മരണനേരത്ത് ചൊല്ലുവാനിപ്പൊഴേ
കരുതിവെയ്ക്കണം രാമസങ്കീര്‍ത്തനം
മറവിതന്‍ പൂപ്പു ബാധിച്ചാടാതെയുള്‍
സ്മരണയില്‍ രാമരൂപം തെളിയ്ക്കണം
കരളിനുള്ളില്‍ കിനാവിന്റെ ജാലക
പടിയിലുണ്ടായിരുന്ന രാമായണം
പൊടി തുടയ്ക്കണം ജീവിത കര്‍ക്കട
പെരുമഴയത്തിരുന്നുവായിയ്ക്കണം.
പകുതി പിന്നിട്ടു പ്രായം പരാതികള്‍
പൊറുതിനല്‍കാതെ മുന്നില്‍നയിക്കവേ
ഹൃദയ ഭിത്തിയില്‍ ചില്ലിട്ടു സൂക്ഷിച്ച
കനകവിഗ്രഹം കണ്ടുള്ളുണര്‍ത്തണം
മധുരമാലേയ ഗന്ധി, പ്പുരാതന ചരിത
ചാരു സങ്കീര്‍ത്തനം പാടുവാന്‍
കിളിമകള്‍ വന്നിരിയ്ക്കയായ് കര്‍ക്കട
കലിയൊടുങ്ങാ മഴക്കാറിലും മനം
സുകൃത സുസ്‌നേഹശാന്തമാം രാഘവ
സരയുവില്‍ നിറഞ്ഞൊന്നു നീരാടവേ
അതിവിശുദ്ധമാ മാത്മസായൂജ്യമാര്‍-
ന്നമരബോധംജനിയ്ക്കുന്നുപിന്നെയും
പകലു തീരുന്ന നേരം തൃസന്ധ്യകള്‍
ചിതയൊരുക്കി ചിരിച്ചു നിന്നീടുവേ
അറുതിയാകുമെന്നേതോ മഴ പക്ഷി
അകലെനിന്നുനേരോര്‍മ്മപ്പെടുത്തവേ
ഇവിടെ നമ്മള്‍ നിരന്തരം സംസാര
മദിരയില്‍ മദം പൊട്ടി ചലിച്ചവര്‍
ദുരിതജീദുര്‍മുഖങ്ങള്‍ ദുരാഗ്രഹ
പലകമേല്‍വീണുരുണ്ടുപോംപകിടകള്‍
അവധിയില്ലാതഹങ്കാരമാം രണ
രുധിരഭൂവില്‍ ദുരന്തം വരിച്ചവര്‍
മഴകനക്കെ മനസ്സിന്‍ വനാന്തര –
മുരുളുപൊട്ടി കുതിച്ചൊലിച്ചീടവേ
സ്മൃതി മുഖങ്ങളിലേതോ പഴകിയ
കനവുപോലെയുണ്ടമ്മതന്‍ സുസ്‌നേഹ
സുകൃത സാരസ്വതം സങ്കടങ്ങളെ
മധുരമാക്കുന്ന രാമായണം കഥ!
ഹൃദയതാളത്തിലാര്‍ദ്രമാത്മവിനെ
പൊതിയുവാനെന്നപോലെപതുക്കവെ
ഒഴുകിയെത്തുന്നു ശ്രീരാമരാമയെ-
ന്നനഘമന്ത്രം മഹാ മോക്ഷസാന്ത്വനം
ചിതലരിയ്ക്കാത്തൊരോര്‍മ്മിയില്‍ നിന്നതാ.
കിളിമകള്‍ വന്നു പാടുന്നു പ്രാണനില്‍
കളകളം കാട്ടുപൊയ്കതന്‍ നീലിമ തെളിമ
പോല്‍ സ്വച്ഛമാകുന്നു മാനസം
മരണനേരത്ത് ചൊല്ലുവാനിപ്പൊഴേ
കരുതിവയ്ക്കണം ‘രാമ’രണ്ടക്ഷരം
അതിനിഗൂഡീ ഭയഭ്രാന്തമാം മൃതി-
യക്കരികില്‍ നില്‍ക്കുമ്പൊളൂര്‍ജ മുത്തേജകം
വിപദി ധൈര്യം വിമോഹനസ്വപ്‌നമായ്
ഹൃദി യിലൂറട്ടെ രാമമന്ത്രാക്ഷരം
മരണനേരത്ത് ചൊല്ലുവനിപ്പെഴേ
സ്മൃതിനിറയ്ക്കണംരാമസങ്കീര്‍ത്തനം.






















