അയലുകള്‍പോലുമറിയാതെയായൊരീ-
പ്പകലുകള്‍, പിന്നെ രാവിന്റെ നീക്കുകള്‍,
വെയില്, മഞ്ഞും മഴയും മറന്നൊരീ-
പ്പുതിയ കാലഗതിയില്‍നടപ്പവര്‍…..!
വയലുകള്‍, കളിത്തോടുകള്‍, പുഴകളും,
നദിയുമാ, മലഞ്ചെരുവും, ഗിരികളും
വനനിബിഡമാം പുണ്യസ്ഥലികളും
വിജനമായ്ത്തീര്‍ന്നപോലെയാണെങ്ങുമേ!
കിളികള്‍തന്‍ കൂജനങ്ങള്‍, പറവകള്‍-
ഒരുമയോടുയര്‍ത്തും സ്വനവീചികള്‍,
ഗഗനകാന്തിയില്‍ കാണുന്ന താരക-
പ്പൊലിമപോലും നമുക്കന്യമെന്നപോല്‍.
അകലമെത്രഭയാനകം; മൗനമായ്-
ത്തുടരുമേതോ കഥാഗതിപോലെയായ്.
വ്യഥിതരേറെ, ഭയഭീതര്‍, പിന്നെയോ
ചകിതരായ് മൗനവത്മീകമേറിയോര്‍!
അറിയുകില്ലെന്നപോലുള്ളകാഴ്ചകള്‍,
അറിയുവാന്‍ കൊതിയ്ക്കുന്ന മനസ്സുകള്‍,
ചിറകുയര്‍ത്തിപ്പറക്കുവാന്‍ വെമ്പുന്ന-
കതിരുകള്‍ കുഞ്ഞുകൂട്ടില്‍ കുരുന്നുകള്‍.
അതിഥികള്‍, പ്രിയ സൗഹൃദങ്ങള്‍, സ്‌നേഹ-
സഹിതരായ് വന്നുചേരുന്ന മറ്റുപേര്‍
അകലെയായ്ത്തീര്‍ന്നതൊക്കെയും; ആരുമേ-
നിയതിതന്‍ നിശ്ചയം കണ്ടതില്ലപോല്‍!
അഗതികള്‍, അനുതാപവിവശര്‍, പി-
ന്നശരണര്‍, വഴിവക്കില്‍ രാപാര്‍ക്കുവോര്‍,
നരകൃതങ്ങളാമപചയങ്ങള്‍ ചെയ്ത-
മുറിവുകള്‍, മോഹഭംഗങ്ങള്‍, ശാപങ്ങള്‍!
അതിരുകള്‍തീര്‍ത്തനോവുകള്‍, കരുതലിന്‍-
പൊരുതലൊക്കെയും മതിലുകള്‍ മാത്രമായ്,
അകമുരുകിക്കരയുന്ന കാഴ്ചകള്‍,
അറിയുകില്ലെന്ന ഭാവപ്പകര്‍ച്ചകള്‍!
ചുഴികളെല്ലാമകന്നുപോയ്, ജീവിത-
പ്പൊലിമ വീണ്ടും വരും; കാഹളങ്ങളായ്!
തെളിമ തൂകും, വിഷാദച്ഛവികള്‍ത-
ന്നിരുളുമാറും പ്രകാശപ്രകര്‍ഷമായ്.
അരിയ കാലക്കെടുതികളൊക്കെയു-
മഴിയു; മെല്ലാ ശുഭകാമനകളും-
അരികിലെത്തു,ന്നതിന്നു നാമെപ്പൊഴും-
ഒരു മനസ്സോടെ ചേര്‍ന്നുനിന്നീടുക.
വരുമിനിയും വരാതിരിയ്ക്കി, ല്ലതിന്‍-
ശുഭഗതിയ്ക്ക് വിളക്കുതെളിയ്ക്കുവാന്‍-
നവവിഭാതം വിടര്‍ന്നുപൊന്തുന്നതാ,
തൊഴുക, കൂപ്പുകൈയോടെ നാം സാദരം






















