അമേരിക്ക ഗ്രീന്‍ലാന്റിനെ ഒന്നുകില്‍ വിലക്കെടുക്കും അല്ലെങ്കില്‍ പിടിച്ചടക്കും. ലോകത്തുള്ള എന്തും വിലക്കെടുക്കാനോ പിടിച്ചടക്കാനോ കഴിയും എന്നാണ് അമേരിക്ക വിശ്വസിക്കുന്നത്. അമേരിക്കയുടെ ഈ വിശ്വാസത്തെ വൈറ്റ് ഹൗസില്‍ ട്രംപിന്റെ സഹായിയായി പണിയെടുക്കുന്ന സ്റ്റീഫന്‍ മില്ലര്‍ ഇങ്ങനെ വ്യക്തമാക്കി:
‘അന്താരാഷ്ട ബന്ധത്തെ കുറിച്ചും മറ്റെന്തിനെ കുറിച്ചും പഞ്ചാര വാക്കുകള്‍ എത്രവേണമെങ്കിലും പറയാം. എന്നാല്‍ നമ്മള്‍ ജീവിക്കുന്ന യഥാര്‍ത്ഥ ലോകത്തെ ബലമാണ് ഭരിക്കുന്നത്. കരുത്തരാണ് എന്നും ലോകത്തിന്റെ ഭരണഭാരം നിശ്ചയിക്കുന്നത്. ലോകാരംഭം മുതല്‍ ഈ ഉരുക്ക് നിയമമാണ് ലോകത്തെ ഭരിക്കുന്നത്.’ അതായത് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍-അതാണ് അമേരിക്കയെ നയിക്കുന്ന നിയമം. ഈ സിദ്ധാന്തം അനുസരിച്ചാണ് ട്രംപ് വെനസ്വേലയെ, ഗ്രീന്‍ ലാന്റിനെ എല്ലാം വരുതിയിലാക്കിയത്. ഏകാധിപതി ആയിരുന്നു എങ്കിലും നിക്കോളാസ് മഡൂറ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു. ഒരു പാതിരാത്രിയില്‍ അമേരിക്കന്‍ സൈന്യം മഡൂറയുടെ കൊട്ടാരത്തിലെത്തി അദ്ദേഹത്തേയും ഭാര്യയേയും ബന്ധിച്ചു അമേരിക്കയില്‍ എത്തിച്ചു. പഞ്ചവടിയില്‍ നിന്നും രാവണന്‍ സീതയെ മോഷ്ടിച്ച പോലെ ഇവരെ ട്രംപ് കടത്തി കൊണ്ടുപോയി. രാവണനും ട്രംപും ഒരേ സിദ്ധാന്തമാണ് പിന്‍തുടരുന്നത് – ‘കയ്യൂക്കാണ് ലോകത്തെ ഭരിക്കേണ്ടത്.’ ഇപ്പോള്‍ മഡൂറയും ഭാര്യയും അമേരിക്കയില്‍ തടവില്‍ കഴിയുന്നു. അവര്‍ വിചാരണ നേരിടുന്നു. മഡൂറയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന ഡല്‍സി റോഡ്രിഗസ്സ് പ്രസിഡന്റ് ആയി അവരോധിക്കപ്പെട്ടു. അവര്‍ക്ക് മുകളില്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയയെ വെനസ്വേലയുടെ അമേരിക്കന്‍ വൈസ്രോയിയായി ട്രംപ് നിയമിച്ചു. ഗ്രീന്‍ലാന്റ്, ക്യൂബ, ഇറാന്‍ എന്നീ രാജ്യങ്ങളുമായും അമേരിക്ക യുദ്ധം പ്രഖ്യാപിച്ച കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹെന്റി ട്രൂമാന്‍ 1946 ല്‍ ഗ്രീന്‍ലാന്റ് വിലക്കെടുക്കാന്‍ ശ്രമിച്ചു. മോഹവിലയായി 100 മില്യണ്‍ ഡോളര്‍ നല്കാമെന്നും പറഞ്ഞു. പക്ഷേ ഗ്രീന്‍ലാന്റ് വഴങ്ങിയില്ല. 1946 ല്‍ ജര്‍മനി ഡെന്‍മാര്‍ക്കിനെ ആക്രമിച്ചു. അന്നു ഡെന്‍മാര്‍ക്കിന്റെ കീഴിലായിരുന്നു ഗ്രീന്‍ലാന്റ്. അക്കാലത്ത് അമേരിക്കയാണ് സൈനിക സഹായം നല്‍കി ഗ്രീന്‍ലാന്റിനെ സംരക്ഷിച്ചത്. 1867 ല്‍ അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി വില്യം സിവേഡ് ഗ്രീന്‍ലാന്റ് വിലക്ക് വാങ്ങാമെന്ന ആശയം മുന്നോട്ടുവെച്ചു. അതും നടന്നില്ല. 1910 ല്‍ ഡെന്‍മാര്‍ക്കിലെ അമേരിക്കന്‍ അംബാസഡറായിരുന്ന മൗറിസ് ഫ്രാന്‍സിസ് ഈഗന്‍ അമേരിക്കയുടെ ഉടമസ്ഥതയില്‍ ഫിലിപ്പിന്‍ ദ്വീപുസമൂഹത്തിലുണ്ടായിരുന്ന ഒരു ദീപുമായി മാറ്റകച്ചവടം നടത്താനും ശ്രമം നടന്നു. അതും വിജയിച്ചില്ല. 2019 ലാണ് ട്രംപ് ഗ്രീന്‍ലാന്റ് കച്ചവടത്തെ കുറിച്ചു പരസ്യമായി പറഞ്ഞത്. ഗ്രീന്‍ലാന്റ് അമേരിക്കക്ക് വേണം. ട്രംപിനും അമേരിക്കക്കും അക്കാര്യത്തില്‍ സംശയമില്ല.
അറുപതു ലക്ഷം ജനങ്ങളും 16000 പട്ടാളക്കാരുമാണ് ഗ്രീന്‍ലാന്റില്‍ ഉള്ളത്. നാറ്റോയുടെ സൈനിക സഹായ സഹകരണങ്ങള്‍ കൊണ്ടാണ് രാജ്യ സുരക്ഷ ഉറപ്പാക്കുന്നത്. അതുകൊണ്ടാണ് ട്രംപില്‍ നിന്നും ഗ്രീന്‍ലാന്റിനെ നാറ്റോ സൈന്യം രക്ഷിക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നത്. 2009ലാണ് സ്വയം ഭരണാധികാരനിയമം ഗ്രീന്‍ലാന്റില്‍ നിലവില്‍ വന്നത്.
ക്രിസ്തുവിന് മുന്‍പ് 2500 മുതല്‍ അവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. അവിടത്തെ മനുഷ്യരെ മനുഷ്യരായി യൂറോപ്യന്‍മാര്‍ കരുതിയിരുന്നില്ല. തദ്ദേശീയര്‍ക്ക് അവരുടെ ദൈവങ്ങള്‍ ഉണ്ടായിരുന്നു. സംസ്‌കാരം ഉണ്ടായിരുന്നു. ജീവിതം ഉണ്ടായിരുന്നു. എന്നാല്‍ അത് യൂറോപ്യന്മാര്‍ അംഗീകരിച്ചില്ല. ക്രിസ്തുവിന് ശേഷം 982 ല്‍ അവിടേക്ക് നോര്‍വെ കടന്നുകയറി. 1355 ല്‍ സ്വീഡന്‍ എത്തി. 1721 ല്‍ അവിടേക്ക് കടന്നുകയറിയ ഡാനിഷ് അധികാരികള്‍ 1976 ല്‍ സമ്പൂര്‍ണാധിപത്യം സ്ഥാപിച്ചു. 1953ല്‍ ജനാധിപത്യ രീതി അനുസരിച്ച് ജന പ്രാതിനിധ്യ വ്യവസ്ഥ നിലവില്‍ വന്നു. 1979 ല്‍ തദ്ദേശസ്വയംഭരണം നിലവില്‍ വന്നു. 2008 ലാണ് പൂര്‍ണ്ണസ്വയംഭരണാധികാരം ലഭിക്കുന്നത്. 2106 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ലോകത്തിലെ ഏറ്റവും വലിയ തുരുത്താണിത്.
ലോകത്തിലേറ്റവും കൂടുതല്‍ ധാതുക്കള്‍ ഉള്ള സ്ഥലങ്ങളില്‍ ഒന്നാണിത്. എണ്ണ, പ്രകൃതിവാതകം, സ്വര്‍ണ്ണം, രത്‌നം, വജ്രം, ഇരുമ്പ്, ചെമ്പ്, നിക്കല്‍, സിങ്ക് എന്നു തുടങ്ങി പണം വരാവുന്ന വിഭവങ്ങള്‍ ഏറെയുള്ള പ്രദേശമാണ് ഗ്രീന്‍ലാന്റ്. ലോകത്തിലേറ്റവും കൂടുതല്‍ ശുദ്ധ ജലസംഭരണിയുള്ള സ്ഥലവും ഗ്രീന്‍ ലാന്റാണ്. ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള സൗകര്യം അവിടെ വേണ്ടുവോളം ഉണ്ട്. അങ്ങനെ നോക്കിയാല്‍ അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ ഗ്രീന്‍ലാന്റിന് കഴിയും. ഇതേ കാരണങ്ങള്‍ കൊണ്ടാണ് അവര്‍ വെനസ്വേലയെ ആക്രമിച്ചതും. പണത്തിനു വേണ്ടി കൊള്ള നടത്താനിറങ്ങുന്ന കൊള്ളക്കാരുടെ മനസ്സാണ് അമേരിക്കയെ നയിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ടമായി നിലനില്‍ക്കാന്‍ അമരിക്കക്ക് ഗ്രീന്‍ലാന്റ് വേണം, വെനസ്വേല വേണം, ഇറാനും ക്യൂബയും വരുതിയില്‍ നില്‍ക്കണം. ചൈന കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ധാതുക്കള്‍ ഉള്ള സ്ഥലമാണ് ഗ്രീന്‍ലാന്റ്; അതുപോലെ വെനസ്വേലയും.
യൂറോപ്പില്‍ നിന്നും കുടിയേറിയവര്‍ സ്ഥാപിച്ചെടുത്ത രാജ്യമാണ് അമേരിക്ക. യൂറോപ്പില്‍ നിന്നും നാടുകടത്തപ്പെട്ട കുറ്റവാളികളും അവിടെ ഉണ്ടായിരുന്നു.
കുടിയേറ്റക്കാര്‍ ആ രാജ്യത്തെ തദ്ദേശീയരായ ജനങ്ങളെ കൊന്നൊടുക്കി. അവിടെ ഉണ്ടായിരുന്ന ജനതുടെ സംസ്‌കാരത്തെ നശിപ്പിച്ചു. അവരുടെ ദൈവങ്ങളെ വകവരുത്തി. അങ്ങിനെയാണ് ഇംഗ-മായന്‍ സംസ്‌കാരം മണ്ണടിഞ്ഞത്. പ്രകൃതിവിഭവങ്ങള്‍ക്ക് ഉടമസ്ഥരില്ല എന്നു വിശ്വസിച്ചിരുന്നവരായിരുന്നു, യൂറോപ്യന്‍മാര്‍ അപരിഷ്‌കൃതര്‍ എന്നു കരുതിയിരുന്ന, തദ്ദേശവാസികള്‍. ‘ഇദം ന മമ’ ഭാരതം അക്കാര്യം പണ്ടേ പറഞ്ഞതാണ്. ഇക്കാണുന്നതൊന്നും എന്റേതല്ല. എന്റേത് അല്ലാത്തതുകൊണ്ട് തന്നെ അതിന്റെ ഉടമ ഞാനല്ല. അതുകൊണ്ട് അത് വില്‍ക്കാനും വാങ്ങാനും എനിക്ക് അധികാരമില്ല. ഈ സത്യം യൂറോപ്പിന് ഇന്നും മനസ്സിലായിട്ടില്ല. യൂറോപ്യന്മാര്‍ പ്രാകൃതര്‍ എന്നു വിശേഷിപ്പിച്ച അമേരിക്കയിലെ തദ്ദേശീയര്‍ക്ക് അക്കാര്യം അറിയാമായിരുന്നു. അതുകൊണ്ട് അവര്‍ വസിക്കുന്ന പ്രദേശത്തിന്റെ ഉടമസ്ഥര്‍ ആരാണ് എന്നു അമേരിക്ക ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാകാം അവരെ കൊന്നു കളയാം എന്ന് കുടിയേറ്റക്കാര്‍ കരുതിയത്.
അമേരിക്കയിലെ ആദിമ ജനതയുടെ നാശം തുടങ്ങുന്നത് അമരിഗോ വെസ്പൂച്ചി അവിടെ എത്തുന്നതോടെയാണ്. അദ്ദേഹമാണ് അവിടത്തെ ആദിമ ജനതയെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയത്. അമരിഗോയെ ആദരിച്ചുകൊണ്ട് ആ നാടിന് യൂറോപ്യന്മാര്‍ അമേരിക്ക എന്ന പേരും നല്‍കി. എവിടെയും യൂറോപ്യന്മാര്‍ എത്തുന്നതോടെയാണ് ചരിത്രം ആരംഭിക്കുന്നത് എന്ന് അവര്‍ കരുതി. അതുകൊണ്ടാണ് ലോക ചരിത്രം എന്നാല്‍ യൂറോപ്പിന്റെ ചരിത്രം എന്ന് അവരില്‍ ചിലര്‍ ഇന്നും കരുതുന്നത്. മറുനാടന്‍ സമ്പത്തു തേടി വെട്ടുകിളി കൂട്ടങ്ങളെ പോലെ ഇറങ്ങിത്തിരിച്ച യൂറോപ്യന്മാര്‍ക്ക് ചില വിശ്വാസപ്രമാണങ്ങള്‍ ഉണ്ടായിരുന്നു. ലോകത്തിലെ മികച്ച മതവും വിശ്വാസവും വിജ്ഞാനവും അവരുടേതാണ് എന്ന് അവര്‍ കരുതി. അതായത്, ക്രിസ്തുമതമാണ് സര്‍വ്വശ്രേഷ്ഠമെന്നും ശാസ്ത്രയുക്തമെന്നും അവര്‍ വിശ്വസിച്ചു. അവര്‍ ഒഴികെയുള്ള ലോകം മുഴുവന്‍ ഇരുളിലാണ്ടതാണെന്നും അവര്‍ കരുതി. യൂറേപ്പിന്റേതല്ലാത്ത മതവും അറിവും തെറ്റാണെന്ന് അവര്‍ കരുതി. ശരിയായ അറിവും മതവും ഉള്ള അവരാണ് ലോകം ഭരിക്കേണ്ടതെന്നും അവര്‍ വിശ്വസിച്ചു. ലോകത്തിലെ തെറ്റിനെ നീക്കം ചെയ്യാനും ശരിയെ സ്ഥാപിക്കാനും നിയുക്തരാക്കപ്പെട്ടവരാണ് അവര്‍ എന്ന് അവര്‍ തന്നെ പ്രചരിപ്പിച്ചു. അതുകൊണ്ട്, ഏതു രാജ്യത്തു നിന്നാണോ അവര്‍ യാത്ര തുടങ്ങുന്നത് ആ രാജ്യത്തെ രാജാവില്‍ നിന്ന് അവര്‍ എത്തിച്ചേരുന്നരാജ്യം പിടിച്ചടക്കാനുള്ള അധികാരവും അവിടെത്തെ ബിഷപ്പില്‍ നിന്നും തദ്ദേശീയരെ മതം മാറ്റി ക്രൈസ്തവരാക്കാനുള്ള അവകാശവും നേടിയെടുത്തു കൊണ്ടായിരുന്നു അവരുടെ യാത്ര. അങ്ങിനെ, ഒരു കയ്യില്‍ ബൈബിളും മറുകയ്യില്‍ വാളുമായിട്ടാണ് യൂറോപ്യന്മാര്‍ അമേരിക്കയിലും എത്തിയത്. അവിടത്തെ ആദിമ ജനതയെ കൊന്നൊടുക്കി. അവശേഷിച്ചവരെ ക്രൈസ്തവരുമാക്കി. താന്‍ ലോക ക്രൈസ്തവരുടെ സംരക്ഷകനാണെന്ന് ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം അപായ സൂചനകള്‍ കൂടി കാണേണ്ടതുണ്ട്.
ലോകം കീഴടക്കുക എന്നത് യൂറോപ്യന്മാരുടെ അവകാശമാണെന്നു കരുതിയ യൂറോപ്യന്മാര്‍ ലോകത്തിലെ സമ്പന്ന രാജ്യങ്ങള്‍ തേടിയിറങ്ങി. അവിടങ്ങളിലെ സമ്പത്ത് കൊള്ളയടിക്കലായിരുന്നു പ്രധാനലക്ഷ്യം; ഒപ്പം ക്രിസ്തുമത പ്രചാരണവും. അങ്ങനെയാണ് വാസ്‌കോ ഡി ഗാമ ഇന്ത്യയില്‍ എത്തിയത്. തുടര്‍ന്നാണ് ഇന്ത്യയില്‍ കോളനി വാഴ്ച ആരംഭിച്ചത്. പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയില്‍ കോളനികള്‍ സ്ഥാപിച്ചു എങ്കിലും ബ്രിട്ടീഷുകാരാണ് അതില്‍ വിജയിച്ചത്. എല്ലാ കോളനി ഭരണകര്‍ത്താക്കളും ഇന്ത്യയെ കൊള്ളയടിക്കുന്നതില്‍ മത്സരിച്ചവരാണ്. കൊള്ള മുതല്‍ അലങ്കാരമായി സംരക്ഷിക്കുന്നതില്‍ ആഹ്ലാദിക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. അതുകൊണ്ടാണല്ലോ ഇന്ത്യയില്‍ നിന്നും മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയ കോഹീനൂര്‍ രത്‌നം അലങ്കാരമായി ബ്രിട്ടീഷ് രാജ്ഞി തന്റെ കിരീടത്തില്‍ സൂക്ഷിക്കുന്നത്. ചോര കുടിച്ചു വീര്‍ക്കുന്ന അട്ടയെ പോലെ കോളനികളിലെ ജനതുടെ സമ്പത്തും സംസ്‌കാരവും ഊറ്റിക്കുടിച്ചു ചീര്‍ത്ത ചരിത്രമാണ് യൂറോപ്പിന്റേത്. ഇതിനെയാണ് കോളനി മനോഭാവം എന്നു പറയുന്നത്. ഇത് ട്രംപിന്റെ മാത്രം കുറ്റമല്ല. മൊത്തം അമേരിക്കയുടെ മനോഭാവം ഇതു തന്നെയാണ്. ഇതേ കോളനി മനോഭാവമാണ് അമേരിക്ക ഇന്നും പുലര്‍ത്തുന്നത്. ലോകത്ത് എവിടെ സമ്പത്തുണ്ടോ അതെല്ലാം അമേരിക്കക്ക് വന്നുചേരണം എന്നാണ് അമേരിക്ക ഇന്നും കരുതുന്നത്. വെനസ്വേല കീഴടക്കാന്‍ അമേരിക്ക തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല.
ക്രിസ്റ്റോഫര്‍ കൊളംബസ് 1498 ല്‍ അവിടെ എത്തുന്നതോടെയാണ് വെനസ്വേലയുടെ കഷ്ടകാലം തുടങ്ങുന്നത്. അതോടെ അവിടെ കോളനി വാഴ്ചക്ക് തുടക്കമായി. അന്റോണിയോ ഡി സെഡിനേയുടെ നേതൃത്വത്തില്‍ 1520 ല്‍ അവിടെ സ്‌പെയിന്‍കാര്‍ കോളനി സ്ഥാപിച്ചു. അവര്‍ വെനസ്വേലയെ ലിറ്റില്‍ വെനീസ് എന്നു വിശേഷിപ്പിച്ചുകൊണ്ട് അവിടം അടിമകച്ചവടത്തിന്റെ കേന്ദ്രമാക്കി മാറ്റി. വെനീസ് ആയിരുന്നു യൂറോപ്പിലെ അടിമകച്ചവട കേന്ദ്രം. പതിനൊന്നു- പതിനഞ്ച് നൂറ്റാണ്ടിനിടയില്‍ ലക്ഷക്കണക്കിന് അടിമകളെ വിപണനം നടത്തി. കോടിക്കണക്കിന് പണം അവര്‍ നേടി. അടിമകച്ചവടത്തിന് ഈടാക്കുന്ന നികുതിയെ അവര്‍ ആത്മാവിന്റെ നികുതി എന്നു വിശേഷിപ്പിച്ചു കൊണ്ട് അതിനെ വിശുദ്ധമാക്കി. ആത്മാവിനെ അടിമയാക്കുകയും ആ അടിമയുടെ പേരില്‍ നികുതി പിരിക്കുകയും ചെയ്തുകൊണ്ട് സ്വര്‍ഗ്ഗരാജ്യ നീതീവ്യവസ്ഥ നടപ്പിലാക്കാമെന്ന് കരുതിയിരുന്നവര്‍ ഭൗര്‍ഭാഗ്യവശാല്‍ ക്രിസ്തുമത പ്രചാരകയായിരുന്നു. ക്രിസ്ത്യാനികളെ അടിമകളാക്കരുതെന്നും അവരെ അടിമകച്ചവടത്തില്‍ പെടുത്തരുത് എന്നും കത്തോലിക്ക സഭ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, അക്രൈസ്തവരെ അടിമകളാക്കി കച്ചവടം നടത്തുന്നതിനെ അവര്‍ പ്രോത്സാഹിപ്പിച്ചു. ഒപ്പം അടിമത്വത്തില്‍ നിന്നും രക്ഷനേടാന്‍ ക്രിസ്തുമതത്തില്‍ ചേരാന്‍ അക്രൈസ്തവരെ അവര്‍ ഉപദേശിക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനവും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഉദയവും ഉണ്ടായ 1459 ല്‍ വെനീസിലെ അടിമ കച്ചവടം അവസാനിച്ചു. അതിനു പരിഹാരമായിട്ടാണ് വെനസ്വേലയില്‍ യൂറോപ്യന്മാര്‍ അടിമച്ചന്ത 1520 ല്‍ തുടങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടു വരെ അടിമവ്യാപാരം തുടര്‍ന്നു. അടിമക്കച്ചവടം അവസാനിപ്പിച്ചിട്ടും പ്രമാണിമാരുടെ വീടുകളിലെ അടിമ സമ്പ്രദായം തുടര്‍ന്നിരുന്നു. ഇതിനിടയില്‍, പത്താം നൂറ്റാണ്ടില്‍ വെനീസിലെ ബിഷപ്പുമാര്‍ അടിമ കച്ചവടത്തെ അപലപിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി നാടകം കളിക്കുകയും ചെയ്തു.
സ്‌പെയിന്‍കാര്‍ ചെയ്ത മഹത്തായ കാര്യം 18-ാം നൂറ്റാണ്ടു വരെ തദ്ദേശീയരെ അടിമകളാക്കി കച്ചവടം ചെയ്തു എന്നതാണ്. ഫ്രെഞ്ച് വിപ്ലവത്തില്‍ നിന്നും വെനസ്വേലക്കാരും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു. സൈമണ്‍ ബൊളിവറിന്റെ നേതൃത്വത്തില്‍ അവര്‍ വിപ്ലവം ആരംഭിച്ചു. 1811 ല്‍ വെനസ്വേലക്കാര്‍ റിപ്പബ്ലിക് സ്ഥാപിച്ചു. 1821 ല്‍ വിപ്ലവം അവസാനിച്ചു. ഗ്രാന്‍ കൊളമ്പിയ എന്ന രാജ്യം സ്ഥാപിക്കപ്പെട്ടു. അതിലെ ഒരു ഘടകമാണ് വെനസ്വേല. സ്വതന്ത്ര വെനസ്വേലക്ക് ജോസ് അന്റോണിയോ പയസ് നേതൃത്വം നല്‍കി. അന്റോണിയോ ഗുസ്മാന്‍ ബ്ലാങ്കോ 19-ാം നൂറ്റാണ്ടില്‍ അവിടെ ഏകാധിപത്യം സ്ഥാപിച്ചു. വെനസ്വേലയുടെ കൃഷിയിടങ്ങള്‍ വികസിച്ചു. കാപ്പിയും കൊക്കോയും തഴച്ചു വളര്‍ന്നു. വെനസ്വേല സമ്പന്നമായി. 1945 ല്‍ ഡെമോക്രാറ്റിക് അലൈന്‍സ് സ്ഥാപിതമായി. റോമിയോ ബലാന്‍കോര്‍ട്ട് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1976 ല്‍ വെനസ്വേലയിലെ സമ്പന്നമായ എണ്ണ ശേഖരം ദേശസാല്‍ക്കരിച്ചു. 1999 ലെ തിരഞ്ഞെടുപ്പില്‍ ഹ്യൂഗോ ഷാവേസ് നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റു. ഷാവസ് ജനാധിപത്യ സോഷ്യലിസത്തിലും സോഷ്യലിസ്റ്റ് ദേശസ്‌നേഹത്തിലും വിശ്വസിച്ചു. 2014 ല്‍ മരിക്കുന്നതുവരെ ഷാവസ് പ്രസിഡന്റായി തുടര്‍ന്നു.
ഷാവസ് സര്‍ക്കാരിലെ രണ്ടാമനായിരുന്നു നിക്കോളാസ് മഡൂറോ. സ്വാഭാവികമായും അദ്ദേഹം പ്രസിഡന്റായി സ്ഥാനമേറ്റു. അദ്ദേഹത്തിന് ഏകാധിപത്യ സോഷ്യലിസത്തിലായിരുന്നു വിശ്വാസം. നോം ചോംസ്‌കിയെ പോലുള്ള ഇടതു ബുദ്ധിജീവികള്‍ മഡൂറയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇദ്ദേഹത്തെയാണ് പാതിരാത്രിയില്‍ അമേരിക്ക റാഞ്ചിയത്. മഡുറുയുടെ ജനസമ്മിതി വളരെ കുറഞ്ഞ അവസ്ഥയിലായിരുന്നു. സോഷ്യലിസ്റ്റ് ജനാധിപത്യം ലോകത്തെവിടെയും സോഷ്യലിസ്റ്റ് ഏകാധിപത്യത്തില്‍ എത്തിച്ചേരും. അത് സോഷ്യലിസത്തിന്റെ ജാതകത്തില്‍ അന്തര്‍ലീനമാണ്. വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഏകാധിപതി ഇന്ന് ബ്രൂക്കളിലെ ജയിലില്‍ (മെട്രോ പോളിറ്റിയന്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ എന്ന പേരിലാണ് ഈ ജയില്‍ അറിയപ്പെടുന്നത്) വിചാരണ തടവുകാരനായി കഴിയുന്നു. അവിടെ തടവില്‍ കഴിഞ്ഞ ആദ്യ പ്രസിഡന്റ് ഹോണ്ടുറസ്സിലെ ജ്യുവാന്‍ ഒറിയാനോ ആയിരുന്നു. മയക്കുമരുന്നു കച്ചവടത്തിന്റെ പേരിലാണ് അമേരിക്ക അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അമേരിക്കന്‍ കോടതി അദ്ദേഹത്തെ 45 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. കഴിഞ്ഞ ഡിസംബറില്‍ ട്രംപ് അദ്ദേഹത്തെ മോചിപ്പിച്ചു. മെക്‌സിക്കോയിലെ ഡ്രഗ് കാര്‍ട്ടല്‍ സ്ഥാപകന്‍ ഇസ്മായിലും അവിടത്തെ തടവുകാരില്‍ ഉള്‍പ്പെടും. മഡൂറയുടെ വിചാരണ തുടരുന്നു. തടവുകാരെ പീഡിപ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ജയിലാണിത്. മഡൂറയുടെ വിധി അറിയാന്‍ ഇനിയും കാത്തിരിക്കണം.

ഷിയാ മുസ്ലിങ്ങള്‍ക്ക് സവ്വാധിപത്യം ഉള്ള രാജ്യമാണ് ഇറാന്‍. സുന്നികള്‍ക്ക് ആധിപത്യമുള്ള രാജ്യമാണ് ഇറാഖ്. പ്രവാചകന്‍ മരിച്ച ദിവസത്തെ ശവമടക്ക് മുതല്‍ തുടങ്ങിയതാണ് ഷിയാ-സുന്നി തര്‍ക്കം. പ്രവാചകന്റെ നേര്‍ അവകാശി ആരെന്ന ചോദ്യത്തില്‍ നിന്നാണ് അബു ബക്കറും അലിയും രണ്ടു ചേരിയില്‍ നിന്ന് സുന്നി- ഷിയാ തര്‍ക്കവും യുദ്ധവും തുടങ്ങിയത്. നിരന്തര യുദ്ധം ഇസ്ലാമിക സാമ്രാജ്യ വളര്‍ച്ചയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇന്നും ഈ തര്‍ക്കം തുടരുന്നു. ഈ തര്‍ക്കമാണ് പത്തു വര്‍ഷം നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണം. ഇറാനില്‍ ഷാവംശം സെക്യൂലര്‍ ഭരണമാണ് നടത്തിയിരുന്നത്. അതിനെതിരെ ഇസ്ലാമിക പൗരോഹിത്യം നടത്തിയ സമരത്തിന് മതമേധാവിയായ അയത്തൊള്ള ഖുമേനി നേതൃത്വം നല്‍കി. സമരത്തില്‍ ഖുമേനിമാര്‍ വിജയിച്ചു. അവര്‍ ഷായെ പുറത്താക്കി. വിജയികള്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ സ്ഥാപിച്ചു. ഇറാന്‍ അതോടെ ശരിയത് നിയമപ്രകാരം ഭരിക്കപ്പെട്ടു തുടങ്ങി. വിദേശത്ത് അഭയം തേടിയ ഷായുടെ മകന്‍ ഇറാനിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നും കേള്‍ക്കുന്നു. ഇപ്പോഴത്തെ മതമേധാവി ഖുമേനിയാണ്. അല്ലാഹുവിന്റെ ആജ്ഞയും നിയമവും അനുസരിച്ച് താന്‍ ഭരിക്കുന്നു എന്നാണ് വിനീതനായ ഖുമേനി അവകാശപ്പെടുന്നത്. അതുകൊണ്ട്, ഖുേമനയിയെ എതിര്‍ക്കുന്നവരെ ദൈവ നിഷേധികള്‍ എന്നു വിധിക്കും. മതം വിജയിച്ചപ്പോള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു. അഴിമതിയും സ്വജന പക്ഷപാതവും ഭരണ രീതിയായി മാറി. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തി. അവരെ ദൈവനിന്ദകര്‍ എന്ന് പറഞ്ഞ് ചുട്ടുകൊന്നു. സ്ത്രീകളെ പര്‍ദ്ധക്ക് ഉള്ളിലാക്കി അകത്തിരുത്തി.
ഖുമേനിക്ക് ഇഷ്ടമില്ലാത്തതെല്ലാം മതവിരുദ്ധം എന്നു പറഞ്ഞു നിരോധിച്ചു. ഇപ്പോള്‍ സ്ത്രീ-ജീവന്‍-സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ചു ഇറാനില്‍ സമരം നടക്കുന്നു. ഇതിനകം മൂവായിരം പേര്‍ വധിക്കപ്പെട്ടു. സമരം ശക്തമായതോടെ ഇന്റര്‍നെറ്റ് സൗകര്യം അവസാനിപ്പിച്ചു. എതിര്‍ക്കുന്നവരെ വിചാരണ കൂടാതെ കൊല്ലുന്നു. ഇറാനിലെ പ്രതിപക്ഷ സമരക്കാര്‍ ജനാധിപത്യവും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ വിദേശരാജ്യങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
അതുകൊണ്ട് സ്വാഭാവികമായും ട്രംപ് ഇടപെട്ടു. ലോകഗതി നിര്‍ണ്ണയിക്കാനുള്ള അധികാരം അമേരിക്കക്ക് ഉണ്ടെന്ന് ട്രംപ് മാത്രമല്ല ഓരോ അമേരിക്കക്കാരനും വിശ്വസിക്കുന്നുണ്ട്. സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം എന്നിവയെല്ലാം സംരക്ഷിക്കാനുള്ള ബാദ്ധ്യത അമേരിക്കക്ക് ആണ് എന്നും അവര്‍ വിശ്വസിക്കുന്നു. ക്രിസ്ത്യാനികളെ സംരക്ഷിക്കാനും അമേരിക്കക്ക് ബാധ്യതുണ്ടെന്ന് ഈയിടെയാണ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുന്ന ഒരു സംവിധാനത്തിലും സമത്വം, സമാധാനം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയൊന്നും സംരക്ഷിക്കപ്പെടില്ല എന്ന കാര്യം ട്രംപ് മറക്കുന്നു. കാരണം പ്രബലനും അബലനും ഒരുമിച്ചു നിലനില്‍ക്കാന്‍ അവസരം ലഭിച്ചാല്‍ മാത്രമേ സമത്വം നിലനില്ക്കുകയുള്ളു. അപ്പോള്‍ മാത്രമേ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയൂ. സമത്വവും സ്വാതന്ത്ര്യവും ഉണ്ടായാല്‍ മാത്രമേ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളു. കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുന്ന വ്യവസ്ഥയില്‍ അബലന്‍ ഒന്നുകില്‍ അടിമയാക്കപ്പെടും അല്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെടുകയോ സംഹരിക്കപ്പെടുകയോ ചെയ്യും. അതുകൊണ്ട് തന്നെ അമേരിക്ക ജനാധിപത്യത്തിന്റേയോ മനുഷ്യാവകാശത്തിന്റേയോ സംരക്ഷകരാണ് എന്നു കരുതാനാകില്ല.
മനുഷ്യാവകാശം എന്നാല്‍ അമേരിക്കയുടെ താല്പര്യം എന്നാണ് ട്രംപ് മനസ്സിലാക്കുന്നത്. അമേരിക്ക ലോകത്ത് എവിടെ യുദ്ധം ചെയ്യുന്നതും അമേരിക്കന്‍ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ്. അമേരിക്കന്‍ താല്പര്യത്തിന് എതിരെ നില്‍ക്കാന്‍ ഒരു അമേരിക്കക്കാരനും ധൈര്യമുണ്ടാകില്ല. ന്യൂയോര്‍ക്ക് മേയര്‍ മംതാനി പ്രഖ്യാപിത ജ്യൂത വിരുദ്ധനും പലസ്തീന്‍ പക്ഷപാതിയും ആയിരുന്നു. ഹമാസായിരുന്നു ഇറാന്റെ സഹായത്തോടെ പലസ്തീനു വേണ്ടി പൊരുതിയിരുന്നത്. ഈയിടെ മംതാനി ഹമാസിനെ തള്ളിപ്പറഞ്ഞു. കാരണം, അമേരിക്കയില്‍ നിലനില്‍ക്കണമെങ്കില്‍ അമേരിക്കക്ക് എതിരെ നില്‍ക്കുന്ന എല്ലാവരേയും തള്ളിപ്പറയേണ്ടി വരും. കാരണം അമേരിക്ക ലോകത്തിനു വേണ്ടി നില്‍ക്കുമെന്നല്ല ലോകം അമേരിക്കക്ക് വേണ്ടി നില്‍ക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.






















