ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം മുഹമ്മദിനുശേഷം അവര്‍ മറ്റൊരു പ്രവാചകനെ അംഗീകരിക്കുന്നില്ല. പ്രതീക്ഷിക്കുന്നില്ല. മുഹമ്മദ് അന്ത്യപ്രവാചകന്‍ എന്നാണല്ലോ ഇസ്ലാമികബോധനം.
♠ അതും ബഹുസ്വരമാണ്. അവിടെയും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. അഹമ്മദീയ മുസ്ലീങ്ങള്‍ മുഹമ്മദ് നബി അന്ത്യപ്രവാചകാണ് എന്ന് അംഗീകരിക്കുന്നില്ല.
അഹമ്മദീയ വിഭാഗത്തെ മുസ്ലീങ്ങളായി മുഖ്യധാരാമുസ്ലീം സമൂഹം അംഗീകരിക്കുന്നുണ്ടോ?
♠ അഹമ്മദീയ മുസ്ലീങ്ങള്‍ ശരിയായ മുസ്ലീങ്ങളല്ല എന്ന് പ്രഖ്യാപിച്ച് സംഘടിതമുസ്ലീം സമൂഹം തള്ളിപ്പറയുന്നുണ്ട്. പക്ഷേ, അഹമ്മദീയ മുസ്ലീങ്ങള്‍ പറയുന്നത് മുഹമ്മദ് വരെയുള്ള എല്ലാ പ്രവാചകന്മാരെയും അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ മുഹമ്മദോടുകൂടി പ്രവാചകപരമ്പര അവസാനിക്കുന്നു എന്നു പറയാന്‍ പാടില്ല. അതിന് അവര്‍ തെളിവും പറയുന്നുണ്ട്. മുഹമ്മദിനു ശേഷം ഒരു പ്രവാചകന്‍ ഉണ്ടായിയെന്നും, അത് പഞ്ചാബിലെ മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനി ആണെന്നും വിശ്വസിക്കുന്നവരാണവര്‍. അഹമ്മദീയക്കാര്‍ ഇസ്ലാമല്ല എന്ന് എങ്ങനെ പറയാനാവും? ഇസ്ലാമാകാനുള്ള രണ്ടേ രണ്ട് കണ്ടീഷന്‍ ഒന്ന്, ഏകദൈവത്തില്‍ വിശ്വസിക്കണം. രണ്ടാമത്തേത്, മുഹമ്മദ് നബി ദൈവദൂതനാണ് എന്നു വിശ്വസിക്കണം. അതാണ് അറബിയില്‍ പറയുന്നത്, ലാ ഇലാഹാ ഇല്ലള്ളാഹ് മുഹമ്മദ് റസൂലള്ളാഹ്. എന്നുവെച്ചാല്‍ അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നല്ലേ അര്‍ത്ഥം? അതായത്, അല്ലാഹു ഏകനാണെന്നും അവന്‍ സര്‍വ്വശക്തനാണെന്നും ഭൂമിയുടെയും ആകാശങ്ങളുടെയും ഉടമസ്ഥനാണെന്നുമല്ലേ?
അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യന്‍) ഇല്ല. എന്നുപറയുമ്പോള്‍ മറ്റുപേരുകളിലറിയപ്പെടുന്ന ദൈവങ്ങള്‍ ഒക്കെത്തന്നെ അല്ലാഹുതന്നെയാണ് എന്നു വായിച്ചുകൂടേ? അങ്ങനെയാണോ?
♠തിരിച്ചും വ്യാഖ്യാനിക്കും. എനിക്ക് എന്റെ മദ്രസയിലെ ഉസ്താദ് പറഞ്ഞുതന്നത് അല്ലാഹു മാത്രമാണ് ഏകദൈവം എന്നാണ്. ഭൂമിയില്‍ മറ്റുപേരുകളില്‍ അറിയപ്പെടുന്ന ദൈവങ്ങളെ ആരാധിക്കുന്നവരൊക്കെ കാഫിറുകളാണ്, നമുക്കു വിരുദ്ധരാണ് എന്നൊക്കെയായിരുന്നു. സത്യത്തില്‍ അങ്ങനെയല്ല അത് എന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു. നിങ്ങള്‍ കേട്ടിട്ടുള്ള നിങ്ങള്‍ക്കറിയാവുന്ന നിങ്ങള്‍ക്ക് പരിചയമുള്ള നിങ്ങളെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന പരാശക്തി എന്തൊക്കെ പേരിലറിയപ്പെടുന്നുണ്ടോ അത് തന്നെയാണ് അല്ലാഹു.
ഇസ്ലാം ചെന്നിടങ്ങളിലെല്ലാം അവര്‍ തദ്ദേശീയസംസ്‌കാരത്തെ തിരസ്‌കരിക്കുകയാണ് ചെയ്തുവന്നിട്ടുള്ളത്. ഇപ്പോള്‍ ഇസ്ലാമികാധിപത്യമുള്ള 50-ലധികം രാജ്യങ്ങളുണ്ട്. അവിടത്തെ പൂര്‍വ്വസംസ്‌കാരത്തെ കീഴടക്കിയാണ് ഇസ്ലാം അവിടെ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്.
♠എല്ലാ മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിലും അത് സംഭവിച്ചിട്ടില്ല. ഇന്തോനേഷ്യ ഉദാഹരണം. ഇസ്ലാമിനു മുമ്പ് ഒരു പൂര്‍വ്വമതം മെക്കയിലുണ്ടായിരുന്നല്ലോ, അതിനെ സമ്പൂര്‍ണ്ണമായും തകര്‍ത്തിട്ടാണ് ഇസ്ലാം അവിടെ വന്നത് എന്ന വ്യാഖ്യാനം ശരിയാണ്. അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ഇസ്ലാമിനകത്ത് തര്‍ക്കങ്ങളുണ്ട്.
അപ്പോള്‍ താങ്കള്‍ പറയുന്നത്, മുഹമ്മദ് മഹാപുരുഷന്മാരുടെ കൂട്ടത്തില്‍ കണക്കാക്കാവുന്ന ഒരു യോഗിവര്യനാണെന്നാണോ?
♠ആണല്ലോ. ദൂതന്‍, ഗുരു എന്നൊക്കെ പറയുംപോലെ റസൂല്‍ എന്നാല്‍ അങ്ങനെയാണര്‍ത്ഥം. ഓരോ കാലഘട്ടത്തിലും ധര്‍മ്മം ക്ഷയിച്ചുപോകുമ്പോള്‍ അധര്‍മ്മത്തിന്റെ മദ്ധ്യത്തിലേക്ക് അവര്‍ അവതരിക്കും. ഒരു കാലത്തും പ്രവാചകര്‍ ഇല്ലാതെപോയിട്ടില്ല. ഒരു ദേശത്തിനും പ്രവാചകന്‍ ഇല്ലാതെപോയിട്ടില്ല എന്നു ഖുര്‍ആന്‍ പറയുന്നു. അങ്ങനെവരുമ്പോള്‍ യൂറോപ്യന്‍ പ്രവാചകന്മാര്‍ ആര് എന്ന ചോദ്യമില്ലേ? മിഡില്‍ ഈസ്റ്റില്‍ മാത്രമുണ്ടായാല്‍ മതിയോ പ്രവാചകന്‍? പ്രവാചകപരമ്പരയിലെ 25 പേരുടെ പേരേയുള്ളു ഖുര്‍ആനില്‍. അവര്‍ മുഴുവന്‍ അവിടെയുണ്ടായവരാണ്. മറ്റു പ്രവാചകന്മാരെ തേടിപ്പിടിച്ച് കണ്ടെത്തേണ്ടത് പുതിയ കാലത്തിന്റെ ആവശ്യമാണ്.
ഇസ്ലാമില്‍ മദ്രസാ വിദ്യാഭ്യാസം പരമപ്രധാനമാണല്ലോ. കെ.ടി. ജലീല്‍ അടുത്തകാലത്ത് മദ്രസയുമായി ബന്ധപ്പെട്ട് വളരെ ഗൗരവമായ ഒരു പരാമര്‍ശം നടത്തിയത് താങ്കളുടെ ശ്രദ്ധയില്‍ പെട്ടുകാണും. മദ്രസാ വിദ്യാഭ്യാസം നേടിയ ആളുകളാണ് കൂടുതലായി കുറ്റകൃത്യങ്ങളില്‍ പ്രത്യേകിച്ച് നര്‍ക്കോട്ടിക് കേസുകളില്‍ പിടിക്കപ്പെടുന്നത് എന്ന്. അപ്പോള്‍ മദ്രസ വിദ്യാഭ്യാസംകൊണ്ട് ധാര്‍മ്മികബോധം വളരുന്നില്ല എന്നാണോ അര്‍ത്ഥമാക്കേണ്ടത്?
♠ ജലീല്‍ ഉന്നയിച്ചത് ന്യായമായ വിഷയമാണ്. കാരണം, സ്‌കൂള്‍ വിദ്യാഭ്യാസത്തെപോലും വെല്ലുവിളിച്ചുകൊണ്ട് സംഘടിതമായി മതവിദ്യാഭ്യാസം നടത്തുന്ന സമുദായമാണ് മുസ്ലീം സമുദായം എന്നാല്‍, ഇന്ത്യയിലെ ക്രൈം റെക്കോര്‍ഡ് എടുത്തുനോക്കൂ. എല്ലാ ക്രൈമിലും മുസ്ലീങ്ങള്‍ക്ക് മികച്ച പങ്കാളിത്തമുണ്ട്. അപ്പോള്‍ എന്തു ധാര്‍മ്മികതയാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്? ആ ചോദ്യമാണ് ജലീല്‍ ഉന്നയിച്ചത്. ഒരു കാലത്ത് കള്ളക്കടത്തിന്റെ മുഴുവന്‍ കുത്തക മുസ്ലീങ്ങളായിരുന്നു. പക്ഷേ ഇപ്പോള്‍ മയക്കുമരുന്ന് കടത്തില്‍ പിടിക്കപ്പെടുന്ന മുസ്ലീങ്ങള്‍ വളരെ കൂടുതലല്ലേ? എന്തുകൊണ്ടാണ് അത്? എങ്ങനെയും കാശ് ഉണ്ടാക്കണം. മനുഷ്യരെ കൊന്നും കാശുണ്ടാക്കണം. ആ പാഠം ആര് പഠിപ്പിച്ചതാണ്?
മദ്രസാപഠനമാണ് ഇസ്ലാമിനെ കൂടുതല്‍ തീവ്രവാദമാനസികാവസ്ഥയിലേക്ക് നയിക്കുന്നത് എന്ന നിരീക്ഷണം പ്രബലമാണ്. ചെറുപ്പത്തില്‍ മദ്രസാവിദ്യാഭ്യാസത്തിലൂടെ കടന്നുപോയ ഒരാളില്‍ ശാസ്ത്രബോധവും ജനാധിപത്യബോധവും വളര്‍ത്തിയെടുക്കാന്‍ പ്രയാസമാണ് എന്നതാണ് അനുഭവം. ഇസ്ലാമിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുവാന്‍ മദ്രസാപഠനം നിയന്ത്രിക്കപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായമുണ്ടോ?
♠ ഞാനീകാര്യം ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ ഒരു പ്രധാനപ്പെട്ട വിഷയം തന്നെയാണിത്. ഒരു ജനാധിപത്യരാജ്യത്ത് മതവിശ്വാസത്തിന് അപാരമായ പ്രാമുഖ്യം കൊടുക്കുന്ന ഒരു ഭരണഘടനയുള്ളപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകപ്രാധാന്യമുള്ള ഒരു രാജ്യത്ത് മദ്രസകള്‍ നിയന്ത്രിക്കുക എന്നുപറയുന്നത് അപ്രായോഗികമായിരിക്കും. എന്റെ അഭിപ്രായത്തില്‍ മദ്രസാവിദ്യാഭ്യാസത്തെ പരിഷ്‌കരിക്കണം. മദ്രസാവിദ്യാഭ്യാസത്തിലെ ഒന്നാം പാഠം ആധുനികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യമായിരിക്കണം.
ഇസ്ലാം മതം എന്ന ഒരു പാഠം ഞാന്‍ മദ്രസ്സയില്‍ പഠിച്ചത് ഓര്‍ക്കുന്നു. ആ പാഠത്തിന്റെ ആദ്യവാക്യം ‘മതമേതായാലും മനുഷ്യന്‍ നന്നാവുകയില്ല’. എന്നായിരുന്നു. എന്നിട്ട് പിന്നെ പറയുന്നത് ഇസ്ലാംതന്നെയാവണം എന്നതാണ്. അല്ലാഹുവിലും പ്രവാചകനിലും ഒക്കെ വിശ്വസിക്കണം. എന്നൊക്കെ തുടര്‍ന്നുപോകുന്നു. ഞാന്‍, പത്തുവയസ്സുള്ള കുട്ടി, പിന്നെ ചെന്നിരിക്കുന്നത് രത്‌നമ്മ ടീച്ചറുടെ ക്ലാസിലാണ്. രത്‌നമ്മ ടീച്ചറെന്നോട് ശ്രീനാരായണഗുരുദേവന്റെ പടം കാണിച്ചുതന്നിട്ട് ഇതാരാണെന്നറിയാമോ മക്കളേ എന്നുചോദിച്ചിട്ട് പറഞ്ഞുതരുന്നത്, ഇദ്ദേഹമാണ് പറഞ്ഞത് മതമേയാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്. ഈ വൈരുദ്ധ്യം ഉണ്ടാവാന്‍ പാടില്ല.
എന്റെ മദ്രസാപഠനത്തിനും വേറെയും പരിമിതികളുണ്ടായിരുന്നു. എന്റെ കൂട്ടുകാരായ ഉണ്ണികൃഷ്ണനെയും, ജോയ് ജോസഫിനെയും സ്‌നേഹിക്കണം. അവര്‍ക്കും സ്വര്‍ഗ്ഗമുണ്ട്. അവരുടെ മാര്‍ഗ്ഗവും സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗമാണ്. അവരുടെ ദേവാലയം നമ്മുടെ പള്ളിപോലെ പ്രിയപ്പെട്ടതാണെന്ന ഒരു വാക്കുപോലും എന്നെ മദ്രസയില്‍ പഠിപ്പിച്ചിട്ടില്ല. അത് മദ്രസയുടെ ഒരു കുറവ് തന്നെയാണ്. അതേസമയം ഞാനതിനെ മറികടന്ന് ഉയര്‍ന്ന ഒരു മാനവികബോധം ആര്‍ജ്ജിച്ചത് മതാതീതമായ ആത്മീയതയിലൂടെയാണ്.
അത് അങ്ങയുടെ സ്വന്തം നിലയ്ക്കുള്ള പരിശ്രമം കൊണ്ട് എത്തിച്ചേര്‍ന്നതല്ലേ? വായനയിലൂടെയും ചിന്തയിലൂടെയും പിന്നെ ആളുകളുമായുള്ള സഹവാസത്തിലൂടെയും മറ്റും?
♠ അത്രയേയുള്ളൂ. എന്റെ മക്കള്‍ക്കത് പോരാ. അവര്‍ക്കത് മദ്രസയില്‍നിന്നുതന്നെ കിട്ടണം എന്നാണ് ഞാന്‍ പറയുന്നത്. എന്നാലതുണ്ടാകുന്നില്ല.
മദ്രസാവിദ്യാഭ്യാസം നേടിയ ഒരാള്‍ക്ക് അതിന്റെ ആ കണ്ടീഷനില്‍നിന്ന് മുക്തനായി ഒരു സ്വതന്ത്രചിന്തകനായി മാറുക എന്നുള്ളത് വലിയ ബുദ്ധിമുട്ടാണ്. എന്നാലിന്ന് ആരിഫ് ഹുസൈനെപ്പോലുള്ള എക്‌സ് മുസ്ലീങ്ങള്‍ അപൂര്‍വ്വമായിട്ടാണെങ്കിലും ഇസ്ലാമില്‍നിന്നുണ്ടാകുന്നുണ്ട്. ഈ വിഭാഗം ഇസ്ലാമില്‍ ഒരു നവീകരണവും നവോത്ഥാനവും കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ?
♠ഞാന്‍ ആരിഫ് ഹുസൈനെ കാണുന്നത് ഇസ്ലാമിന് അനിവാര്യമായ ഒരു കറക്ടിവ് ഫോഴ്‌സ് ആയിട്ടാണ്. വളരെ പോസിറ്റിവ് ആയിട്ടുള്ള ഒരു തലം ഞാനതില്‍ കാണുന്നുണ്ട്. അല്ലാമാ ഇക്ബാല്‍ പറയുന്നത് ദൈവത്തിന്റെ ഏറ്റവും വലിയ വരദാനം ചിന്താശേഷിയാണ്. ചിന്തിപ്പിക്കുക എന്നതാണ് ദൈവികമായ ഏറ്റവും വലിയ സത്കര്‍മ്മം. അതുകൊണ്ട് ചിന്ത മരവിച്ചുപോയി തളംകെട്ടി നില്‍ക്കുന്ന ഒരു അന്തരീക്ഷത്തില്‍ എപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവന്‍ അവിശ്വാസിയല്ല, അവന്‍ ശരിയായ ആസ്തികനാണ് എന്നാണ്. ഇസ്ലാമിനെ ഏറ്റവും മോശമായി വ്യാഖ്യാനിക്കുകയും മോശമായി പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സമുദായം ഇപ്പോഴുണ്ട്. അവരെ ചോദ്യം ചെയ്യുന്ന പ്രാഥമികതലത്തിലുള്ള ഒരു പണിയാണ് ആരിഫും കൂട്ടരും ചെയ്യുന്നത്.
പൊതുവെ ഇസ്ലാമിക സംഘടനകള്‍ ഉയര്‍ത്തുന്ന ഒരു പരാതിയുണ്ട്, സര്‍ക്കാര്‍ സര്‍വിസില്‍ മുസ്ലീങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യമില്ല എന്ന്. അതിന്റെ ഒരു പ്രധാനകാരണം അടുത്തകാലംവരെ അവര്‍ ആധുനികവിദ്യാഭ്യാസത്തോട് അകല്‍ച്ച കാണിച്ചതുകൊണ്ടല്ലേ? മതവിദ്യാഭ്യാസം മാത്രം മതിയെന്ന നിലപാടിലായിരുന്നില്ലേ അവര്‍ ദീര്‍ഘകാലം? മാത്രമല്ല, മുസ്ലിങ്ങള്‍ കൂടുതലായി വ്യാപാരമേഖലയിലേക്ക് താല്‍പര്യം കാണിച്ചതുകൊണ്ട് സര്‍ക്കാര്‍ സര്‍വീസുകളില്‍ സ്വാഭാവികമായും അംഗസംഖ്യ കുറയുമല്ലോ. ഇതിനെല്ലാം പുറമെ കേരളസര്‍ക്കാരില്‍ മൂന്നരപ്പതിറ്റാണ്ടിലധികം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തത് മുസ്ലിംലീഗിന്റെ മന്ത്രിമാര്‍ ആണ്. എന്നിട്ടും അവര്‍ക്ക് വിദ്യാഭ്യാസത്തില്‍ മുന്നേറാന്‍ സാധിച്ചില്ലായെങ്കില്‍ അതിന് തടസ്സം നിന്നതാരാണ്? മറ്റൊരു പ്രധാനകാരണം, പ്രവാസജീവിതമാണല്ലോ. ഗള്‍ഫില്‍ ജോലിയും ബിസിനസ്സുമായി കഴിയുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. ഇന്ത്യയില്‍ തന്നെ മുംബൈ, ബാംഗ്ലൂര്‍ എന്നിങ്ങനെ പലയിടങ്ങളിലും മുസ്ലീങ്ങള്‍ കച്ചവടത്തിനും മറ്റുമായി പോകുന്നു. ഇങ്ങനെ നോക്കുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാന്‍ അവരുടെ ആളുകള്‍ വേണ്ടേ? എന്റെ ഒരു മുസ്ലീംസുഹൃത്ത് വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ അദ്ദേഹം നീണ്ട അവധിയെടുത്ത് ഗള്‍ഫില്‍ പോയിരിക്കുകയാണ്. കാരണം പറഞ്ഞത് നാട്ടിലെ സര്‍ക്കാര്‍ ജോലികൊണ്ട് അദ്ദേഹത്തിന് ജീവിക്കുവാനുള്ള വരുമാനം പോര എന്നാണ്. ഇങ്ങനെ പലതുണ്ട് കാരണങ്ങള്‍. പക്ഷേ, ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത് മുസ്ലീങ്ങളുടെ അവകാശങ്ങള്‍ മറ്റു സമുദായക്കാര്‍ തട്ടിയെടുക്കുന്നുവെന്നാണ്.
♠ മുസ്ലീം പിന്നാക്കാവസ്ഥ അവരുടെ ഉള്ളില്‍ത്തന്നെയുള്ള പ്രശ്‌നംകൊണ്ടുതന്നെയാണ്. അതിന് മറ്റാരുടെയും മേലെ കൈചൂണ്ടിയിട്ട് മുസ്ലീം സമുദായം പിന്നാക്കാവസ്ഥയിലാണ്, ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം കിട്ടിയില്ല എന്ന് വിലപിക്കുന്നതില്‍ അര്‍ത്ഥവുമില്ല. അവര്‍ പഠിക്കേണ്ട കാലത്ത് പഠിച്ചില്ല. വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞ് നിന്നു. ഇംഗ്ലിഷ്, ചെകുത്താന്റെ ഭാഷയാണെന്നും മലയാളം, നരകത്തിലെ ഭാഷയാണെന്നുമൊക്കെ പറഞ്ഞ് വിദ്യാഭ്യാസത്തില്‍നിന്ന് വിട്ടുനിന്നു. പെണ്‍കുട്ടികളെ ഒട്ടും പഠിപ്പിക്കണ്ട എന്ന് ദീര്‍ഘകാലം തീരുമാനിച്ചു. അതിന് അവര്‍ പല ന്യായവും പറഞ്ഞിരുന്നു. ബ്രിട്ടിഷ്‌കാര്‍ വന്നപ്പോള്‍ ഇംഗ്ലീഷ് അവരുടെ ഭാഷയായതുകൊണ്ട് അത് പഠിക്കേണ്ട. ജന്മിമാരുടെ ഭാഷയാണ് മലയാളം. അതുകൊണ്ട് അതു പഠിക്കേണ്ട. അനിസ്ലാമിക വ്യവസ്ഥയിലെ ഉദ്യോഗം മുസ്ലീങ്ങള്‍ക്ക് വേണ്ട എന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞു. ഓരോ കാരണങ്ങള്‍ പറഞ്ഞ്, മുസ്ലീം സമുദായം സ്വയം പുറകോട്ട് പോയതാണ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ നേടേണ്ട വികസനം ഭരണഘടനാപരമായ മാര്‍ഗ്ഗത്തില്‍ വിദ്യാഭ്യാസം നേടി ദേശീയജീവിതത്തിന്റെ ഭാഗമാകുക എന്നുള്ളതാണ്. ഇത് തിരിച്ചറിയാന്‍ വൈകിപ്പോയി. എന്നാല്‍ ഇപ്പോള്‍ കിതച്ചോടുന്നുണ്ട്.
മാപ്പിള എന്ന വാക്കുണ്ടല്ലോ, അതിന്റെ നിഷ്പത്തിയെ കുറിച്ച് ധാരാളം നിരീക്ഷണങ്ങളുണ്ട്. അതിലെ ഒരു നിരീക്ഷണം കേട്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും. മാ ഫലാഹ് എന്ന ഒരു അറബിവാക്കുണ്ട്. അതിനര്‍ത്ഥം കൃഷി വേണ്ടാത്തവര്‍ എന്നാണ്. അപ്പോള്‍ ആലോചിച്ചുനോക്കൂ, കൃഷി ചെയ്യാനറിയാതെ മണ്ണിനോട് പടവെട്ടാന്‍ തയ്യാറില്ലാതെ കച്ചവടം മാത്രമാണ് തങ്ങളുടെ ജീവിതമാര്‍ഗ്ഗം എന്നുവിചാരിച്ചു ജീവിക്കുന്നവരായിരുന്നു. മരുഭൂമിയില്‍ പിറന്ന മതമാണ്. അവിടെ ആകെ അറിയാവുന്ന പണി അറേബ്യയില്‍ നിന്ന് യമനിലും ഈജിപ്തിലൊക്കെ പോയി നടത്തുന്ന കച്ചവടം മാത്രമാണ്. കച്ചവടത്തിന്റെ സമുദായമാണ് തങ്ങള്‍ എന്നവര്‍ ധരിച്ചു. വിദ്യാഭ്യാസം നമുക്കു പറഞ്ഞതല്ല. കൃഷി നമ്മുടേതല്ല. സ്വാഭാവികമായും ഒരു പൊതുസമൂഹത്തില്‍ പിന്നോട്ടുപോയതില്‍ അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട്.
(തുടരും)





















