Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ഏകാത്മ മാനവദര്‍ശനം നവഭാരതത്തിന്റെ രൂപരേഖ

പ്രൊഫ. ബി. വിജയകുമാർപ്രൊഫ. ബി. വിജയകുമാർ
13 February 2026

മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ മൂല്യങ്ങളെ നിര്‍ണ്ണയിക്കുന്ന ദര്‍ശനങ്ങളുടെയും സദാചാര സംഹിതകളുടെയും ആകെ തുകയാണ് ഹ്യൂമനിസം അഥവാ മാനവദര്‍ശനം എന്ന പേരില്‍ അറിയപ്പെടുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നവോത്ഥാന കാലഘട്ടത്തോടെയാണ് ആധുനിക യൂറോപ്പിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ യൂറോപ്പിന്റെ ജനജീവിതത്തെ സ്വാധീനിച്ച ആശയങ്ങളാണ് ദേശീയത, ജനാധിപത്യം, മുതലാളിത്തം, സോഷ്യലിസം, ഏകലോകം, വിശ്വശാന്തി തുടങ്ങിയവ.

Google NewsAdd Kesari Weekly as a preferred source on Google

റോമാ സാമ്രാജ്യത്തിന്റെയും പോപ്പിന്റെയും ഭരണത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്പില്‍ ദേശീയതയുടെ ഉത്ഭവം. പോപ്പിന്റെ അധീശത്വത്തിനെതിരെ യൂറോപ്പില്‍ കലാപം ഉണ്ടായി. അവിടെ ഉയര്‍ന്നുവന്ന പുതിയ വാണിജ്യ സമൂഹമാണ് കലാപം ഉയര്‍ത്തിയത്. തുടര്‍ന്ന് രാഷ്ട്രം, ഭരണകൂടം എന്നീ ആശയങ്ങളെ കൂട്ടിയിണക്കി ‘നേഷന്‍ സ്റ്റേറ്റ്’ എന്ന സങ്കല്പം നിലവില്‍ വന്നു. പിന്നീടുള്ള കുറെ നൂറ്റാണ്ടുകളില്‍ യൂറോപ്പിന്റെ ചരിത്രം ദേശീയ രാഷ്ട്രങ്ങളുടെ ഉത്ഭവത്തിന്റെയും തകര്‍ച്ചയുടെയും ചരിത്രമായിരുന്നു.

പോപ്പിന്റെ അധികാരം അവസാനിച്ചപ്പോള്‍ രാജാക്കന്മാര്‍ മതപരവും ഭരണപരവും സാമ്പത്തികവുമായ അധികാരം കൈവശപ്പെടുത്തി. തുടര്‍ന്ന് രാജാധികാരത്തിനെതിരെ നടന്ന വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിലും അമേരിക്കയിലും ഫ്രാന്‍സിലും ജനാധിപത്യ ഭരണകൂടങ്ങള്‍ നിലവില്‍ വന്നു.

ADVERTISEMENT

യൂറോപ്പില്‍ വ്യവസായം പുരോഗമിച്ചു, വ്യവസായ വിപ്ലവം ഉണ്ടായി. അങ്ങനെ പുതിയൊരു മുതലാളിവര്‍ഗ്ഗം രൂപപ്പെട്ടു. ക്രമേണ തൊഴിലാളികള്‍ ചൂഷണവിധേയരായി. ഈ ചൂഷണത്തിനെതിരെയാണ് സമാജവാദ സങ്കല്പം ഉണ്ടായത്. തൊഴിലാളികളുടെ വിപ്ലവത്തിലൂടെ കിഴക്കന്‍ യൂറോപ്പിലും റഷ്യയിലും ചൈനയിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിലവില്‍ വന്നു. ഇവിടെയും പ്രതീക്ഷകള്‍ തകരാന്‍ അധികനാള്‍ വേണ്ടിവന്നില്ല. സോഷ്യലിസ്റ്റ് ഭരണക്രമത്തിലും പുതിയൊരു ചൂഷക വര്‍ഗ്ഗം ഉദയം ചെയ്തു. പിന്നീട് നാം കണ്ടത് ആധുനിക ചരിത്രമാണ്. റഷ്യയിലും യൂറോപ്പിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നു. ചൈനയിലെ സാംസ്‌കാരിക വിപ്ലവം പോലും കൂട്ടക്കൊലകളായിരുന്നു എന്ന് പിന്നീട് വെളിവായി. ചൈന ഇന്നനുവര്‍ത്തിക്കുന്ന ‘സോഷ്യലിസ്റ്റ് വിപണി സമ്പദ്‌വ്യവസ്ഥ’ മുതലാളിത്തവുമായുള്ള സന്ധിചെയ്യലാണ്.

റഷ്യയും ചൈനയും അവരുടെ സാമ്രാജ്യത്വമോഹം മറച്ചുവച്ചിരുന്നില്ല. സാമ്രാജ്യത്വം മുതലാളിത്തത്തിലാണ് ഉത്ഭവിക്കുന്നത് എന്ന കമ്മ്യൂണിസ്റ്റ് ഭാഷ്യം അവര്‍ തന്നെ തെറ്റാണെന്ന് തെളിയിച്ചു.

മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ഇടയില്‍ ഒരു ഒത്തുതീര്‍പ്പ് എന്ന നിലയിലാണ് ‘ക്ഷേമരാഷ്ട്ര സങ്കല്പം’ ഉടലെടുത്തത്. എന്നാല്‍ ക്ഷേമരാഷ്ട്രങ്ങള്‍ മനുഷ്യന്റെ ഭൗതിക നേട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുക വഴി രാഷ്ട്രങ്ങളുടെ സംസ്‌കാരവും സദാചാരമൂല്യങ്ങളും അവഗണിച്ചു. വര്‍ദ്ധിച്ചു വന്ന യന്ത്രവല്‍ക്കരണം മാനവ മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായി.

ചുരുക്കത്തില്‍ ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള സാമൂഹ്യ രാഷ്ട്രീയ ചിന്തകളെല്ലാം പരസ്പര വിരുദ്ധമാണ്. സമ്പൂര്‍ണ്ണമായും സ്വീകാര്യവുമല്ല. പാശ്ചാത്യലോകത്തിന് വിവിധ ചിന്താധാരകളെ സമന്വയിപ്പിക്കാന്‍ സമര്‍ത്ഥമായ ഒരു ജീവിത ദര്‍ശനത്തിന്റെ അഭാവം കാരണം കഴിയുന്നില്ല. അവ തമ്മിലുള്ള പൊരുത്തക്കേട് ഇന്നും തുടരുന്നു.

ആശയപരമായ ചിന്താക്കുഴപ്പം ഭാരതത്തെയും ബാധിച്ചു. തന്മൂലം രാഷ്ട്രീയരംഗം ആദര്‍ശശൂന്യമായ കൂട്ടുകെട്ടുകളുടെ വേദിയായി. ഈ അവസരത്തില്‍ ഭാരതീയ ജനസംഘത്തെ ആദര്‍ശ നിഷ്ഠയുള്ള പ്രവര്‍ത്തകരുടെ വേദിയാക്കാനാണ് ദീനദയാല്‍ ഉപാധ്യായ ശ്രമിച്ചത്. വൈദേശികവും പ്രതിക്രിയാത്മകവുമായ ചിന്തകള്‍ ലോകത്തില്‍ എത്ര വേണമെങ്കിലുമുണ്ട്. എന്നാല്‍ അവയൊന്നും കാലാതീതമല്ല. ഭാരതത്തിന്റെ പ്രകൃതിയ്ക്ക് യോജിച്ചതുമല്ല. അതിനാല്‍ ഏത് പൊതുപ്രവര്‍ത്തകനും ഏതുകാലത്തും ആശ്രയിക്കാന്‍ കഴിയുന്ന പുരോഗമനാത്മകമായ ഒരു തത്വശാസ്ത്രം വേണം. ഈ നിലയിലാണ് 1964-ലെ ജനസംഘത്തിന്റെ ഗ്വാളിയാറില്‍ നടന്ന ചതുര്‍ദിന ചിന്തന്‍ ശിബിരത്തില്‍ ദീനദയാല്‍ ഉപാധ്യായ ‘തത്വവും നയവും’ എന്ന പേരില്‍ തന്റെ ചിന്തകള്‍ അവതരിപ്പിച്ചത്. ഒരു പുതിയ ആശയം എന്ന നിലയിലല്ല, മറിച്ച് ഭാരതീയ ജീവിതരീതിയില്‍ നിന്നും രൂപപ്പെട്ടുവരുന്ന ദര്‍ശനം എന്ന തരത്തിലാണ് അദ്ദേഹം ഇതിനെ കണ്ടത്. അദ്ദേഹം പുതിയ ഒന്നിനെ കണ്ടെത്തുകയായിരുന്നില്ല. മറിച്ച് ഭാരതത്തിന്റെ തനതായ ചിന്തയെ ആധുനിക സമൂഹത്തിന് യോജിച്ച തരത്തില്‍ അവതരിപ്പിക്കുക (propound)യായിരുന്നു. അതുകൊണ്ട് ഏകാത്മമാനവദര്‍ശനത്തിന്റെ ജ്ഞാനമീമാംസ (epistemology) ഭാരതീയ ദര്‍ശനങ്ങള്‍ തന്നെ എന്ന് പറയാം. അന്ന് അവതരിപ്പിച്ച രേഖയുടെ പരിഷ്‌കരിച്ച രൂപം 1965-ല്‍ വിജയവാഡയില്‍ നടന്ന ജനസംഘത്തിന്റെ പ്ലീനറി സമ്മേളനത്തിലും അവതരിപ്പിച്ചു. ഈ സമ്മേളനത്തിലാണ് ഭാരതീയ ജനസംഘം അതിന്റെ അടിസ്ഥാന തത്വശാസ്ത്രമായി ഏകാത്മ മാനവ ദര്‍ശനത്തെ സ്വീകരിക്കുന്നത്. ഏതാനും നാളുകള്‍ക്ക് ശേഷം 1965 ഏപ്രിലില്‍ അദ്ദേഹം പ്രസ്തുത രേഖയുടെ അവസാന രൂപം ബോംബെയില്‍ വച്ച് നടത്തിയ ചതുര്‍ദിന പ്രഭാഷണത്തില്‍ വിശദീകരിച്ചു.

ഏകാത്മ മാനവദര്‍ശനം സമന്വയത്തിന്റെ ദര്‍ശനമാണ്. വൈവിദ്ധ്യത്തിലെ ഏകത്വം എന്നതാണ് അതിന്റെ കേന്ദ്രബിന്ദു. ”വ്യക്തിയും സമാജത്തിനുമിടയില്‍ ശാന്തിയും ഐക്യവും ഉണ്ടാക്കാനുള്ള ഒരു പ്രായോഗിക സമീപനം”1 എന്ന തരത്തിലാണ് താന്‍ അവതരിപ്പിച്ച ആശയത്തെ ദീനദയാല്‍ കണ്ടത്.
സനാതന ധര്‍മ്മം യാഥാസ്ഥിതികവും അടിച്ചമര്‍ത്തല്‍ സ്വഭാവം ഉള്ളതും മാറ്റങ്ങള്‍ക്കെതിരുമെന്ന് കരുതിയവര്‍ക്ക് ഒരു വിപ്ലവകാരിക്ക് ചേര്‍ന്ന മറുപടിയാണ് ദീനദയാല്‍ജി നല്‍കിയത്. കാരണം ഏകാത്മ മാനവദര്‍ശനം അസ്പൃശ്യത, ജാതി സമ്പ്രദായം, സ്ത്രീധനം, സ്ത്രീവിവേചനം എന്നിവയെ സമൂഹത്തിന്റെ അധഃപതനമായാണ് കാണുന്നത്.

നാം നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് നാം പുരാവസ്തു ശാസ്ത്രജ്ഞരല്ല, ഏതെങ്കിലും പുരാവസ്തു സംഗ്രഹണാലയത്തിലെ കാവല്‍ക്കാരുമല്ല. നാം വര്‍ഷങ്ങള്‍ക്ക് മുമ്പേ കോളനി ഭരണത്തേയും സാമ്രാജ്യത്വത്തേയും വലിച്ചെറിഞ്ഞിട്ടും ഇന്നും എന്തുകൊണ്ട് പാശ്ചാത്യ ചിന്തകള്‍ക്കു പുറകേ പോകുന്നു? പാശ്ചാത്യ ചിന്തകള്‍ പലതും പരസ്പര വിരുദ്ധമാണെന്നും ഇന്ന് ലോകത്ത് ദാരിദ്ര്യവും, അനീതിയും, സംഘര്‍ഷവും അക്രമവും നിലനില്‍ക്കാന്‍ കാരണം പാശ്ചാത്യ ചിന്താരീതിയാണെന്നും ദീനദയാല്‍ജി തിരിച്ചറിഞ്ഞു.

അതിനാല്‍ വ്യത്യസ്ത ദര്‍ശനങ്ങളിലെ നല്ലവശങ്ങളെ സ്വീകരിച്ചും ചീത്ത വശങ്ങളെ ഒഴിവാക്കിയും സാരസംഗ്രഹവാദപരമായ (eclectic)- ഒരു പുതിയ ‘ചിന്ത’ ആവശ്യമാണ്. ഏകാത്മമാനവദര്‍ശനം അത്തരത്തിലാണ് രൂപപ്പെടുത്തപ്പെട്ടത്. ഈ ദര്‍ശനത്തെ നയിക്കുന്ന സദാചാര സംഹിത (ethics)- ഭാരതീയ ധര്‍മ്മ നീതിയാണ്.

ഭാരതം സനാതനമായ ഒരു രാഷ്ട്രമാണ്. ഈ രാഷ്ട്രത്തിന്റെ ദേശീയത അതിന്റെ സംസ്‌കാരത്തില്‍ അധിഷ്ഠിതമാണ് എന്ന് നാം കരുതുന്നു. സാംസ്‌കാരിക ദേശീയത എന്ന ആശയം യൂറോപ്പില്‍ ഉടലെടുത്ത ‘നേഷന്‍ സ്റ്റേറ്റ്’ സങ്കല്പത്തിലും ഏറെ പഴക്കമുള്ളതുമാണ്. സംസ്‌കാരത്തെയും നാഗരികതയെയും ആര്‍ക്കും കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയില്ലല്ലോ. അവ രണ്ടും രൂപപ്പെട്ടു വരികയാണ് ചെയ്യുക. ഒരു വ്യക്തി സ്വയം ജനിക്കുകയാണ് എന്ന് നമുക്കറിയാം. ഇതുതന്നെയാണ് സമാജത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. സമാജവും വ്യക്തിയെപ്പോലെ തന്നെ ജൈവം (organic) ആണ്.

ഭാരതീയ കാഴ്ചപ്പാടില്‍ മനുഷ്യന് ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നീ ഘടകങ്ങളാണുള്ളത്. അതിനാല്‍ വ്യക്തിയുടെ വികാസമെന്നാല്‍ ഈ നാല് ഘടകങ്ങളുടെയും വികാസമാണ്. പുരുഷാര്‍ത്ഥങ്ങളിലൂടെയാണ് (ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം) ഇത് സാധിക്കേണ്ടത്. അതായത് ധര്‍മ്മത്തിന്റെ അടിത്തറയില്‍ അര്‍ത്ഥകാമങ്ങള്‍ ആര്‍ജ്ജിച്ചുകൊണ്ട് ഒരു വ്യക്തിക്ക് ഏകാത്മ മാനവനായി മാറാം (മോക്ഷം). വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ബുദ്ധിയ്ക്കും ആത്മാവിനും സമാനമായി രാഷ്ട്രത്തിന് രാഷ്ട്രശരീരമായ ദേശം, ജനതയുടെ ഇച്ഛാശക്തി, രാഷ്ട്രത്തിന്റെ ഭരണഘടന, രാഷ്ട്രത്തിന്റെ ആത്മാവ് (ചിതി) എന്നീ ഘടകങ്ങളാണുള്ളത്. ഇവ നാലിന്റെയും നിലനില്പ് രാഷ്ട്രത്തിന്റെ പുരുഷാര്‍ത്ഥങ്ങളിലൂടെയാണ്. ജ്ഞാനം (knowledge), ന്യായം (justice), ഭാവം (wealth), ജനതയുടെ ആലസ്യരാഹിത്യം (pro-activeness) എന്നിവയാണ് ആ പുരുഷാര്‍ത്ഥങ്ങള്‍. ഈ നാലിന്റെയും നീതിപൂര്‍വ്വകമായ (ധാര്‍മ്മികം) വികാസത്തിലൂടെ ഒരു ഏകാത്മക രാജ്യം രൂപം കൊള്ളുന്നു (ഇവിടെ രാജ്യവും രാഷ്ട്രവും ഒന്നല്ല. രാഷ്ട്രത്തെ സംരക്ഷിക്കുവാനാണ് രാജ്യമുണ്ടായത്).

വ്യക്തിയെപ്പോലെ രാജ്യവും ധാര്‍മ്മിക നിയമങ്ങളുടെ പരിധിയില്‍ വര്‍ത്തിക്കണം. അതായത് ഏകാത്മ മാനവന്‍ (integral man), ഏകാത്മക രാജ്യം (unitary state) രണ്ടിന്റെയും അടിത്തറ ധര്‍മ്മാണ്.

മനുഷ്യ വ്യക്തിത്വത്തെ സംബന്ധിച്ച് ഭൗതികമായ കാഴ്ചപ്പാടാണ് പാശ്ചാത്യ ചിന്തകര്‍ക്കുള്ളത്. എന്നാല്‍ നാം വ്യക്തിക്ക് ഭൗതികവും ആദ്ധ്യാത്മികവുമായ’സ്വത്വം’ ഉണ്ടെന്ന് കരുതുന്നു. മനുഷ്യന്റെ വ്യക്തിത്വം സൂക്ഷ്മതലത്തിലാണ് വികസിക്കുന്നത്. ജൂലിയന്‍ ഹക്‌സിലി ആദ്ധ്യാത്മികതയെ മനുഷ്യസാദ്ധ്യതയുടെ കല എന്ന് വിശേഷിപ്പിക്കാനുള്ള കാരണമിതാണ്. വ്യക്തിത്വ വികാസത്തെ സംബന്ധിച്ച ഈ കാഴ്ചപ്പാടാണ് ഏകാത്മ മാനവദര്‍ശനത്തിന് പിന്നിലുള്ള തത്വമീമാംസ (metaphysics).

ഏകാത്മ മാനവന് ബഹു അസ്തിത്വമാണുള്ളത് (plural entity). വ്യക്തിയില്‍ നിന്നും സമൂഹത്തിലൂടെ രാഷ്ട്രത്തെ ഉള്‍ക്കൊള്ളുന്ന തലത്തില്‍ അവന്റെ വ്യക്തിത്വം വികസിക്കുന്നു. ഇവിടെ ‘രാഷ്ട്രം ആദ്യം’ എന്ന ചിന്തയിലേക്ക് അവനെത്തുകയാണ്. വ്യക്തിയും വ്യക്തിയും, വ്യക്തിയും സമൂഹവുമായി നിരന്തരമായ സംഘര്‍ഷത്തിലാണ് എന്ന സിദ്ധാന്തത്തെ ഏക്താത്മമാനവദര്‍ശനം അംഗീകരിക്കുന്നില്ല. ഏകത്വമാണ് മൗലികമായിട്ടുള്ളത്, വൈവിധ്യം ഉപരിപ്ലവം മാത്രം.

വ്യക്തികള്‍ കൂടിച്ചേര്‍ന്ന് ഒരു കരാര്‍ പ്രകാരമാണ് സമൂഹം ഉണ്ടാകുന്നത് എന്നുപറയുന്ന സോഷ്യല്‍ കോണ്‍ട്രാക്ട് സിദ്ധാന്തം നമുക്ക് സ്വീകാര്യമല്ല. വൈദിക കാലം മുതല്‍ രാഷ്ട്രത്തെ ഒരു ജൈവഘടകമായാണ് ഭാരതത്തില്‍ ചിന്തിച്ചിട്ടുള്ളത്. നമുക്ക് സമാജ പുരുഷ സങ്കല്പം ഉണ്ടായിരുന്നല്ലോ. വ്യക്തിയെപ്പോലെ തന്നെ സമൂഹത്തിനും രാഷ്ട്രത്തിനും ശരീരവും മനസ്സും ബുദ്ധിയും ആത്മാവുമുണ്ട്. മനഃശാസ്ത്രജ്ഞനായ വില്യം മക്ഡൂഗലിന്റെ സിദ്ധാന്തത്തെ ദീനദയാല്‍ ഉപാദ്ധ്യായ വിശദീകരിക്കുന്നുണ്ട് (സമാജ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും പാശ്ചാത്യ ചിന്തകരുമായി അല്പമെങ്കിലും നമുക്ക് യോജിക്കാമെങ്കില്‍ അത് ‘സോഷ്യല്‍ കോണ്‍ട്രാക്ട്’ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ റൂസോയുമായല്ല മറിച്ച് ‘ഓര്‍ഗാനിസ്മിക് സിദ്ധാന്തം’ അവതരിപ്പിച്ച ഹെര്‍ബര്‍ട്ട് സ്‌പെന്‍സറുമായിട്ടായിരിക്കും).

ഇരുപതാം നൂറ്റാണ്ടില്‍ ന്യൂട്ടോണിയന്‍ ഭൗതിക ശാസ്ത്രം ക്വാണ്ടം ഭൗതികത്തിലേക്കും ഫ്രോയിഡിന്റെയും യുങ്ങിന്റെയും മനഃശാസ്ത്രം മാനവിക മനഃശാസ്ത്രത്തിലേക്കും വഴി മാറി. മനഃശാസ്ത്രത്തിലെ ബിഹേവിയറല്‍ സമീപനം ഭാവാത്മക സമീപനത്തിലേക്ക് മാറി.

മനുഷ്യന്റെ പെരുമാറ്റത്തിനല്ല ഭാവാത്മകമായ പ്രകൃതിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് നവമനഃശാസ്ത്രം പറയുന്നു. നിഷേധം നല്ലതല്ല. മനഃശാസ്ത്രം സഹജാവബോധം (intuitive knowledge) പരിഗണിക്കുന്നില്ലെങ്കില്‍ അപൂര്‍ണ്ണവുമാണ്. സന്തോഷം, സംതൃപ്തി, മനഃസമാധാനം തുടങ്ങിയവയാണ് മനുഷ്യന്‍ ആര്‍ജ്ജിക്കേണ്ട പ്രധാന ഗുണങ്ങള്‍. മനസ്സിന്റെ ഉയര്‍ന്നതലം ആത്മാവിന്റെ മോചനത്തിനായി ശ്രമിക്കുമ്പോള്‍ താഴ്ന്നതലം ഭൗതിക സുഖങ്ങള്‍ക്ക് പിന്നാലെ പോകുന്നു. അതിനാല്‍ സ്വന്തം മനസ്സിനെ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുകയാണ് വേണ്ടത്.

സമൂഹമനഃശാസ്ത്രം (social psychology) നവമനഃശാസ്ത്രത്തിന്റെ ഭാഗമാണ്. വ്യക്തിക്ക് മനസ്സുള്ളതുപോലെ സമൂഹത്തിനും രാഷ്ട്രത്തിനും മനസ്സുണ്ടെന്ന് സമൂഹ മനഃശാസ്ത്രം പറയുന്നു. കൂട്ടമനസ്ഥിതി, സമൂഹമനസ്സ്, ദേശീയ മനസ്സ് തുടങ്ങിയ ആശയങ്ങള്‍ സമൂഹമനഃശാസ്ത്രത്തിന്റെ ഭാഗമാണ്. ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ഉപകരണമായി ദേശീയ മനസ്സ് എന്ന ആശയത്തെ ദീനദയാല്‍ജി ഉപയോഗിച്ചു. ”ഒരു രാഷ്ട്രത്തിന്റെ മനസ്സിനെ തിരിച്ചറിയല്‍ ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ഒഴിച്ചുകൂടാന്‍ കഴിയാത്ത അടിത്തറയാണ്”2 എന്ന് വില്യം മക്ഡുഗല്‍ പറയുന്നു. ചരിത്രത്തെ വ്യാഖ്യാനിക്കാന്‍ മാര്‍ക്‌സ് വൈരുദ്ധ്യ വാദത്തെ ഉപയോഗിച്ചതിന് സമാനമാണിത്. അതായത് ചരിത്രത്തിന്റെ തത്വശാസ്ത്രം സമൂഹമനഃശാസ്ത്രത്തിന്റെ ഭാഗമായി. ചരിത്രത്തിന്റെ മനഃശാസ്ത്രപരമായ വ്യാഖ്യാനം ഭാരതം എന്തുകൊണ്ട് ഒരു രാഷ്ട്രം എന്ന നിലയില്‍ ചിരന്തനമായി നിലനില്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നു. രാഷ്ട്രത്തിന്റെ സനാതനമായ നിലനില്പിന്റെ പിന്നില്‍ ഒരു ഘടകം ഉള്ളതായി സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതിനെ raison-d’etre എന്നാണ് വിളിച്ചത്. അതാണ് രാഷ്ട്രത്തിന്റെ ആത്മാവ്.

ലോകത്ത് മണ്‍മറഞ്ഞ സാമ്രാജ്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ അവിടെയൊക്കെ ഭരണകൂടം തകര്‍ന്നതോടുകൂടിയാണ് രാഷ്ട്രങ്ങള്‍ അപ്രത്യക്ഷമായത് എന്ന് കാണാം. എന്നാല്‍ ഭാരതത്തെ നിരവധി വിദേശികള്‍ ഭരിച്ചു. എന്നിട്ടും ഭാരതം എന്ന രാഷ്ട്ര സനാതനമായി നിലനില്‍ക്കുന്നു. വ്യക്തിയും രാഷ്ട്രവും ജീവമാനമാണ് (organic). അതിനാല്‍ വ്യക്തിക്ക് ആത്മാവുള്ളതുപോലെ രാഷ്ട്രത്തിനും ആത്മാവുണ്ട്. അതായത് രാഷ്ട്രത്തിന്റെ നിലനില്പിന്റെ പിന്നിലെ ഘടകം സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടിയതുപോലെ രാഷ്ട്രത്തിന്റെ ആത്മാവാണ് എന്നുകാണാം.

അതിപ്രാചീനമായ ഒരു ശാസ്ത്രശാഖയാണ് ദേശരക്ഷാ ശാസ്ത്രം. ഇന്ന് ഇത് പ്രചാരത്തിലില്ല. ഈ ശാസ്ത്രം രാഷ്ട്രത്തിന്റെ ആത്മാവിനെ ‘ചിതി’ എന്ന് വിളിച്ചു. അതിനാല്‍ വ്യക്തിക്ക് ആത്മാവ്, രാഷ്ട്രത്തിന് ചിതി എന്നു വരുന്നു. ആര്‍ഷസാഹിത്യത്തില്‍ പലയിടത്തും ചിതി എന്ന ആശയം അവതരിപ്പിച്ചിട്ടുണ്ട്. ചിതി മൂലഭൂതമായ വസ്തുതയാണ്. രാഷ്ട്രത്തിന്റെ സംസ്‌കാരത്തെ നിര്‍ണ്ണയിക്കുന്നത് ചിതിയാണ്. ചിതിയുടെ ആവിഷ്‌കാരമാണ് ധര്‍മ്മം.

ധര്‍മ്മം എന്ന സംസ്‌കൃത വാക്കിന് ‘സംരക്ഷിക്കുന്നത്’ അല്ലെങ്കില്‍ ‘താങ്ങിനിര്‍ത്തുന്നത്’ എന്നാണര്‍ത്ഥം. ഇതിന് സമാനമായ വാക്ക് മറ്റ് ഭാഷകളില്‍ കാണാന്‍ സാധ്യമല്ല. സമൂഹത്തെ നിലനിര്‍ത്തുന്നതും സമൂഹത്തില്‍ അന്തര്‍ലീനവുമായ നിയമങ്ങളാണ് ധാര്‍മ്മിക നിയമങ്ങള്‍. ആധുനിക ഭാരതം ഈ ധര്‍മ്മസങ്കല്പത്തെ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ പാര്‍ലമെന്റില്‍ സ്പീക്കറുടെ പീഠത്തില്‍ ‘ധര്‍മ്മചക്ര പ്രവര്‍ത്തനായ’ എന്ന് എഴുതിവച്ചിട്ടുള്ളത്. മഹാത്മാഗാന്ധി ഭാരതീയ ധര്‍മ്മ നീതിയുടെ ആരാധകനായിരുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു. ”ഒരു രാജ്യത്ത് ഒരു നിയമമുണ്ടെങ്കില്‍ അവിടെ ധാര്‍മ്മിക നിയമവും എന്തുകൊണ്ട് ഉണ്ടായിക്കൂടാ? ഇത്തരം നിയമങ്ങള്‍ ആരെങ്കിലും എഴുതുകയും രൂപീകരിക്കുകയും ചെയ്തിട്ടില്ല എന്നത് ഒരു പ്രശ്‌നമേയല്ല. നാം ധാര്‍മ്മിക നിയമങ്ങള്‍ തിരിച്ചറിയുമെങ്കില്‍ അത് അനുസരിക്കേണ്ടത് നമ്മുടെ കടമയായി മാറും.”3 അതിനാല്‍ എല്ലാ ഭേദഭാവങ്ങള്‍ക്കും ഉപരിയായി എല്ലാ മനുഷ്യര്‍ക്കും സ്വീകരിക്കാവുന്ന സനാതന തത്വങ്ങളുടെയും ജീവിത നിയമങ്ങളുടെയും ആകെത്തുകയാണ് ധര്‍മ്മം എന്ന പദത്തില്‍ അന്തര്‍ലീനമായിട്ടുള്ളത്. പ്രാചീന ഭാരതത്തില്‍ ചക്രവര്‍ത്തിമാര്‍ പോലും ധാര്‍മ്മിക നിയമത്തിന് വിധേയരായി മാത്രമേ പ്രവര്‍ത്തിച്ചിരുന്നൂള്ളൂവെന്ന് ദീനദയാല്‍ജി വ്യക്തമാക്കുന്നുണ്ട്. മതപരമോ വിഭാഗീയമോ ആയ ഒന്നും ധര്‍മ്മമല്ല.

‘സെക്കുലറിസ’ത്തെ ‘ധര്‍മ്മനിരപേക്ഷത’ എന്നു പരിഭാഷപ്പെടുത്തിയതിനാല്‍ ധര്‍മ്മത്തെ മതമായി വ്യാഖ്യാനിക്കാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ പരിഭാഷ, ‘സമ്പ്രദായ നിരപേക്ഷത’യെന്നോ, ‘പന്ഥനിരപേക്ഷത’യെന്നോ ആകേണ്ടിയിരുന്നു എന്ന് പ്രസിദ്ധ ഭരണഘടനാ വിദഗ്ധനായിരുന്ന എല്‍.എം. സിംഗ്‌വി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ധര്‍മ്മത്തിന് പ്രാധാന്യം കൊടുക്കുക മൂലം ഭാരതം ധര്‍മ്മരാജ്യം എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാത്മമാനവദര്‍ശനത്തിലൂടെ ധര്‍മ്മരാജ്യ സങ്കല്പമാണ് ദീനദയാല്‍ജി അവതരിപ്പിച്ചത്. ഇത് ആധുനികമായ ക്ഷേമരാഷ്ട്ര സങ്കല്പത്തിലും ഉപരിയാണ്. കാരണം ഒരു ക്ഷേമരാഷ്ട്രത്തില്‍ മനുഷ്യന്റെ ഭൗതികമായ ആവശ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുക. എന്നാല്‍ ധര്‍മ്മരാജ്യത്തില്‍ ജനങ്ങളുടെ ഭൗതികവും ആധ്യാത്മികവുമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വ്യവസ്ഥയുണ്ടാകും (യോഗക്ഷേമം). രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും സാദ്ധ്യമാകാന്‍ നാം ധര്‍മ്മത്തെ മുറുകെ പിടിക്കണം. രാജ്യത്തെ ജനങ്ങളുടെ കര്‍മ്മശക്തിയെ ഉണര്‍ത്താന്‍ ധര്‍മ്മാനുസാരിയായ ഭരണക്രമത്തിനേ കഴിയൂ. രാഷ്ട്രത്തിന്റെ കര്‍മ്മശക്തിയെ ‘വിരാട്’ എന്നാണ് ദീനദയാല്‍ജി വിളിച്ചത്. ഏകാത്മ മാനവദര്‍ശനം വ്യക്തിയുടെയും സമാജത്തിന്റെയും ഏകാത്മക ബന്ധത്തിലൂടെ രാഷ്ട്ര ശക്തിയെ ഉണര്‍ത്തി ഭാരതത്തെ ഒരു ലോകശക്തിയാക്കി വളര്‍ത്തും.

ഏകാത്മക വികസനം
ഏകാത്മക വികസന സങ്കല്പം അനുസരിച്ച് സമൂഹത്തിലെ ഓരോ വിഭാഗത്തിനും രാജ്യത്തെ ഉല്പാദനപ്രക്രിയയിലും അവസരങ്ങളിലും തുല്യമായ പങ്കാളിത്തം ലഭിക്കണം. യോഗക്ഷേമം ആണ് നമ്മുടെ ലക്ഷ്യം. സാമ്പത്തിക രംഗത്ത് ‘അര്‍ത്ഥായാം’, ‘സാമ്പത്തിക ജനാധിപത്യം’ എന്നീ രണ്ട് ആശയങ്ങള്‍ ദീനദയാല്‍ജി മുന്നോട്ടുവച്ചു. സമ്പത്തിന്റെ ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലുമുള്ള സന്തുലിതാവസ്ഥയാണ് ‘അര്‍ത്ഥായാം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ ഓരോ വ്യക്തിക്കും തുല്യ അവസരങ്ങള്‍ നല്‍കലാണ് ‘സാമ്പത്തിക ജനാധിപത്യ’ത്തിന്റെ കടമ. സമതുലിതവും ചൂഷണ രഹിതവുമായ സമൂഹം നിര്‍മ്മിക്കാന്‍ രാഷ്ട്രീയ സാമ്പത്തിക ശക്തിയുടെ വികേന്ദ്രീകരണത്തിലൂടെയേ സാധ്യമാകൂ. ‘അന്ത്യോദയ’ത്തിന് പ്രാധാന്യം കൊടുക്കുന്ന ആസൂത്രണമാണ് നടപ്പാക്കേണ്ടത്. അത് ‘സര്‍വ്വോദയത്തി’നുള്ള മുന്‍ ഉപാധിയുമാണ്.

സാമ്പത്തിക വ്യവസ്ഥയുടെ സ്വാഭാവിക നിയമങ്ങളായ ‘മത്സരവും സമത്വവും’ ഉറപ്പാക്കുന്ന മാനവികമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് നമുക്ക് ആവശ്യം. അത് മനുഷ്യന്റെ സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കും. മനുഷ്യന്റെ അന്യവല്‍ക്കരണം ഒഴിവാക്കാന്‍ സമഗ്രവും സോദ്ദേശ്യപരവുമായ സാങ്കേതികവിദ്യ വികസിപ്പിക്കണം. കാര്‍ഷിക, വ്യവസായ അടിത്തറയുള്ള ഗ്രാമീണ സമൂഹമാണ് ഭാരതത്തിന് യോജിച്ചത്. വികസനം പ്രകൃതിയെ നശിപ്പിക്കാന്‍ പാടില്ല. സുസ്ഥിര വികസനമെന്നാല്‍ ധാര്‍മ്മിക വികസനമാണ്. അതുകൊണ്ടാണ് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ പി.ആര്‍. ബ്രഹ്മാനന്ദ സാമ്പത്തിക ശാസ്ത്രത്തെ ‘ധര്‍മ്മണോമിക്‌സ്’ എന്ന് വിളിച്ചത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭ ഭാരതീയ ജനതാപാര്‍ട്ടിയുടെ വികസന സങ്കല്പം ഭാരതത്തില്‍ നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായ പരിശ്രമം നടത്തി. അടിസ്ഥാന മേഖലാ വികസനം, ടെലികോം, വിദ്യാഭ്യാസം, രാജ്യരക്ഷ, ആണവ പരീക്ഷണം തുടങ്ങിയ മേഖലകള്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കി.

നരേന്ദ്രമോദിയാകട്ടെ ഒരു യഥാര്‍ത്ഥ ‘ഇന്റഗ്രല്‍ ഹ്യൂമനിസ്റ്റ്’ എന്ന നിലയില്‍ ഭാരതത്തിന്റെ വികസനരംഗം മാറ്റിമറിച്ചു. രാജ്യത്തിന്റെ രണ്ട് അടിസ്ഥാന പ്രശ്‌നങ്ങളാണ് ദാരിദ്ര്യവും ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയും. ഇവ രണ്ടും പരിഹരിക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് നടത്തുന്നത്. സമ്പത്ത് സൃഷ്ടിക്കല്‍ എന്നത് ആധുനിക പൊതുധനകാര്യത്തിന്റെ ലക്ഷ്യമാണ്. സാമ്പത്തിക സമത്വമെന്നാല്‍ ദാരിദ്ര്യം പങ്കുവയ്ക്കലല്ല, സമൃദ്ധി പങ്കുവയ്ക്കലാണ്. ”സബ് കാ സാഥ് സബ്കാ വികാസ്” എന്നതാണ് നമ്മുടെ വികസനമന്ത്രം.

ആസൂത്രണ കമ്മീഷന് പകരം നീതി ആയോഗിന്റെ രൂപീകരണം രാജ്യത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ‘ആസൂത്രണ കമ്മീഷന്‍ ആസൂത്രണം നടത്തുന്നത് കമ്മീഷന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ്’ എന്ന് ദീനദയാല്‍ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സോഷ്യലിസ്റ്റ് മാതൃകയിലുള്ള Comprehensive Planning നു പകരം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തോടുകൂടിയ ടീം ഇന്ത്യ എന്ന പുതിയ സങ്കല്പം ഉണ്ടായി. അടിസ്ഥാന മേഖലാ വികസനത്തില്‍ Public -Private – Partnership (PPP)ന്റെ സ്ഥാനത്ത് People – Public – Private – Partnership (P 4 ) രീതി നടപ്പാക്കി. ഇത് ദീനദയാല്‍ ഉപാധ്യായയുടെ സങ്കല്പത്തിലുള്ള അടിത്തട്ടില്‍ നിന്നും മുകളിലേക്ക് നടപ്പാക്കുന്ന ആസൂത്രണ പ്രക്രിയയാണ്.
ജന്‍ധന്‍ മുതല്‍ ജി.എസ്.ടി. വരെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍, സ്വച്ഛ ഭാരത് മുതല്‍ സ്വനിധി വരെയുള്ള ജനകീയ പദ്ധതികള്‍ എന്നിവയിലൂടെ മോദി സര്‍ക്കാര്‍ 25 കോടി ജനങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിച്ചു. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലീം സ്ത്രീകളെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ചു.

സഹകരണാത്മക ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങളെയും വികസനപാതയില്‍ അണിനിരത്തി. ആഭ്യന്തര വിദേശ രംഗങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. ആദര്‍ശത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് ഭാരതത്തെ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയാക്കി വളര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു.

ദീനദയാല്‍ജി ഊന്നിപ്പറഞ്ഞ ഏകാത്മചിന്തയെ ഇന്ന് പാശ്ചാത്യര്‍ പുതുമോടിയില്‍ വിളിക്കുന്നത്, ‘സിസ്റ്റംസ് അനാലിസിസ്’ എന്നാണ്. ഇതിനെ ഒരുതരം ഹോളിസ്റ്റിക് കാഴ്ചപ്പാട് എന്നും വിളിക്കാം. രാഷ്ട്രീയ, സാമൂഹിക സമ്പ്രദായങ്ങളെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് അപഗ്രഥനത്തിന് അനുയോജ്യമായ ഘടകമായി കണക്കാക്കുന്ന രീതിയാണ് ‘സിസ്റ്റംസ് അനാലിസിസ്.’ ചെറിയ യൂണിറ്റുകളുടെ പരസ്പരാശ്രയത്വം ഈ രീതിയില്‍ അവഗണിക്കപ്പെടുന്നില്ല. ജീവിതത്തിലെ പരസ്പര പൂരകതയിലൂടെ മാത്രമേ മനുഷ്യപുരോഗതി സാധ്യമാകൂ. മുതലാളിത്തത്തോട് കൂടുതല്‍ വിമുഖമായി മാറിക്കൊണ്ടിരിക്കുന്ന പാശ്ചാത്യലോകത്തിന് പോലും ഈ സമന്വയ ചിന്ത ആകര്‍ഷകമായിക്കൊണ്ടിരിക്കുന്നു.

സമൂഹത്തില്‍ ഭാവാത്മകമായ പരസ്പരാശ്രിതത്വമാണ് ഏകാത്മ മാനവദര്‍ശനം മുന്നോട്ട് വയ്ക്കുന്നത്. ഡോ. സുബ്രഹ്മണ്യന്‍ സ്വാമി Reset – Regaining India’s Economic Legacy എന്ന തന്റെ പുസ്തകത്തില്‍ പരസ്പരാശ്രിതത്വത്തിന്റെ ഉദാഹരണം പറയുന്നുണ്ട്. ”സമൂഹത്തെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുന്നു എന്ന് കരുതുക. കര്‍ഷകര്‍, വ്യവസായികള്‍, തൊഴിലാളികള്‍, സേവനമേഖലയില്‍ ഉള്ളവര്‍ എന്ന തരത്തില്‍. പുതുതായി ആരംഭിക്കാന്‍ പോകുന്ന മൂന്ന് പദ്ധതികള്‍ – യഥാക്രമം വളം നിര്‍മ്മാണശാല, സ്റ്റീല്‍ പ്ലാന്റ്, ആശുപത്രി സമുച്ചയം എന്നിങ്ങനെ സങ്കല്പിക്കുക. മുന്‍ഗണനാരീതിയില്‍ ചിന്തിച്ചാല്‍ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് വളം നിര്‍മ്മാണശാലയായിരിക്കും. വ്യവസായികള്‍ സ്റ്റീല്‍ പ്ലാന്റും. രണ്ടു കൂട്ടര്‍ക്കും ആശുപത്രി സമുച്ചയത്തില്‍ താത്പര്യം കുറയും. ഒരുപക്ഷേ പൊതുസമൂഹം ആശുപത്രിക്ക് മുന്‍ഗണന നല്‍കിയേക്കാം. ഒരു ജനാധിപത്യ രാജ്യത്ത് കര്‍ഷകരും വ്യവസായികളും അടങ്ങുന്ന സമ്മര്‍ദ്ദ ഗ്രൂപ്പിന് അനുകൂലമായ ഭൂരിപക്ഷ തീരുമാനമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. എന്നാല്‍ കൊറോണ പോലെ ഒരു ആഗോള മഹാമാരിയുടെ കാലത്തായിരിക്കും ചികിത്സാ സൗകര്യത്തോളം പ്രധാനപ്പെട്ടതായി മറ്റൊന്നും ഉണ്ടാവില്ല എന്ന് നാം തിരിച്ചറിയുന്നത്. അതായത് രൂപകല്‍പ്പനയോ നിര്‍ദ്ദേശങ്ങളോ ഇല്ലാത്ത വെറും ഭൂരിപക്ഷത്തിന്റെ തീരുമാനം സമൂഹത്തെ അപകടത്തിലാക്കും”.4 തീരുമാനങ്ങള്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലല്ല ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ വേണം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ധാര്‍മ്മികവും സദാചാരപരവുമായ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാവണം എന്ന ദീനദയാല്‍ ഉപാദ്ധ്യായയുടെ അഭിപ്രായത്തിന്റെ പ്രസക്തിയാണിവിടെ വ്യക്തമാകുന്നത്.

‘ഇസ’ മോ ‘ദര്‍ശന’മോ?
ഒരു കാലഘട്ടത്തില്‍ പാശ്ചാത്യ ചിന്തകരുടെ സ്വാധീനം മൂലം ആശയപരമായ ചര്‍ച്ചകള്‍ അധികവും & ‘ഇസ’ത്തെ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. ഇന്ന് ‘ഇസ’ങ്ങളെപ്പറ്റി ആരും ചര്‍ച്ച ചെയ്യുന്നില്ല.

”ദീനദയാല്‍ ഉപാധ്യായ ചര്‍ച്ച ചെയ്ത ഏകാത്മ മാനവദര്‍ശനം ഒന്നിനോടുമുള്ള പ്രതിക്രിയയായി രൂപപ്പെട്ടതല്ല. അത് ഭാരതീയ ചിന്തകരുടെ ഭാവാത്മക പരിശ്രമത്തില്‍ നിന്നും ഉടലെടുത്തതാണ്. ‘ദര്‍ശന’ത്തിന്റെ പാരമ്പര്യം ഈ രീതിയിലാണ് ഭാരതത്തില്‍ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ ഏകാത്മ മാനവാദം (Integral Humanism) എന്നതിന് പകരം ഏകാത്മ മാനവദര്‍ശനം (integral human darsan)- എന്നാണ് ആനുകാലിക ദാര്‍ശനിക സംവാദങ്ങളില്‍ ഉപയോഗിച്ചുപോരുന്നത്. പ്രയോഗത്തെയല്ല, ‘വാദം’, ‘ദര്‍ശനം’ എന്നിവയുടെ ചരിത്രപരമായ പ്രാധാന്യത്തെയാണ് നാം തിരിച്ചറിയേണ്ടത്. ‘വാദം’ എന്ന പ്രയോഗം ചരിത്രപരമായും ‘ദര്‍ശനം’ എന്നത് ആശയപരമായും ശരിയാണ്. ഭാരതത്തിന്റെ ഏകാത്മകമായ കാഴ്ചപ്പാടാണ് പ്രധാനം.5

ഭാരതത്തിലെ കൂട്ടുകുടംബ വ്യവസ്ഥ, അദ്വൈതസിദ്ധാന്തം, ഗോസംരക്ഷണം, ഗംഗയുടെ പവിത്രത തുടങ്ങിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാശ്ചാത്യര്‍ക്ക് കഴിയാത്തതും അവര്‍ക്ക് ഇന്റഗ്രല്‍ അഥവാ ഹോളിസ്റ്റിക് കാഴ്ചപ്പാടില്ലാത്തതുകൊണ്ടാണെന്ന് ദീന്‍ദയാല്‍ജി വിലയിരുത്തുകയുണ്ടായി.
ചുരുക്കിപ്പറഞ്ഞാല്‍ ഏകാത്മകവും ധര്‍മ്മാധിഷ്ഠിതവുമായ ഒരു ഭരണക്രമമാണ് ഏകാത്മ മാനവദര്‍ശനം മുന്നോട്ടുവയ്ക്കുന്നത്. ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ ‘ഭരണഘടനാധിഷ്ഠിതമായ സ്വയംഭരണം’ ആണ് ധര്‍മ്മരാജ്യത്തിന്റെ പ്രായോഗിക രൂപം.

ലോകത്ത് കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയോടുകൂടി സാമ്രാജ്യത്വശക്തികള്‍ മൂന്നാം ലോക വികസ്വര രാജ്യങ്ങളില്‍ തങ്ങളുടെ അധീശത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ മുതലാളിത്തവും ഇന്ന് പ്രതിസന്ധിയിലാണ്. അടിക്കടിയുള്ള സാമ്പത്തിക മാന്ദ്യവും പിന്‍വാങ്ങലുകളും മുതലാളിത്തത്തിന്റെ ഭാവിയെക്കുറിച്ച് ചോദ്യം ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ ദീന്‍ദയാല്‍ജി അവതരിപ്പിച്ച ഏകാത്മമാനവദര്‍ശനത്തെപ്പറ്റിയുള്ള ഒരു പുതിയ വിലയിരുത്തല്‍ ആവശ്യമായി വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. കാരണം ഈ ദര്‍ശനം മനുഷ്യര്‍ക്കും സമൂഹത്തിനും ഇടയില്‍ ശാന്തിയും ഐക്യവും സ്ഥാപിക്കാനുള്ള പ്രായോഗിക സമീപനമാണല്ലോ.

റഫറന്‍സുകള്‍
1. My Country My Life-L.K. Advani – page 151.
2. Group Mind-William Mc Dougall – page 104.
3. മഹാത്മാഗാന്ധിയുടെ തെരഞ്ഞെടുത്ത കൃതികള്‍ – വോള്യം 3 – പേജ് 13
4. Reset – Regaining India&#3 Economic Legacy – Dr. Subramaniyan Swamy – page 187
5. Integral Humanism – BJP State Level Training Guide Book – page 15

 

Tags: ദീനദയാല്‍ ഉപാദ്ധ്യായഏകാത്മ മാനവദര്‍ശനം
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies