കോഴിക്കോട്: ആദര്‍ശവാദികളായ വ്യക്തികളെ സൃഷ്ടിച്ച് സമൂഹപരിവര്‍ത്തനം സാധ്യമാക്കുകയെന്ന സ്വാമി വിവേകാനന്ദന്റെ മഹത്തായ ആശയമാണ് ഡോ. ഹെഡ്‌ഗേവാര്‍ സംഘസ്ഥാപനത്തിലൂടെ പ്രാവര്‍ത്തികമാക്കിയതെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ പറഞ്ഞു. കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ മുഖ്യ പങ്ക് വഹിച്ച വെള്ളയില്‍ പി. ലക്ഷ്മണന്റെ ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകണമെന്നും ഹൃദയ ശ്രീകോവിലില്‍ ഭാരതമാതാവിനെ പ്രതിഷ്ഠിക്കണമെന്നും സ്വാമി വിവേകാനന്ദന്‍ ആഹ്വാനം ചെയ്തു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അനന്യമായ കാര്യ പദ്ധതിയാണ് ഡോ. ഹെഡ്‌ഗേവാര്‍ ആവിഷ്‌ക്കരിച്ചത്. ഇതിലൂടെ ഉന്നതമായ ജീവിത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സ്വജീവിതം ചിട്ടപ്പെടുത്തുകയായിരുന്നു ലക്ഷ്മണനെ പോലെയുള്ള സാധാരണ സ്വയംസേവകര്‍. ജീവന്‍തന്നെ നല്‍കേണ്ടി വരുമെന്നുമുള്ള സാഹചര്യത്തില്‍, അസാധ്യമായതെന്ന് തോന്നാവുന്ന കാര്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു സ്വയംസേവകര്‍. കന്യാകുമാരിയില്‍ മഹത്തായ വിവേകാനന്ദ സ്മാരകം സാധ്യമായതിന് പിന്നില്‍ കോഴിക്കോട്ടെ തീരമേഖലകളിലെ പ്രവര്‍ത്തകരുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സഹസംഘചാലക് എ.കെ. ശ്രീധരന്‍ അദ്ധ്യക്ഷനായി. ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് പി. പിതാംബരന്‍, ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാര്‍ പ്രമുഖ് പി.ടി. ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.




















