എല്ലാം തുറന്നുപറയുന്ന ‘എന്റെ കഥ’യെഴുതിയ മാധവിക്കുട്ടി എന്തുകൊണ്ടാണ് തന്റെ കാമുകനാരാണ് എന്ന് പറയാതിരുന്നത്.
♠അതിന് അവര്‍ തന്നെ കാരണം പറഞ്ഞല്ലോ. അവരുടെ മതംമാറ്റത്തെക്കുറിച്ച് മലയാളത്തിലെഴുതാന്‍ ആര്‍ക്കും ആദ്യം ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ മതംമാറിയ മാസം 99 ഡിസംബറില്‍ രണ്ട് ഇംഗ്ലീഷ് പത്രങ്ങളില്‍ ആ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ‘സൊസൈറ്റി’, ‘സാവി’ എന്നീ പ്രസിദ്ധീകരണങ്ങളില്‍. അത് രണ്ടും എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ഞാന്‍ കണ്ടിട്ടുള്ള കേരളത്തിലെ ഏറ്റവും ധീരനായ മാധ്യമപ്രവര്‍ത്തകനാണ്. ജെ.രാജശേഖരന്‍ നായര്‍. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ദില്ലിയിലെ മാഗ്‌നാ ഗ്രൂപ്പില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. അദ്ദേഹം ഉണ്ടാക്കിയതാണ് കേരളത്തിലെ അടിസ്ഥാനകോലാഹലങ്ങളൊക്കെ. ജെ.ബി.വിളനിലത്തിന്റെ ഡോക്ടറേറ്റ് 155 പൗണ്ട് കൊടുത്തിട്ട് സ്‌കോട്ട്‌ലാന്റിലെ ഒരു വീട്ടില്‍നിന്ന് വാങ്ങിയതാണ് എന്നത് അദ്ദേഹം തെളിയിച്ചു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് തെളിയിച്ചു. മൈത്രേയന്‍ എന്ന വ്യാജനെ തുറന്നുകാണിച്ചു. മാധവിക്കുട്ടി എന്തുകൊണ്ടു പറഞ്ഞില്ല എന്നു ഇന്ന് ചോദിച്ചാല്‍, അവര്‍ അന്നേ പറഞ്ഞിരുന്നു, ചങ്കുപൊട്ടി പറഞ്ഞിരുന്നു. നമ്മള്‍ കേട്ടില്ല എന്നതാണ് സത്യം.
പക്ഷേ പൊതുസമൂഹത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. കാരണം, മാധവിക്കുട്ടിയോ സമദാനിയോ അത് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് എന്റെ അറിവ്.
♠ എങ്ങനെയാണ് സമദാനി പറയുക? ആരാണ് അയാളെക്കൊണ്ട് പറയിപ്പിക്കേണ്ടത്? ഇനിയും വ്യക്തത വന്നിട്ടില്ലായെങ്കില്‍ ആരൊക്കെയാണ് അതിനുത്തരവാദി? ഒന്നുകില്‍ മാധവിക്കുട്ടി പറഞ്ഞത് നമ്മള്‍ വിശ്വസിക്കണം. അത് വിശ്വസിക്കേണ്ടവര്‍ എന്താണ് പറഞ്ഞതെന്നറിയുമോ? ഡോ.എം.എന്‍.കാരശ്ശേരി മാധവിക്കുട്ടിയുമായി ഭാഷാപോഷിണിക്കുവേണ്ടി നടത്തിയ അവരുടെ അവസാനത്തെ ഇന്റര്‍വ്യൂ ഉണ്ട്. എന്നാല്‍ ഇന്ന് അദ്ദേഹം കുറ്റവാളികളെ രക്ഷിക്കുവാന്‍ വേണ്ടി പറഞ്ഞുകൊണ്ടിരിക്കുന്നത് മാധവിക്കുട്ടിക്ക് യാഥാര്‍ത്ഥ്യവും ഭാവനയും തമ്മിലുള്ള ആ ഒരു നൂല്‍പ്പാലവ്യത്യാസം അറിഞ്ഞുകൂടാ എന്നാണ്. എന്നോട് പലതും പറഞ്ഞിരുന്നു. എന്നാല്‍ ഏതാണ് യാഥാര്‍ത്ഥ്യം, ഏതാണ് ഭാവന എന്നെനിക്കറിഞ്ഞുകൂടാ. അതുകൊണ്ട് ഞാനത് വിശ്വസിക്കുന്നില്ല എന്നാണ്.
എന്തും വാര്‍ത്തയാക്കാന്‍ ഉത്സാഹമുള്ള മലയാളത്തിലെ പത്രപ്രവര്‍ത്തകരാരും തന്നെ സമദാനിയോട് ഈ വിഷയത്തിലുള്ള വിശദീകരണം ചോദിച്ചതായി കേട്ടിട്ടില്ല.
♠ സമദാനിയോട് ചോദിച്ചാല്‍ അദ്ദേഹം പറയില്ല. ഈ വിഷയത്തെക്കുറിച്ച് ചോദിക്കാന്‍ ചെന്നാല്‍ അദ്ദേഹം ഇന്റര്‍വ്യൂ കൊടുക്കില്ല. ഇനിവേണ്ട ഞാന്‍ ചോദിക്കട്ടെ, അദ്ദേഹത്തിന് ബാധ്യതയില്ലേ, അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ബാധ്യതയില്ലേ? ആദ്യം ഇത് വിളിച്ചുപറഞ്ഞ കാലത്ത് എ.പി.അഹമ്മദേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, പിന്നീട് കേരള നിയമസഭയുടെ ഫ്‌ളോറില്‍ കെ.ടി.ജലീല്‍ വിളിച്ചുപറഞ്ഞല്ലോ! യു.ഡി.എഫ്, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ക്കൊക്കെ ഉത്തരവാദിത്തമില്ലേ നിയമസഭയ്ക്ക് ഒരു വിശദീകരണം കൊടുക്കാന്‍?
കെ.ടി.ജലീല്‍ ഇക്കാര്യം നിയമസഭയിലുന്നയിച്ചിരുന്നുവല്ലേ.
♠ ജലീല്‍ പൊട്ടിത്തെറിച്ചു പറഞ്ഞു. ജലീലിനെ മുസ്ലിംലീഗിന്റെ എം.എല്‍.എ. നജീബ് കാന്തപുരം പ്രകോപിപ്പിച്ചു, ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍. നിങ്ങള്‍ ഒറ്റുകാരനാണ് എന്നൊക്കെ പറഞ്ഞ്. അപ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ടു ജലീല്‍ പറഞ്ഞു, ആരാണ് ഒറ്റുകാരന്‍.. ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റുകാരന്‍ ഏത് പാര്‍ട്ടിയിലാണുള്ളത്? മാധവിക്കുട്ടിയെ ഒറ്റിക്കൊടുത്ത് വില്പന നടത്തിയ നേതാവുള്ളത് നിന്റെ പാര്‍ട്ടിയിലല്ലേ? പേരു പറഞ്ഞുകൊണ്ടുതന്നെ, സമദാനിയല്ലേ എന്നു ചോദിച്ചുകൊണ്ട്. എന്തുകൊണ്ടാണിത് ചര്‍ച്ചയാവാത്തത് എന്നതിന് രണ്ടുകാരണം കൂടിയുണ്ട്. ഇപ്പോഴത്തെ ഒരു വോട്ടുബാങ്ക് പൊളിറ്റിക്‌സ്. നരേന്ദ്രമോദി ഭരിക്കുന്ന കാലത്ത് മുസ്ലിമിനെയും ഇസ്ലാമിനെയും വേദനിപ്പിക്കാന്‍ പാടില്ല. അത് ഇസ്ലാമോഫോബിയയാണ്. അവരെന്തും ചെയ്തുകൊള്ളട്ടെ. കാരണം, ലൗ ജിഹാദ് എന്ന വാക്ക് സംഘപരിവാര്‍ അല്ലേ ഉന്നയിക്കുന്നത്, അവര്‍ക്ക് ഒരു വടി കൊടുക്കാന്‍ പാടില്ല. ഇതൊക്കെയാണ് ഇവരുടെ വാദം. അതിന്റെ മറവിലാണ് രക്ഷപ്പെട്ടുപോകുന്നത്. വേറൊരു കാര്യംകൂടിയുണ്ട്. ഇടതുപക്ഷ വോട്ടുബാങ്കിന്റെ വക്താക്കള്‍ എന്നോട് പലപ്പോഴും പറയാറുള്ളത്, ലോകത്തിലെ മുസ്ലിങ്ങള്‍ക്ക് ആഘോഷപൂര്‍വ്വം ഇസ്ലാമിലേക്കു കിട്ടിയ വലിയൊരു സെലിബ്രിറ്റിയാണല്ലോ മാധവിക്കുട്ടി. പക്ഷേ, ആ സ്റ്റോറി ഒരു ചതിയായിരുന്നു എന്നുപറയുന്നത് അവര്‍ക്ക് വലിയ നിരാശയുണ്ടാക്കും. അത് നമ്മുടെ വോട്ടുബാങ്കിനെ ബാധിക്കും എന്നതാണ്. താങ്കള്‍ സത്യസന്ധമായി പറയൂ, സത്യത്തില്‍ ഈ കേസ് ആരാണ് ഏറ്റെടുക്കേണ്ടത്, ആരാണ് ഉന്നയിക്കേണ്ടത്? മാധവിക്കുട്ടി വഴിവിട്ട് ജീവിച്ചയാളല്ലേ, ആ ജീവിതം മുഴുവനും ‘എന്റെ കഥ’യില്‍ എഴുതിവെച്ച ആളല്ലേ? ആ ഒരുമ്പെട്ടവള്‍ക്ക് ഇതും ഇതിനപ്പുറവും കിട്ടണം എന്ന പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്ന് ഒരു കാലത്ത് ഞാന്‍ കണ്ടിരുന്നത്.
ഈ മതപരിവര്‍ത്തന ഇടപാടില്‍ സമദാനിക്ക് സാമ്പത്തികനേട്ടം കൂടി ഉണ്ടായിരുന്നു എന്നുപറയുന്നുണ്ടല്ലോ.
♠ശരിയാണ് ഇത്. 10 ലക്ഷം ഡോളറിന്റെ ഇടപാടാണ്. അറേബ്യന്‍ ജാലിയാത്തില്‍നിന്ന്, (ജാലിയാത് അവിടത്തെ മതകാര്യവകുപ്പാണ്). വിശ്വപ്രസിദ്ധയായ ഒരു സെലിബ്രിറ്റിയെ ഇസ്ലാമിലേക്ക് എത്തിച്ചുകൊടുത്തതിന് അതിന്റെ കങ്കാണി ഏജന്റായി പ്രവര്‍ത്തിച്ചതിന് സമദാനിക്ക് 10 ലക്ഷം ഡോളര്‍ കിട്ടിയെന്നാണ്. മാധവിക്കുട്ടി ഇങ്ങനെ പറഞ്ഞതായി ലോകത്തോട് വിളിച്ചുപറഞ്ഞത് കനേഡിയന്‍ എഴുത്തുകാരി മെറിലി വെസ്‌ബോഡ് ആണ്. അവര്‍ എഴുതിവെച്ച പുസ്തകമുണ്ടല്ലോ നമ്മുടെ മുന്നില്‍ The love queen of Malabar.
മലയാളത്തില്‍ ആ പുസ്തകം പരിഭാഷ ചെയ്ത് പ്രണയത്തിന്റെ രാജകുമാരി എന്നപേരില്‍ പ്രസിദ്ധീകരിച്ചത് ഗ്രീന്‍ ബുക്‌സ് ആണല്ലോ.
♠ അതെ. അതിന് ഗ്രീന്‍ ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നല്ലോ സമദാനി. ഇത് പൊതുജനത്തിന് ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണ് എന്നു ചോദിച്ചാല്‍, ഇത് പൊതുജനത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട എല്ലാവരും മൗനത്തിലാണ്. സമദാനിയുടെ വക്കീലിന്റെ പാര്‍ട്ടി പോലും!
സമദാനിയോട് പൊതുവെ കേരളത്തിലെ മാധ്യമങ്ങളും ബുദ്ധിജീവികളും കൈക്കൊള്ളുന്ന സമീപനം വിചിത്രമായിത്തോന്നുന്നു. വലിയൊരു സാംസ്‌കാരികനായകന്‍ എന്ന പരിവേഷത്തിലാണ് അവര്‍ അദ്ദേഹത്തെ കാണുന്നത്.
♠ സമദാനിയെക്കുറിച്ചു പറയുകയാണെങ്കില്‍ അയാള്‍ക്ക് മൗലികമായ ചിന്തയോ അറിവോ ഒന്നും തന്നെയില്ല. ഒരു നീണ്ട നാക്കുകൊണ്ടാണ് അയാള്‍ പിടിച്ചുനില്‍ക്കുന്നത്. മുസ്ലിംലീഗ് ആ നാക്കിനെ ഭയപ്പെടുന്നു. അതുകൊണ്ട് നിരന്തരമായി സീറ്റ് കൊടുക്കുന്നു. എവിടെയൊക്കെ സീറ്റ് കൊടുത്തിട്ടുണ്ടോ അവിടെയൊക്കെ അദ്ദേഹം വെറുപ്പിച്ചിട്ടുമുണ്ട്. മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ പുലര്‍ത്തുന്നത് കുറ്റകരമായ മൗനമാണ്. കേരളനിയമസഭയില്‍ ഞാന്‍ നേരത്തെ പറഞ്ഞ ഇഷ്യു ഉണ്ടായിട്ടുപോലും, മാധ്യമങ്ങള്‍ അദ്ദേഹത്തെ ക്രോസ് ചെയ്തില്ലല്ലോ.
അതിനൊക്കെയുള്ള കാരണം, ഇസ്ലാമിനോടുള്ള വിധേയത്വമനഃശാസ്ത്രമാണോ? ഇസ്ലാമിനോട് ചോദ്യം ഉന്നയിക്കുക എന്നത് സുഖകരമായ ഒന്നായി മാധ്യമങ്ങളടക്കം കാണുന്നില്ല എന്നു തോന്നുന്നു?
♠ അത് ഞാന്‍ മനസ്സിലാക്കുന്നത് ഭയപ്പാടുകൊണ്ടല്ല. ഇന്ന് ഇസ്ലാമിനെ ചോദ്യം ചെയ്യാനൊന്നും ആര്‍ക്കും മടിയോ ഭയമോ ഇല്ല. ആ കാലമൊക്കെ കടന്നുപോയി. പ്രശ്‌നം ആളുകള്‍ രാഷ്ട്രീയമായി തെറ്റിദ്ധരിക്കപ്പെടും എന്നതാണ്. എന്നു പറഞ്ഞാല്‍ ഇസ്ലാമിനെ ചോദ്യം ചെയ്യുന്നത് പുതിയകാലത്ത് ഒരു ഇസ്ലാമോഫോബിക് ആയ പൊളിറ്റിക്‌സ് ആണ്.
ഇസ്ലാമിനെ ചോദ്യം ചെയ്താലത് സംഘപരിവാറിന് ഗുണം ചെയ്യും എന്നതുകൊണ്ടുകൂടിയാണോ.
♠ അതെ. ഇന്ത്യയില്‍ അത് സംഘപരിവാറിന് ഗുണം ചെയ്യും. ആഗോളതലത്തില്‍തന്നെ ഇസ്ലാം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ്. അപ്പോള്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സ് എടുത്താലും നാഷണല്‍ പൊളിറ്റിക്‌സ് എടുത്താലും അത് ഇക്കാലഘട്ടത്തോടു ചെയ്യുന്ന നീതി അല്ല എന്നൊരു ആഖ്യാനം ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതിന്റെ മറവിലൂടെ ഇവിടെ എന്തുംനടക്കാം.
സമദാനിയെക്കുറിച്ച് ഒന്നുകൂടി, അദ്ദേഹം തുര്‍ക്കിത്തൊപ്പി വെച്ചുനടക്കുന്നത് പഴയ ആലിസഹോദരന്മാരെ അനുകരിച്ചുകൊണ്ടാണോ എന്ന് തോന്നിയിട്ടുണ്ട്. ഖിലാഫത് നേതാക്കളായിരുന്നല്ലോ രണ്ടുപേരും.
♠ ആണ്. അത് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ തൊപ്പിയും മീശയും മൗലാനാ മുഹമ്മദലിയുടേതാണ്. ആദ്യമായി ആ മീശവെച്ചിറങ്ങിയ ദിവസം അത് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
(തുടരും)





















