മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒരു കഥകളി കണ്ടത് ‘ഹരിച്ചന്ദ്ര ചരിതമാണ്.’ അതില്‍ രാജാഹരിച്ചന്ദ്രനായി രംഗത്തുവരുന്ന ‘പള്ളിപ്പുറം ആശാന്റെ’ അഭിനയം അതുല്യമാണ്. അവസാനം വിശ്വാമിത്രന്റെ കോപത്തിനിരയായി ചതിയില്‍ പെട്ട് രാജഭരണവും, അധികാരങ്ങളും നഷ്ടപ്പെട്ട്, ഭാര്യയായ ചന്ദ്രമതിയേയും, പുത്രന്‍ ലോഹിതാക്ഷനെയും കൂട്ടി യാചകരുടെ അവസ്ഥയില്‍ ആയിത്തീരുന്ന രംഗം ഹൃദയസ്പര്‍ശിയാണ്. അതില്‍ ചന്ദ്രമതിയായി കോട്ടക്കല്‍ ശിവരാമന്‍ ആദ്യാവസാനം ഉണ്ട്. വിശ്വാമിത്രനായി രംഗത്ത് വരുന്ന കൃഷ്ണന്‍ നായര്‍ ആശാന്‍ പറയുന്നത് പള്ളിപ്പുറം ആശാന്‍ ആ രംഗം അഭിനയിക്കുമ്പോള്‍ അത് കണ്ട് തന്റെ കണ്ണുകള്‍ ഈറനണിഞ്ഞു എന്നാണ്. അതില്‍ വിശ്വാമിത്രനായി രംഗത്തുവരുന്ന കൃഷ്ണന്‍ നായര്‍ ആശാന്‍ രണ്ട് ഗണികന്മാരെ തന്റെ മായാശക്തിക്കൊണ്ട് നിര്‍മ്മിച്ച് ഹരിച്ചന്ദ്രനെ വശീകരിക്കാനയക്കുന്നുണ്ട്. അതിനായി അവരെ നൃത്തം അഭ്യസിപ്പിക്കുന്ന രംഗം വളരെ ആകര്‍ഷകമാണ്. നര്‍മ്മബോധമുള്ള ആശാന്‍ കാണികളുടെ മനസ്സിനെയും എളുപ്പം കീഴടക്കും. ഈ കഥയില്‍ തന്നെ ചുടല ഹരിച്ചന്ദ്രനായി കൃഷ്ണന്‍നായര്‍ ആശാന്‍ വീണ്ടും വരുന്നുണ്ട്. 1960ന്റെ അവസാന കാലമായപ്പോള്‍ ആശാന് ചുടല ഹരിച്ചന്ദ്രന്‍ ആയി അഭിനയിക്കാന്‍ താല്പര്യം ഇല്ലാതായി. ഒരിക്കല്‍ തന്നെ കളിക്ക് ക്ഷണിക്കാന്‍ വന്നവരോട്, കഥ ചോദിച്ചപ്പോള്‍ അവര്‍ ഹരിച്ചന്ദ്രചരിതം എന്നു പറഞ്ഞു. അപ്പോള്‍ ആശാന്‍ ചോദിച്ചു ”വെറെ എത്രയോ കഥകളുണ്ട്! എനിക്ക് ചുടല ഹരിച്ചന്ദ്രനാകാന്‍ വയ്യ! മരിച്ച മകനെയും കൊണ്ട് ഭാര്യ ഭര്‍ത്താവ് കാവല്‍ നില്‍ക്കുന്ന ചുടലയിലെത്തുക. ചിതയില്‍ വക്കാന്‍ നേരം മകന്റെ ദേഹം അച്ഛന്‍ ചിതയില്‍ നിന്നും എടുത്ത് പുറത്തിടുക. ഞാനും പിതാവാണ്. എനിക്കുവയ്യ ഇത്തരം അറം പറ്റുന്ന രംഗം അഭിനയിക്കാന്‍” ഇതാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കല്‍ കളികഴിഞ്ഞപ്പോള്‍ ചന്ദ്രമതിയായി വേഷമിട്ട കോട്ടക്കല്‍ ശിവരാമനോട് ആശാന്‍ പറഞ്ഞു ”ചിതയില്‍ വക്കുന്ന രംഗം അഭിനയിച്ചപ്പോള്‍ ശിവരാമന്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞു. ഇതു കഥകളിയാണെന്ന് ശിവരാമന്‍ മറന്നു അല്ലെ?” അപ്പോള്‍ ശിവരാമന്‍ ആശാന്‍ പറഞ്ഞു! ”അപ്പോള്‍ ആശാന്‍ കരഞ്ഞതോ?” അതിന് മറുപടിയായി ആശാന്‍ പറഞ്ഞു ”പിന്നെ ആ രംഗം അഭിനയിച്ചപ്പോള്‍ എനിക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അതാണ് കണ്ടത്” ശിവരാമന്‍ പറഞ്ഞു ”ആശാന്‍ കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞുപോയി”
1965ല്‍ ഉത്സവക്കളിയില്‍ മൂന്നാം ദിവസം നരകാസുരവധം സമ്പൂര്‍ണ്ണമായി ‘നക്രതുണ്ടി നിണത്തോട്’ കൂടി ആടാന്‍ തീരുമാനിച്ചു. നക്രതുണ്ടിയായി അരങ്ങത്ത് വരുന്നത് കൃഷ്ണന്‍ നായര്‍ ആശാന്‍ ആണെന്നറിഞ്ഞ്, കഥകളി പ്രേമികള്‍ ആ വേഷം കാണാന്‍ കാത്തിരുന്നു. സാധാരണയായി ക്ഷേത്രങ്ങളില്‍ ഈ വേഷം (നിണവേഷം) ആടാറില്ല. ചോര ക്ഷേത്രത്തില്‍ വീണാല്‍ പുണ്യാഹ ചടങ്ങുകള്‍ കഴിഞ്ഞേ പൂജകള്‍ പുനരാംരംഭിക്കുകയുള്ളൂ. മഞ്ഞളും, ചുണ്ണാമ്പും മറ്റുചില മിശ്രിതങ്ങളും ചേര്‍ത്ത് ഉണ്ടാക്കുന്ന നിണം, കൃത്രിമമാണെങ്കിലും അത് ക്ഷേത്രാചാരത്തില്‍ ചോര തന്നെയായി കരുതുന്നു. അതിനാല്‍ പരിഹാരങ്ങള്‍ വേണ്ടിവരും, നിണം കരി-സ്ത്രീവേഷത്തിനു മുകളില്‍ കൂടി ഒഴിക്കുമ്പോള്‍ കിരീടം, ആടയാഭരണങ്ങള്‍, ഉടുത്തുകെട്ട് ഇവയെല്ലാം പിന്നെ മറ്റൊരുകളിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത വിധം ഉപയോഗശൂന്യമാകും. അങ്ങനെ ഭാരിച്ച ധനനഷ്ടം ഉണ്ടാകും. തൃപ്പൂണിത്തുറയിലെ കഥകളി പ്രേമികള്‍ ആ സാഹസം സഹിക്കാന്‍ തയ്യാറായി. അന്നത്തെ ദിവസം കഥകളി കാണാന്‍ അത്ഭുതപൂര്‍വ്വമായ തിരക്കായിരുന്നു. പടിഞ്ഞാറ് തിരുമുമ്പില്‍ മേളം നടക്കുന്ന തട്ടുമാളികവരെ ആളുകള്‍ വിശാലമായ അമ്പലമുറ്റത്ത് നേരത്തെ തന്നെ ഇരിപ്പുറപ്പിച്ചു. നക്രതുണ്ടിവേഷം (പെണ്‍ കരിവേഷം) രംഗത്ത് വന്ന് സാധാരണയില്‍ കൂടുതല്‍ സമയമെടുത്ത് ആടി. ജയന്തനുമായി ഉള്ള കാലാതുരയായ നക്രതുണ്ടിയുടെ ശൃംഗാരനടനവും എല്ലാം വളരെ ഭാവാത്മകമാക്കി. അവസാനം ജയന്തനെ ബലമായി എടുത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ മൂക്കും, മുലയും അരിഞ്ഞ് അംഗവിച്ഛേദം വരുത്തുന്ന രംഗം കഴിഞ്ഞ്, അരങ്ങില്‍ നരകാസുരന്‍ എത്തുന്നു. നിണമണിഞ്ഞുകൊ ണ്ട് നക്രതുണ്ടി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് നിന്ന് അനുചരന്മാരുമായി ഇടക്ക് നിലത്ത് വീണ്, ഭീകരമായ അലര്‍ച്ചയും, ദീനരോദനവും മുഴക്കി, മഞ്ഞുകാലത്തെ വൃശ്ചികരാത്രിയെ ഭീതിയില്‍ ആഴ്ത്തി, കാണികളില്‍ ഭയത്തിന്റെ അന്തരംഗം സൃഷ്ടിച്ച്, അരങ്ങില്‍ എത്തുന്നു. കഥകളി ആദ്യമായി കാണാന്‍ എത്തിയവര്‍ പോലും ആ മാസ്മരികമായ അഭിനയ ചാരുതയില്‍ ആവേശഭരിതരായി.
1974 ഡിസംബര്‍ അവസാനം ഞാന്‍ ഉദ്യോഗാര്‍ത്ഥം കേരളം വിട്ടു. അതിന് തൊട്ട് മുമ്പ് കൃഷ്ണന്‍ നായര്‍ ആശാന്റെ ശൂര്‍പ്പകന്‍ കാണാന്‍ ഭാഗ്യമുണ്ടായി. നൃത്തത്തില്‍ ഭസ്മാസുര മോഹിനിയാണ്, കഥകളിയില്‍ പേരില്‍ മാറ്റം വരുത്തി ശൂര്‍പ്പകവധമായി അഭിനയിക്കുന്നത്. ഗംഭീരമായ കത്തിവേഷം. അതില്‍ മോഹിനിയായി വരുന്നത് കോട്ടക്കല്‍ ശിവരാമനാണ്. ഇതില്‍ ഭരതനാട്യത്തിലെ തന്നെ അതിമനോഹരമായ നൃത്തരംഗങ്ങളും ഉണ്ട്. ആശാനും കോട്ടക്കല്‍ ശിവരാമനും ആരാണ് ലാസ്യനടനങ്ങളില്‍ കൂടുതല്‍ കേമന്‍ എന്ന നിലയില്‍ മത്സരിച്ച് അഭിനയിച്ചു.
നിരവധി കഥകളി അരങ്ങുകളില്‍ തന്റെ കൂട്ടുവേഷക്കാരനും, കഥകളിയില്‍ കത്തി, കരിവേഷങ്ങളെയാണ് അരങ്ങത്ത് തന്മയത്വത്തോടെ അവതരിപ്പിച്ചതെങ്കിലും തികഞ്ഞ സാത്വികനായ ഗുരു പള്ളിപ്പുറം ഗോപാലന്‍ നായരുടെ അരങ്ങില്‍ വച്ച് ഉണ്ടായ വിടവാങ്ങല്‍ കൃഷ്ണന്‍ നായരാശാനെ മാനസികമായി ഏറെ തളര്‍ത്തി. ഗുരു പള്ളിപ്പുറം ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കഥകളി കേന്ദ്രത്തിലെ പ്രധാന ആശാനും, വലിയ ശിഷ്യസമ്പത്തിന് ഉടമയുമായിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗം സ്വന്തം നാടായ ചേര്‍ത്തല പള്ളിപ്പുറത്തിനടുത്ത് ഒരു ക്ഷേത്രത്തില്‍ നടന്ന കഥകളിയില്‍ അദ്ദേഹം കിര്‍മ്മീര വധത്തിലെ കിര്‍മ്മീരനെ (കത്തിവേഷം) അരങ്ങില്‍ ആടിതീര്‍ത്ത്, കിര്‍മ്മീരവധം കഴിഞ്ഞ ഉടന്‍ അരങ്ങില്‍ അന്തരിക്കുകയായിരുന്നു. അതുപോലെ തന്നെയാണ് മഹാനടനായ മടവൂര്‍ ആശാന്റെ മരണവും. രാവണന്റെ വേഷം അവതരിപ്പിക്കുമ്പോള്‍ ആയിരുന്നു അത്. 1974 വരെയുള്ള കാലത്ത് മടവൂരിന്റെ വേഷഭംഗിയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, വേഷം കാണാന്‍ കഴിഞ്ഞത് 1995നുശേഷമാണ്. അദ്ദേഹം ഗുരു ചെങ്ങന്നൂരിന്റെ ശിഷ്യന്മാരില്‍ ഒടുവിലത്തെ ആളായിരുന്നു എന്ന് മുമ്പുതന്നെ കേട്ടിട്ടുണ്ട്. ഹരിപ്പാട് രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, മാങ്കൊമ്പ് ശിവശങ്കരപ്പിള്ള മുതലായവരായിരുന്നു മറ്റ് ശിഷ്യന്മാര്‍. ഇവരില്‍ മാങ്കൊമ്പ് ശിവശങ്കരപിള്ളയുടെ ആട്ടം കണ്ടിട്ടില്ല.
രണ്ട് അതിപ്രഗത്ഭരായ കഥകളി നടന്മാര്‍ അരങ്ങില്‍ വരുമ്പോള്‍ അവരുടെ മനോധര്‍മ്മത്തിന്റെ പാണ്ഡിത്യം അനുസരിച്ച് ആടുമ്പോള്‍ അത് വലിയ മത്സരമായി മാറാറുണ്ട്. എന്നാലും കഥകളി ഭ്രാന്തന്മാര്‍ക്ക് ഹരം പകര്‍ന്നിരുന്നു. കത്തിയിലെ ആചാര്യനായ ഗുരു ചെങ്ങന്നൂരാശാനും താടിവേഷ ചക്രവര്‍ത്തിയെന്നറിയപ്പെട്ടിരുന്ന വെച്ചൂര്‍ രാമന്‍പിള്ളയും തമ്മില്‍ ഉത്തരാ സ്വയംവരത്തില്‍ ദുര്യോധനനും, ത്രിഗര്‍ത്തനുമായി അരങ്ങില്‍ വരുമ്പോള്‍, രസകരമായ മത്സരങ്ങള്‍ ഉണ്ടാകാറുണ്ട്. ത്രിഗര്‍ത്തന്‍ (സുശര്‍മ്മാവ്) കൗരവ സാമ്രാജ്യത്തിലെ, സാമന്തരാജ്യമായ ത്രിഗര്‍ത്തത്തിലെ രാജാവാണ്. സാമ്രാട്ട് അല്ല എന്നേയുള്ളൂ – അഭിമാനിയാണ്. വിരാടരാജ്യത്തില്‍ പാണ്ഡവര്‍ ഉണ്ടെന്നറിഞ്ഞ്, അവരെ കണ്ടുപിടിക്കാന്‍ ദുര്യോധനന്‍ പറഞ്ഞതനുസരിച്ച് ത്രിഗര്‍ത്തന്‍ പടനയിക്കാനൊരുങ്ങുമ്പോള്‍, ദുര്യോധനന്‍ സ്വന്തം വാള്‍ നല്‍കുന്നു. ഉടന്‍ ത്രിഗര്‍ത്തന്‍ വാള്‍ തന്റെ കയ്യിലുമുണ്ടെന്ന് മറുപടിയായി അഭിനയിക്കുന്നു. ഇതിനെ കഥകളി പ്രേമികള്‍ വ്യാഖ്യാനിച്ചത് ഇങ്ങിനെയാണ് ”താങ്കള്‍ ഒരു രാമന്‍പിള്ളയാണ്! ഞാനും രാമന്‍പിള്ള തന്നെയാണ്.” ‘ഒരു നാഴി വേറൊന്നിന്റെ ഉള്ളില്‍ പോകില്ല’ എന്നെല്ലാം നാടന്‍ ഭാഷയില്‍ പറയുന്ന പോലെ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉണ്ടായി.
കൃഷ്ണന്‍ നായര്‍ ആശാനും, മാങ്കുളം വിഷ്ണുനമ്പൂതിരിയും തമ്മില്‍ സുഭദ്രാഹരണത്തില്‍ ബലഭദ്രനും ശ്രീകൃഷ്ണനും ആയി രംഗത്ത് വന്നാല്‍ പാണ്ഡിത്യപരമായി കടുത്ത മത്സരമാണ്. സുഭദ്രയെ, ബ്രാഹ്മണവേഷധാരിയായ അര്‍ജ്ജുനന്‍ വേഷപ്രച്ഛന്നനായി വന്ന് കൊണ്ടുപോയതറിഞ്ഞു ബലഭദ്രന്‍ കോപം കൊണ്ട് വിറച്ച് കലപ്പയുമായി അര്‍ജ്ജുനനെ കൊല്ലാന്‍ ഇറങ്ങുന്നു. ശ്രീകൃഷ്ണന്‍ തന്ത്രപൂര്‍വ്വം അനുനയിപ്പിക്കുന്നു. രണ്ടില്‍ കൂടുതല്‍ വട്ടം ഇത് തുടരാറില്ല. എന്നാല്‍ പതിവിന് വിരുദ്ധമായി, യാതൊരു അനുനയത്തിനും വഴങ്ങാതെ ബലഭദ്രന്‍ വീണ്ടും ഒരുങ്ങുമ്പോള്‍! മാങ്കുളത്തിന്റെ ശ്രീകൃഷ്ണന്‍ ”ചേട്ടന് ഇപ്പോള്‍ പറഞ്ഞാല്‍ ഒന്നും മനസ്സിലാവില്ല” എന്ന് ആംഗ്യം കാണിക്കുന്നു. ഉടന്‍ തന്നെ ബലഭദ്രനില്‍ നിന്നും ആശാന്‍ മോചനം നേടി, കളിയാണെന്നറിഞ്ഞ് യഥാര്‍ത്ഥ്യം മനസ്സിലാക്കി, മനസ്സാന്നിധ്യം വീണ്ടെടുക്കുന്നു.
എന്റെ ബാല്യകാലത്ത് കഥകളിയാശാന്മാരില്‍ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ടിരുന്നവര്‍ ‘വെച്ചൂര്‍ രാമന്‍പിള്ള, ചെങ്ങന്നൂര്‍ രാമന്‍പിള്ള, നളചരിതത്തിലെ ഹംസത്തിനെ അനശ്വരമാക്കിയ കുറിച്ചിക്കണ്ഠന്‍ പണിക്കര്‍’ എന്നിവരായിരുന്നു. ഗുരു കുഞ്ചുക്കുറിപ്പ് അപൂര്‍വ്വമായി മാത്രമെ കളികളില്‍ പങ്കെടുത്തിരുന്നുള്ളൂ. ‘ഏകലോചനം’ എന്ന കണ്ണുകള്‍ കൊണ്ടുള്ള നടനകലയുടെ ആചാര്യനായിരുന്ന തോട്ടം ശങ്കരന്‍ നമ്പൂതിരി, കല്ലുവഴിച്ചിട്ടയുടെ ആചാര്യനും കഥകളി കളരിയിലെ ശിക്ഷണരീതികളില്‍ കര്‍ക്കശക്കാരനുമായ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍, ഹനുമാന്‍, രാജസൂയത്തിലെ ശിശുപാലന്‍ എന്നീ വേഷങ്ങളെ അനശ്വരമാക്കിയ കവളപ്പാറ നാരായണന്‍ നായര്‍, പട്ടിക്കാംതൊടിയുടെ വയസ്സുകൊണ്ട് സമകാലികനും എന്നാല്‍ ശിഷ്യനുമായ തേക്കിന്‍ കാട്ടില്‍ രാവുണ്ണി നായര്‍ സ്ത്രീവേഷങ്ങളില്‍ കോട്ടക്കല്‍ കഥകളി സംഘത്തിലെ പ്രസിദ്ധനടനും സ്ത്രീവേഷത്തില്‍ നിരവധി പേര്‍ക്ക് ആചാര്യനുമായിരുന്ന കുത്തല്ലൂര്‍ കരുണാകര പണിക്കര്‍ എന്നിവര്‍ ബാല്യത്തിനും മുമ്പു തന്നെ ഉള്ളവരായിരുന്നു. അരങ്ങത്ത് കുറച്ചുകാലം കൂടി ഉണ്ടായിരുന്നു എങ്കിലും കളികാണാന്‍ എനിക്ക് കഴിയാതെ പോയ മഹാനടന്മാരില്‍ പ്രധാനിയാണ് കണ്ണന്‍ പാട്ടാളി. അദ്ദേഹം അത്യുത്തര കേരളത്തിലെ കാസര്‍കോട് ജില്ലയില്‍ നിന്ന് ഉള്ള വ്യക്തിയാണ്. കളരി മുറകളോട് കൂടിയ കല്ലടിക്കോടന്‍ (കടത്തനാടന്‍ എന്നും പേരുണ്ട്) ചിട്ടയെന്ന പൂര്‍ണ്ണമായും മെയ്യഭ്യാസത്തില്‍ ശ്രദ്ധ കൊടുത്ത കഥകളി അഭ്യാസമാണിത്. അതറിയാവുന്നവരില്‍ ഒരു നടനാണ് താടിവേഷങ്ങളില്‍ അരങ്ങില്‍ ഉഗ്രതാണ്ഡവം ആടി കാണികളെ അത്ഭുതസ്തബ്ധരാക്കിയ കണ്ണന്‍ പാട്ടാളി. അദ്ദേഹത്തിന്റെ ചുവന്നതാടി വേഷങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ പോലീസില്‍ നിന്ന് ഡി.വൈ.എസ്.പിയായി വിരമിച്ച ബാലകൃഷ്ണന്‍ ഇപ്പോള്‍ കഥകളി മേഖലയില്‍ സജീവമാണ്. കണ്ണൂര്‍ പറശ്ശിനിക്കടവ് ശ്രീമുത്തപ്പന്‍ കഥകളി യോഗത്തിന്റെ ആശാനായ നാട്യരത്‌നം കാനകണ്ണന്‍ നായരുടെ ഉത്തരാസ്വയംവരത്തിലെ ഉത്തരന്‍ എനിക്ക് തൃപ്പൂണിത്തുറ കണ്ണന്‍ കുളങ്ങര ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് നടന്ന കഥകളിയില്‍ കാണാന്‍ കഴിഞ്ഞു. അദ്ദേഹം നിരവധി വേഷങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ച മഹാനടനായിരുന്നു.
അടുത്ത കാലത്ത് ദിവംഗതനായ മഹാനടനായിരുന്നു പത്മശ്രീ നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. അദ്ദേഹം ചേലിയ കഥകളി യോഗം എന്ന ഒരു കഥകളി കളരി നടത്തിയിരുന്നു. നൂറ്റിനാലാം വയസ്സില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. അന്തരിക്കുന്നതിന് ഏതാനും വര്‍ഷം മുമ്പാണ് പത്മശ്രീ ലഭിച്ചത്. അതിനായി നിരവധി കഥകളിപ്രേമികളുടെ കൂട്ടത്തില്‍ ലേഖകനും ധാരാളം വട്ടം പത്രങ്ങളില്‍ കൂടിയും ഫേസ്ബുക്ക് മുതലായ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ‘ഭാരതരത്‌ന’ത്തിന് അര്‍ഹനായിരുന്നു. മരിക്കുന്നത് നൂറ്റി നാലാം വയസ്സില്‍, നൂറ് വയസ്സ് വരെ അദ്ദേഹം അരങ്ങില്‍ ആടിയിരുന്നു. ഈ ദീര്‍ഘകാലം അരങ്ങില്‍ ആടി കാണികളെ കഥകളി എന്ന വശ്യസുന്ദരമായ കലയുടെ ലോകത്തിലേക്ക് ആകര്‍ഷിച്ച ആ മഹാകാലകാരന് ‘ഭാരത രത്‌നം’ തികച്ചും അര്‍ഹിക്കപ്പെടാവുന്ന ബഹുമതിയാണ്. അദ്ദേഹത്തിന്റെ ശ്രീകൃഷ്ണ വേഷം കണ്ട് ഭക്തിയുടെ ആനന്ദരസത്തില്‍ ആറാടിയ ഭക്തര്‍, പാദങ്ങളില്‍ ദണ്ഡനമസ്‌കാരം ചെയ്യുന്നത് സാധാരണമായിരുന്നു. തെക്കന്‍ കേരളത്തില്‍ മാങ്കുളം തിരുമേനിയുടെ ശ്രീകൃഷ്ണനും ആ ബഹുമതി നിസ്സംശയം അവകാശപ്പെടാം. കാവുങ്കല്‍ ചാത്തുണ്ണിപ്പണിക്കര്‍ എന്ന മഹാനടന്‍ ഏതാണ്ട് മുപ്പത് വര്‍ഷത്തിലേറെ മൃണാളിനി സാരാഭായിയുടെ ‘ദര്‍പ്പണ’യെന്ന കലാകേന്ദ്രത്തിലെ ആശാനായിരുന്നു. പിന്നീട് തിരിച്ചു വന്നപ്പോള്‍ വാര്‍ദ്ധക്യത്തിലെത്തി. അദ്ദേഹം അവസാനകാലത്ത് മകളോടൊപ്പം തൃപ്പൂണിത്തുറയിലായിരുന്നു താമസം. ‘കീചകപ്പണിക്കര്‍’ എന്ന് പേരുകേട്ട 1914 വരെ കൊച്ചിരാജ്യം ഭരിച്ച രാജര്‍ഷി രാമവര്‍മ്മരാജാവിന്റെ കാലത്ത് കുപ്രസിദ്ധമായ താത്രിക്കുട്ടിയുടെ വിചാരണ (ഭ്രഷ്ട്) നടന്നപ്പോള്‍ മഹാനടനായ കാവുങ്കല്‍ ശങ്കരന്‍ കുട്ടിപ്പണിക്കര്‍ക്കും കൊച്ചി രാജ്യത്ത് വിലക്കു കല്പിച്ചു.
(തുടരും)





















