ത്താനും ഈ മുഹൂര്‍ത്തത്തിന്റെ മൂല്യം പിതാവിനനുഗ്രഹമായി.

”മരണം മിഥ്യാഭ്രമം;
എന്റെ കണ്‍തുറപ്പിച്ചാ
മകളേ, കൃതജ്ഞത
ചൊല്‍വൂ ഞാന്‍ കണ്ണീരോടെ”
എന്ന് ചൊല്ലിയാണച്ഛന്‍ ചുംബനാനന്തരം കണ്‍തുറന്ന് പോകുന്നത്.

മരണമെന്ന സാര്‍വ്വലൗകിക സത്യത്തെ തട്ടിയകറ്റി മരണം മിഥ്യാഭ്രമം മാത്രമെന്ന് ആ മഹാസത്യത്തെ ഉപദര്‍ശിക്കാന്‍ ചുടലയില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരോണപ്പൂവ് കാരണമാകുന്നു. കാര്യവും കാരണവും ഇവിടെ പ്രകൃതിയെന്ന ശക്തി സ്രോതസ്സുതന്നെ. പ്രകൃതിയിലൊന്നിനേയും മരണം തട്ടിക്കൊണ്ടു പോകുന്നില്ല. സൃഷ്ടിസ്ഥിതിലയത്തിന്റെ അന്തര്‍ലീലാ നടനത്തില്‍ ഒരു ‘ചുവട്’ മാത്രമാണ് മൃത്യു. വിസ്മയ ഭരിതവും അജ്ഞേയവുമായ പ്രകൃതിയുടെ ഓരോ പൊടിപ്പും അനശ്വരമായ ഉണ്മയുടെ പുനര്‍ജ്ജനി മാത്രം.

മരണത്തെക്കുറിച്ചുള്ള കാവ്യോപദര്‍ശനം മരണ-ജീവിത പരിപ്രേക്ഷ്യത്തിന്റെ വൈവിധ്യമോലുന്ന ദിശകളില്‍ അക്കിത്തം കവിത താത്ത്വിക പരിസരങ്ങളായി മൂല്യനിര്‍ണ്ണയം ചെയ്തിട്ടുണ്ട്. ‘മനുഷ്യര്‍ ഈശ്വരന്മാരായി ഉയരുന്ന പരിണതിയാണ് മരണമെന്നും കുപ്പായമുപേക്ഷിക്കുന്ന സുഖമാണ് അതിന്റെ ഫലമെന്നും നിരീക്ഷിക്കുന്ന ‘മരണഭയം’ എന്ന രചനയില്‍ ‘മൃത്യോര്‍മാ അമൃതം ഗമയ’ എന്ന അഭ്യാരോഹ മന്ത്രത്തിന്റെ വെളിപാടുകളും ഭഗവദ് ഗീതയിലെയും അദ്ധ്യാത്മരാമായണത്തിലേയും സിദ്ധാന്തരേഖയും അന്തര്‍നാദമായുണ്ട്. ‘ബലിദര്‍ശനം’, ‘ഗോര്‍ബച്ചേവ്’, ‘മൃഗശാലയില്‍’, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’, ‘മരിച്ചപ്പോള്‍’ എന്നിവ കഠോപനിഷത്തിന്റെ മൃത്യുസന്ദേശമാണ് ഉണര്‍ത്തുന്നത്. ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’ എന്ന ഭാവഗീതം മരണത്തെ മധുരീകരിക്കുന്നു. പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളെയും ഏകസത്തയായി മൃത്യുദര്‍ശന വിചിന്തനത്തില്‍ സ്വീകരിക്കാന്‍ അക്കിത്തഹൃദയം സന്നദ്ധമാണ്. ‘ഞാന്‍ സര്‍വ്വ സംഹാരകനാകുന്ന മൃത്യുവാകുന്നു’ എന്ന ഗീതാവാക്യത്തെ ഭയരഹിതമായി നേരിടുന്ന ഈ ഗീതം മൃത്യുഞ്ജയമന്ത്രമായും കവിദര്‍ശനത്തില്‍ ആത്മാവിന്റെ സ്വാതന്ത്ര്യ മാര്‍ഗ്ഗമായും ഗണം തിരിയുന്നു. കവിയുടെ ഇഷ്ടകൃതികളിലൊന്നായ ശ്രീ അരവിന്ദന്റെ ‘സാവിത്രി’യിലെ ‘മരണം’ മരിച്ചുവീഴുന്ന പ്രകാശകണികകളുടെ പ്രതീകചിത്രം ഈ കവിതയുടെ ഉള്‍ത്തുടിപ്പായി ഉയരുന്നു. ആരും മരിക്കുന്നില്ല, പാഞ്ചഭൗതിക ശരീരത്തെ കരിച്ചു കളയാനേ മനുഷ്യനാവൂ. സനാതന ബ്രഹ്മ പ്രകൃതിക്കകത്ത് ആത്മാവ് ജീവിക്കുന്നു എന്ന കാവ്യോപദര്‍ശം അക്കിത്തത്തിന്റെ അപൂര്‍വ്വമായ കാലദര്‍ശനത്തെയും അനാവരണം ചെയ്യുന്നുണ്ട്.

‘മൃത്യുവില്ല’ – ‘മൃത്യുര്‍ന്നാസ്തി’ – എന്ന് സത്യമരുളുന്ന സനല്‍സുജാത ഋഷിയുടെ മൃത്യുസത്യദര്‍ശനമാണ് കവിയുടെ മൃത്യുബോധത്തിന് പരിവേഷമണിയിക്കുന്നത്. ”മരണത്തേക്കാള്‍ എത്രയോ ഭീകരമായ വസ്തുജീവിതമത്രെ. ആ കാരണത്താല്‍ തന്നെ വെറും മരണം അതീവ സുന്ദരമായ ഒരു സ്വപ്‌നവുമാണ്”എന്ന് അക്കിത്തം ദര്‍ശിക്കുന്നു. ‘മരണം പ്രകൃതിശ്ശരീരിണാം’ എന്ന കാളിദാസപ്പൊരുളും ‘തൈത്തരീയോപനിഷത്തി’ലെ മൃത്യുസംബന്ധിയായ ഭാവാത്മക ദര്‍ശനവും ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’ എന്ന രചനയുടെ ആന്തരിക ചക്ഷുസ്സാണ്. കാലസ്വരൂപനായ മൃത്യുവിനെ പ്രകൃതി സ്വരൂപിയായ ജീവിതമായി പരിഭാഷപ്പെടുത്തുകയാണ് ഈ ഭാവഗീതം. ‘ജീവിതത്തിന്റെ നിഴലാണ് മരണം’ എന്ന വിവേകാനന്ദവാണിയുടെ ചൈതന്യാവിഷ്‌കാരം തന്നെയാണിത്. ‘സ്വരൂപത്തിന്റെ അനുഭവത്തില്‍ വരുന്ന പ്രമാദമാണ് സജ്ജനങ്ങള്‍ക്ക് മൃത്യു – കാലനല്ല’ എന്ന ശാങ്കരമതം അക്കിത്തത്തിന്റെ മൃത്യുദര്‍ശനത്തിലെ പ്രസാദ കണികയാണ്. മരണത്തിന്റെ നിത്യസത്യാകാംക്ഷയും നിത്യതാ ബോധവുമാണ് ഈ രചനയിലെ മൃത്യുസംസ്‌കൃതിയെ ജീവനത്വരയുടെ ഭാഷാന്തരമാക്കുന്നത്. പ്രകൃതിയും മനുഷ്യനും ഒന്നെന്ന ദര്‍ശന സാക്ഷാത്ക്കാരമാണിത്.

സ്വാത്മ പ്രഭയിലെ പ്രതിബിംബങ്ങള്‍, ആത്മീയ പ്രകൃതിയുടെ ദര്‍ശനസാരങ്ങള്‍, സൃഷ്ടിസ്ഥിതിലയ കാരണ ചിന്തകള്‍, സര്‍വ്വസമന്വയ ചിന്താ സ്ഫുരണങ്ങള്‍, അദ്വൈത രഹസ്യങ്ങള്‍, പുനര്‍ജ്ജനി മീമാംസകള്‍ – ഇവയൊരുക്കൂട്ടുന്ന ഊര്‍ജ്ജം അനല്പമായ ശക്തിലാവണ്യമാണ് ഈ ‘കുഞ്ഞു രചന’ യ്ക്ക് മഹാകാവ്യത്തിന്റെ അതീതപ്രതീതി മാനമേകുന്നത്.

മൃത്യുദര്‍ശനസരണിയിലെ അപൂര്‍വ്വതയാണ് ഈ അക്ഷരസാക്ഷ്യം. പ്രകൃതിയും മനുഷ്യനും അദ്വൈതം പ്രാപിക്കുന്ന ‘ഒന്നിന്റെ വേദാന്തം’ സാക്ഷാത്ക്കരിച്ച കാവ്യസൗഭഗമാണിത്. പ്രകൃതിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കേവല രീതിയെ വിസ്മരിച്ച് പ്രകൃതിയ്ക്കപ്പുറമുള്ള അനന്തതയില്‍ ആത്മസ്വരൂപമായി വിരിയുന്ന ഊര്‍ജ്ജപ്പൊരുളിന്റെ പുനര്‍ജ്ജനി തന്നെയാണ് ഈ മൃത്യുമഹാദര്‍ശനത്തിന്റെ അകം പൊരുളായി ഉരുവം കൊള്ളുന്നത്. പരമ്പൊരുളിന്റെ അരുള്‍ തന്നെയാണ് ആത്മാന്വേഷകനായ കവി എന്നും എവിടെയും തേടുന്നത്. പട്ടടയില്‍ അതിജീവനം തേടുന്ന ഓണപ്പൂവിന്റെ സൗരഭം ജനനാന്തര സൗഹൃദമായി മനുഷ്യനെയും അവന്റെ മൃത്യുദര്‍ശനത്തെയും പുനഃസൃഷ്ടിക്കുന്നു. യോഗാത്മക കവിയുടെ ഈ ജ്ഞാനമരന്ദം മധുരപൂരമായി അനശ്വരതയിലാണ്.

നിത്യവര്‍ത്തമാനമായി യോഗികള്‍ കാലപ്രഹേളികയെ കീഴടക്കുന്നു. ആത്മജ്ഞാനത്തിലലിയുന്ന കാലസ്വത്വം കാലധര്‍മ്മമായി മൃത്യുവിനെ സ്വാംശീകരിക്കുന്നുണ്ട്. മഹാകാലത്തിന്റെ ചിറകിന്നടിയില്‍ ജീവിതരംഗം ധര്‍മ്മസ്വരൂപമായി വിലയം കൊള്ളുന്നു. ‘ഈശാവാസ്യം’ ഇതിന്റെ ദര്‍ശനമോതി മൃത്യുവിനെയും ഭാവാത്മകമായി സംഹരിക്കുന്നു. യോഗാത്മക ദര്‍ശനപുണ്യമായ അതീന്ദ്രിയ ജ്ഞാനത്തിന്റെ മഹാമാര്‍ഗ്ഗമാണ് മൃത്യുവിന്റെ സ്വരൂപനിശ്ചയമാനമായി അക്കിത്തം അംഗീകരിക്കുക. മരണത്തെ മധൂരീകരിക്കുന്ന സങ്കല്‍പ്പ പൂജാസാധനയായി പിതൃയജ്ഞത്തെയാണ് ‘ഗരുഡപുരാണം’ ആവിഷ്‌കരിക്കുക. മൃത്യുസന്ദേശത്തില്‍ കവിയെ സ്വാധീനിച്ച ഘടകങ്ങളിലൊന്നിതാണ്.

അമൃതം ഗമയ
കവിതയുടെ ആത്മാന്വേഷണ മാര്‍ഗ്ഗത്തിലൂടെ ജീവിതത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന അക്കിത്തം മരണത്തിന്റെ രഹസ്യാത്മകവും ദാര്‍ശനികവുമായ അര്‍ത്ഥാന്തരങ്ങളും അന്വേഷിക്കുന്നു.
”……….. മരിപ്പീല നാമാരും കുഞ്ഞേ
ഈശ്വരചൈതന്യത്തില്‍ വിലയിക്കുന്നൂ നമ്മ-
ളീശ്വരന്മാരായ്ത്തന്നെ മാറുന്നുവെന്നേയുള്ളു
കുപ്പായമഴിച്ചുവെച്ചാലത്തെസ്സുഖം നമ്മള്‍
ക്കപ്പൊഴേ യഥാര്‍ത്ഥത്തില്‍ക്കിട്ടുകയുള്ളു കുഞ്ഞേ”
മരണത്തെക്കുറിച്ച് മോക്ഷാധിഷ്ഠിതമായ തത്ത്വാവബോധമാണ് കുഞ്ഞിന് മുത്തച്ഛന്‍ പകരുന്നത്. ജീവാത്മാവിന്റെ പരമാത്മലയമെന്ന മുക്തിപ്രാപ്തിയില്‍ നിന്ന് വ്യത്യസ്തമല്ലെങ്കിലും മനുഷ്യര്‍ ഈശ്വരന്മാരായി മാറുന്ന പരിണതിയായി മരണം വ്യാഖ്യാനിക്കപ്പെടുകയാണ്. അപൂര്‍ണ്ണനായ മനുഷ്യനെ പൂര്‍ണ്ണനായ ഈശ്വരനാക്കുന്ന മഹാ പ്രക്രിയയാണത്. മൃത്യുഭയത്തില്‍ നിന്നുള്ള ആത്മവിമോചന ലക്ഷ്യം കൂടിയാണ് ഈ ഉപദര്‍ശനം. ദുഃഖപ്രദമായ മരണമുഖം ഇവിടെ സുഖദമാകുന്നു.

‘മൃത്യോര്‍മാ അമൃതം ഗമയ’ – ‘മൃത്യുവില്‍ നിന്ന് എന്നെ അമൃതത്ത്വത്തിലേക്ക് നയിക്കേണമേ’ എന്ന അഭ്യാരോഹമന്ത്രത്തിന്റെ വെളിപാടുകളും, കുപ്പായമുപേക്ഷിക്കുമ്പോലെ ജീവാത്മാവ് ശരീരത്തെ ഉപേക്ഷിക്കുന്നുവെന്ന ‘ഭഗവദ്ഗീത’ യിലെയും ‘അദ്ധ്യാത്മരാമായണ’ ത്തിലെയും സിദ്ധാന്തരേഖയും ‘മരണഭയ’ത്തില്‍ കാണാം. കുപ്പായമൂരിയാലുള്ള സുഖമാണ് – മൃത്യു നല്‍കുന്ന ആത്യന്തികമായ ആനന്ദമാണ് – അക്കിത്തത്തിന്റെ ദാര്‍ശനിക നയനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ചത്തിലെ വൈവിധ്യങ്ങളുടെ പിന്നിലുള്ള ഏകത്വവുമായി ഐക്യം പ്രാപിച്ച് ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും, പുണ്യപാപങ്ങള്‍ക്കും അതീതവും ത്രികാലബാധിതവുമായ ആത്മതത്ത്വത്തെ അനുഭവപ്പെടുത്തി, മരണത്തെപ്പറ്റിയുള്ള പ്രശ്‌നചിന്തകള്‍ക്ക് പരിഹാരം തേടി ശാന്തിമാര്‍ഗ്ഗം പൂകലാണ് കഠോപനിഷത്തിന്റെ സാരാംശം. ആ മൃത്യുസന്ദേശമുണര്‍ത്തുന്ന വിശ്രാന്തിസങ്കല്പനം തന്നെയായി കവി മൃത്യു ദര്‍ശനത്തെ രൂപപ്പെടുത്തുകയാണ്. ‘ബലിദര്‍ശനം’, ‘ഗോര്‍ബച്ചേവ്’, ‘മൃഗശാലയില്‍’, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ‘പൂമ്പാറ്റകള്‍’, ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’, ‘തൊഴുത്തിലെ മൗനം’, ‘കക്കാടേ നമസ്‌കാരം’, ‘മരിച്ചപ്പോള്‍’ എന്നീ കവനങ്ങള്‍ മരണത്തിന്റെ സത്യദര്‍ശനാകാംക്ഷയിലാണ്. മൃത്യുബോധവും ജീവനകൗതുകവും പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന ചിത്രം ‘മൃഗശാലയിലുണ്ട്. അസ്ഥികൊണ്ടഴിയിട്ട ശരീരത്തിന്റെ കൂട്ടിലാണ് ആത്മാവിന്റെ സിംഹം. കാവല്‍ക്കാരനെ – മൃത്യുവിനെ കാണാതിരിക്കുമ്പോഴും ആയുസ്സിന്റെ ബുഭുക്ഷകള്‍ നാവില്‍ നിന്ന് ഇറ്റുവീഴുന്നു. ‘ഒടുക്കത്തെ സടകൊഴിഞ്ഞിടും മുമ്പ് അവനെത്തുമോ? എന്ന ചോദ്യം ജീവിതകാമനയെന്ന പോലെ ഉള്‍ത്തുടിപ്പായുയരുന്ന മൃത്യുകാമനയുമാണ്.

എം.എ. സാറും അക്കിത്തവും

അക്കിത്തത്തിന്റെ മരണസംബന്ധിയായ കല്പനാ രൂപങ്ങളില്‍ ജീവിത പ്രേരണയും മൃത്യുപൂജയും മുഖാമുഖം നില്‍ക്കുന്നു. ജീവിതത്തെ സ്‌നേഹിക്കാന്‍ മറന്നുപോകുന്ന മനുഷ്യന്‍.

”ലോകമേ വിടനല്‍കൂ; ഞാനിതാ വിഷം കുടി-
ച്ചാകുലമാമീ മാംസബന്ധനം തകര്‍ക്കട്ടെ”
എന്ന് ചൊല്ലി ജീവിതത്തില്‍ നിന്ന് സ്വയം പുറന്തള്ളപ്പെടുന്ന രംഗം കവി ചിത്രീകരിച്ചിട്ടുണ്ട് (കവിത- ‘മരിച്ചപ്പോള്‍’). ആത്മജ്ഞാനത്തിനും മോക്ഷോപാസനയ്ക്കുമിടയിലെ അസ്വാതന്ത്ര്യം മാത്രമായി ജീവിതത്തെ എണ്ണുന്ന ‘തൊഴുത്തിലെ മൗനം’ മോക്ഷ ലക്ഷ്യത്തിന്റെ ശബ്ദമാണ്.

”നിന്റെ കര്‍മ്മം താനല്ലോ
നീയായി ജന്മം കൊണ്ടൂ;
നിന്റെ കര്‍മ്മമായല്ലോ
വീണ്ടും ജനിക്കേണ്ടൂ”

എന്ന ‘ബലിദര്‍ശന’ വരികള്‍ ഭഗവദ്ഗീതയുടെ കര്‍മ്മ സിദ്ധാന്താധിഷ്ഠിതമായ ജന്മപരമ്പരകളേയും, ശാങ്കര വേദാന്തത്തിന്റെ ജന്മസങ്കല്പത്തെയും, ഉപനിഷത് ദര്‍ശനങ്ങളിലെ പരമാത്മ – ജീവാത്മ സിദ്ധാന്തത്തെയും, ജ്ഞാനപ്പാനയുടെ കര്‍മ്മ സംബന്ധിയായ പുനര്‍ജനിയുടെയും സമന്വയമാനം നേടുന്നു. ‘ഒരോമനച്ചെമ്പനീര്‍ എങ്ങനെയാണ് ജനിച്ചതെന്ന ഗവേഷണത്താല്‍ ഞാന്‍ മണ്ണായി; എന്റെ ശവപ്പറമ്പില്‍ ഒരായിരം ചെമ്പനീര്‍ വിടര്‍ന്നു’ (പൂമ്പാറ്റകള്‍) എന്ന കണ്ടെത്തലില്‍ കാവ്യാത്മകധ്വനിയ്ക്കപ്പുറം ജന്മ-പുനര്‍ജ്ജനിയുടെ സങ്കല്പസാധ്യതകള്‍ കവി ആരായുന്നു.

പ്രകൃതിയുടെ സൃഷ്ടിസ്ഥിതിലയ ലീലയായി ജീവിത സര്‍വ്വസാര പ്രകൃതിയെയും കാവ്യമാര്‍ഗ്ഗത്തില്‍ വിലയം കൊള്ളിക്കാനും, ജഡ-ജീവത്തുക്കളെ ഏക സത്തയായി മൃത്യുദര്‍ശന വിചിന്തനത്തില്‍ സ്വീകരിക്കാനും അക്കിത്തത്തിന് കഴിയുന്നു. സൃഷ്ടിസ്ഥിതിലയ നടനമായ ശിവതാണ്ഡവപ്പൊരുള്‍ മൃത്യുദര്‍ശനഘടകമായി കവി സ്വാംശീകരിക്കുന്നുണ്ട്. മരണത്തെക്കാള്‍ തീവ്രതയും കാഠിന്യവും ജീവിതത്തില്‍ തന്നെ. ‘ഭൗതികകാമനകളുടെ ആപദ്ധര്‍മ്മക്കാട്ടില്‍ കാഞ്ചന മൃഗത്തെ തേടുമ്പോള്‍ നിങ്ങളെ മൃത്യു അപഹരിക്കുന്നു: മൃത്യുവിന്റെ യാദൃച്ഛികതയും അന്വേഷണ സ്വഭാവവുമാണ് ഈ നിരീക്ഷണത്തിലൂടെ ‘ബലിദര്‍ശന’ത്തില്‍ വ്യക്തമാക്കുന്നത്.

‘മരണത്തെ നിഴലിപ്പിക്കു
മൗഷധം കണ്ടുകിട്ടിയാല്‍
ജയില്‍ വാസം നിത്യമായി
മറ്റെന്തുള്ളു പുരോഗതി’
എന്ന് ദുഃഖാനുഭവപരിണാമത്തില്‍ മരണത്തെ വെല്ലുന്ന ജീവിതവ്യഥയെ തുറന്നു കാട്ടി ഭൗമികമല്ലാത്ത മറ്റൊരു വാതായനമായി ഗണിച്ച് മൃത്യുഭയത്തെയും മരണത്തിന്റെ മറ്റു ഭീതിദ സങ്കല്പങ്ങളേയും അഭയരീത്യാ വെളിവാക്കാനും കവിയുടെ ശ്രമമുണ്ട്. ‘മൃത്യു: സര്‍വ്വഹരാശ്ചാഹ’ – ‘ഞാന്‍ സര്‍വ്വസംഹാരകനായ മൃത്യുവാകുന്നു’ – എന്ന ഗീതാ വാക്യത്തെ ഭയരഹിതമായി നേരിടുകയാണ് അക്കിത്തം. ‘ഗോര്‍ബ്ബച്ചേവ്’ എന്ന കവിതയില്‍ ‘ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍മ്മുക്ഷീയമാം ഋതാല്‍’ – കെട്ടിത്തൂക്കിയ കയറില്‍ നിന്ന് വെള്ളരിക്ക എന്ന പോലെ സത്യം എന്നെ മൃത്യുവില്‍ നിന്ന് മോചിപ്പിക്കട്ടെ’ – എന്ന മഹാമൃത്യുഞ്ജയമന്ത്രമാണ് അക്കിത്തത്തിന്റെ മരണദര്‍ശനത്തെ ആത്മാവിന്റെ സ്വാതന്ത്ര്യമാര്‍ഗ്ഗമായി ഗണം തിരിക്കുന്നത്.

പരമസത്യത്തിന്റെ വിശുദ്ധി മാര്‍ഗ്ഗത്തില്‍ മരണത്തിന് മരണം സംഭവിക്കുന്നുവെന്ന ദാര്‍ശനിക പ്രത്യക്ഷം കവി സ്വീകരിക്കുന്നത് അരവിന്ദന്റെ ‘സാവിത്രി’ എന്ന പ്രതീകാത്മക മഹാകാവ്യത്തില്‍ നിന്നുതന്നെയാവണം. സത്യവും അമൃതത്ത്വവും സമ്പാദിച്ച കരുത്തില്‍ മൃത്യുരാജനെ നേരിടുകയാണ് സാവിത്രി. ഒടുക്കം സാവിത്രിയില്‍ നിന്ന് പുറപ്പെട്ട അനന്തമായ പ്രകാശത്തിന്റെ ജ്വാല ആര്‍ത്തലച്ചുയരുകയായി. പര്യവസാനത്തില്‍ മരണം മരിച്ചു വീഴുന്നു. പ്രകാശകണികകളുടെ രൂപത്തില്‍ മഹാസത്യത്തിന്റെ മുമ്പില്‍ മരിച്ചുവീഴുന്ന മഹാകാവ്യത്തിലെ മൃത്യു ആവര്‍ണഹരണം ചെയ്യുന്നത് ആത്മതത്ത്വത്തിന്റെ അപ്രതിരോദ്ധ്യമായ അനന്തശക്തി തന്നെ. യോഗ ശക്തിയിലൂടെ സമാര്‍ജ്ജിക്കുന്ന സത്യശക്തിക്ക് മൃത്യുവിനെ പരാജയപ്പെടുത്താമെന്ന സങ്കല്പ സാക്ഷ്യമാണിത്. സ്‌നേഹലയത്തില്‍ മരണവും ജീവിതവും ഒന്നാകുന്ന ജീവിത ദര്‍ശനമാണ് കവിയുടേത്. മരണമെന്ന സത്യത്തെ സങ്കല്‍പ്പസത്യം മാത്രമായി സ്വാംശീകരിച്ചെടുക്കാന്‍ പാകത്തില്‍ അനുഭവസാക്ഷ്യം പങ്കിടുകയാണ് ആ മൃത്യു പ്രമേയ കവനങ്ങള്‍. മരണമെന്ന സാര്‍വ്വലൗകിക സത്യത്തെ തട്ടിയകറ്റി മരണം മിഥ്യാഭ്രമം മാത്രമെന്ന് വോദോക്തി മന്ത്രം പോലെ അക്കിത്തം ഉരുവിടുന്നു.

കാര്യവും കാരണവും ഇവിടെ പ്രകൃതിയെന്ന ശക്തിസ്രോതസ്സുതന്നെ. പ്രകൃതിയിലൊന്നിനെയും മരണം തട്ടിക്കൊണ്ടുപോകുന്നില്ല. സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ ലീലാനടനത്തില്‍ ഒരു ചുവടു മാത്രമാണ് മൃത്യു. വിസ്മയഭരിതവും അജ്ഞേയവുമായ പ്രകൃതിയുടെ ഓരോ പൊടിപ്പും അനശ്വരമായ ഉണ്മയുടെ പുനര്‍ജ്ജനിമാത്രം. ‘ആരും മരിക്കുന്നില്ല. പാഞ്ചഭൗതിക ശരീരത്തെ കരിച്ചു കളയാനേ മനുഷ്യനാവൂ. സനാതന ബ്രഹ്മപ്രകൃതിക്കകത്ത് ആത്മാവ് ജീവിക്കുന്നു’ എന്ന കാവ്യോപദര്‍ശനം ‘കക്കാടേ നമസ്‌കാരം’ എന്ന കവിതയിലും ആവര്‍ത്തിക്കുന്നു.

‘ഹാ! വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍’

എന്ന് മരണത്തെ തോല്‍പ്പിക്കുന്ന, ജീവിതത്തിന്റെ നൈരന്തര്യശോഭയെ പ്രകീര്‍ത്തിക്കുന്ന വൈലോപ്പിള്ളിയുടെ മൃത്യുകല്പനയില്‍ നിന്നന്യം തിരിഞ്ഞു മരണം തന്നെ അസത്യമെന്നും ജീവിതം തന്നെ മഹാസത്യമെന്നും അക്കിത്തത്തിന്റെ മൃത്യുബോധം കണ്ടെത്തുന്നു. മരണത്തെക്കുറിച്ചുള്ള കാവ്യോപദര്‍ശനം ജീവിത-മരണ പരിപ്രേക്ഷ്യത്തെ വൈവിധ്യമോലുന്ന ദിശകളില്‍ നിന്ന് താത്ത്വികമായി എക്കാലവും മൂല്യനിര്‍ണ്ണയം ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും മരിക്കുന്നില്ലെന്നും ഒന്നും നശിക്കുന്നില്ലെന്നും മരണം കേവലം മിഥ്യാഭ്രമത്തിന്റെ സങ്കല്പനം മാത്രമാണെന്നും പരികല്പനം ചെയ്യുക മൃത്യുദര്‍ശനസരണിയിലെ അപൂര്‍വ്വതയാണ്. ‘മൃത്യുവില്ല’ – ‘മൃത്യുര്‍ന്നാസ്തി’ – എന്നും, ‘പ്രമാദം തന്നെയാണ് മൃത്യുവെന്ന് ഞാന്‍ പറുന്നു. പ്രമാദം വൈമൃത്യുമഹം ബ്രവീമി’ – എന്നും വെളിപ്പെടുത്തുന്ന സനല്‍ സുജാതനെന്ന മഹര്‍ഷിയുടെ മൃത്യുസത്യദര്‍ശനം അക്കിത്തത്തിന്റെ മൃത്യുവീക്ഷണത്തെ വിമലീകരിക്കുന്നു. മരണത്തേക്കാള്‍ എത്രയോ ഭീകരമായ വസ്തു ജീവിതമത്രെ. ആ കാരണത്താല്‍ തന്നെ വെറും മരണം അതീവ സുന്ദരമായ ഒരു സ്വപ്‌നവുമാണ് എന്ന് അക്കിത്തം ദര്‍ശിക്കുന്നു. കാളിദാസന്റെ ‘മരണം പ്രകൃതിശ്ശരീരിണാം’ എന്ന വചനപ്പൊരുള്‍ തന്നെ ഇതിനുപിന്നില്‍. ബ്രഹ്മത്തിന്റെ ഇച്ഛയായിത്തന്നെയാണ് പ്രകൃതിയില്‍ മൃത്യു വ്യാപരിക്കുന്നതെന്ന ‘കഠോപനിഷത്തി’ ലെയും ‘തൈത്തരീയോപനിഷത്തി’ലെയും ഭാവാത്മക ദര്‍ശനമാണ് ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’ എന്ന രചന ആവിഷ്‌ക്കരിക്കുന്നത്. മരണ സമയത്തുള്ള പരമാത്മസ്മരണ മനുഷ്യാത്മാവിനെ മോക്ഷത്തിലേക്ക് നയിക്കുമെന്ന ‘ഭാഗവത’ ത്തിലെയും ‘ഭഗവദ്ഗീത’യിലെയും മുക്തി മാര്‍ഗ്ഗസൂചനയെന്നതിലുപരി മരണത്തെ ലൗകികാത്മീയ സമന്വയദര്‍ശനത്തില്‍ മൂല്യ നിര്‍ണ്ണയം ചെയ്യുകയാണ് കവി. കാലസ്വരൂപനായ മൃത്യുവിനെ പ്രകൃതിസ്വരൂപിയായ ജീവിതമായി പരിഭാഷപ്പെടുത്തുകയാണ് അക്കിത്തം. ”ജീവിതത്തിന്റെ നിഴലാണ് മരണം. വൈരുദ്ധ്യമില്ലായ്മകൊണ്ട് അവ ഒന്നിച്ച് നീങ്ങുന്നു. അവ വ്യത്യസ്താസ്തിത്വമുള്ളവയല്ല. ഏകമായ ഒന്നിന്റെ വ്യത്യസ്താവിഷ്‌കാരമാണ്” – എന്ന വിവേകാനന്ദവാണിയുടെ ചൈതന്യാവിഷ്‌കാരം തന്നെയാണിത്.

എസ്. രമേശന്‍ നായരും അക്കിത്തവും

പൈതൃക പ്രോക്തമായ മൃത്യുസത്യങ്ങള്‍, ദര്‍ശനങ്ങള്‍, താത്ത്വിക വിശുദ്ധികള്‍ എന്നിവ മൃത്യുദര്‍ശനത്തിന്റെ അടിത്തറ പണിയുന്നു; താര്‍ക്കിക സ്പന്ദനങ്ങള്‍, യുക്തി വിചാരസ്പര്‍ശങ്ങള്‍, ശാസ്ത്രീയ നേട്ടങ്ങള്‍ എന്നിവകൊണ്ട് ആ വിചിന്തനങ്ങള്‍ യുക്തിഭദ്രമാവുന്നു. ഐഹിക-പാരത്രിക ജീവിതകാംക്ഷകള്‍, ജന്മ-ജന്മാന്തര പരിപ്രേക്ഷ്യങ്ങള്‍, കാല കല്പനാ വൈചിത്ര്യങ്ങള്‍ എന്നിവ വീക്ഷണസരണിയ്ക്ക് നവമാനങ്ങളായിത്തീരുന്നുണ്ട്. മത-വേദാന്ത വിചിന്തനങ്ങളും മോക്ഷമാര്‍ഗ്ഗ പ്രത്യക്ഷങ്ങളും, ആത്മചിന്താബോധ്യങ്ങളും അതിന്റെ ആന്തരിക പ്രഭവമായി മാറുമ്പോള്‍ വായനാ സംസ്‌കൃതിയേകിയ ആശയസംഹിതകളും, ശ്രൗതവിധികളിലെ ജ്ഞാനസങ്കേതങ്ങളും ദര്‍ശനശ്രേണിയുടെ അറിവുറവയാകുന്നു. സ്വാത്മപ്രഭയിലെ പ്രതിബിംബങ്ങള്‍, ആത്മീയ പ്രകൃതിയുടെ നോട്ടങ്ങള്‍, സൃഷ്ടിസ്ഥിതിലയകാരണചിന്തകള്‍, സര്‍വ്വസമന്വയ ചിന്താസരണികള്‍ – ഇവയൊരുക്കൂട്ടുന്ന ഊര്‍ജ്ജം അനല്പമായ ശക്തിലാവണ്യമാണ് പ്രസ്തുത വീക്ഷണ വിശേഷത്തിനേകുന്നത്. അക്കിത്തത്തിന്റെ മാനവികതാ ദര്‍ശനത്തിന്റെയും പ്രപഞ്ചസങ്കല്പത്തിന്റെയും പ്രസാദസഞ്ചയമായിത്തീരുകയാണ് മൃത്യുദര്‍ശനം. പ്രകൃതിയും മനുഷ്യനും ഏകവും ജീവിതത്തിന്റെ ഏകകവുമാണെന്ന ഒന്നിന്റെ ദര്‍ശന സാക്ഷാത്ക്കാരമാണിത്.

പ്രകൃതിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കേവല രീതിയെ വിസ്മരിച്ച് പ്രകൃതിയ്ക്കപ്പുറമുള്ള അനന്തതയില്‍ ആത്മസ്വരൂപമായി വിരിയുന്ന ഊര്‍ജ്ജപ്പൊരുളിന്റെ പുനര്‍ജ്ജനി തന്നെയാണ് കവിയുടെ മൃത്യുജ്ഞാനത്തിന്റെ അകംപൊരുള്‍. അരവിന്ദന്‍ പറയുന്നു: ”യമന്‍ പ്രപഞ്ചത്തിന്റെ ഭൗതിക മേഖലയില്‍ സത്യവര്‍ത്തിയാകുന്നു. വേദകാലത്തിനുശേഷം യമന്‍ മൃത്യുവിന്റെ അധിദേവനായിത്തീര്‍ന്നു. അസത്യത്തെ മാത്രമേ മരണം ഹനിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ യമന്‍ അനശ്വരതയുടെ സംരക്ഷകനുമായി.” ഈ അര്‍ത്ഥത്തില്‍ മരണത്തിന്റെ നിത്യസത്യാകാംക്ഷയും നിത്യതാബോധവുമാണ് അക്കിത്തം കവിതയിലെ മൃത്യുസംസ്‌കൃതിയെ ജീവനത്വരയുടെ ഭാഷാന്തരമാക്കുന്നത്.

”സ്വാനുഭൂതി പരിത്യജ്യ
ന തിഷ്ഠന്തി ക്ഷണം ബുധാ
സ്വനുഭൂതൗ പ്രമാദോയഃ
സമൃത്യുര്‍ന്ന യമഃ സതാം”

‘അറിവുള്ളവര്‍ ഒരു ക്ഷണനേരം പോലും തന്റെ സ്വരൂപത്തിന്റെ അനുഭവം കൈവിട്ടിരിക്കുന്നില്ല. സ്വരൂപത്തിന്റെ അനുഭവത്തില്‍ വരുന്ന പ്രമാദമാണ് സജ്ജനങ്ങള്‍ക്ക് മൃത്യു – കാലനല്ല’ – എന്ന ശാങ്കരമതമാണ് അക്കിത്തത്തിന്റെ മൃത്യുദര്‍ശനത്തെ പ്രകാശപൂര്‍ണ്ണമാക്കുന്നത്. മരണസങ്കല്പം പോലും പ്രസാദകണികയായി പരിഭാഷപ്പെടുത്തുന്ന അക്കിത്തം കവിത പ്രകൃതിയുടെ ജീവനതാളമാണ്.

Tags: അക്കിത്തം
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies