ഈയിടെയായി നമ്മുടെ പത്രങ്ങളിലും നവമാധ്യമങ്ങളിലും കണ്ടുവരുന്ന വാര്‍ത്തകളും സംഭവങ്ങളും ഞെട്ടലുണ്ടാക്കുന്നവയാണ്. ദക്ഷിണഭാരതത്തിലൊട്ടുക്കും ഇന്ന് ഭീകരതയുടെ വലകള്‍ പിന്നപ്പെട്ടു വെച്ചിരിക്കുന്നു. ഇസ്ലാമികതീവ്രവാദികളും മാവോയിസ്റ്റുകളുമടങ്ങുന്ന ഒരു വലിയ ‘വിപ്ലവസമൂഹം’ എന്ന് അവരവകാശപ്പെടുന്ന ചില ലൂതകളാണ് ഈ വലകളെല്ലാം പിന്നിവച്ചിരിക്കുന്നത്. നാല് വോട്ടിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ തയ്യാറായിക്കൊണ്ട് എവിടെയും ചെന്ന് വാതില്‍ തട്ടാന്‍ തങ്ങളുടെ ഭിക്ഷാപാത്രവുമെടുത്ത് പുറപ്പെട്ടിരിക്കുന്ന ചില രാഷ്ട്രീയ ഭിക്ഷാംദേഹികളാണ് ഇന്ന് രാഷ്ട്രീയഗോദയില്‍ രാജ്യത്തെ അവതാളത്തിലാക്കാന്‍ വലം വന്നുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയാണ് നമ്മളെ ഞെട്ടിക്കുന്നത്.
ഇപ്പോഴത്തെ കമ്യൂണിസ്റ്റു കേരളസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍പോലും, മാവോവാദികള്‍തന്നെയാണ് എന്നാണയിട്ടു പറഞ്ഞ് അകത്താക്കിയ അലന്റെയും താഹയുടെയും കുടുംബം സന്ദര്‍ശിച്ച് സാന്ത്വനമരുളാന്‍ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല പുറപ്പെട്ട സംഭവം അതിന് നല്ലൊരുദാഹരണമാണ്. കമ്യൂണിസ്റ്റുകളുടെതന്നെ മറ്റൊരു ചിറകായിരുന്നിട്ടും കമ്യൂണിസ്റ്റുനേതാവായ പിണറായി കാണാത്ത വിശുദ്ധിയാണ് ഈ മാവോയിസ്റ്റുകളില്‍ രാഷ്ട്രീയ എതിര്‍ചേരിയിലുള്ള ചെന്നിത്തലക്കാരന്‍ രമേശ് കണ്ടത് എന്നുള്ളതാണ് വിചിത്രമായി തോന്നുന്നത്. മാവോയിസ്റ്റ് വോട്ടുകള്‍ കമ്യൂണിസ്റ്റുകളില്‍നിന്ന് അടര്‍ത്തിയെടുത്ത് തങ്ങളുടെ പിച്ചപ്പാത്രത്തില്‍ വീഴ്ത്താനല്ലാതെ മറ്റൊന്നും ഇതുകൊണ്ട് നേടിയെടുക്കാന്‍ ചെന്നിത്തലയ്ക്ക് ഉദ്ദേശ്യമുണ്ടായിരിക്കാനിടയില്ല. രാജ്യം അപകടത്തിലായാലും സാരമില്ല, അടുത്ത ഭരണക്കസേര തങ്ങള്‍ പിടിക്കണം എന്നല്ലാതെ മറ്റൊരുദ്ദേശ്യവും ചെന്നിത്തലയുടെ ഈ സാന്ത്വനസന്ദര്‍ശനത്തിനു പിന്നിലില്ല എന്നുള്ളതുതന്നെയാണ് വാസ്തവം. രാജ്യം കമ്യൂണിസ്റ്റ് ഭരിച്ചാലും കോണ്‍ഗ്രസ്സ് ഭരിച്ചാലും തങ്ങളുടെ കസേര നിലനിര്‍ത്താനുള്ള ഏതു ശ്രമങ്ങളും, അത് ദേശദ്രോഹപരമാണെങ്കില്‍പ്പോലും, അവര്‍ അനുസ്യൂതം കൈക്കൊണ്ടുകൊണ്ടിരിക്കും എന്നുള്ളതിന്റെ ഒരു സൂചനകൂടിയാണ് രമേശ് ചെന്നിത്തല നമുക്ക് തന്നിരിക്കുന്നത്.
ഈയിടെ മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് സ്‌ഫോടകവസ്തുക്കള്‍ പിടിക്കപ്പെട്ടപ്പോള്‍ അത് അവിടത്തെ പോലീസ് കമ്മീഷണർ തന്നെയാണ് കള്ളക്കേസ് കെട്ടിച്ചമയ്ക്കാന്‍ കൊണ്ടുപോയി വെച്ചത് എന്നാണ് എച്ച് ഡി കുമാരസ്വാമി പറഞ്ഞത്. എത്ത്രോളം അപകടകരമായ ഒരു ജല്പനമാണത് എന്ന് ആലോചിച്ചു നോക്കൂ! നമ്മുടെ പോലീസ് സേനയെക്കുറിച്ച് എന്തുതരത്തിലുള്ള അഭിപ്രായമാണ് അത് ജനങ്ങളില്‍ ഉണ്ടാക്കാനിടയാവുക എന്നൊന്നു ചിന്തിച്ചു നോക്കൂ! പോലീസ് സേനയുടെ വീര്യം കുറക്കാനല്ലേ ഈദൃശങ്ങളായ പ്രസ്താവനകള്‍ ഉപയുക്തമാവുകയുള്ളു? കര്‍ണ്ണാടകയുടെ മുന്‍മുഖ്യമന്ത്രിയായിരുന്ന, ഉത്തരവാദിത്വമുള്ള പ്രസ്താവനകളിറക്കാന്‍ കടമയുള്ള ഒരു രാഷ്ട്രീയനേതാവാണ് ഇങ്ങനെയൊരു വാചാടോപമഴിച്ചുവിട്ടത് എന്നോര്‍ക്കണം. ഇവര്‍ക്കൊന്നും എതിരെ ശബ്ദമുയര്‍ത്താന്‍ ഇവിടെ പത്രങ്ങളില്ല, മാധ്യമങ്ങളില്ല എന്നതുപോകട്ടെ, ഇവര്‍ പറയുന്ന അസത്യങ്ങളില്‍ വാസ്തവമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങളും വാശിപിടിക്കുന്നത്. മുമ്പൊരിക്കല്‍, കമ്യൂണിസ്റ്റുനേതാവായ സീതാറാം യച്ചൂരി, ‘പാകിസ്താന് സിന്ദാബാദ് വിളിച്ചാല്‍ എന്താണ് കുഴപ്പം’ എന്ന് വെല്ലുവിളിക്കുന്നതു നമ്മളൊക്കെ കണ്ടു. നമ്മുടെ ശത്രുരാജ്യമായ പാകിസ്താന് സിന്ദാബാദു വിളിച്ചാല്‍ എന്താണു കുഴപ്പം എന്നു ചിന്തിക്കുന്ന ഒരു രാഷ്ട്രീയപക്ഷം ഭാരതത്തിന്റെ പ്രതിപക്ഷചേരിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളത് തീര്‍ച്ചയായും അപകടകരംതന്നെയാണ്.
മണിശങ്കരയ്യര്‍ ഈയിടെ പാകിസ്താനില്‍ ചെന്നാണ് ഭാരതത്തിനെതിരെ പരാതി പറഞ്ഞിരിക്കുന്നത്. കുടുംബത്തിനകത്തുള്ള പ്രശ്‌നങ്ങള്‍ കുടുംബത്തിനകത്തിരുന്നുകൊണ്ടുതന്നെയുള്ള ചര്‍ച്ചയിലൂടെ സമവായത്തിലൂടെ തീര്‍പ്പുകാണുന്നതു വിട്ടിട്ട് പാകിസ്താനില്‍ പോയി അധരവ്യായാമം നടത്തുകയും അവരുടെ പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും വിരുന്നൊരുക്കുകയും ചെയ്യുന്നത് കലര്‍പ്പില്ലാത്ത രാജ്യദ്രോഹമല്ലെങ്കില്‍ മറ്റെന്താണ്?
ഈയടുത്ത കാലത്ത്, പൗരത്വഭേദഗതി ബില്ലിനോട് പ്രതിഷേധിക്കാന്‍ വടക്കന്‍കേരളത്തിലരങ്ങേറിയ ഒരു ഘോഷയാത്രയില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. 1921-ല്‍ ഞങ്ങളുയര്‍ത്തിയ വാളുകള്‍ അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല, അതെടുത്ത് പ്രയോഗിക്കാന്‍ ഇനിയും ഞങ്ങള്‍ മടിക്കില്ല എന്നായിരുന്നു ആ മുദ്രാവാക്യത്തിന്റെ അകംപൊരുള്‍. 1921 ആഗസ്റ്റുമാസത്തില്‍ അരങ്ങേറിയ മാപ്പിളലഹള സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗമാണ് എന്നാണ് വളച്ചൊടിപ്പുചരിത്രകാരന്മാര്‍ ചരിത്രത്താളുകളില്‍ ആലേഖനം ചെയ്ത് വെച്ചിരിക്കുന്നത്. ബ്രിട്ടീഷ്‌മേല്‍ക്കോയ്മയില്‍നിന്ന് ഭാരതത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ മലബാറിന്റെ ഏതോ ഒരു മൂലയിലരങ്ങേറിയ ഹിന്ദുക്കളുടെ വംശഹത്യ ഏതുതരത്തിലാണ് ഉപകരിച്ചിട്ടുണ്ടാവുക? ഈ സത്യത്തെ തമസ്‌ക്കരിച്ചുകൊണ്ടാണ് മാപ്പിളലഹളയെ ‘വളച്ചൊടിപ്പുചരിത്രകാരന്മാര്‍ ‘സ്വാതന്ത്ര്യസമര’ത്തിന്റെ വിശുദ്ധി ചാര്‍ത്തി ചരിത്രത്തില്‍ ചേര്‍ത്തുവച്ചത് എന്നുള്ളത് തീര്‍ച്ചയായും അമ്പരപ്പിക്കുന്ന വസ്തുതയാണ്.
വാസ്തവമതല്ല, മാപ്പിളലഹള ഹിന്ദുക്കളുടെ വംശഹത്യക്കുള്ള ഒരു ഉദ്യമംതന്നെയായിരുന്നു എന്ന് അടിവരയിട്ട് അടയാളപ്പെടുത്തുകയാണ് പൗരത്വഭേദഗതി ബില്ലിനോട് പ്രതിഷേധിച്ചവരുടെ ഈ മുദ്രാവാക്യം വിളംബരം ചെയ്തിരിക്കുന്നത്. 1921-ല്‍ നിങ്ങളെ ഉന്നം ചെയ്യാന്‍ ഞങ്ങളുയര്‍ത്തിയ ആ വാള്‍ ഇന്നും ഞങ്ങളുടെ കയ്യില്‍ ഉദ്ധിതമായിത്തന്നെ ഇരിക്കുന്നുണ്ട്, ഞങ്ങളത് അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല എന്ന താക്കിത് ഹൈന്ദവര്‍ക്ക് തരികയാണ് അവര്‍ ചെയ്തിരിക്കുന്നത്. എന്നുവച്ചാല്‍, നിങ്ങളെ ഇസ്ലാമീകരിക്കാനും മുസ്ലീമാകാന്‍ മടിക്കുന്ന ഹിന്ദുവിനെ കൊന്നുകൊലവിളിക്കാനും തന്നെയായിരുന്നു ഞങ്ങളന്ന് ഇറങ്ങിപ്പുറപ്പെട്ടത് എന്നാണ് ഈ മുദ്രാവാക്യത്തിലൂടെ ജാഥക്കാര്‍ പരോക്ഷമായി സമൂഹത്തോട് തുറന്നുപറഞ്ഞിരിക്കുന്നത്. അപ്പോള്‍, ഈ ജാഥക്കാരുടെ മുന്‍ഗാമികള്‍ ഇന്ദിരാഗാന്ധിയുടെ കയ്യില്‍നിന്ന് ‘സ്വാതന്ത്ര്യസമരപ്പെന്‍ഷ’ ന്റെ പേരില്‍ വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ തയ്യാറാവുമോ? മാപ്പിളലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗംതന്നെയാണ് എന്ന് ചരിത്രത്താളുകളില്‍ എഴുതിപ്പിടിപ്പിച്ച ‘വളച്ചൊടിപ്പുചരിത്രകാരന്മാര്‍’ ഈ മുദ്രാവാക്യത്തിന്റെ വെളിച്ചത്തില്‍ തങ്ങളന്നെഴുതിയത് തെറ്റായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ട് അവരെഴുതിയ വങ്കത്തം മാറ്റിക്കുറിക്കാന്‍ തയ്യാറാവുമോ? അന്നുനടന്നത് ഹിന്ദുക്കളുടെ വാംശികോല്പാടനത്തിനുള്ള ഉദ്യമംതന്നെയായിരുന്നു എന്നിതാ കാലമൊരുക്കിയ കാവ്യനീതിപോലെ, മാപ്പിളലഹളക്കാരുടെ പിന്മുറക്കാര്‍തന്നെ വിളിച്ചുപറഞ്ഞുകൊണ്ട് നിരത്തിലിറങ്ങിയിരിക്കുന്നു.
മാവോയിസ്റ്റുകളുടെയും ജിഹാദികളുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടിക്കൊണ്ട്, തെക്കന്‍ ഭാരതം നീങ്ങുന്നത് അപകടത്തിലേക്കാണ് എന്ന് ‘ജന്മഭൂമി’-പോലുള്ള പത്രങ്ങള്‍ ലോകത്തോട് വിളിച്ചുപറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. രാഷ്ട്രീയച്ചൊരുക്കും മതച്ചൊരുക്കും ബധിരമാക്കിയ ദേശവിരുദ്ധരുടെയും കപടമതേതരക്കാരുടെയും ‘ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെ’-ന്നുറപ്പിച്ച് നിഷ്‌ക്രിയരായിരിക്കുന്ന നിഷ്പക്ഷമതികളുടെയും കര്‍ണ്ണങ്ങളില്‍ പ്രഹരമേതുമേല്പിക്കാതെ ആ ശബ്ദങ്ങളെല്ലാം നിഷ്പ്രഭമാവുന്നതാണ് നമ്മള്‍ കണ്ടത്. ഇന്നിതാ അവര്‍ വിളിച്ചു പറഞ്ഞ സത്യങ്ങള്‍ മറകളെല്ലാം നീക്കി ഭൂതാകാരമെടുത്തുകൊണ്ട്് നമുക്കു മുമ്പില്‍ യഥാര്‍ത്ഥമായി വന്നു നില്ക്കുന്നു!
ലൗ ജിഹാദ് ലോകമറിഞ്ഞതോടെ നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാന്‍ ‘ഡ്രഗ് ജിഹാദ്’ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട് ജിഹാദികള്‍. 2019-ല്‍ മാത്രം നാലരക്കിലോ ഹാഷിഷടക്കമുള്ള ലഹരിവസ്തുക്കളളാണ് കേരളത്തില്‍ കസ്റ്റംസുകാര്‍ പിടിച്ചെടുത്തത്.
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തും അവിരാമം തുടര്‍ന്നുകൊണ്ടുതന്നെയാണിരിക്കുന്നത്. 48 കൊടി രൂപയുടെ 131 കിലോഗ്രാം സ്വര്‍ണ്ണമാണ് 2019-ല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു മാത്രം പിടികൂടിയത്. 2017-ല്‍ കൊച്ചി വഴി മാത്രം കടത്തിയത് 23.69 കോടി രൂപ വിലമതിക്കുന്ന 82 കിലോയോളം സ്വര്‍ണ്ണം. 2018-ല്‍ ആ കണക്ക് 52.46 കോടിയുടെ 167 കിലോ സ്വര്‍ണ്ണം എന്നായി ഉയര്‍ന്നു. ഈവക കള്ളക്കടത്തുകളുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ട തീവ്രവാദികളുടെ ജന്മദേശങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ത്തന്നെ ഇതിന്റെ ഭൂപടവും വ്യക്തമായിമനസ്സിലാവും. അറസ്റ്റിലായ 68 പേരില്‍ 3 വിദേശികള്‍. 14 തമിഴ്‌നാട്ടുകാര്‍. 4 ആന്ധ്രക്കാര്‍. ബാക്കിയുള്ള 47 പേര്‍ വടക്കന്‍കേരളത്തില്‍നിന്നുള്ള മലയാളികള്‍. വടക്കന്‍കേരളം തീവ്രമുസ്ലീങ്ങളുടെയും അവരെ പ്രീണിപ്പിക്കാന്‍ നോമ്പും നോറ്റുകാത്തിരിക്കുന്ന കമ്യൂണിസ്റ്റുകളുടെയും സുരക്ഷിതമായ തട്ടകം. വിദേശികളുടെ മേല്‍നോട്ടത്തില്‍ വിദേശത്തുനിന്ന് കടന്നെത്തുന്ന മാരകോല്പന്നങ്ങള്‍ തെക്കേ ഇന്ത്യയില്‍ എവിടെയെല്ലാം എങ്ങനെയൊക്കെ ആരുടെയൊക്കെ അനുഗ്രഹാശിസ്സുകളോടെ പടരുന്നുണ്ട് എന്നുള്ളതിന് ഈ വസ്തുതതന്നെ ദിശ കാണിക്കുന്നുണ്ടല്ലൊ.
മുമ്പൊരിക്കല്‍, കണ്ടെയിനറിനകത്ത് കയറ്റിവന്ന വ്യാജകറന്‍സികള്‍ കാണാതെ പോയതിനെക്കുറിച്ച് വഴിമുട്ടിനില്ക്കുന്ന അന്വേഷണങ്ങളും ഇതോടു ചേര്‍ത്തുതന്നെ വേണം വായിക്കാന്‍. കള്ളക്കടത്തിന് സൗകര്യമുണ്ടാക്കാന്‍, തീരഭൂമി ഗള്‍ഫ് പണക്കാര്‍ വാങ്ങിക്കൂട്ടുന്നുവെന്ന ആരോപണങ്ങളിലേക്കുള്ള അന്വേഷണവും തീയില്‍ വെള്ളം തളിച്ചതുപോലെയാണ് പൊടുന്നനെ അണഞ്ഞുപോയത്.
ഇതുകൂടാതെയാണ് മാരകായുധങ്ങളുടെ കള്ളക്കടത്ത്. ഈയടുത്തദിവസം പാലക്കാട് സ്വദേശിയില്‍നിന്ന് ആറ് എയര്‍ഗണ്ണുകള്‍ പിടിച്ചെടുത്തത് ആരും മറന്നിട്ടുണ്ടാവില്ല. കളിയിക്കാവിളയില്‍ വിന്‍സന്റ് എന്ന പോലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് ഓടിരക്ഷപ്പെട്ട രണ്ടു മുസ്ലീം തീവ്രവാദികളും തോക്കുപയോഗിക്കാന്‍ അഭ്യസിച്ചവരായിരുന്നു എന്നുള്ളത് മാരകായുധങ്ങളുടെ ലഭ്യതയും ഉപയോഗവും എത്രത്തോളം അപകടകരമായ തോതിലാണ് നാട്ടില്‍ വ്യാപിച്ചിരിക്കുന്നത് എന്ന വസ്തുതയിലേക്കാണ് വെളിച്ചം കാട്ടുന്നത്. കേരളത്തില്‍ ലൈസന്‍സ് ഉള്ള തോക്കുകളുടെ നാലിരട്ടിയലധികം വ്യാജതോക്കുകള്‍ ഉപയോഗത്തിലുന്നുണ്ടെന്ന് പേപ്പര്‍ റിപ്പോര്‍ട്ടുകളുണ്ട്. തോക്കുനിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ച സംഘങ്ങള്‍ അതീവ പ്രഹരശേഷിയുള്ള തോക്കുകളും നിര്‍മ്മിക്കുന്നുണ്ടത്രെ. 600 മീറ്റര്‍ ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി വെടിയുതിര്‍ക്കാന്‍ കഴിയുന്ന ഇരട്ടക്കുഴല്‍ത്തോക്കുകളും ഇവര്‍ നിര്‍മ്മിച്ചു നല്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദസെല്ലുകളില്‍ ഇത്തരത്തിലുള്ള തോക്കുകളുപയോഗിച്ചാണ് പരിശീലനം നല്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. (ജന്മഭൂമി 14-01-2020. പേജ് 11.) കണ്ണൂരില്‍ എന്‍ ഐ എ നടത്തിയ റെയ്ഡില്‍ വ്യാജമായി നിര്‍മ്മിച്ച വെടിയുണ്ടകളും കണ്ടെടുത്തിരുന്നുവല്ലൊ.
പിസ്റ്റളുപയോഗിച്ചാണ് എസ് ഐ വിന്‍സന്റിനെ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷിയായ കളിയിക്കാവിള എസ് ഐ, രഘു ബാലാജി മൊഴി നല്കിയിട്ടുള്ളതാണ്. സംഭവസ്ഥലത്തുനിന്നു ലഭിച്ച, 9 എം എം പിസ്റ്റളുകളില്‍ ഉപയോഗിക്കാവുന്ന, 7.2 എം എം പരിമാണത്തിലുള്ള വെടിയുണ്ടകളും ഈ വസ്തുതയ്ക്കുതന്നെയാണ് മൂകമായി സാക്ഷി ചൊല്ലുന്നത്. സൈലന്‍സര്‍ പിടിപ്പിച്ച തോക്കുകളായിരുന്നു അവയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ, ദേശദ്രോഹപരമായ ഈദൃശങ്ങളായ ജുഗുപ്‌സാവഹമായ പ്രവൃത്തികള്‍, അത് രമേശ് ചെന്നിത്തലയുടെയോ, യച്ചൂരിയുടെയോ, മണിശങ്കരയ്യരുടെയോ, പ്രതിഷേധജാഥക്കാരുടെയോ എന്നല്ല, ആരുടെ പക്ഷത്തുനിന്നായാലും ശരി, അത് നിയന്ത്രിക്കപ്പെടേണ്ടതുതന്നെയാണ്. കണ്ണടച്ചിരുട്ടാക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരുടെ നിരുത്തരവാദിത്വപരമായ വൃഥാജല്പനങ്ങളും നാടിനെ അപകടത്തിലേക്കാണ് കൊണ്ടുപോകുന്നത്. നാട് അപകടത്തിന്റെ വക്കിലെത്തിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കേണ്ട സമയം വൈകിയിരിക്കുന്നു.