ദക്ഷിണ ഭാരതത്തിലെ സനാതന സംസ്‌കാരത്തിന്റെ പതാകാ വാഹകര്‍ തന്നെ തമിഴകമാണ്. സനാതന സംസ്‌കൃതിയുടെ ഉത്തുംഗ ശ്യംഗങ്ങള്‍ പലതും ഇന്നത്തെ തമിഴ്‌നാട്ടിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് ഈ മഹത്തായ സംസ്‌കാരത്തിനെതിരായുള്ള ഏറ്റവും കടുത്ത ആക്രമണം തമിഴകത്ത് തന്നെ ഉണ്ടായത്. പെരിയോര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ഈ.വി. രാമസ്വാമിയുടെ അങ്ങേയറ്റം അബദ്ധജടിലവും അപര വിദ്വേഷാധിഷ്ഠിതവുമായ ദ്രാവിഡ പ്രത്യയശാസ്ത്രം വൈദേശിക അബ്രഹാമിക് മതങ്ങളുടെ ചിറകിലേറി സനാതന സംസ്‌കാരത്തെ ആക്രമിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ട് തികയാറായി.
തന്റെ ജീവിതകാലത്ത് ഈ സംസ്‌കാരത്തിനെതിരെ കഴിയുന്നത്ര വിഷം വമിപ്പിച്ച് ഈ.വി. രാമസ്വാമി കാലയവനികക്കുള്ളില്‍ മറഞ്ഞ ശേഷം പിന്നീട് വന്ന അണ്ണാദുരൈ ആക്രമണത്തിന്റെ മുന ഒന്ന് തണുപ്പിച്ചു. അനാദിയും അനന്തവുമായ ഈ മഹാപ്രവാഹത്തിന് തടയിടാനോ പ്രതിരോധിക്കാനോ ഒരു പുരുഷായുസ്സ് കൊണ്ട് സാധ്യമാവുകയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് അണ്ണാദുരൈയുടെ ആ സമരസപ്പെടല്‍ ഉണ്ടായത്. അണ്ണാദുരൈയ്ക്ക് പിന്‍പറ്റി ദ്രാവിഡ വിഘടന രാഷ്ട്രീയത്തിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങിയ മുത്തുവേല്‍ കരുണാനിധി ഒളിഞ്ഞും തെളിഞ്ഞും യോജിച്ചും വിയോജിച്ചും പിന്‍വാങ്ങിയും മുന്നാക്കം നീങ്ങിയും ഒരു കുറുനരിയുടെ കൗശലത്തോടെ തമിഴക രാഷ്ട്രീയത്തില്‍ ഇടപെട്ടു. രാഷ്ട്രീയ ജീവിതത്തിന്റെ ആകെത്തുക പരിശോധിച്ചാല്‍ കരുണാനിധിയുടെ ജീവിതം ഏതെങ്കിലും ഒരു ആദര്‍ശത്തിനോ ആശയത്തിനോ കീഴ്‌പ്പെട്ടിട്ടുള്ളതായിരുന്നില്ലെന്നും മറിച്ച് കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ളതാണെന്ന് ആര്‍ക്കും മനസ്സിലാകും.
കരുണാനിധി കാലയവനികക്കുള്ളില്‍ മറഞ്ഞതിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്നത് മകന്‍ എം.കെ. സ്റ്റാലിനാണ്. തന്റെ തീരെ ചെറിയ മുഖ്യമന്ത്രിപദ കാലയളവിനുള്ളില്‍ സനാതന സംസ്‌കാരത്തിനെതിരെയുള്ള വാചാടോപങ്ങള്‍ കൊണ്ട് ശ്രദ്ധേയനാകാന്‍ സ്റ്റാലിന്‍ നടത്തിയ ശ്രമങ്ങള്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് മുന്നില്‍ തുറന്ന പുസ്തകമാണ്. അഹംഭാവിയായ എം.കെ. സ്റ്റാലിനും അയാളുടെ ബുദ്ധിഹീനനായ മകന്‍ ഉദയനിധി സ്റ്റാലിനും ഹൈന്ദവ സംസ്‌കൃതിക്കെതിരെ നടത്തുന്ന ഒളിപ്പോരുകള്‍ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയിലും കൗതുകമുണര്‍ത്തുന്നതാണ്.
തമിഴകത്തിന്റെ ദൈവമായ ഭഗവാന്‍ ശ്രീ സുബ്രഹ്മണ്യനോടുള്ള വിശ്വാസത്തിനെതിരെ ദ്രാവിഡ മുന്നേറ്റകഴകവും അതിന്റെ ഉപഗ്രഹങ്ങളായ പേപ്പര്‍ സംഘടനകളും വ്യാപകമായ പ്രചരണങ്ങളും പ്രവൃത്തികളും തുടങ്ങിയിട്ട് കാലമേറെയായി. ഭഗവാന്‍ മുരുകന്റെ ആറുപടൈ വീടുകളിലൊന്നായ തിരുപ്പറംകുണ്ഡ്രം മുരുക ക്ഷേത്രത്തെ ജിഹാദിവല്‍ക്കരിക്കുവാന്‍ മൗനാനുവാദം കൊടുത്തുകൊണ്ട് ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ അത്തരം നീക്കങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു.
അതിന്റെ ഫലമായി തമിഴകത്തെ മുരുക ഭക്തരായ ഹൈന്ദവര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുകയും മധുരയില്‍ മുരുകന്‍ മാനാട് എന്ന മഹാസമ്മേളനം നടത്തുകയും ചെയ്തു. ആ സമ്മേളനം ചെന്നൈയിലെ സെന്റ്‌ജോര്‍ജ് ഫോര്‍ട്ടിലെ സ്റ്റാലിന്റെ സിംഹാസനങ്ങളെ പോലും പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള അലയൊലികളാണ് തമിഴകത്ത് ഉണ്ടാക്കിയത്. സ്വാഭാവികമായും ആ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ട, അങ്ങനെ ഉള്‍ക്കൊണ്ടുകൊണ്ട് സ്വയം നവീകരണം അല്ലെങ്കില്‍ തിരുത്തല്‍ നടത്തേണ്ട ഡിഎംകെ സര്‍ക്കാര്‍ പക്ഷേ ഹിന്ദുവിരുദ്ധ നടപടികളുമായി മുന്നോട്ടു പോവുകയാണുണ്ടായത്.
തിരുപ്പറംകുണ്ഡ്രം മലയുടെ മുകളിലെ ദീപത്തൂണില്‍ കാര്‍ത്തികദീപം കൊളുത്തുവാനുള്ള ഹൈന്ദവരുടെ അവകാശത്തിന് ഡിഎംകെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇത് സംബന്ധിച്ച കോടതി വിധികളെ പുല്ലുവില പോലും കല്‍പ്പിക്കാതെ ചവറ്റുകുട്ടയിലെറിയുകയും ചെയ്തു. തിരുപ്പറംകുണ്ഡ്രത്തെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം കൊളുത്തുവാന്‍ കോടതി നല്‍കിയ നിര്‍ദ്ദേശത്തിനു സ്റ്റാലിന്‍ സര്‍ക്കാര്‍ പലവിധത്തില്‍ തടസ്സമുണ്ടാക്കുന്നത് ഭാരതമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഒടുവില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന് പോലും ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നു.എന്നിട്ടും ഇപ്പോഴും അവിടെ ദീ പം കൊളുത്തുവാനുള്ള അനുമതി ഹൈന്ദവര്‍ക്ക് ലഭിച്ചിട്ടില്ല. മറുവശത്ത് സ്റ്റാലിന്‍ സര്‍ക്കാര്‍ ജിഹാദികളെ താലോലിക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്.
മലമുകളില്‍ പില്‍ക്കാലത്തെങ്ങോ സ്ഥാപിക്കപ്പെട്ട ദര്‍ഗയില്‍ ആരാധന നടത്തുവാനും, അവിടേക്ക് ചില അവസരങ്ങളില്‍ മാംസ ഭക്ഷണമുള്‍പ്പെടെ കൊണ്ടുപോകുവാനും മുസ്ലീങ്ങള്‍ക്ക് സ്റ്റാലിന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുത്തു. ഈ ഒരൊറ്റ നടപടിയില്‍ നിന്ന് തന്നെ ഡിഎംകെ നയിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ മുഖം വ്യക്തമാണ്.കേരളത്തില്‍ ജൂന അഘാഡ മഹാമണ്ഡലേശ്വര്‍ സാധു ആനന്ദവനം ഭാരതിയുടെ മുഖ്യ സംഘാടനത്തില്‍ തിരുനാവായയില്‍ നിളാതീരത്ത് നടത്തപ്പെടുന്ന മാഘമക മഹോത്സവത്തിന്റെ ഭാഗമായി നടത്തുവാന്‍ തീരുമാനിച്ച രഥയാത്ര തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞത് ഇതിന് ഉദാഹരണമാണ്. ഭാരതപ്പുഴ ഉത്ഭവിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. അതിന്റെ ഉദ്ഭവസ്ഥാനമായ തിരുമൂര്‍ത്തി മലയില്‍ നിന്നുമാണ് ശ്രീചക്രം വഹിച്ചുകൊണ്ടുള്ള രഥയാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ഏതാനും കിലോമീറ്ററുകള്‍ മാത്രം തമിഴ്‌നാട്ടില്‍ കൂടി യാത്ര ചെയ്ത് കേരളത്തില്‍ പ്രവേശിച്ച് മാഘമക സ്ഥലത്തേക്ക് എത്തിച്ചേരുന്ന രീതിയിലായിരുന്നു യാത്ര. തമിഴ്‌നാട്ടിലെ ഏതാണ്ട് മുപ്പതോളം സ്ഥലങ്ങളില്‍ സ്വീകരണങ്ങളും ഏര്‍പ്പാട് ചെയ്തിരുന്നു. യാത്രയ്ക്ക് വേണ്ട അനുമതിക്കായുള്ള എല്ലാ അപേക്ഷകളും കൃത്യമായി ചെയ്യുകയും അവയ്‌ക്കൊക്കെ സര്‍ക്കാര്‍ ഏജന്‍സികള്‍ അനുമതി നല്‍കുകയും ചെയ്തതാണ്. ജനുവരി 19ന് തുടങ്ങി ജനുവരി 22ന് തിരുനാവായയില്‍ അവസാനിക്കുന്ന തരത്തിലാണ് രഥയാത്ര നിശ്ചയിച്ചിരുന്നത്.
എന്നാല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവസാന നിമിഷം യാത്രയ്ക്ക് നല്‍കിയിരുന്ന അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ശ്രീചക്രം വഹിച്ചുകൊണ്ടുള്ള രഥയാത്രയ്ക്കായി പൂജ ചെയ്തു പ്രഭാവമുയര്‍ത്തിയ മഹാമേരു രഥത്തില്‍ സ്ഥാപിച്ച ശേഷമായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ ഏകപക്ഷീയമായ നടപടി. അതുകൂടാതെ പ്രാണപ്രതിഷ്ഠ ചെയ്തു ആചാരപരമായി സ്ഥാപിച്ച ആ ശ്രീചക്രത്തെ രഥത്തില്‍ നിന്ന് തമിഴ്‌നാട് പോലീസ് ബലമായി അഴിച്ചെടുത്തു. കേരള അതിര്‍ത്തിയില്‍ എത്തിയശേഷം അത് തിരികെ നല്‍കാം എന്ന വിചിത്ര വാദമാണ് തമിഴ്‌നാട് പോലീസ് ഉന്നയിച്ചത്. തിരുപ്പറംകുണ്ഡ്രം വിഷയം പോലെ, പഴനിമല മുകളില്‍ അന്യമതസ്ഥര്‍ കയറുന്നതുപോലെ വിവാദമായ വിഷയങ്ങളില്‍ ഡിഎംകെ സര്‍ക്കാര്‍ ഉന്നയിച്ചിരുന്ന ഒരു വാദം ആരോപണങ്ങളൊക്കെ രാഷ്ട്രീയപ്രേരിതങ്ങളാണ് എന്നായിരുന്നു. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ഒരു മത സമ്മേളനത്തിന്, പൂജിച്ച് പ്രഭാവമുയര്‍ത്തിയ ശ്രീചക്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടത്താനുള്ള അനുമതി പോലും തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിക്കുകയാണ് ചെയ്തത്. അതും ഏതാണ്ട് ഒരു പൂര്‍ണ്ണ ദിവസം പോലും തമിഴ്‌നാട്ടിലൂടെ യാത്രയുമില്ല എന്നോര്‍ക്കണം.
ജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടും എന്നതാണ് ഈ രഥയാത്ര തടയുവാനായി തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞ ന്യായം. ഹൈന്ദവരുടെ മതസ്വാതന്ത്ര്യത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് ആചാരാനുഷ്ഠാനങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണ്. ഹൈന്ദവമായ ഏതൊരു മുന്നേറ്റത്തെയും സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട് നടത്തുന്ന ഏതൊരു പരിപാടികളെയും രാഷ്ട്രീയ കണ്ണുകളോടു കൂടി മാത്രം നോക്കിക്കാണുന്ന ഒരു വിചിത്ര മനോരോഗത്തിന്റെ ഉടമകളായി എം.കെ. സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും മാറിക്കഴിഞ്ഞു. ബുദ്ധിഹീനനായ ഉദയനിധിയാകട്ടെ മുന്‍പ് ഒരു പടി കൂടി കടന്ന് സനാതന ധര്‍മ്മത്തിനെതിരെ നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദമായതുമാണ്. ഇക്കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ സ്റ്റാലിന്റെ പ്രശ്‌നം കേവലം രാഷ്ട്രീയമല്ല, മറിച്ച് ഹിന്ദുത്വത്തോടുള്ള അദമ്യമായ വിരോധമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.





















