സുപ്രീം കോടതിയില്‍ 003964 -003968/2024 എന്ന നമ്പറില്‍ ഒരു കേസ് നിലവിലുണ്ട്. അത് മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലാണ്. വിചാരണക്കോടതിയില്‍ ശിക്ഷിക്കപ്പെട്ടവരും ഹൈക്കോടതിയില്‍ നടന്ന അപ്പീല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരും തങ്ങള്‍ നിരപരാധികളാണെന്നും തങ്ങളുടെ ജീവപര്യന്തം ശിക്ഷ ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണത്. 2003 മെയ് 2ന് നടന്ന മാറാട് കൂട്ടക്കൊലക്കേസില്‍ ആകെ 148 പ്രതികളാണുണ്ടായിരുന്നത്. ജുവനൈല്‍ കേസിലുള്‍പ്പെട്ട പ്രതികള്‍, ഒളിവില്‍ പോയ പ്രതികള്‍ എന്നിവരൊഴിച്ച് 140 പ്രതികളുടെ കേസാണ് കോഴിക്കോട്ടെ മാറാട് പ്രത്യേക കോടതി പരിഗണിച്ചത്.അതില്‍ 62 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതിയില്‍ 24 പേര്‍ കൂടി ശിക്ഷിക്കപ്പെട്ടു. കേരളത്തില്‍ ഇത്രയും പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മറ്റൊരു കേസില്ല. എന്നാല്‍ 54 പ്രതികള്‍ ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെട്ടു. എന്നിട്ടും കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തില്ല. ശിക്ഷിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കണമെന്നും വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് അപ്പീല്‍ നല്‍കേണ്ടത് കേസിന്റെ സ്വാഭാവികമായ നടപടിക്രമം മാത്രമാണ്. എന്തുകൊണ്ടാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് നീതി കാണിക്കേണ്ട സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യാതിരുന്നത്? യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈയാളുമെന്നും ഒന്നല്ല പല മാറാടുകള്‍ ഉണ്ടാവുമെന്നും പ്രഖ്യാപിച്ച സിപിഎം നേതൃത്വം ഈ ചോദ്യത്തിന് മറുപടി പറയണം. കൂട്ടക്കൊലക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇക്കാര്യത്തിലും സിപിഎം സ്വീകരിച്ചത്. യുഡിഎഫ് പ്രതിപക്ഷത്തും സിപിഎം ഭരണപക്ഷത്തുമായാല്‍ പോലും മുസ്ലിം ഭീകരരുടെ താത്പര്യം സംരക്ഷിക്കപ്പെടും. മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്കനുകൂലമായ നിലപാട് എടുത്ത സിപിഎമ്മിന്റെ കാപട്യമാണ് എ.കെ.ബാലന്റെ കരച്ചിലില്‍ തെളിയുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന ന്യൂനപക്ഷ വര്‍ഗീയ കേന്ദ്രിതമായ രാഷ്ട്രീയ വ്യവസ്ഥയില്‍ ഇടത്-വലത് മുന്നണികളിലേത് അധികാരത്തില്‍ നിലനിന്നാലും മുസ്ലീം വര്‍ഗീയ താത്പര്യം സംരക്ഷിക്കപ്പെടും.
മാറാട് കൂട്ടക്കൊലക്കേസില്‍ ഇത്രയധികം പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലേ, പ്രോസിക്യൂഷന്റെ വിജയമല്ലേ, സര്‍ക്കാര്‍ സത്യസന്ധമായ നിലപാടെടുത്തില്ലേ എന്ന് നിഷ്‌കളങ്കര്‍ ചോദ്യമുന്നയിക്കാം. എന്നാല്‍ ഉചിതമായ രീതിയില്‍ കേസ് കൈകാര്യം ചെയ്യില്ലെന്ന ആശങ്ക അന്നേ ഉള്ളതുകൊണ്ട് മാറാട് അരയ സമാജവും ഹിന്ദു സംഘടനകളും ഇടപെട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പഴുതുകള്‍ വഴി പ്രതികള്‍ രക്ഷപ്പെടാതിരുന്നത് അരയ സമാജത്തിന്റെയും ഹിന്ദു സംഘടനകളുടെയും നിതാന്ത ജാഗ്രത കൊണ്ട് മാത്രമാണ്. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചപ്പോള്‍ അവിടെയും ഇരകളുടെ ബന്ധുക്കള്‍, അരയ സമാജം, ഹിന്ദു സംഘടനകള്‍ എന്നിവരുടെ ഇടപെടല്‍ ഉണ്ടായി.
പ്രതികളുടെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ തങ്ങളുടെ പക്ഷംകൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ എസ്എല്‍പി ആദ്യം സുപ്രീം കോടതി തള്ളിയിരുന്നു. പ്രതികള്‍ക്കനുകൂലമായി സര്‍ക്കാര്‍ നിലകൊള്ളുമെന്ന പൂര്‍വ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. അപ്പീല്‍ പരിഗണിക്കുന്നതിന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരിലൊരാളായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വഴി നല്‍കിയ രണ്ടാമത്തെ ഹരജിയിലാണ് അപ്പീല്‍ അനുവദിച്ച് കൊണ്ട് മാറാട്ടെ ഹിന്ദു സമൂഹത്തിന് പ്രതീക്ഷ നല്‍കുന്ന സുപ്രീം കോടതി വിധിയുണ്ടായത്. മാറാട് കൂട്ടക്കൊലയുടെ തിരക്കഥ, ആസൂത്രണം, നടത്തിപ്പ് എന്നിവയിലെല്ലാം ഭീകരര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കിയ സിപിഎം കൂട്ടക്കൊലാനന്തര സാഹചര്യങ്ങളിലും ഭീകരതയുടെ പക്ഷത്തായിരുന്നു. കോണ്‍ഗ്രസുമായി ഇക്കാര്യത്തില്‍ മത്സരിച്ച് ഭീകരതയെ പിന്തുണക്കുന്നതില്‍ തങ്ങളാണ് ഒന്നാമന്‍ എന്ന് തെളിയിക്കുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രം.
ആദ്യം ആഖ്യാന അട്ടിമറി
2003ലെ ഭീകരാക്രമണത്തെ മാറാട് കൂട്ടക്കൊല എന്നായിരുന്നു മാധ്യമങ്ങളെല്ലാം ആദ്യം വിശേഷിപ്പിച്ചത്. 2003 മെയ് 4 മുതലുള്ള പത്രങ്ങള്‍ അതിന് തെളിവാണ്. എന്നാല്‍ ഏറെത്താമസിയാതെ ഇതിന്റെ വിപത്ത് തിരിച്ചറിഞ്ഞ ഭീകരവാദ കേന്ദ്രങ്ങള്‍ പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിച്ചു. ശൂറകളിലെയും ബ്യൂറോകളിലെയും ബുദ്ധികേന്ദ്രങ്ങളില്‍ നിന്ന് തയ്യാറാക്കപ്പെട്ട പുതിയ ആഖ്യാനത്തിന് അന്നത്തെ പ്രതിപക്ഷവും ഭരണപക്ഷവും വരിക്കാരായി. കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തെ, മാറാട് കലാപം എന്നും രണ്ടാം മാറാട് കലാപമെന്നും പേരുമാറ്റി വിളിച്ചത് ആസൂത്രിതമായ ആഖ്യാന നിര്‍മ്മിതിയുടെയും അട്ടിമറിയുടെയും ഭാഗമായിട്ടായിരുന്നു. കാല്‍നൂറ്റാണ്ടിന്റെ ഓര്‍മ്മയുടെ അകലം മാത്രമുള്ള ഒരു സംഭവത്തെയാണ് രാഷ്ട്രീയക്കാരും ഒരു വിഭാഗം മാധ്യമങ്ങളും മാറ്റിപ്പണിഞ്ഞ് തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളെ സംരക്ഷിക്കുന്നത്. 2002ലും 2003ലും മാറാട് അക്രമമുണ്ടായിട്ടുണ്ട്. ആകസ്മികമായി ഉണ്ടായ ഒരു സംഭവം കലാപമായി മാറിയെന്നതാണ് 2002 ല്‍ സംഭവിച്ചത്. എന്നാല്‍ 2003 ല്‍ നടന്നത് ഏകപക്ഷീയമായ ആസൂത്രിത കൂട്ടക്കൊലയായിരുന്നു. 1974ലും 1984 ലും മാറാട് അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. വള്ളക്കാര്‍ തമ്മിലുണ്ടായ പ്രശ്‌നമാണ് 1974ല്‍ സംഘര്‍ഷമായി മാറിയത്.ശ്മശാനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് 1984 ല്‍ സംഘര്‍ഷമായി രൂപപ്പെട്ടത്. അന്നൊക്കെ ഇരു വിഭാഗവും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ജമാത്തെ ഇസ്ലാമിയോ പോപ്പുലര്‍ ഫ്രണ്ടോ എന്‍ഡിഎഫോ ചിത്രത്തിലില്ലായിരുന്നു. പ്രശ്‌നങ്ങള്‍ പ്രതിസന്ധികളോ കലാപങ്ങളോ ആവാതെ പരിഹരിക്കപ്പെട്ടു.എന്നാല്‍ 2002ലെത്തുമ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരുന്നു. പരിഹരിക്കാമായിരുന്ന പ്രശ്‌നത്തെ പ്രകോപനത്തിലേക്കും ഗുരുതര പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നതില്‍ മുസ്ലീം ഭീകര സംഘടനകളുടെ അജണ്ട ഉണ്ടായിരുന്നു.
എന്നാല്‍ 2003 ലെ ഏകപക്ഷീയ ആക്രമണം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. 2002ലെ അക്രമത്തിലെ പ്രതികളെ തെരഞ്ഞുപിടിച്ചുകൊല്ലുകയായിരുന്നില്ല 2003ല്‍ ഉണ്ടായത്. മറിച്ച് കടപ്പുറത്ത് കാറ്റുകൊള്ളാനിരുന്ന വയോധികനെ വരെ ഭീകരര്‍ വെട്ടിക്കൊന്നു. അവര്‍ക്കാവശ്യം മാറാട്ടെ പരമ്പരാഗത ഹിന്ദുമത്സ്യത്തൊഴിലാളികളായിരുന്നു. അവര്‍ ആര്‍എസ്എസ്സുകാരായിരിക്കണമെന്നുപോലും ഭീകരര്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ ചിലരെ എത് വിധേനയും ഇല്ലാതാക്കുക എന്നതും ഒളി അജണ്ടയായിരുന്നു. അതിലൊരാളാണ് ബലിദാനിയായ പുഷ്പരാജന്‍. അന്നേ ദിവസം ടൗണ്‍ ഹാളില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സാവര്‍ക്കര്‍ സംബന്ധിച്ച പ്രഭാഷണ പരിപാടി ഉള്ളതിനാലാണ് ചിലരെ അക്രമികള്‍ക്ക് വധിക്കാനാകാതെ പോയതും ഭീകരരുടെ സമ്പൂര്‍ണ്ണ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാതിരുന്നതും. 2002 ലെ അക്രമത്തിന്റെ തുടര്‍ച്ചയാണ് 2003 ലെ അക്രമം എന്ന ആഖ്യാന നിര്‍മ്മിതി ബോധപൂര്‍വ്വമായിരുന്നു.
അക്രമികള്‍ മാറാട് കടപ്പുറത്തേക്ക് എത്തിയത് ഒറ്റപ്പെട്ടവരായല്ല. പള്ളിയും പള്ളിക്കമ്മറ്റിയും ലീഗും എന്‍ഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഇടതുംവലതും ഇകെയും എപിയും ഒരു പദ്ധതിയുടെ ഭാഗമായി വിവിധറോളുകള്‍ വഹിച്ചുകൊണ്ടാണ് അത് നടപ്പാക്കിയത്. സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചും കടല്‍കോടതികള്‍ നീട്ടിവെപ്പിച്ചും മതസൗഹാര്‍ദ്ദറാലി നടത്തി ശാന്തമാണ് തീരം എന്ന് വരുത്തിത്തീര്‍ത്തും പ്രാദേശിക ഭരണകൂടം മുതല്‍ സംസ്ഥാന ഭരണംകൂടം വരെ അറിഞ്ഞും അറിയാതെയും ഈ പദ്ധതിയുടെ ഭാഗമായി. അതോടെ ഭീകരരുടെ വിജയകരമായ ഓപ്പറേഷനായി അത് മാറി. കേവലം ഒരു ക്രമസമാധാന പ്രശ്‌നമെന്ന നിലയിലല്ല കൂട്ടക്കൊല പരിഗണിക്കേണ്ടത്. രണ്ട് ജില്ലകളില്‍ നിന്നുള്ള ആളും ആയുധവും ഏകോപിപ്പിച്ചുള്ള സായുധാക്രമണം ലക്ഷണമൊത്ത ഭീകരാക്രമണമായിരുന്നു. എന്നാല്‍ 2002ന്റെ തുടര്‍ച്ചയാണ് 2003 എന്ന ആഖ്യാനം സ്ഥാപിച്ചെടുക്കേണ്ടത് ഭീകര സംഘടനകളുടെ ആവശ്യമായിരുന്നു. ഇത് വിജയകരമായി നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് സിപിഎമ്മിന്റെ പിന്തുണയോടെയായിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴി ഇതിനെ പിന്തുണക്കുന്നതായിരുന്നു.അക്രമത്തില്‍ മാത്രമല്ല അതിനെ ന്യായീകരിക്കുന്ന ആഖ്യാന നിര്‍മ്മിതിയിലും സിപിഎമ്മിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു.

സിപിഎമ്മും സിബിഐയും
മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഭീകരബന്ധം, അന്തര്‍ സംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ്സ്, ഗൂഢാലോചന എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അരയ സമാജവും ഹിന്ദു സംഘടനകളും നടത്തിയ പ്രക്ഷോഭം മാറാട് സമര ചരിത്രത്തിലെ സുപ്രധാന ഏടായിരുന്നു.
എന്നാല്‍ ഈ ആവശ്യത്തെ മറയില്ലാതെ എതിര്‍ക്കാന്‍ ഭീകരവാദികള്‍ക്കൊപ്പമായിരുന്നു സിപിഎം. ഭീകരവാദികളുടെ താത്പര്യ സംരക്ഷണത്തിന് ശക്തമായി വാദിക്കുകയായിരുന്നു സിപിഎം.
ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ പതിനഞ്ചാം സാക്ഷിയെയും അഞ്ചാം സാക്ഷിയെയും, പന്ത്രണ്ടാം സാക്ഷിയെയും തിരിച്ചറിയാനാവാതെ കേരളം കുഴങ്ങി. പതിനഞ്ചാം സാക്ഷി സാക്ഷാല്‍ സഖാവ് പിണറായി വിജയനും പന്ത്രണ്ടാം സാക്ഷി പി.കെ. കുഞ്ഞാലിക്കുട്ടിയും അഞ്ചാം സാക്ഷി എന്‍ഡിഎഫ് നേതാവ് ഇ. അബൂബക്കറുമായിരുന്നു. പുറത്തുള്ള ജമാഅത്തെ ഇസ്ലാമിയുടെ അകത്തെ വക്താക്കളായിരുന്നു ഇവരെല്ലാം. 2004 ജൂലായ് 16ന് മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ വിസ്തരിക്കപ്പെട്ട പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങിനെ: ‘ഇക്കാര്യത്തില്‍ (സിബിഐ അന്വേഷണം) വളരെ വ്യക്തമായ നിലപാട് സിപിഎമ്മിന് നേരത്തെ തന്നെയുണ്ട്. അത് സിബിഐ അന്വേഷണം വേണ്ടായെന്നാണ്. ഇവിടെ സിബിഐ അന്വേഷണം ആര്‍എസ്എസ്, ബിജെപി എന്നിവരൊക്കെ ആവശ്യപ്പെട്ടത് ബിജെപിയുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നതിനാലാണ്. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ്. സംസ്ഥാനത്തെ പോലീസാണ് ഇത് സംബന്ധിച്ച് അന്വേഷിക്കേണ്ടത്. ആ ഉത്തരവാദിത്തം സിബിഐയെ ഏല്‍പ്പിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. കേന്ദ്രഗവണ്‍മെന്റ് കൈയിലുള്ളതിനാല്‍ സിബിഐയെ ദുരുപയോഗപ്പെടുത്താമെന്ന ധാരണയിലാണ് സംഘപരിവാര്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ചത്.’ സിബിഐ അന്വേഷണമെന്ന ആവശ്യത്തെ എതിര്‍ത്തതിലൂടെ ജമാത്തെ ഇസ്ലാമിയുടെയും മറ്റു ഭീകര സംഘടനകളുടെയും നാവായി മാറുകയായിരുന്നു സിപിഎം.
മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ അടിവരയിട്ട് ആവശ്യപ്പെട്ടത് കേന്ദ്ര ഏജന്‍സിയുടെ സമഗ്ര അന്വേഷണമായിരുന്നു. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറായില്ല. പ്രത്യേക അന്വേഷണ സംഘം ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്ന വാദം നിരത്തി സിബിഐ അന്വേഷണത്തെ കോടതിയിലും റദ്ദാക്കാനായിരുന്നു സിപിഎം ശ്രമിച്ചത്. കേന്ദ്രത്തില്‍ യുപിഎ അധികാരത്തില്‍ വന്നത് ഭീകരവാദികള്‍ക്ക് തുണയായി മാറുകയും ചെയ്തു. അങ്ങിനെ ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ അവഗണിക്കാന്‍ സിപിഎം മന്ത്രി സഭക്ക് കഴിഞ്ഞു. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘത്തിന്റെ വിവരങ്ങള്‍ പുറത്തു വരാതിരിക്കേണ്ടത് സിപിഎമ്മിന്റെയും ആവശ്യമായിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ തകരുന്നതിലേക്ക് അത് നീങ്ങുമെന്നും നേതാക്കളടക്കമുള്ളവരുടെ യഥാര്‍ത്ഥ നിറം പുറത്ത് വരുമെന്നും അവര്‍ക്ക് അറിയാമായിരുന്നു.
പരാജയപ്പെട്ട പ്രതിപക്ഷം
മാറാട് കൂട്ടക്കൊലയെ കേവലം ക്രമസമാധാന പ്രശ്‌നമാക്കി മാറ്റുക എന്ന ഗുരുതരമായ കുറ്റകൃത്യമാണ് സിപിഎം മടിയില്ലാതെ നിര്‍വ്വഹിച്ചത്. പ്രതിപക്ഷം എന്ന നിലയില്‍ നിര്‍വ്വഹിക്കേണ്ട ചുമതല പോലും അവര്‍ ഭീകരസംഘടനകളുടെ ആവശ്യത്തിനിടയില്‍ തിരുകി. ഭരണപക്ഷത്തിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുക മാത്രമല്ല, ഭരണപക്ഷത്തിന്റെ ജനക്ഷേമ നടപടികള്‍ പോലും രാഷ്ട്രീയ ലക്ഷ്യം വെച്ച് പ്രതിപക്ഷം എതിര്‍ക്കുകയെന്ന നിലപാടാണ് കേരളത്തിലെ പതിവ്. എന്നാല്‍ മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തില്‍ യുഡിഎഫ് ഭരണകൂടം കൈക്കൊണ്ട വിവേചനപരമായ നിലപാടിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് സിപിഎം ചെയ്തത്. പിന്തുണ എന്ന നിലകടന്ന് കെപിസിസി പ്രസിഡന്റുമായി ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സംയുക്ത സമ്മേളനം വരെ നടത്തിയത് കേരള രാഷ്ടീയത്തിലെ പതിവില്ലാത്ത കാഴ്ചയായിരുന്നു.ഉറ്റവര്‍ കൊല്ലപ്പെട്ട ദുഃഖം കടിച്ചമര്‍ത്തി, ഭരണകൂടവും നീതിന്യായ വ്യവസ്ഥയും തങ്ങള്‍ക്ക് നീതി നല്‍കുമെന്ന പ്രതീക്ഷയില്‍, പ്രതികാരചിന്തയുള്ളവരെപോലും സമാധാനിപ്പിച്ച്, സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാറാട്ടെ പാവപ്പെട്ട ഹിന്ദുമത്സ്യത്തൊഴിലാളികളെയാണ് ജമാഅത്തെ ഇസ്ലാമിയുടെ തിരക്കഥയില്‍ സിപിഎം അന്ന് വഞ്ചിച്ചത്. മാറാട്ടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതില്‍ നാണമില്ലാതിരുന്നവരാണ് ഇന്ന് മാറാടിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയെ ഇടത്തും കാന്തപുരം വിഭാഗത്തെ വലത്തും നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് ഇവര്‍. പൊടുന്നനെ ജമാഅത്ത് വിരോധമെന്ന പൊയ് വെടി പൊട്ടിച്ച് അവര്‍ കേരളീയരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നു. ജമാഅത്തെ ഇസ്ലാമി സൃഷ്ടിച്ച ന്യൂനപക്ഷവര്‍ഗീയതയുടെ ആദ്യ വരിക്കാരാകാന്‍ മത്സരിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. കേവലമത് രാഷ്ട്രീയ സഖ്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ജമാഅത്തെ ഇസ്ലാമിയുടെ അടുക്കളയില്‍ വേവിച്ചെടുത്ത ഭീകരതയുടെ വിതരണക്കാരും പ്രായോജകരും പ്രൊപ്പഗന്റിസ്റ്റുകളുമായി സിപിഎം മാറി. കാളനാവാമെങ്കില്‍ കാളയുമാവാമെന്ന പ്രയോഗം സൃഷ്ടിച്ച അപരത്വം ജമാഅത്തെ ബുദ്ധിയില്‍ വിരിഞ്ഞ കമ്മ്യൂണിസ്റ്റ്കുതന്ത്രമായിരുന്നു. ജമാത്തെ ഇസ്ലാമി അമീറിനൊപ്പം പാര്‍ട്ടി സെക്രട്ടറി വട്ടത്തിലിരുന്ന് ചര്‍ച്ച ചെയ്തത് വര്‍ഗരാഷ്ട്രീയത്തിന്റെ സാധ്യതകളായിരുന്നില്ല; വര്‍ഗീയതയുടെ അപകടകരമായ ബലസാധ്യതകളായിരുന്നു. മലപ്പുറത്തെ 23 പഞ്ചായത്തുകളിലും കോഴിക്കോട്ടെ പതിനൊന്ന് പഞ്ചായത്തുകളിലും ഒക്കച്ചങ്ങായിമാരായി മാറി ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെയും മധുരം നുണയുന്നതില്‍ ആ ചര്‍ച്ച എത്തിയിട്ടുണ്ട്. കെ.ടി. ജലീലിന്റെ പാര്‍ട്ടിപ്രവേശത്തിലും ന്യൂനപക്ഷത്തിന്റെ അതിജീവനസമരമാണ് തെരഞ്ഞെടുപ്പുകള്‍ എന്ന ഇരവാദത്തിന്റെ മൗദൂദി ശൈലി കടമെടുത്ത് പ്രസംഗിക്കുന്ന നവയുവമാര്‍ക്‌സിസ്റ്റുകളും ഉദയം ചെയ്തത് അമീര്‍ സെക്രട്ടറി ചര്‍ച്ചയുടെ തുടര്‍ച്ചയായിട്ടാണ്. ജമാഅത്തെ ഇസ്ലാമിയുടെ ശൂറയും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയും സിഐഎയിലും 370-ാം വകുപ്പിലും എസ്‌ഐആറിലും തുടങ്ങി നിരവധി വിഷയങ്ങളില്‍ ഒരേ സ്വരത്തില്‍ പാടിത്തുടങ്ങിയതും യാദൃച്ഛികമായിരുന്നില്ല.
അധികാര രാഷ്ടീയത്തിന്റെ ഗുണഭോക്താക്കളാകാനുള്ള മത്സരത്തില്‍ കോണ്‍ഗ്രസ്സിനെ കവച്ചുവെയ്ക്കാനായിരുന്നു സിപിഎം ശ്രമിച്ചത്. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും സുന്നിയും മുജാഹിദുമെല്ലാം ഇടതു രാഷ്ട്രീയത്തിന്റെ, ചുവപ്പ് ചേര്‍ത്താല്‍ സ്വീകാര്യരായിമാറുന്ന മധുരമനോജ്ഞ രാഷ്ട്രീയമാണ് സിപിഎം പ്രചരിപ്പിക്കാനാഗ്രഹിച്ചത്. ഒത്തുകൂടലുകളില്‍, ഒപ്പുചാര്‍ത്തലുകളില്‍ ഇടത്, ഇസ്ലാം ബുദ്ധിജീവികള്‍ ഒരേ ആശയത്തിന്റെ വക്താക്കളായി മാറി.
പിണറായിയുടെ നുണ
അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയെ മാറാട് സന്ദര്‍ശിക്കുന്നതില്‍ തടഞ്ഞെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയാല്‍ വരാമെന്ന് നിബന്ധന ഉണ്ടായെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ സമയം താന്‍ യാതൊരു തടസ്സവുമില്ലാതെ മാറാട് സന്ദര്‍ശിച്ചുവെന്നും മുഖ്യമന്ത്രി കല്ലുവെച്ച നുണപറഞ്ഞു. അന്നത്തെ സിപിഎം സെക്രട്ടറിയെന്ന നിലയില്‍ പിണറായിയും സംഘവും മാറാട് സന്ദര്‍ശിക്കാനെത്തി എന്നത് വാസ്തവമാണ്. കൊല്ലപ്പെട്ട ദാസന്റെ വീട്ടിലായിരുന്നു പിണറായി സംഘം എത്തിയത്. പ്രാദേശിക സിപിഎം നേതാവും പഞ്ചായത്ത് മെമ്പറുമായ ബീരാന്‍ കോയയും ഒപ്പമുണ്ടായിരുന്നു. കൊല്ലപ്പെട്ട ദാസന്‍ ഗുരുതരമായ പരിക്കേറ്റ് കിടക്കുമ്പോള്‍ ഓടിക്കൂടിയ പ്രദേശവാസികള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം തിരഞ്ഞു. ആ സമയം വാഹനത്തില്‍ അവിടെയെത്തിയ ബീരാന്‍ കോയ നാട്ടുകാരുടെ ആവശ്യത്തെ കേള്‍ക്കാതെ സ്ഥലം വിടുകയായിരുന്നു. ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും മടിച്ചവരുമായി പിന്നീട് ആശ്വസിപ്പിക്കാനെത്തിയ കാപട്യത്തെ മാറാട്ടെ വീട്ടമ്മമാര്‍ ചോദ്യം ചെയ്തു. ബീരാന്‍ കോയയുമായി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ വാദം. ഇതില്‍ പ്രകോപിതനായ പിണറായി അതേ സ്ഥലത്ത് നിന്ന് തിരിച്ചു പോവുകയാണ് ഉണ്ടായത്. കൊലയാളി സംഘത്തിനൊപ്പവും കൊല്ലപ്പെട്ടവര്‍ക്കൊപ്പവും എന്ന ഇരട്ടത്താപ്പിനെ അനുവദിച്ചു കൊടുക്കാന്‍ മാറാട്ടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തയ്യാറായിരുന്നില്ല. മാറാട്ടേക്ക് ആര്‍ക്കും ആരും പ്രവേശനം നിഷേധിച്ചിരുന്നില്ല. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി നിഷേധിക്കുകയും കൊലയാളി സംഘത്തിനെ പിന്തുണച്ചവരെ കയറൂരി വിടുകയും ചെയ്യുന്നത് അനുവദിക്കില്ലെന്നായിരുന്നു മാറാട് തീരുമാനിച്ചത്. ആ തീരുമാനത്തിന്റെ രുചി പിണറായി വിജയനും അനുഭവിച്ചിട്ടുണ്ട്.
മാറാടിന്റെ പേരിലുള്ള മുതലക്കണ്ണീരും ജമാത്തെ ഇസ്ലാമിയെച്ചൊല്ലിയുള്ള വേവലാതിയും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള അടവ് നയം മാത്രമാണ്;ആത്മാര്‍ത്ഥതയുടെ അംശമില്ലാത്ത രാഷ്ട്രീയ കാപട്യം മാത്രമാണത്.






















