തൃപ്പൂണിത്തുറ എന്നു കേള്‍ക്കുമ്പോള്‍, ആദ്യം ഓര്‍ക്കുന്നത് ശ്രീപൂര്‍ണ്ണത്രയിശ ക്ഷേത്രത്തെ പറ്റിയാണ്. തിരുവിതാംകൂര്‍ രാജവംശത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തോടുള്ള അഗാധമായ ഭക്തി കൊച്ചി രാജവംശത്തിന് തൃപ്പുണിത്തൂറ ശ്രീപൂര്‍ണ്ണത്രയിശ ക്ഷേത്രത്തിനോട് രാജഭരണകാലത്തും, ഇന്നും ഉണ്ട്. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ അധീനത്തിലുള്ള പൂര്‍ണ്ണത്രയിശ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവം, വൃശ്ചികമാസത്തിലെ ‘ചോതി’ നാളില്‍ കൊടികയറുന്ന എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണ്. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആദ്യമായി ഉത്സവം കൊടികയറുന്നതും പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലാണ്. മറ്റുള്ള ക്ഷേത്രങ്ങളെക്കാള്‍ ഇവിടുത്തെ വൃശ്ചികോത്സവത്തിന് ഇത്ര പ്രാധാന്യം എന്താണ്? ഉത്സവങ്ങളില്‍ ഉത്സവപ്രേമികള്‍ ഏറ്റവും ആഗ്രഹിക്കുന്നത് ഗജവീരന്മാരുടെ എണ്ണവും മേള പ്രമാണിമാരുടെ മേളപ്പെരുമയും, പ്രസിദ്ധ സംഗീതജ്ഞരുടെ കച്ചേരികളും, പ്രമുഖ നടന്മാരുടെ കഥകളിയും എല്ലാം ആണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, ഉത്സവപ്രേമികളെ ഉന്മേഷത്തിലാഴ്ത്തുന്ന ഒരു മാസ്മരികമായ ആകര്‍ഷണം തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിനുണ്ട്.
തൃപ്പൂണിത്തുറ നിവാസിയായ ഈ ലേഖകന് വളരെ ചെറുപ്പം മുതല്‍ക്കു തന്നെ ലേഖകന് ക്ഷേത്രത്തിലെ ഉത്സവങ്ങളില്‍ പങ്കുകൊള്ളാന്‍ പറ്റിയിട്ടുണ്ട്. അവിടത്തെ കഥകളി ഓര്‍മ്മകള്‍ അവിസ്മരണീയമാണ്.
1954 കാലത്ത് വൃശ്ചികോത്സവം അടുത്താല്‍ രണ്ടാഴ്ച മുമ്പുതന്നെ ഉത്സവ വിവരങ്ങള്‍ വന്നോ എന്നുള്ള അന്വേഷണമാണ്. ആദ്യം നോക്കുന്നത് ആദ്യത്തെ മൂന്നു ദിവസെത്ത ‘മേജര്‍ സെറ്റ് കഥകളി’യെ പറ്റിയുള്ള വിവരങ്ങളാണ്. കലാമണ്ഡലം കൃഷ്ണന്‍ നായര്‍, ഗുരു ചെങ്ങന്നൂര്‍, പള്ളിപ്പുറം ഗോപാലന്‍ നായര്‍ ആശാന്‍, ഹരിപ്പാട് രാമകൃഷ്ണ പിള്ള എന്നിങ്ങനെ അതിപ്രഗത്ഭരായ നടന്മാരുടെ പേരുകള്‍ക്കുശേഷം, കഥകളി സംഗീതജ്ഞരില്‍ പ്രഗത്ഭനായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, സ്വര്‍ണ്ണത്തുമാണി, പള്ളം മാധവന്‍, നമ്പീശനാശാന്റെ ശിഷ്യനായിരുന്ന ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയവരുടെയും കഥകളി മേളത്തിലെ മഹാരഥന്മാരായ കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍, മദ്ദള ചക്രവര്‍ത്തിയെന്നറിയപ്പെട്ടിരുന്ന മദ്ദളമേളത്തില്‍ കാലോചിതമായ മാറ്റം വരുത്തിയ തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയുടെ ശിഷ്യന്‍ കലാ അപ്പുക്കുട്ടി പുതുവാള്‍, അവരുടെ പകരക്കാരായി വരുന്ന ചെണ്ടയില്‍ വിസ്മയം തീര്‍ത്തിരുന്ന ചന്ദ്രമന്നാടിയാര്‍, വാരണസി നമ്പൂതിരി, കലാമണ്ഡലം കേശവന്‍, മദ്ദളത്തില്‍ വെങ്കിച്ചന്‍ സ്വാമിയുടെ മകനും, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. വിദ്യാലയത്തിലെ മദ്ദളം അദ്ധ്യാപകനായിരുന്ന തിരുവില്വാമല ശിവരാമകൃഷ്ണയ്യരും ചേര്‍ന്നു മഹാന്മാരായ നടന്മാരും പാട്ടുകാരും, മേളക്കാരും ചേര്‍ന്നു കഥകളി പ്രേമികളെ ആനന്ദത്തിന്റെ പരമകോടിയിലെത്തിക്കുന്ന അരങ്ങുകളാണ്. താടിവേഷത്തിലെ ചക്രവര്‍ത്തിയെന്നറിയപ്പെട്ടിരുന്ന വെച്ചൂര്‍ രാമന്‍പിള്ളയുടെയും, അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ചമ്പക്കുളം പാച്ചുപിള്ളയുടെയും, വെള്ളനേഴി എന്ന കഥകളി ഗ്രാമം സംഭാവന ചെയ്ത കഥകളി പ്രേമികള്‍ എന്നും ആരാധനയോടെ കണ്ട വെള്ളനേഴി നാണുനായരുടെയും സാന്നിധ്യം കലാസ്വാദകരെ ആകര്‍ഷിച്ചിരുന്നു. താടി/കരി – പെണ്‍വേഷക്കാര്‍ക്ക് വേണ്ട നോക്ക്, ഊക്ക്, അലര്‍ച്ച എന്നിവ ഒത്തുചേര്‍ന്നവരായിരുന്നു ഇവരെല്ലാം. വെച്ചൂരിന്റെ ശിഷ്യനായിരുന്ന ‘വേങ്ങൂര്‍ രാമകൃഷ്ണന്‍ നായര്‍’ എന്ന താടി വേഷക്കാരനും ആദ്യകാലങ്ങളില്‍ വന്നിരുന്നു. വാഴേങ്കട കുഞ്ചുനായരാശാന്‍, രാമന്‍കുട്ടി നായരാശാന്‍ എന്നിവരും, അന്ന് വളരെ ചെറുപ്പമായിരുന്ന കോട്ടയ്ക്കല്‍ ശിവരാമാനും ഇടയ്ക്കിടക്ക് വന്നു കൊണ്ടിരുന്നു. ഇതില്‍ ‘ഗുരു ചെങ്ങന്നൂ’രിന് അന്ന് തന്നെ ഏകദേശം എണ്‍പതു വയസ്സ് പ്രായമുണ്ടായിരുന്നു. കത്തിവേഷത്തില്‍ അദ്ദേഹം ആചാര്യനായിരുന്നു. ഹരിപ്പാട് രാമകൃഷ്ണപിള്ള ഗുരുചെങ്ങന്നൂരിന്റെ ശിഷ്യനായിരുന്നു. പള്ളിപ്പുറം ഗോപാലന്‍ നായര്‍ കത്തി, കരി, പച്ചവേഷങ്ങളില്‍ പ്രസിദ്ധനായിരുന്നു. അദ്ദേഹം മുഖത്ത് വസൂരിപ്പാടുകള്‍ ഉള്ള ആളായിരുന്നു എങ്കിലും വേഷം കെട്ടിക്കഴിഞ്ഞാല്‍ വേഷ ഭംഗിയില്‍ ഒന്നാമനായിരുന്നു. ദക്ഷന്‍, അംബരീക്ഷന്‍, രാജാവായി രംഗത്തുവരുന്ന ഹരിച്ചന്ദ്രന്‍, രാവണന്‍, കീചകന്‍, നരകാസുരന്‍, കൃമ്മീരന്‍, കരിവഷത്തില്‍ കാട്ടാളന്‍, കൂടാതെ നളചരിതം രണ്ടാം ദിവസത്തിലെ കൃഷ്ണന്‍ നായരാശാന്റെ നളനും പള്ളിപ്പുറം ആശാന്റെ പുഷ്‌കരനും തമ്മിലുള്ള ചൂതുകളിയും എല്ലാം ഇന്നും ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നു.

കാലത്തെ ക്ഷേത്രത്തില്‍ നടന്നിരുന്ന ശീവേലിയും, ഉച്ച നേരത്തെ ഓട്ടംതുള്ളലും, ഞാണിന്മേല്‍ കളിയും, സന്ധ്യക്കളികളും കഴിഞ്ഞ് കഥകളി തുടങ്ങുന്നത് രാത്രി പതിനൊന്നുമണിയോടെയാണ്. ആദ്യ ദിവസം ചെല്ലുമ്പോള്‍, രണ്ടു ബാലന്മാരുടെ പുറപ്പാട് കഴിഞ്ഞ്, കൃഷ്ണന്‍കുട്ടി പൊതുവാളും, അപ്പുക്കുട്ടി പുതുവാളും തമ്മില്‍ വാശിയോടെ മാറ്റുരക്കുന്ന മേളപ്പദം ആരംഭിച്ചിരുന്നു. രണ്ടുപേരും വളരെ വാശിയില്‍ ആയിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. അന്നത്തെ ചെണ്ടയുടെയും മദ്ദളത്തിന്റെയും നമ്പീശനാശാന്റെ ചേങ്ങിലയുടെയും മുഴക്കം ഇന്നും കാണികളുടെ മനസ്സിന്റെ ഉള്ളറകളില്‍ മുഴങ്ങുന്നുണ്ടാവണം. ആ കാലഘട്ടത്തില്‍ കിഴക്കെ ഗോപുരത്തിന്റെ മുകളില്‍ രണ്ട് വലിയ കോളാമ്പികള്‍ കെട്ടും, അതിനാല്‍ മേളവും, പാട്ടും എല്ലാം അരകിലോമീറ്റര്‍ ദൂരത്തുനിന്ന് കേള്‍ക്കാം. അന്ന് ശബ്ദനിയന്ത്രണ വിലക്കുകള്‍ ഒന്നും വന്നിട്ടില്ല.
മേജര്‍ സെറ്റ് കഥകളി ആദ്യമായി വൃശ്ചികോത്സവത്തിന് വരുന്നത് 1953 മുതലാണ് എന്നാണ് അറിവ്. ആദ്യമായി ഉത്സവത്തിന്റെ മൂന്നുദിവസം മേജര്‍ സെറ്റ് കളിവേണമെന്ന് തീരുമാനിക്കാന്‍ കാരണം ‘1948ല്‍’ സ്ഥാനം ഒഴിഞ്ഞ് ‘പരീക്ഷിത്ത് രാമവര്‍മ്മ രാജാവിന്റെ’ പ്രൈവറ്റ് സെക്രട്ടറിയും പിന്നീട് കണയന്നൂര്‍ താലൂക്ക് തഹസില്‍ദാറുമായി വിരമിച്ച ദിവംഗതനായ എളമന ഹരി മാഷാണ്. അദ്ദേഹം കഥകളി പ്രേമിയും അന്നത്തെ മഹാനടന്മാര്‍ എല്ലാവരുമായി വളരെ ആത്മബന്ധം പുലര്‍ത്തിയ വ്യക്തിയുമായിരുന്നു (കൃഷ്ണന്‍നായര്‍ ആശാനെ അദ്ദേഹം ‘കൃഷ്‌ണേട്ടന്‍’ എന്നാണ് വിളിച്ചിരുന്നത് ഈ ലേഖകന്‍) ആദ്യമായി കണ്ട കഥയിലെ കഥ രാവണ വിജയം! രംഭാ പ്രവേശനമായിരുന്നു എന്നാണ് ഓര്‍മ്മ. ‘ഗുരു ചെങ്ങന്നൂരാശാന്റെ’ രാവണനും, രംഭയായി അന്നത്തെ സ്ത്രീവേഷക്കാരില്‍ കുടമാളൂര്‍ ആശാന്‍ കഴിഞ്ഞാല്‍ പിന്നെ പ്രസിദ്ധനായിരുന്ന ചിറക്കര മാധവന്‍ കുട്ടിയായിരുന്നു എന്ന് തോന്നുന്നു. കത്തി വേഷത്തില്‍ അതുല്യനായ ഗുരു ചെങ്ങന്നൂരിന്റെ വേഷങ്ങളെ പറ്റി പറയുന്നത് അവിവേകമായിരിക്കും. പിന്നീട് രണ്ടാമത്തെ കഥ നളചരിതം രണ്ടാം ദിവസം ആയിരുന്നു. കൃഷ്ണന്‍ നായരാശാന്റെ നളനും, കുടമാളൂരാശാന്റെ ദമയന്തിയും അന്ന് കഥകളി പ്രേമികളെ കീഴടക്കിയ കാലമാണ്. പുഷ്‌കരനായി ‘പള്ളിപ്പുറം ഗോപാലന്‍ നായര്‍’ ആശാനായിരുന്നു. നള-പുഷ്‌കരന്മാര്‍ തമ്മിലെ ചൂതുകളി ഒരിക്കല്‍ കണ്ടവര്‍ക്ക് മറക്കാന്‍ കഴിയില്ല. കലിയായി രംഗത്ത് വന്നത് താടി വേഷ കുലപതിയായിരുന്ന ‘വെച്ചൂര്‍ രാമന്‍ പിള്ളയാശാനായിരുന്നു.’ ആറര അടി പൊക്കവും, ദിഗന്തം മുഴങ്ങുന്ന അലര്‍ച്ചയും, തിരനോട്ട സമയത്തെ തിരശ്ശീലക്കാരുമായിട്ടുള്ള പിടിവലിയും, തീപാറുന്ന കണ്ണുകളും ഏതൊരു കഥകളി പ്രേമിയേയും അമ്പരപ്പിക്കും. ദ്വാപരനായി രംഗത്ത് വന്നത് വെച്ചൂര്‍ ആശാന്റെ തന്നെ ശിഷ്യനായിരുന്ന വേങ്ങൂര്‍ രാമകൃഷ്ണന്‍ നായര്‍ ആയിരുന്നു. അദ്ദേഹം കഥകളിയരങ്ങില്‍ ചുവന്ന താടിവേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. നാടകനടനായും അദ്ദേഹം പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. നളചരിതം രണ്ടാംദിവസത്തെ കാട്ടാളനായി വന്നത് കലാമണ്ഡലം രാമകൃഷ്ണന്‍ നായര്‍ ആയിരുന്നു. രണ്ടാം ദിവസം ആദ്യകഥ ബകവധത്തിലെ അരക്കില്ലം പണിയാന്‍ എത്തുന്ന ആശാരിയുടെ രംഗാഭിനയം ‘നാണുനായരാശാന്‍’ രംഗത്ത് അവതരിപ്പിച്ചതും ഓര്‍ക്കുന്നു. അതില്‍ പണിക്കിടയില്‍ ഖനകന്‍ (ആശാരി) വിശ്രമത്തിന് ഇരിക്കുമ്പോള്‍ മുക്കാല്‍ ചെല്ലം തുറന്ന് മുറുക്കുന്ന രംഗമുണ്ട്. വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ച്, അടക്കയും, പുകയിലയും എടുത്ത് വായില്‍ വച്ച് മുറുക്കുമ്പോള്‍, അരക്കില്ലത്തിന്റെ നിര്‍മ്മാണത്തിന് വേണ്ട സാങ്കേതികത്വങ്ങളെ പറ്റി ചിന്തിക്കുന്നത് ഭാവാഭിനയങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. മുറുക്കാന്‍ ചവച്ച് ചുണ്ടില്‍ രണ്ട് വിരലുകള്‍ വച്ച് ഇടയില്‍ കൂടി നീട്ടിതുപ്പുന്ന രംഗത്താണ് അദ്ദേഹത്തിന്റെ അഭിനയത്തില്‍ കൂടി കാണികളെ വിഭ്രമിക്കാനുളള അനിതര സാധാരണമായ കഴിവ് വെളിപ്പെടുന്നത്. മുന്‍വശത്ത് ഇരിക്കുന്ന കാണികളുടെ ഇടയിലേക്ക് നീട്ടി തുപ്പുന്ന മുറുക്കാന്‍ തുപ്പല്‍ ചുവന്ന നിറത്തില്‍ തെറിക്കുന്നത് കണ്ട് അവിടെ ഇരിക്കുന്ന കാണികള്‍ വശങ്ങളിലേക്ക് മാറാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു രംഗം ഉണ്ട് എന്ന പ്രതീതി സൃഷ്ടിക്കുകയാണ് കഥകളി എന്ന കലയിലെ ഈ ജാലക്കാരനായ വെള്ളനേഴി നാണുനായരാശാനെന്ന കഥകളിയിലെ കയ്യടക്കക്കാരന്‍ ചെയ്തത്. വൃശ്ചികോത്സവങ്ങളില്‍ അന്നെല്ലാം കഥകളി അരങ്ങ് ആനപ്പന്തലില്‍ ആയിരുന്നു. പരമ്പരാഗതമായ രീതിയില്‍ തട്ടിട്ട് അതിലാണ് കഥകളി നടന്നിരുന്നത്, അരങ്ങിനുമുന്‍വശം ഒരാള്‍ പൊക്കമുള്ള നിലവിളക്ക് കത്തിക്കുന്നതോടെ കഥകളിയുടെ തുടക്കമാകും. അന്ന് ആനപ്പന്തലില്‍ കഥകളി നടക്കുമ്പോള്‍ കാണികള്‍ അമ്പലമുറ്റത്ത് മണ്ണിലിരിക്കണം. കഥകളി പ്രേമികള്‍ അരങ്ങിന് തൊട്ട് മുമ്പ് തന്നെ സ്ഥാനം പിടിക്കും. അന്നത്തെ കഥകളിയുടെ ദൃശ്യഭംഗി എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല. പടിഞ്ഞാറ് തട്ടുമോളിക വരെയുള്ള ഭാഗത്തുകൂടി താടി, നിണം വേഷങ്ങള്‍ അലര്‍ച്ചയോടെ അരങ്ങിലേക്ക് വരും. ദക്ഷയാഗത്തിലെ വീരഭദ്രന്‍, ഭദ്രകാളി, ശിവഭൂതങ്ങള്‍ എന്നിവയുടെ വരവും, കാലകേയ വധത്തില്‍ കാലകേയന്റെയും, ഭീരുവിന്റെയും, വരവ്, നക്ര തുണ്ടിയുടെ വരവ് ഇവയെല്ലാം കഥകളി പ്രേമികളുടെ മനസ്സില്‍ എന്നെന്നും തിളങ്ങി നില്‍ക്കും.
മൂന്നാം ദിവസം ആദ്യമായി അരങ്ങില്‍ കണ്ടത് ലവണാസുര വധത്തിലെ വണ്ണാനും, വണ്ണാത്തിയും തമ്മിലുള്ള കലഹമാണ്. ഇപ്പോള്‍ വളരെ കുറച്ചുമാത്രമെ വേദികളില്‍ അഭിനയിച്ചു കാണാറുള്ളൂ. അന്ന് ഹരിപ്പാട് രാമകൃഷ്ണ പിള്ളയുടെ വണ്ണാനും, കോട്ടക്കല്‍ ശിവരാമന്റെ വണ്ണാത്തിയും കഥകളി പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വണ്ണാന്‍ വാസസ്ഥാനത്ത് എത്തി മദ്യപിച്ച് മത്തനാകുന്നത്, വണ്ണാത്തി വരാന്‍ താമസിക്കുന്നതില്‍, അവളുടെ ചാരിത്രത്തില്‍ സംശയാലുവാകുന്നതും, വണ്ണാത്തി വരുമ്പോള്‍ ചോദ്യം ചെയ്യുന്നതും, അടിപിടിയും എല്ലാം വളരെ തന്മയത്വമായി തന്നെ ആ അഭിനയ സാമ്രാട്ടുകള്‍ കാഴ്ച വച്ചിരുന്നു.





















