കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന ചടുല വ്യതിയാനങ്ങളും ഭാവുകത്വ പരിണാമങ്ങളും നിരീക്ഷിക്കുന്നവര്‍ക്ക് വരാന്‍ പോകുന്ന വലിയ സാമൂഹ്യ രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ മുന്നോടിയാണിതൊക്കെ എന്ന് അനുമാനിക്കാവുന്നതാണ്. വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയുടെ റാപ്പ് സംഗീതനിശകളെ പിന്‍തള്ളി എത്ര വേഗമാണ് നന്ദഗോവിന്ദം ഭജന സംഘം കളം നിറഞ്ഞത്. അതു പോലെ അമച്വര്‍ നാടക വേദിയില്‍ നിന്ന് ഉയര്‍ന്നു വന്ന മാടന്‍മോക്ഷം എന്ന വേറിട്ട നാടകം അരങ്ങുകളില്‍ വലിയ ചലനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തെ സ്വതന്ത്രപരമാധികാര രാഷ്ട്രമാക്കാന്‍ പരിശ്രമിക്കുന്ന ഛിദ്രശക്തികള്‍ കട്ടിംഗ് സൗത്ത് വാദത്തിന് അടിത്തറയൊരുക്കാന്‍ ആയുധമാക്കുന്നത് മത ജാതി മൗലികവാദങ്ങളെയാണ്. സാംസ്‌കാരിക ദേശീയതയെ ജാതിവാദം കൊണ്ട് പരാജയപ്പെടുത്താന്‍ സംഘടിത മതമൗലികവാദികള്‍ പെട്രോഡോളര്‍ കൊണ്ട് വിലക്കെടുത്ത കലാ സാഹിത്യസാംസ്‌ക്കാരിക നായകന്മാര്‍ ഏറെയുള്ള നാടാണ് കേരളം. സവര്‍ണ്ണ, അവര്‍ണ്ണ, പിന്നാക്ക, മുന്നാക്ക വിഭാഗീയതകളെ ഊതിപ്പെരുപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യുന്ന മുന്നണി രാഷ്ട്രീയ സംസ്‌കാരം കേരളത്തിനുണ്ടാക്കി കൊണ്ടിരിക്കുന്ന പരിക്ക് ചെറുതല്ല. ഒരു പരിഷ്‌കൃത സമൂഹത്തില്‍ സവര്‍ണ്ണ ജാതിവാദവും അവര്‍ണ്ണ ജാതിവാദവും ഒരുപോലെ തിരസ്‌ക്കരിക്കപ്പെടേണ്ടതാണെങ്കിലും പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷകരായി ചമയുന്ന ചിലര്‍ ജാതിവാദത്തെ തരാതരം പോലെ ഉപയോഗിക്കുന്നതായി കാണാം. അക്കാദമിക ബ്രാഹ്മണ്യം പേറുന്ന ചില ശ്യാമകളേബരന്മാരും ജാതിവാദത്തിന്റെ സുവിശേഷ വേലക്കാരായി കേരളത്തില്‍ കുത്തിത്തിരിപ്പിന്റെ കുതന്ത്രങ്ങളുമായി ഉച്ചഭാഷിണികള്‍ വിഴുങ്ങുന്നത് കാണാന്‍ കഴിയും. രാഷ്ട്ര വിഭജനകാലത്ത് മുഹമ്മദ് അലി ജിന്ന പരീക്ഷിച്ച അതേ തന്ത്രം കേരളത്തില്‍ പരീക്ഷിക്കുന്ന ചില ശക്തികള്‍ ദളിത പിന്നാക്ക വിഭാഗങ്ങളെ മുസ്ലീം മൗലികവാദികള്‍ക്കൊപ്പം അണിനിരത്താന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതായി കാണാം. അതിനായി ആശയ അടിത്തറ ഒരുക്കുന്ന സാഹിത്യ കലാ സംഘങ്ങള്‍ കേരളത്തില്‍ സജീവമാണ്. ഇടത് പുരോഗമന വാദമെന്ന കുപ്പിയില്‍ നിറച്ചു വില്‍ക്കുന്നത് മതമൗലികവാദികള്‍ തയ്യാറാക്കിയ വിഭജനകാലത്തെ പഴയ വീഞ്ഞാണ്.
രാമനെ അറിയില്ലെന്നും രാവണനാണ് തന്റെ ആദര്‍ശപുരുഷനെന്നും പറയുന്ന ഹിരണ്‍ ദാസ് മുരളിയുടെ പ്രായോജകര്‍ ആരായിരുന്നു എന്ന് രണ്ടു വട്ടം ചിന്തിക്കേണ്ട കാര്യമില്ല. തന്റെ ദളിതപരിവേഷത്തെ വിപണനം ചെയ്യാന്‍ അയ്യങ്കാളിയുടെ തലപ്പാവിന്റെ തിളക്കവും വില്ലുവണ്ടിയുടെ കുതിപ്പും പാടിപ്പൊലിപ്പിക്കുമ്പോഴും ചീനയില്‍ ഖുറാന്‍ എരിയുന്നതിന്റെ ഗന്ധമാണ് അയാളെ ഖിന്നനാക്കുന്നത്. ബര്‍മ്മയിലെ മതഭീകരവാദികളായ റോഹിങ്ക്യന്‍ വംശജരുടെ ചോര കുടിക്കുന്ന ബുദ്ധനെ പാടി അടയാളപ്പെടുത്തുമ്പോഴും ലങ്കയിലെ ദാഹം മാറാത്ത പുലികളെ അയാള്‍ തോറ്റി ഉണര്‍ത്തുമ്പോഴും മുന്‍ഭാരത പ്രധാനമന്ത്രിയെ വധിച്ചവരെയാണ് മഹത്വവല്‍ക്കരിക്കുന്നതെന്ന് ശരാശരി മലയാളി തിരിച്ചറിഞ്ഞില്ല. ഇസ്ലാം മതഭീകരരാല്‍ വേട്ടയാടപ്പെട്ട യസീദികള്‍ക്കും കുര്‍ദുകള്‍ക്കും കാശ്മീരി പണ്ഡിറ്റുകള്‍ക്കും ഒന്നും ഇല്ലാത്ത മനുഷ്യാവകാശം പാലസ്തീനികള്‍ക്കും സിറിയക്കാര്‍ക്കും വേണമെന്നു പാടി ആടുന്ന വേടന്‍ പാട്ടുകളെ ഒടുക്കം മലയാളി തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാണ് അവര്‍ അമ്പലപ്പറമ്പില്‍ നന്ദ ഗോവിന്ദം പോലുള്ള ഭജന സംഘങ്ങള്‍ക്കു മുന്നിലേക്ക് ഒഴുകി എത്തിയത്. അതില്‍ പ്രതിഷേധത്തിന്റെ പ്രതിക്രിയ പോലും കാണാന്‍ കഴിയും. ജാതി വിഘടന വാദത്തിന്റെയും രാഷ്ട്ര വിരുദ്ധതയുടെയും നിലപാടുകളെ മാനവികമെന്നും ദളിത പക്ഷമെന്നും മുദ്രകുത്തി പുരസ്‌ക്കരിക്കാന്‍ കൂടി തീരുമാനിച്ചതോടെ മലയാളി തിരിച്ചറിവിന്റെ വഴിയിലേക്ക് ചുവടു മാറിക്കഴിഞ്ഞിരുന്നു. ദളിത പിന്നാക്ക ജനവിഭാഗങ്ങളെ സംഘടിത മതങ്ങളുടെ തൊഴുത്തിലേയ്ക്ക് ആട്ടിത്തെളിക്കുന്ന ഇടനിലക്കാര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ ലഭിക്കുന്ന രാഷ്ട്രീയ സാഹചര്യം കുറച്ചുകാലം കൂടി കേരളത്തില്‍ ഉണ്ടായേക്കാം. മകാര സാഹിത്യം കൊണ്ട് സമ്പന്നമായ റാപ്പ് ഗാനത്തിലൂടെ പരിഹസിക്കപ്പെട്ട ഒരു ജനത പ്രതികാരബുദ്ധിയോടെ ഭജന പാടുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. അഭിമാനബോധത്തിന്റെ തലപ്പാവും സനാതന ധര്‍മ്മവിശ്വാസത്തിന്റെ തിലകവും ധരിച്ച വൈകുണ്ഠസ്വാമിയും മഹാത്മാ അയ്യങ്കാളിയുമാണ് തങ്ങളുടെ സ്വത്വബോധത്തിന്റെ ഉണര്‍ത്തുപാട്ടുകാര്‍ എന്നറിയുന്ന ഹിന്ദുക്കളാണ് ഇന്ന് അമ്പലപ്പറമ്പില്‍ ലക്ഷാവധിയായി തടിച്ചുകൂടുന്നതും ഭജന പാടി താളം പിടിക്കുന്നതും.

പയ്യന്നൂരില്‍ ഈ അടുത്ത കാലത്ത് അന്തരിച്ച, ചിത്രലേഖ എന്ന, ഓട്ടോ ഓടിച്ച് ജീവിതം പുലര്‍ത്തിയ സ്ത്രീയെ, പുലച്ചി എന്ന് വിളിച്ച് മര്‍ദ്ദിക്കുകയും അവരുടെ ഉപജീവന മാര്‍ഗ്ഗമായ വണ്ടി കത്തിക്കുകയും ചെയ്തവര്‍ ദളിത സംരക്ഷണം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകളായിരുന്നു. പട്ടികജാതി കുട്ടികള്‍ താമസിച്ചിരുന്ന നാട്ടകം പോളിടെക്‌നിക്ക് കോളേജിലെ ഹോസ്റ്റലുകള്‍ക്ക് പുലയക്കുടി എന്ന വിളിപ്പേര് നല്‍കിയവര്‍ എസ്എഫ്‌ഐക്കാരായിരുന്നു. സഹപാഠിയായ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും പുലച്ചി എന്ന് ജാതിപ്പേര് വിളിച്ചു കൊണ്ട് ആക്ഷേപിക്കുകയും അവള്‍ക്ക് തന്തയില്ലാത്ത കുട്ടിയെ ഉണ്ടാക്കി നല്‍കുമെന്ന് ആക്രോശിക്കുകയും ചെയ്ത പുരോഗമന വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ്‌ഐ അടക്കിവാഴുന്ന ക്യാമ്പസുകള്‍ ഉള്ള കേരളത്തില്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ സംരക്ഷണ കുത്തക അവകാശപ്പെടുന്നവരുടെ പേര് കമ്യൂണിസ്റ്റുകള്‍ എന്നതാണ് ഏറ്റവും വലിയ തമാശ. ഇത്തരം ദളിത പക്ഷ നാട്യക്കാരുടെ ഇടയിലാണ് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മണ്ണും ദൈവവും വരെ അപഹരിക്കപ്പെടുന്നതിന്റെ നൊമ്പരം പങ്കുവയ്ക്കുന്ന മാടന്‍മോക്ഷം എന്ന നാടകം വിജയകരമായി പ്രദര്‍ശന ജൈത്രയാത്ര നടത്തുന്നത്. വേടന്‍ ഉയര്‍ത്തിയ രാഷ്ട്രീയമല്ല മാടന്‍ ഉയര്‍ത്തുന്നത് എന്നിടത്താണ് ഈ നാടകത്തിന്റെ സവിശേഷത കുടിയിരിക്കുന്നത്. മാടന്‍ തന്റെ സ്വത്വബോധത്തിന്റെ വീണ്ടെടുപ്പിനും തന്റെ ആരാധകരായ മണ്ണിന്റെ മക്കളുടെ നിലനില്‍പ്പിനും വേണ്ടി നടത്തുന്ന പോരാട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങളെ വിറ്റുണ്ണുന്ന വേടന്റെ രാഷ്ട്രീയമല്ല മാടന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം. ജയമോഹന്റെ നോവലിനെ ആസ്പദമാക്കി രാജ് മോഹന്‍ നീലേശ്വരം നടത്തിയ സ്വതന്ത്രരചനയാണ് മാടന്‍മോക്ഷം എന്ന നാടകം. ജോബ് മഠത്തിലിന്റെ സംവിധാനമികവ് ഈ നാടകത്തിന്റെ രംഗാവിഷ്‌ക്കാരത്തെ കൂടുതല്‍ കരുത്തുറ്റതാക്കി എന്ന് നിസ്തര്‍ക്കം പറയാവുന്നതാണ്. മണ്ണിന്റെ മണമുള്ള രംഗസജ്ജീകരണത്തിലെ പല പരീക്ഷണങ്ങളും പ്രേക്ഷകരെ ഒരു പാടവരമ്പില്‍ എത്തിക്കുന്നതാണ്. കുളവും പാടവരമ്പുകളും അതിന്റെ നടുക്കുള്ള മാടന്‍ പ്രതിഷ്ഠയുമെല്ലാം ചേരുന്ന ഇതിവൃത്തഭൂമികയുടെ ജൈവികതയും പ്രകാശ വിന്യാസത്തിലെ സൂക്ഷ്മതയുമെല്ലാം മാടന്‍മോക്ഷമെന്ന നാടകത്തെ ചരിത്രത്തിലേക്ക് കയറ്റി ഇരുത്താന്‍ പര്യാപ്തമാക്കുന്നു. നാടകത്തിന്റെ പിന്നണി പ്രവര്‍ത്തകരുടെ രാഷ്ട്രീയമെന്തു തന്നെയായാലും ഈ ഉദ്യമത്തെ അഭിനന്ദിച്ചേ മതിയാകൂ. ആലപ്പുഴ മരുതം തിയേറ്റര്‍ ആണ് ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇരുപതോളം കലാകാരന്മാരുടെ സര്‍ഗ്ഗസമര്‍പ്പണമാണ് ഈ പരീക്ഷണ നാടകത്തിന്റെ വിജയത്തിനാധാരം. പതിവുപോലെ ചില പൊതു ഹിന്ദുത്വ മൂവ്‌മെന്റുകളെ വിമര്‍ശിക്കാനുള്ള ശ്രമം ഈ നാടകത്തിലുമുണ്ടെങ്കിലും പ്രതിപാദിക്കുന്ന പ്രമേയത്തിന്റെ കരുത്തും ശൈലിയും ഉദ്ദേശ ശുദ്ധിയും കൊണ്ട് അവയൊക്കെ അവഗണിക്കാവുന്നതേ ഉള്ളു. ലോകത്തെല്ലായിടത്തും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും ഗോത്ര സമൂഹങ്ങള്‍ക്കും നേരെ സംഘടിത മതവിഭാഗങ്ങള്‍ നടത്തുന്ന കൈയേറ്റങ്ങള്‍ ഈ നാടകത്തിന്റെ പ്രമേയ പരിധിയില്‍ വരുന്നു എന്നതാണ് സത്യം. മാടനായി വേഷമിട്ട ജയചന്ദ്രന്‍ തകഴിക്കാരന്‍, മാടന്റെ പൂജാരിയായ കുഞ്ഞന്‍ വേലത്താനായി വേഷമിട്ട പ്രസിദ്ധനാടക സിനിമാ നടന്‍ പ്രമോദ് വെളിയനാട് എന്നിവരുടെയൊക്കെ പകര്‍ന്നാട്ടം ഈ നാടകത്തിന്റെ വിജയത്തില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്‌ക്രിപ്റ്റിനും സംവിധാനത്തിനുമപ്പുറത്തേയ്ക്ക് കടക്കുന്ന പ്രമോദിന്റെ പ്രകടനമാണ് ഈ നാടകത്തിന്റെ അത്ഭുതങ്ങളില്‍ ഒന്ന്. ഏറ്റവും ആനുകാലിക സംഭവങ്ങളെപ്പോലും ധ്വനി നിര്‍ഭര നര്‍മ്മമായി ചാട്ടുളി പോലെ എയ്തുകൊള്ളിക്കാനുള്ള പ്രമോദ് വെളിയനാടിന്റെ സിദ്ധി ഈ നാടകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. എന്തായാലും അടിസ്ഥാന ജനവിഭാഗങ്ങളുടെ അരങ്ങിലെ പോരാളി വേടനല്ല മാടനാണ് എന്ന് നിസ്തര്‍ക്കം പറയാന്‍ കഴിയും …!





















