ഭാരതം കണ്ട ഏറ്റവും ശ്രേഷ്ഠനായ ദേശീയ മുസ്ലീമും മുന്‍ രാഷ്ട്രപതിയും ഭാരതത്തിന്റെ മിസൈല്‍മാനുമായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഒരിക്കല്‍ കുട്ടികളോട് സംവദിക്കുമ്പോള്‍ സ്വപ്‌നങ്ങളെ കുറിച്ചാണ് സംസാരിച്ചത്. സ്വപ്‌നം കാണുമ്പോള്‍ പിച്ചക്കാരന്‍ ആകാന്‍ സ്വപ്‌നം കാണുന്നതിന് പകരം രാജാവും രാജകുമാരനും ആകുന്നതിനെക്കുറിച്ച് സ്വപ്‌നം കാണാന്‍ പറഞ്ഞു. ഭാരതത്തിന്റെ യുവതയെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച ഡോക്ടര്‍ എ.പി.ജെ. അബ്ദുല്‍ കലാം സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചില്ലെങ്കില്‍ പോലും ഭാവിയുടെ വാഗ്ദാനം എന്ന നിലയില്‍ ആണ് യുവാക്കളോട് സ്വപ്‌നം കാണാന്‍ പറഞ്ഞത്. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉള്ള യുവാക്കളുടെ ഉന്നമനത്തിനും മടിയില്ലാത്ത പ്രവര്‍ത്തനത്തിനും വേണ്ടിയാണ് അദ്ദേഹം സ്വപ്‌നം കാണാന്‍ പറഞ്ഞത്. പക്ഷേ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ് അല്പം കൂടി അപ്പുറം കടന്നു. പഴയ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ മലര്‍പ്പൊടി വിറ്റ് വലിയ പണക്കാരന്‍ ആകുന്നതും വലിയ വീടുവെക്കുന്നതും ഒക്കെ സ്വപ്‌നം കാണുന്നതിന് ഇടയില്‍ മലര്‍പ്പൊടി സൂക്ഷിച്ചിരുന്ന കലം ഉടഞ്ഞ കഥയാണ് ബാലഗോപാലിന്റെ ബജറ്റ് ഓര്‍മിപ്പിച്ചത്. സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ വെറും നാലുമാസം മാത്രം അവശേഷിക്കുമ്പോള്‍ സാങ്കേതികമായും സാമ്പത്തികമായും സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നത് വെറും രാഷ്ട്രീയ കസര്‍ത്ത് മാത്രമാണ്.
ഈ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് എന്തുറപ്പാണ് ഉള്ളത്. അഥവാ അധികാരത്തില്‍ എത്തിയാലും ഈ ബജറ്റ് അതേപടി നടപ്പിലാക്കുമോ? 2021 ല്‍അന്നത്തെ ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക്കും ഇതേപോലെ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചാണ് തിരഞ്ഞെടുപ്പിലേക്ക് പോയത്.അധികാരം വീണ്ടും ലഭിച്ചെങ്കിലും ഐസക്കിന് മത്സരിക്കാന്‍ സീറ്റു കിട്ടിയില്ല. ധനമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം പുറത്താകുകയും ചെയ്തു. പകരക്കാരനായാണ് കെ.എന്‍. ബാലഗോപാല്‍ എത്തിയത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു പൊതുജനങ്ങളെ സോപ്പിടാനും പറ്റിക്കാനും ഉള്ള ഒരു തന്ത്രം എന്ന നിലയില്‍ മാത്രമാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമോ നികുതി നിര്‍ദേശങ്ങളോ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനം ഗുരുതരമായ കടക്കെണിയില്‍ ആയിട്ടും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഇടം പിടിച്ചില്ല. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ചില സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചത് ഒഴിച്ചാല്‍ അത് എങ്ങനെ നടപ്പാക്കും എന്നോ അതിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്നോ ഉള്ള കാര്യങ്ങള്‍ ധനമന്ത്രി പറഞ്ഞിട്ടില്ല. 1.82 ലക്ഷം കോടി വരുമാനവും 2.4 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ എംസി റോഡിന്റെ വികസനത്തിന് 5217 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള ഈ പാത നാലുവരിയായി വികസിപ്പിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. ഏതാനും വര്‍ഷം മുമ്പും ഇതേ കാര്യം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതില്‍ നിന്ന് തന്നെ ബജറ്റിലെ ഓരോ പ്രഖ്യാപനത്തിന്റെയും ആത്മാര്‍ത്ഥതയും സത്യസന്ധതയും മനസ്സിലാവും. തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുകയും ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍, പ്രൈമറി അധ്യാപകര്‍, സാക്ഷരത പ്രേരക്മാര്‍ തുടങ്ങിയവര്‍ക്ക് വേതന വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമ പദ്ധതി,ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാനുള്ള പ്രത്യേക സഹായ പദ്ധതി, കാരുണ്യക്ക് പുറത്തുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, ഹരിത കര്‍മ്മ ലോട്ടറി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തദ്ദേശസ്ഥാപനങ്ങളിലെ മുന്‍ അംഗങ്ങള്‍ക്ക് ക്ഷേമനിധി തുടങ്ങിയവ ബജറ്റിന്റെ ഭാഗമായി. ആധാര്‍ കാര്‍ഡിന് ബദല്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നേറ്റിവിറ്റി കാര്‍ഡിന് ഇത്തവണ തുക വകയിരുത്തിയിട്ടുണ്ട്. ഇത്തരം ഒരു കാര്‍ഡിന് നിയമപരമായ പരിരക്ഷ ഉണ്ടോ എന്ന കാര്യം തുലാസില്‍ ആയിരിക്കെ ഇത് ബജറ്റ് പ്രഖ്യാപനമായി വന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മാത്രമാണ്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത അവകാശമല്ലെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരെ വീണ്ടും വഞ്ചിക്കുന്ന നിര്‍ദ്ദേശമാണ് ബജറ്റില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി ശമ്പളം പരിഷ്‌കരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 1 മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം ഉറപ്പുള്ള പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പ പുനരാരംഭിക്കും എന്നും പറഞ്ഞിട്ടുണ്ട്.
നിയമിച്ചു മൂന്നുമാസത്തിനകം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് എങ്ങനെ വാങ്ങും എന്ന് പറഞ്ഞിട്ടില്ല. സാധാരണ ഒരു ശമ്പള കമ്മീഷനെ നിയോഗിച്ചാല്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ഇല്ലാതെ റിപ്പോര്‍ട്ട് കൊടുത്ത ചരിത്രം ഇന്നുവരെ ഉണ്ടായിട്ടില്ല. പിന്നെ ചെയ്യാന്‍ കഴിയുന്ന കാര്യം ഇടക്കാലത്തേക്ക് എങ്കിലും ഒരു നിശ്ചിത ശതമാനം തുക ശമ്പളത്തില്‍ കൂട്ടിക്കൊടുക്കാന്‍ ശമ്പള കമ്മീഷന്റെ ശുപാര്‍ശ വാങ്ങുകയാണ്. ഇക്കാര്യത്തില്‍ വ്യക്തതയില്ല. ശമ്പള കമ്മീഷന്‍ ചെയര്‍മാനായി മുന്‍ കേന്ദ്ര സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ. മോഹന്‍ദാസിനെ നിയോഗിച്ചിട്ടുണ്ട്. കേരള സിവില്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ഏറ്റവും സത്യസന്ധനായ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വിശ്വാസ്യതയുണ്ട്. അതു മുതലെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. മൂന്നുമാസം എങ്കിലും ഇല്ലാതെ ഒരു ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ഓഫീസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും കഴിയില്ല. എല്ലാ വിഭാഗം ജീവനക്കാരുടെ സംഘടനകളുമായും സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ വിഭാഗവും ഉദ്യോഗസ്ഥ പരിഷ്‌കരണ വിഭാഗവും ഒക്കെയായി ചര്‍ച്ച നടത്തിയതിനുശേഷം മാത്രമേ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനാവൂ. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ഇതെന്നാണ് പൊതുവേ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. നിലവിലുള്ള 13% ഡിഎ കുടിശ്ശിക മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷേ ശമ്പള കമ്മീഷനെ നിയമിച്ചു കഴിഞ്ഞാല്‍ അതിന്റെ വിജ്ഞാപനം വന്നാല്‍ പിന്നെ കുടിശ്ശിക ഡി എ കൊടുക്കാനാവില്ല. തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരുക്കങ്ങളുടെ തത്രപ്പാടില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ തട്ടിക്കൂട്ടിയെടുത്ത സ്വപ്‌നസഞ്ചാരിയുടെ വെറും കഥകള്‍ മാത്രമായി ബജറ്റ് പ്രസംഗം മാറി എന്നാണ് പൊതുവേ സാമ്പത്തിക വിദഗ്ധരും സംഘടന നേതാക്കളും കാണുന്നത്.
ശബരിമലയോടുള്ള അവഗണന
ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാനായി ഇത്തവണയും ബജറ്റില്‍ 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2011 മുതല്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മാസ്റ്റര്‍പ്ലാനിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഇത്തവണയും 30 കോടി അനുവദിച്ചിട്ടുള്ളത് എന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. 174 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടത്. പ്രധാന കേന്ദ്രങ്ങളുടെ വികസനത്തിന് 28 കോടി, പമ്പയില്‍ സുരക്ഷാ പാലത്തിന് 50 കോടി, സന്നിധാനത്ത് പുതിയ പ്രസാദ മണ്ഡപം മഠങ്ങള്‍ സെന്റര്‍ എന്നിവയ്ക്കായി 96 കോടി എന്നിവ ഉള്‍പ്പെടെയാണിത്. കഴിഞ്ഞവര്‍ഷവും ബജറ്റില്‍ 30 കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും ദേവസം ബോര്‍ഡിന് കൊടുത്തത് രണ്ടുകോടി രൂപ മാത്രമാണ്. 2023-24 ലും 28 കോടി പ്രഖ്യാപിച്ചിരുന്നെങ്കിലും അഞ്ചു കോടി രൂപ മാത്രമാണ് നല്‍കിയത്. അതുകൊണ്ട് നിലയ്ക്കല്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എട്ടു കോടി രൂപയുടെ ബില്ലുകള്‍ ഇനിയും കൊടുത്തു തീര്‍ക്കാനുണ്ട്. സന്നിധാനത്തിന് പുതിയ രൂപം നല്‍കുന്നതിനും മഠങ്ങള്‍ പ്രസാദ മണ്ഡപം എന്നിവ മാറ്റി സ്ഥാപിക്കുന്നതിനും പദ്ധതി തയ്യാറാക്കിയവര്‍ക്ക് 28 ലക്ഷം രൂപ നല്‍കാനുണ്ട്. ശബരിമലയ്ക്ക് പണം പ്രഖ്യാപിക്കുന്നത് ഒഴികെ കൊടുക്കുന്ന കാര്യത്തില്‍ കാട്ടുന്ന അവഗണന ഇതില്‍ നിന്ന് വ്യക്തമാണ്.
കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ചെങ്കിലും തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍പാത ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.ആര്‍ആര്‍ടിഎസ് എന്ന 583 കിലോമീറ്റര്‍ ദൂരം വരുന്ന റെയില്‍ പാത നാല് ഘട്ടമായി നിര്‍മ്മിക്കാനാണ് തീരുമാനം. 583 കിലോമീറ്റര്‍ നീളമുള്ള പാതയുടെ ഒന്നാംഘട്ടം തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ഉള്ള 254 കിലോമീറ്റര്‍ ആണ്. തൃശ്ശൂര്‍-കോഴിക്കോട് രണ്ടാം ഘട്ടമായും കോഴിക്കോട്-കണ്ണൂര്‍ മൂന്നാംഘട്ടമായും കണ്ണൂര്‍-കാസര്‍ഗോഡ് നാലാം ഘട്ടമായും പണിയാനാണ് തീരുമാനം. നിലവിലുള്ളതും ഇനി വരുന്നതുമായ എല്ലാ മെട്രോ സംവിധാനങ്ങളുമായും ഇത് ബന്ധിപ്പിക്കും. കോഴിക്കോട് മെട്രോ റെയിലും ഇതോടൊപ്പം തന്നെ ഉണ്ടായിരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. 160 മുതല്‍ 180 കിലോമീറ്റര്‍ വേഗം വരെയുള്ള ഈ പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനും അതിനുവേണ്ടിയുള്ള പ്രാഥമിക വകയിരുത്തലുകളും ഉണ്ട്.
കാര്‍ഷിക മേഖലയുടെ വരുമാനം ഉയര്‍ത്താന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് ബജറ്റിനെതിരെ കാര്‍ഷിക വിദഗ്ധര്‍ ഉയര്‍ത്തിയിട്ടുള്ള ഏറ്റവും വലിയ ആരോപണം. നെല്ലിന്റെ സംഭരണ വില 30 രൂപ ആക്കി ഉയര്‍ത്തിയെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചതാണ്. 30 രൂപയില്‍ 23.69 രൂപ കേന്ദ്രവിഹിതവും 6.31 രൂപ സംസ്ഥാന വിഹിതവും ആണ്. നേരത്തെ 8.80 രൂപ സംസ്ഥാന വിഹിതമായി ചെലവഴിച്ചിരുന്നത് സത്യത്തില്‍ കുറയ്ക്കുകയും കേന്ദ്രവിഹിതത്തിന് ആനുപാതികമായി തുക കൂട്ടാതെ ജനങ്ങളെ, കര്‍ഷകരെ പറ്റിക്കുകയും ആണ് ചെയ്തിട്ടുള്ളത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സംഘടിത തൊഴിലാളികള്‍ വരെ നിരവധി ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിരുദ പഠനം സൗജന്യമാക്കുകയും ചെയ്തു. ഇക്കാര്യത്തിലും വ്യക്തതയില്ല എന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ശമ്പളം, പെന്‍ഷന്‍, വായ്പകളുടെ പലിശ എന്നിവയ്ക്കായി ഏതാണ്ട് വരുമാനത്തിന്റെ 78 ശതമാനത്തില്‍ ഏറെ ചെലവഴിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ കടക്കെണിയില്‍ നിന്നും എങ്ങനെ കരകയറും എന്നോ പ്രത്യുല്‍പാദനപരമായ കാര്യങ്ങള്‍ക്കും പുതിയ തൊഴിലവസരങ്ങള്‍ക്കും ഏതു രീതിയില്‍ പണം കണ്ടെത്തും എന്നതിനോ ഒന്നും ബജറ്റില്‍ വ്യക്തതയില്ല. മാത്രമല്ല ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ വീണ്ടും പുതിയ ബജറ്റ് അവതരിപ്പിക്കേണ്ടിവരും. തിരഞ്ഞെടുപ്പിനു മുമ്പ് സാധാരണക്കാര്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കാനും അവരെ സ്വപ്‌നലോകത്തേക്ക് നയിച്ച് വോട്ട് നേടാനുമുള്ള ചെപ്പടിവിദ്യക്കാരന്റെ ഉത്സവപ്പറമ്പിലെ തന്ത്രം മാത്രമാണ് ബാലഗോപാലിന്റെ ബജറ്റ് എന്ന് പറയാതെ വയ്യ. ഡോക്ടര്‍ കെ.പി. കണ്ണന്‍ ചൂണ്ടിക്കാട്ടിയത് പോലെ നിയമസഭയുടെ വിലപ്പെട്ട സമയം അപഹരിച്ച വെറും അധരവ്യായാമം മാത്രമായി ബജറ്റ് മാറി എന്ന വിലയിരുത്തല്‍ തള്ളാനാവില്ല.






















